ലോകത്തേറ്റവും സ്റ്റാര്‍ട്ടപ്പുകള്‍ ആരംഭിക്കുന്ന സ്ഥലമായി കേരളം മാറണമെന്ന് സംസ്ഥാന യുവജനക്ഷേമ-സാംസ്ക്കാരിക വകുപ്പ് മന്ത്രി സജി ചെറിയാന്‍ പറഞ്ഞു

0

കോട്ടയം: ലോകത്തേറ്റവും സ്റ്റാര്‍ട്ടപ്പുകള്‍ ആരംഭിക്കുന്ന സ്ഥലമായി കേരളം മാറണമെന്ന് സംസ്ഥാന യുവജനക്ഷേമ-സാംസ്ക്കാരിക വകുപ്പ് മന്ത്രി സജി ചെറിയാന്‍ പറഞ്ഞു. കേരള സ്റ്റാര്‍ട്ടപ്പ് മിഷന്‍ സംഘടിപ്പിച്ച ഇനോവേഷന്‍ ആന്‍ഡ് ഒണ്‍ട്രപ്രണര്‍ഷിപ്പ് ഡെവലപ്മന്‍റ് സെന്‍റര്‍ അഥവാ ഐഇഡിസി ഉച്ചകോടി പാലാ സെ. ജോസഫ്സ് എന്‍ജിനീയറിംഗ് കോളേജില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. 340 ല്‍പരം കോളേജുകളില്‍ നിന്നായി 4000 ലധികം വിദ്യാര്‍ഥികളും യുവസംരംഭകരുമാണ് ഉച്ചകോടിയില്‍ പങ്കെടുക്കുന്നത്.

വന്‍കിട വ്യവസായങ്ങള്‍ കേരളത്തിനുതകില്ലെന്ന യാഥാര്‍ത്ഥ്യം ഏവരും മനസിലാക്കണമെന്ന് മന്ത്രി പറഞ്ഞു. കേരളത്തിലെ പ്രത്യേക സാഹചര്യം, ജനസാന്ദ്രത, ഭൂമിശാസ്ത്രപരമായ സവിശേഷതകള്‍ എന്നിവ കൊണ്ട് വന്‍തോതില്‍ സ്ഥലം ആവശ്യമുള്ള വ്യവസായങ്ങള്‍ തുടങ്ങാന്‍ സാധിക്കില്ല. കേരളത്തിന്‍റെ പ്രത്യേകതകള്‍ വച്ച് ഏറ്റവുമുതകുന്നത് സ്റ്റാര്‍ട്ടപ്പുകളാണ്. ഈ സാധ്യത മുന്നില്‍ കണ്ടു കൊണ്ടാണ് അടുത്ത അഞ്ച് വര്‍ഷത്തിനുള്ളില്‍ ഒരു ലക്ഷം സംരംഭങ്ങള്‍ എന്ന ലക്ഷ്യം മുഖ്യമന്ത്രി മുന്നോട്ട് വച്ചതെന്നും അദ്ദേഹം പറഞ്ഞു. ഉന്നതവിദ്യാഭ്യാസം നേടിയവര്‍ സര്‍ക്കാര്‍ ജോലിക്കായി നെട്ടോട്ടമോടുന്ന കാഴ്ച സാധാരണമാണെന്ന് മന്ത്രി പറഞ്ഞു. സംസ്ഥാനത്തെ അഭ്യസ്തവിദ്യരായ എല്ലാവര്‍ക്കും സര്‍ക്കാര്‍ ജോലി നല്‍കുകയെന്നത് അസംഭവ്യമായ കാര്യമാണ്. അതിനാല്‍ പ്രൊഫഷണല്‍ ബിരുദധാരികളെങ്കിലും സര്‍ക്കാര്‍ ജോലി വേണ്ടെന്ന് വയ്ക്കാനുള്ള തീരുമാനമെടുക്കണമെന്ന് മന്ത്രി പറഞ്ഞു.

