കോഴിക്കോട് റെയിൽവേ സ്റ്റേഷനിലെ പഴയ കെട്ടിടം തകർന്നത് കനത്ത മഴയെ തുടർന്ന്; വിശദീകരണവുമായി റെയിൽവേ

0

കോഴിക്കോട്: കോഴിക്കോട് റെയിൽവേ സ്റ്റേഷനിലെ പഴയ കെട്ടിടം ഭാഗികമായി തകർന്നുവീണത് കനത്ത മഴയെ തുടർന്നാണെന്ന് റെയിൽവേ അധികൃതർ അറിയിച്ചു. കെട്ടിടത്തിന്റെ സുരക്ഷാ നില മുൻപ് തന്നെ വിലയിരുത്തിയിരുന്നുവെന്നും അത് പൊളിച്ചുനീക്കാൻ തീരുമാനിച്ച് നടപടികൾ പുരോഗമിക്കുന്നതിനിടെയാണ് ഭാഗങ്ങൾ ഇടിഞ്ഞുവീണതെന്നും അധികൃതർ വ്യക്തമാക്കി.

സുരക്ഷാ മുൻകരുതലുകളുടെ ഭാഗമായി പ്രദേശം നേരത്തെ തന്നെ നിയന്ത്രണവിധേയമാക്കിയിരുന്നതിനാൽ അപകടത്തിൽ ആളപായമോ പരിക്കുകളോ ഉണ്ടായിട്ടില്ല. നിലവിൽ സാങ്കേതിക വിദഗ്ധരുടെ നേതൃത്വത്തിൽ സ്ഥലത്ത് പരിശോധന തുടരുകയാണ്.

വ്യാഴാഴ്ച രാവിലെ 11.15ഓടെയാണ് സംഭവം. രണ്ടാം പ്ലാറ്റ്‌ഫോമിനോട് ചേർന്നുള്ള നൂറിലേറെ വർഷം പഴക്കമുള്ള കെട്ടിടത്തിന്റെ ഭാഗമാണ് തകർന്നുവീണത്. അപകടസമയത്ത് യാത്രക്കാർ സമീപത്തില്ലാതിരുന്നതിനാൽ വലിയ ദുരന്തം ഒഴിവായി.

സംഭവത്തെ തുടർന്ന് ട്രെയിൻ സർവീസുകളിൽ താൽക്കാലിക മാറ്റങ്ങൾ വരുത്തി. തിരുവനന്തപുരം–കോഴിക്കോട് ജനശതാബ്ദി എക്സ്പ്രസ് കല്ലായിയിൽ സർവീസ് അവസാനിപ്പിക്കുകയും കോഴിക്കോട്–തിരുവനന്തപുരം ജനശതാബ്ദി കല്ലായിയിൽ നിന്ന് യാത്ര ആരംഭിക്കുകയും ചെയ്തു. ബെംഗളൂരു–കോഴിക്കോട് എക്സ്പ്രസും വെസ്റ്റ് ഹില്ലിൽ സർവീസ് അവസാനിപ്പിച്ചപ്പോൾ, കോഴിക്കോട്–ബെംഗളൂരു എക്സ്പ്രസ് വെസ്റ്റ് ഹില്ലിൽ നിന്നാണ് സർവീസ് ആരംഭിച്ചത്.

പരിശോധനാ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ അവശിഷ്ടങ്ങൾ നീക്കം ചെയ്യുന്നതുൾപ്പെടെയുള്ള തുടർനടപടികൾ വേഗത്തിൽ പൂർത്തിയാക്കുമെന്നും യാത്രക്കാരുടെ സുരക്ഷയ്ക്കാണ് പരമപ്രാധാന്യമെന്നും റെയിൽവേ അറിയിച്ചു.

Tags:

English Summary:
Indian Railways clarified that the partial collapse of an old building at Kozhikode Railway Station was caused by heavy rain. The structure had already been identified for demolition, and safety measures prevented any casualties. Train services were temporarily rescheduled, while technical inspections and debris removal continue.


