വനംമന്ത്രി രക്ഷിച്ച ഉദ്യോഗസ്ഥൻ, ഇരുതലമൂരിയെ കടത്തിയ പ്രതികളിൽ നിന്ന് 1.45 ലക്ഷം കൈക്കൂലി വാങ്ങിയതിന് പിടിയിൽ

0

തിരുവനന്തപുരം: വനംവകുപ്പ് പാലോട് റെയ്ഞ്ച് ഓഫീസർ സുധീഷ് കുമാറിനെ അഴിമതിക്കേസിൽ വിജിലൻസ് അറസ്റ്റ് ചെയ്തു. ഇരുതലമൂരിയെ കടത്തിയ കേസിലെ പ്രതികളിൽ നിന്നും 1.45 ലക്ഷം രൂപ കൈക്കൂലി വാങ്ങിയതിനാണ് അറസ്റ്റ്. നിരവധി കേസുകളിൽ പ്രതിയായതിന് തുടർന്ന് സർവ്വീസിൽ നിന്ന് പിരിച്ചുവിടാൻ വനം വകുപ്പ് സെക്രട്ടറി നിർദ്ദേശിച്ചിട്ടും വനംമന്ത്രി രക്ഷിച്ച ഉദ്യോഗസ്ഥനാണ് ഇപ്പോൾ അറസ്റ്റിലായത്.

ഇരുതല മൂരി കടത്തിയ കേസിൽ മൂന്ന് തമിഴ്നാട് സ്വദേശികളെയാണ് പരുത്തിപ്പള്ളി റെയ്ഞ്ച് ഓഫീസറായിരിക്കെ സുധീഷ് കുമാർ പിടികൂടിയത്. കേസ് ഒഴിവാക്കാമെന്ന് വാഗ്ദാനം ചെയ്ത് പ്രതികളുടെ ബന്ധുക്കളിൽ നിന്നും ഒന്നേ മുക്കാൽ ലക്ഷം രൂപ കൈക്കൂലി വാങ്ങി. 45,000 രൂപ ഗൂഗിള്‍ പേ വഴിയാണ് വാങ്ങിയത്. പണം വാങ്ങിയെങ്കിലും പ്രതികളെ റിമാൻഡ് ചെയ്തു. പ്രതികളുടെ ബന്ധുക്കള്‍ വിജിലൻസിന് നൽകിയ പരാതിയിൽ അന്വേഷണം നടത്തിയ ശേഷമാണ് സുധീഷിനെ പ്രതിയാക്കി കേസെടുത്തത്. 

ഈ കേസിൽ മൊഴിയെടുക്കാൻ വിളിച്ചുവരുത്തിയ ശേഷമാണ് സുധീഷിനെ സ്പെഷ്യൽ ഇൻവെസ്റ്റിഗേഷൻ യൂണിറ്റ്- 1 ഇൻസ്പെക്ടർ സന്തോഷ് കുമാർ അറസ്റ്റ് ചെയ്തത്. ഔദ്യോഗിക വാഹനത്തിലാണ് സുധീഷ് മൊഴി നൽകാനെത്തിയത്. വനംവകുപ്പിലെ സ്ഥലമാറ്റത്തെ ചുറ്റിപ്പറ്റിയുള്ള ലേലം വിളിയിൽ ഇൻറലിജൻസ് നിരീക്ഷണത്തിലുള്ള ഉദ്യോഗസ്ഥനാണ് സുധീഷ് കുമാർ. ഇതിനിടെയാണ് വിജിലൻസിന്‍റെ നീക്കം. അഴിമതിക്കേസിൽ സസ്പഷനിലായ സുധീഷിനെ വകുപ്പ് മുമ്പ് സഹായിച്ചിരുന്നു. സസ്പെഷൻ ഉത്തരവിലെ സാങ്കേതിക പിഴവിൽ മറയാക്കി കോടതി ഉത്തരവോടെ തിരിച്ചെത്തിയ സുധീഷ് കുമാറിനന് പാലോട് നിയമനം നൽകുകയായിരുന്നു.

 പാലോടുണ്ടായിരുന്ന റെയ്ഞ്ച് ഓഫീസറെ അക്രമിക്കയും ഓഫീസിൽ ഉപകരണങ്ങള്‍ തകർക്കുകയും ചെയ്ത ശേഷമാണ് കസേരിയിൽ കയറി ഇരുന്നത്. ഇതിനും ഇയാള്‍ക്കെതിരെ കേസുണ്ട്. അഴിമതിക്കേസുള്‍പ്പെടെ പത്തുകേസുകള്‍ ഇയാള്‍ക്കെതിരെയുണ്ട്. കുപ്രസിദ്ധനായ ഉദ്യോഗസ്ഥനെ സർവ്വീസിൽ നിന്നും പിരിച്ചുവിടാൻ വനംവകുപ്പ് സെക്രട്ടറി മന്ത്രിയോട് ശുപാർശ ചെയ്തു. പക്ഷേ മന്ത്രി ഈ ശുപാർശ തിരുത്തിയതും വിവാദമായിരുന്നു. മെയ് 30ന് വിരമിക്കാനിരിക്കെയാണ് സുധീഷ് കുമാർ അറസ്റ്റിലാകുന്നത്. അറസ്റ്റ് ചെയ്യുകയാണെന്നറിയച്ചപ്പോഴും സുധീഷ് വിജിലൻസ് ഉദ്യോഗസ്ഥരോട് തട്ടികയറിയിരുന്നു. 

LEAVE A REPLY

Please enter your comment!
Please enter your name here