അതിജീവിതയെ അപമാനിച്ചെന്ന പരാതി: സന്ദീപ് വാര്യരുടെ അറസ്റ്റ് തടഞ്ഞ് കോടതി

തിരുവനന്തപുരം: രാഹുൽ മാങ്കൂട്ടത്തിൽ ക്രൂരമായി ബലാത്സംഗം ചെയ്ത കേസിലെ അതിജീവിതയെ അപമാനിച്ച കേസിൽ കോൺഗ്രസ് നേതാവ് സന്ദീപ് വാര്യരുടെ അറസ്റ്റ് തടഞ്ഞ് കോടതി.

അതിജീവിതയുടെ ചിത്രം സന്ദീപിന്റെ ഫെയ്‌സ്ബുക്ക് അക്കൗണ്ടിൽ മുമ്പ് പോസ്റ്റ് ചെയ്തിട്ടുണ്ടായിരുന്നു. എന്നാൽ, ചിത്രം നേരത്തെ താൻ പോസ്റ്റ് ചെയ്തിരുന്നുവെന്നും അത് നീക്കം ചെയ്യുകയാണെന്നും അറിയിച്ചുകൊണ്ട് സന്ദീപ് ചിത്രം പിൻവലിച്ചത് ആസൂത്രിതനീക്കമാണെന്നാണ് പൊലീസ് സംശയിക്കുന്നത്.

അതേസമയം മുൻകൂർ ജാമ്യാപേക്ഷ പരിഗണിക്കുന്നത് തിരുവനന്തപുരം ജില്ലാ കോടതിയിലേക്ക് മാറ്റി.   രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയുടെ പീഡനത്തിനിരയായ അതിജീവിതയ്ക്ക് നേരെ നടക്കുന്ന സൈബർ ആക്രമണങ്ങൾക്കെതിരെ പൊലീസ് നടപടി സ്വീകരിച്ചതിന് പിന്നാലെയാണ് സന്ദീപ് വാര്യർക്കെതിരെ കേസെടുത്തിരുന്നത്.

ഇതിന് പിന്നാലെ തിരുവനന്തപുരം പ്രിൻസിപ്പൽ സെഷൻസ് കോടതിയിൽ സന്ദീപ് മുൻകൂർ ജാമ്യാപേക്ഷ നൽകിയിരുന്നു.  

തെരുവുനായയെ തല്ലിക്കൊന്നു; യുഡിഎഫ് സ്ഥാനാർഥിക്കെതിരെ കേസ്

കൊല്ലം:  തെരുവുനായയെ തല്ലിക്കൊന്ന യുഡിഎഫ് സ്ഥാനാർഥിക്കെതിരെ പോലീസ് കേസെടുത്തു.

കഴിഞ്ഞ ദിവസങ്ങളിൽ ആറുപേരെ ആക്രമിച്ച തെരുവ് നായയെ സ്ഥാനാർഥിയും പ്രവർത്തകരും ചേർന്ന് തിരച്ചിൽ നടത്തി കണ്ടെത്തി.

പിടികൂടാനുള്ള ശ്രമത്തിനിടെ നായ ആക്രമിച്ചെന്നും അടിയേറ്റ് നായ ചത്തെന്നും സുരേഷ് ചന്ദ്രൻ പറയുന്നു. അധികൃതർ ഇടപെടാത്ത സാഹചര്യത്തിൽ ജനങ്ങളുടെ നിരന്തര ആവശ്യത്തെ തുടർന്നാണ് തെരുവുനായയെ പിടികൂടാൻ ശ്രമിച്ചതെന്നും സ്ഥാനാർഥി പറഞ്ഞു

പടിഞ്ഞാറേകല്ലട പഞ്ചായത്ത്, കാരാളിമുക്ക് ടൗൺ വാർഡിലെ യുഡിഎഫ് സ്ഥാനാർഥി സുരേഷ് ചന്ദ്രനെതിരെയാണ് ശാസ്താംകോട്ട പോലീസ് കേസെടുത്തത്.

#അവൾക്കൊപ്പം; പോസ്റ്റ് പങ്കുവച്ച് മന്ത്രി വി. ശിവൻകുട്ടി

കൊച്ചി: നടിയെ ആക്രമിച്ച കേസിൽ ഇന്ന് വിധി പറയും. സംഭവം നടന്ന് എട്ട് വർഷത്തിന് ശേഷമാണ് വിചാരണ കോടതി കേസിൽ വിധി പറയുന്നത്.

നടൻ ദിലീപ് ഉൾപ്പെടെ പത്ത് പ്രതികളാണ് കേസിൽ ഉൾപ്പെട്ടിരിക്കുന്നത്. വിധി പ്രസ്താവിക്കുന്ന ഇന്ന് എല്ലാ പ്രതികളോടും കോടതിയിൽ ഹാജരാകണമെന്നും നിർദ്ദേശിച്ചിട്ടുണ്ട്.

