‘തുടർച്ചയായി സാങ്കേതിക തകരാറുകൾ’; എയർ ഇന്ത്യ ഉദ്യോഗസ്ഥരെ വിളിപ്പിച്ച് DGCA

എയർ ഇന്ത്യ വിമാനങ്ങളിൽ സാങ്കേതിക തകരാർ തുടർക്കഥയാകുന്ന പശ്ചാത്തലത്തിൽ ഉദ്യോഗസ്ഥരെ വിളിപ്പിച്ച് ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ (ഡിജിസിഎ). എയർ ഇന്ത്യ ഉദ്യോഗസ്ഥരുമായും എയർ ഇന്ത്യ എക്സ്പ്രസ് ഉദ്യോഗസ്ഥന്മാരുമായും യോഗം ചേരും. ഡിജിസിഎ ഡയറക്ടർ ജനറൽ വെർച്വൽ ആയാണ് യോഗം ചേരുക.

ഡല്‍ഹിയില്‍നിന്ന് പാരീസിലേക്കുള്ള എയര്‍ ഇന്ത്യ വിമാനം AI 143 ആണ് റദ്ദാക്കിയത്. പ്രീ ഫ്ലൈറ്റ് പരിശോധനയിൽ പ്രശ്നങ്ങൾ കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിലാണ് റദ്ദാക്കൽ. ബോയിങ് നിര്‍മിത 787-8 ഡ്രീംലൈനര്‍ വിമാനമാണിത്. 1.15ന് ഡൽഹിയിൽ നിന്ന് പുറപ്പെടേണ്ട വിമാനമാണിത്. യാത്രക്കാർക്ക് വേണ്ട സൗകര്യങ്ങൾ ഒരുക്കി നല്കുകയും ചെയ്തു.

സാൻഫ്രാൻസിസ്കോയിൽനിന്ന് കൊൽക്കത്ത വഴി മുംബൈയിലേക്ക് പുറപ്പെട്ട ബോയിങ് 777-200 എൽആർ ശ്രേണിയിൽപ്പെട്ട AI 180 വിമാനമാണ് സാങ്കേതിക തകരാർ നേരിട്ടത്. ഇന്ന് പുലർച്ചെ 12:45 നാണ് വിമാനം കൊൽക്കത്തയിൽ ഇറങ്ങിയത്. മുംബൈയിലേക്ക് യാത്ര തിരിക്കുന്നതിന് മുന്നോടിയായി നടത്തിയ പരിശോധനയിൽ ആണ് ഇടത് എൻജിനിൽ സാങ്കേതിക പ്രശ്നം കണ്ടെത്തിയത്. പുലർച്ചെ 5:20 ഓടെ യാത്രക്കാരെ വിമാനത്തിൽ നിന്ന് മാറ്റി. മുംബൈയിലേക്കുള്ള യാത്രയ്ക്കായി മറ്റൊരു വിമാനം ഒരുക്കി. സുരക്ഷ മുൻനിർത്തിയാണ് ഇത്തരമൊരു തീരുമാനം കൈക്കൊണ്ടതെന്ന് വിമാനത്തിന്റെ ക്യാപ്റ്റൻ യാത്രക്കാരെ അറിയിച്ചു. വിമാനത്തിന്റെ തകരാറിലായ എൻജിൻ പരിശോധിക്കുന്നതിന്റെ ദൃശ്യങ്ങൾ ഇതിനോടകം പുറത്തുവന്നു.

ഇന്നലെ ഹോങ്കോങ്ങിൽ നിന്ന് ഡൽഹിയിലേക്ക് പുറപ്പെട്ട എയർ ഇന്ത്യ വിമാനത്തിലും സാങ്കേതിക പ്രശ്നം നേരിടുകയും വിമാനം തിരികെ ഹോങ്കോങ്ങിൽ ഇറക്കുകയും ചെയ്തിരുന്നു. അതിനിടെ ഡൽഹിയിൽ നിന്ന് മെൽബണിലേക്ക് പുറപ്പെടേണ്ട എയർ ഇന്ത്യ വിമാനം കാരണം വിശദീകരിക്കാതെ റദ്ദാക്കി. പകരം സംവിധാനം ഒരുക്കാത്തത്തിൽ യാത്രക്കാർ വിമാനത്താവളത്തിൽ പ്രതിഷേധിക്കുകയും ചെയ്തിരുന്നു. മുന്നറിയിപ്പില്ലാതെ വിമാനം റദ്ദാക്കിയതിൽ എയർ ഇന്ത്യ മാപ്പ് പറഞ്ഞെങ്കിലും റദ്ദാക്കാനുള്ള കാരണം വ്യക്തമാക്കിയിട്ടില്ല.

ചക്രവാത ചുഴി ന്യൂനമര്‍ദ്ദമായി; കേരളത്തിൽ അഞ്ച് ദിവസം വ്യാപക മഴയും കാറ്റും

തിരുവനന്തപുരം: തെക്കൻ ഗുജറാത്തിനു മുകളിലായി സ്ഥിതിചെയ്തിരുന്ന ചക്രവാതചുഴി ന്യുനമർദ്ദമായി ശക്തി പ്രാപിച്ചെന്ന് കേന്ദ്ര കാലാവസ്ഥാ വിഭാഗം.

