ഇന്‍ഡിഗോ വിമാനത്തിലെ പ്രതിഷേധം; ഇ പി ജയരാജനെതിരെ അന്വേഷണം; കേസ് എഴുതി തള്ളാനാവില്ലെന്ന് കോടതി

ഇന്‍ഡിഗോ വിമാനത്തിലെ പ്രതിഷേധത്തില്‍ സിപിഐഎം കേന്ദ്ര കമ്മിറ്റിയംഗം ഇ.പി ജയരാജനെതിരെ അന്വേഷണം. ഇ പി ജയരാജനെതിരായ കേസ് എഴുതി തള്ളാനാവില്ലെന്ന് തിരുവനന്തപുരം ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി വ്യക്തമാക്കി. യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ മര്‍ദിച്ചെന്നാണ് കേസ്. അന്വേഷിച്ച് റിപ്പോര്‍ട്ട് നല്‍കാനാണ് കോടതിയുടെ ഉത്തരവ്. പിണറായി വിജയന്റെ ഗണ്‍മാന്‍ അനില്‍കുമാറും കേസില്‍ പ്രതിയാണ്.

2022 ജൂണ്‍ 19നാണ് കേസ്‌നാസ്പദമായ സംഭവം നടക്കുന്നത്. മുഖ്യമന്ത്രി പിണറായി വിജയന്‍ യാത്ര ചെയ്യുകയായിരുന്ന ഇന്‍ഡിഗോ വിമാനത്തില്‍ വച്ച് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പ്രതിഷേധിക്കുകയായിരുന്നു. അന്ന് തങ്ങളെ ഇ പി ജയരാജന്‍ കൈയേറ്റം ചെയ്തുവെന്ന് ആരോപിച്ച് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരും പരാതി നല്‍കിയിരുന്നു. ഇതില്‍ കഴിഞ്ഞ സര്‍ക്കാരിന്റെ അവസാന കാലത്ത് ഇ പി ജയരാജനെ പ്രതിചേര്‍ക്കാനാവില്ലെന്ന് പൊലീസ് റിപ്പോര്‍ട്ട് തയാറാക്കിയിരുന്നു. റിപ്പോര്‍ട്ട് കോടതിയില്‍ സമര്‍പ്പിക്കുകയും ചെയ്തു. ഈ റിപ്പോര്‍ട്ടാണ് തള്ളിയത്. തുടരന്വേഷണം നടത്തണമെന്നാണ് നിര്‍ദേശം. വലിയതുറ പോലീസ് എസ്. എച്ച് ഒയക്കാണ് നിര്‍ദ്ദേശം.

‘കഫ് സിറപ്പ് വാങ്ങാൻ ഇനി ഡോക്ടറുടെ കുറിപ്പടി നിർബന്ധം’; കേന്ദ്ര വിജ്ഞാപനം പുറത്തിറക്കി

കഫ് സിറപ്പ് വാങ്ങാൻ ഇനി ഡോക്ടറുടെ കുറിപ്പടി നിർബന്ധം, കേന്ദ്ര വിജ്ഞാപനം പുറത്തിറക്കി. കഫ് സിറപ്പുകൾ ഉൾപ്പെടെ ഒരു സിറപ്പും ഇനി നേരിട്ട് വാങ്ങാനാവില്ല. ലക്ഷ്യമിടുന്നത് മരുന്നുകളുടെ അമിതോപയോഗവും പാർശ്വഫലങ്ങളും തടയാൻ. കുട്ടികൾക്കടക്കം ഡോക്ടറുടെ കൃത്യമായ നിർദേശമില്ലാതെ അമിതമായി സിറപ്പുകൾ നൽകുന്നത് കണ്ടെത്തിയതിന് പിന്നാലെയാണ് നടപടി

രാജ്യത്തെ എല്ലാ ഫാർമസികളും മെഡിക്കൽ സ്റ്റോറുകളും നിർദേശം കർശനമായി പാലിക്കണം.രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ ഗുണനിലവാരമില്ലാത്തതും തകരാറുകളുള്ളതുമായ കഫ് സിറപ്പ് മിശ്രിതങ്ങൾ കഴിച്ച് നിരവധി കുരുന്നുകളും മുതിർന്നവരും മരണപ്പെട്ട ദാരുണമായ സംഭവങ്ങളുടെ പശ്ചാത്തലത്തിലാണ് കേന്ദ്ര ആരോഗ്യ മന്ത്രാലയം കടുത്ത നിയന്ത്രണങ്ങളിലേക്ക് കടന്നത്.

