അന്താരാഷ്ട്ര ചലച്ചിത്ര വേദികളിൽ തിളങ്ങി മലയാള ചിത്രം ‘എ പ്രെഗ്നന്റ് വിഡോ’; നടി റ്റ്വിങ്കിൾ ജോബിക്ക് മികച്ച നടിയ്ക്കുള്ള പുരസ്കാരം

പൂനെ/ഭോപ്പാൽ: അന്താരാഷ്ട്ര ചലച്ചിത്ര മേളകളിൽ പുരസ്കാരങ്ങൾ വാരിക്കൂട്ടി മലയാള ചിത്രം ‘എ പ്രെഗ്നന്റ് വിഡോ’ (A Pregnant Widow). പൂനെയിൽ നടന്ന ദ ബുദ്ധാ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിലും, മധ്യപ്രദേശിലെ ഏഴാമത് വിന്ധ്യ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിലും മികച്ച ഫീച്ചർ ഫിലിം, മികച്ച നടി എന്നീ വിഭാഗങ്ങളിൽ ചിത്രം കരുത്തുതെളിയിച്ചു. ബുദ്ധാ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിൽ റ്റ്വിങ്കിൾ ജോബി മികച്ച നടിയായും ‘എ പ്രെഗ്നന്റ് വിഡോ’ മികച്ച ഫീച്ചർ ഫിലിമായും തിരഞ്ഞെടുക്കപ്പെട്ടു. മധ്യപ്രദേശിലെ വിന്ധ്യ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിലും നാഷണൽ കാറ്റഗറിയിൽ മികച്ച നടി, മികച്ച ഫീച്ചർ ഫിലിം എന്നീ അവാർഡുകൾ ചിത്രം നിലനിർത്തി.

ഇതേസമയം തന്നെ രാജസ്ഥാനിലെ ജയ്പൂരിൽ നടന്ന അമോദിനി ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിൽ റ്റ്വിങ്കിൾ ജോബി മികച്ച നടിക്കുള്ള പുരസ്കാരം നേടിയപ്പോൾ, രാജേഷ് തില്ലങ്കേരി മികച്ച തിരക്കഥയ്ക്കുള്ള അവാർഡിന് അർഹനായി. ശ്രീലങ്കയിലെ കൊളംബോയിൽ നടന്ന 22-ാമത് ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവൽ ഓഫ് ശ്രീലങ്ക സിലോൺ-2026 ലും മികച്ച സാമൂഹിക പ്രതിബദ്ധതയുള്ള സിനിമ, മികച്ച തിരക്കഥ (രാജേഷ് തില്ലങ്കേരി) എന്നിങ്ങനെ രണ്ട് പുരസ്കാരങ്ങൾ ചിത്രം കരസ്ഥമാക്കി. കൊൽക്കത്ത, ബാംഗ്ലൂർ, പൂനെ, ചെന്നൈ, മുംബൈ തുടങ്ങിയ മുപ്പതോളം അന്താരാഷ്ട്ര മേളകളിലേക്കും ചിത്രം ഇതിനോടകം തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്.

ഉണ്ണി കെ.ആർ. സംവിധാനം ചെയ്ത ഈ ചിത്രം ഒരു സാധാരണ വിഭാഗത്തിൽപ്പെട്ട ഗർഭിണിയായ വിധവ തന്റെ അവകാശങ്ങൾക്കായി നടത്തുന്ന പോരാട്ടത്തിന്റെയും അതിജീവനത്തിന്റെയും കഥയാണ് പറയുന്നത്. ഉണ്ണി കെ.ആറിന്റെ കഥയ്ക്ക് പത്രപ്രവർത്തകനായ രാജേഷ് തില്ലങ്കേരിയാണ് തിരക്കഥയും സംഭാഷണവും ഒരുക്കിയിരിക്കുന്നത്. വ്യാസചിത്രയുടെ ബാനറിൽ ഡോക്ടർ പ്രഹ്ലാദ് വടക്കേപ്പാട്ട് അവതരിപ്പിക്കുന്ന ചിത്രം ഡോക്ടർ പ്രഹ്ലാദ് വടക്കേപ്പാട്, വിനോയ് വിഷ്ണു വടക്കേപ്പാട്, സൗമ്യ കെ.എസ് എന്നിവർ ചേർന്നാണ് നിർമ്മിച്ചിരിക്കുന്നത്.

റ്റ്വിങ്കിൾ ജോബി നായികയാകുന്ന ചിത്രത്തിൽ ശിവൻകുട്ടി നായർ, അജീഷ് കൃഷ്ണ, അഖില, സജിലാൽ നായർ, സന്തോഷ് കുറുപ്പ്, തുഷാര പിള്ള, അമയ പ്രസാദ്, ചന്ദ്രൻ പാവറട്ടി തുടങ്ങിയവർ പ്രധാന വേഷങ്ങളിൽ എത്തുന്നു. സാംലാൽ പി. തോമസ് ഛായാഗ്രഹണവും സുജിർ ബാബു സുരേന്ദ്രൻ എഡിറ്റിംഗും നിർവ്വഹിച്ചിരിക്കുന്നു. ആഗോളതലത്തിൽ ശ്രദ്ധിക്കപ്പെടുന്ന ഈ സിനിമ മലയാളത്തിന് വലിയ അഭിമാനമാണ് നൽകുന്നത്.

ചൂട് അസഹനീയമായി തുടരുന്നു: ലോക്ഡൗണിന് സമാനമായ ജാഗ്രത പകൽ സമയങ്ങളിൽ പാലിക്കണം

തിരുവനന്തപുരം: സംസ്ഥാനത്ത് ചൂട് അസഹനീയമായി തുടരുന്ന സാഹചര്യത്തിൽ അതീവ ജാഗ്രതാ നിർദ്ദേശം നൽകി ദുരന്തനിവാരണ അതോറിറ്റി.

പാലക്കാട് ജില്ലയിൽ താപനില 40 ഡിഗ്രി സെൽഷ്യസ് വരെ ഉയർന്നേക്കും. മറ്റ് ജില്ലകളിലും സാധാരണയേക്കാൾ കൂടുതൽ ചൂട് അനുഭവപ്പെടാൻ സാധ്യതയുണ്ട്. ലോക്ഡൗണിന് സമാനമായ ജാഗ്രത പകൽ സമയങ്ങളിൽ പാലിക്കണമെന്നാണ് നിർദ്ദേശം.