സുനിൽ എൻ എസ്/ പൾസർ സുനി, മാർട്ടിൻ ആൻറണി, ബി. മണികണ്ഠൻ, വി പി വിജീഷ്, സലിം എച്ച്/ വടിവാൾ സലിം, പ്രദീപ്, ചാർലി തോമസ്, പി ഗോപാലകൃഷ്ണൻ/ ദിലീപ്, സനിൽ കുമാർ/ മേസ്തിരി സനിൽ, ശരത് ജി നായർ എന്നിവരാണ് കേസിലെ ഒന്ന് മുതൽ 10വരെയുള്ള പ്രതികൾ.

വിധി കേൾക്കാൻ കാത്തിരിക്കെ #അവൾക്കൊപ്പം ക്യാമ്പെയ്ൻ സാമൂഹിക മാധ്യമങ്ങളിൽ നിറയകുയാണ്. മന്ത്രി വി ശിവൻകുട്ടിയും ഇത്തരമൊരു പോസ്റ്റ് പങ്കുവെച്ചിട്ടുണ്ട്.

നടിയെ അക്രമിച്ച കേസ്: പൾസർസുനി ഉൾപ്പെടെ ഒന്നുമുതൽ ആറ് വരെയുള്ള പ്രതികൾ കുറ്റക്കാർ

കൊച്ചി: കേരളം കാത്തിരുന്ന വിധി വന്നു, നടിയെഅക്രമിച്ച കേസിൽ പൾസർസുനി ഉൾപ്പെടെ ഒന്നുമുതൽ ആറ് വരെയുള്ള പ്രതികൾ കുറ്റക്കാർ. കൂട്ടബലാത്സംഗം തെളിഞ്ഞു.

പ്രേരണാ കുറ്റം നിലനിൽക്കും.

നടിയെ അക്രമിച്ച കേസ്: എട്ടാം പ്രതി ദിലീപിനെ വെറുതെവിട്ടു

കൊച്ചി: നടിയെ ആക്രമിച്ച കേസിൽ എട്ടാം പ്രതിയായ നടൻ ദിലീപിനെ വെറുതെ വിട്ടു. കേസിലെ ഒന്നാം പ്രതിയായ പള്‍സര്‍ സുനിയടക്കമുള്ള ആറുപ്രതികള്‍ കുറ്റക്കാരെന്ന് കോടതി കണ്ടെത്തി.

എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതി ജ‍ഡ്ജി ഹണി എം വർഗീസാണ് ആറു വർഷം നീണ്ട വിചാരണ പൂർത്തിയാക്കി കേസിൽ വിധി പറഞ്ഞത്.

കൃത്യത്തിൽ നേരിട്ട് പങ്കെടുത്ത ആറു പ്രതികളടക്കം പത്തുപേരാണ് വിചാരണ നേരിട്ടത്. ആക്രമിക്കപ്പെട്ട നടിയോടുളള വ്യക്തിവിരോധത്തെത്തുടർന്ന് ബലാത്സംഗത്തിന് ക്വട്ടേഷൻ കൊടുത്തുവെന്നാണ് ദിലീപിനെതിരായ കേസ്. എന്നാൽ, തന്നെ കേസിൽപെടുത്തിയാണെന്നും പ്രോസിക്യുഷൻ കെട്ടിച്ചമച്ച തെളിവുകളാണ് കോടതിയിൽ എത്തിയതെന്നുമായിരുന്നു ദിലീപിന്‍റെ വാദം.

കൃത്യത്തിൽ നേരിട്ട് പങ്കെടുത്ത പൾസർ സുനിയടക്കം ആറു പ്രതികൾക്കെതിരെ കൂട്ട ബലാത്സംഗം, തട്ടിക്കൊണ്ടുപോകൽ, ഗൂഡാലോചന എന്നീ കുറ്റങ്ങളാണ് പ്രധാനമായും ചുമത്തിയിരിക്കുന്നത്.

ഇവയെല്ലാം തെളിഞ്ഞു. കൃത്യത്തിൽ നേരിട്ട് പങ്കെടുത്തില്ലെങ്കിലും സംഭവത്തിന്‍റെ മുഖ്യ ആസൂത്രകൻ എന്ന് പ്രോസിക്യൂഷൻ ആരോപിക്കുന്ന എട്ടാം പ്രതിയായ ദിലീപിനെതിരെയും ബലാത്സംഗ കുറ്റം ചുമത്തിയിരുന്നു.