ഫാർമസികളിൽ നിന്നും ഇത്തരം മരുന്നുകൾ ഓവർ ദി കൗണ്ടർ ആയി വാങ്ങുന്ന രീതി പൂർണ്ണമായി നിരോധിച്ചുകൊണ്ട് കേന്ദ്ര ആരോഗ്യ-കുടുംബക്ഷേമ മന്ത്രാലയം അടിയന്തര വിജ്ഞാപനം പുറപ്പെടുവിച്ചു.ഇതുസംബന്ധിച്ച കരട് വിജ്ഞാപനം കഴിഞ്ഞ ഡിസംബർ മാസത്തിലാണ് മന്ത്രാലയം ആദ്യമായി പുറത്തിറക്കിയത്.

നിശ്ചിത സമയപരിധിക്കുള്ളിൽ ബന്ധപ്പെട്ട കക്ഷികളിൽ നിന്നോ പൊതുജനങ്ങളിൽ നിന്നോ ഈ ഉത്തരവിനെതിരെ യാതൊരുവിധ എതിർപ്പുകളും ഉയർന്നുവരാത്ത സാഹചര്യത്തിലാണ്, ജൂൺ 9-ലെ തീയതി രേഖപ്പെടുത്തിയ ഈ വിജ്ഞാപനം കേന്ദ്ര സർക്കാർ ഇപ്പോൾ ഔദ്യോഗികമായി ഗസറ്റിൽ ഉൾപ്പെടുത്തി പ്രസിദ്ധീകരിച്ചത്.

ഇന്ത്യയിലെ ഡ്രഗ്സ് റൂൾസ്ചട്ടങ്ങളിൽ വരുത്തിയ അതീവ നിർണ്ണായകമായ ഒരു ഭേദഗതിയാണ് പുതിയ വിജ്ഞാപനത്തിലുള്ളത്. നിലവിലുള്ള നിയമത്തിലെ ഷെഡ്യൂൾ കെ പ്രകാരം ചില പ്രത്യേക നിയന്ത്രണങ്ങളിൽ നിന്നും ഇളവ് നൽകിയിരുന്ന മരുന്നുകളുടെ വിഭാഗത്തിൽ നിന്നും സിറപ്പുകൾ എന്ന വാക്ക് കേന്ദ്ര സർക്കാർ പൂർണ്ണമായി നീക്കം ചെയ്തു.

പാർട്ടിക്ക് പത്മകുമാറിനെ പേടിയില്ലെന്ന് പി കെ ശ്രീമതി

ദില്ലി: ശബരിമല സ്വർണക്കൊള്ള കേസിൽ പാർട്ടിക്ക് പത്മകുമാറിനെ പേടിയില്ലെന്ന് പികെ ശ്രീമതി. പാർട്ടി എന്തിനാണ് പേടിക്കുന്നത്. ഒരു ശിക്ഷാനടപടിയാണ് ഇപ്പോൾ ഉണ്ടായിരിക്കുന്നത്.

പാർട്ടിക്ക് പലവിധ ശിക്ഷ നടപടികൾ ഉണ്ടായിട്ടുണ്ട്. നടപടിയെ പത്മകുമാർ തന്നെ സ്വാഗതം ചെയ്തു. ഒരു സമ്മർദ്ദത്തിനും സിപിഎം വഴങ്ങിയിട്ടില്ലെന്നും ശ്രീമതി വ്യക്തമാക്കി.

അതേസമയം, ആരോഗ്യ വകുപ്പ് ഡയറക്ടറെ മാറ്റിയതിൽ കടുത്ത വിമർശനവും പി കെ ശ്രീമതി ഉന്നയിച്ചു. നോട്ടീസ് അയക്കാതെ ആരെയും മാറ്റാൻ പറ്റില്ല.

