സംസ്ഥാനത്ത് കനത്ത ചൂട്; ആശ്വാസമായി 10 ജില്ലകളിൽ ഇന്ന് ഒറ്റപ്പെട്ട വേനൽമഴയ്ക്കും സാധ്യത

0

കൊച്ചി: സംസ്ഥാനത്ത് കനത്ത ചൂട് തുടരുന്നതിനിടെ ഉഷ്ണതരംഗ മുന്നറിയിപ്പുമായി കേന്ദ്ര കാലാവസ്ഥ വകുപ്പ്. ഉയർന്ന താപനില അനുഭവപ്പെടുന്ന തൃശൂർ, പാലക്കാട് ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചപ്പോൾ, എട്ട് ജില്ലകളിൽ യെല്ലോ അലർട്ടും നിലവിലുണ്ട്.

ഇതിനൊപ്പം, 10 ജില്ലകളിൽ ഇന്ന് ഒറ്റപ്പെട്ട വേനൽമഴയ്ക്കും സാധ്യതയുണ്ട് എന്നാണ് ലഭിക്കുന്ന റിപ്പോർട്ട്. ഇടിമിന്നലോടുകൂടിയ മഴയാകും ലഭിക്കുക. അടുത്ത മൂന്ന് മണിക്കൂറിനുള്ളിൽ തിരുവനന്തപുരം, കൊല്ലം ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ മഴയ്ക്ക് സാധ്യതയുണ്ടെന്നും കാലാവസ്ഥ വകുപ്പ് അറിയിച്ചു. എന്നാൽ മഴ സാധ്യതയുണ്ടെങ്കിലും സംസ്ഥാനത്ത് ചൂട് ശക്തമായ നിലയിൽ തുടരുകയാണ്.

ജില്ലകളിലെ താപനില പ്രവചനം പ്രകാരം പാലക്കാട് ജില്ലയിൽ 41°C വരെ ഉയരാനാണ് സാധ്യത. തൃശൂരിൽ 40°C, കൊല്ലം, കോട്ടയം, പത്തനംതിട്ട, എറണാകുളം, കോഴിക്കോട് ജില്ലകളിൽ 38°C, ആലപ്പുഴ, മലപ്പുറം, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ 37°C, തിരുവനന്തപുരം ജില്ലയിൽ 36°C വരെ താപനില ഉയരാം.

ചൂട് മൂലമുള്ള ആരോഗ്യ പ്രശ്നങ്ങൾ ഒഴിവാക്കാൻ ജാഗ്രത പാലിക്കണമെന്നും, അത്യാവശ്യങ്ങൾ ഇല്ലാതെ പകൽ സമയത്ത് പുറത്തിറങ്ങുന്നത് പരമാവധി ഒഴിവാക്കണമെന്നും അധികൃതർ നിർദേശിച്ചു

LEAVE A REPLY

Please enter your comment!
Please enter your name here