ഇന്ന് ഉഷ്ണതരംഗ മുന്നറിയിപ്പ് നിലവിലില്ലെങ്കിലും താപനില ഉയരാൻ സാധ്യതയുള്ളതിനാൽ കർശന മുൻകരുതലുകൾ പാലിക്കണമെന്ന് അധികൃതർ അറിയിച്ചു.

അത്യാവശ്യ കാര്യങ്ങൾക്കല്ലാതെ പുറത്തിറങ്ങുന്നത് ഒഴിവാക്കണം. ചുട്ടുപൊള്ളുന്ന ചൂടിന് ആശ്വാസമായി മറ്റന്നാൾ മുതൽ സംസ്ഥാനത്ത് വേനൽമഴ ശക്തമാകാൻ സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.

യുഡിഎഫ് യോഗം ചേര്‍ന്ന് മുഖ്യമന്ത്രി സ്ഥാനം ലീഗിന് നല്‍കാന്‍ തീരുമാനിച്ചാല്‍ അത് എതിർക്കില്ല: പി എം എ സലാം

മലപ്പുറം: കോണ്‍ഗ്രസിലെ മുഖ്യമന്ത്രി സ്ഥാനത്തെ ചുറ്റിപ്പറ്റിയുള്ള ചര്‍ച്ചകള്‍ക്കെതിരെ മുസ്ലിം ലീഗ് മുന്നറിയിപ്പുമായി രംഗത്ത്. അധികാരം ലഭിക്കുന്നതിന് മുമ്പ് തന്നെ സ്ഥാനമാനങ്ങള്‍ക്കായി നടക്കുന്ന കടിപിടികള്‍ യുഡിഎഫിന്റെ രീതിയല്ലെന്ന് മുസ്ലിം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി എം എ സലാം പറഞ്ഞു.

പരസ്യ പ്രസ്താവനകള്‍ പാര്‍ട്ടിയുടെ അന്തസിനെ ബാധിക്കുന്നതാണെന്നും അദ്ദേഹം വ്യക്തമാക്കി. ഇത്തരം ചര്‍ച്ചകള്‍ അനവസരമാണെന്നും, പ്രവര്‍ത്തകരുടെ ത്യാഗത്തെ അവഗണിക്കുന്ന രീതിയിലുള്ള പ്രസ്താവനകള്‍ ഒഴിവാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. യുഡിഎഫിന്റെ അന്തിമ തീരുമാനം മെയ് നാലിന് ശേഷം കൂട്ടായ ചര്‍ച്ചകളിലൂടെ മാത്രമേ ഉണ്ടാകൂ എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

‘ഇത്തരം ചര്‍ച്ചകള്‍ ഇപ്പോള്‍ വേണ്ടതല്ല. പ്രവര്‍ത്തകര്‍ വലിയ പരിശ്രമത്തിലൂടെയാണ് വിജയത്തിലേക്ക് മുന്നേറുന്നത്. അതിന് മുമ്പ് തന്നെ സ്ഥാനമാനങ്ങള്‍ക്കായി കടിപിടിക്കുന്നത് യുഡിഎഫിന്റെ ശൈലിയല്ല. മുസ്ലിം ലീഗിന് ഇതില്‍ ശക്തമായ അഭിപ്രായമുണ്ട്. ഇത്തരം ചര്‍ച്ചകള്‍ മുന്നണിയുടെ സല്‍കീര്‍ത്തിക്ക് തിരിച്ചടിയാകും,’ എന്നാണ് പി എം എ സലാം പറഞ്ഞത്.

അതേസമയം, യുഡിഎഫ് യോഗം ചേര്‍ന്ന് മുഖ്യമന്ത്രി സ്ഥാനം ലീഗിന് നല്‍കാന്‍ തീരുമാനിച്ചാല്‍ അത് എതിർക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി. എന്നാല്‍ തീരുമാനം കൂട്ടായ ചര്‍ച്ചകളിലൂടെ മാത്രമേ ഉണ്ടാകൂ എന്നും പറഞ്ഞു

അപ്രഖ്യാപിത ലോഡ്ഷെഡിങ് ഇല്ല; ഓവർലോഡ് നിയന്ത്രണം മാത്രമെന്ന വിശദീകരണവുമായി മന്ത്രി കെ. കൃഷ്ണൻകുട്ടി

പാലക്കാട്: സംസ്ഥാനത്ത് അപ്രഖ്യാപിത ലോഡ്ഷെഡിങ് നിലവിലില്ലെന്ന് വ്യക്തമാക്കി വൈദ്യുതി മന്ത്രി കെ. കൃഷ്ണൻകുട്ടി. നിലവിൽ നടപ്പിലാക്കുന്നത് ഓവർലോഡ് സംഭവിക്കുമ്പോഴുള്ള സ്വാഭാവിക നിയന്ത്രണമാത്രമാണെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം ജനങ്ങൾ വൈദ്യുതി ഉപയോഗത്തിൽ സ്വയം നിയന്ത്രണം പാലിക്കണമെന്നും മന്ത്രി അഭ്യർത്ഥിച്ചു. ഇപ്പോഴുള്ള നിയന്ത്രണം കെഎസ്ഇബിയുടെ ഭാഗത്തുനിന്നുള്ള ലോഡ്ഷെഡിങ് അല്ലെന്നും, വൈദ്യുതിക്ഷാമം ഉണ്ടാകുമ്പോഴുള്ള നിയന്ത്രണം അതിൽ നിന്ന് വ്യത്യസ്തമാണെന്നും അദ്ദേഹം വിശദീകരിച്ചു.

