ട്രൂകോളറിന് കടിഞ്ഞാണിടുമോ? സ്പാം കോള്‍ നിയന്ത്രണങ്ങളില്‍ നിര്‍ണായക മാറ്റങ്ങളുമായി ട്രായ്

0

ന്യൂഡല്‍ഹി: രാജ്യത്ത് വ്യാജ കോളുകളും സ്പാം കോളുകളും തടയുന്നതിനായി ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യയും (ട്രായ്) പ്രമുഖ കോളര്‍ ഐഡി ആപ്പായ ട്രൂകോളറും തമ്മിലുള്ള തര്‍ക്കം പുതിയ തലത്തിലേക്ക് കടക്കുകയാണ്. സര്‍ക്കാര്‍ തരം തിരിച്ചിട്ടുള്ള ഔദ്യോഗിക നമ്പറുകളെപ്പോലും ട്രൂകോളര്‍ പോലുള്ള ആപ്പുകള്‍ സ്പാം ആയി ലേബല്‍ ചെയ്യുന്നത് ജനങ്ങള്‍ക്ക് അവശ്യ സേവനങ്ങള്‍ ലഭിക്കുന്നതിന് തടസമാകുന്നു എന്നാണ് ട്രായുടെ പ്രധാന കണ്ടെത്തല്‍.

എന്നാല്‍ ഇത്തരം നമ്പറുകളില്‍ നിന്നുള്ള സംശയാസ്പദമായ കോളുകളെക്കുറിച്ച് കൃത്യമായ മുന്നറിയിപ്പ് നല്‍കാതിരിക്കുന്നത് സൈബര്‍ തട്ടിപ്പുകള്‍ വര്‍ദ്ധിക്കാന്‍ കാരണമാകുമെന്ന് ട്രൂകോളര്‍ വാദിക്കുന്നു. ഇരുവിഭാഗവും തമ്മിലുള്ള ഈ ഭിന്നത നിലവില്‍ കേന്ദ്ര സര്‍ക്കാരിന്റെ പരിഗണനയിലാണ്. നിലവിലെ നിയമപ്രകാരം ട്രൂകോളര്‍, ഹിയ, വോസ്‌കോള്‍ തുടങ്ങിയ തേര്‍ഡ് പാര്‍ട്ടി കോളര്‍ ഐഡി ആപ്പുകള്‍ ടെലികോം ലൈസന്‍സിങ് പരിധിയില്‍ വരുന്നില്ല. ഈ സാഹചര്യത്തില്‍, വാണിജ്യ ആവശ്യങ്ങള്‍ക്കായി അനുവദിച്ചിട്ടുള്ള 140, 1600 സീരീസ് നമ്പറുകള്‍ സ്പാം ആയി ടാഗ് ചെയ്യുന്നതില്‍ നിന്ന് ഇത്തരം ആപ്പുകളെ വിലക്കാന്‍ ഐടി ആക്ട് പ്രകാരം നടപടിയെടുക്കണമെന്ന് ഇലക്ട്രോണിക്‌സ്, ഐടി മന്ത്രാലയത്തോട് ട്രായ് ആവശ്യപ്പെട്ടിട്ടുണ്ട്.

ഔദ്യോഗികമായി തരംതിരിച്ച നമ്പറുകള്‍ ആപ്പുകള്‍ തടയുന്നത് വഴി സര്‍ക്കാര്‍ വിഭാവനം ചെയ്ത കോള്‍ ഐഡന്റിഫിക്കേഷന്‍ സംവിധാനത്തിന്റെ ലക്ഷ്യം തന്നെ തകിടം മറിയുമെന്നാണ് ട്രായ് ആശങ്കപ്പെടുന്നത്. പൊതുജനങ്ങള്‍ക്ക് വരുന്ന കോളുകള്‍ തിരിച്ചറിയുന്നതിനായി ട്രായ് പ്രത്യേക നമ്പര്‍ സീരീസുകള്‍ നിശ്ചയിച്ചിട്ടുണ്ട്. ഇതില്‍ 140 സീരീസ് പ്രമോഷണല്‍, ടെലിമാര്‍ക്കറ്റിംഗ് കോളുകള്‍ക്കായും, 1600 സീരീസ് ബാങ്കുകള്‍, ഇന്‍ഷുറന്‍സ് കമ്പനികള്‍, മറ്റ് ധനകാര്യ സ്ഥാപനങ്ങള്‍ എന്നിവയില്‍ നിന്നുള്ള സേവന-ഇടപാട് സംബന്ധമായ കോളുകള്‍ക്കായും മാറ്റിവെച്ചതാണ്.

