‘കൈ’ വിട്ട് പി കെ ശശി; സ്വതന്ത്ര ചിഹ്നത്തില്‍ തന്നെ മത്സരിക്കും

പാലക്കാട്: ഒറ്റപ്പാലത്തെ യുഡിഎഫ് സ്ഥാനാര്‍ത്ഥി പികെ ശശി സ്വതന്ത്ര ചിഹ്നത്തത്തില്‍ മത്സരിക്കും. കൈപ്പത്തി ചിഹ്നം ശശിക്ക് നല്‍കരുതെന്ന ഒരു വിഭാഗം കോണ്‍ഗ്രസ് നേതാക്കളുടെ ആവശ്യം നേതൃത്വം അംഗീകരിക്കുകയായിരുന്നു. പ്രശ്‌ന പരിഹാരത്തിന് കോണ്‍ഗ്രസില്‍ ചേരാന്‍ നേതൃത്വം ശശിയോട് ആവശ്യപ്പെട്ടെങ്കിലും വിസമ്മതിക്കുകയായിരുന്നു. ഇതോടെയാണ് സ്വതന്ത്രചിഹ്നത്തില്‍ മത്സരിക്കാന്‍ പി കെ ശശി തീരുമാനിച്ചത്. കൈപ്പത്തി ചിഹ്നം ഉപയോഗിച്ചുള്ള പി കെ ശശിയുടെ പ്രചരണ പോസ്റ്ററുകളും ഫ്‌ളക്‌സുകളും ഒറ്റപ്പാലം മണ്ഡലത്തില്‍ ഇന്നലെ വ്യാപകമായി പതിപ്പിച്ചിരുന്നു.

സിപിഐഎം സംസ്ഥാന സെക്രട്ടറിക്കും ജില്ലാ സെക്രട്ടറിക്കുമെതിരെ അടക്കം രൂക്ഷ വിമർശനം ഉന്നയിച്ച് രംഗത്തെത്തിയതിന് പിന്നാലെ പി കെ ശശിയെ സിപിഐഎം പ്രാഥമിക അംഗത്വത്തിൽ പുറത്താക്കിയിരുന്നു. തൊട്ടുപിന്നാലെ പാർട്ടി നടപടിയോട് പ്രതികരിച്ച് പി കെ ശശിയും രംഗത്തെത്തി. പുറത്താക്കാനുള്ള സമ്പൂർണ അധികാരം പാർട്ടിക്കുണ്ടെന്ന് പി കെ ശശി പറഞ്ഞു. ദീർഘകാലത്തെ സിപിഐഎം ബന്ധം അവസാനിച്ചു. പക്ഷേ പോരാട്ടം തുടരും. കള്ളന്മാരെ ജനങ്ങൾക്ക് മുന്നിൽ തുറന്നുകാട്ടുമെന്നും പി കെ ശശി പറഞ്ഞിരുന്നു.

കോടിയേരി മരിച്ചതോടെ പാര്‍ട്ടിയില്‍ വന്‍ ശൂന്യതയാണെന്ന് എം വി ഗോവിന്ദനെ ഉന്നംവെച്ച് പി കെ ശശി പറഞ്ഞിരുന്നു. കോടിയേരി പാര്‍ട്ടി സെക്രട്ടറിയായിരുന്ന കാലത്ത് മനുഷ്യരെ ചേര്‍ത്ത് പിടിച്ചിരുന്നു. പക്ഷേ നമുക്ക് ഭാഗ്യമില്ലാതെയായി പോയി. കോടിയേരി ജീവിച്ചിരുന്നുങ്കില്‍ ഈ ഗതി സിപിഐഎം പാര്‍ട്ടിക്കുണ്ടാവുമായിരുന്നില്ല. എന്തുകൊണ്ട് ഓര്‍മപ്പെടുത്തുന്നു എന്നത് ഓര്‍ക്കണമെന്നും പി കെ ശശി വ്യക്തമാക്കിയിരുന്നു.

കൊഴിഞ്ഞുപോക്ക് തടയാന്‍ അടിയന്തര നടപടിക്ക് കോണ്‍ഗ്രസ്; അസംതൃപ്തര്‍ക്ക് പാര്‍ട്ടി പദവികള്‍ നല്‍കാനാണ് നീക്കം

കൊഴിഞ്ഞുപോക്ക് തടയാന്‍ അടിയന്തര നടപടി സ്വീകരിക്കാനൊരുങ്ങി കോണ്‍ഗ്രസ്. അസംതൃപ്തര്‍ക്ക് പദവികള്‍ നല്‍കി അവരെ പാര്‍ട്ടിയോട് ചേര്‍ത്തുനിര്‍ത്താനാണ് നീക്കം.

ഇടഞ്ഞു നില്‍ക്കുന്ന നേതാക്കളെ കേള്‍ക്കാനും തീരുമാനിച്ചു. വിമത ശബ്ദം ഉയര്‍ത്തിയാല്‍ പിന്നാലെ അനുനയനീക്കം നടത്തും. എല്ലാവരെയും ചേര്‍ത്ത് നിര്‍ത്താനാണ് തീരുമാനം.

സ്ഥാനാര്‍ത്ഥി നിര്‍ണയത്തെ തുടര്‍ന്ന് പല യുവനേതാക്കളും പാര്‍ട്ടി വിടുന്ന സാഹചര്യത്തിലാണ് നീക്കം. എഐസിസി നിരീക്ഷകരായ സച്ചിന്‍ പൈലറ്റ് ഉള്‍പ്പെടെ ഉടന്‍ കേരളത്തില്‍ എത്തും.

തീപിടുത്തമുണ്ടായപ്പോള്‍ ജീവന്‍ രക്ഷാ ഉപകരണങ്ങള്‍ മാറ്റി, മണിക്കൂറുകള്‍ക്കുള്ളില്‍ 5 രോഗികള്‍ മരിച്ചു; തിരു. മെഡിക്കല്‍ കോളജിനെതിരെ ഗുരുതര ആരോപണം

തിരുവനന്തപുരം മെഡിക്കല്‍ കോളജിലെ മള്‍ട്ടി സ്‌പെഷ്യാലിറ്റി ബ്ലോക്കില്‍ തീപിടുത്തമുണ്ടായതിന് പിന്നാലെ അഞ്ച് മരണങ്ങള്‍ സ്ഥിരീകരിച്ചതില്‍ ഗുരുതര ആരോപണവുമായി മരണപ്പെട്ട ഒരാളുടെ കുടുംബം. തീപിടുത്തമുണ്ടായപ്പോള്‍ ജീവന്‍ രക്ഷാ ഉപകരണങ്ങള്‍ മാറ്റിയതാണ് മരണങ്ങള്‍ക്ക് കാരണമായതെന്നാണ് ആരോപണം. നെയ്യാറ്റിന്‍കര സ്വദേശി സനീഷിന്റെ ബന്ധുക്കളുടേതാണ് ഗുരുതര ആരോപണം.