മുസ്‌ലിം ട്രാവൽ ഇൻഡക്സിൽ യു.എ.ഇ. ആറാം സ്ഥാനത്ത്

0

ദുബായ്: മുസ്‌ലിം സഞ്ചാരികൾക്ക് ഏറ്റവും അനുയോജ്യമായ വിനോദസഞ്ചാര കേന്ദ്രങ്ങളിലൊന്നായി യു.എ.ഇ. വീണ്ടും ആഗോള അംഗീകാരം നേടി. ഗ്ലോബൽ മുസ്‌ലിം ട്രാവൽ ഇൻഡക്സ് 2026 റിപ്പോർട്ടിൽ ലോകത്തെ മികച്ച മുസ്‌ലിം സൗഹൃദ വിനോദസഞ്ചാര കേന്ദ്രങ്ങളുടെ പട്ടികയിൽ യു.എ.ഇ. ആറാം സ്ഥാനത്തെത്തി.
മാസ്റ്റർകാർഡും ക്രസന്റ് റേറ്റിംഗും ചേർന്ന് തയ്യാറാക്കിയ റിപ്പോർട്ടിൽ 27 രാജ്യങ്ങൾ ഉൾപ്പെട്ട ‘ട്രെയിൽബ്ലേസേഴ്‌സ്’ വിഭാഗത്തിൽ 100ൽ 75 പോയിന്റ് നേടിയാണ് യു.എ.ഇ. ഈ നേട്ടം സ്വന്തമാക്കിയത്. ഹലാൽ ഭക്ഷണ സൗകര്യം, പ്രാർഥനയ്ക്കുള്ള സൗകര്യങ്ങൾ, മികച്ച യാത്രാ കണക്ടിവിറ്റി, ഡിജിറ്റൽ സേവനങ്ങൾ എന്നിവയാണ് രാജ്യത്തെ മുൻനിരയിലേക്കെത്തിച്ചതെന്ന് റിപ്പോർട്ട് വ്യക്തമാക്കുന്നു.
ഹലാൽ ഭക്ഷണവും പ്രാർഥനാ സൗകര്യങ്ങളും ഉൾപ്പെടുന്ന വിഭാഗത്തിൽ യു.എ.ഇ.യ്ക്ക് നൂറിൽ നൂറ് മാർക്കും ലഭിച്ചു. ആധുനിക വിമാനത്താവളങ്ങൾ, മികച്ച പൊതുഗതാഗത സംവിധാനം, ലളിതമായ വിസ നടപടികൾ എന്നിവയും മുസ്‌ലിം സഞ്ചാരികളുടെ പ്രിയപ്പെട്ട കേന്ദ്രമായി രാജ്യത്തെ മാറ്റുന്നതിൽ നിർണായക പങ്കുവഹിക്കുന്നതായി റിപ്പോർട്ടിൽ പറയുന്നു.
യാത്രാ ആസൂത്രണത്തിനായി ലോകത്തെ ഏകദേശം 80 ശതമാനം സഞ്ചാരികളും ഇപ്പോൾ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (എ.ഐ.) അധിഷ്ഠിത ടൂളുകളെയാണ് ആശ്രയിക്കുന്നത്. ഹലാൽ റസ്റ്റോറന്റുകൾ, പ്രാർഥനാ കേന്ദ്രങ്ങൾ, യാത്രാ റൂട്ടുകൾ എന്നിവ കണ്ടെത്താൻ ഡിജിറ്റൽ സേവനങ്ങൾ കാര്യക്ഷമമായി ലഭ്യമാക്കുന്നതിലും യു.എ.ഇ. മുൻപന്തിയിലാണെന്ന് റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു.
2026-ൽ ആഗോള മുസ്‌ലിം സഞ്ചാരികളുടെ എണ്ണം 20.8 കോടിയിലെത്തുമെന്നും 2030-ഓടെ അത് 26.2 കോടിയായി ഉയരുമെന്നും റിപ്പോർട്ട് പ്രവചിക്കുന്നു. ഈ മേഖലയിലെ വാർഷിക ചെലവ് 310 ബില്യൺ ഡോളറിലെത്തുമെന്നും റിപ്പോർട്ടിൽ വിലയിരുത്തുന്നു. സുരക്ഷിതവും എളുപ്പത്തിൽ എത്തിച്ചേരാനാകുന്നതുമായ സമീപരാജ്യങ്ങളിലേക്കുള്ള ‘ഹോം-കോണ്ടിനെന്റ് ട്രാവൽ’ പ്രവണതയും ശക്തമാകുന്നതായി റിപ്പോർട്ട് വ്യക്തമാക്കുന്നു.
English Summary:
The UAE has secured the sixth position in the Global Muslim Travel Index 2026, highlighting its excellence as a Muslim-friendly travel destination. Strong halal facilities, prayer amenities, digital services, seamless connectivity, and simplified visa procedures contributed to the country’s high ranking.

മൊബൈൽ ആപ്പ് തലക്കെട്ട്:സൗദി വിസയ്ക്ക് പുതിയ സംവിധാനം; എല്ലാ സേവനങ്ങളും ഇനി ഒറ്റ ഡിജിറ്റൽ പ്ലാറ്റ്‌ഫോമിൽ

0

റിയാദ്: രാജ്യത്തെ വിസാ സേവനങ്ങൾ കൂടുതൽ കാര്യക്ഷമവും സുതാര്യവുമായി മാറ്റുന്നതിനായി എല്ലാ വിസാ നടപടികളും ഒരൊറ്റ ഡിജിറ്റൽ പ്ലാറ്റ്‌ഫോമിന് കീഴിൽ ഏകോപിപ്പിക്കാൻ സൗദി അറേബ്യ തീരുമാനിച്ചു. യൂണിഫൈഡ് നാഷണൽ വിസാ പ്ലാറ്റ്‌ഫോം സ്ഥാപിക്കാൻ സൗദി മന്ത്രിസഭ അംഗീകാരം നൽകി.
ജിദ്ദയിൽ കിരീടാവകാശിയും പ്രധാനമന്ത്രിയുമായ മുഹമ്മദ് ബിൻ സൽമാന്റെ അധ്യക്ഷതയിൽ ചേർന്ന മന്ത്രിസഭാ യോഗത്തിലാണ് തീരുമാനം. വിദേശകാര്യ മന്ത്രാലയത്തിന്റെ കീഴിൽ പ്രവർത്തിക്കുന്ന പുതിയ പ്ലാറ്റ്‌ഫോം വഴി തൊഴിൽ, കുടുംബ സന്ദർശനം, ബിസിനസ്, ടൂറിസ്റ്റ് തുടങ്ങി വിവിധ വിഭാഗങ്ങളിലെ വിസാ സേവനങ്ങൾ ഒരിടത്ത് നിന്ന് ലഭ്യമാകും.
വിസാ അപേക്ഷ സമർപ്പിക്കൽ, ആവശ്യമായ രേഖകൾ അപ്‌ലോഡ് ചെയ്യൽ, അപേക്ഷയുടെ പുരോഗതി തത്സമയം പരിശോധിക്കൽ, അനുമതി സ്വീകരിക്കൽ തുടങ്ങിയ എല്ലാ നടപടികളും കൂടുതൽ ലളിതവും വേഗത്തിലുമാകുമെന്നാണ് അധികൃതരുടെ പ്രതീക്ഷ. നിലവിൽ വിവിധ വിസാ വിഭാഗങ്ങൾക്കായി വ്യത്യസ്ത പ്ലാറ്റ്‌ഫോമുകൾ ഉപയോഗിക്കേണ്ട സാഹചര്യം ഇതോടെ ഒഴിവാകും.
സൗദിയിലെ ഇന്ത്യൻ പ്രവാസികൾ ഉൾപ്പെടെ വിദേശികൾക്ക് പുതിയ സംവിധാനം ഏറെ പ്രയോജനകരമാകുമെന്നാണ് വിലയിരുത്തൽ. പ്രത്യേകിച്ച് കുടുംബ സന്ദർശന വിസയ്ക്കുള്ള അപേക്ഷാ നടപടികൾ കൂടുതൽ എളുപ്പവും വേഗത്തിലുമാകും.
ഡിജിറ്റൽ ഭരണസംവിധാനങ്ങൾ ശക്തിപ്പെടുത്തുന്നതിനുള്ള സൗദിയുടെ വിപുലമായ പദ്ധതിയുടെ ഭാഗമായാണ് ഈ പുതിയ വിസാ പ്ലാറ്റ്‌ഫോം നടപ്പാക്കുന്നത്. ഭരണനടപടികൾ വേഗത്തിലാക്കുകയും ഉപയോക്തൃ സൗഹൃദ സേവനങ്ങൾ ഉറപ്പാക്കുകയും ചെയ്യുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യം.
English Summary:
Saudi Arabia has approved a unified national digital visa platform to streamline all visa services under one system. The new platform will simplify applications, document uploads, approvals, and status tracking for employment, family visit, business, and tourist visas, benefiting both citizens and expatriates.

