അഹമ്മദാബാദ്: എഐസിസി സമ്മേളനത്തിന് നാളെ ഗുജറാത്തിലെ അഹമ്മദാബാദില്‍ തുടക്കമാകും. നാളെ നടക്കുന്ന വിശാല പ്രവര്‍ത്തക സമിതി യോഗത്തിന് ശേഷം മറ്റന്നാളാകും സമ്മേളനം. രണ്ടായിരത്തി ഇരുപത്തിയഞ്ചിനെ പുനസംഘടനാ വര്‍ഷമായി പ്രഖ്യാപിച്ച പാര്‍ട്ടി അടിമുടി നവീകരണത്തിനുള്ള മാര്‍ഗങ്ങള്‍ക്കാവും രണ്ട് ദിവസത്തെ സെഷനില്‍ രൂപം നല്‍കുക. കേന്ദ്രസര്‍ക്കാര്‍ നയങ്ങള്‍ക്കെതിരെ ശക്തമായ പ്രമേയങ്ങളും സമ്മേളനത്തില്‍ അവതരിപ്പിക്കും.
തിരിച്ചുവരവിന് വഴികള്‍ തേടുന്ന കോണ്‍ഗ്രസ്, പാര്‍ട്ടിയുടെ ചരിത്രത്തിലെ നിര്‍ണ്ണായ സമ്മേളനങ്ങള്‍ക്ക് വേദിയായ ഗുജറാത്തിലേക്ക് വീണ്ടുമെത്തുന്നു. 1902 ല്‍ അന്നത്തെ അധ്യക്ഷന്‍ സുരേന്ദ്രനാഥ ബാനര്‍ജിയുടെ അധ്യക്ഷതയില്‍ ഡിസംബര്‍ 23 മുതല്‍ 26 വരെ അഹമ്മദാബാദിലാണ് ആദ്യ സമ്മേളനം നടക്കുന്നത്. ഒടുവില്‍ നടന്നത് 1961ല്‍ ഭാവ് നഗറില്‍ നീലം സഞ്ജീവ റെഡ്ഡിയുടെ അധ്യക്ഷതയിലും. 64 വര്‍ഷങ്ങള്‍ക്കിപ്പുറം വീണ്ടുമൊരു സമ്മേളനത്തിലേക്ക് എത്തുമ്പോള്‍ പാര്‍ട്ടി നേരിടുന്നത് സമാനതകളില്ലാത്ത പ്രതിസന്ധി. രാജ്യം ഭരിച്ച പാര്‍ട്ടിയുടെ അധികാരം മൂന്ന് സംസ്ഥാനങ്ങളിലേക്ക് ഒതുങ്ങിയിരിക്കുന്നു. തുടര്‍ച്ചയായ തെരഞ്ഞെടുപ്പ് പരാജയങ്ങള്‍.
എഐസിസി തലം മുതല്‍ താഴേ തട്ട് വരെ നീളുന്ന സംഘടനാപ്രശ്നങ്ങള്‍ വേറയും. ഓരോ സംസ്ഥാനത്തിന്റെയും യോഗം പ്രത്യേകം വിളിച്ച് പൊട്ടിത്തെറികള്‍ക്ക് താല്‍ക്കാലിക വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചിരിക്കുന്നു. ഡിസിസി തലത്തില്‍ പാര്‍ട്ടി ശക്തിപ്പെട്ടാലേ രക്ഷയുള്ളൂവെന്ന തിരിച്ചറിവില്‍ രാജ്യത്തെ 862 ഡിസിസി അധ്യക്ഷന്മാര്ക്ക് മൂന്ന് ദിവസം പ്രത്യേക യോഗം വിളിച്ച് നിര്‍ദ്ദേശങ്ങള്‍ നല്കിയിരിക്കുന്നു.ഡിസിസി ശാക്തികരണത്തിനുള്ള കര്‍മ്മപദ്ധതി സമ്മേളനത്തില്ഡ അവതരിപ്പിക്കും. ഗുജറാത്തില്‍ നിന്ന് പുനസംഘടന നടപടികള്‍ക്ക് തുടക്കം കുറിക്കും.
169 പേര് പങ്കെടുക്കുന്ന വിശാല പ്രവര്‍ത്തക സമിതി യോഗമാണ് ആദ്യ ദിനം നടക്കുക. ബുധനാഴ്ച സബര്‍മതി നദീ തീരത്ത് 1725 പ്രതിനിധികള്‍ പങ്കെടുക്കുന്ന എഐസിസി സമ്മേളനം. കേന്ദ്രസര്‍ക്കാരിനെതിരെ നിരവധി പ്രമേയങ്ങള്‍ സമ്മേളനത്തില്‍ അവതരിപ്പിക്കും. വഖഫ് നിയമഭേദഗതി നിയമം വന്ന പശ്ചാത്തലത്തില ന്യൂനപക്ഷങ്ങളോടുള്ള നയം, ഭരണഘടന നേരിടുന്ന വെല്ലുവിളി, തെരഞ്ഞടെുപ്പ് കമ്മീഷന്റെ സുതാര്യതയില്ലായ്മ , പാര്‍ലമെന്റിലെ ഏകപക്ഷീയ നയം, മണിപ്പൂര്‍ തുടങ്ങിയ വിഷയങ്ങളിലാകും പ്രമേയങ്ങള്‍ വരിക. കേരളത്തില്‍ നടക്കാനിരിക്കുന്ന തദ്ദേശ നിയമസഭ തെരഞ്ഞടെുപ്പുകള്. അഗ്നിപരീക്ഷയാകുന്ന ബിഹാര്‍ , ഗുജറാത്ത് തെരഞ്ഞെടുപ്പുകള്‍. തിരിച്ചുവരവിനും നിലമെച്ചപ്പെടുന്നതിനുമുള്ള വഴികള്‍ ഗുജറാത്ത് സമ്മേളനത്തിലൂടെ തെളിക്കാനാകും നേതൃത്വത്തിന്റെ തീവ്ര ശ്രമം.