ദുബായ്: യുഎഇയിലെ ഇന്ത്യന്‍ പ്രവാസികള്‍ക്ക് നാട്ടിലേക്ക് മടങ്ങാന്‍ ജൂലൈ മാസം മികച്ച അവസരമൊരുക്കുന്നു. വേനല്‍ക്കാല അവധിയുടെ ആദ്യഘട്ട തിരക്കൊഴിഞ്ഞതോടെ യുഎഇയില്‍ നിന്നും ഇന്ത്യയിലെ വിവിധ നഗരങ്ങളിലേക്കുള്ള വിമാന ടിക്കറ്റ് നിരക്കില്‍ 20 മുതല്‍ 30 ശതമാനം വരെ കുറവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. പ്രത്യേകിച്ച് വടക്കന്‍, പടിഞ്ഞാറന്‍ ഇന്ത്യന്‍ നഗരങ്ങളിലേക്ക് പോകുന്ന യാത്രക്കാര്‍ക്ക് വലിയ സാമ്പത്തിക ലാഭമാണ് ഈ ദിവസങ്ങളില്‍ ലഭിക്കുന്നത്.
ഡല്‍ഹി, മുംബൈ, അഹമ്മദാബാദ് തുടങ്ങിയ ഇടങ്ങളിലേക്ക് ആയിരം ദിര്‍ഹത്തിനടുത്താണ് നിലവിലെ നിരക്കുകള്‍. ദക്ഷിണേന്ത്യന്‍ നഗരങ്ങളായ കൊച്ചി, കോഴിക്കോട്, തിരുവനന്തപുരം എന്നിവിടങ്ങളിലേക്കുള്ള നിരക്കുകള്‍ മറ്റ് റൂട്ടുകളെ അപേക്ഷിച്ച് ഇപ്പോഴും അല്പം ഉയര്‍ന്നുതന്നെയാണെങ്കിലും മുന്‍പത്തെ അപേക്ഷിച്ച് നേരിയ കുറവുണ്ടായിട്ടുണ്ട്. എന്നാല്‍ ഓഗസ്റ്റ് മാസത്തോടെ സ്‌കൂളുകള്‍ വീണ്ടും തുറക്കുന്നതിന് മുന്നോടിയായി കുടുംബങ്ങള്‍ കൂട്ടത്തോടെ മടങ്ങിയെത്തുന്നതിനാല്‍ ടിക്കറ്റ് നിരക്കുകള്‍ വീണ്ടും കുത്തനെ ഉയരാന്‍ സാധ്യതയുണ്ടെന്നാണ് ട്രാവല്‍ രംഗത്തെ വിദഗ്ധര്‍ നല്‍കുന്ന സൂചന.
അതിനാല്‍ വരും ആഴ്ചകളില്‍ യാത്ര ആഗ്രഹിക്കുന്നവര്‍ ഇപ്പോഴത്തെ ഈ സുവര്‍ണ്ണാവസരം പ്രയോജനപ്പെടുത്തി എത്രയും വേഗം ടിക്കറ്റുകള്‍ ബുക്ക് ചെയ്യുന്നതാണ് ലാഭകരം. അബുദാബിയില്‍ നിന്നുള്ള വിമാനങ്ങള്‍ക്ക് ദുബായിയെ അപേക്ഷിച്ച് നിലവില്‍ നിരക്ക് കുറവാണെന്നതും യാത്രക്കാര്‍ക്ക് അനുകൂലമായ കാര്യമാണ്.
യുഎഇ പ്രവാസികള്‍ക്ക് സുവര്‍ണ്ണാവസരം: നാട്ടിലേക്കുള്ള വിമാന നിരക്കില്‍ വന്‍ ഇളവ്, ഓഗസ്റ്റില്‍ നിരക്ക് കൂടും
സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് നേരിയ ശമനം
തിരുവനന്തപുരം: കേരളത്തില്‍ കഴിഞ്ഞ ദിവസങ്ങളില്‍ പെയ്ത ശക്തമായ മഴയ്ക്ക് നേരിയ ശമനമുണ്ടായെങ്കിലും തീരപ്രദേശങ്ങളില്‍ കടലാക്രമണ സാധ്യത നിലനില്‍ക്കുന്നതായി കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. അടുത്ത മണിക്കൂറുകളില്‍ തിരുവനന്തപുരം ജില്ലയില്‍ ഇടിമിന്നലോട് കൂടിയ ഇടത്തരം മഴയ്ക്കും മണിക്കൂറില്‍ 50 കിലോമീറ്റര്‍ വരെ വേഗതയിലുള്ള ശക്തമായ കാറ്റിനും സാധ്യതയുള്ളതിനാല്‍ ജില്ലയില്‍ അടുത്ത മൂന്ന് മണിക്കൂര്‍ നേരത്തേക്ക് ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
തെലങ്കാന മുതല്‍ കര്‍ണാടക തീരം വരെയുള്ള ന്യൂനമര്‍ദ്ദ പാത്തിയുടെ സ്വാധീനം മൂലം സംസ്ഥാനത്ത് വരും ദിവസങ്ങളിലും നേരിയതോ ഇടത്തരമോ ആയ മഴ തുടരാനാണ് സാധ്യത. മഴയുടെ തീവ്രത കുറഞ്ഞെങ്കിലും ഇന്ന് പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസറഗോഡ് എന്നീ ഒന്‍പത് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഈ പ്രദേശങ്ങളില്‍ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കൊപ്പം ഇടിമിന്നലിനും മണിക്കൂറില്‍ 40 മുതല്‍ 50 കിലോമീറ്റര്‍ വരെ വേഗതയിലുള്ള കാറ്റിനും സാധ്യതയുണ്ട്.