വീണ്ടും കുതിച്ചു സ്വർണവില; പവന് വർധിച്ചത് 1,000 രൂപ

തിരുവനന്തപുരം: പശ്ചിമേഷ്യയിൽ അമേരിക്കയും ഇറാനും തമ്മിലുള്ള സംഘർഷം വീണ്ടും രൂക്ഷമായതിനെ തുടർന്ന് രാജ്യാന്തര വിപണിയിൽ സ്വർണവില ഉയർന്നു. ഇതിന്റെ പ്രതിഫലനമായി കേരളത്തിലും ഇന്ന് സ്വർണവില വർധിച്ചു.

രാവിലെ ഗോൾഡ് അസോസിയേഷൻ പ്രഖ്യാപിച്ച നിരക്കിൽ നിന്ന് 22 കാരറ്റ് സ്വർണത്തിന് ഒരു ഗ്രാമിന് ₹125യും ഒരു പവന് ₹1,000യും വർധിച്ചു. ഇതോടെ ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്റെ വില ₹13,370 ആയി. ഒരു പവൻ (8 ഗ്രാം) സ്വർണത്തിന്റെ വില ₹1,06,960 ആയി ഉയർന്നു.

ഇന്ന് രാവിലെ ഒരു ഗ്രാം സ്വർണത്തിന് ₹13,245യും ഒരു പവന് ₹1,05,960യുമായിരുന്നു വില. രാജ്യാന്തര അനിശ്ചിതത്വവും സുരക്ഷിത നിക്ഷേപമെന്ന നിലയിൽ സ്വർണത്തിലേക്കുള്ള ആവശ്യകത വർധിച്ചതുമാണ് വില ഉയരാൻ പ്രധാന കാരണമായി വിലയിരുത്തപ്പെടുന്നത്.

വെള്ളാപ്പള്ളി പ്രതിയായ മൈക്രോ ഫിനാൻസ് കേസ്: അന്വേഷണം പൂർത്തിയാക്കാൻ അവസാന അവസരം നൽകി ഹൈക്കോടതി

കൊച്ചി: എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ പ്രതിയായ മൈക്രോ ഫിനാൻസ് തട്ടിപ്പ് കേസിലെ അന്വേഷണം പൂർത്തിയാക്കാൻ അന്വേഷണ സംഘത്തിന് ഒരു മാസം കൂടി സമയം അനുവദിച്ച് ഹൈക്കോടതി. ഇത് അവസാന അവസരമാണെന്ന് കോടതി കർശന മുന്നറിയിപ്പും നൽകി.

അതേസമയം, കേസിലെ അന്വേഷണ ഉദ്യോഗസ്ഥനായ എസ്.പി.എസ്. ശശിധരനെ മാറ്റണമെന്നാവശ്യപ്പെട്ടുള്ള ഉപഹർജിയിൽ പ്രോസിക്യൂഷൻ മറുപടി നൽകാൻ സാവകാശം തേടി. അന്വേഷണ ഉദ്യോഗസ്ഥനെ മാറ്റണമെന്ന ആവശ്യവുമായി കേസിലെ കക്ഷിയായ എം.എസ്. അനിലാണ് ഹൈക്കോടതിയെ സമീപിച്ചത്.

അന്വേഷണം അനാവശ്യമായി നീണ്ടുപോകുകയാണെന്നും, ശരിയായ ദിശയിലല്ല അന്വേഷണം പുരോഗമിക്കുന്നതെന്നുമാണ് ഹർജിയിലെ പ്രധാന ആരോപണം. അന്വേഷണത്തിന്റെ പുരോഗതിയിൽ ഹൈക്കോടതിയും അതൃപ്തി രേഖപ്പെടുത്തിയ സാഹചര്യത്തിലാണ് ഉപഹർജി സമർപ്പിച്ചത്.

മൈക്രോ ഫിനാൻസ് തട്ടിപ്പ് കേസിൽ വെള്ളാപ്പള്ളി നടേശനെ പ്രതിയാക്കിയ കേസുകളിൽ ഇതുവരെ ഒരു കേസിൽ മാത്രമാണ് അന്വേഷണം പൂർത്തിയാക്കിയിട്ടുള്ളത്. ശേഷിക്കുന്ന കേസുകളിലെ അന്വേഷണം വേഗത്തിൽ പൂർത്തിയാക്കണമെന്ന നിർദേശത്തോടെയാണ് ഹൈക്കോടതി അവസാനമായി ഒരു മാസത്തെ സമയം കൂടി അനുവദിച്ചത്.

വീണ്ടും യുദ്ധത്തിലേക്ക്? നിർണായക പ്രഖ്യാപനവുമായി ട്രംപ്; വെടിനിർത്തൽ ധാരണ അവസാനിച്ചു

ഇറാനുമായി വെടിനിർത്തൽ ധാരണ അവസാനിച്ചെന്ന് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ഇറാനുമായുള്ള ചർച്ചകൾ സമയം പാഴാക്കൽ മാത്രമാണ്. ഇറാനിലെ 85 കേന്ദ്രങ്ങളിൽ ആക്രമണം നടത്തി. ഇറാനികൾ “കള്ളം പറയുന്നവരും ചതിയന്മാരും മാനസികരോഗികളുമാണ്” എന്ന് വിശേഷിപ്പിച്ച ട്രംപ്, കഴിഞ്ഞ രാത്രി ഇറാനിൽ നിന്നുള്ള “വളരെ അപകടകാരികളായ ആളുകൾക്ക്” നേരെ അമേരിക്ക ആക്രമണം നടത്തിയതായും വ്യക്തമാക്കി. ബുധനാഴ്ച അങ്കാറയിൽ നടന്ന നാറ്റോ ഉച്ചകോടിയിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഹോർമുസ് കടലിടുക്കിലൂടെ കടന്നുപോകുകയായിരുന്ന മൂന്ന് കപ്പലുകൾക്ക് നേരെ ആക്രമണമുണ്ടായതിനെ തുടർന്നാണ് ഈ തിരിച്ചടി നൽകിയത്. കപ്പലുകൾക്ക് നേരെയുണ്ടായ ആക്രമണത്തിന് പിന്നിൽ ഇറാൻ സൈന്യമാണെന്നാണ് യുഎസ് ആരോപിക്കുന്നത്.”കഴിഞ്ഞ രാത്രി വളരെ അപകടകാരികളായ ഇറാൻകാർക്ക് നേരെ ഞങ്ങൾ ശക്തമായ ആക്രമണം നടത്തി. അവർക്ക് എന്തോ തകരാറുണ്ട്, അവർ മാനസികരോഗികളാണ്,” യുഎസ് പ്രസിഡന്റ് കൂട്ടിച്ചേർത്തു.