മാര്‍ച്ച് 17നാണ് തിരുവനന്തപുരം മെഡിക്കല്‍ കോളജിലെ മള്‍ട്ടി സ്‌പെഷ്യാലിറ്റി ബ്ലോക്കില്‍ രാവിലെ തീപിടുത്തമുണ്ടാകുന്നത്. തീപിടുത്തമുണ്ടായി മണിക്കൂറുകള്‍ക്കുള്ളില്‍ തന്നെ അഞ്ച് മരണങ്ങള്‍ സ്ഥിരീകരിച്ചുവെന്നാണ് ബന്ധുക്കള്‍ പറയുന്നത്. വെന്റിലേറ്ററില്‍ കഴിയുന്ന രോഗികള്‍ക്ക് ഉള്‍പ്പെടെ ജീവന്‍ നഷ്ടപ്പെടാന്‍ ഇത് കാരണമായെന്ന് സനീഷിന്റെ ബന്ധു പുഷ്പ ലീല ട്വന്റിഫോറിനോട് പറഞ്ഞു. സനീഷും വെന്റിലേറ്ററില്‍ ചികിത്സയില്‍ കഴിയുന്നതിനിടെയാണ് മരണപ്പെട്ടത്. ഈ വെന്റിലേറ്ററില്‍ നിന്നാണ് തീയും പുകയും ഉയരുന്നത് കണ്ടത്. പിന്നീട് രോഗികളെ അവിടെ നിന്നും മാറ്റുകയായിരുന്നു. സംഭവത്തില്‍ പരാതി സമര്‍പ്പിക്കാനൊരുങ്ങുകയാണ് സനീഷിന്റെ കുടുംബം. മെഡിക്കല്‍ കോളജ് അധികൃതര്‍ ആരോപണത്തോട് പ്രതികരിച്ചിട്ടില്ല.

ബൈക്ക് അപകടത്തില്‍ ഗുരുതരമായി പരുക്കേറ്ററിനെ തുടര്‍ന്നാണ് സനീഷിനെ മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചത്. തീപിടുത്തമുണ്ടാകുന്നതിന് ദിവസങ്ങള്‍ക്ക് മുമ്പ് സനീഷ് അപകടനില തരണം ചെയ്യുകയും ബന്ധുക്കളോട് സംസാരിക്കുകയും ചെയ്തിരുന്നു. സനീഷിന് കഞ്ഞി നല്‍കിയിരുന്നെന്നും അദ്ദേഹത്തിന് അത് കഴിക്കാന്‍ സാധിക്കുകയും ചെയ്തുവെന്നും ബന്ധുക്കള്‍ പറയുന്നു. സനീഷിന്റെ ആരോഗ്യസ്ഥിതി മെച്ചപ്പെട്ട് വരുമ്പോഴാണ് തീപിടുത്തമുണ്ടായത്. ജീവന്‍ രക്ഷാ ഉപകരണങ്ങള്‍ പെട്ടെന്ന് മാറ്റിയതാണ് സനീഷിന്റെ ജീവനെടുത്തതെന്നാണ് ബന്ധുക്കള്‍ സംശയിക്കുന്നത്.

‘ദീദിയുടെ 10 പ്രതിജ്ഞകൾ’; പശ്ചിമ ബംഗാളിൽ മാനിഫെസ്റ്റോ പുറത്തിറക്കി തൃണമൂൽ കോൺഗ്രസ്

പശ്ചിമ ബംഗാളിൽ മാനിഫെസ്റ്റോ പുറത്തിറക്കി തൃണമൂൽ കോൺഗ്രസ്. ദീദിയുടെ 10 പ്രതിജ്ഞകൾ എന്നാണ് പ്രകടനപത്രികയെ പാർട്ടി വിശേഷിപ്പിച്ചിരിക്കുന്നത്. ലക്ഷ്മി ഭണ്ഡാർ പദ്ധതിക്ക് കീഴിൽ വനിതകൾക്കുള്ള പ്രതിമാസ ധനസഹായം 500 രൂപ വർദ്ധിപ്പിച്ച് 1500 രൂപ നൽകുമെന്ന് അറിയിച്ചു.

SC/ST വനിതകൾക്ക് 1700 രൂപയും പ്രതിമാസം നൽകും. തൊഴിൽ രഹിതരായിട്ടുള്ള യുവാക്കൾക്ക് 1500 രൂപ പ്രതിമാസം പോക്കറ്റ് മണി നൽകുമെന്നും തൃണമൂൽ കോൺഗ്രസ് പ്രകടനപത്രികയിൽ പറയുന്നു. എല്ലാ ബൂത്തുകളിലും ചികിത്സാസഹായവും സ്കൂളുകളിൽ ആധുനിക സൗകര്യവും മാനിഫെസ്റ്റോയിൽ വാഗ്ദാനം ചെയ്തിട്ടുണ്ട്. പശ്ചിമബംഗാളിൽ ഏഴ് പുതിയ ജില്ലകൾ രൂപീകരിക്കുമെന്നും മമത ബാനർജി പറഞ്ഞു.

സ്കൂളുകളിൽ ഇ – ലേണിംഗ് സംവിധാനങ്ങൾ വാഗ്ദാനം ചെയ്തിട്ടുണ്ട്. ഏഴിലധികം പുതിയ ജില്ലകളും ബ്ലോക്കുകളും മുനിസിപ്പാലിറ്റിയും ഉണ്ടാകും കർഷക കുടുംബങ്ങളെ സഹായിക്കാൻ മുപ്പതിനായിരം കോടി രൂപയുടെ പ്രത്യേക കർഷക ബജറ്റും പ്രകടനപത്രികയ്ക്ക് കീഴിൽ ഉണ്ട്.