ഒരു മണിക്കൂർ കൊണ്ടാണ് ഉത്തരവ് ഇറങ്ങിയത്. ഇത് നിയമവിരുദ്ധമാണ്. സ്ഥലം മാറ്റിയിരിക്കുന്നത് കൺസൾട്ടൻറ് എന്ന പോസ്റ്റിലാണ്. അഡ്മിനിസ്ട്രേറ്റീവ് കേഡറിലുള്ള ഒരു ഡോക്ടറെ സ്പെഷ്യലിറ്റി കേഡറിലേക്ക് അവരുടെ സമ്മതമില്ലാതെ മാറ്റാൻ കഴിയില്ല.

വളരെയധികം സാങ്കേതിക തകരാറുകൾ ഇവിടെയുണ്ട്. ഡോക്ടർ റീനയുടെ പേരിൽ പിഴവ് ഉണ്ടെങ്കിൽ അവർക്ക് നോട്ടീസ് നൽകാമായിരുന്നുവെന്നും ശ്രീമതി കൂട്ടിച്ചേർത്തു.

നവകേരള യാത്രക്കിടയിലെ മർദനം; അന്വേഷണം എം.ആർ അജിത് കുമാറിന്റെ ഓഫീസിലേക്ക്

ആലപ്പുഴ: നവകേരള യാത്രക്കിടയിൽ യൂത്ത് കോൺഗ്രസ് – കെഎസ്‌യു പ്രവർത്തകരെ മുഖ്യമന്ത്രിയുടെ ഗൺമാൻമാർ ഉൾപ്പെടെയുള്ള സുരക്ഷാ ഉദ്യോഗസ്ഥർ മർദിച്ച കേസിൽ അന്വേഷണം അന്നത്തെ ക്രമസമാധാന ചുമതലയുണ്ടായിരുന്ന എഡിജിപി എം.ആർ അജിത് കുമാറിൻ്റെ ഓഫീസിലേക്ക് നീളുന്നു.

കേസ് അട്ടിമറിക്കാനും പ്രതികളെ സംരക്ഷിക്കാനും ബോധപൂർവമായ ശ്രമം നടന്നതായി പ്രത്യേക അന്വേഷണ സംഘം കണ്ടെത്തിയിട്ടുണ്ട്.

ഗൺമാൻമാരെ സംരക്ഷിക്കുന്നതിനായി കേസ് ഡയറി ഉൾപ്പെടെ തിരുത്തിയെന്ന നിർണായക കണ്ടെത്തലിന് പിന്നാലെയാണ് അന്വേഷണം ഉന്നത ഉദ്യോഗസ്ഥരിലേക്ക് എത്തുന്നത്. 

ഇതിനായി എം.ആർ അജിത് കുമാറിൻ്റെ ഓഫീസിൽ വെച്ചാണ് കേസ് ഫയലുകൾ മാറ്റിയെഴുതിയതും വ്യാജ രേഖകൾ ചമച്ചതും.

സംഭവത്തിൽ പ്രതികളായ സുരക്ഷാ ഉദ്യോഗസ്ഥരെ ആലപ്പുഴയിലേക്ക് വിളിച്ചുവരുത്തി ചോദ്യം ചെയ്യാനുള്ള നീക്കവും, കേസിൻ്റെ തെളിവ് ശേഖരണവും എഡിജിപി തടസപ്പെടുത്തിയിരുന്നു എന്നാണ് പുറത്തുവരുന്ന വിവരം.

സംഭവത്തിൽ ഉൾപ്പെട്ട അഞ്ച് പൊലീസുകാരും ഗുരുതരമായ ചട്ടലംഘനം നടത്തിയെന്നും അവർ പൂർണമായും കുറ്റക്കാരാണെന്നും വ്യക്തമാക്കിക്കൊണ്ട് എസ്ഐടി ആലപ്പുഴ സെഷൻസ് കോടതിയിൽ പുതിയ റിപ്പോർട്ട് സമർപ്പിച്ചു. 

