മലപ്പുറം: വാല്‍പ്പാറയിലുണ്ടായ വാഹനാപകടത്തില്‍ അഞ്ച് അധ്യാപകരെയാണ് പാങ്ങ് ജിഎല്‍പി സ്‌കൂളിന് നഷ്ടമായത്.
ഇപ്പോഴിതാ സ്കൂളിൽ പുതിയ അധ്യാപകര്‍ ചുമതലയേറ്റിരിക്കുകയാണ്. രക്ഷിതാക്കളും നാട്ടുകാരുമടങ്ങുന്ന സംഘം സ്‌കൂളില്‍ ഒത്തുചേര്‍ന്ന് പുതിയ അധ്യാപകരെ സ്വീകരിച്ചു.
കെ കെ രാഖി, വി പി ഫസീല, പി ഷമീന, അബ്ദുള്‍ മജീദ് കൊട്ടക്കാരന്‍ എന്നിവരാണ് പാങ്ങ് ജിഎല്‍പി സ്‌കൂളിലെത്തിയ പുതിയ അധ്യാപകര്‍. പാങ്ങ് ഗവ. യുപി സ്‌കൂളിലെ പ്രധാനാധ്യാപകന്‍ കെ അഹമ്മദ് കുട്ടിക്ക് ജിഎല്‍പി സ്‌കൂളിന്റെ അധിക ചുമതല നല്‍കി.
ഏപ്രിൽ പതിനേഴിനാണ് വാല്‍പ്പാറയില്‍ അപകടമുണ്ടായത്. മലപ്പുറം പാങ്ങ് പള്ളിപ്പറമ്പ് സര്‍ക്കാര്‍ എല്‍ പി സ്‌കൂളില്‍ നിന്നുള്ള അധ്യാപകരും ജീവനക്കാരും സഞ്ചരിച്ച വാന്‍ അപകടത്തില്‍പ്പെടുകയായിരുന്നു. അപകടത്തില്‍ അന്ന് തന്നെ ഒമ്പത് പേര്‍ക്ക് ജീവൻ നഷ്ടമായി.
ചികിത്സയിലായിരുന്ന നൗഷാദ് അലി കഴിഞ്ഞ ദിവസം മരണപ്പെട്ടിരുന്നു. ഇതോടെ വാൽപ്പാറ അപകടത്തിൽ ജീവൻ നഷ്ടമായവരുടെ എണ്ണം പത്തായി.

