ബസുകളിൽ ഇനി ‘കെ.എൽ-15’ കുടിവെള്ളം; വിൽപ്പനയ്ക്ക് കണ്ടക്ടർമാർക്ക് കമ്മീഷൻ, എതിർപ്പുമായി യൂണിയനുകൾ

0

തിരുവനന്തപുരം: വരുമാന വർദ്ധന ലക്ഷ്യമിട്ട് കെ.എസ്.ആർ.ടി.സി. ബസുകളിൽ കുടിവെള്ള വിൽപ്പന ആരംഭിക്കുന്നു. ‘കെ.എൽ-15’ എന്ന ബ്രാൻഡിൽ ഒരു കുപ്പി വെള്ളത്തിന് 13 രൂപ നിരക്കിലാകും യാത്രക്കാർക്ക് ലഭിക്കുക. സർക്കാർ കുടിവെള്ള ബ്രാൻഡായ ‘ഹില്ലി അക്വാ’യുമായി സഹകരിച്ചാണ് പദ്ധതി നടപ്പിലാക്കുന്നത്. കുപ്പിവെള്ളം വിൽക്കുന്നതിലൂടെ കണ്ടക്ടർക്ക് രണ്ട് രൂപയും ഡ്രൈവർക്ക് ഒരു രൂപയും വീതം കമ്മീഷനായി ലഭിക്കുമെന്നും മാനേജ്‌മെന്റ് അറിയിച്ചു.

ബസുകളിൽ കുടിവെള്ളം വിൽക്കാനുള്ള നീക്കത്തിനെതിരെ തൊഴിലാളി യൂണിയനുകളും കണ്ടക്ടർമാരും രംഗത്തെത്തിയിട്ടുണ്ട്. ടിക്കറ്റ് എടുക്കുന്നതിനും യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കുന്നതിനും ഇടയിൽ വെള്ളം വിൽക്കുന്നത് പ്രായോഗികമല്ലെന്നാണ് ഇവരുടെ വാദം. എന്നാൽ, ഈ എതിർപ്പുകൾ മറികടക്കാൻ ആദ്യഘട്ടത്തിൽ കെ-സ്വിഫ്റ്റ് (K-SWIFT) ബസുകളിൽ കരാർ ജീവനക്കാരെ ഉപയോഗിച്ച് പദ്ധതി ഉടൻ ആരംഭിക്കാനാണ് കെ.എസ്.ആർ.ടി.സി. ലക്ഷ്യമിടുന്നത്.

കുപ്പിവെള്ള വിൽപ്പന സുതാര്യമാക്കാൻ പ്രത്യേക രജിസ്റ്റർ സൂക്ഷിക്കാൻ നിർദ്ദേശം നൽകിയിട്ടുണ്ട്. ടിക്കറ്റ് ആൻഡ് കാഷ് വിഭാഗത്തിലായിരിക്കും ഈ രജിസ്റ്റർ പരിപാലിക്കുക. ഓരോ തവണയും നൽകുന്ന കുപ്പികളുടെ എണ്ണം, സ്റ്റോക്ക് വിവരങ്ങൾ എന്നിവ ഇതിൽ രേഖപ്പെടുത്തണം. കണ്ടക്ടർമാർക്ക് നൽകുന്ന കുപ്പികളുടെ കണക്ക് ഇ.ടി.എം. (ETM) വേ-ബില്ലിൽ രേഖപ്പെടുത്തും. കൂടാതെ, ഓൺലൈനായി സീറ്റ് റിസർവ് ചെയ്യുന്ന യാത്രക്കാർക്ക് ഒരു കുപ്പി വെള്ളം വീതം നൽകുന്ന കാര്യവും പരിഗണനയിലുണ്ട്.

കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെ കടന്നുപോകുന്ന കെ.എസ്.ആർ.ടി.സി.ക്ക് ടിക്കറ്റേതര വരുമാനം വർദ്ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ പരിഷ്കാരം കൊണ്ടുവരുന്നത്. ദീർഘദൂര ബസുകളിൽ യാത്രക്കാർക്ക് കുറഞ്ഞ നിരക്കിൽ ശുദ്ധജലം ലഭ്യമാക്കുന്നത് ഗുണകരമാകുമെന്നാണ് മാനേജ്‌മെന്റ് വിലയിരുത്തുന്നത്. എന്നാൽ, തൊഴിലാളികളുടെ മേൽ അമിത ജോലിഭാരം അടിച്ചേൽപ്പിക്കുന്നു എന്ന പരാതി വരുംദിവസങ്ങളിൽ ശക്തമായേക്കും.

LEAVE A REPLY

Please enter your comment!
Please enter your name here