ഡോ. വന്ദന ദാസ് കൊലപാതകം: പ്രതി സന്ദീപിന് ജീവപര്യന്തം

ഡോ. വന്ദന ദാസിനെ കുത്തിക്കൊലപ്പെടുത്തിയ കേസില്‍ പ്രതി സന്ദീപിന് ജീവപര്യന്തം തടവ്. ഇതിനൊപ്പം പിഴയായി ഒരു ലക്ഷം രൂപയും ശിക്ഷാവിധിയിലുണ്ട്. പ്രതിക്ക് 302-ാം വകുപ്പ് പ്രകാരം ജീവപര്യന്തം തടവും 310-ാം വകുപ്പ് പ്രകാരം മറ്റൊരു ജീവപര്യന്തം തടവുമാണ് കോടതി വിധിച്ചത്. വധശ്രമം ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ പ്രകാരമുള്ള 30 വര്‍ഷത്തെ തടവിന് ശേഷമാണ് കൊലക്കുറ്റത്തിനുള്ള ജീവപര്യന്തം തടവ് ആരംഭിക്കുക. വന്ദനാ ദാസ് കൊലപാതകത്തെ അപൂര്‍വങ്ങളില്‍ അപൂര്‍വമായ കേസായി കണക്കാക്കി വധശിക്ഷ നല്‍കണമെന്നായിരുന്നു പ്രോസിക്യൂഷന്റെ ആവശ്യം.

കേസില്‍ കൊല്ലം അഡീഷണല്‍ സെഷന്‍സ് കോടതിയാണ് വിധി പറഞ്ഞത്. കൊലക്കുറ്റത്തിന് ജീവപര്യന്തം കഠിന തടവും വധശ്രമത്തിന് പത്ത് വര്‍ഷം കഠിന തടവും 326-ാം വകുപ്പ് പ്രകാരം പത്ത് വര്‍ഷം കഠിന തടവും ആശുപത്രിയില്‍ അതിക്രമം നടത്തിയ കുറ്റത്തിന് അഞ്ച് വര്‍ഷം കഠിന തടവുമാണ് നല്‍കിയിരിക്കുന്നത്. 323,324,332,333 വകുപ്പുകള്‍ പ്രകാരമാണ് സന്ദീപ് 30 വര്‍ഷത്തെ തടവ് അനുഭവിക്കേണ്ടത്. എന്നാല്‍ ശിക്ഷ അപര്യാപ്തമാണെന്നാണ് പ്രോസിക്യൂഷന്റേയും വന്ദനയുടെ മാതാപിതാക്കളുടേയും പ്രതികരണം. ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കാനാണ് ഇവരുടെ തീരുമാനം.

സന്ദീപ് കേസില്‍ കുറ്റക്കാരനെന്ന് കോടതി നേരത്തെ കണ്ടെത്തിയിരുന്നു. അമ്മക്ക് താന്‍ മാത്രമേ ഉള്ളുവെന്നും കുറഞ്ഞ ശിക്ഷ നല്‍കണമെന്നുമാണ് കോടതിയോട് സന്ദീപ് ആവശ്യപ്പെട്ടിരിക്കുന്നത്. ശിക്ഷയില്‍ നിന്ന് രക്ഷപ്പെടാനുള്ള ബാലിശമായ കാരണങ്ങള്‍ മാത്രമാണ് പ്രതിയുടേതെന്നായിരുന്നു പ്രോസിക്യൂഷന്റെ വാദം. പശ്ചാത്താപത്തിന്റെ ഒരു കണിക പോലും പ്രതിയില്‍ നിന്ന് ഉണ്ടായിട്ടില്ലെന്നും പ്രോസിക്യൂഷന്‍ പറഞ്ഞു. വന്ദനയെ ക്രൂരമായി കൊലപ്പെടുത്തി. അലറിവിളിച്ച് പുറത്തേക്ക് പോയ പെണ്‍കുട്ടിയെ പിന്തുടര്‍ന്ന് കയ്യില്‍ പിടിച്ച് തന്റെ ശരീരത്തോട് ചേര്‍ത്ത് നിര്‍ത്തി കുത്തി കൊലപ്പെടുത്തുകയാണ് പ്രതി ചെയ്തതെന്ന് പ്രോസിക്യൂഷന്‍ വാദിച്ചു.

2023 മെയ് 10ന് പുലര്‍ച്ചെയാണ് കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ വെച്ച് ഡോക്ടര്‍ വന്ദനാ ദാസിനെ മദ്യലഹരിയില്‍ പ്രതി സന്ദീപ് കുത്തി കൊലപ്പെടുത്തിയത്. നെടുമ്പനയിലെ എയ്ഡഡ് സ്‌കൂള്‍ അധ്യാപകനായിരുന്ന കുടവട്ടൂര്‍ സ്വദേശി സന്ദീപ് ഡോ.വന്ദനയെ സര്‍ജിക്കല്‍ ബ്ലേഡ് ഉപയോഗിച്ചാണ് കുത്തി കൊലപ്പെടുത്തിയത്.

‘മമ്മൂട്ടി വികാരഭരിതനായി, ആക്ഷേപം അദ്ദേഹത്തെ വേദനിപ്പിച്ചെന്ന് തോന്നി ക്ഷമ ചോദിച്ചു’; മുഖ്യമന്ത്രി

മമ്മൂട്ടി വയനാട് ടൗൺഷിപ്പ് സന്ദർശിച്ചത് സദുദ്ദേശ്യത്തോടെയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. അദ്ദേഹം ചെയ്ത നല്ല കാര്യത്തിന് കടന്നാക്രമണം ഉണ്ടായത് മോശമായി. മമ്മുട്ടിയോട് ക്ഷമ പറഞ്ഞത്, എന്റെ വേദന അല്ല, ആ ആക്ഷേപം അദ്ദേഹത്തെ വേദനിപ്പിച്ചു. അദ്ദേഹം രാവിലെ ചെന്നൈയിൽ നിന്ന് വയനാട്ടിൽ എത്തിയത് നല്ല ഉദ്ദേശത്തോടെയാണ്.

അത് മനസിലാകാതെ കടന്നാക്രമണം ഉണ്ടായി. ഞാൻ ക്ഷമ പറഞ്ഞ ശേഷം മമ്മുട്ടി എന്നെ വിളിച്ചു. മമ്മുട്ടി വളരെ വികാരഭരിതനായി തിരിച്ചുവിളിച്ചു സംസാരിക്കുകയാണ് ഉണ്ടായതെന്നും മുഖ്യമന്ത്രി പറഞ്ഞു.

കേരളത്തിൽ അഴിമതി ഇല്ലാതായത് എൽഡിഎഫ് സർക്കാർ ആയത് കൊണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. അഴിമതി വിഹിതം നിശ്ചയിച്ച് പദ്ധതി നടത്തുന്ന രീതി എൽഡിഎഫിന് ഇല്ല. ഭരണം അഴിമതി വളർത്തിയിട്ടില്ല. LDF സർക്കാർ ഉള്ളത് കൊണ്ട് ആണല്ലോ കേരളം രാജ്യത്ത് ഏറ്റവും അഴിമതി ഇല്ലാത്ത സർക്കാർ ആയത്.