സംസ്ഥാനത്തെ വൈദ്യുതി ഉപഭോഗം 6195 മെഗാവാട്ട് പിന്നിട്ടതായി മന്ത്രി അറിയിച്ചു. ആവശ്യത്തിനനുസരിച്ച് കൂടുതൽ വില കൊടുത്ത് വൈദ്യുതി വാങ്ങേണ്ട സാഹചര്യമുണ്ടാകാമെന്നും, എന്നാൽ കറന്റ് ചാർജ് വർധിപ്പിക്കാതിരിക്കാനാണ് സർക്കാർ ശ്രമിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

അതേസമയം, സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ വൈദ്യുതി മുടക്കം വ്യാപകമാണെന്ന പരാതികൾ ഉയരുന്നുണ്ട്. പ്രത്യേകിച്ച് വൈദ്യുതി ഉപയോഗം കൂടുതലുള്ള മേഖലകളിൽ ദിവസേന 15 മിനിറ്റിൽ കൂടുതൽ സമയം വൈദ്യുതി നിയന്ത്രണം ഏർപ്പെടുത്തുന്നതായാണ് റിപ്പോർട്ടുകൾ.

കൊടുംചൂട് തുടരുന്നതിനിടെ ഇത്തരം വൈദ്യുതി മുടക്കങ്ങൾ ജനജീവിതത്തെ സാരമായി ബാധിക്കുകയാണ്. ലോഡ്ഷെഡിങ് എന്ന പേരിനു പകരം ‘ലോഡ് റസ്ട്രിക്ഷൻ’ എന്ന പേരിലാണ് പല സ്ഥലങ്ങളിലും ഫീഡറുകൾ 15 മുതൽ 30 മിനിറ്റ് വരെ ഓഫ് ചെയ്യുന്നതെന്നും പരാതിയുണ്ട്.

സംസ്ഥാനത്ത് കനത്ത ചൂട്; ആശ്വാസമായി 10 ജില്ലകളിൽ ഇന്ന് ഒറ്റപ്പെട്ട വേനൽമഴയ്ക്കും സാധ്യത

കൊച്ചി: സംസ്ഥാനത്ത് കനത്ത ചൂട് തുടരുന്നതിനിടെ ഉഷ്ണതരംഗ മുന്നറിയിപ്പുമായി കേന്ദ്ര കാലാവസ്ഥ വകുപ്പ്. ഉയർന്ന താപനില അനുഭവപ്പെടുന്ന തൃശൂർ, പാലക്കാട് ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചപ്പോൾ, എട്ട് ജില്ലകളിൽ യെല്ലോ അലർട്ടും നിലവിലുണ്ട്.

ഇതിനൊപ്പം, 10 ജില്ലകളിൽ ഇന്ന് ഒറ്റപ്പെട്ട വേനൽമഴയ്ക്കും സാധ്യതയുണ്ട് എന്നാണ് ലഭിക്കുന്ന റിപ്പോർട്ട്. ഇടിമിന്നലോടുകൂടിയ മഴയാകും ലഭിക്കുക. അടുത്ത മൂന്ന് മണിക്കൂറിനുള്ളിൽ തിരുവനന്തപുരം, കൊല്ലം ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ മഴയ്ക്ക് സാധ്യതയുണ്ടെന്നും കാലാവസ്ഥ വകുപ്പ് അറിയിച്ചു. എന്നാൽ മഴ സാധ്യതയുണ്ടെങ്കിലും സംസ്ഥാനത്ത് ചൂട് ശക്തമായ നിലയിൽ തുടരുകയാണ്.

ജില്ലകളിലെ താപനില പ്രവചനം പ്രകാരം പാലക്കാട് ജില്ലയിൽ 41°C വരെ ഉയരാനാണ് സാധ്യത. തൃശൂരിൽ 40°C, കൊല്ലം, കോട്ടയം, പത്തനംതിട്ട, എറണാകുളം, കോഴിക്കോട് ജില്ലകളിൽ 38°C, ആലപ്പുഴ, മലപ്പുറം, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ 37°C, തിരുവനന്തപുരം ജില്ലയിൽ 36°C വരെ താപനില ഉയരാം.

ചൂട് മൂലമുള്ള ആരോഗ്യ പ്രശ്നങ്ങൾ ഒഴിവാക്കാൻ ജാഗ്രത പാലിക്കണമെന്നും, അത്യാവശ്യങ്ങൾ ഇല്ലാതെ പകൽ സമയത്ത് പുറത്തിറങ്ങുന്നത് പരമാവധി ഒഴിവാക്കണമെന്നും അധികൃതർ നിർദേശിച്ചു

പാമ്പ് കടിയേറ്റുള്ള മരണങ്ങൾ വർധിക്കുന്നു; ഡി എം ഒമാരുടെ യോഗം വിളിച്ച് ആരോഗ്യവകുപ്പ്

തിരുവനന്തപുരം: സംസ്ഥാനത്ത് പാമ്പ് കടിയേറ്റുള്ള മരണം വർധിക്കുന്ന സാഹചര്യത്തിൽ ഡി എം ഒമാരുടെ യോഗം വിളിച്ച് ആരോഗ്യവകുപ്പ് ഡയറക്ടർ.

അത്യാഹിത വിഭാഗത്തിൽ എത്തുന്ന കേസുകളിൽ പാമ്പ് കടിക്കുള്ള സാധ്യത കൂടി പരിശോധിക്കണമെന്നും നിർദേശം നൽകി. മൂന്നുപേർ പാമ്പുകടിയേറ്റ് മരിച്ച പശ്ചാത്തലത്തിലാണ് തീരുമാനം. സംസ്ഥാനത്ത് ഇതുവരെ പാമ്പുകടിയേറ്റ് മൂന്ന് മരണങ്ങളാണ് റിപ്പോർട്ട് ചെയ്തിട്ടുള്ളത്.

തൃശ്ശൂർ കോടാലിയിൽ ഉറങ്ങി കിടന്ന സഹോദരങ്ങൾക്ക് പാമ്പുകടിയേൽക്കുകയും അതിൽ ഒരാൾക്ക് ജീവൻ നഷ്ടപ്പെടുകയും ചെയ്തിരുന്നു. തിരുവനന്തപുരം ചിറയിൻകീഴിൽ 8 വയസുകാരൻ ഉറക്കത്തിനിടയിൽ മൂർഖൻ പാമ്പിന്റെ കടിയേറ്റ് ഇന്നലെ മരിച്ചിരുന്നു. കായംകുളത്ത് വിവാഹ സൽക്കാരത്തിനിടെ പാമ്പുകടിയേറ്റ് ഒരു യുവതിയും   മരിച്ചിരുന്നു.