അൻസിബ മതം മാറ്റാൻ ശ്രമിച്ചുവെന്ന് പറഞ്ഞിട്ടില്ലെന്ന് ടിനി ടോം

കൊച്ചി: നടി അൻസിബ ഹസന്റെ പരാതിയിൽ കടവന്ത്ര പൊലീസ് നടൻ ടിനി ടോമിന്റെ മൊഴിയെടുത്തു.

അൻസിബയുടെ പരാതി അടിസ്ഥാനരഹിതമെന്നാണ് ടിനി ടോമിന്റെ മൊഴി. കേസുമായി ബന്ധപ്പെട്ട അന്വേഷണ റിപ്പോർട്ട് പൊലീസ് ഉടൻ സമർപ്പിക്കും.

അൻസിബ മതം മാറ്റാൻ ശ്രമിച്ചുവെന്ന് താൻ പറഞ്ഞിട്ടില്ലെന്നും ടിനി ടോം മൊഴി നൽകി. ഒരു സ്റ്റേജ് ഷോയ്ക്കിടയിൽ നീനാ കുറുപ്പുമായി തർക്കമുണ്ടായി.

ഇതിന് പിന്നാലെയാണ് അൻസിബ പരാതി ഉന്നയിച്ചത്. വ്യക്തി വൈരാഗ്യത്തെ തുടർന്നുള്ള പരാതിയാണെന്നും നടൻ പറഞ്ഞു.

കേസിൽ കടവന്ത്ര പൊലീസ് അമ്മ പ്രസിഡന്റ് ശ്വേതാ മേനോന്റെ മൊഴിയും എടുത്തിരുന്നു. ടിനി ടോം വർഗീയ അധിക്ഷേപം നടത്തിയതിനെക്കുറിച്ച് അറിയില്ലെന്നാണ് ശ്വേത നൽകിയ മൊഴി. അൻസിബ മതം മാറ്റാൻ ശ്രമിച്ചുവെന്ന് ടിനി പറഞ്ഞത് ശ്രദ്ധയിൽപ്പെട്ടിട്ടില്ലെന്നും ശ്വേത പറഞ്ഞു.

വ്യക്തികൾക്കും സ്ഥാപനങ്ങൾക്കും കെഎസ്ആർടിസി ബസുകൾ സ്പോൺസർ ചെയ്യാം; മാർഗരേഖ ഉടൻ പ്രഖ്യാപിക്കും

0

തിരുവനന്തപുരം: സംസ്ഥാനത്തെ വനിതകൾക്ക് കെഎസ്ആർടിസി ഓർഡിനറി ബസുകളിൽ സൗജന്യ യാത്ര ഉറപ്പാക്കുന്ന ‘പ്രിയദർശിനി’ പദ്ധതി കേരളത്തിലെ പൊതുഗതാഗത രംഗത്തെ നാഴികക്കല്ലാണെന്ന് ഗതാഗത വകുപ്പ് മന്ത്രി സി.പി. ജോൺ. തമ്പാനൂർ കെഎസ്ആർടിസി കോംപ്ലക്സിൽ നടന്ന പദ്ധതിയുടെ ഉദ്ഘാടനച്ചടങ്ങിൽ അധ്യക്ഷത വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.

നിലവിൽ സംസ്ഥാനത്തെ 3,125 ഓർഡിനറി ബസുകളിലാണ് സ്ത്രീകൾക്ക് സൗജന്യ യാത്രാ സൗകര്യം ഒരുക്കിയിരിക്കുന്നതെന്ന് മന്ത്രി അറിയിച്ചു. പൊതുഗതാഗത സംവിധാനം കൂടുതൽ ശക്തിപ്പെടുത്തുന്നതിനായി തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുമായി സഹകരിച്ചുള്ള പദ്ധതികളും പുരോഗമിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

വ്യക്തികൾക്കും സ്ഥാപനങ്ങൾക്കും കെഎസ്ആർടിസി ബസുകൾ സ്പോൺസർ ചെയ്യാൻ അവസരം നൽകുന്ന പ്രത്യേക മാർഗരേഖ ഉടൻ പ്രഖ്യാപിക്കുമെന്നും മന്ത്രി വ്യക്തമാക്കി. ഇതിലൂടെ പൊതുഗതാഗത വികസനത്തിൽ സമൂഹത്തിന്റെ കൂടുതൽ പങ്കാളിത്തം ഉറപ്പാക്കാനാണ് സർക്കാർ ലക്ഷ്യമിടുന്നത്.