സമാധാന ജീവിതം ആണ് ജനങ്ങൾ ആഗ്രഹിക്കുന്നത്. LDF നു അനുകൂലമാണ് ജനതാല്പര്യം. എല്ലാ ജനങ്ങളും LDF നു ഒപ്പം നിൽക്കുന്നു. കഴിഞ്ഞ 10 വർഷം ജനങ്ങൾ സമാധാന ജീവിതം വഹിച്ചു. ഖജനാവിൽ പൂച്ച പെറ്റു കിടക്കണം എന്നത് ആഗ്രഹം മാത്രം. കടത്തിന്റെ കാര്യത്തിൽ കേരളം പുറകിൽ ആണ്.

നാടിനു വേണ്ടി ഒന്നിച്ചു നിൽക്കാൻ എല്ലാവരും തയ്യാർ ആകുന്നില്ല. കെ റെയിൽ അതിന്റെ ഉദാഹരണം. LDF ഉള്ളപ്പോൾ കെ റെയിൽ വേണ്ട എന്നതാണ് പ്രതിപക്ഷ നിലപാട്. 10 വർഷം തടസങ്ങൾ നേരിട്ട് ആണ് മുന്നോട്ട് പോയത്.SIR, പാചക വാതക വിഷയം സംസ്ഥാന സർക്കാർ കാരണം എന്ന് സ്വകാര്യ പ്രചരണം നടക്കുന്നു.

എനിക്ക് എതിരായ ആക്രമണം വ്യക്തി പരം അല്ല. പാർട്ടിയെ തകർക്കാൻ ആണ് എന്നെ തകർക്കാൻ ശ്രമിക്കുന്നത്. പാർട്ടി വക്താവ് ആകുമ്പോൾ ആണ് ആക്രമണം ഉണ്ടാവുക. പാർട്ടിക്ക് എതിരായ അക്രമണത്തിന്റെ കേന്ദ്ര ബിന്ദു ഞാൻ ആയി. എല്ലാ കടുത്ത അക്രമണവും ഉൾ ചിരിയോടെ ആണ്കാണുന്നത്. ഒരു ആക്രമണവും വ്യക്തിപരമായി കാണുന്നില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

നമ്മുടെ ഉന്നത വിദ്യാഭ്യാസ മേഖല വലിയ രീതിയിൽ വികാസം പ്രാപിച്ചുവരുകയാണ്. അതിന്‍റെ ഭാഗമായി ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയരുകയാണെന്നും പിണറായി വിജയൻ വ്യക്തമാക്കി. ഇപ്പോള്‍ കേരളം നല്ല നിലയിൽ വികസിച്ചു. എല്ലാ മേഖലയിലുമുള്ള സര്‍വതല സ്പര്‍ശിയായ വികസനമാണ് ലക്ഷ്യമിടുന്നത്.

നേരത്തെ കേരളത്തിലൂടെ യാത്ര ചെയ്യുമ്പോള്‍ ചിലയിടത്ത് എത്തുമ്പോള്‍ മൂക്കു പൊത്തേണ്ട അവസ്ഥയാണുള്ളത്. ഹരിത കേരള മിഷന്‍റെ പ്രവര്‍ത്തനത്തിന്‍റെ ഭാഗമായി മാലിന്യ നീക്കമടക്കം കൃത്യമായി നടത്താൻ ഇപ്പോഴായി. വലിയ മാറ്റമാണ് മാലിന്യ നിര്‍മാര്‍ജനത്തിൽ ഉണ്ടായത്. കേരളം ഇന്ന് നല്ല രീതിയിൽ നിക്ഷേപത്തിന് പറ്റിയ നാടായിട്ടാണ് ആളുകള്‍ കാണുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഒറ്റപ്പാലത്ത് യുഡിഎഫ് തന്ത്രം മാറ്റി; P. K. Sasiയ്ക്ക് ‘കൈപ്പത്തി’ ചിഹ്നം

0


പാലക്കാട്: നിയമസഭാ തെരഞ്ഞെടുപ്പിനെ മുന്നോടിയായി Ottapalam മണ്ഡലത്തിൽ യുഡിഎഫ് തന്ത്രം മാറ്റി. സി.പി.ഐ.എം വിട്ട മുൻ നേതാവ് പി.കെ ശശി  ഇനി കോൺഗ്രസിന്റെ ഔദ്യോഗിക ‘കൈപ്പത്തി’ ചിഹ്നത്തിൽ മത്സരിക്കും.


ആദ്യമായി യുഡിഎഫ് പിന്തുണയോടെ സ്വതന്ത്ര സ്ഥാനാർത്ഥിയായി മത്സരിക്കുമെന്നായിരുന്നു വിലയിരുത്തൽ. എന്നാൽ കോൺഗ്രസിനുള്ളിലെ ഒരു വിഭാഗം നേതാക്കളുടെ ശക്തമായ ആവശ്യം പരിഗണിച്ച് പാർട്ടി ചിഹ്നം തന്നെ നൽകാൻ തീരുമാനിക്കുകയായിരുന്നു.
സി.പി.ഐ.എം നേതൃത്വത്തിനെതിരെ രൂക്ഷ വിമർശനം ഉന്നയിച്ചതിനെ തുടർന്ന് ശശിയെ പാർട്ടിയിൽ നിന്ന് പുറത്താക്കിയിരുന്നു. തുടർന്ന് രാഷ്ട്രീയ നിലപാട് മാറ്റി യുഡിഎഫ് പാളയത്തിലേക്ക് എത്തിയതാണ്.


മണ്ഡലത്തിൽ ഇതിനകം സ്ഥാപിച്ച ഫ്‌ളക്‌സ് ബോർഡുകളിൽ യുഡിഎഫ് സ്ഥാനാർത്ഥിയെന്ന നിലയിൽ ശശിയെ അവതരിപ്പിച്ചിട്ടുണ്ടെങ്കിലും, ചിഹ്നം ഇതുവരെ പ്രദർശിപ്പിച്ചിരുന്നില്ല.

UDF has changed its strategy in Ottapalam by allowing former CPM leader P. K. Sasi to contest under the Congress ‘hand’ symbol. Initially expected to run as an independent, the decision was revised following internal demands within the Congress.