ഗുജറാത്ത്-മഹാരാഷ്ട്ര തീരങ്ങളിലെ ന്യൂനമര്‍ദ്ദ പാത്തി ദുര്‍ബലമായതും ഉത്തര്‍പ്രദേശിന് മുകളിലുള്ള ന്യൂനമര്‍ദ്ദ മേഖലയുടെ ശക്തി കുറയുന്നതും മഴയുടെ ആക്കം കുറയാന്‍ സഹായിച്ചിട്ടുണ്ട്. മോശം കാലാവസ്ഥയ്ക്കും ശക്തമായ കാറ്റിനും സാധ്യതയുള്ളതിനാല്‍ കേരള, കര്‍ണാടക, ലക്ഷദ്വീപ് തീരങ്ങളില്‍ ഇന്ന് മത്സ്യബന്ധനത്തിന് പൂര്‍ണ്ണ വിലക്കേര്‍പ്പെടുത്തിയിട്ടുണ്ട്. കടലില്‍ ചില അവസരങ്ങളില്‍ കാറ്റിന്റെ വേഗത മണിക്കൂറില്‍ 60 കിലോമീറ്റര്‍ വരെ ഉയര്‍ന്നേക്കാമെന്നാണ് മുന്നറിയിപ്പ്.
കൂടാതെ വരും ദിവസങ്ങളില്‍ അറബിക്കടലിന്റെ വിവിധ ഭാഗങ്ങളിലും ബംഗാള്‍ ഉള്‍ക്കടലിലും ആന്‍ഡമാന്‍ കടലിലും കാറ്റ് ശക്തമാകാന്‍ സാധ്യതയുള്ളതിനാല്‍ ഒമാന്‍, സൊമാലിയ തീരങ്ങളിലും ശ്രീലങ്കന്‍ തീരങ്ങളിലും പോകുന്ന മത്സ്യത്തൊഴിലാളികള്‍ ജാഗ്രത പാലിക്കണമെന്നും നിര്‍ദേശമുണ്ട്.
ട്രൂകോളറിന് കടിഞ്ഞാണിടുമോ? സ്പാം കോള്‍ നിയന്ത്രണങ്ങളില്‍ നിര്‍ണായക മാറ്റങ്ങളുമായി ട്രായ്
ന്യൂഡല്‍ഹി: രാജ്യത്ത് വ്യാജ കോളുകളും സ്പാം കോളുകളും തടയുന്നതിനായി ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യയും (ട്രായ്) പ്രമുഖ കോളര്‍ ഐഡി ആപ്പായ ട്രൂകോളറും തമ്മിലുള്ള തര്‍ക്കം പുതിയ തലത്തിലേക്ക് കടക്കുകയാണ്. സര്‍ക്കാര്‍ തരം തിരിച്ചിട്ടുള്ള ഔദ്യോഗിക നമ്പറുകളെപ്പോലും ട്രൂകോളര്‍ പോലുള്ള ആപ്പുകള്‍ സ്പാം ആയി ലേബല്‍ ചെയ്യുന്നത് ജനങ്ങള്‍ക്ക് അവശ്യ സേവനങ്ങള്‍ ലഭിക്കുന്നതിന് തടസമാകുന്നു എന്നാണ് ട്രായുടെ പ്രധാന കണ്ടെത്തല്‍.
എന്നാല്‍ ഇത്തരം നമ്പറുകളില്‍ നിന്നുള്ള സംശയാസ്പദമായ കോളുകളെക്കുറിച്ച് കൃത്യമായ മുന്നറിയിപ്പ് നല്‍കാതിരിക്കുന്നത് സൈബര്‍ തട്ടിപ്പുകള്‍ വര്‍ദ്ധിക്കാന്‍ കാരണമാകുമെന്ന് ട്രൂകോളര്‍ വാദിക്കുന്നു. ഇരുവിഭാഗവും തമ്മിലുള്ള ഈ ഭിന്നത നിലവില്‍ കേന്ദ്ര സര്‍ക്കാരിന്റെ പരിഗണനയിലാണ്. നിലവിലെ നിയമപ്രകാരം ട്രൂകോളര്‍, ഹിയ, വോസ്‌കോള്‍ തുടങ്ങിയ തേര്‍ഡ് പാര്‍ട്ടി കോളര്‍ ഐഡി ആപ്പുകള്‍ ടെലികോം ലൈസന്‍സിങ് പരിധിയില്‍ വരുന്നില്ല. ഈ സാഹചര്യത്തില്‍, വാണിജ്യ ആവശ്യങ്ങള്‍ക്കായി അനുവദിച്ചിട്ടുള്ള 140, 1600 സീരീസ് നമ്പറുകള്‍ സ്പാം ആയി ടാഗ് ചെയ്യുന്നതില്‍ നിന്ന് ഇത്തരം ആപ്പുകളെ വിലക്കാന്‍ ഐടി ആക്ട് പ്രകാരം നടപടിയെടുക്കണമെന്ന് ഇലക്ട്രോണിക്‌സ്, ഐടി മന്ത്രാലയത്തോട് ട്രായ് ആവശ്യപ്പെട്ടിട്ടുണ്ട്.
