തിരുവനന്തപുരത്ത് വീട് വിൽക്കാൻ കൂപ്പൺ അടിച്ച് വിതരണം ചെയ്തതിനു പിന്നാലെ കോട്ടയത്തും സമാനമായ സംഭവം

0

കോട്ടയം: തിരുവനന്തപുരത്ത് വീട് വിൽക്കാൻ കൂപ്പൺ അടിച്ച് വിതരണം ചെയ്തതിനു പിന്നാലെ കോട്ടയത്തും സമാനമായ സംഭവം. കോട്ടയം പാമ്പാടിയിലാണ് വീട് വിൽക്കാനായി 3000 രൂപ വിലയുള്ള കൂപ്പണുകൾ അച്ചടിച്ച് വിതരണം നടത്തിയത്. രണ്ടു കിടപ്പു മുറികളും ഹാളും അടുക്കളയും അടങ്ങിയ വീടാണ് വിൽക്കാനായി ബറാക്ക റസിഡൻസി എന്ന സ്ഥാപനം ഭാഗ്യക്കുറി മാതൃകയിൽ വ്യാപകമായി കൂപ്പണുകൾ വിതരണം ചെയ്തത്.

ഓഗസ്റ്റിൽ ഇതിന്റെ നറുക്കെടുപ്പ് നടത്താനാണ് തീരുമാനിച്ചിരുന്നത്. നറുക്കെടുക്കപ്പെടുന്ന ആളിന് വീട് സ്വന്തമാകും. 3000 രൂപയുടെ ആയിരക്കണക്കിന് കൂപ്പണുകൾ വിൽക്കുന്നതിലൂടെ വീടിന്റെ ഉടമസ്ഥനും പണം ലഭിക്കും. നവമാധ്യമങ്ങളിലൂടെ ഇത് പ്രചരിക്കുന്നത് ശ്രദ്ധയിൽപെട്ട ജില്ലാ ഭാഗ്യക്കുറി ഓഫീസർ കെ. എസ് അനിൽകുമാർ പോലീസിൽ പരാതി നൽകി.

തിരുവനന്തപുരത്ത് വീട് വിൽക്കാൻ കുടുംബം ഭാഗ്യക്കുറി അച്ചടിച്ച് വിതരണം ചെയ്തത് വിവാദമായിരുന്നു. ഇതിനെതിരേ ലോട്ടറി വകുപ്പ് രംഗത്തെത്തിയിരുന്നു. സമാനമായ രീതിയിലാണ് ഇപ്പോൾ പാമ്പാടിയിലും സംഭവമുണ്ടായിരിക്കുന്നത്.1998-ലെ ലോട്ടറി റെഗുലേഷൻ ആക്ട് പ്രകാരം ഐ.പി.സി. 294 (3), 8 വകുപ്പുകൾ പ്രകാരം സംസ്ഥാന സർക്കാരുകൾക്ക് മാത്രമേ ലോട്ടറി നറുക്കെടുപ്പ് നടത്താൻ അധികാരമുള്ളൂ.

വ്യക്തികൾ ഇത്തരത്തിൽ നറുക്കെടുപ്പ് നടത്തിയാൽ ഒരുമാസം തടവോ, പിഴയോ ലഭിക്കാവുന്ന കുറ്റമാണെന്ന് ലോട്ടറി വകുപ്പ് അറിയിച്ചു. ഇത്തരത്തിൽ നിരവധിപേർ നറുക്കെടുപ്പ് നടത്തുന്നതായി ശ്രദ്ധയിൽപെട്ടതായും ഇവർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്നും ഭാഗ്യക്കുറി വകുപ്പ് ജോയിന്റ് ഡയറക്ടർ ബി.സുരേന്ദ്രൻ അറിയിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here