നിരവധി സ്റ്റാര്‍ട്ടപ്പുകളാണ് കേരളത്തിലും ഇന്ത്യയിലും ഉയര്‍ന്നു വരുന്നത്. ഇതില്‍ സമൂഹനന്‍മയെ ലക്ഷ്യമാക്കിയുള്ള സ്റ്റാര്‍ട്ടപ്പുകളുണ്ടെന്ന് ഉറപ്പു വരുത്താന്‍ യുവസംരംഭകര്‍ക്ക് കഴിയണം. ജാതി നോക്കി തൊഴിലിനെ വിഭജിച്ചിരുന്ന കാലം മാറിയെന്നും സ്റ്റാര്‍ട്ടപ്പുകള്‍ക്ക് മുന്നില്‍ വിശാലമായ അവസരങ്ങളാണുള്ളതെന്നും സജി ചെറിയാന്‍ പറഞ്ഞു. അടുത്ത എട്ടു വര്‍ഷത്തിനുള്ളില്‍ ഇന്ത്യ ലോകത്തിലെ മൂന്നാമത്തെ സാമ്പത്തിക ശക്തിയായി മാറാന്‍ പോകുകയാണെന്ന് കെഎസ് യുഎം സിഇഒ ജോണ്‍ എം തോമസ് പറഞ്ഞു. ഈ നിര്‍ണായക കാലഘട്ടത്തില്‍ സ്റ്റാര്‍ട്ടപ്പുകളുടെ പങ്ക് ഏറെ വലുതാണ്. കഴിഞ്ഞ 24 മാസത്തിനുള്ളില്‍ ഇന്ത്യയില്‍ നിന്ന് 70 ഓളം യൂണികോണ്‍ സ്റ്റാര്‍ട്ടപ്പുകള്‍ ഉണ്ടായത് യുവസംരംഭകര്‍ക്ക് പ്രേരകശക്തിയാകുമെന്ന് ഓണ്‍ലൈനായി സമ്മേളനത്തെ അഭിസംബോധന ചെയ്ത അദ്ദേഹം പറഞ്ഞു.

ഭാവിയുടെ സാങ്കേതികവിദ്യയുടെ സാധ്യതകളും സംരംഭകത്വത്തിന്‍റെ സങ്കീര്‍ണതകളും വിശദമായി ചര്‍ച്ച ചെയ്യുന്നതാണ് ഈ ഉച്ചകോടിയെന്ന് ഉദ്ഘാടന ചടങ്ങില്‍ അധ്യക്ഷത വഹിച്ച പാലാ ബിഷപ്പ് മാര്‍ ജോസഫ് കല്ലറങ്ങാട്ട് പറഞ്ഞു. വര്‍ത്തമാനകാല സാങ്കേതികവിദ്യയെ അലോസരപ്പെടുത്തുന്ന നൂതനാശയങ്ങള്‍ യുവമനസ്സുകളില്‍ ഉരുത്തിരഞ്ഞു വരാന്‍ ഐഇഡിസി ഉച്ചകോടി പ്രചോദനമാകുമെന്ന് മുഖ്യപ്രഭാഷണം നടത്തിയ എപിജെ അബ്ദുള്‍കലാ സാങ്കേതിക സര്‍വകലാശാല വൈസ് ചാന്‍സിലര്‍ ഡോ. രാജശ്രീ എം എസ് പറഞ്ഞു. കെഎസ് യുഎം ഡയറക്ടര്‍ പി എം റിയാസ്, കോളേജ് ഭരണവിഭാഗം ചെയര്‍മാന്‍ ഡോ. ജോസഫ് മലേപ്പറമ്പില്‍, പ്രിന്‍സിപ്പല്‍ ഡോ. ജെ ഡേവിഡ്, സെ. ജോസഫ്സ് കോളേജിലെ ഐഇഡിസി സിഇഒ അരുണ്‍ അലക്സ് എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.

ഇരുപതില്‍പരം വിദഗ്ധരാണ് ഉച്ചകോടിയില്‍ വിവിധ വിഷയങ്ങളെക്കുറിച്ച് ക്ലാസുകള്‍ എടുത്തത്. സാങ്കേതികവിദ്യാരംഗത്ത് വനിതകളുടെ ഭാവി, കാമ്പസ്സില്‍ നിന്ന് വിപണിയിലേക്ക്,  സാമൂഹ്യ സംരംഭങ്ങള്‍, ഡിസൈന്‍ തിങ്കിംഗ് വര്‍ക്ക്ഷോപ്പ്, ഫണ്ടമെന്‍റല്‍സ് ഓഫ് ഇന്‍ഡസ്ട്രിയല്‍ റോബോട്ടിക് ആം, വെര്‍ച്വല്‍ റിയാലിറ്റി സോണ്‍ തുടങ്ങിയ വിഷയങ്ങളില്‍ വിവിധ സെഷനുകള്‍, പാനല്‍ ചര്‍ച്ചകള്‍ തുടങ്ങിയവ നടന്നു. തെരഞ്ഞെടുത്ത 64 സ്റ്റാര്‍ട്ടപ്പ് സംരംഭങ്ങള്‍ക്ക് അരക്കോടി രൂപയുടെ സാമ്പത്തിക സഹായം സംബന്ധിച്ച പ്രഖ്യാപനം ഐഇഡിസി ഉച്ചകോടിയോടനുബന്ധിച്ച് നടത്തി. ഇതു കൂടാതെ സ്റ്റാര്‍ട്ടപ്പുകള്‍ക്കായുള്ള ഇനോവേറ്റേഴ്സ് പ്രീമിയര്‍ ലീഗിലെ(ഐപിഎല്‍) വിജയികള്‍ക്കുള്ള പുരസ്ക്കാരദാനം ഇതോടൊപ്പം നടന്നു.

LEAVE A REPLY

Please enter your comment!
Please enter your name here