വടക്ക് പടിഞ്ഞാറൻ ബംഗ്ലാദേശിനും ഗംഗാതട പശ്ചിമ ബംഗാളിനും മുകളിലായി മറ്റൊരു ന്യുനമർദ്ദവും രൂപപ്പെട്ടു. അടുത്ത 24 മണിക്കൂറിനുള്ളിൽ ന്യൂനമര്‍ദ്ദം ശക്തി പ്രാപിക്കാൻ സാധ്യതയുണ്ടെന്നും അറിയിപ്പിൽ പറയുന്നു.

അതേസമയം, കേരളത്തിന് മുകളിൽ ശക്തമായ പടിഞ്ഞാറൻ കാറ്റ് ശക്തമായി തുടരുകയാണ്. കേരളത്തിൽ അടുത്ത 5 ദിവസം വ്യാപകമായ മഴയ്ക്ക് സാധ്യത. ഇന്ന് ഒറ്റപ്പെട്ട അതി തീവ്ര മഴയ്ക്കും.

ഇന്നും നാളെയും (ജൂൺ 17 -18 ) ഒറ്റപ്പെട്ട അതി ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു .ജൂൺ 17 മുതൽ 18 ന് കേരളത്തിന് മുകളിൽ മണിക്കൂറിൽ പരമാവധി 40 -60 കിലോമീറ്റർ വരെ വേഗതയിൽ കാറ്റ് ശക്തമാകാനും സാധ്യത.

യാത്രാ സൗകര്യം നല്‍കാന്‍ കഴിഞ്ഞില്ലെങ്കില്‍ ടോളും പിരിക്കരുതെന്ന് ഹൈക്കോടതി

കൊച്ചി:  യാത്രാ സൗകര്യം നല്‍കാന്‍ കഴിഞ്ഞില്ലെങ്കില്‍ ടോളും പിരിക്കരുതെന്ന് ഹൈക്കോടതി.അടിപ്പാതകളുടെ നിര്‍മാണം നടക്കുന്നതിനാല്‍ രൂക്ഷമായ ഗതാഗതക്കുരുക്ക് ചൂണ്ടിക്കാട്ടി പാലിയേക്കര ടോള്‍ പിരിവ് നിര്‍ത്തിവയ്ക്കണമെന്നാവശ്യപ്പെട്ടുള്ള ഹര്‍ജി പരിഗണിക്കുന്നതിനിടെ ആയിരുന്നു കോടതിയുടെ പരാമര്‍ശം.

ഇത്തരത്തില്‍ യാത്രാ സൗകര്യം നല്‍കാന്‍ കഴിയില്ലെങ്കില്‍ ടോള്‍ പിരിക്കാന്‍ പാടില്ലെന്ന് കോടതി വാക്കാല്‍ നിരീക്ഷിച്ചു. ഇക്കാര്യത്തില്‍ നടപടി ഉണ്ടാകണമെന്ന് ദേശീയപാത അതോറിറ്റിക്ക് കോടതി നിര്‍ദേശം നല്‍കി. കേസ് വീണ്ടും ഈ മാസം 25ന് പരിഗണിക്കും.

മണ്ണുത്തി-ഇടപ്പള്ളി ദേശീയപാതയിലെ ഗതാഗതക്കുരുക്കും റോഡുകളുടെ അവസ്ഥയും സംബന്ധിച്ച് വ്യാപകമായ പരാതി ഉയരുന്നതിനിടെയാണ് ഇതുമായി ബന്ധപ്പെട്ട ഹര്‍ജി കോടതിയുടെ പരിഗണനയില്‍ വന്നത്.

നിലവിലെ അവസ്ഥയില്‍ യാത്ര ചെയ്യുന്നത് അങ്ങേയറ്റം ബുദ്ധിമുട്ടാണെന്നും അതിനാല്‍ ടോള്‍ പിരിക്കുന്നത് നിര്‍ത്തിവയ്ക്കണമെന്നും ആവശ്യപ്പെട്ട് കെപിസിസി സെക്രട്ടറി ഷാജി കോടങ്കണ്ടത്ത് നല്‍കിയ ഉപഹര്‍ജിയാണ് ജസ്റ്റിസുമാരായ എ മുഹമ്മദ് മുഷ്താഖ്, ജോണ്‍സണ്‍ ജോണ്‍ എന്നിവരുള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ച് ഇന്ന് പരിഗണിച്ചത്.

ചമ്മന്തി തൊട്ട് ലെമൺ റൈസ് വരെ ! സ്കൂളിലെ ഉച്ച ഭക്ഷണം അടിമുടി മാറുന്നു

തിരുവനന്തപുരം: സംസ്ഥാനത്തെ സ്കൂൾ ഉച്ച ഭക്ഷണ മെനു വിപുലപ്പെടുത്താൻ വിദ്യാഭ്യാസ വകുപ്പ്. മെനു പ്ലാനിംഗ് നടത്തുമ്പോൾ ഒരു ദിവസത്തെ കറികളിൽ ഉപയോഗിക്കുന്ന പച്ചക്കറിയ്ക്ക് ബദലായി അനുചിതമായ മറ്റ് പച്ചക്കറികൾ നൽകേണ്ടതാണെന്ന് വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടി പറഞ്ഞു.

