സാന്റ്നർക്കു സ്ട്രൈക്ക് കൊടുത്തില്ല, ക്യാപ്റ്റൻ പാണ്ഡ്യ ക്രീസിലുണ്ടായിട്ടും മുംബൈയ്ക്ക് തോൽവി; ത്രില്ലർ ജയിച്ച് ലക്നൗ

0

ലക്നൗ∙ ക്യാപ്റ്റൻ ഹാര്‍ദിക് പാണ്ഡ്യയും മിച്ചൽ സാന്റ്നറും ക്രീസിലുണ്ടായിട്ടും ത്രില്ലർ പോരാട്ടത്തിൽ വീണ് മുംബൈ ഇന്ത്യൻസ്. ലക്നൗ സൂപ്പർ ജയന്റ്സിന്റെ ഹോം ഗ്രൗണ്ടിൽ നടന്ന മത്സരത്തിൽ 12 റൺസിനാണ് ആതിഥേയരുടെ വിജയം. സീസണിലെ രണ്ടാം വിജയത്തോടെ ലക്നൗ പോയിന്റ് പട്ടികയിൽ ഏഴാം സ്ഥാനത്തെത്തി. മത്സരത്തിൽ ലക്നൗ ഉയർത്തിയ 204 റൺസ് വിജയലക്ഷ്യം പിന്തുടർന്ന മുംബൈയ്ക്ക് 20 ഓവറിൽ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 191 റണ്‍സെടുക്കാൻ മാത്രമാണു സാധിച്ചത്.

43 പന്തിൽ 67 റൺസെടുത്ത സൂര്യകുമാർ യാദവാണ് മുംബൈയുടെ ടോപ് സ്കോറർ. നമൻ ഥിർ (24 പന്തിൽ 46), ഹാർദിക് പാണ്ഡ്യ (16 പന്തിൽ 28), തിലക് വർമ (23 പന്തിൽ 25) എന്നിവരാണു മുംബൈയുടെ മറ്റു പ്രധാന സ്കോറർമാർ. മറുപടി ബാറ്റിങ്ങിൽ വിൽ ജാക്സും (അഞ്ച്), റയാൻ റിക്കിള്‍ട്ടനും (10) തുടക്കത്തിൽ തന്നെ മടങ്ങിയെങ്കിലും, നമന്‍ ഥിറും സൂര്യകുമാർ യാദവും മുംബൈയുടെ രക്ഷയ്ക്കെത്തുകയായിരുന്നു. സ്കോർ 86ൽ നിൽക്കെ ദിഗ്‍വേഷ് രാതിയുടെ പന്തിൽ നമൻ ഥിർ ബോൾഡായി. 10 ഓവറിലാണ് മുംബൈ 100 പിന്നിട്ടത്. 

തകർത്തടിച്ച സൂര്യകുമാർ യാദവിന്റെ വിക്കറ്റു പോയത് മത്സരത്തിൽ നിർണായകമായി. 17–ാം ഓവറിലെ ആവേശ് ഖാന്റെ പന്തിൽ അബ്ദുൽ സമദ് ക്യാച്ചെടുത്താണു സൂര്യയെ മടക്കിയത്. അവസാന മൂന്നോവറിൽ മുംബൈയ്ക്ക് ജയിക്കാൻ 40 റൺസായിരുന്നു വേണ്ടിയിരുന്നത്. എന്നാൽ ഷാർദൂൽ ഠാക്കൂർ എറിഞ്ഞ 19–ാം ഓവറിൽ മുംബൈ നേടിയത് ഏഴു റൺസ് മാത്രം. ഈ ഓവറിൽ തിലക് വര്‍മ റിട്ടയേർഡ് ഔട്ടായി മടങ്ങിയതും മുംബൈയ്ക്കു തിരിച്ചടിയായി. ഇതോടെ അവസാന ആറു പന്തുകളിൽ മുംബൈയ്ക്ക് ആവശ്യം 22 റൺസ്.

ആവേശ് ഖാൻ എറിഞ്ഞ ആദ്യ പന്ത് തന്നെ ഹാർദിക് പാണ്ഡ്യ സിക്സർ പറത്തി. രണ്ടാം പന്തിൽ രണ്ട് റൺസ് ഓടിയെടുത്ത് പാണ്ഡ്യ വീണ്ടും സ്ട്രൈക്കിൽ. മൂന്നാം പന്തിൽ സിംഗിൾ എടുക്കാമായിരുന്നിട്ടും ഹാർദിക് പാണ്ഡ്യ മിച്ചൽ സാന്റ്നർക്കു സ്ട്രൈക്ക് നൽകിയില്ല. ആവേശിന്റെ നാലാം പന്തിൽ റണ്ണൊന്നും എടുക്കാൻ പാണ്ഡ്യയ്ക്കു സാധിക്കാതിരുന്നതോടെ മുംബൈ പ്രതിരോധത്തിലായി. അവസാന രണ്ടു പന്തുകളിൽ മുംബൈ നേടിയത് ഒരു റൺ മാത്രം. ഇതോടെ ലക്നൗ 12 റൺസ് വിജയം സ്വന്തമാക്കി. ലക്നൗവിനായി ഷാർദൂൽ ഠാക്കൂർ, ആകാശ് ദീപ്, ആവേശ് ഖാൻ, ദിഗ്‍വേഷ് രാതി എന്നിവർ ഓരോ വിക്കറ്റു വീതം വീഴ്ത്തി. ഹോം ഗ്രൗണ്ടിൽ ലക്നൗവിന്റെ ആദ്യ വിജയമാണിത്.