കേരളം ചൂടിൽ ചുട്ടുപൊള്ളുന്നു; 11 ജില്ലകളിൽ യെല്ലോ അലർട്ട്, ജാഗ്രത നിർദേശം കർശനം

0

കേരളം: സംസ്ഥാനത്ത് താപനില ഉയർന്ന നിലയിൽ തുടരുന്നതിനിടെ കാലാവസ്ഥാ വകുപ്പ് ജാഗ്രത മുന്നറിയിപ്പ് പുറപ്പെടുവിച്ചു. 11 ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
കൊല്ലം, കോട്ടയം, പാലക്കാട്, തിരുവനന്തപുരം, ആലപ്പുഴ, പത്തനംതിട്ട, എറണാകുളം, തൃശൂർ, മലപ്പുറം, കോഴിക്കോട്, കണ്ണൂർ ജില്ലകളിലാണ് അലർട്ട് നിലവിലുള്ളത്. ചിലയിടങ്ങളിൽ സാധാരണയേക്കാൾ 2 മുതൽ 3 ഡിഗ്രി സെൽഷ്യസ് വരെ താപനില ഉയരാനിടയുണ്ടെന്ന് മുന്നറിയിപ്പുണ്ട്.


ചില ജില്ലകളിൽ താപനില 37 ഡിഗ്രി സെൽഷ്യസുവരെ ഉയരാൻ സാധ്യതയുണ്ട്. അടുത്ത ദിവസങ്ങളിലും ചൂട് തുടരുമെന്നാണ് വിലയിരുത്തൽ. രാവിലെ 10 മുതൽ വൈകിട്ട് 3 വരെ അൾട്രാവയലറ്റ് കിരണങ്ങൾ ശക്തമാകുന്നതിനാൽ നേരിട്ട് സൂര്യപ്രകാശം ഒഴിവാക്കണമെന്ന് നിർദേശിച്ചിട്ടുണ്ട്.
തുടർച്ചയായി സൂര്യപ്രകാശം നേരിട്ട് ഏറ്റുവാങ്ങുന്നത് സൂര്യാതപം, ത്വക്ക് രോഗങ്ങൾ, നേത്രപ്രശ്നങ്ങൾ തുടങ്ങിയ ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമാകാമെന്നും അധികൃതർ മുന്നറിയിപ്പ് നൽകുന്നു. പുറം ജോലികളിൽ ഏർപ്പെടുന്നവർ, മത്സ്യത്തൊഴിലാളികൾ, യാത്രക്കാർ, വിനോദസഞ്ചാരികൾ തുടങ്ങിയവർ പ്രത്യേകം ജാഗ്രത പാലിക്കണം.


വിദ്യാർത്ഥികൾക്ക് ശുദ്ധജലം ലഭ്യമാക്കാനും വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ പുറംപരിപാടികൾ നിയന്ത്രിക്കാനും നിർദേശമുണ്ട്. നിർമാണ തൊഴിലാളികൾക്കും കർഷക തൊഴിലാളികൾക്കും ജോലി സമയം ക്രമീകരിക്കണമെന്നും ഇടവേളകൾ ഉറപ്പാക്കണമെന്നും അധികൃതർ അറിയിച്ചു.
ചൂട് കൂടുന്ന സാഹചര്യത്തിൽ കാട്ടുതീയും തീപിടിത്തങ്ങളും വർധിക്കാനുള്ള സാധ്യതയുള്ളതിനാൽ വനമേഖലകളോട് ചേർന്ന് താമസിക്കുന്നവർ കൂടുതൽ ശ്രദ്ധ പുലർത്തണം. പ്രായമായവർ, കുട്ടികൾ, ഗർഭിണികൾ, രോഗികൾ എന്നിവർ ഉച്ചവെയിലിൽ പുറത്തിറങ്ങുന്നത് ഒഴിവാക്കണമെന്നും നിർദേശമുണ്ട്.

Kerala is experiencing rising temperatures, with a yellow alert issued in 11 districts due to possible heatwave conditions. Temperatures may rise up to 37°C, which is 2–3°C above normal levels. Authorities have advised people to avoid direct sunlight between 10 AM and 3 PM and take precautions against heat-related health issues. Special guidelines have been issued for students, workers, and vulnerable groups.

തിരുവനന്തപുരം സെൻട്രലിൽ ‘സർപ്രൈസ് എൻട്രി’; ഇടത് സ്വതന്ത്രനായി സുധീർ കരമന?

0



തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് തിരുവനന്തപുരം സെൻട്രൽ മണ്ഡലത്തിൽ അപ്രതീക്ഷിത നീക്കവുമായി എൽഡിഎഫ്. പ്രശസ്ത നടൻ സുധീർ കരമനയെ ഇടത് സ്വതന്ത്ര സ്ഥാനാർത്ഥിയായി പരിഗണിക്കുന്നതായി റിപ്പോർട്ടുകൾ പുറത്തുവരുന്നു.


നിലവിലെ എംഎൽഎ ആന്റണി രാജുവിന് കോടതി വിധി തിരിച്ചടിയായ സാഹചര്യത്തിൽ പുതിയ സ്ഥാനാർത്ഥിയെ കണ്ടെത്താനുള്ള ശ്രമത്തിലാണ് മുന്നണി. രാജു നിർദേശിച്ച ചില പേരുകൾ നേതൃത്വം തള്ളിയതായും സൂചനയുണ്ട്. ഇതോടെ എല്ലാ വിഭാഗങ്ങൾക്കും അംഗീകരിക്കാവുന്ന വ്യക്തിയെ കണ്ടെത്താനുള്ള ശ്രമമാണ് ശക്തമായത്.


ഈ പശ്ചാത്തലത്തിലാണ് സുധീർ കരമനയുടെ പേര് ഉയർന്നുവന്നത്. സിപിഐഎമ്മും സഹമുന്നണി കക്ഷികളും തമ്മിൽ ഇതുസംബന്ധിച്ച് ഏകദേശം ധാരണയിലെത്തിയെന്നാണ് വിവരം. നടന്റെ ഭാഗത്തുനിന്നും അനുകൂല പ്രതികരണം ലഭിച്ചതായും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.
മണ്ഡലം നിലനിർത്താൻ ജനസമ്മതിയുള്ള സ്വതന്ത്ര സ്ഥാനാർത്ഥിയെ മുന്നോട്ടുവയ്ക്കണമെന്ന എൽഡിഎഫ് നിലപാടാണ് ഈ നീക്കത്തിന് പിന്നിലെന്നാണ് വിലയിരുത്തൽ. ഔദ്യോഗിക പ്രഖ്യാപനം ഉടൻ ഉണ്ടാകുമെന്നാണ് സൂചന.