ഔദ്യോഗികമായി തരംതിരിച്ച നമ്പറുകള്‍ ആപ്പുകള്‍ തടയുന്നത് വഴി സര്‍ക്കാര്‍ വിഭാവനം ചെയ്ത കോള്‍ ഐഡന്റിഫിക്കേഷന്‍ സംവിധാനത്തിന്റെ ലക്ഷ്യം തന്നെ തകിടം മറിയുമെന്നാണ് ട്രായ് ആശങ്കപ്പെടുന്നത്. പൊതുജനങ്ങള്‍ക്ക് വരുന്ന കോളുകള്‍ തിരിച്ചറിയുന്നതിനായി ട്രായ് പ്രത്യേക നമ്പര്‍ സീരീസുകള്‍ നിശ്ചയിച്ചിട്ടുണ്ട്. ഇതില്‍ 140 സീരീസ് പ്രമോഷണല്‍, ടെലിമാര്‍ക്കറ്റിംഗ് കോളുകള്‍ക്കായും, 1600 സീരീസ് ബാങ്കുകള്‍, ഇന്‍ഷുറന്‍സ് കമ്പനികള്‍, മറ്റ് ധനകാര്യ സ്ഥാപനങ്ങള്‍ എന്നിവയില്‍ നിന്നുള്ള സേവന-ഇടപാട് സംബന്ധമായ കോളുകള്‍ക്കായും മാറ്റിവെച്ചതാണ്.
ഇത്തരം സുപ്രധാന നമ്പറുകള്‍ സ്പാം ലിസ്റ്റില്‍ ഉള്‍പ്പെടുത്തുമ്പോള്‍ ബാങ്ക് അലേര്‍ട്ടുകള്‍, ഒടിപികള്‍, മറ്റ് അടിയന്തിര പേയ്മെന്റ് അപ്ഡേറ്റുകള്‍ എന്നിവ ഉപയോക്താക്കള്‍ക്ക് നഷ്ടപ്പെടാന്‍ സാധ്യതയേറെയാണ്.
ഈ ആരോപണങ്ങളെ ശക്തമായി നിഷേധിച്ച ട്രൂകോളര്‍, തങ്ങള്‍ 140, 1600 സീരീസ് നമ്പറുകളില്‍ പരമ്പരാഗതമായ സ്പാം മുന്നറിയിപ്പ് നല്‍കുന്നത് ഇതിനകം നിര്‍ത്തിയിട്ടുണ്ടെന്ന് വ്യക്തമാക്കി. എന്നാല്‍ ഇതിന് ശേഷം ഈ നമ്പറുകള്‍ ദുരുപയോഗം ചെയ്തുകൊണ്ടുള്ള തട്ടിപ്പുകള്‍ വര്‍ദ്ധിച്ചതായും കമ്പനി ചൂണ്ടിക്കാണിക്കുന്നു. കമ്പനി സിഇഒ റിഷിത് ജുന്‍ജുന്‍വാല വ്യക്തമാക്കുന്നത് പ്രകാരം, ഉപയോക്താക്കള്‍ പ്രതിദിനം ലക്ഷക്കണക്കിന് 140, 1600 സീരീസ് കോളുകള്‍ സ്വയം ബ്ലോക്ക് ചെയ്യുന്നുണ്ട്. ഈ സാഹചര്യത്തില്‍ ജനങ്ങളുടെ സുരക്ഷ മുന്‍നിര്‍ത്തി, ഭൂരിഭാഗം പേര്‍ ബ്ലോക്ക് ചെയ്ത നമ്പറുകളെ സൂചിപ്പിക്കാന്‍ ഫ്രീക്വന്റ്ലി ബ്ലോക്ക്ഡ് എന്ന പുതിയ ലേബല്‍ ആപ്പില്‍ അവതരിപ്പിച്ചിരിക്കുകയാണ് കമ്പനി.
ട്രായുടെ ശുപാര്‍ശകള്‍ ഐടി മന്ത്രാലയം അംഗീകരിക്കുകയാണെങ്കില്‍, കോളര്‍ ഐഡി ആപ്പുകളുടെ പ്രവര്‍ത്തനത്തില്‍ ഭാവിയില്‍ കര്‍ശനമായ നിയന്ത്രണങ്ങള്‍ വരും. ഏതൊക്കെ നമ്പറുകള്‍ സ്പാം ആയി അടയാളപ്പെടുത്തണം എന്ന് തീരുമാനിക്കാനുള്ള അധികാരം പൂര്‍ണ്ണമായും സര്‍ക്കാരിന്റെ പുതിയ നിയമങ്ങള്‍ക്ക് വിധേയമായി മാറും. എങ്കിലും ഉപയോക്താക്കളുടെ ഡിജിറ്റല്‍ സുരക്ഷ ഉറപ്പാക്കാന്‍ യഥാര്‍ത്ഥ ഡാറ്റയെ അടിസ്ഥാനമാക്കിയുള്ള തീരുമാനങ്ങളാണ് ഉണ്ടാകേണ്ടതെന്നാണ് ട്രൂകോളറിന്റെ നിലപാട്.
കേരളത്തില്‍ സ്വര്‍ണവിലയില്‍ വര്‍ധന
കൊച്ചി: കേരളത്തില്‍ സ്വര്‍ണവിലയില്‍ വര്‍ധന. ഗ്രാമിന് 35 രൂപയുടെ വര്‍ധനയാണ് ഉണ്ടായത്.
ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില13,275 രൂപയായാണ് വര്‍ധിച്ചത്. പവന്റെ വിലയില്‍ 280 രൂപയുടെ വര്‍ധനയാണ് രേഖപ്പെടുത്തിയത്.
1,06,200 രൂപയായാണ് പവന്റെ വില വര്‍ധിച്ചത്. രാജ്യാന്തര വിപണിയില്‍ വില കുറയുമ്പോഴാണ് കേരളത്തില്‍ സ്വര്‍ണത്തിന് വര്‍ധന രേഖപ്പെടുത്തിയിരിക്കുന്നത്.
രാജ്യാന്തര വിപണിയില്‍ സ്വര്‍ണവിലയില്‍ കുറവ് രേഖപ്പെടുത്തി.
യാത്രക്കാരുടെ ശ്രദ്ധയ്ക്ക്! ട്രെയിൻ സമയങ്ങളിൽ മാറ്റം
കോഴിക്കോട്: കോഴിക്കോട് റെയിൽവേ സ്റ്റേഷനിലെ ക്ലോക്ക് ടവർ പൊളിക്കുന്നതിനുള്ള പ്രവർത്തികൾ പുരോഗമിക്കുന്നതിൻ്റെ ഭാഗമായി കണ്ണൂർ കോഴിക്കോട് പാസഞ്ചർ ട്രെയിൻ വെസ്റ് ഹില്ലിൽ സർവീസ് അവസാനിപ്പിക്കും.
തിരികെ ഉച്ചയ്ക്ക് 2.05 ന് വെസ്റ്റ ഹില്ലിൽ നിന്നും തന്നെ സർവീസ് ആരംഭിക്കും. തിരുവനന്തപുരത്തുനിന്ന് വരുന്ന ജനശതാബ്ദി എക്സ്പ്രസ് കോഴിക്കോട് നാലാമത്തെ പ്ലാറ്റ്ഫോമിലേക്ക് എത്തും.
കെഎസ്ആർ യശ്വന്ത്പുർ ബാംഗ്ലൂർ എക്സ്പ്രസും കോഴിക്കോട്ടേക്ക് എത്തും. മറ്റ് ട്രെയിനുകളുടെയും സമയക്രമത്തെ നേരിയ തോതിൽ ബാധിച്ചിട്ടുണ്ട്.
ദിവ്യ എസ് അയ്യരെ മാറ്റാൻ നേരത്തെയും ശ്രമം ഉണ്ടായെന്ന് കടകംപള്ളി സുരേന്ദ്രൻ
തിരുവനന്തപുരം: ദിവ്യ എസ് അയ്യരെ വിഴിഞ്ഞം എംഡി സ്ഥാനത്ത് നിന്ന് മാറ്റാൻ നേരത്തെയും ശ്രമം ഉണ്ടായെന്ന് കടകംപള്ളി സുരേന്ദ്രൻ.
വിഴിഞ്ഞം ഓഹരി കൈമാറ്റത്തിൽ വൻ കൊള്ളയാണ് നടന്നത്. ഈ വിഷയത്തിൽ ഇപി ജയരാജൻ എന്തു പറഞ്ഞെന്ന് അറിയില്ലെന്നും കടകംപള്ളി സുരേന്ദ്രൻ പറഞ്ഞു.
ദിവ്യ എസ് അയ്യരെ വിഴിഞ്ഞം എംഡി സ്ഥാനത്ത് നിന്ന് മാറ്റിയതിൽ സിപിഎം കണ്ണൂർ ജില്ല സെക്രട്ടറി കെകെ രാഗേഷ് ഉന്നയിച്ച ആരോപണത്തിലാണ് വ്യത്യസ്ഥ അഭിപ്രായങ്ങളുമായി സിപിഎം നേതാക്കൾ രംഗത്ത് വന്നിരിക്കുന്നത്.
എസ്എഫ്ഐ സജീവ പ്രവര്‍ത്തകയെ പ്ലീഡറാക്കിയിയെന്ന പരാതിയുമായി കെ എസ് യു
കൊച്ചി: തിരുവനന്തപുരം ലോ കോളജിൽ എസ്എഫ്ഐയുടെ സജീവ പ്രവർത്തകയായിരുന്നയാളെ പ്ലീഡറാക്കിയിയെന്ന പരാതിയുമായി കെ എസ് യു.
യുഡിഎഫുകാരല്ലാത്തവരെ പ്ലീഡർമാരാക്കിയത് പിൻവലിക്കണമെന്ന് ലോയേഴ്സ് കോൺഗ്രസ് ആവശ്യപ്പെട്ടിരുന്നു. ഇതിനിടെയാണ് കെ എസ് യുവിൻറെ പരാതി.
ഹൈക്കോടതി പ്ലീഡറായി വ്യാഴാഴ്ച സർക്കാർ നിയമിച്ച ജയോണ തോമസ് 2015 മുതൽ 2019 വരെ ലോ കോളജിൽ എസ്എഫ്ഐയുടെ സജീവ പ്രവർത്തകയായിരുന്നുവെന്ന് ചൂണ്ടിക്കാട്ടിയാണ് പരാതി.
