സംസ്ഥാനത്ത്, വർധിച്ചുവരുന്ന ലഹരി മരുന്ന് ശൃംഖലകൾക്കുമെതിരെ പൊലീസ് ആരംഭിച്ച ‘ഓപ്പറേഷൻ തൂഫാൻ’ (Operation Toofan) നടപടികൾക്ക് പിന്തുണയുമായി നടൻ ഉണ്ണി മുകുന്ദൻ.
ലഹരിക്കെതിരെ സർക്കാർ സ്വീകരിക്കുന്ന നിർണായക നടപടികളിൽ അദ്ദേഹം നന്ദി രേഖപ്പെടുത്തി ഫെയ്സ്ബുക്കില്‍ കുറിച്ചു. ലഹരി മാഫിയക്കെതിരായ പോരാട്ടത്തിൽ ഭരണകൂടത്തിന്റെയും നിയമപാലകരുടെയും പ്രതിബദ്ധതയാണ് പ്രകടമാകുന്നതെന്ന് ഉണ്ണി മുകുന്ദൻ കുറിച്ചു. പെരുമ്പാവൂരിലെ ലഹരി വിപത്തിനെക്കുറിച്ച് താൻ കണ്ട ദൃശ്യങ്ങൾ പൊലീസിന്റെ ഐടി സെല്ലിന് കൈമാറുകയായിതിന് പിന്നാലെ വേഗത്തിലുള്ള നടപടിയുമായി പൊലീസ് രംഗത്തെതി.
ഈ വിഷയത്തിൽ കാണിച്ച പ്രതിബദ്ധതയ്ക്ക് സേനയ്ക്കും, നടപടിയെടുത്ത ഉദ്യോഗസ്ഥന്‍ ഹാർദിക് മീണയ്ക്കും ഉണ്ണി മുകുന്ദൻ നന്ദി അറിയിച്ചു. സമൂഹത്തിൽ മാറ്റം കൊണ്ടുവരാൻ തങ്ങൾക്ക് എന്തുചെയ്യാൻ കഴിയുമെന്ന് ചിന്തിക്കുന്നവർക്ക് ഒരു മാതൃകയാണ് ഈ സംഭവമെന്ന് അദ്ദേഹം ഓർമ്മിപ്പിച്ചു.
“സാധാരണ പൗരന്മാർ ഉത്തരവാദിത്തത്തോടെ പ്രവർത്തിക്കാൻ തീരുമാനിക്കുമ്പോൾ പോസിറ്റീവ് മാറ്റം ആരംഭിക്കുന്നു. മറ്റാരെങ്കിലും ചെയ്യുമെന്ന് കരുതി കാത്തിരിക്കാതെ, ഓരോ വ്യക്തിയും ശബ്ദമുയർത്താൻ തയ്യാറാകണം,” ഉണ്ണി മുകുന്ദൻ കുറിച്ചു. സോഷ്യൽ മിഡിയയെ വിനോദത്തിന് അപ്പുറം പൊതുനന്മയ്ക്കുള്ള ഉപകരണമായി ഉപയോഗിച്ച യുവാക്കളുടെ നടപടി പ്രശംസനീയമാണെന്നും, അവർ സ്വയം വലിയ അപകടസാധ്യത ഏറ്റെടുത്താണ് ഈ ലഹരി ശൃംഖലയെ തുറന്നുകാട്ടിയതെന്നും അദ്ദേഹം വ്യക്തമാക്കി. അടുത്ത തലമുറയുടെ സുരക്ഷ ഉറപ്പാക്കേണ്ടത് ഓരോ പൗരന്റെയും കടമയാണെന്നും, ഉത്തരവാദിത്തമുള്ള പൗരന്മാരും പൊലീസും സർക്കാരും ഒരുമിച്ച് പ്രവർത്തിക്കുമ്പോൾ മാത്രമേ സമൂഹത്തിൽ അർത്ഥവത്തായ മാറ്റം സാധ്യമാകൂ എന്നും അദ്ദേഹം പറഞ്ഞു.