“കഴിഞ്ഞ രാത്രി ഞങ്ങൾ ഇറാനെ വളരെ ശക്തമായിത്തന്നെ പ്രഹരിച്ചു. നിങ്ങൾ ആക്രമിക്കുമ്പോഴെല്ലാം ഞങ്ങളും തിരിച്ചടിക്കുമെന്ന് ഞാൻ അവരോട് പറഞ്ഞിട്ടുണ്ട്. തീർച്ചയായും അവർ മാന്യമല്ലാത്ത രീതിയിൽ കളിക്കുന്നവരാണ്, അതുകൊണ്ട് അവർ എല്ലാവരെയും ലക്ഷ്യം വയ്ക്കുന്നു, ഒരുപക്ഷേ എന്നെയും ഉൾപ്പെടെ. ഞങ്ങൾക്ക് അവരെ ഇഷ്ടമല്ല. എനിക്ക് അവരെ ഇഷ്ടമല്ല. അവർ തിന്മ നിറഞ്ഞ മനുഷ്യരാണ്. ഇറാന്റെ ആണവവിമുക്തീകരണമാണ് ലക്ഷ്യം, ഞങ്ങൾ അവരെ ആണവവിമുക്തമാക്കുക തന്നെ ചെയ്യും,” ട്രംപ് പ്രസ്താവിച്ചു.

വിഴിഞ്ഞം ഓഹരി കൈമാറ്റം: അദാനിയുമായുള്ള ഇടപാടുകളിൽ വിശദീകരണം തേടി മുഖ്യമന്ത്രിക്ക് കത്തയച്ച് പിണറായി വിജയൻ

തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖത്തിലെ ഓഹരി കൈമാറ്റവുമായി ബന്ധപ്പെട്ട വിഷയത്തിൽ മുഖ്യമന്ത്രി വി.ഡി. സതീശന് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ കത്തയച്ചു. അദാനി കമ്പനി സർക്കാരിന് നൽകിയ കത്തിന്മേൽ സ്വീകരിച്ച നടപടികൾ എന്തൊക്കെയാണെന്നും, ഇതുസംബന്ധിച്ച് നിയമോപദേശം തേടിയിട്ടുണ്ടോയെന്നും കത്തിൽ അദ്ദേഹം ചോദിക്കുന്നു.

കരാർ ലംഘനം സംബന്ധിച്ച് സ്റ്റോക്ക് എക്‌സ്‌ചേഞ്ച് അധികൃതരെ സർക്കാർ അറിയിച്ചിട്ടുണ്ടോയെന്നും അതിൽ വ്യക്തത വരുത്തണമെന്നും പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു. കരാർ വ്യവസ്ഥകൾ ലംഘിച്ചതിനെ നിസാരമായി കാണാനാകില്ലെന്നും, വിഷയത്തിൽ സർക്കാർ തുടരുന്ന മൗനം ദുരൂഹമാണെന്നും അദ്ദേഹം കത്തിൽ ചൂണ്ടിക്കാട്ടുന്നു. കഴിഞ്ഞ ദിവസമാണ് ഈ കത്ത് മുഖ്യമന്ത്രിക്ക് കൈമാറിയത്.

കേരള സർക്കാരിനെ അറിയിക്കാതെയാണോ അദാനി ഗ്രൂപ്പ് സെബിയുമായി കരാർ ഒപ്പിട്ടതെന്ന് പിണറായി വിജയൻ ചോദിക്കുന്നു. അത്തരം നടപടി കരാർ ലംഘനമാണെന്നും, ഇതുമായി ബന്ധപ്പെട്ട് സർക്കാർ നിയമനടപടികളോ നിയമോപദേശമോ തേടിയിട്ടുണ്ടോയെന്നും അദ്ദേഹം അന്വേഷിക്കുന്നു.

അദാനി ഗ്രൂപ്പ് സർക്കാരിന് സമർപ്പിച്ച അപേക്ഷ സംബന്ധിച്ചും കത്തിൽ സംശയങ്ങൾ ഉന്നയിച്ചിട്ടുണ്ട്. ആദ്യം ഒരു അപേക്ഷയും പിന്നീട് തിരുത്തലുകൾ ഉൾപ്പെടുത്തി മറ്റൊരു അപേക്ഷയും നൽകിയെന്ന തരത്തിൽ മാധ്യമങ്ങളിൽ വന്ന വാർത്തകളിലെ സത്യാവസ്ഥ വ്യക്തമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

ജൂൺ 29-നാണ് അദാനി ഗ്രൂപ്പ് ഓഹരി കൈമാറ്റത്തിന് അനുമതി തേടി സെബിക്ക് കത്ത് നൽകിയത്. വിവരം അടുത്ത ദിവസം പുറത്തുവന്നിരുന്നു. ജൂലൈ 1-ന് നിയമസഭയിൽ വിഷയം പ്രതിപക്ഷം ഉന്നയിച്ചപ്പോൾ, സർക്കാരിന് ഇതുസംബന്ധിച്ച അറിയിപ്പ് ലഭിച്ചിട്ടില്ലെന്നും ഒരു അപേക്ഷയും ലഭിച്ചിട്ടില്ലെന്നുമാണ് മുഖ്യമന്ത്രി വി.ഡി. സതീശൻ മറുപടി നൽകിയിരുന്നത്. സർക്കാരിനെ അറിയിക്കാതെയാണ് അദാനി ഇത്തരമൊരു നീക്കം നടത്തിയതെങ്കിൽ അത് ഗൗരവമായി പരിശോധിക്കേണ്ട വിഷയമാണെന്നും പിണറായി വിജയൻ നേരത്തെ അഭിപ്രായപ്പെട്ടിരുന്നു.