In Thiruvananthapuram Central constituency, the LDF is reportedly considering actor Sudheer Karamana as an independent candidate for the upcoming assembly elections. The move comes after a legal setback for sitting MLA Antony Raju, prompting the front to look for a widely acceptable candidate. Discussions are said to be in the final stage, with an official announcement expected soon.

‘സംയമനം ദൗർബല്യമല്ല, കരുത്ത്’; ഇറാൻ വിഷയത്തിൽ കേന്ദ്ര നിലപാടിന് പിന്തുണയുമായി ശശി തരൂർ

0



ന്യൂഡൽഹി: ഇറാൻ വിഷയത്തിൽ കേന്ദ്ര സർക്കാരിന്റെ നിലപാടിനെച്ചൊല്ലി കോൺഗ്രസിനുള്ളിൽ ഭിന്നത ശക്തമാകുന്നതിനിടെ, എംപി ശശി തരൂർ സർക്കാരിന് പിന്തുണ പ്രഖ്യാപിച്ചു. സർക്കാരിന്റെ സമീപനം തന്ത്രപരമായ നയതന്ത്ര നീക്കമാണെന്നും അത് ഉത്തരവാദിത്തത്തിൽ നിന്ന് പിന്മാറ്റമല്ലെന്നും അദ്ദേഹം വ്യക്തമാക്കി.
ഇത്തരം സാഹചര്യത്തിൽ സംയമനം പാലിക്കുന്നതാണ് ശരിയായ സമീപനമെന്ന് അദ്ദേഹം പറഞ്ഞു. “സംയമനം കീഴടങ്ങലല്ല, മറിച്ച് അത് കരുത്താണ്” എന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.


അതേസമയം, കോൺഗ്രസ് നേതൃത്വത്തിലെ ചിലർ കേന്ദ്ര സർക്കാരിന്റെ നിലപാടിനെ വിമർശിച്ച് രംഗത്തെത്തിയിട്ടുണ്ട്. സോണിയ ഗാന്ധി സർക്കാർ മൗനം പാലിക്കുന്നതിനെതിരെ ശക്തമായ വിമർശനം ഉന്നയിച്ചു. വിദേശനയത്തിന്റെ ദിശയെക്കുറിച്ച് ഇത് ഗൗരവമായ സംശയങ്ങൾ ഉയർത്തുന്നുവെന്നും അവർ ചൂണ്ടിക്കാട്ടി.


ഇന്ത്യ-ഇറാൻ ബന്ധം തന്ത്രപ്രധാനമാണെന്നും, ഇത്തരമൊരു അന്താരാഷ്ട്ര സാഹചര്യത്തിൽ ഇന്ത്യയുടെ നിലപാട് കൂടുതൽ വ്യക്തമായിരിക്കണമെന്നും അവർ അഭിപ്രായപ്പെട്ടു.


ഇതിനിടെ, കോൺഗ്രസ് എംപി മനീഷ് തിവാരിയും പശ്ചിമേഷ്യയിലെ നിലവിലെ പ്രതിസന്ധിയിൽ കേന്ദ്ര സർക്കാരിന്റെ സമീപനത്തെ പിന്തുണച്ച് രംഗത്തെത്തി.

Congress MP Shashi Tharoor supported the Indian government’s stance on the Iran issue, calling it a strategic and responsible diplomatic approach. He stated that restraint is not weakness but strength. Meanwhile, Sonia Gandhi criticized the government’s silence, raising concerns about India’s foreign policy direction. The issue has triggered internal differences within the Congress party.

ചുട്ടുപൊള്ളി കേരളം; എട്ട് ജില്ലകളിൽ ഓറഞ്ച് അലർട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് വേനൽചൂട് കഠിനമാകുന്നതിനിടെ അൾട്രാവയലറ്റ് (UV) വികിരണത്തിന്റെ തോത് ക്രമാതീതമായി ഉയരുന്നു.സൂര്യപ്രകാശം നേരിട്ട് ഏൽക്കുന്നത് ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമാകുമെന്നതിനാൽ എട്ട് സ്റ്റേഷനുകളിൽ ഓറഞ്ച് അലർട്ടും അഞ്ച് സ്റ്റേഷനുകളിൽ യെല്ലോ അലർട്ടും പ്രഖ്യാപിച്ചു.

കൊട്ടാരക്കര (കൊല്ലം), കോന്നി (പത്തനംതിട്ട), ചെങ്ങന്നൂർ (ആലപ്പുഴ), ചങ്ങനാശ്ശേരി (കോട്ടയം), മൂന്നാർ (ഇടുക്കി),തൃത്താല (പാലക്കാട്),പൊന്നാനി (മലപ്പുറം), ഒല്ലൂർ (തൃശൂർ) എന്നിവടിങ്ങളിലാണ് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചത്.

കളമശ്ശേരി (എറണാകുളം), ബേപ്പൂർ (കോഴിക്കോട്), മാനന്തവാടി (വയനവാട്), ധർമ്മടം (കണ്ണൂർ), ഉദുമ ( കാസർഗോഡ്) എന്നിവടിങ്ങളിലാണ് യെല്ലോ അലർട്ട്.

തുടർച്ചയായി കൂടുതൽ സമയം അൾട്രാവയലറ്റ് രശ്മികൾ ശരീരത്തിൽ ഏൽക്കുന്നത് സൂര്യാതപത്തിനും ത്വക്ക് രോഗങ്ങൾക്കും നേത്രരോഗങ്ങൾക്കും മറ്റ് ആരോഗ്യ പ്രശ്നങ്ങൾക്കും കാരണമായേക്കാം. പൊതുജനങ്ങൾ സുരക്ഷാമുൻകരുതലുകൾ സ്വീകരിക്കണം.

ഭിന്നശേഷിക്കാര്‍ക്ക്‌ ബാലറ്റ്‌പേപ്പര്‍ വീട്ടിലെത്തും

തിരുവനന്തപുരം: ഭിന്നശേഷിക്കാരായി വോട്ടർ പട്ടികയിൽ മാർക്ക് ചെയ്തിട്ടുള്ളവർക്ക് ബാലറ്റ് പേപ്പർ വീട്ടിൽ എത്തിക്കും.

പോസ്റ്റൽ ബാലറ്റ് പേപ്പറുമായി ബന്ധപ്പെട്ട് ജില്ലാ കളക്ടറുടെ നേതൃത്വത്തിൽ വിളിച്ചുചേർത്ത ബന്ധപ്പെട്ട വകുപ്പുകളുടെ യോഗത്തിലാണ് തീരുമാനം.

