തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് തിരുവനന്തപുരം സെൻട്രൽ മണ്ഡലത്തിൽ അപ്രതീക്ഷിത നീക്കവുമായി എൽഡിഎഫ്. പ്രശസ്ത നടൻ സുധീർ കരമനയെ ഇടത് സ്വതന്ത്ര സ്ഥാനാർത്ഥിയായി പരിഗണിക്കുന്നതായി റിപ്പോർട്ടുകൾ പുറത്തുവരുന്നു.
നിലവിലെ എംഎൽഎ ആന്റണി രാജുവിന് കോടതി വിധി തിരിച്ചടിയായ സാഹചര്യത്തിൽ പുതിയ സ്ഥാനാർത്ഥിയെ കണ്ടെത്താനുള്ള ശ്രമത്തിലാണ് മുന്നണി. രാജു നിർദേശിച്ച ചില പേരുകൾ നേതൃത്വം തള്ളിയതായും സൂചനയുണ്ട്. ഇതോടെ എല്ലാ വിഭാഗങ്ങൾക്കും അംഗീകരിക്കാവുന്ന വ്യക്തിയെ കണ്ടെത്താനുള്ള ശ്രമമാണ് ശക്തമായത്.
ഈ പശ്ചാത്തലത്തിലാണ് സുധീർ കരമനയുടെ പേര് ഉയർന്നുവന്നത്. സിപിഐഎമ്മും സഹമുന്നണി കക്ഷികളും തമ്മിൽ ഇതുസംബന്ധിച്ച് ഏകദേശം ധാരണയിലെത്തിയെന്നാണ് വിവരം. നടന്റെ ഭാഗത്തുനിന്നും അനുകൂല പ്രതികരണം ലഭിച്ചതായും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.
മണ്ഡലം നിലനിർത്താൻ ജനസമ്മതിയുള്ള സ്വതന്ത്ര സ്ഥാനാർത്ഥിയെ മുന്നോട്ടുവയ്ക്കണമെന്ന എൽഡിഎഫ് നിലപാടാണ് ഈ നീക്കത്തിന് പിന്നിലെന്നാണ് വിലയിരുത്തൽ. ഔദ്യോഗിക പ്രഖ്യാപനം ഉടൻ ഉണ്ടാകുമെന്നാണ് സൂചന.
In Thiruvananthapuram Central constituency, the LDF is reportedly considering actor Sudheer Karamana as an independent candidate for the upcoming assembly elections. The move comes after a legal setback for sitting MLA Antony Raju, prompting the front to look for a widely acceptable candidate. Discussions are said to be in the final stage, with an official announcement expected soon.