വിഴിഞ്ഞം തുറമുഖത്തിലെ അദാനി കമ്പനിയുടെ 49 ശതമാനം ഓഹരി എം.എസ്.സി ഗ്രൂപ്പിന്റെ ടെർമിനൽ വിഭാഗമായ ടി.ഐ.എൽ ഏറ്റെടുക്കുമെന്നാണ് റിപ്പോർട്ടുകൾ. ഏകദേശം 27,000 കോടി രൂപ മൂല്യമുള്ള പദ്ധതിയാണിത്. 2028 ഡിസംബറോടെ തുറമുഖത്തിന്റെ ചരക്ക് കൈകാര്യം ചെയ്യാനുള്ള ശേഷി 57 ലക്ഷം ടി.ഇ.യുവായി ഉയർത്താനാണ് ലക്ഷ്യമിടുന്നത്. നിലവിൽ തുറമുഖത്തിന്റെ ശേഷി 16 ലക്ഷം ടി.ഇ.യുവാണ്.

വയനാട് ടൗൺഷിപ്പ് നിർമാണ സ്ഥലത്തെ കൂട്ടിയിട്ട മണ്ണ് നീക്കി; സർക്കാർ നിർദേശത്തിന് പിന്നാലെ നടപടി

കൽപ്പറ്റ: വയനാട് ദുരന്ത പുനരധിവാസ ടൗൺഷിപ്പ് നിർമാണ സ്ഥലത്ത് കൂട്ടിയിട്ടിരുന്ന മണ്ണ് കരാർ കമ്പനിയായ ഊരാളുങ്കൽ നീക്കം ചെയ്തു. സർക്കാർ നിർദേശത്തിന് പിന്നാലെയാണ് നടപടി സ്വീകരിച്ചത്.

മണ്ണ് പൂർണമായും മാറ്റിയെന്നും, സർക്കാർ തലത്തിൽ നിർദേശം ലഭിച്ച ഉടൻ തന്നെ മണ്ണ് നീക്കം ചെയ്യാനുള്ള പ്രവർത്തനങ്ങൾ ആരംഭിച്ചിരുന്നുവെന്നും കമ്പനി അധികൃതർ അറിയിച്ചു.

വയനാട് കള്ളാടിയിലെ തുരങ്കപാത നിർമാണ സ്ഥലത്ത് ഉണ്ടായ മണ്ണിടിച്ചിൽ ദുരന്തത്തിന് പിന്നാലെയാണ് ടൗൺഷിപ്പ് നിർമാണ പ്രദേശത്ത് കൂട്ടിയിട്ടിരുന്ന മണ്ണ് അടിയന്തരമായി നീക്കാൻ സർക്കാർ നിർദേശം നൽകിയത്.

മണ്ണ് നീക്കിയില്ലെങ്കിൽ കള്ളാടി തുരങ്കപാത നിർമാണ സ്ഥലത്ത് സംഭവിച്ചതുപോലുള്ള വലിയ അപകടത്തിന് സാധ്യതയുണ്ടെന്നും, നിർദേശം പാലിക്കാത്ത പക്ഷം നടപടി സ്വീകരിക്കുമെന്നും മന്ത്രി ടി. സിദ്ദിഖ് നേരത്തെ അറിയിച്ചിരുന്നു.

കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ ശാസ്ത്രീയ സുരക്ഷാ മുൻകരുതലുകളില്ലാതെ നിർമാണ സ്ഥലങ്ങളിൽ മണ്ണ് കൂട്ടിയിടുന്നത് അപകടസാധ്യത വർധിപ്പിക്കുന്നതായി ആശങ്ക ഉയർന്നിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് ടൗൺഷിപ്പ് നിർമാണ സ്ഥലത്തെ മണ്ണ് നീക്കം ചെയ്തത്.

കോറോ ഹെൽത്ത് കൂട്ടപിരിച്ചുവിടൽ; കമ്പനി ഉദ്യോഗസ്ഥരുമായി വെള്ളിയാഴ്ച നേരിട്ട് ചർച്ച നടത്തും, മന്ത്രി ബിന്ദു കൃഷ്ണ

അമേരിക്കൻ ആസ്ഥാനമായ കോറോ ഹെൽത്ത് എറണാകുളം, കോഴിക്കോട് ഓഫീസുകളിൽ നിന്ന് ജീവനക്കാരെ കൂട്ടത്തോടെ പിരിച്ചുവിട്ട നടപടി വെള്ളിയാഴ്ചയിലെ ചർച്ചയിലൂടെ പരിഹരിക്കാനാണ് സർക്കാർ ശ്രമിക്കുന്നതെന്ന് തൊഴിൽ വകുപ്പ് മന്ത്രി ബിന്ദു കൃഷ്ണ പറഞ്ഞു. വെള്ളിയാഴ്ച വരെ തൽസ്ഥിതി തുടരണമെന്ന സർക്കാർ നിർദേശം പാലിക്കാത്തത് കമ്പനിയുടെ നിയമവിരുദ്ധ നടപടിയാണ്. വിഷയത്തിന്റെ ഗൗരവം സർക്കാർ മനസിലാക്കിയാണ് തൊഴിൽ മന്ത്രി നേരിട്ട് കമ്പനി ഉന്നത ഉദ്യോഗസ്ഥരുമായി ജൂലൈ പത്തിന് ചർച്ച നടത്തുന്നത്.

