കോഴിക്കോട് റെയിൽവേ സ്റ്റേഷനിലെ പഴയ കെട്ടിടം തകർന്നത് കനത്ത മഴയെ തുടർന്ന്; വിശദീകരണവുമായി റെയിൽവേ

0

കോഴിക്കോട്: കോഴിക്കോട് റെയിൽവേ സ്റ്റേഷനിലെ പഴയ കെട്ടിടം ഭാഗികമായി തകർന്നുവീണത് കനത്ത മഴയെ തുടർന്നാണെന്ന് റെയിൽവേ അധികൃതർ അറിയിച്ചു. കെട്ടിടത്തിന്റെ സുരക്ഷാ നില മുൻപ് തന്നെ വിലയിരുത്തിയിരുന്നുവെന്നും അത് പൊളിച്ചുനീക്കാൻ തീരുമാനിച്ച് നടപടികൾ പുരോഗമിക്കുന്നതിനിടെയാണ് ഭാഗങ്ങൾ ഇടിഞ്ഞുവീണതെന്നും അധികൃതർ വ്യക്തമാക്കി.

സുരക്ഷാ മുൻകരുതലുകളുടെ ഭാഗമായി പ്രദേശം നേരത്തെ തന്നെ നിയന്ത്രണവിധേയമാക്കിയിരുന്നതിനാൽ അപകടത്തിൽ ആളപായമോ പരിക്കുകളോ ഉണ്ടായിട്ടില്ല. നിലവിൽ സാങ്കേതിക വിദഗ്ധരുടെ നേതൃത്വത്തിൽ സ്ഥലത്ത് പരിശോധന തുടരുകയാണ്.

വ്യാഴാഴ്ച രാവിലെ 11.15ഓടെയാണ് സംഭവം. രണ്ടാം പ്ലാറ്റ്‌ഫോമിനോട് ചേർന്നുള്ള നൂറിലേറെ വർഷം പഴക്കമുള്ള കെട്ടിടത്തിന്റെ ഭാഗമാണ് തകർന്നുവീണത്. അപകടസമയത്ത് യാത്രക്കാർ സമീപത്തില്ലാതിരുന്നതിനാൽ വലിയ ദുരന്തം ഒഴിവായി.

സംഭവത്തെ തുടർന്ന് ട്രെയിൻ സർവീസുകളിൽ താൽക്കാലിക മാറ്റങ്ങൾ വരുത്തി. തിരുവനന്തപുരം–കോഴിക്കോട് ജനശതാബ്ദി എക്സ്പ്രസ് കല്ലായിയിൽ സർവീസ് അവസാനിപ്പിക്കുകയും കോഴിക്കോട്–തിരുവനന്തപുരം ജനശതാബ്ദി കല്ലായിയിൽ നിന്ന് യാത്ര ആരംഭിക്കുകയും ചെയ്തു. ബെംഗളൂരു–കോഴിക്കോട് എക്സ്പ്രസും വെസ്റ്റ് ഹില്ലിൽ സർവീസ് അവസാനിപ്പിച്ചപ്പോൾ, കോഴിക്കോട്–ബെംഗളൂരു എക്സ്പ്രസ് വെസ്റ്റ് ഹില്ലിൽ നിന്നാണ് സർവീസ് ആരംഭിച്ചത്.

പരിശോധനാ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ അവശിഷ്ടങ്ങൾ നീക്കം ചെയ്യുന്നതുൾപ്പെടെയുള്ള തുടർനടപടികൾ വേഗത്തിൽ പൂർത്തിയാക്കുമെന്നും യാത്രക്കാരുടെ സുരക്ഷയ്ക്കാണ് പരമപ്രാധാന്യമെന്നും റെയിൽവേ അറിയിച്ചു.

Tags:

English Summary:
Indian Railways clarified that the partial collapse of an old building at Kozhikode Railway Station was caused by heavy rain. The structure had already been identified for demolition, and safety measures prevented any casualties. Train services were temporarily rescheduled, while technical inspections and debris removal continue.


LEAVE A REPLY

Please enter your comment!
Please enter your name here