കുതിച്ചുയർന്ന് സ്വർണവില: ഇന്നത്തെ നിരക്കറിയാം

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വ‌ർണവില ഇന്നും മുകളിലേക്ക് കുതിച്ചുയരുകയാണ്.95,640 രൂപയാണ് ഒരു പവൻ സ്വർണത്തിൻ്റെ ഇന്നത്തെ വില. 11,955 രൂപയാണ് ഒരു ഗ്രാം സ്വർണത്തിന്റെ ഇന്നത്തെ വില. ഇന്നലത്തെ വിലയിൽ നിന്നും 200 രൂപയാണ് ഇന്ന് വർധിച്ചത്.95,440 ആയിരുന്നു ഇന്നലത്തെ വില.

ഡിസംബ‌ർ നാലിനാണ് ഈ വർഷത്തെ ഏറ്റവും കുറഞ്ഞ വില. 95,080 രൂപയായിരുന്നു അന്നത്തെ വില. അഞ്ചാം തീയതിയാണ് ഏറ്റവും കൂടിയ വില 95,840 രൂപയായിരുന്നു.

വർഷം അവസാനിക്കാൻ ദിവസങ്ങൾ മാത്രം ബാക്കിയിരിക്കെയാണ് സ്വർണ വില മുകളിലേക്ക് തന്നെ കുതിക്കുന്നത്. ഇത് വരും വ‌ർഷം വിപണിയെ എങ്ങനെ ബാധിക്കുമെന്ന സംശയത്തിലാണ്. രാജ്യാന്തര വിപണിയിലെ ചലനങ്ങളാണ് സ്വർണവിലയിൽ മാറ്റങ്ങൾക്ക് കാരണം.

30-ാമത് കേരള രാജ്യാന്തര ചലച്ചിത്രമേള; മൺമറഞ്ഞ പ്രതിഭകൾക്ക് ആദരം, ഹോമേജ് വിഭാഗത്തിൽ 11 ക്ലാസിക് ചിത്രങ്ങൾ

0

തിരുവനന്തപുരം: ലോക സിനിമയിലേക്ക് അനശ്വര സംഭാവനകൾ നൽകിയ മൺമറഞ്ഞ പ്രതിഭകളെ അനുസ്മരിച്ചു കൊണ്ട് 30-ാം കേരള രാജ്യാന്തര ചലച്ചിത്രമേളയുടെ ഹോമേജ് വിഭാഗം സമൃദ്ധമാകുന്നു. മലയാള, ഇന്ത്യൻ, അന്തർദേശീയ സിനിമകളിലെ പ്രഗത്ഭരായ സംവിധായകരുടെയും അഭിനേതാക്കളുടെയും 11 മികച്ച ചിത്രങ്ങളാണ് ഇത്തവണ പ്രദർശിപ്പിക്കുന്നത്.

ഡേവിഡ് ലിഞ്ച് മുതൽ റെഡ്‌ഫോർഡ് വരെ – ലോക സിനിമയുടെ മികവുകൾ

1986ൽ പുറത്തിറങ്ങിയ ഡേവിഡ് ലിഞ്ചിന്റെ സൈക്കോളജിക്കൽ ത്രില്ലർ ബ്ലൂ വെൽവറ്റ്,
വാട്ടർഗേറ്റ് വിവാദത്തെ ആസ്പദമാക്കിയ റോബർട്ട് റെഡ്‌ഫോർഡിന്റെ ‘ഓള്‍ ദ പ്രസിഡന്റ്സ് മെന്‍’,
ക്ലോഡിയ കാര്‍ഡിനാലിന്റെ ‘എയ്റ്റ് ആന്റ് ഹാഫ്’,
വുഡി അലൻ സംവിധാനം ചെയ്ത ഡയാൻ കീറ്റൺ ചിത്രം ‘ആനി ഹാള്‍’
എന്നിവ ഉൾപ്പെടെ ലോക സിനിമയിലെ പ്രധാന നേട്ടങ്ങൾ ഹോമേജ് വിഭാഗത്തിലുണ്ട്.

2024ൽ അന്തരിച്ച ശ്യാം ബെനഗലിന് ആദരമായി, സ്മിത പാട്ടീലിന്റെ കരിയറിലെ മൈൽസ്റ്റോൺ ചിത്രമായ ഭൂമിക
ഈ വർഷം പ്രദർശിപ്പിക്കും.

മലയാളത്തിന്റെ അഭിമാനമായ എം.ടി. വാസുദേവൻ നായരുടെ നിർമ്മാല്യം, കടവ് എന്നീ രണ്ട് കൃതികളും ഹോമേജ് ലിസ്റ്റിൽ ഇടം നേടി. നിർമ്മാല്യം ദേശീയ പുരസ്കാരം നേടിയ ചരിത്രചിത്രമാണ്.