കേരളത്തിലെ പൊതുഗതാഗത ചരിത്രവും മന്ത്രി പ്രസംഗത്തിൽ അനുസ്മരിച്ചു. 1938 ഫെബ്രുവരി 20-ന് ചിത്തിര തിരുനാൾ മഹാരാജാവിന്റെ കാലത്താണ് തിരുവിതാംകൂറിൽ ആദ്യ പൊതുഗതാഗത ബസ് സർവീസ് ആരംഭിച്ചതെന്ന് അദ്ദേഹം പറഞ്ഞു. ലണ്ടൻ സന്ദർശനത്തിൽ നിന്ന് ലഭിച്ച പ്രചോദനത്തിന്റെ അടിസ്ഥാനത്തിലായിരുന്നു അന്നത്തെ സംരംഭം. 33 ബസുകളുമായി ആരംഭിച്ച സർവീസ് ഇന്ന് 5,700 ബസുകളുള്ള വിപുലമായ പൊതുഗതാഗത ശൃംഖലയായി വളർന്നതായും മന്ത്രി ചൂണ്ടിക്കാട്ടി.

സംസ്ഥാനത്തെ 93 കെഎസ്ആർടിസി ഡിപ്പോകളിലും ജനപ്രതിനിധികളെയും വിവിധ രാഷ്ട്രീയകക്ഷി പ്രതിനിധികളെയും ഉൾപ്പെടുത്തി സമിതികൾ രൂപീകരിക്കാൻ മുഖ്യമന്ത്രി അനുമതി നൽകിയിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു. ജനപങ്കാളിത്തം വർധിപ്പിക്കുന്നതിലൂടെ കെഎസ്ആർടിസിയുടെ പ്രവർത്തനം കൂടുതൽ കാര്യക്ഷമമാക്കുകയാണ് ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു

“കെഎസ്ആർടിസി ഒരു സർക്കാർ സ്ഥാപനം മാത്രമല്ല, പൊതുസമൂഹത്തിന്റെ സ്വത്താണ്. സ്വന്തം സംവിധാനമെന്ന നിലയിൽ അതിനെ സംരക്ഷിക്കുകയും ശക്തിപ്പെടുത്തുകയും ചെയ്യേണ്ടത് ജനങ്ങളുടെ ഉത്തരവാദിത്വമാണ്,” എന്നും മന്ത്രി സി.പി. ജോൺ പറഞ്ഞു.

എന്നെയും പിണറായിയെയും മാറ്റിയിട്ട് മറ്റാരെ വെക്കും എന്ന പരാമർശം താൻ നടത്തിയിട്ടില്ലെന്ന് എം.വി. ഗോവിന്ദൻ 

തിരുവനന്തപുരം: ‘എന്നെയും പിണറായിയെയും മാറ്റിയിട്ട് മറ്റാരെ വെക്കും’, ‘എന്നെയും പിണറായിയെയും മാറ്റാമെന്നത് വ്യാമോഹം മാത്രം’ തുടങ്ങിയ പരാമർശങ്ങൾ താൻ നടത്തിയെന്ന തരത്തിൽ ചില മാധ്യമങ്ങൾ പ്രചരിപ്പിക്കുന്ന വാർത്തകൾ വ്യാജമാണെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ വ്യക്തമാക്കി.