ലേബർ കോഡ് അനുസരിച്ചാണെങ്കിലും കോറോ കമ്പനിയുടെ ഭാഗത്തുനിന്നുണ്ടായത് നിയമവിരുദ്ധമായ സമീപനമാണ്. മുന്നൂറിൽ കൂടുതൽ തൊഴിലാളികൾ ഉള്ള സ്ഥാപനം അടച്ചുപൂട്ടുന്നതിന് മുൻപ് വകുപ്പിനെ അറിയിക്കണം എന്നതാണ് നിയമം. സംസ്ഥാന സർക്കാരിന് തുറന്ന സമീപനമാണ്, അതുകൊണ്ട് കമ്പനിക്ക് എതിരെ പ്രോസിക്യൂഷൻ നടപടികൾ എടുക്കുന്നതിനേക്കാൾ ചർച്ച നടത്തി പ്രശ്നം പരിഹരിക്കുക എന്നതാണ് ലക്ഷ്യമെന്ന് മന്ത്രി ബിന്ദു കൃഷ്ണ പറഞ്ഞു. സ്ഥാപനം സംസ്ഥാനത്തിൽ തന്നെ നിലനിർത്തി ജീവനക്കാർക്ക് തൊഴിൽ ഉറപ്പുവരുത്താനാണ് സർക്കാർ ശ്രമിക്കുന്നത്. വെള്ളിയാഴ്ചത്തെ ചർച്ചയിൽ പ്രശ്നപരിഹാരം ഉണ്ടായില്ലെങ്കിൽ സർക്കാർ നിയമനടപടിയുമായി മുന്നോട്ടു പോകുമെന്നും മന്ത്രി ബിന്ദു കൃഷ്ണ പറഞ്ഞു.

അതേസമയം, ഈ മാസം 10 വരെ കമ്പനി വീണ്ടും തുറന്ന് പ്രവർത്തിക്കുമെന്നും ജീവനക്കാർക്ക് ഓഫീസിൽ എത്താം എന്നുമായിരുന്നു ഇന്നലത്തെ യോഗത്തിനുശേഷം ലേബർ കമ്മീഷണർ നൽകിയ ഉറപ്പ്. കമ്പനിയുടെ അഭിഭാഷക പ്രതിനിധികൾ അടക്കം പങ്കെടുത്ത യോഗത്തിൽ ആയിരുന്നു തീരുമാനം. അതുപ്രകാരം ഇന്ന് രാവിലെ കൊച്ചിയിലെയും കോഴിക്കോടേയും ഓഫീസുകളിൽ എത്തിയ ജീവനക്കാരെ പക്ഷേ ഓഫീസിനുള്ളിലേക്ക് കയറ്റിയില്ല. കമ്പനി ഇന്നലെ തന്നെ പൂട്ടി എന്നും പഞ്ചിംഗ് സംവിധാനങ്ങൾ നീക്കി എന്നും ജീവനക്കാർ പറയുന്നു. രാവിലെ 9 മണി കഴിഞ്ഞിട്ടും ഓഫീസിനുള്ളിൽ പ്രവേശിക്കാൻ സാധിക്കാതെ വന്നതോടെ തൊഴിൽ വകുപ്പ് ഉദ്യോഗസ്ഥരെത്തി ഓഫീസുകളിൽ എത്തിയ ജീവനക്കാരുടെ ഹാജർ രേഖപ്പെടുത്തി. കമ്പനി അധികൃതരെ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും സാധിച്ചില്ല. എന്നാൽ സർക്കാർ ഇടപെടലിൽ വിശ്വാസമില്ലെന്നും കമ്പനി പ്രതിനിധികളെ ബന്ധപ്പെടാൻ കഴിയില്ല എന്ന് പറഞ്ഞത് തെറ്റെന്നുമാണ് ജീവനക്കാരുടെ ആരോപണം.

പഠനം പാതിവഴിയില്‍ മുടങ്ങിയവര്‍ക്ക് പോലീസിന്‍റെ ഹോപ്പ് പദ്ധതിയില്‍ രജിസ്റ്റര്‍ ചെയ്യാന്‍ അവസരം

തിരുവനന്തപുരം: എസ്.എസ്.എൽ.സി, പ്ലസ് ടു പഠനം പാതിവഴിയിൽ മുടങ്ങിയവർക്ക് സൗജന്യമായി തുടർപഠനം സാധ്യമാക്കുന്നതിന് കേരള പോലീസിൻറെ ഹോപ്പ് പദ്ധതിയിൽ രജിസ്റ്റർ ചെയ്യാം.

പഠനം പൂർത്തിയാക്കാൻ കഴിയാതെ പോയ 22 വയസ്സിനു താഴെയുള്ളവർക്ക് അതത് ജില്ലയിൽ വച്ചാണ് പരിശീലനം. താൽപര്യമുള്ളവർ ബന്ധപ്പെട്ട പോലീസ് സ്റ്റേഷനുകളിലോ 9497 900 200 എന്ന നമ്പറിലോ  ജൂലൈ 31ന്  മുൻപ് പേര് രജിസ്റ്റർ ചെയ്യണം.

വിദഗ്‌ദ്ധരായ അധ്യാപകരുടെ ക്ലാസുകളും മെൻററിംഗ്, മോട്ടിവേഷൻ പരിശീലനങ്ങളും ഹോപ്പ് പദ്ധതിയുടെ ഭാഗമാണ്. നിരവധി തൊഴിലധിഷ്ടിത കോഴ്സുകൾ  സ്വായത്തമാക്കുന്നതിന് കുട്ടികൾക്ക് അവസരം ലഭിക്കും.

2025-26 അധ്യയനവർഷം പദ്ധതിയുടെ ഭാഗമായി 1671 പേരാണ് പരീക്ഷയെഴുതിയത്. ഇതിൽ 1050 പേർ ഉന്നതപഠനത്തിന് അർഹത നേടിയിട്ടുണ്ട്.

2017 മുതൽ 2026 വരെയുള്ള കാലയളവിൽ  കേരള പോലീസിൻറെ ഹോപ്പ് പദ്ധതിയിലൂടെ പരീക്ഷയെഴുതിയ 8695 പേരിൽ 5414 പേർ ഉന്നത പഠനത്തിന് അർഹരായിട്ടുണ്ട്.

വയനാട്ടിലെ ക്വാറികളുടെ പ്രവർത്തനം നിർത്തിവെയ്ക്കാൻ ഉത്തരവ്

കൽപ്പറ്റ: അതിതീവ്ര മഴമുന്നറിയിപ്പിൻ്റെയും കനത്ത മഴയുടെയും പശ്ചാത്തലത്തിൽ വയനാട് ജില്ലയിലെ ക്വാറികളുടെ പ്രവർത്തനം നിർത്തിവെയ്ക്കാൻ ഉത്തരവ്.