ജെ.സി. ഡാനിയേൽ അവാർഡ് ജേതാവായ ഷാജി എൻ. കരുണിന്റെ വാനപ്രസ്ഥവും കുട്ടിസ്രാങ്ക്ഉം പ്രദർശിപ്പിക്കപ്പെടുന്നു. കേരളത്തെ ആഗോളചലച്ചിത്രനിരയിൽ പ്രശസ്തമാക്കിയ രണ്ടു സിനിമകൾ എന്ന നിലയിൽ ഇവയ്ക്കുള്ള പ്രാധാന്യം പ്രത്യേകമാണ്.

വയലാറിനും സലീൽ ചൗധരിക്കും ആദരം

വയലാർ രാമവർമ്മയുടെ ചരമവാർഷികവും സലീൽ ചൗധരിയുടെ ജന്മശതാബ്ദിയും അനുസ്മരിച്ച്,
മലയാള ചലച്ചിത്ര ചരിത്രത്തിലെ മൈൽസ്റ്റോൺ ആയ ചെമ്മീൻ പ്രദർശിപ്പിക്കുന്നു.

ജന്മശതാബ്ദിയെന്ന പ്രത്യേക സാഹചര്യത്തിൽ പ്രശസ്ത സംവിധായകൻ ഗുരുദത്തിന്റെ പ്യാസയും ഹോമേജ് വിഭാഗത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

മേളയുടെ ഹോമേജ് വിഭാഗം ഈ വർഷം സൃഷ്ടാത്മകതയും കലാപാരമ്പര്യവും ആഘോഷിക്കുന്ന അപൂർവ അവസരമാണ്. മൺമറഞ്ഞ മാസ്റ്റർമാരുടെ ശില്പകലയും അവരുടെ സിനിമയ്ക്ക് നൽകിയ സംഭാവനകളുമെല്ലാം പുതുതലമുറയ്ക്കു പരിചയപ്പെടുത്തുന്ന മഹത്തരമായ വേദിയായി ഇത്തവണത്തെ കെ.ഐ.എഫ്.എഫ് മാറുന്നു.

സൗദി അറേബ്യയിൽ ക്രൂഡ് ഓയിലിന്റെ വിലയിൽ വലിയ ഇളവ്; ഏഷ്യൻ രാജ്യങ്ങൾക്ക് ലഭിക്കാൻ പോകുന്നത് അഞ്ച് വർഷത്തിനിടയിലെ ഏറ്റവും താഴ്ന്ന നിരക്കിൽ

0

റോയിട്ടേഴ്സ് പുറത്തുവിട്ട വിലനിർണ്ണയ രേഖകൾ പ്രകാരം, സൗദി അറേബ്യ 2026 ജനുവരിയിൽ വിതരണം ചെയ്യുന്ന ക്രൂഡ് ഓയിലിന്റെ വിലയിൽ വലിയ ഇളവ് പ്രഖ്യാപിച്ചു. ഏഷ്യൻ രാജ്യങ്ങൾക്ക് ലഭിക്കുന്ന ക്രൂഡ് ഓയിലിന്റെ വിൽപന വില അഞ്ച് വർഷത്തിനിടയിലെ ഏറ്റവും താഴ്ന്ന നിരക്കിലേക്ക് കുറച്ചിരിക്കുകയാണ്.

സൗദി അറേബ്യ രണ്ടാമത്തെ മാസവും ക്രൂഡ് ഓയിലിന്റെ വില കുറയ്ക്കുകയാണ്. ഏഷ്യയിലേക്കുള്ള അറബ് ലൈറ്റ് ക്രൂഡ് ഓയിലിന്റെ വില, ഒമാൻ/ദുബായ് ശരാശരിയേക്കാൾ ബാരലിന് 0.60 ഡോളർ എന്ന നിലയിലേക്ക് താഴ്ന്നു. 2021 ജനുവരിക്ക് ശേഷമുള്ള ഏറ്റവും കുറഞ്ഞ നിരക്ക്.

ഡിസംബറിൽ ദുബായ് ഓയിലിന്റെ പ്രീമിയം ശരാശരി 90 സെന്റിൽ നിന്ന് 70 സെന്റിലേക്ക് താഴ്ന്നതും ഈ ഇടിവിന് പശ്ചാത്തലമായി.