ഇക്കാലത്ത് കെ എസ് യു യൂണിറ്റ് കമ്മിറ്റി അധ്യക്ഷന്മാർ ഉൾപ്പടെ ഒപ്പിട്ട പരാതിയാണ് മുഖ്യമന്ത്രിക്ക് നൽകുന്നത്.
രാജ്യത്ത് 12 ശതമാനത്തിന് മുകളിൽ ആൽക്കഹോൾ അടങ്ങിയ മരുന്ന് വിൽപ്പനയ്ക്ക് നിയന്ത്രണം കടുപ്പിക്കുന്നു
ദില്ലി: രാജ്യത്ത് 12 ശതമാനത്തിന് മുകളിൽ ആൽക്കഹോൾ അടങ്ങിയ മരുന്ന് വിൽപ്പനയ്ക്ക് നിയന്ത്രണം കേന്ദ്രം കടുപ്പിക്കുന്നു.
ഇത്തരം മരുന്നുകളെ ഷെഡ്യൂൾ എച്ച് 1ലേക്ക് മാറ്റിയിട്ടുണ്ട്. മരുന്ന് ദുരുപയോഗം കുറയ്ക്കുന്നതിന്റെ ഭാഗമാണ് നടപടി.
ഡോക്ടറുടെ പ്രിസ്ക്രിപ്ഷൻ ഇല്ലാതെ ഈ മരുന്നുകൾ വിൽക്കാൻ പാടില്ലെന്നും വിൽപ്പന വിവരങ്ങൾ പ്രത്യേക രജിസ്റ്ററിൽ എഴുതി സൂക്ഷിക്കണമെന്നും കേന്ദ്രത്തിന്റെ നിർദേശമുണ്ട്.
കേന്ദ്ര ആരോഗ്യ-കുടുംബക്ഷേമ മന്ത്രാലയത്തിന്റേതാണ് ഉത്തരവ്.
ചില ചുമ സിറപ്പുകൾ, ടോണിക്കുകൾ, മറ്റ് ദ്രവരൂപത്തിലുള്ള ഔഷധങ്ങൾ എന്നിവയിൽ ഉയർന്ന അളവിൽ ആൽക്കഹോൾ അടങ്ങിയതായി കണ്ടെത്തിയിരുന്നു.ഡോക്ടറുടെ കുറിപ്പടിയില്ലാതെ ഇവ വിൽക്കുന്നതും ലഹരിക്കായി ദുരുപയോഗം ചെയ്യുന്നതും സംബന്ധിച്ച ആശങ്കകൾ വർധിച്ച സാഹചര്യത്തിലാണ് കേന്ദ്രത്തിന്റെ നടപടി.
എല്ലാ ഭക്തർക്കും ദർശന സൗകര്യമൊരുക്കും; ശബരിമല തീർഥാടനത്തിന് മുന്നോടിയായി അവലോകന യോഗം ചേർന്നു
തിരുവനന്തപുരം: ശബരിമലയിൽ വരുന്ന എല്ലാ ഭക്തർക്കും ദർശന സൗകര്യമൊരുക്കുമെന്ന് ദേവസ്വം മന്ത്രി കെ.മുരളീധരൻ വ്യക്തമാക്കി.
ശബരിമല തീർത്ഥാടനത്തിന് മുന്നോടിയായുള്ള അവലോകന യോഗത്തിന് ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.
റോഡ് നിർമ്മാണം, ഇടത്താവള നവീകരണം, അപ്പം-അരവണ നിർമ്മാണം തുടങ്ങിയവയെ കുറിച്ച് യോഗം വിലയിരുത്തി.
എന്നാൽ, ഓരോ ദിവസം എത്ര ഭക്തർക്ക് ദർശനം നൽകുമെന്ന കാര്യത്തിൽ തീരുമാനമെടുത്തില്ലെന്ന് മന്ത്രി കൂട്ടിച്ചേർത്തു.
സംസ്ഥാനത്ത് എയിംസ് സ്ഥാപിക്കുന്നതിനായി 10 സ്ഥലങ്ങളുടെ പട്ടിക കേന്ദ്രത്തിന് കൈമാറി കേരള സർക്കാർ
തിരുവനന്തപുരം: സംസ്ഥാനത്ത് എയിംസ് സ്ഥാപിക്കുന്നതിനായി വിവിധ ജില്ലകളിലായി കണ്ടെത്തിയ 10 സ്ഥലങ്ങളുടെ വിശദാംശങ്ങൾ കേരള സർക്കാർ കേന്ദ്രസർക്കാരിന് കൈമാറി. തിരുവനന്തപുരം, ആലപ്പുഴ, എറണാകുളം, കോഴിക്കോട്, കോട്ടയം ജില്ലകളിലായാണ് ഈ സ്ഥലങ്ങൾ കണ്ടെത്തിയിരിക്കുന്നത്.
സമർപ്പിച്ച പട്ടികയിലെ ഏതെങ്കിലും ഒരു സ്ഥലം എയിംസ് സ്ഥാപിക്കാനായി പരിഗണിക്കണമെന്ന് സംസ്ഥാനം കേന്ദ്രത്തോട് അഭ്യർഥിച്ചിട്ടുണ്ട്. കേന്ദ്രം നിർദേശിക്കുന്ന സ്ഥലത്ത് ആവശ്യമായ ഭൂമി വിട്ടുനൽകാൻ സർക്കാർ സന്നദ്ധമാണെന്നും അറിയിച്ചിട്ടുണ്ട്.