ഇതിന് പുറമെ എല്ലാ അഡ്വഞ്ചർ ടൂറിസം സെന്ററുകളും, ട്രക്കിംഗുകളും, യന്ത്ര സഹായത്തോടെയുള്ള മണ്ണ് നീക്കവും ഇനിയൊരു ഉത്തരവുണ്ടാകുന്നത് വരെ നിർത്തിവെയ്ക്കാൻ ഉത്തരവുണ്ട്.

ദുരന്തനിവാരണ നിയമം 2005 സെക്ഷൻ 34 പ്രകാരം ജില്ലാ കളക്ടറാണ് ഇത് സംബന്ധിച്ച ഉത്തരവ് പുറത്തിറക്കിയത്. ദുരന്ത സാധ്യത നേരിടുന്ന ദുർബല പ്രദേശങ്ങളിലെ ഹോംസ്റ്റേ ഉൾപ്പടെയുള്ള ടൂറിസ്റ്റ് കേന്ദ്രങ്ങളുടെ പ്രവർത്തനവും നിർത്തിവെയ്ക്കാൻ ഉത്തരവുണ്ട്.

കള്ളാടി – ആനക്കാംപൊയിൽ ടണൽ റോഡുമായും മുണ്ടക്കൈ ചൂരൽമല ദുരന്തബാധിത പ്രദേശത്തും ഉരുൾ പൊട്ടൽ ഭീഷണി നിലനിൽക്കുന്ന പ്രദേശങ്ങളിലും ആളുകളെ മാറ്റിപ്പാർപ്പിക്കേണ്ടതുണ്ടെങ്കിൽ ആയതിന്റെ നടപടി മേപ്പാടി ഗ്രാമ പഞ്ചായത്ത് സെക്രട്ടറി, വെള്ളരിമല വില്ലേജ് ഓഫീസർ എന്നിവർ സംയുക്തമായി ചേർന്ന് നിർവഹിക്കേണ്ടതാണെന്നും ഉത്തരവിൽ വ്യക്തമാക്കിയിട്ടുണ്ട്.

ഇതിൻ്റെ കൃത്യമായ മേൽനോട്ടം തദ്ദേശ സ്വയംഭണ വകുപ്പ് ജോയന്റ് ഡയറക്ടർ നിർവ്വഹിക്കേണ്ടതാണെന്നും ഉത്തരവിൽ വ്യക്തമാക്കിയിട്ടുണ്ട്.

സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണറായി എൻ. ശേഷാദ്രിനാഥൻ ചുമതലയേറ്റു

തിരുവനന്തപുരം: സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണറായി എൻ. ശേഷാദ്രിനാഥൻ ചുമതലയേറ്റു.

ലക്ഷദ്വീപിൽ പ്രിൻസിപ്പൽ ഡിസ്ട്രിക്ട് ആന്റ് സെഷൻസ് ജഡ്ജിയായി വിരമച്ചതിന് ശേഷം ഇരിങ്ങാലക്കുട കുടുംബകോടതി ജഡ്ജിയായി സേവനം തുടരവേയാണ് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണറായി നിയമിതനായത്.

എറണാകുളം സിബിഐ കോടതി, സംസ്ഥാന സഹകരണ ട്രൈബ്യൂണൽ, തിരുവനന്തപുരം, എറണാകുളം എം.എ.സി.റ്റി കോടതി എന്നിവടങ്ങളിലും ജഡ്ജിയായി സേവനമനുഷ്ഠിച്ചിട്ടുണ്ട്.

അതിതീവ്ര മഴ പെയ്യുന്ന സാഹചര്യത്തിൽ വയനാട്ടിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ (ജൂലൈ 8, ബുധനാഴ്ച) അവധി പ്രഖ്യാപിച്ചു. അതിതീവ്ര മഴയെത്തുടർന്ന് ജില്ലയിൽ റെഡ് അലേർട്ട് പ്രഖ്യാപിച്ച സാഹചര്യത്തിലാണ് ബുധനാഴ്ച വിദ്യാലയങ്ങൾക്ക് അവധി പ്രഖ്യാപിച്ചത്. വയനാട് ജില്ലാ കളക്‌ടർ മേഘ ശ്രീയാണ് വിവരം പ്രസ്താവനയിലൂടെ അറിയിച്ചത്

കള്ളാടി മണ്ണിടിച്ചിലിൽ NDRF രണ്ടു യൂണിറ്റ് കൂടി എത്തും. രാത്രി വൈകിയും തിരച്ചിൽ തുടരുമെന്ന് വയനാട് കളക്ടർ മേഘ ശ്രീ പറഞ്ഞു.എത്ര പേർ മിസ്സിംഗ്‌ എന്നത് വ്യക്തമയില്ല. ലിസ്റ്റ് തയ്യാറാക്കുന്നു. മണ്ണ് മാറ്റി മുഴുവൻ മേഖലയും പരിശോധിക്കും. ബോഡി 3 എണ്ണം പുറത്ത് എടുത്തു. ആശുപത്രിയിൽ ഉള്ളവർ ഗുരുതരം അല്ലെന്നും മേഘ ശ്രീ പറഞ്ഞു. വയനാട്ടിൽ ഇന്നലെ രാത്രി മുതൽ കനത്ത മഴയാണ് പെയ്യുന്നത്. ഇന്ന് രാവിലെ കള്ളാടി മീനാക്ഷി പാലത്തിന് സമീപം മണ്ണിടിച്ചിൽ മൂന്ന് മരണം റിപ്പോർട്ട് ചെയ്തിരുന്നു. വയനാട് തുരങ്ക പാതയുടെ നിർമാണ മേഖയിലായിരുന്നു അപകടം. പാലത്തിനടുത്തുള്ള കുന്ന് ഇടിഞ്ഞ് വീഴുകയായിരുന്നു.

അതേസമയം മീനാക്ഷി പാലത്തിന് സമീപമുണ്ടായ മണ്ണിടിച്ചിൽ മരണസംഖ്യ ഉയരുമെന്നാണ് റിപ്പോര്‍ട്ട്. നിലവില്‍ അഞ്ച് മരണമാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. മരിച്ചവർ അതിഥി തൊഴിലാളികളാണ്. തുരങ്കപാതയ്ക്ക് വേണ്ടി എടുത്ത മണ്ണ് നിരങ്ങിവന്നാണ് അപകടമുണ്ടായത്. മണ്ണിനടിയിൽ എത്രപേരാണ് കുടുങ്ങിക്കിടക്കുന്നത് എന്ന് സംബന്ധിച്ച് നിലവിൽ വ്യക്തതയില്ല. പരിക്കേറ്റ ഒമ്പത് പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആറ് പേരെ കാണാനില്ല. ഇവർക്കായി തെരച്ചിൽ പുരോഗമിക്കുകയാണ്.

