ദുബായ്: മുസ്‌ലിം സഞ്ചാരികൾക്ക് ഏറ്റവും അനുയോജ്യമായ വിനോദസഞ്ചാര കേന്ദ്രങ്ങളിലൊന്നായി യു.എ.ഇ. വീണ്ടും ആഗോള അംഗീകാരം നേടി. ഗ്ലോബൽ മുസ്‌ലിം ട്രാവൽ ഇൻഡക്സ് 2026 റിപ്പോർട്ടിൽ ലോകത്തെ മികച്ച മുസ്‌ലിം സൗഹൃദ വിനോദസഞ്ചാര കേന്ദ്രങ്ങളുടെ പട്ടികയിൽ യു.എ.ഇ. ആറാം സ്ഥാനത്തെത്തി.
മാസ്റ്റർകാർഡും ക്രസന്റ് റേറ്റിംഗും ചേർന്ന് തയ്യാറാക്കിയ റിപ്പോർട്ടിൽ 27 രാജ്യങ്ങൾ ഉൾപ്പെട്ട ‘ട്രെയിൽബ്ലേസേഴ്‌സ്’ വിഭാഗത്തിൽ 100ൽ 75 പോയിന്റ് നേടിയാണ് യു.എ.ഇ. ഈ നേട്ടം സ്വന്തമാക്കിയത്. ഹലാൽ ഭക്ഷണ സൗകര്യം, പ്രാർഥനയ്ക്കുള്ള സൗകര്യങ്ങൾ, മികച്ച യാത്രാ കണക്ടിവിറ്റി, ഡിജിറ്റൽ സേവനങ്ങൾ എന്നിവയാണ് രാജ്യത്തെ മുൻനിരയിലേക്കെത്തിച്ചതെന്ന് റിപ്പോർട്ട് വ്യക്തമാക്കുന്നു.
ഹലാൽ ഭക്ഷണവും പ്രാർഥനാ സൗകര്യങ്ങളും ഉൾപ്പെടുന്ന വിഭാഗത്തിൽ യു.എ.ഇ.യ്ക്ക് നൂറിൽ നൂറ് മാർക്കും ലഭിച്ചു. ആധുനിക വിമാനത്താവളങ്ങൾ, മികച്ച പൊതുഗതാഗത സംവിധാനം, ലളിതമായ വിസ നടപടികൾ എന്നിവയും മുസ്‌ലിം സഞ്ചാരികളുടെ പ്രിയപ്പെട്ട കേന്ദ്രമായി രാജ്യത്തെ മാറ്റുന്നതിൽ നിർണായക പങ്കുവഹിക്കുന്നതായി റിപ്പോർട്ടിൽ പറയുന്നു.
യാത്രാ ആസൂത്രണത്തിനായി ലോകത്തെ ഏകദേശം 80 ശതമാനം സഞ്ചാരികളും ഇപ്പോൾ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (എ.ഐ.) അധിഷ്ഠിത ടൂളുകളെയാണ് ആശ്രയിക്കുന്നത്. ഹലാൽ റസ്റ്റോറന്റുകൾ, പ്രാർഥനാ കേന്ദ്രങ്ങൾ, യാത്രാ റൂട്ടുകൾ എന്നിവ കണ്ടെത്താൻ ഡിജിറ്റൽ സേവനങ്ങൾ കാര്യക്ഷമമായി ലഭ്യമാക്കുന്നതിലും യു.എ.ഇ. മുൻപന്തിയിലാണെന്ന് റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു.
2026-ൽ ആഗോള മുസ്‌ലിം സഞ്ചാരികളുടെ എണ്ണം 20.8 കോടിയിലെത്തുമെന്നും 2030-ഓടെ അത് 26.2 കോടിയായി ഉയരുമെന്നും റിപ്പോർട്ട് പ്രവചിക്കുന്നു. ഈ മേഖലയിലെ വാർഷിക ചെലവ് 310 ബില്യൺ ഡോളറിലെത്തുമെന്നും റിപ്പോർട്ടിൽ വിലയിരുത്തുന്നു. സുരക്ഷിതവും എളുപ്പത്തിൽ എത്തിച്ചേരാനാകുന്നതുമായ സമീപരാജ്യങ്ങളിലേക്കുള്ള ‘ഹോം-കോണ്ടിനെന്റ് ട്രാവൽ’ പ്രവണതയും ശക്തമാകുന്നതായി റിപ്പോർട്ട് വ്യക്തമാക്കുന്നു.
English Summary:
The UAE has secured the sixth position in the Global Muslim Travel Index 2026, highlighting its excellence as a Muslim-friendly travel destination. Strong halal facilities, prayer amenities, digital services, seamless connectivity, and simplified visa procedures contributed to the country’s high ranking.