ഇലക്കറി വർഗ്ഗങ്ങൾ കറികളായി ഉപയോഗിക്കുമ്പോൾ അവയിൽ പയർ അല്ലെങ്കിൽ പരിപ്പ് വർഗ്ഗമോ ചേർക്കണം. ആഴ്ചയിൽ ഒരു ദിവസം ഫോർട്ടിഫൈഡ് അരി വച്ച് വിവിധയിനം ചോറിന്റെ (വെജിറ്റബിൾ ഫ്രൈഡ്‌റൈസ്, ലെമൺ റൈസ്, വെജ് ബിരിയാണി) വിഭവങ്ങൾ തയ്യാറാക്കാൻ നിർദ്ദേശം നൽകിയിട്ടുണ്ടെന്നും മന്ത്രി. ഇവയോടൊപ്പം എന്തെങ്കിലും വെജിറ്റബിൾ കറികൾ (കൂട്ടുകറി, കുറുമ) നൽകുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.

പച്ചക്കറിക്ക് ബദലായി മാസത്തിൽ ഒന്നോ രണ്ടോ ദിവസങ്ങളിൽ മൈക്രോ ഗ്രീൻസ് മെനുവിൽ ഉൾപ്പെടുത്താവുന്നതാണ്. പുതിന, ഇഞ്ചി, നെല്ലിക്ക, പച്ചമാങ്ങ എന്നിവ ചേർത്ത് തയ്യാറാക്കുന്ന ചമ്മന്തി കൊടുക്കുന്ന കാര്യം പരിഗണിച്ചിട്ടുണ്ട്.

ഒന്നാം ദിവസം : ചോറ്, കാബേജ് തോരൻ, സാമ്പാർ
രണ്ടാം ദിവസം : ചോറ്, പരിപ്പ് കറി, ചീരത്തോരൻ
മൂന്നാം ദിവസം : ചോറ്, കടല മസാല, കോവയ്ക്ക തോരൻ
നാലാം ദിവസം : ചോറ്, ഓലൻ, ഏത്തയ്ക്ക തോരൻ
അഞ്ചാം ദിവസം : ചോറ്, സോയ കറി, കാരറ്റ് തോരൻ
ആറാം ദിവസം : ചോറ്, വെജിറ്റബിൾ കുറുമ, ബീറ്റ്‌റൂട്ട് തോരൻ
ഏഴാം ദിവസം : ചോറ്, തീയൽ, ചെറുപയർ തോരൻ
എട്ടാം ദിവസം : ചോറ്, എരിശ്ശേരി, മുതിര തോരൻ
ഒമ്പതാം ദിവസം : ചോറ്, പരിപ്പ് കറി, മുരിങ്ങയില തോരൻ
പത്താം ദിവസം : ചോറ്, സാമ്പാർ, മുട്ട അവിയൽ
പതിനൊന്നാം ദിവസം : ചോറ്, പൈനാപ്പിൾ പുളിശ്ശേരി, കൂട്ടുക്കൂറി
പന്ത്രണ്ടാം ദിവസം : ചോറ്, പനീർ കറി, ബീൻസ് തോരൻ
പതിമൂന്നാം ദിവസം : ചോറ്, ചക്കക്കുരു പുഴുക്ക്, അമരയ്ക്ക തോരൻ
പതിനാലാം ദിവസം : ചോറ്, വെള്ളരിക്ക പച്ചടി, വൻപയർ തോരൻ
പതിനഞ്ചാം ദിവസം : ചോറ്, വെണ്ടയ്ക്ക മപ്പാസ്, കടല മസാല
പതിനാറം ദിവസം : ചോറ്, തേങ്ങാചമ്മന്തി, വെജിറ്റബിൾ കുറുമ
പതിനേഴാം ദിവസം : ചോറ് /എഗ്ഗ് ഫ്രൈഡ് റൈസ്, വെജിറ്റബിൾ മോളി
പതിനെട്ടാം ദിവസം : ചോറ് / കാരറ്റ് റൈസ്, കുരുമുളക് മുട്ട റോസ്റ്റ്
പത്തൊമ്പതാം ദിവസം : ചോറ്, പരിപ്പ് കുറുമ, അവിയൽ
ഇരുപത് ദിവസം : ചോറ് / ലെമൺ റൈസ്, കടല മസാല



എംഎസ്‌സി എൽസ 3 കപ്പലപകടം: കപ്പൽ കമ്പനിക്ക് നോട്ടീസ് നൽകി  കോസ്റ്റൽ പൊലീസ്

കൊച്ചി:  എംഎസ്‌സി എൽസ 3 കപ്പൽ അപകടത്തിൽ നിർണായക നീക്കം നടത്തി കോസ്റ്റൽ പൊലീസ്.

കപ്പലിന്റെയും കണ്ടെയ്നറുകളുടെയും വിശദാംശങ്ങൾ ആവശ്യപ്പെട്ട് കപ്പൽ കമ്പനിക്ക് കോസ്റ്റൽ പൊലീസ് നോട്ടീസ് നൽകി. 

