തിരുവനന്തപുരം: കോളേജ് വിദ്യാർഥികൾക്ക് വമ്പൻ സർപ്രൈസുമായാണ് ധനമന്ത്രി കെ എൻ ബാലഗോപാൽ ബജറ്റ് അവതരണത്തിനെത്തിയത്. രണ്ടാം പിണറായി സർക്കാരിന്‍റെ അവസാന ബജറ്റിൽ കോളേജ് വിദ്യാർഥികൾക്കായി ശ്രദ്ധേയമായ പ്രഖ്യാപനമാണ് ഉണ്ടായിരിക്കുന്നത്. സംസ്ഥാനത്തെ ആർട്സ് ആന്റ് സയൻസ് വിദ്യാർഥികൾക്ക് ബിരുദ പഠനം സൗജന്യമാക്കിയതായാണ് ബജറ്റിലെ പ്രഖ്യാപനം. നിലവിൽ ഒന്നാം ക്ലാസ് മുതൽ 12-ാം ക്ലാസ് വരെയാണ് കേരളത്തിൽ സൗജന്യ വിദ്യാഭ്യാസാം നൽകിയിരുന്നത്. ഇതിന് പുറമെയാണ് ഇപ്പോൾ ആർട്സ് ആന്റ് സയൻസ് വിദ്യാർഥികൾക്കും ബിരുദ പഠനം സൗജന്യമാക്കിയിരിക്കുന്നത്.
അതേസമയം, സ്കൂൾ വിദ്യാർഥികൾക്ക് അപകട ഇൻഷുറൻസ് പ്രഖ്യാപിച്ചു. ഒന്നാം ക്ലാസ് മുതൽ പന്ത്രണ്ടാം ക്ലാസ് വരെയുള്ള വിദ്യാർഥികൾക്കായാണ് പ്രഖ്യാപനം. വര്‍ഷം 15 കോടി ഇതിനായി വേണ്ടി വരുമെന്നാണ് കണക്കുകൂട്ടൽ. ഈ തുക ബജറ്റിൽ വകയിരുത്തിയെന്ന് ധനമന്ത്രി കെ എൻ ബാലഗോപാല്‍ പ്രഖ്യാപിച്ചു.
മാത്രമല്ല റോഡ് അപകടത്തിൽ പെടുന്നവർക്ക് ആദ്യ 5 ദിവസം സൗജന്യ ചികിത്സ നൽകുമെന്ന വമ്പൻ പ്രഖ്യാപനവും ധനമന്ത്രി നടത്തി.ലൈഫ് സേവർ പദ്ധതിയാണ് ബാലഗോപാല്‍ പ്രഖ്യപിച്ചിട്ടുള്ളത്. സർക്കാർ ആശുപത്രികളിലും തിരഞ്ഞെടുക്കപ്പെട്ട സ്വകാര്യ ആശുപത്രികളിലും ഈ സേവനം ലഭ്യമാകും. പദ്ധതിക്കായി 15 കോടി രൂപ വകയിരുത്തി. കാരുണ്യ പദ്ധതിയിൽ ഉൾപ്പെടാത്ത കുടുംബങ്ങൾക്കായി ആരോഗ്യ ഇൻഷുറൻസും പ്രഖ്യാപിച്ചു. ഇതിനായി 50 കോടി രൂപ വകയിരുത്തി.
അതേസമയം, സർക്കാർ ജീവനക്കാരുടെ മെഡിസെപ് പദ്ധതിയിൽ കൂടുതൽ ആനുകൂല്യങ്ങൾ പ്രഖ്യാപിച്ചു. മെഡി സെപ്പ് 2.0 ഫെബ്രുവരി 1 മുതൽ ആരംഭിക്കും. ഇതിൽ കൂടുതൽ ആനുകൂല്യവും കൂടുതൽ ആശുപത്രികളും ഉൾപ്പെടുത്തും. ജോലിയിൽ നിന്നും വിരമിച്ചവർക്കായി മെഡിക്കൽ മെഡിസെപ് മാതൃകയിൽ പുതിയ ഇൻഷുറൻസ് പദ്ധതി നടപ്പിലാക്കും. പൊതു മേഖല സ്ഥാപനങ്ങളിലും സഹകരണ സ്ഥാപനങ്ങളിലും ജോലി ചെയ്യുന്നവർക്കും മെഡിസെപ് മാതൃകയിൽ ഇൻഷുറൻസ് പദ്ധതി ആരംഭിക്കും എന്നാണ് ധനമന്ത്രി പ്രഖ്യാപിച്ചിരിക്കുന്നത്.

