തിരുവനന്തപുരം: എസ്ഐആർ മത ന്യൂനപക്ഷങ്ങളിൽ ആശങ്കയുണ്ടാക്കുന്നുവെന്നും ഈ ആശങ്ക അകറ്റാനായി കേരള സർക്കാർ നേറ്റിവിറ്റി കാർഡ് പ്രഖ്യാപിക്കുന്നുവെന്നും ധനമന്ത്രി കെഎൻ ബാലഗോപാൽ. രണ്ടാം പിണറായി സർക്കാരിന്റെ അവസാന ബജറ്റിലായിരുന്നു പ്രഖ്യാപനം. ഇതിന്റെ ഭാഗമായി പുതിയ നിയമ നിർമ്മാണം നടത്തുമെന്നും മന്ത്രി വ്യക്തമാക്കി. സാമുദായിക സൗഹൃദം അടയാളപ്പെടുത്താൻ ബജറ്റിൽ 10 കോടി വിലയിരുത്തുന്നുവെന്നും മന്ത്രി പറഞ്ഞു. ഇതുവരെ വാഗ്‌ദാനം ചെയ്തിട്ടുള്ള കാര്യങ്ങളെല്ലാം സർക്കാർ നടപ്പിലാക്കിയെന്ന് പറഞ്ഞുകൊണ്ടേയിരുന്നു ധനമന്ത്രി ബജറ്റ് അവതരണം ആരംഭിച്ചത്. സംസ്ഥാനത്തിന്റെ വികസന ക്ഷേമ പദ്ധതികൾ ഓരോന്നായി ചർച്ചക്കെടുക്കാമെന്ന ആത്മവിശ്വാസമുണ്ടെന്നും മന്ത്രി വ്യക്തമാക്കി.
അതേസമയം, സാധാരണക്കാരെ കൈവിടാതെയുള്ള പ്രഖ്യാപനങ്ങളാണ് പിണറായി സർക്കാരിന്റെ അവസാന ബഡ്‌ജറ്റിൽ ഉള്ളത്. ഓട്ടോ തൊഴിലാളികൾക്കും ഹരിതകർമ്മസേനയ്ക്കും പ്രത്യേക പാക്കേജുകൾ പ്രഖ്യാപിച്ചിട്ടുണ്ട്. ഓട്ടോ – ടാക്‌സി തൊഴിലാളികൾക്കും ഹരിത കർമ്മ സേനാഗംങ്ങൾക്കുമായി ഗ്രൂപ്പ് ഇൻഷുറൻസ് പ്രഖ്യാപിച്ചു. ഇലക്‌ട്രിക് ഓട്ടോ വാങ്ങുന്നതിനായി പൊതുമേഖലാ ബാങ്കുകൾ വഴി എടുക്കുന്ന വായ്‌പകൾക്ക് രണ്ട് ശതമാനം പലിശയിളവ് നൽകും. പദ്ധതിക്കായി 20 കോടി രൂപ നീക്കിവയ്ക്കും. പരിസ്ഥിതി സൗഹൃദ ഓട്ടോറിക്ഷകൾ വാങ്ങാൻ 40,000 രൂപ ഒറ്റത്തവണ സ്ക്രാബേജ് ബോണസായി ധനസഹായം നൽകും. ഓട്ടോ സ്റ്റാൻഡുകളെ സ്‌മാർട്ട് മൈക്രോ ഹബ്ബുകളാക്കുമെന്നും ധനമന്ത്രി പറഞ്ഞു.
2026 ബജറ്റിൽ സൗരോർജം സംഭരിച്ച് വിതരണം ചെയ്യാനുള്ള പദ്ധതിയും പ്രഖ്യാപിച്ചു. ഏത് പഞ്ചായത്തുകൾ തോറും നടപ്പിലാക്കുമെന്ന് ധനമന്ത്രി വ്യക്തമാക്കി. ഊർജമേഖയിലെ വിഹിതം 1309.94 കോടിയായി ഉയർത്തിയിട്ടുണ്ട്. കെഎസ്ഇബിയുടെ വിവിധ പദ്ധതികൾക്ക് 1238.08 കോടി രൂപ വകയിരുത്തിയതായും കെ എൻ ബാലഗോപാൽ പറഞ്ഞു.
കഴിഞ്ഞ പത്ത് വർഷത്തിനിടെ പവർകട്ടോ ലോഡ് ഷെഡിങ്ങോ ഉണ്ടായിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 39302.84 മെഗാ യൂണിറ്റ് വൈദ്യുതി ഉത്പാദിപ്പിക്കപ്പെട്ടു. 15,51,609 പുതിയ വൈദ്യുതി കണക്ഷനുകൾ നൽകിയെന്നും ബഡ്ജറ്റ് അവതരണത്തിനിടെ മന്ത്രി പറഞ്ഞു. എംഎസ്എംഇ മേഖലയ്ക്ക് 310.84 കോടി രൂപയും ലൈഫ് സയന്‍സ്പാര്‍ക്കിന് 35 കോടി രൂപയും മെഡിക്കല്‍ ഡിവൈസ് പാര്‍ക്കിന് 30 കോടി രൂപയും പ്രഖ്യാപിച്ചു.