14 വകുപ്പുകളെ അവശ്യ സർവീസ് വകുപ്പുകളായി കണക്കാക്കി കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷൻ ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. ഈ വകുപ്പകളിൽ ഉൾപ്പെടുന്ന ജീവനക്കാർക്ക് പോസ്റ്റൽ ബാലറ്റ് വഴി വോട്ട് രേഖപ്പെടുത്തുവാനുള്ള സംവിധാനമാണ് തിരഞ്ഞെടുപ്പ് കമ്മീഷൻ നടപ്പിലാക്കിയിട്ടുള്ളത്.

85 വയസ്സിന് മുകളിലുള്ള വോട്ടർമാരെ സീനിയർ സിറ്റിസണായി തിരഞ്ഞെടുപ്പ് കമ്മീഷൻ കണക്കാക്കിയിട്ടുണ്ട് അവർക്കും വീട്ടിലിരുന്ന് വോട്ട് രേഖപ്പെടുത്താം.

പോളിംഗ് ബൂത്തുകളിൽ ഡ്യൂട്ടിയ്ക്കായി നിയോഗിച്ചിട്ടുള്ള ജീവനക്കാർക്കും പോസ്റ്റൽ ബാലറ്റ് പ്രകാരം വോട്ട് രേഖപ്പെടുത്തുന്നതിന് കമ്മീഷൻ നിശ്ചിയിച്ചിട്ടുണ്ട്.

പോസ്റ്റൽ വോട്ടിംഗ് സംവിധാനം കുറ്റമറ്റ രീതിയിൽ നടപ്പിലാക്കുന്നതിന് ദേശീയ , സംസ്ഥാന , രാഷ്ട്രീയ പാർട്ടികളുടെയും, സ്ഥാനാർഥികളുടെയും യോഗം ചേരുന്നതിന് വരണാധികാരികൾക്ക് ജില്ലാ കളക്ടർ യോഗത്തിൽ നിർദ്ദേശം നൽകി. ഇലക്ഷൻ ഡെപ്യൂട്ടി കളക്ടറും, പോസ്റ്റൽ ബാലറ്റിന്റെ ജില്ലാ നോഡൽ ഓഫീസറും യോഗത്തിൽ പങ്കെടുത്തു

പശ്ചിമേഷ്യന്‍ സംഘര്‍ഷം; രാജ്യത്ത് പ്രീമിയം പെട്രോള്‍ വില വര്‍ധിച്ചു

രാജ്യത്ത് പ്രീമിയം പെട്രോള്‍ വില വര്‍ധിച്ചു. ലിറ്ററിന് 2 മുതല്‍ 2.23 വരെയാണ് കൂടിയത്. ഇന്ത്യന്‍ ഓയിലിന്റെ XP95, ഹിന്ദുസ്ഥാന്‍ പെട്രോളിയത്തിന്റെ പവര്‍ പെട്രോള്‍ തുടങ്ങിയവക്കാണ് വില കൂടിയത്. പശ്ചിമേഷ്യയിലെ സംഘര്‍ഷം വില വര്‍ധനവിന് കാരണമായെന്നാണ് റിപ്പോര്‍ട്ട്. സാധാരണ പെട്രോള്‍, ഡീസല്‍ നിരക്കുകള്‍ മാറ്റമില്ലാതെ തുടരുന്നു.

പ്രീമിയം പെട്രോളിന് വില വര്‍ധിപ്പിച്ചതോടെ ഉയര്‍ന്ന ശേഷിയുള്ള വാഹനങ്ങള്‍ ഉപയോഗിക്കുന്നവര്‍ക്ക് ഇത് അധിക ബാധ്യതയാകും. പശ്ചിമേഷ്യയിലെ സംഘര്‍ഷം വിലവര്‍ധനവിന് കാരണമായെന്നാണ് റിപ്പോര്‍ട്ട്. ഹോര്‍മൂസ് കടലിടുക്കിലെ തടസ്സങ്ങള്‍ ഏപ്രില്‍ അവസാനം വരെ തുടര്‍ന്നാല്‍ എണ്ണ വില ബാരലിന് 180 ഡോളറിനു മുകളിലായി ഉയരുമെന്നും റിപ്പോര്‍ട്ടുകളുണ്ട്.

അതിനിടെ, ജനങ്ങള്‍ പരിഭ്രാന്തരായി എല്‍പിജി ബുക്ക് ചെയ്യുന്നത് കുറഞ്ഞു എന്ന് പെട്രോളിയം, പ്രകൃതിവാതക മന്ത്രാലയം വാര്‍ത്താ സമ്മേളനത്തില്‍ വ്യക്തമാക്കി. രാജ്യത്ത് എല്‍പിജി വിതരണത്തില്‍ ഇപ്പോഴും ആശങ്ക ഉണ്ടെന്ന് മന്ത്രാലയത്തിന്റെ ജോയിന്റ് സെക്രട്ടറി സുജാത ശര്‍മ പറഞ്ഞു. നാച്ചുറല്‍ ഗ്യാസ് ഉള്‍പ്പടെ മറ്റ് മാര്‍ഗങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നുവെന്ന് ആവര്‍ത്തിച്ച് പെട്രോളിയം പ്രകൃതി വാതക മന്ത്രാലയം വ്യക്തമാക്കി.

പൂഴ്ത്തിവെപ്പ് തടയാന്‍ വ്യാപക റെയ്ഡുകള്‍ നടക്കുന്നുവെന്നും ഇന്നലെ രാജ്യത്ത് 4500 ലധികം റെയ്ഡുകള്‍ നടന്നെന്നും സുജാത ശര്‍മ പറഞ്ഞു. ഒരാഴ്ചക്കിടെ 11,300 ടണ്‍ വാണിജ്യ എല്‍പിജി സിലിണ്ടറുകള്‍ ഉപഭോക്താക്കള്‍ക്ക് നല്‍കിയെന്നും മന്ത്രാലയം വ്യക്തമാക്കി.

കേരളം മാറ്റം ആഗ്രഹിക്കുന്നു; യുഡിഎഫ് സ്ഥാനാർത്ഥി പട്ടിക മികച്ചതെന്ന്  രാഹുൽ ഗാന്ധി

ഡൽഹി: കേരളത്തിലെ യുഡിഎഫ് സ്ഥാനാർഥി പട്ടികയ്ക്ക് പ്രശംസയുമായി ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി രംഗത്ത്. ‘ടീം യുഡിഎഫ് എന്നാൽ ടീം കേരളം’ ആണെന്നും കേരളത്തിലെ സ്ഥാനാർഥി പട്ടിക മികച്ചതാണെന്നും അദ്ദേഹം എക്സിൽ കുറിച്ചു.