എയിംസ് സ്ഥാപിക്കുന്നതിനായുള്ള ഫീസിബിലിറ്റി സ്റ്റഡി എത്രയും വേഗം പൂർത്തിയാക്കണമെന്നും സംസ്ഥാനം ആവശ്യപ്പെട്ടിട്ടുണ്ട്. പഠനത്തിന്റെ അടിസ്ഥാനത്തിൽ കേന്ദ്രം അനുയോജ്യമെന്ന് കണ്ടെത്തുന്ന സ്ഥലത്ത് പദ്ധതി നടപ്പാക്കുന്നതിനുള്ള എല്ലാ സഹകരണവും നൽകുമെന്ന് സർക്കാർ വ്യക്തമാക്കി.
സംസ്ഥാനത്തിന് എയിംസ് അനുവദിക്കുന്ന കാര്യത്തിൽ സമയബന്ധിതമായ നടപടി സ്വീകരിക്കുമെന്ന് കേന്ദ്ര ആരോഗ്യ മന്ത്രി ജെ.പി. നദ്ദ ഉറപ്പ് നൽകിയിരുന്നു. ഇതിന് പിന്നാലെയാണ് സാധ്യതാപഠനത്തിനായി തെരഞ്ഞെടുത്ത സ്ഥലങ്ങളുടെ വിവരങ്ങൾ ഉൾപ്പെടുത്തി കേരള സർക്കാർ കേന്ദ്രത്തിന് ഔദ്യോഗിക കത്ത് അയച്ചത്.
അധ്യാപകരുടെ സെൻസസ് ഡ്യൂട്ടി; വിദ്യാർഥികളുടെ പഠനത്തെ ബാധിക്കരുത്, ബാലാവകാശ കമ്മീഷൻ
അധ്യാപകരുടെ സെൻസസ് ഡ്യൂട്ടി വിദ്യാർഥികളുടെ പഠനത്തെ ബാധിക്കരുതെന്ന് ബാലാവകാശ കമ്മീഷൻ. ജില്ലാതല പ്രിൻസിപ്പൽ സെൻസസ് ഓഫീസർമാർക്ക് ഇത് സംബന്ധിച്ച് നിർദേശം നൽകാൻ സ്റ്റേറ്റ് സെൻസസ് കമ്മീഷണർക്കാണ് ബാലാവകാശ കമ്മീഷൻ നിർദേശം നൽകിയത്.
സ്കൂളുകളിൽ സെൻസസ് ഡ്യൂട്ടിക്ക് അധ്യാപകരെ നിയമിക്കുമ്പോൾ അക്കാദമിക് പ്രവർത്തനങ്ങളെ ബാധിക്കുന്നതായും കുട്ടികളുടെ മൗലികമായ വിദ്യാഭ്യാസ അവകാശം ലംഘിക്കപ്പെടുന്നതായും കാണിച്ച് കമ്മീഷൻ മുമ്പാകെ സമർപ്പിച്ച പരാതികളുടെ അടിസ്ഥാനത്തിലാണ് ഉത്തരവ്. സെൻസസ് ഡ്യൂട്ടി സംബന്ധിച്ച പരാതികൾ പരിഗണിച്ച് കൃത്യമായ മാർഗ്ഗ നിർദേശം പുറപ്പെടുവിക്കാണമെന്നും സെൻസസ് ഡ്യൂട്ടിക്ക് അധ്യാപകരെ നിയോഗിക്കുന്നത് സംബന്ധിച്ച് ഒരു ഉന്നതാധികാര സമിതി രൂപീകരിക്കണമെന്നും ബാലാവകാശ കമ്മീഷൻ ഉത്തരവിൽ പറയുന്നു.
പബ്ലിക് പ്രൊസിക്യൂട്ടര്‍ നിയമനത്തില്‍ മെറിറ്റ് അടിസ്ഥാനമാകും; നിയമനത്തില്‍ ഹൈക്കോടതി
സെഷന്‍സ് കോടതികളിലെ പബ്ലിക് പ്രൊസിക്യൂട്ടര്‍മാരുടെ നിയമനത്തില്‍ ഹൈക്കോടതി. പബ്ലിക് പ്രൊസിക്യൂട്ടര്‍ നിയമനത്തില്‍ മെറിറ്റ് അടിസ്ഥാനമാകും.
സര്‍ക്കാരിന്റെ കരട് സര്‍ക്കുലറില്‍ ഭേദഗതി വരുത്തി. ജില്ലാ ജഡ്ജിയുടെ അഭിപ്രായത്തിന് പ്രാമുഖ്യം നല്‍കണമെന്ന് ഹൈക്കോടതി പറഞ്ഞു. ജില്ലാ കളക്ടര്‍മാരുടെ അഭിപ്രായത്തിന് ഇനി മുന്‍ഗണന ലഭിക്കില്ല. അപേക്ഷകരുടെ പശ്ചാത്തലം പരിഗണിക്കുക മാത്രമാകും ജില്ലാ കളക്ടറുടെ ചുമതല. ജില്ലാ പൊലീസ് മേധാവിമാര്‍ പശ്ചാത്തലം പരിശോധിച്ച് റിപ്പോര്‍ട്ട് നല്‍കണം. നിയമന പ്രക്രിയയില്‍ ജില്ലാ പൊലീസ് മേധാവിമാരെ കൂടി ഉള്‍പ്പെടുത്താമെന്ന നിര്‍ദ്ദേശം തള്ളി.പബ്ലിക് പ്രൊസിക്യൂട്ടര്‍മാരുടെ നിയമനം സര്‍ക്കാര്‍ നടത്താനിരിക്കെയാണ് നിര്‍ദ്ദേശം.