3 മരണങ്ങളിലും പാമ്പുകടി സാധ്യത ആദ്യഘട്ടത്തിൽ സ്ഥിരീകരിച്ചിരുന്നില്ല. രോഗികൾ മരിച്ച ശേഷമാണ് പാമ്പുകടിയെന്ന് സ്ഥിരീകരിച്ചിരുന്നത്. ചൂട് കൂടിയതോടെ പാമ്പുകടി മരണങ്ങളിൽ ആശുപത്രികൾക്ക് പ്രത്യേക ജാഗ്രത ഉണ്ടാകണമെന്നും നിർദേശം നൽകിയിട്ടുണ്ട്.

ആൻറിവെനം ലഭ്യത കുറവില്ല, ആവശ്യത്തിന് ആൻറിവെനം സ്റ്റോക്ക് ഉണ്ട് എന്നാണ് വിലയിരുത്തലെന്നും ആരോഗ്യവകുപ്പ് ഡയറക്ടർ.

ബി ഉണ്ണികൃഷ്ണന്‍ ഫെഫ്ക ജനറല്‍ സെക്രട്ടറി സ്ഥാനം രാജിവെച്ചു

സംവിധായകനും തിരക്കഥാകൃത്തുമായ ബി ഉണ്ണികൃഷ്ണന്‍ ഫെഫ്ക ജനറല്‍ സെക്രട്ടറി സ്ഥാനം രാജിവെച്ചു.

നേരത്തെയും പല തവണ രാജിസന്നദ്ധത ബി ഉണ്ണികൃഷ്ണന്‍ അറിയിച്ചിരുന്നു.

ശേഷമാണ് ഇപ്പോള്‍ രാജിവെക്കുന്നത്.  ഇപ്പോൾ രാജിവെക്കാനുള്ള കാരണം വ്യക്തമല്ല. ഫെഫ്ക യോഗം ചേര്‍ന്നുകൊണ്ടിരിക്കുകയാണ്. യോഗത്തിന് ശേഷം മാധ്യമങ്ങളെ കാണും.

പാനൂരിൽ വീണ്ടും സ്റ്റീൽ ബോംബ് കണ്ടെത്തി; ബോംബ് സ്ക്വാഡ് സ്ഥലത്ത്

കണ്ണൂർ: പാനൂരിൽ വീണ്ടും സ്റ്റീൽ ബോംബുകൾ കണ്ടെത്തിയ സംഭവം ആശങ്ക ഉയർത്തുന്നു. പന്ന്യന്നൂർ ചിത്രവയലിൽ നിന്നാണ് രണ്ട് സ്റ്റീൽ ബോംബും ഒരു നാടൻ കെട്ട് ബോംബും കണ്ടെത്തിയത്.

രഹസ്യ വിവരത്തെ തുടർന്ന് പൊലീസും ബോംബ് സ്ക്വാഡും ചേർന്ന് നടത്തിയ പരിശോധനയിലാണ് ഒഴിഞ്ഞ പറമ്പിൽ നിന്ന് ബോംബുകൾ കണ്ടെത്തിയത്. കേരള പൊലീസ് ഉദ്യോഗസ്ഥരും എസിപി ഉൾപ്പെടെയുള്ളവരും സ്ഥലത്തെത്തി പരിശോധന തുടരുകയാണ്. ബോംബുകൾ ഉടൻ നിർവീര്യമാക്കുമെന്ന് അധികൃതർ അറിയിച്ചു.

അതേസമയം, കഴിഞ്ഞ ദിവസം വടകരയിൽ നിന്നും മൂന്ന് സ്റ്റീൽ ബോംബുകൾ കണ്ടെത്തിയിരുന്നു. ചാനിയം കടവിന് സമീപം റോഡിന് കുറുകെയുള്ള ചാലിൽ നിന്നാണ് ബോംബുകൾ കണ്ടെത്തിയത്. പിന്നീട് അവ നിർവീര്യമാക്കിയിരുന്നു.

സിന്ധു നദീജല കരാർ; പാകിസ്താനിൽ കൊടും വരൾച്ച, രക്ഷിക്കണമെന്ന് ഐക്യരാഷ്ട്രസഭയിൽ കരച്ചിലുമായി ഇസ്ലാമാബാദ്

പതിറ്റാണ്ടുകൾ പഴക്കമുള്ള സിന്ധു നദീജല കരാർ (Indus Water Treaty) ഇന്ത്യ ഏകപക്ഷീയമായി റദ്ദാക്കിയതോടെ പാകിസ്താൻ കടുത്ത പ്രതിസന്ധിയിലായിരിക്കുകയാണ്. കത്തുന്ന വേനൽച്ചൂടിനിടെ വെള്ളം ലഭിക്കാതെ രാജ്യം വൻ വരൾച്ചയിലേക്ക് നീങ്ങുന്ന സാഹചര്യത്തിൽ പാകിസ്താൻ ഐക്യരാഷ്ട്രസഭയുടെ സഹായം തേടി. ഇന്ത്യയുടെ നീക്കം പാകിസ്താനിലെ ദശലക്ഷക്കണക്കിന് ജനങ്ങളുടെ ജീവിതം ദുസ്സഹമാക്കുമെന്ന് ഇസ്ലാമാബാദ് ആരോപിച്ചു.സുരക്ഷാ കൗൺസിലിൽ (UNSC) നടന്ന ചർച്ചയ്ക്കിടെയാണ് പാക് പ്രതിനിധി ഇന്ത്യക്കെതിരെ ആഞ്ഞടിച്ചത്. കരാർ റദ്ദാക്കിയ നടപടി അന്താരാഷ്ട്ര നിയമങ്ങളുടെ ലംഘനമാണെന്ന് പാകിസ്താൻ വാദിക്കുന്നു.എന്നാൽ ഭീകരവാദത്തെ പ്രോത്സാഹിപ്പിക്കുന്ന നിലപാട് പാകിസ്താൻ തുടരുന്നതിനാലാണ് കടുത്ത തീരുമാനത്തിലേക്ക് ഇന്ത്യ നീങ്ങിയതെന്നാണ് റിപ്പോർട്ടുകൾ.