അഞ്ച് നാവികരുടെ പാസ്പോർട്ടും പിടിച്ചെടുത്തു.  നിലവിൽ നാവികരെല്ലാവരും കൊച്ചിയിലാണുള്ളത്. ഇവരിൽ ചിലർക്ക് കോവിഡ് സ്ഥിരീകരിച്ചതിനാൽ ഇവർ നിരീക്ഷണത്തിലാണ്. അതുകൊണ്ടുതന്നെ ഇവരുടെ മൊഴിയെടുക്കാൻ പൊലീസിന് സാധിച്ചിട്ടില്ല. 

കഴിഞ്ഞ ദിവസമായിരുന്നു ഫോർട്ട് കൊച്ചി പൊലീസ് ഇതുമായി ബന്ധപ്പെട്ട് കേസെടുത്തത്. കേസെടുക്കാൻ വൈകിയതിനെ തുടർന്ന് വലിയ രീതിയിലുള്ള വിമർശനങ്ങൾ ഉയർന്നിരുന്നു.

കപ്പൽ കമ്പനിയെ ഒന്നാം പ്രതിയാക്കിയായിരുന്നു പൊലീസ് കേസെടുത്തത്.  

എംഎസ്‌സി എൽസ 3 കപ്പലപകടം: കപ്പൽ കമ്പനിക്ക് നോട്ടീസ് നൽകി  കോസ്റ്റൽ പൊലീസ്

കൊച്ചി:  എംഎസ്‌സി എൽസ 3 കപ്പൽ അപകടത്തിൽ നിർണായക നീക്കം നടത്തി കോസ്റ്റൽ പൊലീസ്.

കപ്പലിന്റെയും കണ്ടെയ്നറുകളുടെയും വിശദാംശങ്ങൾ ആവശ്യപ്പെട്ട് കപ്പൽ കമ്പനിക്ക് കോസ്റ്റൽ പൊലീസ് നോട്ടീസ് നൽകി. 

അഞ്ച് നാവികരുടെ പാസ്പോർട്ടും പിടിച്ചെടുത്തു.  നിലവിൽ നാവികരെല്ലാവരും കൊച്ചിയിലാണുള്ളത്. ഇവരിൽ ചിലർക്ക് കോവിഡ് സ്ഥിരീകരിച്ചതിനാൽ ഇവർ നിരീക്ഷണത്തിലാണ്. അതുകൊണ്ടുതന്നെ ഇവരുടെ മൊഴിയെടുക്കാൻ പൊലീസിന് സാധിച്ചിട്ടില്ല. 

കഴിഞ്ഞ ദിവസമായിരുന്നു ഫോർട്ട് കൊച്ചി പൊലീസ് ഇതുമായി ബന്ധപ്പെട്ട് കേസെടുത്തത്. കേസെടുക്കാൻ വൈകിയതിനെ തുടർന്ന് വലിയ രീതിയിലുള്ള വിമർശനങ്ങൾ ഉയർന്നിരുന്നു.

കപ്പൽ കമ്പനിയെ ഒന്നാം പ്രതിയാക്കിയായിരുന്നു പൊലീസ് കേസെടുത്തത്.  

ഇസ്രയേലിനെ പിന്തുണച്ചും ഇറാനെ തള്ളിയും ജി7 രാജ്യങ്ങള്‍, ഇടയ്ക്കു വച്ചു മടങ്ങി ട്രംപ്; ഉച്ചകോടിക്ക് ഇന്ന് സമാപനം

ഒട്ടാവ: ഇറാന്‍-ഇസ്രയേല്‍ സംഘര്‍ഷം രൂക്ഷമാകുന്നതിനിടെ മിഡില്‍ ഈസ്റ്റിലെ സമാധാനവും സുസ്ഥിരതയും നിലനിര്‍ത്തണമെന്ന് ആഹ്വാനം ചെയ്ത് ജി 7 (G7 summit ) രാജ്യങ്ങള്‍. സംഘര്‍ഷത്തിന് അയവു വരുത്തണമെന്നും നേതാക്കള്‍ സംയുക്ത പ്രസ്താവനയില്‍ ആവശ്യപ്പെട്ടു. ഇസ്രയേലിന് സ്വയം പ്രതിരോധിക്കാനുള്ള അവകാശമുണ്ട്. ഇസ്രയേലിന്റെ സുരക്ഷയ്ക്കുള്ള പിന്തുണ ഞങ്ങള്‍ ആവര്‍ത്തിക്കുന്നു, ജി 7 നേതാക്കള്‍ പ്രസ്താവനയില്‍ പറഞ്ഞു. പ്രാദേശിക അസ്ഥിരതയുടേയും ഭീകരതയുടേയും പ്രധാന ഉറവിടം ഇറാന്‍ ആണ്. ഇറാന് ഒരിക്കലും ആണവായുധം കൈവശം വെയ്ക്കാന്‍ കഴിയില്ലെന്ന നിലപാട് തന്നെയാണ് ഇപ്പോഴും ആവര്‍ത്തിക്കുന്നത്, നേതാക്കള്‍ പറഞ്ഞു.