പബ്ലിക് പ്രൊസിക്യൂട്ടര്‍ നിയമനത്തില്‍ മെറിറ്റ് അടിസ്ഥാനമാകും; നിയമനത്തില്‍ ഹൈക്കോടതി
സെഷന്‍സ് കോടതികളിലെ പബ്ലിക് പ്രൊസിക്യൂട്ടര്‍മാരുടെ നിയമനത്തില്‍ ഹൈക്കോടതി. പബ്ലിക് പ്രൊസിക്യൂട്ടര്‍ നിയമനത്തില്‍ മെറിറ്റ് അടിസ്ഥാനമാകും.
സര്‍ക്കാരിന്റെ കരട് സര്‍ക്കുലറില്‍ ഭേദഗതി വരുത്തി. ജില്ലാ ജഡ്ജിയുടെ അഭിപ്രായത്തിന് പ്രാമുഖ്യം നല്‍കണമെന്ന് ഹൈക്കോടതി പറഞ്ഞു. ജില്ലാ കളക്ടര്‍മാരുടെ അഭിപ്രായത്തിന് ഇനി മുന്‍ഗണന ലഭിക്കില്ല. അപേക്ഷകരുടെ പശ്ചാത്തലം പരിഗണിക്കുക മാത്രമാകും ജില്ലാ കളക്ടറുടെ ചുമതല. ജില്ലാ പൊലീസ് മേധാവിമാര്‍ പശ്ചാത്തലം പരിശോധിച്ച് റിപ്പോര്‍ട്ട് നല്‍കണം. നിയമന പ്രക്രിയയില്‍ ജില്ലാ പൊലീസ് മേധാവിമാരെ കൂടി ഉള്‍പ്പെടുത്താമെന്ന നിര്‍ദ്ദേശം തള്ളി.പബ്ലിക് പ്രൊസിക്യൂട്ടര്‍മാരുടെ നിയമനം സര്‍ക്കാര്‍ നടത്താനിരിക്കെയാണ് നിര്‍ദ്ദേശം.
സുഗതന് സത്യപ്രതിജ്ഞ ചെയ്യാം; വാഴോട്ടുകോണം കൗൺസിലർ ആർ സുഗതന് ജാമ്യം
വാഴോട്ടുകോണം കൗൺസിലർ ആർ സുഗതന് ഇടക്കാല ജാമ്യം. നഗരസഭയിൽ സത്യപ്രതിജ്ഞ ചെയ്യുന്നതിനാണ് ജാമ്യം അനുവദിച്ചത്. നെടുമങ്ങാട് കോടതിയാണ് ഇടക്കാല ജാമ്യം നൽകിയത്. ജൂലൈ 13 ന് വൈകിട്ട് അഞ്ച് മുതല്‍ ജൂലൈ 14 രാത്രി 9 മണി വരെയാണ് ഇളവ് അനുവദിച്ചത്. നെടുമങ്ങാട് രണ്ടാം ക്ലാസ്സ് മജിസ്ട്രേറ്റ് കോടതിയാണ് ഇടക്കാല ജാമ്യം അനുവദിച്ചത്.നെടുമങ്ങാട് കോടതിയുടെ പരിഗണനയിലുള്ള രണ്ട് കേസുകൾക്കാണ് ഇടക്കാല ജാമ്യം അനുവദിച്ചിരിക്കുന്നത്.
സുഗതന് സത്യപ്രതിജ്ഞ ചെയ്യാൻ ഒരു ദിവസത്തെ ഇളവ് ആവശ്യപ്പെട്ട് കോടതിയെ ബിജെപിയും സമീപിച്ചിരുന്നു. തിരുവനന്തപുരം കോർപ്പറേഷനിൽ സത്യപ്രതിജ്ഞ അസാധുവാക്കപ്പെട്ട 20 ബിജെപി കൗൺസിലർമാരിൽ ഒരാളാണ് സുഗതൻ.വട്ടിയൂർക്കാവ് പൊലീസിൻ്റെ റൗഡി ലിസ്റ്റിൽ ഉൾപ്പെട്ടയാളാണ് ആർ സുഗതൻ. 2019 ഓഗസ്റ്റ് 25 ന് ഒരാളെ കല്ല് കൊണ്ട് തലക്കടിച്ചതിന് മനപ്പൂർവ്വമല്ലാത്ത നരഹത്യ ശ്രമം, 2023 ജൂലൈ 20 ന് മറ്റൊരാളുടെ വീട്ടിൽ അതിക്രമിച്ചു കയറി വാഹനങ്ങളും വീടും ആക്രമിച്ചു തകർത്തു.
2023 ജൂലൈ 17 ന് ഭർത്താവിന് എതിരെയുള്ള പകതീർക്കാൻ ഭാര്യയെ വീട്ടിൽ കയറി ആക്രമിച്ചു, 2025 മാർച്ച് 14 ന് ബിസിനസ് തർക്കത്തെ തുടർന്ന് യുവാവിനെ ആക്രമിച്ച കേസിൽ മനപൂർവ്വമല്ലാത്ത നരഹത്യശ്രമ കുറ്റം, 2025 ജൂലൈ 25 ന് സെക്യൂരിറ്റി ജീവനക്കാരന് പണം നൽകാത്തതിന് ജുഡീഷ്യൽ ഓഫീസറെ ഭീഷണിപ്പെടുത്തിയ കേസ്, 2026 ഫെബ്രുവരി 2-ന് അന്ന് എംഎൽഎ ആയിരുന്ന വി കെ പ്രശാന്തിന്റെ പരാതിയിൽ ശിശുമന്ദിരം ജീവനക്കാരെ ഭീഷണിപ്പെടുത്തി മന്ദിരത്തിന്റെ ഉദ്ഘാടന ചടങ്ങ് തടസ്സപ്പെടുത്തിയെന്ന കേസിലും പ്രതിയാണ് സുഗതൻ. ഈ കേസുകൾ എല്ലാം നിലനിൽക്കെയാണ് കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പിൽ സുഗതനെ ബിജെപി വാഴോട്ടുകോണത്ത് സ്ഥാനാർഥിയാക്കിയത്.
ഇറാനിൽ വൻ നാശനഷ്ടവും ആൾനാശവും, ആക്രമിക്കപ്പെട്ടവയിൽ റെയിൽവേ പാലവും; ഖമനയിയുടെ കബറടക്കം വൈകും
ഇറാനിൽ വൻ നാശനഷ്ടവും ആൾനാശവും. അമേരിക്കൻ ആക്രമണത്തിൽ 14 പേർ കൊല്ലപ്പെട്ടതായും 78 പേർക്ക് പരുക്കേറ്റതായും ഇറാൻ. ആക്രമിക്കപ്പെട്ടവയിൽ റെയിൽവേ പാലവും ഉൾപ്പെടും.ഇറാൻ പരമോന്നത നേതാവ് ഖമനയിയുടെ കബറടക്കം വൈകും. ഇന്നു രാവിലെ നടക്കാനിരുന്ന കബറടക്കം പ്രാദേശിക സമയം ഉച്ചയ്ക്ക് രണ്ടരയിലേക്ക് മാറ്റി. ഇന്ത്യൻ സമയം വൈകിട്ട് നാലരയ്ക്കാണ് കബറടക്കം. ഇറാനിലെ മഷാദിലാണ് കബറടക്കം നടക്കുക.
ടെഹ്‌റാനിൽ മഷാദിലേക്കുള്ള റെയിൽ ഗതാഗതം നിർത്തിവച്ചതായി റിപ്പോർട്ടുകൾ. മഷാദിൽ ഇന്നു നടക്കുന്ന ഖമനയിയുടെ സംസ്‌കാരത്തിന് ആളുകളെ റോഡ് മാർഗം എത്തിക്കാനുള്ള നീക്കങ്ങൾ നടക്കുന്നു. ഖഷാം, അബു മൂസ ഐലണ്ട്, കൊണറാക്ക്, ബന്ദർ അബ്ബാസ്, ചബഹാർ, ജാസക്, ഇറാൻ ഷെഹർ എന്നിവിടങ്ങളിൽ വലിയ നാശനഷ്ടം റിപ്പോർട്ട് ചെയ്യുന്നു.
ഇറാനിലും അയല്‍രാജ്യമായ ഇറാഖിലുമായി ദശലക്ഷക്കണക്കിന് ആളുകള്‍ പങ്കെടുത്ത, ദിവസങ്ങള്‍ നീണ്ട വിലാപയാത്രകള്‍ക്ക് ശേഷമാണ് ഖമേനിയുടെ മൃതദേഹം അന്ത്യവിശ്രമത്തിനായി മഷാദില്‍ എത്തിക്കുന്നത്. എന്നാല്‍, ചടങ്ങുകളുടെ അവസാന ദിവസമായ ഇന്ന് യുഎസ് ഇറാനില്‍ വീണ്ടും ശക്തമായ ആക്രമണം അഴിച്ചുവിട്ടത് ആശങ്കയായിട്ടുണ്ട്. ഹോര്‍മുസില്‍ കപ്പലുകള്‍ക്കു നേരെ ഇറാന്‍ നടത്തിയ ആക്രമണത്തിന് തിരിച്ചടിയെന്നാണ് യുഎസ് നല്‍കുന്ന വിശദീകരണം. ഇറാന്‍ കപ്പലുകളെ ആക്രമിക്കുന്നത് തുടര്‍ന്നാല്‍ ഇതിലും വലിയ പ്രത്യാഘാതം ഉണ്ടാകുമെന്ന് യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
ഫെബ്രുവരി 28ന് യുഎസ്-ഇസ്രായേല്‍ സംയുക്ത വ്യോമാക്രമണത്തിന്റെ ആദ്യ ദിനത്തിലാണ് ആയത്തുല്ല ഖമേനി കൊല്ലപ്പെടുന്നത്. ഇറാഖിലെ പുണ്യനഗരങ്ങളായ നജാഫ്, കര്‍ബല എന്നിവിടങ്ങളിലെ വിലാപയാത്രയ്ക്ക് ശേഷം മൃതദേഹം ഇന്ന് ഇറാനിലെ ഏറ്റവും ആദരിക്കപ്പെടുന്ന ആരാധനാലയമായ ‘ഇമാം റെസ’ മസ്ജിദില്‍ സംസ്‌കരിക്കും.