ഇത്തരം സുപ്രധാന നമ്പറുകള്‍ സ്പാം ലിസ്റ്റില്‍ ഉള്‍പ്പെടുത്തുമ്പോള്‍ ബാങ്ക് അലേര്‍ട്ടുകള്‍, ഒടിപികള്‍, മറ്റ് അടിയന്തിര പേയ്മെന്റ് അപ്ഡേറ്റുകള്‍ എന്നിവ ഉപയോക്താക്കള്‍ക്ക് നഷ്ടപ്പെടാന്‍ സാധ്യതയേറെയാണ്.

ഈ ആരോപണങ്ങളെ ശക്തമായി നിഷേധിച്ച ട്രൂകോളര്‍, തങ്ങള്‍ 140, 1600 സീരീസ് നമ്പറുകളില്‍ പരമ്പരാഗതമായ സ്പാം മുന്നറിയിപ്പ് നല്‍കുന്നത് ഇതിനകം നിര്‍ത്തിയിട്ടുണ്ടെന്ന് വ്യക്തമാക്കി. എന്നാല്‍ ഇതിന് ശേഷം ഈ നമ്പറുകള്‍ ദുരുപയോഗം ചെയ്തുകൊണ്ടുള്ള തട്ടിപ്പുകള്‍ വര്‍ദ്ധിച്ചതായും കമ്പനി ചൂണ്ടിക്കാണിക്കുന്നു. കമ്പനി സിഇഒ റിഷിത് ജുന്‍ജുന്‍വാല വ്യക്തമാക്കുന്നത് പ്രകാരം, ഉപയോക്താക്കള്‍ പ്രതിദിനം ലക്ഷക്കണക്കിന് 140, 1600 സീരീസ് കോളുകള്‍ സ്വയം ബ്ലോക്ക് ചെയ്യുന്നുണ്ട്. ഈ സാഹചര്യത്തില്‍ ജനങ്ങളുടെ സുരക്ഷ മുന്‍നിര്‍ത്തി, ഭൂരിഭാഗം പേര്‍ ബ്ലോക്ക് ചെയ്ത നമ്പറുകളെ സൂചിപ്പിക്കാന്‍ ഫ്രീക്വന്റ്ലി ബ്ലോക്ക്ഡ് എന്ന പുതിയ ലേബല്‍ ആപ്പില്‍ അവതരിപ്പിച്ചിരിക്കുകയാണ് കമ്പനി.

ട്രായുടെ ശുപാര്‍ശകള്‍ ഐടി മന്ത്രാലയം അംഗീകരിക്കുകയാണെങ്കില്‍, കോളര്‍ ഐഡി ആപ്പുകളുടെ പ്രവര്‍ത്തനത്തില്‍ ഭാവിയില്‍ കര്‍ശനമായ നിയന്ത്രണങ്ങള്‍ വരും. ഏതൊക്കെ നമ്പറുകള്‍ സ്പാം ആയി അടയാളപ്പെടുത്തണം എന്ന് തീരുമാനിക്കാനുള്ള അധികാരം പൂര്‍ണ്ണമായും സര്‍ക്കാരിന്റെ പുതിയ നിയമങ്ങള്‍ക്ക് വിധേയമായി മാറും. എങ്കിലും ഉപയോക്താക്കളുടെ ഡിജിറ്റല്‍ സുരക്ഷ ഉറപ്പാക്കാന്‍ യഥാര്‍ത്ഥ ഡാറ്റയെ അടിസ്ഥാനമാക്കിയുള്ള തീരുമാനങ്ങളാണ് ഉണ്ടാകേണ്ടതെന്നാണ് ട്രൂകോളറിന്റെ നിലപാട്.

LEAVE A REPLY

Please enter your comment!
Please enter your name here