മേപ്പാടി മണ്ണിടിച്ചിൽ: അപകടസാധ്യതയെ കുറിച്ച് നേരത്തെ മുന്നറിയിപ്പ് നൽകിയിരുന്നുവെന്ന് പൊതുമരാമത്ത് വകുപ്പ്; മിനിറ്റ്സ് പുറത്തുവിട്ട് PWD

കൽപ്പറ്റ: വയനാട് മേപ്പാടിയിൽ തുരങ്കപാത നിർമാണ മേഖലയിൽ ഉണ്ടായ മണ്ണിടിച്ചിലിന് മുമ്പ് തന്നെ അപകടസാധ്യത സംബന്ധിച്ച് പൊതുമരാമത്ത് വകുപ്പ് മുന്നറിയിപ്പ് നൽകിയിരുന്നുവെന്ന് രേഖകൾ വ്യക്തമാക്കുന്നു. അശാസ്ത്രീയമായി കൂട്ടിയിട്ട മണ്ണ് ഇടിഞ്ഞതാണ് അപകടത്തിന് കാരണമെന്നാണ് പ്രാഥമിക വിലയിരുത്തൽ.

ജൂൺ 25-ന് ചേർന്ന അവലോകന യോഗത്തിൽ, മഴക്കാലത്ത് കൂട്ടിയിട്ട മണ്ണ് കാരണം സോയിൽ പൈപ്പിങ്, ചരിവ് അസ്ഥിരത (Slope Stability) എന്നിവ മൂലം അപകടസാധ്യതയുണ്ടാകാമെന്നും അടിയന്തര മുൻകരുതൽ നടപടികൾ സ്വീകരിക്കണമെന്നും നിർദേശിച്ചിരുന്നു. ഇതുസംബന്ധിച്ച യോഗമിനിറ്റ്സും പൊതുമരാമത്ത് വകുപ്പ് പുറത്തുവിട്ടിട്ടുണ്ട്.

മുഖ്യമന്ത്രി വി.ഡി. സതീശനും പൊതുമരാമത്ത് മന്ത്രി ടി. സിദ്ദിഖും തുരങ്കപാത നിർമാണവുമായി ബന്ധപ്പെട്ട് അശാസ്ത്രീയമായി മണ്ണ് കൂട്ടിയിട്ടതാണ് ദുരന്തത്തിന് കാരണമെന്ന് വ്യക്തമാക്കി. മണ്ണ് നീക്കം ചെയ്യാൻ ജില്ലാ കളക്ടറും ജില്ലാ ദുരന്തനിവാരണ അതോറിറ്റിയും കഴിഞ്ഞ മാസം 20-ന് തന്നെ ഉത്തരവിറക്കിയിരുന്നുവെന്നും, കരാറുകാർ നിർദേശം പാലിച്ചില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

കനത്ത മഴ രക്ഷാപ്രവർത്തനത്തെ പ്രതികൂലമായി ബാധിക്കുന്നുണ്ടെന്നും, പ്രദേശത്ത് ചെളി കലർന്ന പ്രത്യേക ഘടനയുള്ള മണ്ണായതിനാൽ സ്ഥിതി കൂടുതൽ സങ്കീർണമാണെന്നും അദ്ദേഹം വ്യക്തമാക്കി.

പി കെ ശശി സിഎംപിയിലേക്ക്; പ്രഖ്യാപനത്തെ സ്വാഗതം ചെയ്ത് സിപി ജോണ്‍

തിരുവനന്തപുരം: സിപിഎം മുന്‍ എംഎല്‍എയും മുന്‍ കെടിഡിസി ചെയര്‍മാനുമായ പി കെ ശശി സിഎംപിയിലേക്ക്. പി കെ ശശിയുടെ നേതൃത്വത്തില്‍ രൂപവത്കരിച്ച ഡെമക്രാറ്റിക് മാര്‍ക്‌സിസ്റ്റ് ഫ്രണ്ട് (ഡിഎംഎഫ്) സിഎംപിയില്‍ ലയിക്കും. സിഎംപിയില്‍ ലയിക്കാനുള്ള തീരുമാനം പാര്‍ട്ടി ഏകകണ്ഠമായി അംഗീകരിച്ചുവെന്നും പി കെ ശശി അറിയിച്ചു.

സിഎംപി ജനറല്‍ സെക്രട്ടറിയും മന്ത്രിയുമായ സി പി ജോണിന്റെ സാന്നിധ്യത്തിലാണ് പി കെ ശശിയുടെ പ്രഖ്യാപനം. ശശിയുടെ പ്രഖ്യാപനത്തെ സി പി ജോണ്‍ സ്വാഗതം ചെയ്തു. പി കെ ശശിയെ സിഎംപി സംസ്ഥാന സെക്രട്ടറിയാക്കിയതായി സിപി ജോണ്‍ വ്യക്തമാക്കി.

27ന് തൃശ്ശൂര്‍ ടൗണ്‍ഹാളില്‍ നടക്കുന്ന സിഎംപി.യുടെ 40-ാം വാര്‍ഷികാഘോഷത്തിന്റെ ഭാഗമായുള്ള സെന്‍ട്രല്‍ കൗണ്‍സില്‍ യോഗത്തില്‍ സംഘടനാപരമായ ഔദ്യോഗിക കാര്യങ്ങള്‍ ഉറപ്പാക്കുമെന്നും അദ്ദേഹം പറഞ്ഞു.കേരളത്തിലെ ഇടതുപക്ഷത്തിനുള്ളിലെ കൂടുതല്‍ വിപുലമായ ഒരു രാഷ്ട്രീയ പുനഃക്രമീകരണത്തിന്റെ തുടക്കമാണ് ഈ ലയനമെന്നും സിപി ജോണ്‍ കൂട്ടിച്ചേർത്തു.