വിലയിൽ ഇളവ് വരുത്തേണ്ടി വന്നതിന്റെ പ്രധാന കാരണം ആഗോള വിപണിയിലെ അമിത ഉത്പാദനം ആണ്. ഒപെക് രാജ്യങ്ങൾ ഉത്പാദനം വർദ്ധിപ്പിച്ചു. യു.എസ്., ബ്രസീൽ ഉൾപ്പെടെയുള്ള ഒപെക് ഇതര രാജ്യങ്ങളും ഉത്പാദനം കൂട്ടി. ഇതോടെ വിപണിയിൽ എണ്ണയുടെ ലഭ്യത കൂടുതലായി, വില താഴോട്ട് പോയി.

ഒപെക് 2025 നവംബറിൽ ചെയ്ത പ്രവചനപ്രകാരം 2026-ൽ വിതരണത്തിൽ കുറവ് ഉണ്ടാകുമെന്ന് കരുതിയിരുന്നു.
എന്നാൽ പുതിയ കണക്കുകൾ പ്രകാരം ഇപ്പോൾ ഉത്പാദനം ദിനം 20,000 ബാരൽ വർദ്ധിക്കുമെന്നും,
2026-ലെ ആഗോള ഡിമാൻഡ് പ്രവചനം 1 ലക്ഷം ബാരൽ വരെ കുറയുമെന്നും ഒപെക് വ്യക്തമാക്കുന്നു.

ചൈനയ്ക്ക് വലിയ നേട്ടം

വിലയിടിവ് ഏഷ്യൻ വിപണികൾക്ക്, പ്രത്യേകിച്ച് ചൈനയിലെ റിഫൈനറി കമ്പനികൾക്ക്, വലിയ അനുഗ്രഹമാകുമെന്ന് വിദഗ്ധർ വിലയിരുത്തുന്നു. കുറഞ്ഞ വിലയിൽ വൻതോതിൽ ക്രൂഡ് വാങ്ങാനുള്ള സാധ്യത ഇതോടെ ഉയരും.

സുരക്ഷ ഫീച്ചറുമായി ഗൂഗിൾ; സ്കാം കോളുകൾക്കിടെ ഇനി ബാങ്കിങ് സേവനങ്ങൾ നടക്കില്ല

സ്കാം കോളുകൾക്കിടെ ഇനി ബാങ്കിങ് സേവനങ്ങൾ നടക്കില്ല. സ്‌കാം കോളുകൾ ലഭിക്കുമ്പോൾ ബാങ്കിംഗ് ആപ്പുകൾ തുറന്നാൽ,ആൻഡ്രോയിഡ് ഫോണുകൾ  നിങ്ങളെ അറിയിക്കും.

സൈബർ തട്ടിപ്പിനെതിരെ ആൻഡ്രോയിഡിന്റെ പ്രതിരോധം കൂടുതൽ ശക്തവും സുരക്ഷിതവുമാക്കുന്നതിനാണ് ഗൂഗിൾ ഇൻ-കോൾ സ്‌കാം പ്രൊട്ടക്ഷൻ എന്ന പുതിയ ഫീച്ചർ അവതരിപ്പിച്ചിരിക്കുന്നത്.

ബാങ്കിൽ നിന്നുള്ളവരാണെന്ന് അവകാശപ്പെടുന്ന ആളുകളെ വിളിച്ച് ഫോൺ വിച്ഛേദിക്കാതെ പണം കൈമാറാൻ ആവശ്യപ്പെടുന്നതാണ് സൈബർ തട്ടിപ്പിന്റെ ഒരു സാധാരണ രീതി.

അത്തരം സ്‌കാമുകൾ തടയുന്നതിനാണ് ഗൂഗിളിന്റെ ഈ പുതിയ സംവിധാനം രൂപകൽപ്പന ചെയ്തിരിക്കുന്നത്.  ഫോണുകളിൽ സേവ് ചെയ്യാത്ത നമ്പറിൽ നിന്ന് കോളുകൾ വരുകയാണെങ്കിൽ ബാങ്കിങ് ആപ്പ് ഓപ്പൺ ആകുകയും ഉടൻ തന്നെ സ്ക്രീനിൽ ഒരു മുന്നറിയിപ്പ് പ്രത്യക്ഷപ്പെടുകയും ചെയ്യും.

ഉടൻ തന്നെ കോൾ കട്ട് ചെയ്യുകയോ സ്ക്രീൻ ഷെയറിംഗ് ബ്ലോക്ക് ചെയ്യുകയോ ചെയ്യാവുന്നതാണ്. കോൾ തുടരുകയാണെങ്കിൽ ഫോണിൽ 30 സെക്കൻഡ് നേരത്തേക്ക് തടസ്സം നേരിടും. ഇങ്ങനെ ഉണ്ടാകുമ്പോൾ തന്നെ ഇത് ഒരു അപകട മുന്നറിയിപ്പായി കണ്ട് ഉപയോക്താക്കൾക്ക് ട്രാൻസാക്ഷനിൽ നിന്ന് പിന്മാറാവുന്നതാണ്.