സിന്ധു നദീതടത്തിലെ ആറ് നദികളിലെ വെള്ളം പങ്കുവയ്ക്കുന്നത് സംബന്ധിച്ച് 1960-ലാണ് ഇരുരാജ്യങ്ങളും കരാറിൽ ഒപ്പിട്ടത്. ലോകത്തിലെ തന്നെ ഏറ്റവും വിജയകരമായ ജലകരാറുകളിൽ ഒന്നായാണ് ഇത് അറിയപ്പെട്ടിരുന്നത്. എന്നാൽ ഇന്ത്യ ഇപ്പോൾ ജലം പൂർണ്ണമായും തടഞ്ഞുവെക്കുന്നത് മാനുഷിക ദുരന്തത്തിന് കാരണമാകുമെന്ന് പാകിസ്താൻ ഭയപ്പെടുന്നു.കരാർ റദ്ദാക്കിയതിനെത്തുടർന്ന് പാകിസ്താനിലെ കാർഷിക മേഖല പൂർണ്ണമായും തകർച്ചയുടെ വക്കിലാണ്. ഗോതമ്പ്, നെല്ല് കൃഷികൾക്ക് ആവശ്യമായ ജലം ലഭിക്കാത്തത് വൻ ഭക്ഷ്യക്ഷാമത്തിന് ഇടയാക്കും. വേനൽ കടുത്തതോടെ കുടിവെള്ളത്തിന് പോലും പാകിസ്താനിൽ വൻ വില നൽകേണ്ടി വരുന്ന സാഹചര്യമാണ് നിലവിലുള്ളത്.
ഭീകരവാദത്തിനുള്ള ശിക്ഷയാണ് ജലം തടയുന്നതിലൂടെ ഇന്ത്യ നൽകുന്നതെന്ന സൂചനകളാണ് പുറത്തുവരുന്നത്. “രക്തവും വെള്ളവും ഒരേസമയം ഒഴുകില്ല” എന്ന നിലപാടിലാണ് ഇന്ത്യൻ ഭരണകൂടം. പാകിസ്താൻ തങ്ങളുടെ മണ്ണിലെ ഭീകരവാദ താവളങ്ങൾ തകർക്കാൻ തയ്യാറാകാത്തതാണ് ഇന്ത്യയെ ഇത്തരമൊരു നീക്കത്തിന് പ്രേരിപ്പിച്ചത്.

ഐക്യരാഷ്ട്രസഭയുടെ ഇടപെടലിലൂടെ ഇന്ത്യയെ കരാറിൽ ഉറപ്പിച്ചുനിർത്താനാണ് പാകിസ്താൻ ശ്രമിക്കുന്നത്. എന്നാൽ ഇത് ഇരുരാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി പ്രശ്നമാണെന്ന നിലപാടാണ് പല അന്താരാഷ്ട്ര ശക്തികളും സ്വീകരിച്ചിരിക്കുന്നത്. ചൈന പാകിസ്താനെ പിന്തുണയ്ക്കുന്നുണ്ടെങ്കിലും ഇന്ത്യയുടെ ഉറച്ച നിലപാട് അവർക്കും വെല്ലുവിളിയാണ്.വൈദ്യുതി ഉൽപ്പാദനത്തെയും ഈ നീക്കം സാരമായി ബാധിക്കും. പാകിസ്താനിലെ പ്രധാന ജലവൈദ്യുത പദ്ധതികളെല്ലാം സിന്ധു നദീതടത്തെയാണ് ആശ്രയിക്കുന്നത്. ജലലഭ്യത കുറഞ്ഞതോടെ രാജ്യത്തിന്റെ പല ഭാഗങ്ങളിലും മണിക്കൂറുകളോളം പവർകട്ട് ഏർപ്പെടുത്തിയിരിക്കുകയാണ്.

അമേരിക്ക ഉൾപ്പെടെയുള്ള രാജ്യങ്ങൾ ഈ വിഷയത്തിൽ ശ്രദ്ധ ചെലുത്തുന്നുണ്ട്. ദക്ഷിണേഷ്യയിലെ സമാധാനത്തിന് ജലതർക്കം ഭീഷണിയാകുമെന്ന് യുഎസ് സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റ് അഭിപ്രായപ്പെട്ടു. എന്നാൽ ഇന്ത്യയുടെ പരമാധികാരത്തെ ചോദ്യം ചെയ്യാൻ ആർക്കും കഴിയില്ലെന്ന് ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി.
പാകിസ്താനിലെ ജനങ്ങൾ തെരുവിലിറങ്ങി പ്രതിഷേധം ആരംഭിച്ചിട്ടുണ്ട്. ഭരണകൂടത്തിന്റെ പരാജയമാണ് ഇത്തരമൊരു അവസ്ഥയിലേക്ക് രാജ്യത്തെ എത്തിച്ചതെന്ന് അവർ ആരോപിക്കുന്നു. സിന്ധു നദിയിലെ വെള്ളം തടയുന്നത് അന്താരാഷ്ട്ര തലത്തിൽ വലിയൊരു നയതന്ത്ര യുദ്ധത്തിന് വഴിമാറുകയാണ്.

വരും ദിവസങ്ങളിൽ ഐക്യരാഷ്ട്രസഭയിൽ ഈ വിഷയം കൂടുതൽ ചർച്ചയാകും. ഇന്ത്യ കരാർ പുനഃസ്ഥാപിക്കുമോ അതോ കർശനമായ നിലപാടിൽ ഉറച്ചുനിൽക്കുമോ എന്നത് ലോകം ഉറ്റുനോക്കുകയാണ്. ജലം ഒരു രാഷ്ട്രീയ ആയുധമായി മാറുന്ന കാഴ്ചയാണ് ദക്ഷിണേഷ്യയിൽ ഇപ്പോൾ കാണുന്നത്.