അന്താരാഷ്ട്ര ഊര്‍ജ്ജ വിപണികളിലെ പ്രത്യാഘാതങ്ങളെക്കുറിച്ച് ജാഗ്രത പാലിക്കുകയും വിപണി സ്ഥിരത സംരക്ഷിക്കുന്നതിന് സമാന ചിന്താഗതിക്കാരായ രാജ്യങ്ങളെ പങ്കാളികളാക്കിക്കൊണ്ട് ഏകോപിപ്പിക്കാന്‍ തയ്യാറാകുകയും ചെയ്യുമെന്നും പ്രസ്താവനയില്‍ പറയുന്നു. ബ്രിട്ടന്‍, കാനഡ, ഫ്രാന്‍സ്, ജര്‍മനി, ഇറ്റലി, ജപ്പാന്‍, യുണൈറ്റഡ് സ്റ്റേറ്റ്‌സ് എന്നീ രാജ്യങ്ങളുടെ പ്രതിനിധികള്‍ കൂടിക്കാഴ്ച നടത്തും. ഞായറാഴ്ച ആരംഭിച്ച ഉച്ചകോടിക്ക് ഇന്ന് സമാപനമാകും. അതേസമയം യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് സന്ദര്‍ശനം വെട്ടിച്ചുരുക്കി തിരികെ മടങ്ങി. ഇറാന്റെ തലസ്ഥാനമായ ടെഹ്‌റാനില്‍ നിന്ന് എത്രയും വേഗം ആളുകള്‍ ഒഴിഞ്ഞു പോകണമെന്നും ട്രംപ് ആവശ്യപ്പെട്ടു. ഒപ്പിടാന്‍ പറഞ്ഞ കരാറില്‍ ഇറാന്‍ ഒപ്പിടേണ്ടതായിരുന്നു. അവര്‍ അത് ചെയ്തില്ലെന്നും ട്രംപ് വ്യക്തമാക്കി.

ജി 7 കൂട്ടായ്മയിലെ ഏതാണ്ടെല്ലാ രാജ്യങ്ങളും ഇസ്രയേലിനെ പിന്തുണക്കുന്നവരാണ്. കാനഡയിലെ കനാനാസ്‌കിസില്‍ മൂന്ന് ദിവസമായി നടക്കുന്ന ഉച്ചകോടിയില്‍ പ്രധാന ചര്‍ച്ചാവിഷയം ഇറാന്‍-ഇസ്രയേല്‍ സംഘര്‍ഷമാണ്. ഇസ്രയേലിന്റെ ആക്രമണങ്ങള്‍ ഇറാന്റെ ആണവ പദ്ധതിയെ പിന്നോട്ടടിച്ചതായാണ് പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിന്റെ പ്രസ്താവന. കനേഡിയന്‍ പ്രധാനമന്ത്രി മാര്‍ക്ക് കാര്‍ണിയാണ് ജി7 ഉച്ചകോടിയുടെ അധ്യക്ഷന്‍.

കേരളത്തിലെ ക്യാംപസ് രാഷ്ട്രീയത്തിന് എതിരെ ഗവർണർ രാജേന്ദ്ര അർലേക്കർ

തിരുവനന്തപുരം: കേരളത്തിലെ ക്യാംപസ് രാഷ്ട്രീയത്തിന് എതിരെ ഗവർണർ രാജേന്ദ്ര അർലേക്കർ രംഗത്ത്. കേരള സർവകലാശാല സെനറ്റ് യോഗത്തിലായിരുന്നു ഗവർണറുടെ വിമർശനം.

സംസ്ഥാനത്തെ സർവകലാശാലകളിലും കോളേജുകളിലും രാഷ്ട്രീയം വളരെ കൂടുതലാണ്.

എല്ലാ കാര്യങ്ങളും രാഷ്ട്രീയത്തിന്റെ കണ്ണിൽ കൂടിയാണ് കാണുന്നത്. ഇതു മാറിയാൽ മാത്രമേ അടുത്ത തലമുറയ്ക്ക് പ്രയോജനം ഉണ്ടാകൂ.

ആയിരക്കണക്കിന് വിദ്യാർത്ഥികളാണ് ഇപ്പോൾ അന്യസംസ്ഥാനങ്ങളിലേക്ക് പോകുന്നത്.’ ഗവർണർ വ്യക്തമാക്കി.

പവിത്രനെതിരെ കടുത്ത ശിക്ഷാ നടപടി ആരംഭിക്കണം, ലാന്‍ഡ് റവന്യു കമ്മിഷണര്‍ക്ക് നിര്‍ദേശം  നൽകി മന്ത്രി 

തിരുവനന്തപുരം:  അഹമ്മദാബാദിലുണ്ടായ വിമാനാപകടത്തില്‍  മരിച്ച രഞ്ജിത ജി.നായരെ അപമാനിച്ച് ഫെയ്‌സ്ബുക് പോസ്റ്റിട്ട വെള്ളരിക്കുണ്ട് ജൂനിയര്‍ സൂപ്രണ്ട് എ.പവിത്രനെതിരെ കടുത്ത ശിക്ഷാ നടപടികള്‍ ആരംഭിക്കാന്‍ ലാന്‍ഡ് റവന്യു കമ്മിഷണര്‍ക്ക് നിര്‍ദേശം നല്‍കി റവന്യു മന്ത്രി കെ.രാജന്‍.

നടപടിയുടെ ഭാഗമായി പവിത്രനു മെമ്മോ നല്‍കുന്നതാണ് ആദ്യ നടപടി. മെമ്മോയ്ക്ക് മറുപടി ലഭിച്ച ശേഷം മറ്റു നടപടികളിലേക്കു കടക്കും.

