കാലിഫോര്‍ണിയ: ചന്ദ്രനിലെ സൂര്യാസ്തമയത്തിന്‍റെ ആദ്യത്തെ ഹൈ-ഡെഫനിഷൻ ചിത്രങ്ങൾ നാസ പുറത്തുവിട്ടു. സ്വകാര്യ ചാന്ദ്ര പര്യവേഷണ കമ്പനിയായ ഫയർഫ്ലൈ എയ്‌റോസ്‌പേസിന്‍റെ ‘ബ്ലൂ ഗോസ്റ്റ് ലാന്‍ഡര്‍’ എടുത്ത ഈ രണ്ട് ശ്രദ്ധേയമായ ഫോട്ടോകൾക്ക് ചന്ദ്രനിലെ ചക്രവാള തിളക്കം എന്നറിയപ്പെടുന്ന നിഗൂഢ പ്രതിഭാസത്തെക്കുറിച്ച് ശാസ്ത്രജ്ഞർക്ക് കൂടുതൽ സൂചനകൾ നൽകാൻ കഴിയും. ടെക്സസ് കമ്പനിയായ ഫയർഫ്ലൈ എയ്‌റോസ്‌പേസുമായി സഹകരിച്ച് നടത്തിയ 14 ദിവസത്തെ ദൗത്യത്തിന് സമാപനം കുറിച്ചുകൊണ്ട് ചൊവ്വാഴ്ച ഹ്യൂസ്റ്റണിലെ ജോൺസൺ സ്‌പേസ് സെന്‍ററിൽ നടന്ന പത്രസമ്മേളനത്തിലാണ് നാസ ചിത്രങ്ങൾ അവതരിപ്പിച്ചത്.
ചന്ദ്രന്‍റെ വടക്കുകിഴക്കൻ ഭാഗത്തുള്ള മേര്‍ ക്രിസിയത്തിലെ അഗ്നിപർവ്വത രൂപീകരണമായ മോൺസ് ലാട്രെയ്‌ലിന് സമീപം മാർച്ച് 2-നാണ് ബ്ലൂ ഗോസ്റ്റ് ലാൻഡ് ചെയ്‌തത്. ചെലവ് കുറയ്ക്കുന്നതിനും 2027-ൽ മനുഷ്യരെ ചന്ദ്രനിലേക്ക് അയക്കാന്‍ പദ്ധതിയിട്ടിരിക്കുന്ന ആർട്ടെമിസ് ദൗത്യത്തെ പിന്തുണയ്ക്കുന്നതിനും ലക്ഷ്യമിട്ട് വാണിജ്യ പേലോഡ് ഓപ്പറേറ്റർമാരിൽ നാസ നടത്തിയ 2.6 ബില്യൺ ഡോളർ നിക്ഷേപത്തിന്‍റെ ഭാഗമാണ് ബ്ലൂ ഗോസ്റ്റ് ലാന്‍ഡര്‍. 2025 മാർച്ച് 2-ന് ചന്ദ്രനില്‍ വിജയകരമായി ഇറങ്ങിയ ബഹിരാകാശ പേടകം 14 ദിവസം പ്രവർത്തിച്ചു, ചാന്ദ്ര രാത്രി ആരംഭിക്കുന്നതിന് തൊട്ടുമുമ്പ് അത് ദൗത്യം പൂർത്തിയാക്കി.