കനത്ത ചൂടിന് ആശ്വാസം; കേരളത്തിൽ മെയ് പകുതിയോടെ കാലവർഷം എത്തും

ന്യൂഡൽഹി: കനത്ത ചൂടിന് ആശ്വാസമായി തെക്കുപടിഞ്ഞാറൻ കാലവർഷം നേരത്തെ എത്തുമെന്ന് റിപ്പോർട്ട്.യൂറോപ്യൻ സെൻ്റട്രൽ ഫോർ മീഡിയം റേഞ്ച് വെതർ ഫോർ കാസ്റ്റ്സിൻ്റെ കണക്ക് പ്രകാരം മെയ് അവസാനത്തോടെ തന്നെ ദക്ഷിണേന്ത്യയിൽ മഴയെത്തുമെന്നാണ് പ്രവചിച്ചിരിക്കുന്നത്.

ആൻഡമാൻ നിക്കോബാർ ദ്വീപുകളിൽ മെയ് 27നും 29 ഇടയിൽ കാലവർഷം എത്തും. കേരളത്തിലും തമിഴ്നാട്ടിലും മെയ് 25നും ജൂൺ 1നും ഇടയിൽ കാലവർഷം എത്താനാണ് സാധ്യത. സാധാരണ ലഭിക്കുന്ന മഴ തന്നെയാവും ഇക്കാലയളവിൽ ലഭിക്കുകയെന്ന് കാലാവസ്ഥ വകുപ്പ് അറിയിച്ചു. കാലാവസ്ഥ വ്യതിയാനം സംഭവിച്ചില്ലെങ്കിൽ മെയ് 25ന് തന്നെ കേരളത്തിൽ കാലവർഷം എത്തിയേക്കും.

അതേസമയം, ഇത്തവണ എൽനിനോ സാന്നിധ്യം ഉണ്ടാകില്ല. മെയ് അവസാന വാരത്തോടെ തെക്കുകിഴക്കൻ അറബിക്കടലിൽ ശക്തമായ പടിഞ്ഞാറൻ കാറ്റ് രൂപപ്പെടാനും, അത് ഈർപ്പമുള്ള മേഘങ്ങളെ ഇന്ത്യൻ തീരത്തേക്ക് എത്തിക്കാനും സാധ്യതയുണ്ടെന്നാണ് റിപ്പോർട്ട്.

ജനവാസ മേഖലയോട് ചേര്‍ന്ന് വനം വകുപ്പ് പാമ്പുകളെ തുറന്നു വിടുന്നതായി പരാതി; വകുപ്പിന്റെ വാഹനം തടഞ്ഞു

തൃശൂര്‍ കുതിരാന്‍ ജനവാസ മേഖലയോട് ചേര്‍ന്ന് വനം വകുപ്പ് പാമ്പുകളെ തുറന്നു വിടുന്നതായി പരാതി. ഇന്നലെ നാട്ടുകാര്‍ വനം വകുപ്പിന്റെ വാഹനം തടഞ്ഞു. വിവിധ സ്ഥലങ്ങളില്‍ നിന്ന് പിടികൂടിയ പാമ്പുകളെയാണ് കുതിരാന്‍ ക്ഷേത്ര പരിസരത്ത് തുറന്നു വിടുന്നത് എന്നാണ് പരാതി.

കഴിഞ്ഞ ദിവസം പ്രദേശത്തെ ഒരു വീട്ടിലെ ശുചിമുറിയില്‍ വച്ച് രണ്ടര വയസുള്ള ഒരു കുട്ടിക്ക് പാമ്പുകടിയേല്‍ക്കുന്ന സാഹചര്യമുണ്ടായിരുന്നു. അതും ശംഖുവരയന്‍ ഇനത്തില്‍ പെട്ട പാമ്പായിരുന്നു. ഈ സാഹചര്യത്തിലാണ് നാട്ടുകാര്‍ പ്രതിഷേധിച്ചത്. വിവിധ മേഖലകളില്‍ നിന്ന് പിടികൂടുന്ന ഉഗ്രവിഷമുള്ള പാമ്പുകളെ കുതിരാന്‍ ക്ഷേത്രത്തിന് സമീപം ജനവാസ മേഖലയ്ക്കടുത്ത് തുറന്നുവിടുന്നുവെന്നാണ് പരാതി.

സംസ്ഥാനത്ത് ഇന്നും ഉഷ്ണ തരംഗ മുന്നറിയിപ്പ്; പാലക്കാട്, കൊല്ലം, തൃശൂര്‍ ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് തുടരും

സംസ്ഥാനത്ത് ഇന്നും ഉഷ്ണ തരംഗ മുന്നറിയിപ്പ് അറിയിപ്പ് തുടരും . പാലക്കാട്, കൊല്ലം, തൃശ്ശൂര്‍ ജില്ലകളിലാണ് ഉയര്‍ന്ന താപനിലയെ തുടര്‍ന്ന് ഓറഞ്ച് അലര്‍ട്ട് നല്‍കിയിരിക്കുന്നത്. നിലവിലുള്ള താപനില റെഡ് അലര്‍ട്ടിലേക്ക് കടക്കില്ലെന്നും സൂചനയുണ്ട്. പാലക്കാട് രേഖപ്പെടുത്തിയ 41.9 ഡിഗ്രി സെല്‍ഷ്യസ് ആണ് ഇതുവരെ കേരളത്തിലെ ഏറ്റവും ഉയര്‍ന്ന താപനില. ഇന്ന് പാലക്കാട് ജില്ലയില്‍ 41 ഡിഗ്രി സെല്‍ഷ്യസ് വരെയും കൊല്ലം തൃശൂര്‍ ജില്ലകളില്‍ 40 ഡിഗ്രി സെല്‍ഷ്യസ് വരെയും താപനില ഉയര്‍ന്നേക്കും. സൂര്യാഘാതം, സൂര്യാതപം നീര്‍ജലീകരണം എന്നിവ തടയാന്‍ കനത്ത ജാഗ്രത പാലിക്കണമെന്നും നിര്‍ദ്ദേശമുണ്ട്.

