ജബൽപുരിൽ ഫാ. ഡേവിസ് ജോർജ്, ഫാ. ജോർജ് തോമസ് എന്നിവരെ ബജ്‌റങ്ദൾ പ്രവർത്തകർ കയ്യേറ്റം ചെയ്യുന്നു.
ന്യൂഡൽഹി ∙ മധ്യപ്രദേശിലെ ജബൽപുരിൽ മലയാളി വൈദികരെയെും വിശ്വാസികളെയും മർദിച്ച സംഭവത്തിൽ പ്രതികളുടെ പേരില്ലാതെ പൊലീസ് എഫ്ഐആർ. തിരിച്ചറിയാത്ത 2 പുരുഷൻമാരും സ്ത്രീയുമാണ് പ്രതികളെന്നാണ് എഫ്ഐആറിലെ പരാമർശം. കഴിഞ്ഞ 31നു പൊലീസിനെ കാഴ്ചക്കാരാക്കിയായിരുന്നു അതിക്രമം നടന്നത്. സംഭവത്തിൽ ആദ്യം നടപടിയെടുക്കാതിരുന്ന പൊലീസ്, പ്രതിഷേധം ശക്തമായതോടെ ഈ മാസം 2ന് ആണ് എഫ്ഐആർ റജിസ്റ്റർ ചെയ്തത്.
‘ബി കെയർഫുൾ, സൗകര്യമില്ല പറയാൻ’: ജബൽപുർ വിഷയത്തിലെ ചോദ്യങ്ങളോട് ക്ഷുഭിതനായി സുരേഷ് ഗോപി– വിഡിയോ
വിഡിയോ ദൃശ്യങ്ങൾ ഉൾപ്പെടെ പുറത്തുവന്നിട്ടും പ്രതികളെ കണ്ടെത്താൻ കഴിഞ്ഞില്ലെന്നാണ് പൊലീസ് ഭാഷ്യം. വിഡിയോ ദൃശ്യങ്ങളുടെ അടിസ്ഥാനത്തിൽ പ്രതികളെ തിരിച്ചറിഞ്ഞതായി ജബൽപുർ എസ്‌പി വാർത്താ ഏജൻസികളോടു പറഞ്ഞിരുന്നു. എഫ്ഐആറിൽ പേരില്ലാത്ത സാഹചര്യത്തിൽ പ്രതികളുടെ അറസ്റ്റ് വൈകിയേക്കും.
ജബൽപുരിലെ വിവിധ പള്ളികളിലേക്കു തീർഥാടനത്തിനു പുറപ്പെട്ട സ്ത്രീകളും കുട്ടികളുമടങ്ങിയ 52 അംഗ സംഘത്തെ തടഞ്ഞുവച്ചതറിഞ്ഞു സഹായത്തിനെത്തിയ വൈദിക സംഘമാണ് ആക്രമിക്കപ്പെട്ടത്. ജബൽപുർ അതിരൂപതയിലെ വികാരി ജനറൽ ഫാ. ഡേവിസ് ജോർജ്, രൂപതാ പ്രൊക്യുറേറ്റർ ഫാ. ജോർജ് തോമസ്, പാരിഷ് കൗൺസിൽ സെക്രട്ടറി ഫെലിക്സ് ബാര എന്നിവരെയാണു ബജ്റങ്ദൾ പ്രവർത്തകർ കയ്യേറ്റം ചെയ്തത്.
മർദനം, അസഭ്യം പറയൽ എന്നിവയുമായി ബന്ധപ്പെട്ട വകുപ്പുകളാണു പ്രതികൾക്കെതിരെ ചുമത്തിയിട്ടുള്ളത്. ഫാ. ഡേവിസ് ജോർജിന്റെ കുടുംബാംഗങ്ങളെ തൃശൂരിൽ പ്രതിപക്ഷനേതാവ് വി.ഡി.സതീശൻ സന്ദർശിച്ചു.