ആദ്യം 300, പലതവണയായി ചെറിയ തുക കിട്ടി, പിന്നെ വൻ ചതി! യുവാവിനെ പറ്റിച്ച് തട്ടിയത് 4.5 ലക്ഷം, പ്രതികൾ പിടിയിൽ

0

ഹരിപ്പാട്:  ആലപ്പുഴയിൽ ഓൺലൈൻ പ്ലാറ്റ്ഫോമിൽ  ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിപ്പ് നടത്തിയ ണ്ട് പ്രതികൾ പിടിയിൽ. വിയപുരം സ്വദേശിയായ യുവാവിന് നഷ്ടമായത് നാലര ലക്ഷത്തോളം രൂപ. സംഭവമായി ബന്ധപ്പെട്ട എറണാകുളം കണ്ണമാലി സ്വദേശികളായ  അജിത്ത് വർഗീസ്(25), സഞ്ജയ് ജോസഫ് എന്നിവരെ ആണ് വിയപുരം പൊലീസ് പിടികൂടിയത്. കഴിഞ്ഞ ഒക്ടോബർ 26നാണ് തട്ടിപ്പ് നടക്കുന്നത്.  ഹുബിൻകോ ടെക്നോളജിസ് എന്ന സ്ഥാപനത്തിൽ നിന്നാണ് എന്ന് പരിചയപ്പെടുത്തിയാണ്  പരാതിക്കാരന് ഇതുമായി ബന്ധപ്പെട്ട ആദ്യ ഫോൺകോൾ വരുന്നത്. 

തുടർന്ന് ടെലിഗ്രാം അക്കൗണ്ട് വഴി ട്രേഡിങ് പ്ലാറ്റ്ഫോമിലേക്ക് രജിസ്റ്റർ ചെയ്യുകയായിരുന്നു. രജിസ്റ്റർ ചെയ്തതിന്റെ ബോണസായി 300 രൂപ അപ്പോൾ തന്നെ അക്കൗണ്ടിലേക്ക് വരുകയും ചെയ്തു. തുടർന്ന് ഏഴ് തവണയോളം ചെറിയ തുകകളായി ഈ അക്കൗണ്ടിലേക്ക് വന്നുകൊണ്ടിരുന്നു. പണം വന്നത് പരാതിക്കാരന് കൂടുതൽ വിശ്വാസത്തിന് ഇടനൽകി. എന്നാൽ അക്കൗണ്ടിൽ ഇങ്ങനെ വരുന്ന  പണം പിൻവലിക്കാൻ ശ്രമിച്ചപ്പോഴാണ് തട്ടിപ്പിന്റെ തുടക്കം. ആദ്യം പണം പിൻവലിക്കാനായി 6000 രൂപ അക്കൗണ്ടിൽ നിക്ഷേപിച്ചു. പിന്നീട് 20000 രൂപ കൂടി ആവശ്യപ്പെട്ടു. ഈ തുക കൂടി നിക്ഷേപിച്ച എങ്കിൽ മാത്രമേ  പണം പിൻവലിക്കാൻ കഴിയുകയുള്ളൂ എന്ന് പറഞ്ഞു. 

അതിന്റെ അടിസ്ഥാനത്തിൽ ഈ തുക ഗൂഗിൾ പേ ചെയ്തു നൽകി. പിന്നീട് പണം പിൻവലിക്കാൻ ശ്രമിച്ചപ്പോൾ പ്രോസസിംഗിൽ തെറ്റുണ്ട് എന്നും  തുക  ബ്ലോക്ക് ആണെന്നും പറഞ്ഞു. ഇത് മാറ്റുന്നതിനായി  ആദ്യം അറുപതിനായിരം രൂപയും പിന്നീട് 1.2 ലക്ഷം രൂപയും  ആവശ്യപ്പെട്ടു. ഈ തുകയും  പരാതിക്കാരൻ അയച്ചുകൊടുത്തു. വീണ്ടും പ്രോസസിങ്ങിൽ തെറ്റുണ്ടെന്നും തുക  ബ്ലോക്ക് ആയി എന്നും അറിയിച്ചു. ഇത് ഒഴിവാക്കി പണം പിൻവലിക്കാൻ രണ്ടര ലക്ഷം രൂപ കൂടി നൽകണമെന്ന് ആവശ്യപ്പെട്ടു. 

ഇതനുസരിച്ച് പരാതിക്കാരൻ വീണ്ടും തുക നൽകുകയായിരുന്നു. തുടർന്ന്  തുക പിൻവലിക്കാൻ ശ്രമിച്ചപ്പോൾ ബ്ലോക്ക് തന്നെയാണ് കാണിക്കുന്നത്. അക്കൗണ്ടിൽ നിന്നും ഈ സമയം  ആകെ 4.56 ലക്ഷം രൂപ നഷ്ടമായിരുന്നു. തുടർന്നാണ് ഇയാൾ വിയപുരം  പൊലീസിൽ പരാതി നൽകിയത്.  വീയപുരം  എസ്എച്ച്ഒ ഷഫീക്കിന്റെ നിർദ്ദേശപ്രകാരം എസ് ഐ പി പ്രദീപ്, എഎസ്ഐ ബാലകൃഷ്ണൻ,  സീനിയർ സിപിഒ പ്രതാപ് മേനോൻ, സിപിഒ നിസ്സാറുദ്ദീൻ, എന്നിവരാണ് പ്രതികളെ പിടികൂടിയത്.

LEAVE A REPLY

Please enter your comment!
Please enter your name here