ഉഷ്ണ തരംഗ സാധ്യതയുടെ പശ്ചാത്തലത്തില്‍ കൊല്ലം ജില്ലയില്‍ കൂടുതല്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി. ഏപ്രില്‍ 29 വരെ എല്ലാ സ്വകാര്യ ട്യൂഷന്‍ ക്ലാസുകള്‍ക്കും അവധിക്കാല ക്ലാസുകള്‍ക്കും ക്യാമ്പുകള്‍ക്കും നിരോധനമുണ്ട്. കുട്ടികള്‍ നേരിട്ട് പങ്കെടുക്കുന്ന ക്ലാസുകള്‍ക്കാണ് ബാധകം. പകല്‍ സമയം പുറം ജോലികളില്‍ ഏര്‍പ്പെടുന്ന തൊഴിലാളികളുടെ ജോലി സമയം പുനഃക്രമീകരിച്ചുകൊണ്ടുള്ള ഉത്തരവ് കര്‍ശനമായി പാലിക്കണം. ഓണ്‍ലൈന്‍ ഭക്ഷണ വിതരണക്കാര്‍, അതിഥി തൊഴിലാളികള്‍, ഓട്ടോ-ടാക്‌സി തൊഴിലാളികള്‍ എന്നിവര്‍ക്ക് ആവശ്യമായ സുരക്ഷാ നിര്‍ദ്ദേശങ്ങള്‍ നല്‍കണം. ട്രാഫിക് ഡ്യൂട്ടിയിലുള്ള പൊലീസ് ഉദ്യോഗസ്ഥരുടെ സുരക്ഷ ഉറപ്പാക്കാന്‍ വകുപ്പ് ആവശ്യമായ നടപടികള്‍ സ്വീകരിക്കണം. സൂര്യാഘാതം, ചൂട് മൂലമുള്ള രോഗങ്ങള്‍ എന്നിവ നേരിടാന്‍ മെഡിക്കല്‍ കോളജ് ഉള്‍പ്പടെയുള്ള എല്ലാ ആരോഗ്യ കേന്ദ്രങ്ങളും സജ്ജമായിരിക്കണം. ചികിത്സ തേടിയെത്തുന്നവരുടെ വിവരങ്ങള്‍ അതത് ദിവസം ജില്ലാ ദുരന്തനിവാരണ അതോറിറ്റിയുമായി പങ്കുവെക്കണം – എന്നിവയാണ് പ്രധാന നിര്‍ദേശങ്ങള്‍.

പ്രധാന ട്രാഫിക് സിഗ്‌നലുകളിലും മാര്‍ക്കറ്റുകളിലും ഗ്രീന്‍ ഷെയ്ഡ് നെറ്റുകള്‍ സ്ഥാപിക്കണമെന്നും പൊതുസ്ഥലങ്ങളില്‍ തണ്ണീര്‍പ്പന്തലുകള്‍ വഴി ശുദ്ധജല വിതരണം ഉറപ്പാക്കണമെന്നും നിര്‍ദേശമുണ്ട്. ഉള്‍നാടന്‍, ആഴക്കടല്‍ മത്സ്യത്തൊഴിലാളികള്‍ പകല്‍ 11 മുതല്‍ 3 മണി വരെ നേരിട്ട് വെയിലേല്‍ക്കുന്നത് ഒഴിവാക്കണം. തീപിടുത്ത സാധ്യത യുള്ളതിനാല്‍ അഗ്നിരക്ഷാ സേനയും വന്യമൃഗാക്രമണങ്ങള്‍ നേരിടാന്‍ വനം വകുപ്പും സജ്ജമായിരിക്കണം – എന്നും നിര്‍ദേശിച്ചിട്ടുണ്ട്.

എട്ടുവയസുകാരൻ പാമ്പുകടിയേറ്റ് മരിച്ച സംഭവം: വീടിന്റെ തറ പൊളിച്ച് പരിശോധന, അഞ്ചാമത്തെ പാമ്പിനെയും പിടികൂടി

തൃശൂർ: കോടാലിയിൽ പാമ്പുകടിയേറ്റ് സഹോദരങ്ങളിൽ ഒരാൾ മരിച്ച സംഭവത്തിന് പിന്നാലെ വീട്ടിൽ വ്യാപക പരിശോധന. വീടിന്റെ തറയുടെ ഒരു ഭാഗം പൊളിച്ചാണ് പരിശോധന നടത്തുന്നത്.

വീട്ടിൽ തുടർച്ചയായി പാമ്പുകളെ കണ്ടെത്തിയ പശ്ചാത്തലത്തിലാണ് നടപടി. പാമ്പുപിടുത്തക്കാരും സ്ഥലത്തെത്തി പരിശോധനയിൽ പങ്കെടുക്കുന്നു. ബാത്ത്റൂമിലെ പൈപ്പിലൂടെ പാമ്പ് കയറുന്നുണ്ടെന്ന സംശയത്തെ തുടർന്ന്, ബാത്ത്റൂമിന് സമീപത്തെ തറ പൊളിച്ച് പരിശോധിക്കാനാണ് തീരുമാനം.

ഇന്നലെയും വീട്ടിൽ നിന്ന് പാമ്പിനെ പിടികൂടിയിരുന്നു. ശുചിമുറിയിൽ നിന്നാണ് വീണ്ടും പാമ്പിനെ കണ്ടെത്തിയത്. ഇതോടെ ഈ വീട്ടിൽ നിന്ന് പിടികൂടിയ പാമ്പുകളുടെ എണ്ണം അഞ്ചായി.

കുട്ടികളെ കടിച്ച ശംഖുവരൻ ഇനത്തിലുള്ള പാമ്പാണ് മുൻപ് നാല് തവണയും വീട്ടിനുള്ളിൽ നിന്ന് കണ്ടെത്തിയത്. എട്ട് വയസുകാരൻ പാമ്പുകടിയേറ്റ് മരിക്കുകയും സഹോദരൻ ഗുരുതരാവസ്ഥയിലാകുകയും ചെയ്തതിന് പിന്നാലെ, വീട്ടിന് ചുറ്റും വനംവകുപ്പ് ഉദ്യോഗസ്ഥർ തീ വെച്ച് പരിശോധന നടത്തിയിരുന്നു. കൂടുതൽ പാമ്പിൻ കുഞ്ഞുങ്ങൾ ഉണ്ടാകാമെന്ന സംശയത്തിലാണ് നടപടി.