വിമാനാപകടത്തില്‍ അനുശോചിച്ച് മറ്റൊരാള്‍ ഇട്ട ഫെയ്സ്‍ബുക്ക് പോസ്റ്റിനു താഴെയാണ് ഇയാള്‍ രഞ്ജിതയെ അപമാനിക്കുന്ന വിധത്തില്‍ കമന്റുകളിട്ടത്.

വിഷയം ശ്രദ്ധയില്‍പ്പെട്ടയുടനെ റവന്യു മന്ത്രി പവിത്രനെ സസ്‌പെന്‍ഡ് ചെയ്യാൻ ഉത്തരവിട്ടിരുന്നു. 

അഹമ്മദാബാദ് വിമാന ദുരന്തം; മരിച്ച മലയാളി രഞ്ജിതയുടെ മൃതദേഹം ഇതുവരെ  തിരിച്ചറിഞ്ഞിട്ടില്ല

അഹമ്മദാബാദ്: അഹമ്മദാബാദ് വിമാന ദുരന്തത്തിൽ 131 മൃതദേഹങ്ങൾ തിരിച്ചറിഞ്ഞുവെന്ന് ഗുജറാത്ത് സർക്കാർ. മരിച്ചവരുടെ മൃതദേഹം തിരിച്ചറിയാനുള്ള ഡിഎൻഎ പരിശോധനകൾ ഇന്നും തുടരും.

അപകടത്തിൽ മരിച്ച വിദേശികളെ തിരിച്ചറിയാനുള്ള ബന്ധുക്കളുടെ ഡിഎൻഎ സാമ്പിളുകൾ ഇന്നും ശേഖരിക്കും. നിലവിൽ 17 വിദേശി പൗരന്മാരുടെ സാമ്പിളുകളാണ് ലഭിച്ചിട്ടുള്ളത്.

ഇതുവരെ 83 മൃതദേഹങ്ങൾ വിട്ടുനൽകിയെന്നും ബാക്കിയുള്ളവ ഉടൻ വീട്ടുനൽകുമെന്നും ഗുജറാത്ത് സർക്കാർ അറിയിച്ചു. ഗുജറാത്ത് രാജസ്ഥാൻ സംസ്ഥാനങ്ങളിലെ മൃതദേഹങ്ങളാണ് ബന്ധുക്കൾക്ക് വിട്ടു നൽകിയത്.

അതേസമയം അപകടത്തിൽ മരിച്ച മലയാളി നേഴ്സ് രഞ്ജിതയുടെ മൃതദേഹം ഇതുവരെ തിരിച്ചറിയാൻ ആയിട്ടില്ല. ഡിഎൻഎ സാമ്പിളുകൾ പരിശോധിച്ച ഇന്നു വൈകിട്ടോടെ തിരിച്ചറിയാൻ ആകുമെന്നാണ് പ്രതീക്ഷ. 

വി.വി പ്രകാശിന്റെ വീട് സന്ദർശിച്ചതിൽ പ്രതികരണവുമായി എം സ്വരാജ്

മലപ്പുറം: അന്തരിച്ച കോൺഗ്രസ് നേതാവ് വി.വി പ്രകാശിന്റെ വീട് സന്ദർശിച്ചത് മറ്റൊരു തരത്തിൽ കാണേണ്ടതില്ലെന്ന് എൽഡിഎഫ് സ്ഥാനാർഥി എം. സ്വരാജ്.  

ആര്യാടൻ ഷൗക്കത്ത് പോകാത്തതിനെ ചർച്ചയാക്കേണ്ടതില്ല. വ്യക്തിപരമായി ആക്രമിക്കുന്ന ശൈലി പ്രബലമായി കൊണ്ടിരിക്കുന്നു.

വ്യക്തി എന്ന നിലയിൽ ആക്രമിക്കുന്നതിന് പകരം രാഷ്ട്രീയ അഭിപ്രായ ഭിന്നത പറയുകയാണ് വേണ്ടതെന്നും എം. സ്വരാജ് കൂട്ടിച്ചേർത്തു.  

ആരോപണങ്ങൾക്കും, തർക്കങ്ങൾക്കും ഉദ്ദേശിച്ച് ചെയ്തതല്ലെന്നും സ്വരാജ് പറഞ്ഞു. സംഭവത്തിൽ വിവാദങ്ങളോട് പ്രതികരിക്കാനില്ലെന്നായിരുന്നു ആര്യാടൻ ഷൗക്കത്തിന്റെ പ്രതികരണം.

ഇന്നലെയായിരുന്നു വി.വി പ്രകാശിന്റെ വീട് എം. സ്വരാജ് സന്ദർശിച്ചത്. 

മലാപറമ്പ് സെക്സ് റാക്കറ്റ് കേസ്; പ്രതികളായ രണ്ടു പൊലിസുകാർ കസ്റ്റഡിയിൽ

കോഴിക്കോട് മലാപറമ്പ് സെക്സ് റാക്കറ്റ് കേസ് പ്രതികളായ രണ്ടു പൊലിസുകാർ കസ്റ്റഡിയിൽ. പൊലിസ് ഡ്രൈവർമാരായ ഷൈജിത്ത് ,സനിത്ത് എന്നിവരാണ് താമരശേരിയിൽ നിന്ന് പിടിയിലായത്. താമരശ്ശേരി കോരങ്ങാട് വച്ചാണ് ഇരുവരെയും പിടികൂടിയത്. പുതിയ ഒളിസങ്കേതം തേടി പോകുന്നതിനിടെയാണ് പിടിയിലായത്. സർവീസിൽ നിന്ന് ഇരുവരെയും സസ്പെൻഡ് ചെയ്തിരുന്നു. ഇതിന് പിന്നാലെ ഇവർ ഒളിവിൽ പോയിരുന്നു.