സുരക്ഷ ഫീച്ചറുമായി ഗൂഗിൾ; സ്കാം കോളുകൾക്കിടെ ഇനി ബാങ്കിങ് സേവനങ്ങൾ നടക്കില്ല

സ്കാം കോളുകൾക്കിടെ ഇനി ബാങ്കിങ് സേവനങ്ങൾ നടക്കില്ല. സ്‌കാം കോളുകൾ ലഭിക്കുമ്പോൾ ബാങ്കിംഗ് ആപ്പുകൾ തുറന്നാൽ,ആൻഡ്രോയിഡ് ഫോണുകൾ  നിങ്ങളെ അറിയിക്കും.

സൈബർ തട്ടിപ്പിനെതിരെ ആൻഡ്രോയിഡിന്റെ പ്രതിരോധം കൂടുതൽ ശക്തവും സുരക്ഷിതവുമാക്കുന്നതിനാണ് ഗൂഗിൾ ഇൻ-കോൾ സ്‌കാം പ്രൊട്ടക്ഷൻ എന്ന പുതിയ ഫീച്ചർ അവതരിപ്പിച്ചിരിക്കുന്നത്.

ബാങ്കിൽ നിന്നുള്ളവരാണെന്ന് അവകാശപ്പെടുന്ന ആളുകളെ വിളിച്ച് ഫോൺ വിച്ഛേദിക്കാതെ പണം കൈമാറാൻ ആവശ്യപ്പെടുന്നതാണ് സൈബർ തട്ടിപ്പിന്റെ ഒരു സാധാരണ രീതി.

അത്തരം സ്‌കാമുകൾ തടയുന്നതിനാണ് ഗൂഗിളിന്റെ ഈ പുതിയ സംവിധാനം രൂപകൽപ്പന ചെയ്തിരിക്കുന്നത്.  ഫോണുകളിൽ സേവ് ചെയ്യാത്ത നമ്പറിൽ നിന്ന് കോളുകൾ വരുകയാണെങ്കിൽ ബാങ്കിങ് ആപ്പ് ഓപ്പൺ ആകുകയും ഉടൻ തന്നെ സ്ക്രീനിൽ ഒരു മുന്നറിയിപ്പ് പ്രത്യക്ഷപ്പെടുകയും ചെയ്യും.

ഉടൻ തന്നെ കോൾ കട്ട് ചെയ്യുകയോ സ്ക്രീൻ ഷെയറിംഗ് ബ്ലോക്ക് ചെയ്യുകയോ ചെയ്യാവുന്നതാണ്. കോൾ തുടരുകയാണെങ്കിൽ ഫോണിൽ 30 സെക്കൻഡ് നേരത്തേക്ക് തടസ്സം നേരിടും. ഇങ്ങനെ ഉണ്ടാകുമ്പോൾ തന്നെ ഇത് ഒരു അപകട മുന്നറിയിപ്പായി കണ്ട് ഉപയോക്താക്കൾക്ക് ട്രാൻസാക്ഷനിൽ നിന്ന് പിന്മാറാവുന്നതാണ്.

റീഫണ്ടിങ് നടപടികള്‍ ഞായറാഴ്ച രാത്രിക്കകം നൽകണം; ഇന്‍ഡിഗോയ്ക്ക് കര്‍ശന നിര്‍ദേശം നല്‍കി കേന്ദ്രം

ഡൽഹി: ഇന്‍ഡിഗോയിലെ പ്രതിസന്ധികള്‍ക്കിടെ വിമാനം റദ്ദാക്കലുമായി ബന്ധപ്പെട്ട് എയര്‍ലൈന്‍ കമ്പനിക്ക് കര്‍ശന നിര്‍ദേശവുമായി കേന്ദ്ര വ്യോമയാന മന്ത്രാലയം.

ഡിസംബർ 7 ന് രാത്രി 8 മണിക്കുള്ളിൽ എല്ലാ യാത്രക്കാരുടെയും റീഫണ്ടുകൾ നൽകണമെന്ന് സിവിൽ ഏവിയേഷൻ മന്ത്രാലയം (MoCA) ഇൻഡിഗോയോട് നിർദ്ദേശിച്ചു.

‘റദ്ദാക്കിയതോ തടസ്സപ്പെട്ടതോ ആയ എല്ലാ വിമാനങ്ങള്‍ക്കുമുള്ള പണം തിരികെ നല്‍കുന്ന പ്രക്രിയ ഡിസംബര്‍ ഏഴ്, ഞായറാഴ്ച രാത്രി 8:00 മണിയോടെ പൂര്‍ണ്ണമായി പൂര്‍ത്തിയാക്കണം’ വ്യോമയാന മന്ത്രാലയം പ്രസ്താവനയില്‍ അറിയിച്ചു.