ക്യാപ്റ്റൻ പന്ത് രണ്ടു റൺസിന് പുറത്ത്, എന്നിട്ടും 200 കടന്ന് ലക്നൗ

ആദ്യം ബാറ്റു ചെയ്ത ലക്നൗ 20 ഓവറിൽ എട്ടു വിക്കറ്റ് നഷ്ടത്തിൽ 203 റൺസെടുത്തു. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ലക്നൗവിനായി ഓപ്പണർമാരായ മിച്ചൽ മാർഷും എയ്ഡൻ മാർക്രവും അർധ സെഞ്ചറി നേടി. 31 പന്തുകൾ നേരിട്ട മാർഷ് 60 റണ്‍സും 38 പന്തുകളിൽ മാർക്രം 53 റൺസും അടിച്ചുപുറത്തായി. ആയുഷ് ബദോനി (19 പന്തിൽ 30), ഡേവിഡ് മില്ലർ (14 പന്തിൽ 27) എന്നിവരാണ് ലക്നൗവിന്റെ മറ്റു പ്രധാന സ്കോറർമാർ.

76 റൺസിന്റെ ഒന്നാം വിക്കറ്റ് കൂട്ടുകെട്ടാണ് മിച്ചൽ മാര്‍ഷും എയ്ഡൻ മാർക്രവും ചേര്‍ന്ന് ലക്നൗവിനായി പടുത്തുയര്‍ത്തിയത്. അർധ സെഞ്ചറി നേടിയ മാർഷിനെ സ്വന്തം പന്തിൽ ക്യാച്ചെടുത്തു പുറത്താക്കിയത് മലയാളി താരം വിഘ്നേഷ് പുത്തൂർ. വമ്പനടിക്കാരനായ നിക്കോളാസ് പുരാൻ 12 റൺസ് മാത്രമെടുത്തു പുറത്തായത് ലക്നൗവിനു തിരിച്ചടിയായി. ക്യാപ്റ്റൻ പാണ്ഡ്യയുടെ പന്തിൽ ദീപക് ചാഹർ ക്യാച്ചെടുത്താണ് പുരാനെ മടക്കിയത്.

വിക്കറ്റ് നേട്ടം ആഘോഷിക്കുന്ന മുംബൈയുടെ മലയാളി താരം വിഘ്നേഷ് പുത്തൂർ
ക്യാപ്റ്റൻ ഋഷഭ് പന്തും നിരാശപ്പെടുത്തി. രണ്ടു റൺസ് മാത്രമെടുത്ത പന്തിനെ പാണ്ഡ്യയുടെ ബോളിൽ പകരക്കാരൻ കോർബിൻ ബോഷ് ക്യാച്ചെടുത്തു മടക്കി. മാർക്രത്തോടൊപ്പം ആയുഷ് ബദോനിയും നിലയുറപ്പിച്ചതോടെ ലക്നൗവിന്റെ സ്കോർ ഉയർന്നു. സ്കോർ 158ൽ നിൽക്കെ ബദോനിയെ ഇന്ത്യൻ യുവപേസർ അശ്വനി കുമാർ പുറത്താക്കി. പിന്നാലെ മാര്‍ക്രം പാണ്ഡ്യയുടെ പന്തിൽ ഔട്ടായി.

ഹാർദിക് പാണ്ഡ്യയെറിഞ്ഞ അവസാന ഓവറിൽ ഒരു സിക്സും ഫോറും പറത്തിയ ഡേവിഡ് മില്ലറാണ് ലക്നൗവിനെ 200 കടത്തിയത്. 20–ാം ഓവറിലെ നാലാം പന്തിൽ മില്ലറെ നമൻ ഥിറിന്റെ കൈകളിലെത്തിച്ച് പാണ്ഡ്യ നാലാം വിക്കറ്റ് സ്വന്തമാക്കി. തൊട്ടടുത്ത പന്തിൽ ആകാശ് ദീപും പുറത്തായതോടെ പാണ്ഡ്യയ്ക്ക് അഞ്ച് വിക്കറ്റ്. നാലോവറുകൾ പന്തെറിഞ്ഞ പാണ്ഡ്യ 36 റൺസാണു വഴങ്ങിയത്. വിഘ്നേഷ് പുത്തൂർ, അശ്വനി കുമാർ, ട്രെന്റ് ബോൾട്ട് എന്നിവർ ഓരോ വിക്കറ്റു വീതവും വീഴ്ത്തി.

LEAVE A REPLY

Please enter your comment!
Please enter your name here