യുവത്വവും അനുഭവ സമ്പത്തും വനിതാ പ്രതിനിധ്യവും ഒത്തുചേർന്ന പട്ടികയാണ് കോൺഗ്രസിന്റെതെന്ന് രാഹുൽ ഗാന്ധി അഭിപ്രായപ്പെട്ടു. കേരളം മാറ്റം ആഗ്രഹിക്കുന്നുണ്ടെന്നും യുഡിഎഫ് അധികാരത്തിലെത്തുമെന്ന ആത്മവിശ്വാസവും അദ്ദേഹം പ്രകടിപ്പിച്ചു. കേരളത്തിന്റെ നല്ല ഭാവിക്കായി എല്ലാ പിന്തുണയും നൽകുമെന്നും അദ്ദേഹം ഉറപ്പ് നൽകി.

കേരളത്തിലെ ജനങ്ങളുടെ ശബ്ദത്തെയും പ്രതീക്ഷകളെയും വിശ്വാസത്തെയും പ്രതിഫലിപ്പിക്കുന്നവരാണ് യുഡിഎഫിന്റെ സ്ഥാനാർഥികളെന്നും രാഹുൽ ഗാന്ധി പറഞ്ഞു. കേരളം തന്റെ കുടുംബം പോലെയാണെന്നും മലയാളികൾ കുടുംബാംഗങ്ങളാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ജനങ്ങൾ ആഗ്രഹിക്കുന്നത് അവരുടെ ശബ്ദം കേൾക്കുന്ന, അവരെ മനസിലാക്കുന്ന, സത്യസന്ധമായി പ്രവർത്തിക്കുന്ന സർക്കാരാണെന്നും രാഹുൽ ഗാന്ധി തന്റെ കുറിപ്പിൽ വ്യക്തമാക്കി

പ്രിയങ്കരം സ്വർണം; കേരളത്തിൽ സ്വർണപ്പണയത്തിന് വൻ ഡിമാന്റെന്ന് റിപ്പോർട്ട്

മലയാളികളുടെ ജീവിതത്തില്‍ സ്വര്‍ണം എന്നും ഒരു സുരക്ഷിത നിക്ഷേപമായി നിലനിന്നതാണ്. ഒരിക്കല്‍ അടിയന്തര സാഹചര്യങ്ങളില്‍ സ്വര്‍ണം വിറ്റ് പ്രശ്നങ്ങള്‍ പരിഹരിക്കുന്നത് ഒരു പതിവ് ആണ്. എന്നാല്‍ ഇപ്പോഴത്തെ സാഹചര്യത്തില്‍ ആ സമീപനം മാറിയിരിക്കുകയാണ്. സ്വർണം  കൈവിടാതെ തന്നെ പണം കണ്ടെത്താനുള്ള മാര്‍ഗമായി സ്വര്‍ണപ്പണയം കൂടുതല്‍ ആളുകള്‍ സ്വീകരിക്കുന്നു എന്നാണ് ഇപ്പോൾ പുറത്തു വരുന്ന വിവരം.

ഇതിന് പിന്നിലെ പ്രധാന കാര്യം അതിന്റെ എളുപ്പവും വേഗവുമാണ്. മറ്റ് വായ്പകളെ അപേക്ഷിച്ച് അധിക രേഖാപ്രക്രിയകളൊന്നും ഇല്ലാതെ, കൈവശമുള്ള സ്വര്‍ണം പണയം വെച്ച് വളരെ ചുരുങ്ങിയ സമയത്തിനുള്ളില്‍ പണം ലഭിക്കും. പലപ്പോഴും ബാങ്കുകളിലും സ്വര്‍ണവായ്പ സ്ഥാപനങ്ങളിലും മണിക്കൂറുകള്‍ക്കുള്ളില്‍ തന്നെ തുക ലഭ്യമാകുന്നത് വലിയ സൗകര്യമാണ്. കൂടാതെ, പലിശനിരക്കും സാധാരണ പേഴ്‌സണല്‍ ലോണുകളേക്കാള്‍ കുറവായിരിക്കും.

മുന്‍പ് അത്യാവശ്യമായ സാഹചര്യങ്ങളില്‍ മാത്രം സ്വര്‍ണം ഉപയോഗിച്ചിരുന്നവര്‍ ഇന്ന് അത് ഒരു സാമ്പത്തിക ഉപാധിയായി കാണുന്നു. നിക്ഷേപങ്ങള്‍ നഷ്ടത്തില്‍ വിറ്റഴിക്കേണ്ടി വരാതിരിക്കാനും സ്വര്‍ണപ്പണയം സഹായകമാണ്. പ്രത്യേകിച്ച് ഓഹരി വിപണിയോ മ്യൂച്വല്‍ ഫണ്ടുകളോ താഴോട്ടായിരിക്കുമ്പോള്‍ പണം ആവശ്യമുണ്ടെങ്കില്‍, അവ പിന്‍വലിക്കുന്നതിന് പകരം സ്വര്‍ണം ഉപയോഗിക്കുന്നത് നഷ്ടം കുറയ്ക്കാന്‍ സഹായിക്കും.

അതേസമയം, ഈ സൗകര്യം ഉപയോഗിക്കുമ്പോള്‍ ചില കാര്യങ്ങള്‍ ശ്രദ്ധിക്കേണ്ടതുണ്ട്. നിശ്ചിത സമയത്തിനുള്ളില്‍ വായ്പ തിരിച്ചടയ്ക്കാന്‍ കഴിയില്ലെങ്കില്‍ സ്വര്‍ണം ലേലത്തിന് പോകും. അതിനാല്‍ എത്രയും പെട്ടെന്ന് തിരിച്ചടയ്ക്കാനാകുന്ന സാഹചര്യങ്ങളില്‍ മാത്രമേ സ്വര്‍ണപ്പണയം തിരഞ്ഞെടുക്കുന്നത് നല്ലത്.

ചുരുക്കത്തില്‍, പെട്ടെന്നുള്ള സാമ്പത്തിക ആവശ്യങ്ങള്‍ നിറവേറ്റാന്‍ സ്വര്‍ണപ്പണയം ഒരു പ്രായോഗിക മാര്‍ഗമായി മാറിയിരിക്കുകയാണ്. എന്നാല്‍ ഉത്തരവാദിത്തത്തോടെ ഉപയോഗിച്ചാല്‍ മാത്രമേ ഇത് യഥാര്‍ഥത്തില്‍ ഗുണകരമാകൂ.