നയിക്കാൻ എംഎ ബേബി? ജനറൽ സെക്രട്ടറി സ്ഥാനത്തേക്ക് ബേബിയുടെ പേര് നിര്‍ദേശിക്കാൻ ധാരണ, കെകെ ഷൈലജ പിബിയിലെത്തില്ല

0

മധുര: പുതിയ ജനറൽ സെക്രട്ടറിയെ നിശ്ചയിച്ച് സിപിഎം ഇരുപത്തിനാലാം പാർട്ടി കോൺഗ്രസ് ഇന്ന് സമാപിക്കും. ജനറൽ സെക്രട്ടറിയായി എംഎ ബേബിയുടെ പേരാണ് ഇന്നലെ ചേർന്ന പൊളിറ്റ് ബ്യൂറോ യോഗത്തിൽ പ്രകാശ് കാരാട്ട് നിർദ്ദേശിച്ചത്. കാരാട്ടിന്‍റെ നിര്‍ദേശത്തിന് പിന്നാലെ ജനറൽ സെക്രട്ടറി സ്ഥാനത്തേക്ക് എംഎ ബേബിയുടെ പേര് കേന്ദ്ര കമ്മിറ്റിയിൽ നിര്‍ദേശിക്കാൻ പിബിയിൽ ഭൂരിപക്ഷ ധാരണയായി. അശോക് ധാവ്‍ലയെ ആണ് സിപിഎം ബംഗാള്‍ ഘടകം ജനറൽ സെക്രട്ടറി സ്ഥാനത്തേക്ക് നിര്‍ദേശിച്ചത്.

എന്നാൽ, ഈ നിര്‍ദേശം കേരളം തള്ളി. ധാവ്‍ലയെ അംഗീകരിക്കാനാകില്ലെന്ന് കേരള ഘടകം പിബിയിൽ വ്യക്തമാക്കി. എന്നാൽ, മുഹമ്മദ് സലീമിന്‍റെ പേരാണ് ധാവ്‍ലെ നിര്‍ദേശിച്ചത്. ജനറൽ സെക്രട്ടറിയാകാനില്ലെന്നാണ് സലീം മറുപടി നൽകിയത്. ഇന്ന് കേന്ദ്ര കമ്മിറ്റി യോഗത്തിലും ജനറൽ സെക്രട്ടറിയാരാകുമെന്നതിൽ ബംഗാള്‍ ഘടകവും കേരള ഘടകവും തമ്മിൽ തര്‍ക്കമുണ്ടായേക്കും.

അതേസമയം, കെകെ ഷൈലജ പിബിയിൽ എത്തില്ലെന്നുറപ്പായി. മറിയം ധാവ്‍ലെ, യു വാസുകി എന്നിവര്‍ പിബിയിലെത്തും. വിജു കൃഷ്ണൻ, അരുണ്‍ കുമാര്‍, ശ്രീദീപ് ഭട്ടാചാര്യ, ജിതേന്ദ്ര ചൗധരി എന്നിവരും പിബിയിലെത്തും. പികെ ശ്രീമതിക്ക് പ്രായപരിധിയിൽ ഇളവിന് ശുപാര്‍ശ നൽകാനും തീരുമാനമായി. ജനാധിപത്യ മഹിള അസോസിയേഷൻ ഭാരവാഹിയെന്ന നിലയിലാണ് ഇളവിന് ശുപാര്‍ശ നൽകുന്നത്.

അതേസമയം. പ്രകാശ് കാരാട്ട് അടക്കം ആറു പേർ പിബിയിൽ നിന്ന് ഒഴിയും. പ്രകാശ് കാരാട്ട്. വൃന്ദ കാരാട്ട്, മണിക്ക് സർക്കാർ, സുഭാഷിണി അലി എന്നിവരെ സിസിയിലെ പ്രത്യേക ക്ഷണിതാക്കളാക്കും. പാർട്ടി കോൺഗ്രസ് സമാപനത്തിന്‍റെ ഭാഗമായി റെഡ് വോളൻറിയർ മാർച്ചും പൊതുസമ്മേളനവും വൈകിട്ട് മധുരയിൽ നടക്കും.

LEAVE A REPLY

Please enter your comment!
Please enter your name here