അന്താരാഷ്ട്ര ചലച്ചിത്ര വേദികളിൽ തിളങ്ങി മലയാള ചിത്രം ‘എ പ്രെഗ്നന്റ് വിഡോ’; നടി റ്റ്വിങ്കിൾ ജോബിക്ക് മികച്ച നടിയ്ക്കുള്ള പുരസ്കാരം

0

പൂനെ/ഭോപ്പാൽ: അന്താരാഷ്ട്ര ചലച്ചിത്ര മേളകളിൽ പുരസ്കാരങ്ങൾ വാരിക്കൂട്ടി മലയാള ചിത്രം ‘എ പ്രെഗ്നന്റ് വിഡോ’ (A Pregnant Widow). പൂനെയിൽ നടന്ന ദ ബുദ്ധാ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിലും, മധ്യപ്രദേശിലെ ഏഴാമത് വിന്ധ്യ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിലും മികച്ച ഫീച്ചർ ഫിലിം, മികച്ച നടി എന്നീ വിഭാഗങ്ങളിൽ ചിത്രം കരുത്തുതെളിയിച്ചു. ബുദ്ധാ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിൽ റ്റ്വിങ്കിൾ ജോബി മികച്ച നടിയായും ‘എ പ്രെഗ്നന്റ് വിഡോ’ മികച്ച ഫീച്ചർ ഫിലിമായും തിരഞ്ഞെടുക്കപ്പെട്ടു. മധ്യപ്രദേശിലെ വിന്ധ്യ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിലും നാഷണൽ കാറ്റഗറിയിൽ മികച്ച നടി, മികച്ച ഫീച്ചർ ഫിലിം എന്നീ അവാർഡുകൾ ചിത്രം നിലനിർത്തി.

ഇതേസമയം തന്നെ രാജസ്ഥാനിലെ ജയ്പൂരിൽ നടന്ന അമോദിനി ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിൽ റ്റ്വിങ്കിൾ ജോബി മികച്ച നടിക്കുള്ള പുരസ്കാരം നേടിയപ്പോൾ, രാജേഷ് തില്ലങ്കേരി മികച്ച തിരക്കഥയ്ക്കുള്ള അവാർഡിന് അർഹനായി. ശ്രീലങ്കയിലെ കൊളംബോയിൽ നടന്ന 22-ാമത് ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവൽ ഓഫ് ശ്രീലങ്ക സിലോൺ-2026 ലും മികച്ച സാമൂഹിക പ്രതിബദ്ധതയുള്ള സിനിമ, മികച്ച തിരക്കഥ (രാജേഷ് തില്ലങ്കേരി) എന്നിങ്ങനെ രണ്ട് പുരസ്കാരങ്ങൾ ചിത്രം കരസ്ഥമാക്കി. കൊൽക്കത്ത, ബാംഗ്ലൂർ, പൂനെ, ചെന്നൈ, മുംബൈ തുടങ്ങിയ മുപ്പതോളം അന്താരാഷ്ട്ര മേളകളിലേക്കും ചിത്രം ഇതിനോടകം തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്.

ഉണ്ണി കെ.ആർ. സംവിധാനം ചെയ്ത ഈ ചിത്രം ഒരു സാധാരണ വിഭാഗത്തിൽപ്പെട്ട ഗർഭിണിയായ വിധവ തന്റെ അവകാശങ്ങൾക്കായി നടത്തുന്ന പോരാട്ടത്തിന്റെയും അതിജീവനത്തിന്റെയും കഥയാണ് പറയുന്നത്. ഉണ്ണി കെ.ആറിന്റെ കഥയ്ക്ക് പത്രപ്രവർത്തകനായ രാജേഷ് തില്ലങ്കേരിയാണ് തിരക്കഥയും സംഭാഷണവും ഒരുക്കിയിരിക്കുന്നത്. വ്യാസചിത്രയുടെ ബാനറിൽ ഡോക്ടർ പ്രഹ്ലാദ് വടക്കേപ്പാട്ട് അവതരിപ്പിക്കുന്ന ചിത്രം ഡോക്ടർ പ്രഹ്ലാദ് വടക്കേപ്പാട്, വിനോയ് വിഷ്ണു വടക്കേപ്പാട്, സൗമ്യ കെ.എസ് എന്നിവർ ചേർന്നാണ് നിർമ്മിച്ചിരിക്കുന്നത്.

റ്റ്വിങ്കിൾ ജോബി നായികയാകുന്ന ചിത്രത്തിൽ ശിവൻകുട്ടി നായർ, അജീഷ് കൃഷ്ണ, അഖില, സജിലാൽ നായർ, സന്തോഷ് കുറുപ്പ്, തുഷാര പിള്ള, അമയ പ്രസാദ്, ചന്ദ്രൻ പാവറട്ടി തുടങ്ങിയവർ പ്രധാന വേഷങ്ങളിൽ എത്തുന്നു. സാംലാൽ പി. തോമസ് ഛായാഗ്രഹണവും സുജിർ ബാബു സുരേന്ദ്രൻ എഡിറ്റിംഗും നിർവ്വഹിച്ചിരിക്കുന്നു. ആഗോളതലത്തിൽ ശ്രദ്ധിക്കപ്പെടുന്ന ഈ സിനിമ മലയാളത്തിന് വലിയ അഭിമാനമാണ് നൽകുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here