വിമാനങ്ങള്‍ റദ്ദാക്കിയതുമൂലം യാത്ര മുടങ്ങിയ യാത്രക്കാരില്‍ നിന്ന് റീ ഷെഡ്യൂളിംഗ് ചാര്‍ജുകള്‍ ഈടാക്കരുതെന്നും ഇന്‍ഡിഗോയ്ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

പണം തിരികെ നല്‍കുന്നതില്‍ എന്തെങ്കിലും കാലതാമസമോ ചട്ടലംഘനമോ ഉണ്ടായാല്‍ ‘ഉടനടി നിയന്ത്രണ നടപടികള്‍’ സ്വീകരിക്കുമെന്നും മന്ത്രാലയം കൂട്ടിച്ചേര്‍ത്തു.

വിമാന ടിക്കറ്റ് നിരക്ക് വർധനയിൽ ഇടപെട്ട് വ്യോമയാന മന്ത്രാലയം

ചില വിമാനക്കമ്പനികൾ അസാധാരണമാംവിധം ഉയർന്ന നിരക്ക് ഈടാക്കുന്നത് ഗൗരവമുള്ളതാണെന്ന്  വ്യോമയാന മന്ത്രാലയം. നിലവിലുള്ള നിരക്ക് പരിധികൾ കർശനമായി പാലിക്കണമെന്ന് സിവിൽ വ്യോമയാന മന്ത്രാലയവും നിർദ്ദേശിച്ചിട്ടുണ്ട്.

സാഹചര്യം നിയന്ത്രണവിധേയമാകുന്നതുവരെ നിർദ്ദേശങ്ങൾ പാലിക്കണം. വിമാനക്കമ്പനികളുടെ നിരക്കുകൾ നിരീക്ഷിക്കുന്നുണ്ടെന്നും മന്ത്രാലയം അറിയിച്ചു.

മുൻകൂട്ടി നിശ്ചയിച്ച നിരക്ക് പരിധികൾ കർശനമായി പാലിക്കണമെന്ന് നിർദ്ദേശിച്ചിട്ടുണ്ട്. നിർദ്ദിഷ്ട മാനദണ്ഡങ്ങൾ മാറ്റിയാൽ നടപടിയെടുക്കുമെന്നും മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

ഇൻഡിഗോയിലെ പ്രതിസന്ധിയെത്തുടർന്ന് മറ്റ് കമ്പനികൾ ടിക്കറ്റ് വില കുത്തനെ വർദ്ധിപ്പിച്ചിട്ടുണ്ട്, ഇത് യാത്രക്കാരെ ഇരുട്ടിലാക്കി. പല റൂട്ടുകളിലും നിരക്ക് പത്തിരട്ടിയായി വർദ്ധിപ്പിച്ചു.

ഡൽഹി-തിരുവനന്തപുരം നിരക്ക് 30,000-ത്തിലധികമാണ്. ഇന്ന് ആയിരത്തോളം സർവീസുകൾ റദ്ദാക്കുമെന്ന് കമ്പനി പ്രഖ്യാപിച്ചു.

അതേസമയം, ഇൻഡിഗോ വിമാന പ്രതിസന്ധിയെക്കുറിച്ച് സിവിൽ വ്യോമയാന മന്ത്രാലയം അന്വേഷണം ആരംഭിച്ചു. നാലംഗ സമിതി ഇൻഡിഗോ ഉദ്യോഗസ്ഥരെ വിളിച്ചുവരുത്തി വിശദീകരണം തേടും. ഈ മാസം 15 ന് റിപ്പോർട്ട് സമർപ്പിക്കും.

ഡിജിസിഎ നിയന്ത്രണങ്ങൾ നടപ്പിലാക്കാൻ മതിയായ സമയം ലഭിച്ചിട്ടും കമ്പനിയുടെ ഭാഗത്ത് നിന്ന് ഗുരുതരമായ വീഴ്ച സംഭവിച്ചതായി പ്രാഥമിക റിപ്പോർട്ട് വ്യക്തമാക്കുന്നു. അതേസമയം, ഈ മാസം 15 ഓടെ പ്രതിസന്ധി പരിഹരിക്കുമെന്ന് ഇൻഡിഗോ അറിയിച്ചു.