കഴിഞ്ഞ 19-നാണ് സഹോദരങ്ങൾ ഉറങ്ങുന്നതിനിടെ തലയിണയ്ക്കുള്ളിൽ ഉണ്ടായിരുന്ന പാമ്പ് കടിയേറ്റത്. ആദ്യം വയറുവേദനയും തളർച്ചയും അനുഭവപ്പെട്ടെങ്കിലും, പിന്നീട് വായിൽ നിന്ന് നുരയും പതയും വന്നതോടെ കുട്ടികളെ ആശുപത്രിയിൽ എത്തിച്ചു.

പാമ്പുകടിയാണെന്ന് സ്ഥിരീകരിച്ചതിന് പിന്നാലെ, ആശുപത്രിയിലെത്തി മിനിറ്റുകൾക്കകം ആൽജോ മരിക്കുകയായിരുന്നു. സംഭവം പ്രദേശത്ത് വലിയ ആശങ്കയ്ക്ക് ഇടയാക്കിയിരിക്കുകയാണ്.

വാൽപ്പാറ അപകടത്തിൽ മരണപ്പെട്ട അധ്യാപകർക്ക് പകരം പുതിയ അധ്യാപകർ ചുമതലയേറ്റു

മലപ്പുറം: വാല്‍പ്പാറയിലുണ്ടായ വാഹനാപകടത്തില്‍ അഞ്ച് അധ്യാപകരെയാണ് പാങ്ങ് ജിഎല്‍പി സ്‌കൂളിന് നഷ്ടമായത്.  

ഇപ്പോഴിതാ സ്കൂളിൽ പുതിയ അധ്യാപകര്‍ ചുമതലയേറ്റിരിക്കുകയാണ്. രക്ഷിതാക്കളും നാട്ടുകാരുമടങ്ങുന്ന സംഘം സ്‌കൂളില്‍ ഒത്തുചേര്‍ന്ന് പുതിയ അധ്യാപകരെ സ്വീകരിച്ചു.

കെ കെ രാഖി, വി പി ഫസീല, പി ഷമീന, അബ്ദുള്‍ മജീദ് കൊട്ടക്കാരന്‍ എന്നിവരാണ് പാങ്ങ് ജിഎല്‍പി സ്‌കൂളിലെത്തിയ പുതിയ അധ്യാപകര്‍. പാങ്ങ് ഗവ. യുപി സ്‌കൂളിലെ പ്രധാനാധ്യാപകന്‍ കെ അഹമ്മദ് കുട്ടിക്ക് ജിഎല്‍പി സ്‌കൂളിന്റെ അധിക ചുമതല നല്‍കി.

ഏപ്രിൽ പതിനേഴിനാണ് വാല്‍പ്പാറയില്‍ അപകടമുണ്ടായത്. മലപ്പുറം പാങ്ങ് പള്ളിപ്പറമ്പ് സര്‍ക്കാര്‍ എല്‍ പി സ്‌കൂളില്‍ നിന്നുള്ള അധ്യാപകരും ജീവനക്കാരും സഞ്ചരിച്ച വാന്‍ അപകടത്തില്‍പ്പെടുകയായിരുന്നു. അപകടത്തില്‍ അന്ന് തന്നെ ഒമ്പത് പേര്‍ക്ക് ജീവൻ നഷ്ടമായി.

ചികിത്സയിലായിരുന്ന നൗഷാദ് അലി കഴിഞ്ഞ ദിവസം മരണപ്പെട്ടിരുന്നു. ഇതോടെ വാൽപ്പാറ അപകടത്തിൽ ജീവൻ നഷ്ടമായവരുടെ എണ്ണം പത്തായി. 

വേനൽ ചൂട് കനക്കുന്നു: ഡാമുകളിൽ ജലനിരപ്പ് താഴ്ന്നു, വൈദ്യുതി പ്രതിസന്ധിക്ക് സാധ്യത

ഇടുക്കി: വേനൽ ചൂട് ശക്തമായതോടെ സംസ്ഥാനത്തെ ഡാമുകളിലെ ജലനിരപ്പ് ആശങ്കാജനകമായി താഴ്ന്നതായി റിപ്പോർട്ട്. പല അണക്കെട്ടുകളിലേക്കും നീരൊഴുക്ക് കുറഞ്ഞ നിലയിലാണ്.

ഇതിനിടെ വേനൽ മഴയും തെക്കുപടിഞ്ഞാറൻ മൺസൂൺ മഴയും കുറയാനിടയുണ്ടെന്ന റിപ്പോർട്ടുകൾ പുറത്ത് വരുന്നത് സ്ഥിതി കൂടുതൽ ഗുരുതരമാക്കുന്നു. ജലനിരപ്പ് കുറയുന്നത് വൈദ്യുതി ഉൽപ്പാദനത്തെ ബാധിച്ച് വൈദ്യുതി പ്രതിസന്ധിയിലേക്ക് നയിക്കാമെന്ന ആശങ്ക ഉയരുകയാണ്.

പ്രത്യേകിച്ച് ഇടുക്കി അണക്കെട്ട് ഇപ്പോൾ 2335 അടിവെള്ളം മാത്രമാണ് ഉള്ളത്. ആകെ സംഭരണ ശേഷിയുടെ ഏകദേശം 35 ശതമാനം മാത്രമാണ് നിലവിൽ നിലനിൽക്കുന്നത്. മുൻകാലങ്ങളെ അപേക്ഷിച്ച് ഏകദേശം പത്ത് അടിയോളം ജലനിരപ്പ് കുറഞ്ഞതായി കണക്കുകൾ സൂചിപ്പിക്കുന്നു.

ഡാമിലേക്ക് ഒഴുകിയെത്തുന്ന ജലത്തിന്റെ അളവ് കുറഞ്ഞതും, ചൂട് കൂടിയതോടെ ജലം വേഗത്തിൽ ബാഷ്പീകരിക്കുന്നതും ഈ ഇടിവിന് കാരണമാണ്. ഇപ്പോൾ ശരാശരി 10 മുതൽ 11 മില്യൺ യൂണിറ്റ് വരെ മാത്രമാണ് വൈദ്യുതി ഉൽപ്പാദനം നടക്കുന്നത്. ഉപഭോഗം കൂടുന്ന സാഹചര്യത്തിൽ ഇത് മതിയാകാതെ വരാനിടയുണ്ടെന്നും വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു.