അവകാശങ്ങൾക്കായി പോരാടണം: സുഹാസിനി മണിരത്നം

0

കൊച്ചി: സ്ത്രീകൾ തങ്ങളുടെ അവകാശങ്ങൾക്കായി പോരാടണമെന്നും അധികാര കേന്ദ്രങ്ങൾക്ക് മുന്നിൽ ഭയമില്ലാതെ സംസാരിക്കാൻ ആർജ്ജവം കാണിക്കണമെന്നും ചലച്ചിത്ര താരം സുഹാസിനി മണിരത്നം. കൊച്ചി ജെയിൻ സർവകലാശാലയിൽ സംഘടിപ്പിച്ച ‘സമ്മിറ്റ് ഓഫ് ദി ഫ്യൂച്ചറിൽ വിദ്യാർത്ഥികളുമായി സംവദിക്കുകയായിരുന്നു അവർ.

“ധൈര്യം കൈവിടരുത്, സ്വന്തം ഇടങ്ങൾക്കായി പോരാടണം. അധികാരത്തിന് നേരെ എതിർദിശയിലിരുന്ന് സംസാരിക്കാൻ ശീലിക്കണം. ചെറുപ്പത്തിൽ എനിക്ക് ചെയ്യാൻ കഴിയാതെ പോയ കാര്യമാണിത്.”- സുഹാസിനി പറഞ്ഞു. സ്ത്രീകൾ പാർശ്വവൽക്കരിക്കപ്പെട്ട ഒരു ചെറിയ പട്ടണത്തിൽ വളർന്ന തനിക്ക് ആധിപത്യമല്ല, മറിച്ച് മാന്യമായി ജീവിക്കാനുള്ള അന്തസ്സാണ് വലുതെന്ന് ബോധ്യപ്പെട്ടിരുന്നു.

ഇന്ത്യയിലെ ആദ്യ വനിതാ സിനിമാറ്റോഗ്രാഫർ എന്ന നിലയിലുള്ള തന്റെ കരിയറിലെ വെല്ലുവിളികളും അവർ പങ്കുവെച്ചു. പതിനേഴാം വയസ്സിൽ ചലച്ചിത്ര രംഗത്തെത്തുമ്പോൾ സെറ്റുകളിൽ നൂറുകണക്കിന് പുരുഷന്മാർക്കിടയിൽ ഏക സ്ത്രീ താനായിരുന്നു. ആ സാഹചര്യം തന്നെ കൂടുതൽ അച്ചടക്കമുള്ളവളും ആത്മവിശ്വാസമുള്ളവളുമാക്കി മാറ്റി. ഇരുവർ സിനിമയുടെ സംഭാഷണ രചനയെക്കുറിച്ച് പരാമർശിക്കവെ, സംഭാഷണങ്ങൾ വെറും വാക്കുകളല്ലെന്നും അവ നിരീക്ഷണത്തിൽ നിന്നും സഹാനുഭൂതിയിൽ നിന്നും ഉണ്ടാവേണ്ടതാണെന്നും സുഹാസിനി വ്യക്തമാക്കി.

കുടുംബബന്ധങ്ങളിലെ മാറ്റങ്ങളെക്കുറിച്ചും സുഹാസിനി ആശങ്ക പ്രകടിപ്പിച്ചു. സ്ക്രീനുകൾ മാറ്റിവെച്ച് കുടുംബാംഗങ്ങൾ പരസ്പരം സംസാരിക്കേണ്ട സമയം അതിക്രമിച്ചു. ഭാവി പലപ്പോഴും രൂപപ്പെടുന്നത് നമ്മുടെ ഡൈനിംഗ് ടേബിളുകളിൽ നിന്നാണ്. അവിടെ ആശയവിനിമയം നടക്കണമെന്നും അവർ പറഞ്ഞു. ശാസ്ത്രം പുരോഗമിക്കുന്നതിനൊപ്പം സ്ത്രീകൾക്ക് സമൂഹത്തിൽ തുല്യ പദവി ലഭിക്കും. എന്നാൽ പുരോഗതിക്കൊപ്പം കാരുണ്യവും പരസ്പര സ്നേഹവും കാത്തുസൂക്ഷിക്കാൻ മനുഷ്യസമൂഹം തയ്യാറാകണമെന്നും സുഹാസിനി പറഞ്ഞു.

കുവൈറ്റിൽ പ്രവാസികൾക്ക് മൂന്ന് വാഹനങ്ങൾ വരെ സ്വന്തമാക്കാൻ അനുമതി

0

കുവൈറ്റ് സിറ്റി : രാജ്യത്തെ പ്രവാസികൾക്ക് പരമാവധി മൂന്ന് വാഹനങ്ങൾ വരെ സ്വന്തമാക്കാൻ അനുമതിയുള്ളതായി കുവൈറ്റ് ആഭ്യന്തര മന്ത്രാലയം അറിയിച്ചു. പ്രാദേശിക മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. കുവൈറ്റ് ആഭ്യന്തര മന്ത്രാലയത്തിലെ ട്രാഫിക് അവെയർനസ് വകുപ്പ് അസിസ്റ്റന്റ് ഡയറക്ടർ ലെഫ്റ്റനന്റ് കേണൽ അബ്ദുല്ലാഹ് ബൗഹസ്സനെ ഉദ്ധരിച്ചാണ് പ്രാദേശിക മാധ്യമങ്ങൾ ഇക്കാര്യം റിപ്പോർട്ട് ചെയ്തിരിക്കുന്നത്.

കുവൈറ്റിലെ പ്രവാസികൾക്ക് തങ്ങളുടെ സ്വകാര്യ ഉപയോഗത്തിനായി പരമാവധി മൂന്ന് വാഹനങ്ങൾ വരെ സ്വന്തമാക്കാൻ അനുമതിയുള്ളതായി അദ്ദേഹം അറിയിച്ചതായി പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഇതിൽ മോട്ടോർസൈക്കിളുകൾ, പിക്കപ്പ് ട്രക്കുകൾ, കാറുകൾ എന്നിവ ഉൾപ്പെടുന്നതായും അദ്ദേഹം വ്യക്തമാക്കിയിട്ടുണ്ട്.

പ്രവാസികൾക്ക് തങ്ങളുടെ നിലവിലുള്ള വാഹങ്ങളുടെ രജിസ്‌ട്രേഷൻ പുതുക്കുന്നതിന് അനുമതിയുണ്ടായിരിക്കുമെങ്കിലും, പരമാവധി മൂന്ന് വാഹനങ്ങൾ എന്ന പരിധിയ്ക്ക് പുറത്ത് അധികമായി പുതിയ ഒരു വാഹനം രജിസ്റ്റർ ചെയ്യുന്നതിന് അനുവാദം ലഭിക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ജയിലുകളിൽ തിരക്ക്; സംസ്ഥാനത്ത്  പുതിയ ജയിലുകൾ സ്ഥാപിക്കേണ്ടതുണ്ടെന്ന് ധനമന്ത്രി

തിരുവനന്തപുരം: സംസ്ഥാനത്തെ ജയിലുകളിലെ തിരക്ക് പരിഹരിക്കുന്നതിനായി പുതിയ ജയിലുകൾ സ്ഥാപിക്കേണ്ടതുണ്ടെന്ന് ധനമന്ത്രി കെ.എൻ. ബാലഗോപാൽ

ജയിലുകളുടെ നവീകരണ പ്രവർത്തനങ്ങൾക്കായി 47 കോടി രൂപ ബജറ്റിൽ വകയിരുത്തി. ജയിൽ പുള്ളികളുടെ ക്ഷേമത്തിനും സുരക്ഷയ്ക്കും മുൻഗണന നൽകിക്കൊണ്ടുള്ള പദ്ധതികളാണ് സർക്കാർ വിഭാവനം ചെയ്യുന്നത്.

നിലവിലുള്ള ജയിലുകളിൽ സുരക്ഷാ സംവിധാനങ്ങൾ കൂടുതൽ ശക്തമാക്കുന്നതിന്റെ ഭാഗമായി അത്യാധുനിക സാങ്കേതിക വിദ്യയിലുള്ള നിരീക്ഷണ സംവിധാനങ്ങൾ ഉൾപ്പെടെയുള്ള അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കുമെന്നും മന്ത്രി അറിയിച്ചു.

പാർട്ടിയുമായി ബന്ധപ്പെട്ടുള്ള എല്ലാ പ്രശ്നങ്ങളും പരിഹരിച്ചെന്ന്  ശശി തരൂർ


ദില്ലി: പാർട്ടിയുമായി ബന്ധപ്പെട്ടുള്ള എല്ലാ പ്രശ്നങ്ങളും പരിഹരിച്ചെന്ന് കോൺഗ്രസിൻ്റെ മുതിർന്ന നേതാവ് ശശി തരൂർ.

താനും പാർട്ടിയും ഒരേ ദിശയിലാണെന്നും തെരഞ്ഞെടുപ്പിൽ പ്രചാരണത്തിലുണ്ടാകുമെന്നും ശശി തരൂർ മാധ്യമങ്ങളോട് പ്രതികരിച്ചു.

പാർട്ടിയുമായി ഒരു പ്രശ്നമില്ലെന്നും രാഹുൽ ഗാന്ധിയുമായി നടത്തിയ ചർച്ചയിൽ പൂർണ്ണ തൃപ്തിയുണ്ടെന്നും ശശി തരൂർ പറഞ്ഞു. രണ്ടു മണിക്കൂർ പാർട്ടി അദ്ധ്യക്ഷനുമായും രാഹുൽ ഗാന്ധിയുമായും സംസാരിച്ചു.

എല്ലാ കാര്യങ്ങളും തുറന്നു പറഞ്ഞുവെന്നും തരൂർ മാധ്യമങ്ങളോട് വ്യക്തമാക്കി.

കേരളത്തിന്റെ ധനസ്ഥിതിയിൽ പുരോഗതി; തെരഞ്ഞെടുപ്പ് ബജറ്റ് അല്ലെന്ന് ധനമന്ത്രി കെ. എൻ. ബാലഗോപാൽ

തിരുവനന്തപുരം: സംസ്ഥാനത്തിന്റെ സാമ്പത്തിക നിലയിൽ ശ്രദ്ധേയമായ പുരോഗതി കൈവരിച്ചതായി വ്യക്തമാക്കി ധനമന്ത്രി കെ. എൻ. ബാലഗോപാൽ. കേന്ദ്ര സർക്കാരിൽ നിന്ന് ലഭിക്കാനുള്ള തുകകൾ ഇപ്പോഴും കുടിശ്ശികയായി തുടരുന്നുണ്ടെങ്കിലും, നിലവിലെ സാഹചര്യങ്ങളിൽ മുന്നോട്ട് പോകാൻ കഴിയുന്ന രീതിയിൽ കാര്യങ്ങൾ ക്രമീകരിക്കാൻ സാധിച്ചതിൽ സന്തോഷമുണ്ടെന്ന് മന്ത്രി വ്യക്തമാക്കി. അടിസ്ഥാന സൗകര്യ വികസനം ഉൾപ്പെടെയുള്ള മേഖലകളിൽ ഉണ്ടാകുന്ന മുന്നേറ്റങ്ങളുടെ ഗുണഫലങ്ങൾ അടുത്ത ഘട്ടങ്ങളിൽ പ്രകടമാകുമെന്നും, അതിനാൽ തന്നെ ഭാവിയെക്കുറിച്ച് ആത്മവിശ്വാസമുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ഈ ബജറ്റ് തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് തയ്യാറാക്കിയതല്ലെന്നും, എന്നാൽ ജനക്ഷേമത്തിന് പ്രാധാന്യം നൽകുന്ന തീരുമാനങ്ങൾ ഉൾപ്പെടുത്തിയിട്ടുണ്ടെന്നും ധനമന്ത്രി വ്യക്തമാക്കി. സാധാരണ ജനങ്ങളുടെ വരുമാനം സംരക്ഷിക്കാൻ സർക്കാർ ഇടപെടൽ അനിവാര്യമാണെന്നും, അതിന് അനുയോജ്യമായ നടപടികളാണ് ബജറ്റിൽ സ്വീകരിച്ചതെന്നും അദ്ദേഹം പറഞ്ഞു.

ആശാ വർക്കർമാരുടെയും അങ്കണവാടി ജീവനക്കാരുടെയും അലവൻസുകളിൽ പരിഷ്‌കരണം നടത്തുന്നത് സർക്കാരിന്റെ ഉത്തരവാദിത്തമാണെന്നും, കേന്ദ്ര സർക്കാർ കഴിഞ്ഞ 12 വർഷമായി ഈ ആവശ്യങ്ങൾക്ക് നൽകുന്ന തുക വർധിപ്പിച്ചിട്ടില്ലെന്നും മന്ത്രി ചൂണ്ടിക്കാട്ടി. എന്നാൽ നിലവിലെ സാഹചര്യങ്ങൾ കണക്കിലെടുത്ത് സമയോചിതമായ ഇടപെടലുകൾ നടത്തേണ്ടതുണ്ടെന്നും, അത്തരം തീരുമാനങ്ങളാണ് സർക്കാർ കൈക്കൊണ്ടിരിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഗഗൻ ഇല്ല, സുരക്ഷാ വീഴ്ചകൾ സ്ഥിരീകരിച്ചു; അജിത് പവാർ അപകടത്തിൽ കൂടുതൽ സിസിടിവി ദൃശ്യങ്ങൾ പുറത്ത്

ഡൽഹി: മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി അജിത് പവാറിന്റെ മരണത്തിനിടയാക്കിയ വിമാനാപകടവുമായി ബന്ധപ്പെട്ട കൂടുതൽ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നു. അപകടത്തിൽപ്പെട്ട വിമാനത്തിൽ കാഴ്ചാപരിധി കുറഞ്ഞ സാഹചര്യങ്ങളിൽ ലാൻഡിംഗിന് സഹായിക്കുന്ന ആധുനിക നാവിഗേഷൻ സംവിധാനമായ ഗഗൻ സ്ഥാപിച്ചിരുന്നില്ലെന്ന് പ്രാഥമിക പരിശോധനയിൽ കണ്ടെത്തിയിട്ടുണ്ട്. അപകടകാരണം കണ്ടെത്താനുള്ള അന്വേഷണങ്ങൾ, വിമാനത്തിലെ സുരക്ഷാ സംവിധാനങ്ങളിലെ അപര്യാപ്തതയിലേക്കാണ് വിരൽ ചൂണ്ടുന്നത്.

അജിത് പവാർ സഞ്ചരിച്ചിരുന്ന വിഎസ്ആർ കമ്പനിയുടെ ലിയർജെറ്റ് 45 മോഡൽ വിമാനത്തിൽ സാറ്റലൈറ്റ് അടിസ്ഥാനത്തിലുള്ള ഗൈഡൻസ് സംവിധാനമായ ഗഗൻ ഉണ്ടായിരുന്നില്ലെന്ന് അധികൃതർ സ്ഥിരീകരിച്ചു. ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച GPS Aided Geo Augmented Navigation സംവിധാനമാണ് ഗഗൻ. ചട്ടപ്രകാരം 16 വർഷം പഴക്കമുള്ള വിമാനങ്ങളിൽ ഈ സംവിധാനം നിർബന്ധമല്ലെങ്കിലും, അതിന്റെ അഭാവം സുരക്ഷാ വീഴ്ചയായും വിദഗ്ധർ വിലയിരുത്തുന്നു.

ലാൻഡിംഗിനിടെ കാഴ്ച കുറവുണ്ടായതാണ് അപകടത്തിന് പ്രധാന കാരണമായി കരുതുന്നത്. ബാരാമതിയിലെ വിമാനത്താവളത്തിൽ ഇൻസ്ട്രുമെന്റ് ലാൻഡിംഗ് സിസ്റ്റം (ഐഎൽഎസ്) ഇല്ലാത്തതിനാൽ, അത്തരം വിമാനത്താവളങ്ങളിൽ ലാൻഡിംഗ് നടത്തുമ്പോൾ പൈലറ്റുകൾ പ്രധാനമായും ഗഗൻ സംവിധാനത്തെയാണ് ആശ്രയിക്കുന്നതെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു.

അപകടത്തിൽപ്പെട്ട വിമാനം 2021 ജൂൺ 2-നാണ് ഇന്ത്യയിൽ രജിസ്റ്റർ ചെയ്തത്. ഇതിന് 28 ദിവസത്തിന് ശേഷം മാത്രമാണ് പുതുതായി രജിസ്റ്റർ ചെയ്യുന്ന വിമാനങ്ങളിൽ ഗഗൻ സംവിധാനം നിർബന്ധമാക്കുന്ന നിയമം പ്രാബല്യത്തിൽ വന്നത്. ഇതിന് ഇടയിൽ, വിമാനം നിലംപതിക്കുന്നതിന് മുൻപ് ചരിഞ്ഞ് താഴേക്ക് പതിക്കുന്ന ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്.

വിമാനം വീണതിനു പിന്നാലെ വലിയ തീഗോളമായി കത്തിയമരുന്നതും സിസിടിവി ദൃശ്യങ്ങളിൽ വ്യക്തമാണ്. വിമാനം വാടകയ്ക്ക് നൽകിയ ദില്ലി മഹിപാൽപൂർ ആസ്ഥാനമായ വിഎസ്ആർ ഏവിയേഷൻസ് എന്ന സ്ഥാപനത്തിൽ ഡിജിസിഎ ഉദ്യോഗസ്ഥർ പരിശോധന നടത്തി. രാജ്യത്തെ വിവിധ നഗരങ്ങളിൽ കമ്പനിയുടെ 18 വിമാനങ്ങൾ സർവീസ് നടത്തുന്നുണ്ടെന്നും റിപ്പോർട്ടുണ്ട്.

അജിത് പവാറിന് കണ്ണീരോടെ വിടനൽകി രാജ്യം

ബാരാമതി: വിമാനാപകടത്തിൽ അന്തരിച്ച മഹാരാഷ്ട്ര മുൻ ഉപമുഖ്യമന്ത്രിയും എൻസിപി അധ്യക്ഷനുമായ അജിത് പവാറിന് (66) രാജ്യം കണ്ണീരോടെ വിടനൽകി.

ബാരാമതിയിൽ പൂർണ്ണ ഔദ്യോഗിക ബഹുമതികളോടെയായിരുന്നു സംസ്കാര ചടങ്ങുകൾ. രാഷ്ട്രീയ പ്രമുഖരും കുടുംബാംഗങ്ങളും ആയിരക്കണക്കിന് അനുയായികളും പാർട്ടി പ്രവർത്തകരും ബാരാമതിയിലെത്തി തങ്ങളുടെ പ്രിയപ്പെട്ട ‘അജിത് ദാദ’യ്ക്ക് അവസാനമായി ആദരമർപ്പിച്ചു.

അജിത് പവാറിന്‍റെ ഭൗതികദേഹം ദേശീയ പതാക പുതപ്പിച്ച് ജന്മനാടായ കാട്ടേവാടിയിൽ നിന്ന് ബാരാമതിയിലേക്ക് വിലാപയാത്രയായാണ് എത്തിച്ചത്. മുതിർന്ന നേതാക്കളുടെയും പ്രവർത്തകരുടെയും സാന്നിധ്യത്തിൽ മക്കളായ പാർത്ഥ് പവാറും ജയ് പവാറും ചിതയ്ക്ക് തീക്കൊളുത്തി.

കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ, എംഎൻഎസ് അധ്യക്ഷൻ രാജ് താക്കറെ, നടൻ റിതേഷ് ദേശ്മുഖ് തുടങ്ങി നിരവധി പ്രമുഖർ കാട്ടേവാടിയിലെ വസതിയിലെത്തി അന്ത്യോപചാരമർപ്പിച്ചു.

ബുധനാഴ്ച രാവിലെ പൂനെയിൽ നിന്ന് 100 കിലോമീറ്റർ അകലെയുള്ള ബാരാമതി എയർസ്ട്രിപ്പിന് സമീപം അദ്ദേഹം സഞ്ചരിച്ചിരുന്ന ചാർട്ടേഡ് ലിയർജെറ്റ് വിമാനം തകർന്നുവീണാണ് അപകടമുണ്ടായത്.

വിമാനത്തിലുണ്ടായിരുന്ന രണ്ട് പൈലറ്റുമാരും ഫ്ലൈറ്റ് അറ്റൻഡന്റും പവാറിന്റെ വ്യക്തിഗത സുരക്ഷാ ഉദ്യോഗസ്ഥനും ഉൾപ്പെടെ എല്ലാവരും അപകടത്തിൽ കൊല്ലപ്പെട്ടു. ലാൻഡിംഗിന് തൊട്ടുമുൻപായിരുന്നു വിമാനം തകർന്നു വീണത്

കെ റെയിൽ ഉപേക്ഷിച്ചിട്ടില്ല; നിലപാട് വ്യക്തമാക്കി ധനമന്ത്രി

തിരുവനന്തപുരം: കെ റെയിൽ പദ്ധതി വരും എന്നതാണ് സർക്കാർ നിലപാടെന്ന് മന്ത്രി. പേരുമായോ സാങ്കേതികവിദ്യയുമായോ ബന്ധപ്പെട്ട ഒരു പിടിവാശിക്കും സർക്കാരില്ല.

അക്കാര്യം ഞങ്ങൾ ബന്ധപ്പെട്ടവരെ അറിയിച്ചിട്ടുണ്ട്. കേന്ദ്രം മുന്നോട്ടുവന്നാൽ സംസ്ഥാന സർക്കാരിൻ്റെ എല്ലാ പിന്തുണയും ഉറപ്പുനൽകും.

അതേസമയം ധനമന്ത്രി കെ.എൻ. ബാലഗോപാൽ അവതരിപ്പിച്ചത് നിയമസഭാ ചരിത്രത്തിലെ ഏറ്റവും ദൈർഘ്യമേറിയ നാലാമത്തെ ബജറ്റാണെന്ന് സ്പീക്കർ എ.എൻ. ഷംസീർ. 2 മണിക്കൂർ 53 മിനുട്ടായിരുന്നു ബജറ്റ് അവതരണം നീണ്ടുനിന്നത്.

കൊച്ചിൻ കാൻസർ സെന്റർ യാഥാർത്ഥ്യമാകുന്നു! ഫെബ്രുവരി 9-ന് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും

അന്താരാഷ്ട്ര നിലവാരത്തിലുള്ള കാൻസർ ചികിത്സയും ഗവേഷണവും ലക്ഷ്യമിട്ട് കളമശ്ശേരിയിൽ നിർമ്മിച്ച കൊച്ചിൻ കാൻസർ റിസർച് സെന്റർ പ്രവർത്തനസജ്ജമായി. ഫെബ്രുവരി 9-ന് വൈകുന്നേരം മൂന്ന് മണിക്ക് മുഖ്യമന്ത്രി പിണറായി വിജയൻ പുതിയ കെട്ടിട സമുച്ചയം ഉദ്ഘാടനം ചെയ്യും.

എറണാകുളം ഗവൺമെന്റ് മെഡിക്കൽ കോളേജിനോട് ചേർന്ന് 12 ഏക്കറിലായി 6.40 ലക്ഷം ചതുരശ്ര അടി വിസ്തീർണ്ണത്തിലാണ് ഈ കൂറ്റൻ സമുച്ചയം ഒരുങ്ങുന്നത്. ഇതോടെ സംസ്ഥാനത്തെ സമാന ചികിത്സാ കേന്ദ്രങ്ങളിൽ ഏറ്റവും വലിയ ഒറ്റക്കെട്ടിടമെന്ന ഖ്യാതിയും ഈ കേന്ദ്രത്തിന് സ്വന്തമാകും.

നാല് ബ്ലോക്കുകളിലായി വ്യാപിച്ചുകിടക്കുന്ന ഈ കേന്ദ്രത്തിൽ അത്യാധുനികമായ ഒ.പി വിഭാഗം, എം.ആർ.ഐ, സി.ടി സ്കാൻ, കീമോതെറാപ്പി യൂണിറ്റുകൾ, ശസ്ത്രക്രിയാ തിയേറ്ററുകൾ എന്നിവ സജ്ജീകരിച്ചിട്ടുണ്ട്.

സി ബ്ലോക്കിൽ രാജീവ് ഗാന്ധി സെന്റർ ഫോർ ബയോടെക്നോളജിയുടെ ജനിതക ഗവേഷണ പരീക്ഷണശാലയും പ്രവർത്തിക്കും. രോഗികൾക്കൊപ്പം എത്തുന്നവർക്കായി 132 പേർക്ക് താമസിക്കാൻ കഴിയുന്ന അമിനിറ്റി സെന്ററും ഇവിടെ ഒരുക്കിയിട്ടുണ്ട്. 2018-ൽ തറക്കല്ലിട്ട പദ്ധതിക്ക് കിഫ്ബി വഴി 373 കോടി രൂപയാണ് ആകെ ചെലവിട്ടത്.

സെന്ററിന്റെ സുഗമമായ പ്രവർത്തനത്തിനായി 159 പുതിയ തസ്തികൾ സർക്കാർ ഇതിനകം സൃഷ്ടിച്ചിട്ടുണ്ട്. എറണാകുളം, തൃശ്ശൂർ, പാലക്കാട്, ഇടുക്കി ജില്ലകളിലെ രോഗികൾക്ക് പ്രധാന റഫറൽ കേന്ദ്രമായി ഈ സ്ഥാപനം മാറും.

മെഡിക്കൽ, സർജിക്കൽ, റേഡിയേഷൻ വിഭാഗങ്ങളിലായി ഒരേസമയം 100 രോഗികളെ കിടത്തി ചികിത്സിക്കാനുള്ള സൗകര്യം നിലവിലുണ്ട്. പുതിയ കെട്ടിടം തുറക്കുന്നതോടെ നിലവിൽ താത്കാലികമായി പ്രവർത്തിച്ചിരുന്ന ഒ.പി വിഭാഗവും എല്ലാ യന്ത്രസാമഗ്രികളും പൂർണ്ണമായും ഇവിടേക്ക് മാറ്റി പ്രവർത്തനം വിപുലീകരിക്കും.

തൊഴിലാളികൾക്ക് വിശ്രമിക്കാൻ ഗിഗ് ഹബ്ബുകൾ; ഡെലിവറി വർക്കേഴ്സിന്റെ ക്ഷേമത്തിന് 20 കോടി രൂപ

തിരുവനന്തപുരം: തൊഴിലാളികൾക്ക് വിശ്രമിക്കാൻ ഗിഗ് ഹബ്ബുകൾ സ്ഥാപിക്കുമെന്നും ഡെലിവറി വർക്കേഴ്സിന്റെ ക്ഷേമത്തിന് 20 കോടി രൂപ വകയിരുത്തുമെന്നും ധനമന്ത്രി കെ.എൻ. ബാലഗോപാൽ.

കെ സ്പേസിന് 57 കോടിരൂപ നീക്കിവെക്കുന്നതായും,  കെ ഫോണിന് 112.44 കോടിരൂപയും പ്രവാസി വ്യവസായ പാർക്കിന് 20 കോടിയും നീക്കിവെക്കും.സ്റ്റാർട്ടപ്പ് മിഷന് 99.5 കോടി രൂപ വകയിരുത്തിയതായും ധനമന്ത്രി ബജറ്റ് അവതരണത്തിൽ വ്യക്തമാക്കി. വർക് നിയർ ഹോം പദ്ധതി വ്യാപിപ്പിക്കും. ഇതിന്റെ ഭാഗമായി 200 കേന്ദ്രങ്ങൾ തുറക്കാൻ 150 കോടി രൂപ വകയിരുത്തി.

അജിത് പവാറിന്റെ മരണം; ബ്ലാക്ക് ബോക്‌സ് കണ്ടെത്തി, പൈലറ്റ് മെയ്ഡേ വിളിച്ചില്ല

മുംബൈ: മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി അജിത് പവാര്‍ സഞ്ചരിച്ച വിമാനത്തിന്റെ ബ്ലാക്ക് ബോക്‌സ്, ഫ്‌ളൈറ്റ് ഡാറ്റ റെക്കോര്‍ഡര്‍, കോക്ക് പിറ്റ് വോയിസ് റെക്കോര്‍ഡര്‍ എന്നിവ കണ്ടെത്തി. പൈലറ്റിന്റെ ഭാഗത്ത് നിന്ന് ‘മെയ്ഡേ’ വിളി ഉണ്ടായില്ലെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ കണ്ടെത്തി.

ഒരു പൈലറ്റ് ‘മെയ്‌ഡേ, മെയ്ഡേ, മെയ്ഡേ’ എന്ന് പറയുമ്പോള്‍ അവര്‍ ജീവന് ഭീഷണിയായ ഒരു അടിയന്തരാവസ്ഥ പ്രഖ്യാപിക്കുകയാണ്. അടിയന്തര സഹായം ആവശ്യമാണെന്നാണ് ഇതിനര്‍ത്ഥം.

പ്രതികൂല കാലാവസ്ഥ മൂലമുള്ള അടിയന്തര സാഹചര്യം, യന്ത്രത്തകരാര്‍, സാങ്കേതിക പ്രശ്‌നങ്ങള്‍, മെഡിക്കല്‍ എമര്‍ജന്‍സി തുടങ്ങിയ ഘട്ടങ്ങളിലാണ് പൈലറ്റ് മെയ്‌ഡേ കോള്‍ ചെയ്യുക. എന്നാൽ അജിത് പവാർ കൊല്ലപ്പെടാനിടയായ വിമാനാപകടത്തിനിടെ പെെലറ്റുമാർ മെയ്ഡേ വിളിച്ചില്ലെന്നാണ് കണ്ടെത്തൽ.

ബുധനാഴ്ച രാവിലെയാണ് ബാരാമതിയിലുണ്ടായ വിമാനാപകടത്തില്‍ അജിത് പവാര്‍ കൊല്ലപ്പെട്ടത്. അജിത് പവാറിന്റെ സുരക്ഷാ ഉദ്യോഗസ്ഥന്‍ വിദിപ് ജാദവ്, പൈലറ്റുമാരായ സുമിത് കപൂര്‍, സാംഭവി പഥക്, ഫ്ളൈറ്റ് അസിസ്റ്റന്റ് പിങ്കി മാലി എന്നിവരായിരുന്നു വിമാനത്തിലുണ്ടായിരുന്നത്. ഇവരുടെയെല്ലാം മരണം സ്ഥിരീകരിച്ചു.

കോളേജ് വിദ്യാർഥികൾക്കും കോളടിച്ചു! ഞെട്ടിക്കുന്ന പ്രഖ്യാപനവുമായി ധനമന്ത്രി; ‘സംസ്ഥാനത്തെ ആർട്സ് ആന്റ് സയൻസ് വിദ്യാർഥികൾക്ക് ബിരുദ പഠനം സൗജന്യമാക്കി’

0

തിരുവനന്തപുരം: കോളേജ് വിദ്യാർഥികൾക്ക് വമ്പൻ സർപ്രൈസുമായാണ് ധനമന്ത്രി കെ എൻ ബാലഗോപാൽ ബജറ്റ് അവതരണത്തിനെത്തിയത്. രണ്ടാം പിണറായി സർക്കാരിന്‍റെ അവസാന ബജറ്റിൽ കോളേജ് വിദ്യാർഥികൾക്കായി ശ്രദ്ധേയമായ പ്രഖ്യാപനമാണ് ഉണ്ടായിരിക്കുന്നത്. സംസ്ഥാനത്തെ ആർട്സ് ആന്റ് സയൻസ് വിദ്യാർഥികൾക്ക് ബിരുദ പഠനം സൗജന്യമാക്കിയതായാണ് ബജറ്റിലെ പ്രഖ്യാപനം. നിലവിൽ ഒന്നാം ക്ലാസ് മുതൽ 12-ാം ക്ലാസ് വരെയാണ് കേരളത്തിൽ സൗജന്യ വിദ്യാഭ്യാസാം നൽകിയിരുന്നത്. ഇതിന് പുറമെയാണ് ഇപ്പോൾ ആർട്സ് ആന്റ് സയൻസ് വിദ്യാർഥികൾക്കും ബിരുദ പഠനം സൗജന്യമാക്കിയിരിക്കുന്നത്.

അതേസമയം, സ്കൂൾ വിദ്യാർഥികൾക്ക് അപകട ഇൻഷുറൻസ് പ്രഖ്യാപിച്ചു. ഒന്നാം ക്ലാസ് മുതൽ പന്ത്രണ്ടാം ക്ലാസ് വരെയുള്ള വിദ്യാർഥികൾക്കായാണ് പ്രഖ്യാപനം. വര്‍ഷം 15 കോടി ഇതിനായി വേണ്ടി വരുമെന്നാണ് കണക്കുകൂട്ടൽ. ഈ തുക ബജറ്റിൽ വകയിരുത്തിയെന്ന് ധനമന്ത്രി കെ എൻ ബാലഗോപാല്‍ പ്രഖ്യാപിച്ചു.

മാത്രമല്ല റോഡ് അപകടത്തിൽ പെടുന്നവർക്ക് ആദ്യ 5 ദിവസം സൗജന്യ ചികിത്സ നൽകുമെന്ന വമ്പൻ പ്രഖ്യാപനവും ധനമന്ത്രി നടത്തി.ലൈഫ് സേവർ പദ്ധതിയാണ് ബാലഗോപാല്‍ പ്രഖ്യപിച്ചിട്ടുള്ളത്. സർക്കാർ ആശുപത്രികളിലും തിരഞ്ഞെടുക്കപ്പെട്ട സ്വകാര്യ ആശുപത്രികളിലും ഈ സേവനം ലഭ്യമാകും. പദ്ധതിക്കായി 15 കോടി രൂപ വകയിരുത്തി. കാരുണ്യ പദ്ധതിയിൽ ഉൾപ്പെടാത്ത കുടുംബങ്ങൾക്കായി ആരോഗ്യ ഇൻഷുറൻസും പ്രഖ്യാപിച്ചു. ഇതിനായി 50 കോടി രൂപ വകയിരുത്തി.

അതേസമയം, സർക്കാർ ജീവനക്കാരുടെ മെഡിസെപ് പദ്ധതിയിൽ കൂടുതൽ ആനുകൂല്യങ്ങൾ പ്രഖ്യാപിച്ചു. മെഡി സെപ്പ് 2.0 ഫെബ്രുവരി 1 മുതൽ ആരംഭിക്കും. ഇതിൽ കൂടുതൽ ആനുകൂല്യവും കൂടുതൽ ആശുപത്രികളും ഉൾപ്പെടുത്തും. ജോലിയിൽ നിന്നും വിരമിച്ചവർക്കായി മെഡിക്കൽ മെഡിസെപ് മാതൃകയിൽ പുതിയ ഇൻഷുറൻസ് പദ്ധതി നടപ്പിലാക്കും. പൊതു മേഖല സ്ഥാപനങ്ങളിലും സഹകരണ സ്ഥാപനങ്ങളിലും ജോലി ചെയ്യുന്നവർക്കും മെഡിസെപ് മാതൃകയിൽ ഇൻഷുറൻസ് പദ്ധതി ആരംഭിക്കും എന്നാണ് ധനമന്ത്രി പ്രഖ്യാപിച്ചിരിക്കുന്നത്.

കേരള ബജറ്റ്; ‘എസ്ഐആർ മത ന്യൂനപക്ഷങ്ങളിൽ വലിയ ആശങ്ക ഉണ്ടാക്കുന്നു, ഇനി അത് വേണ്ട’; ആശങ്ക അകറ്റാൻ നേറ്റിവി‌റ്റി കാർഡ് പ്രഖ്യാപിച്ച് കെഎൻ ബാലഗോപാൽ

0

തിരുവനന്തപുരം: എസ്ഐആർ മത ന്യൂനപക്ഷങ്ങളിൽ ആശങ്കയുണ്ടാക്കുന്നുവെന്നും ഈ ആശങ്ക അകറ്റാനായി കേരള സർക്കാർ നേറ്റിവിറ്റി കാർഡ് പ്രഖ്യാപിക്കുന്നുവെന്നും ധനമന്ത്രി കെഎൻ ബാല​ഗോപാൽ. രണ്ടാം പിണറായി സർക്കാരിന്റെ അവസാന ബജറ്റിലായിരുന്നു പ്രഖ്യാപനം. ഇതിന്റെ ഭാഗമായി പുതിയ നിയമ നിർമ്മാണം നടത്തുമെന്നും മന്ത്രി വ്യക്തമാക്കി. സാമുദായിക സൗഹൃദം അടയാളപ്പെടുത്താൻ ബജറ്റിൽ 10 കോടി വിലയിരുത്തുന്നുവെന്നും മന്ത്രി പറഞ്ഞു. ഇതുവരെ വാഗ്‌ദാനം ചെയ്തിട്ടുള്ള കാര്യങ്ങളെല്ലാം സർക്കാർ നടപ്പിലാക്കിയെന്ന് പറഞ്ഞുകൊണ്ടേയിരുന്നു ധനമന്ത്രി ബജറ്റ് അവതരണം ആരംഭിച്ചത്. സംസ്ഥാനത്തിന്റെ വികസന ക്ഷേമ പദ്ധതികൾ ഓരോന്നായി ചർച്ചക്കെടുക്കാമെന്ന ആത്മവിശ്വാസമുണ്ടെന്നും മന്ത്രി വ്യക്തമാക്കി.

അതേസമയം, സാധാരണക്കാരെ കൈവിടാതെയുള്ള പ്രഖ്യാപനങ്ങളാണ് പിണറായി സർക്കാരിന്റെ അവസാന ബഡ്‌ജറ്റിൽ ഉള്ളത്. ഓട്ടോ തൊഴിലാളികൾക്കും ഹരിതകർമ്മസേനയ്ക്കും പ്രത്യേക പാക്കേജുകൾ പ്രഖ്യാപിച്ചിട്ടുണ്ട്. ഓട്ടോ – ടാക്‌സി തൊഴിലാളികൾക്കും ഹരിത കർമ്മ സേനാഗംങ്ങൾക്കുമായി ഗ്രൂപ്പ് ഇൻഷുറൻസ് പ്രഖ്യാപിച്ചു. ഇലക്‌ട്രിക് ഓട്ടോ വാങ്ങുന്നതിനായി പൊതുമേഖലാ ബാങ്കുകൾ വഴി എടുക്കുന്ന വായ്‌പകൾക്ക് രണ്ട് ശതമാനം പലിശയിളവ് നൽകും. പദ്ധതിക്കായി 20 കോടി രൂപ നീക്കിവയ്ക്കും. പരിസ്ഥിതി സൗഹൃദ ഓട്ടോറിക്ഷകൾ വാങ്ങാൻ 40,000 രൂപ ഒറ്റത്തവണ സ്ക്രാബേജ് ബോണസായി ധനസഹായം നൽകും. ഓട്ടോ സ്റ്റാൻഡുകളെ സ്‌മാർട്ട് മൈക്രോ ഹബ്ബുകളാക്കുമെന്നും ധനമന്ത്രി പറഞ്ഞു.

2026 ബജറ്റിൽ സൗരോർജം സംഭരിച്ച് വിതരണം ചെയ്യാനുള്ള പദ്ധതിയും പ്രഖ്യാപിച്ചു. ഏത് പഞ്ചായത്തുകൾ തോറും നടപ്പിലാക്കുമെന്ന് ധനമന്ത്രി വ്യക്തമാക്കി. ഊർജമേഖയിലെ വിഹിതം 1309.94 കോടിയായി ഉയർത്തിയിട്ടുണ്ട്. കെഎസ്ഇബിയുടെ വിവിധ പദ്ധതികൾക്ക് 1238.08 കോടി രൂപ വകയിരുത്തിയതായും കെ എൻ ബാലഗോപാൽ പറഞ്ഞു.

കഴിഞ്ഞ പത്ത് വർഷത്തിനിടെ പവർകട്ടോ ലോഡ് ഷെഡിങ്ങോ ഉണ്ടായിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 39302.84 മെഗാ യൂണിറ്റ് വൈദ്യുതി ഉത്പാദിപ്പിക്കപ്പെട്ടു. 15,51,609 പുതിയ വൈദ്യുതി കണക്ഷനുകൾ നൽകിയെന്നും ബഡ്ജറ്റ് അവതരണത്തിനിടെ മന്ത്രി പറഞ്ഞു. എംഎസ്എംഇ മേഖലയ്ക്ക് 310.84 കോടി രൂപയും ലൈഫ് സയന്‍സ്പാര്‍ക്കിന് 35 കോടി രൂപയും മെഡിക്കല്‍ ഡിവൈസ് പാര്‍ക്കിന് 30 കോടി രൂപയും പ്രഖ്യാപിച്ചു.

കേരള ബജറ്റ്; ‘എസ്ഐആർ മത ന്യൂനപക്ഷങ്ങളിൽ വലിയ ആശങ്ക ഉണ്ടാക്കുന്നു, ഇനി അത് വേണ്ട’; ആശങ്ക അകറ്റാൻ നേറ്റിവി‌റ്റി കാർഡ് പ്രഖ്യാപിച്ച് കെഎൻ ബാലഗോപാൽ

0

തിരുവനന്തപുരം: എസ്ഐആർ മത ന്യൂനപക്ഷങ്ങളിൽ ആശങ്കയുണ്ടാക്കുന്നുവെന്നും ഈ ആശങ്ക അകറ്റാനായി കേരള സർക്കാർ നേറ്റിവിറ്റി കാർഡ് പ്രഖ്യാപിക്കുന്നുവെന്നും ധനമന്ത്രി കെഎൻ ബാല​ഗോപാൽ. രണ്ടാം പിണറായി സർക്കാരിന്റെ അവസാന ബജറ്റിലായിരുന്നു പ്രഖ്യാപനം. ഇതിന്റെ ഭാഗമായി പുതിയ നിയമ നിർമ്മാണം നടത്തുമെന്നും മന്ത്രി വ്യക്തമാക്കി. സാമുദായിക സൗഹൃദം അടയാളപ്പെടുത്താൻ ബജറ്റിൽ 10 കോടി വിലയിരുത്തുന്നുവെന്നും മന്ത്രി പറഞ്ഞു. ഇതുവരെ വാഗ്‌ദാനം ചെയ്തിട്ടുള്ള കാര്യങ്ങളെല്ലാം സർക്കാർ നടപ്പിലാക്കിയെന്ന് പറഞ്ഞുകൊണ്ടേയിരുന്നു ധനമന്ത്രി ബജറ്റ് അവതരണം ആരംഭിച്ചത്. സംസ്ഥാനത്തിന്റെ വികസന ക്ഷേമ പദ്ധതികൾ ഓരോന്നായി ചർച്ചക്കെടുക്കാമെന്ന ആത്മവിശ്വാസമുണ്ടെന്നും മന്ത്രി വ്യക്തമാക്കി.

അതേസമയം, സാധാരണക്കാരെ കൈവിടാതെയുള്ള പ്രഖ്യാപനങ്ങളാണ് പിണറായി സർക്കാരിന്റെ അവസാന ബഡ്‌ജറ്റിൽ ഉള്ളത്. ഓട്ടോ തൊഴിലാളികൾക്കും ഹരിതകർമ്മസേനയ്ക്കും പ്രത്യേക പാക്കേജുകൾ പ്രഖ്യാപിച്ചിട്ടുണ്ട്. ഓട്ടോ – ടാക്‌സി തൊഴിലാളികൾക്കും ഹരിത കർമ്മ സേനാഗംങ്ങൾക്കുമായി ഗ്രൂപ്പ് ഇൻഷുറൻസ് പ്രഖ്യാപിച്ചു. ഇലക്‌ട്രിക് ഓട്ടോ വാങ്ങുന്നതിനായി പൊതുമേഖലാ ബാങ്കുകൾ വഴി എടുക്കുന്ന വായ്‌പകൾക്ക് രണ്ട് ശതമാനം പലിശയിളവ് നൽകും. പദ്ധതിക്കായി 20 കോടി രൂപ നീക്കിവയ്ക്കും. പരിസ്ഥിതി സൗഹൃദ ഓട്ടോറിക്ഷകൾ വാങ്ങാൻ 40,000 രൂപ ഒറ്റത്തവണ സ്ക്രാബേജ് ബോണസായി ധനസഹായം നൽകും. ഓട്ടോ സ്റ്റാൻഡുകളെ സ്‌മാർട്ട് മൈക്രോ ഹബ്ബുകളാക്കുമെന്നും ധനമന്ത്രി പറഞ്ഞു.

2026 ബജറ്റിൽ സൗരോർജം സംഭരിച്ച് വിതരണം ചെയ്യാനുള്ള പദ്ധതിയും പ്രഖ്യാപിച്ചു. ഏത് പഞ്ചായത്തുകൾ തോറും നടപ്പിലാക്കുമെന്ന് ധനമന്ത്രി വ്യക്തമാക്കി. ഊർജമേഖയിലെ വിഹിതം 1309.94 കോടിയായി ഉയർത്തിയിട്ടുണ്ട്. കെഎസ്ഇബിയുടെ വിവിധ പദ്ധതികൾക്ക് 1238.08 കോടി രൂപ വകയിരുത്തിയതായും കെ എൻ ബാലഗോപാൽ പറഞ്ഞു.

കഴിഞ്ഞ പത്ത് വർഷത്തിനിടെ പവർകട്ടോ ലോഡ് ഷെഡിങ്ങോ ഉണ്ടായിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 39302.84 മെഗാ യൂണിറ്റ് വൈദ്യുതി ഉത്പാദിപ്പിക്കപ്പെട്ടു. 15,51,609 പുതിയ വൈദ്യുതി കണക്ഷനുകൾ നൽകിയെന്നും ബഡ്ജറ്റ് അവതരണത്തിനിടെ മന്ത്രി പറഞ്ഞു. എംഎസ്എംഇ മേഖലയ്ക്ക് 310.84 കോടി രൂപയും ലൈഫ് സയന്‍സ്പാര്‍ക്കിന് 35 കോടി രൂപയും മെഡിക്കല്‍ ഡിവൈസ് പാര്‍ക്കിന് 30 കോടി രൂപയും പ്രഖ്യാപിച്ചു.