പിടിയിലായ പൊലീസ് ഉദ്യോഗസ്ഥർക്ക് സെക്സ് റാക്കറ്റുമായി നേരിട്ട് ബന്ധമുണ്ടെന്നും സാമ്പത്തിക ഇടപാടുകൾ നടത്തിയെന്നും കണ്ടെത്തിയിരുന്നു. തുടർന്ന് അന്വേഷണവിധേയമായി സസ്പെൻഡ് ചെയ്തിരുന്നു. ഷൈജിത്തിന്റെ പാസ്പോർട്ട് കണ്ടുകെട്ടിയിരുന്നു. ഇവർക്കായി വലിയ രീതിയിൽ അന്വേഷണം നടന്നുകൊണ്ടിരിക്കെയാണ് പിടിയിലായത്. വാഹനം ഉൾപ്പെടെയാണ് കസ്റ്റഡിയിലെടുത്തത്.

ഇരുവർക്കുമായുള്ള അന്വേഷണം ഊർജിതമാക്കുന്നതിന്റെ ഭാഗമായാണ് ഇതിൽ ഒരാളുടെ പാസ്പോർട്ട് പിടിച്ചെടുത്തത്. സനിത്തിന് പാസ്പോർട്ടില്ല. കേസിലെ മറ്റൊരു പ്രതിയായ അമനീഷ് കുമാർ വിദേശത്താണ്. അമനീഷ് കുമാറാണ് ഈ കെട്ടിടം വാടകയ്ക്ക് വാങ്ങിയത്. ഇയാളെ നാട്ടിലെത്തിക്കാനുള്ള നീക്കം അന്വേഷണ സംഘം തുടങ്ങി.

വിദേശത്തുള്ള അമനീഷുമായി വലിയ രീതിയിൽ പൊലീസുകാർ സാമ്പത്തിക ഇടപാടുകൾ നടത്തിയതായി അന്വേഷണത്തിൽ വ്യക്തമായിരുന്നു. സെക്സ് റാക്കറ്റ് കേന്ദ്രം പ്രവർത്തിച്ചത് ഇവരുടെ സഹായത്തോടെയാണ്. സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട കൂടുതൽ കാര്യങ്ങൾ വ്യക്തമാകാൻ ഇവരെ പിടികൂടേണ്ടത് പ്രധാനമായിരുന്നു. നടത്തിപ്പുകാരായ മൂന്നു പേർ ഉൾപ്പടെ ഒമ്പത് പേരെയായിരുന്നു ഈ സെക്സ് റാക്കറ്റ് കേന്ദ്രത്തിലെ പരിശോധനയിൽ പിടികൂടിയത്.

ഇസ്രയേലിൽ നിന്നും ഇന്ത്യക്കാരെ ഒഴിപ്പിക്കുമെന്ന് വ്യക്തമാക്കി കേന്ദ്രം; എല്ലാ പിന്തുണയും വാഗ്ദാനം ചെയ്ത് ഇസ്രായേൽ മന്ത്രി

ഡൽഹി: ഇസ്രായേലും ഇറാനും തമ്മിൽ ഏറ്റുമുട്ടൽ ശക്തമാകുന്ന സാഹചര്യത്തിൽ ഇസ്രയേലിൽ നിന്നും ഇന്ത്യക്കാരെ ഒഴിപ്പിക്കുമെന്ന് വ്യക്തമാക്കി കേന്ദ്രം. ടെൽ അവീവിൽ നിന്ന് ജോർദാൻ, ഈജിപ്ത് അതിർത്തി വഴി ഒഴിപ്പിക്കാൻ നീക്കം നടത്തുന്നതായി ആണ് അധികൃതർ വ്യക്തമാക്കിയത്.

എന്നാൽ വിഷയത്തിൽ ഇന്ത്യക്ക് എല്ലാ പിന്തുണയും നൽകുമെന്ന് ഇസ്രയേൽ പ്രതിരോധ മന്ത്രാലയ വക്താവ് ജനറൽ എഫി ഡെഫ്രിൻ പറഞ്ഞു. ഇരുപത്തി അയ്യായിരത്തോളം പേരെയെങ്കിലും ഒഴിപ്പിക്കേണ്ടി വരുമെന്ന് ആണ് ഇന്ത്യൻ എംബസി വ്യക്തമാക്കുന്നത്.

അതേസമയം സംഘർഷത്തിന് പിന്നാലെ വലിയ ആശങ്കയിൽ കഴിയുന്ന ഇന്ത്യൻ സമൂഹവുമായി എംബസി ഉദ്യോഗസ്ഥർ സംസാരിച്ചു. ഇരുനൂറിലേറെ വിദ്യാർത്ഥികൾ അർമേനിയൻ അതിർത്തി കടന്നു. വിദ്യാർത്ഥികളുടെ ഒഴിപ്പിക്കലിൽ സർവകലാശാലകളുടെയും പിന്തുണ ഇന്ത്യ തേടിയിട്ടുണ്ട്. ഇറാൻ, ഇസ്രയേൽ വിദേശകാര്യ മന്ത്രിമാരുമായി, വിദേശകാര്യ മന്ത്രി എസ്.ജയശങ്കർ സംസാരിച്ചു എന്നാണ് ലഭിക്കുന്ന വിവരം.

വാട്ട്‌സ്ആപ്പിലും പരസ്യങ്ങൾ വരുന്നു!

ജനപ്രിയ ചാറ്റ് ആപ്പായ വാട്ട്‌സ്ആപ്പിൽ ഇനി  പരസ്യങ്ങളും. ഇൻസ്റ്റാഗ്രാം സ്റ്റോറികളിലെ പരസ്യങ്ങൾക്ക് സമാനമായി വാട്ട്‌സ്ആപ്പിൽ പരസ്യങ്ങൾ സ്റ്റാറ്റസുകളിൽ ദൃശ്യമാകും.

ഇൻസ്റ്റാഗ്രാമിൽ കുറച്ച് സ്റ്റോറികൾ കണ്ടതിന് ശേഷം നിങ്ങൾ ഒരു പരസ്യം കാണുന്നതുപോലെ, കുറച്ച് സ്റ്റാറ്റസ് അപ്‌ഡേറ്റുകളിലൂടെ സ്ക്രോൾ ചെയ്‌തതിന് ശേഷം നിങ്ങൾ ഇപ്പോൾ വാട്ട്‌സ്ആപ്പിലും  പരസ്യങ്ങൾ കാണാൻ കഴിയും. ചാറ്റ് ഫീഡുകളിലോ സംഭാഷണങ്ങളിലോ ആപ്പ് പരസ്യങ്ങൾ പ്രദർശിപ്പിക്കില്ല.

ഉപയോക്താക്കളുടെ രാജ്യം അല്ലെങ്കിൽ നഗരം, ഭാഷ, അവർ പിന്തുടരുന്ന ചാനലുകൾ തുടങ്ങിയ സിഗ്നലുകളും ഉപയോക്താക്കൾ സംവദിക്കുന്ന പരസ്യങ്ങളിൽ നിന്നുള്ള ഡാറ്റയും തങ്ങളുടെ പരസ്യ സംവിധാനം ഉപയോഗിക്കുന്നുണ്ടെന്ന് കമ്പനി പറഞ്ഞു.

ഒരു ഉപയോക്താവ് അവരുടെ വാട്സ്ആപ്പ് അക്കൗണ്ട് മെറ്റയുടെ അക്കൗണ്ട് സെന്ററിലേക്ക് സംയോജിപ്പിച്ചിട്ടുണ്ടെങ്കിൽ, പരസ്യങ്ങൾ കാണിക്കാൻ കമ്പനി അവരുടെ അക്കൗണ്ട് മുൻഗണനകൾ ഉപയോഗിക്കും.

ഫേസ്ബുക്ക്, ഇൻസ്റ്റാഗ്രാം, മറ്റ് സോഷ്യൽ പ്ലാറ്റ്‌ഫോമുകൾ എന്നിവയിൽ നിന്ന് വ്യത്യസ്തമായി, 2014ൽ മെറ്റാ ഏറ്റെടുത്തതിനു ശേഷം വളരെ കുറച്ച് പരസ്യങ്ങൾ മാത്രമേ ആപ്പ് നൽകിയിട്ടുള്ളൂ.

ജിഫ്രി മുത്തുക്കോയ തങ്ങളുമായി കൂടിക്കാഴ്ച നടത്തി പി വി അൻവർ

നിലമ്പൂർ:  സമസ്ത അധ്യക്ഷൻ ജിഫ്രി മുത്തുക്കോയ തങ്ങളെ സന്ദർശിച്ച് മുൻ എംഎൽഎയും സ്വതന്ത്ര സ്ഥാനാർത്ഥിയുമായ പി വി അൻവർ.

സമസ്ത ഇ കെ വിഭാഗത്തിന് മണ്ഡലത്തിലുള്ള ശക്തമായ സ്വാധീനവും സമസ്തയ്ക്കുള്ളിൽ വളർന്നുവരുന്ന ലീഗ് വിരുദ്ധ ചേരിയുടെ വോട്ടുമാണ് അൻവർ ഇതിലൂടെ ലക്ഷ്യം വെയ്ക്കുന്നത് എന്നാണ് വിലയിരുത്തൽ.

പരസ്യ പ്രചാരണം സമാപിക്കുന്ന ഇന്ന് വൈകുന്നേരത്തെ കൊട്ടിക്കലാശം ഒഴിവാക്കി ഭവന സന്ദർശനം മാത്രമാക്കി ചുരുക്കാൻ തീരുമാനിച്ചതിന് ശേഷം അൻവറിന്റെ ആദ്യ കൂടിക്കാഴ്ചയാണിത്.

നേരത്തെ കാന്തപുരം എ പി അബൂബക്കർ മുസ്‌ലിയാരുമായും അൻവർ കൂടിക്കാഴ്ച്ച നടത്തിയിരുന്നു. തുടർന്നാണ് ഇന്ന് ജിഫ്രി തങ്ങളെ കണ്ടത്.