ജോലി സമയം കഴിഞ്ഞാൽ ഇമെയിലും വേണ്ട, ഫോണും വേണ്ട; ‘റൈറ്റ് റ്റു ഡിസ്‌കണക്‌ട്’ ബിൽ സഭയിൽ അവതരിപ്പിച്ചു

ന്യൂഡല്‍ഹി: ഓഫീസ് സമയത്തിനപ്പുറം ഏതെങ്കിലും ജോലി സംബന്ധമായ കോളുകള്‍ എടുക്കുന്നതില്‍ നിന്നും ഇ-മെയിലുകള്‍ക്ക് മറുപടി നല്‍കുന്നതില്‍ നിന്നും ജീവനക്കാരെ ഒഴിവാക്കാന്‍ അനുവദിക്കുന്ന സ്വകാര്യ ബില്‍  ലോക്സഭയില്‍ അവതരിപ്പിച്ചു.

ജീവനക്കാരുടെ ക്ഷേമത്തിനായി വെല്‍ഫെയര്‍ അതോറിറ്റി രൂപീകരിക്കണമെന്ന് ആവശ്യപ്പെട്ട് ‘റൈറ്റ് ടു ഡിസ്‌കണക്റ്റ് ബില്‍, 2025’ എന്‍സിപി എംപി സുപ്രിയ സുലെയാണ് അവതരിപ്പിച്ചത്.

ലോക്‌സഭയിലെയും രാജ്യസഭയിലെയും അംഗങ്ങള്‍ക്ക് സര്‍ക്കാര്‍ നിയമനിര്‍മ്മാണം ആവശ്യമാണെന്ന് തോന്നുന്ന വിഷയങ്ങളില്‍ സ്വകാര്യ ബില്ലുകള്‍ അവതരിപ്പിക്കാന്‍ കഴിയും. മിക്ക കേസുകളിലും, നിര്‍ദ്ദിഷ്ട നിയമത്തിന് സര്‍ക്കാര്‍ മറുപടി നല്‍കിയതിന് ശേഷം അംഗം സ്വകാര്യ ബില്‍ പിന്‍വലിക്കുന്നതാണ് പതിവ്.

ജോലി സമയത്തിന് ശേഷവും അവധി ദിവസങ്ങളിലും ജോലി സംബന്ധമായ കോളുകളില്‍ നിന്നും ഇ-മെയിലുകളില്‍ നിന്നും വിട്ടുനില്‍ക്കാന്‍ ഓരോ ജീവനക്കാരനും അവകാശം നല്‍കുന്നതാണ് ബില്‍.

അത്തരം ആശയവിനിമയങ്ങള്‍ക്ക് മറുപടി നല്‍കുന്നതില്‍ നിന്ന് വിട്ടുനില്‍ക്കാന്‍ ജീവനക്കാരെ അനുവദിക്കുന്നതാണ് ബില്ലിലെ വ്യവസ്ഥ. സമാനമായ ബില്‍ കേരള നിയമസഭയില്‍ അവതരിപ്പിക്കുന്നതിന് എന്‍ ജയരാജ് എംഎല്‍എ നോട്ടീസ് നല്‍കിയിട്ടുണ്ട്.

കടുംകൈക്ക് ഒരുങ്ങി കേന്ദ്രം; ഇന്‍ഡിഗോ സിഇഒ പീറ്റര്‍ എല്‍ബേര്‍സിനെ നീക്കം ചെയ്യും?

ഡല്‍ഹി: രാജ്യവ്യാപകമായി സര്‍വീസുകള്‍ താളംതെറ്റിയതിനു പിന്നാലെ വലിയ രീതിയിൽ ഉള്ള പ്രശ്നങ്ങൾ ആണ് യാത്രക്കാർ  നേരിടുന്നത്. ഇപ്പോൾ വിഷയത്തിൽ കേന്ദ്രം ഒരു കടുംകൈക്ക് ഒരുങ്ങുകയാണ് എന്നാണ് ലഭിക്കുന്ന റിപ്പോർട്ട്.

ഇന്‍ഡിഗോ സിഇഒ പീറ്റര്‍ എല്‍ബേര്‍സിനെ നീക്കം ചെയ്യുമെന്ന് ആണ് അടുത്ത വൃത്തങ്ങളിൽ നിന്നും ലഭിക്കുന്ന സൂചന. ഇന്‍ഡിഗോ ഉന്നത ഉദ്യോഗസ്ഥരോട് ഹാജരാകാന്‍ കേന്ദ്ര വ്യോമയാന മന്ത്രാലയം ആവശ്യപ്പെട്ടിട്ടുണ്ട് എന്നാണ് പുറത്തു വരുന്ന റിപ്പോർട്ട്. ഇന്ന് വൈകിട്ട് നേരിട്ട് ഹാജരാകാനാണ് ഉത്തരവ്.

അതേസമയം കടുത്ത നടപടിക് പുറമെ കമ്പനിക്ക് കനത്ത പിഴ ചുമത്താനും സാധ്യതയുണ്ട് എന്നാണ് ലഭിക്കുന്ന വിവരം