ഭാവിയുടെ ഉച്ചകോടിക്ക് കൊച്ചിയിൽ തുടക്കം

0

​കൊച്ചി: വിജ്ഞാനവും സാങ്കേതികവിദ്യയും സർഗ്ഗാത്മകതയും ഒത്തുചേരുന്ന സമ്മിറ്റ് ഓഫ് ഫ്യൂച്ചർ രണ്ടാം പതിപ്പിന് കൊച്ചിയിൽ തുടക്കമായി. കിൻഫ്ര ഇന്റർനാഷണൽ കൺവെൻഷൻ സെന്ററിൽ നടന്ന ചടങ്ങിൽ എറണാകുളം ജില്ലാ കളക്ടർ ജി. പ്രിയങ്ക ഉദ്ഘാടനം നിർവഹിച്ചു.
​സമ്മിറ്റ് കേവലം ഒരു അക്കാദമിക് പരീക്ഷണമല്ലെന്നും പൊതുസമൂഹത്തിൻ്റെ ആവശ്യമാണെന്നും കളക്ടർ പറഞ്ഞു. “ഭാവിയെ ആര് രൂപകൽപ്പന ചെയ്യും, ഏത് മൂല്യങ്ങളായിരിക്കും അതിനെ നയിക്കുക എന്ന അടിസ്ഥാനപരമായ ചോദ്യമാണ് ഈ ഉച്ചകോടി ഉയർത്തുന്നത്. അതിരുകൾ ഭേദിക്കുന്ന സംവാദങ്ങളിലൂടെ വേണം മികച്ചൊരു ഭാവി കെട്ടിപ്പടുക്കാൻ എന്ന ശക്തമായ സന്ദേശമാണ് ഈ സംഗമം നൽകുന്നത്.” _ കളക്ടർ പറഞ്ഞു.
​ജെയിൻ യൂണിവേഴ്സിറ്റി ചാൻസലർ ഡോ. ചെൻരാജ് റോയ്ചന്ദ് ചടങ്ങിൽ അധ്യക്ഷത വഹിച്ചു. വിദ്യാഭ്യാസത്തെ ജനാധിപത്യവത്കരിക്കേണ്ടത് അനിവാര്യമാണെന്ന് അദ്ദേഹം പറഞ്ഞു. ഇതിലൂടെ മാത്രമേ സാമ്പത്തികമായി പിന്നോക്കം നിൽക്കുന്നവർക്ക് വിദ്യാഭ്യാസം പ്രാപ്തമാകു എന്നും ചാൻസിലർ അഭിപ്രായപ്പെട്ടു. വളർന്നുവരുന്ന സംരംഭകർക്ക് വലിയ മുതൽക്കൂട്ടാകുന്ന ‘ജെയിൻ ആക്സിലറേറ്റർ’ പദ്ധതിയുടെ ഔദ്യോഗിക പ്രഖ്യാപനവും അദ്ദേഹം നിർവഹിച്ചു. മാറ്റങ്ങൾ നിരന്തരം സംഭവിച്ചുകൊണ്ടിരിക്കുന്ന ലോകത്ത് സാധാരണക്കാർക്ക് കൂടി ശബ്ദം ഇടമാണ് സമ്മിറ്റ് ഓഫ് ഫ്യൂച്ചറെന്ന് സമ്മിറ്റ് ജെയിൻ യൂണിവേഴ്സിറ്റി ന്യൂ ഇനിഷ്യേറ്റീവ്സ് ഡയറക്ടർ ഡോ. ടോം ജോസഫ് പറഞ്ഞു.
അനിശ്ചിതത്വങ്ങൾ നിറഞ്ഞ ഭാവിയെ നേരിടാനുള്ള ഒരേയൊരു മാർഗ്ഗം കൂട്ടായ പ്രവർത്തനമാണെന്നും കേരളത്തെ ഭാവിയുടെ മാതൃകാ കേന്ദ്രമാക്കാൻ ഈ സംഗമം ഉപകരിക്കുമെന്നും ഇൻഫോപാർക്ക് സി.ഇ.ഒ സുശാന്ത് കുരുന്തിൽ പറഞ്ഞു.

ഭാവിയെക്കുറിച്ചുള്ള കാഴ്ചപ്പാടുകൾ പങ്കുവെക്കാൻ സാധാരണ പൗരന്മാർക്ക് വേദിയൊരുക്കുന്നതിലൂടെ, എല്ലാവരെയും ഉൾക്കൊള്ളുക എന്ന യൂണിവേഴ്സിറ്റിയുടെ ദൗത്യം ഒരിക്കൽ കൂടി സാക്ഷാത്കരിക്കുകയാണെന്ന് പ്രൊ വി.സി പ്രൊഫ. ഡോ. ജെ. ലത പറത്തു. ഫ്യൂച്ചർ കേരള മിഷൻ ചെയർമാൻ വേണു രാജാമണി, തൃക്കാക്കര നഗരസഭാ ചെയർമാൻ റാഷിദ് ഉള്ളമ്പിള്ളി, കിൻഫ്ര ഡയറക്ടർ സാബു ജോർജ്, പ്രോ വൈസ് ചാൻസലർ പ്രൊഫ. ഡോ. ജെ. ലത തുടങ്ങിയ പ്രമുഖർ ഉദ്ഘാടന ചടങ്ങിൽ പങ്കെടുത്തു.

ജനുവരി 29 മുതൽ ഫെബ്രുവരി 1 വരെ നീളുന്ന സമ്മിറ്റിൽ വിദ്യാഭ്യാസം, സാങ്കേതികവിദ്യ, പരിസ്ഥിതി തുടങ്ങിയ ഏഴ് പ്രധാന മേഖലകളിലായി ഇരുന്നൂറിലധികം സെഷനുകളാണ് ക്രമീകരിച്ചിരിക്കുന്നത്. നാനൂറിലധികം അന്താരാഷ്ട്ര വിദഗ്ധർ പങ്കെടുക്കുന്ന സംഗമത്തിൽ രണ്ട് ലക്ഷത്തിലധികം സന്ദർശകരെയാണ് പ്രതീക്ഷിക്കുന്നത്.

കൊച്ചിയിൽ ആദ്യമായി അവതരിപ്പിക്കപ്പെടുന്ന നാല് ദിവസത്തെ ഡ്രോൺ ഷോ സമ്മിറ്റിന്റെ പ്രധാന ആകർഷണമായിരിക്കും.

​ലോകോത്തര വാഹനങ്ങൾ അണിനിരക്കുന്ന ഓട്ടോ എക്സ്പോ, റോബോട്ടിക്സ് സാങ്കേതികവിദ്യയുടെ ‘റോബോവേഴ്സ്’, ഇ-സ്പോർട്സ് മത്സരങ്ങൾ, ഉത്സവപ്പറമ്പുകളുടെ പ്രതീതി നൽകുന്ന ഫെസ്റ്റിവൽ വില്ലേജ് എന്നിവയും സമ്മിറ്റിന്റെ ഭാഗമായി ഒരുക്കിയിട്ടുണ്ട്. വരും ദിവസങ്ങളിൽ ജോണിറ്റ ഗാന്ധി, നികിത ഗാന്ധി, അറിവ് തുടങ്ങിയ പ്രമുഖ കലാകാരന്മാർ അണിനിരക്കുന്ന സംഗീത നിശകളും അരങ്ങേറും.