സിപിഐഎമ്മിൽ ആരാണ് നേതാവാകേണ്ടതെന്ന് തീരുമാനിക്കുന്നത് മാധ്യമങ്ങളല്ല, പാർട്ടിയാണെന്നും കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ സംഘടനാ രീതി ബൂർഷ്വാ രാഷ്ട്രീയ പാർട്ടികളിൽ നിന്ന് വ്യത്യസ്തമാണെന്നും അദ്ദേഹം വാർത്താക്കുറിപ്പിൽ പറഞ്ഞു.

തന്നെ ഉദ്ധരിച്ച് പ്രചരിപ്പിക്കുന്ന ഇത്തരം വാർത്തകൾക്ക് യാഥാർഥ്യവുമായി യാതൊരു ബന്ധവുമില്ലെന്നും വ്യാജ പ്രചാരണങ്ങൾ നടത്തുന്ന മാധ്യമങ്ങൾക്കെതിരെ നിയമനടപടികൾ സ്വീകരിക്കുമെന്നും എം.വി. ഗോവിന്ദൻ മുന്നറിയിപ്പ് നൽകി

നിയമസഭാ തെരഞ്ഞെടുപ്പ് തോൽവിക്ക് ശേഷം പാർട്ടി വിശദമായ അവലോകനം നടത്തിയിട്ടുണ്ടെന്നും ബ്രാഞ്ച് തല യോഗങ്ങളിൽ പ്രവർത്തകർ ഉയർത്തിയ വിമർശനങ്ങൾ വരെ പരിശോധിച്ച് ആവശ്യമായ തിരുത്തലുകൾ നടപ്പാക്കുകയാണെന്നും അദ്ദേഹം വ്യക്തമാക്കി.

പുതിയ കാലഘട്ടത്തിലെ വെല്ലുവിളികൾ നേരിടുന്നതിനായി പൊതുജനങ്ങളിൽ നിന്നും സിപിഐഎം അഭിപ്രായങ്ങളും നിർദേശങ്ങളും തേടുന്നുണ്ടെന്നും ആയിരക്കണക്കിന് നിർദേശങ്ങൾ ഇതിനകം ലഭിച്ചിട്ടുണ്ടെന്നും എം.വി. ഗോവിന്ദൻ പറഞ്ഞു. ഇത് പാർട്ടിയോടുള്ള ജനങ്ങളുടെ വിശ്വാസത്തിന്റെയും പിന്തുണയുടെയും തെളിവാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ലഭിച്ച നിർദേശങ്ങളും അഭിപ്രായങ്ങളും പരിഗണിച്ച് ആഗസ്റ്റിൽ ചേരുന്ന വിപുലീകൃത സംസ്ഥാന കമ്മിറ്റി യോഗത്തിൽ പാർട്ടിയുടെ പുതിയ കർമപദ്ധതിക്ക് രൂപം നൽകുമെന്നും എം.വി. ഗോവിന്ദൻ വാർത്താക്കുറിപ്പിൽ അറിയിച്ചു.

ഇന്ത്യയിലെ ആദ്യത്തെ 8 വരി തുരങ്ക പാത ജൂൺ 20ന് ശേഷം തുറക്കുന്നു!

പരിസ്ഥിതി സംരക്ഷണത്തിനും യാത്രാ സൗകര്യങ്ങൾക്കും ഒരുപോലെ പ്രാധാന്യം നൽകിക്കൊണ്ട് രാജ്യം പുതിയൊരു അടിസ്ഥാന സൗകര്യ വികസന വിപ്ലവത്തിന് സാക്ഷ്യം വഹിക്കുന്നു. ഇന്ത്യയിലെ ആദ്യത്തെ എട്ടുവരി ഇരട്ട തുരങ്ക പാത (8-Lane Twin Tunnel) ജൂൺ 20ന് ശേഷം ഗതാഗതത്തിനായി തുറന്നുനൽകാൻ കേന്ദ്ര ഉപരിതല ഗതാഗത മന്ത്രാലയം ഒരുങ്ങുകയാണ്. മധ്യപ്രദേശിലെ പ്രശസ്തമായ മുകുന്ദ്‌പൂർ കടുവ സങ്കേതത്തിന് അടിയിലൂടെയാണ് ഈ അത്യാധുനിക തുരങ്കം നിർമ്മിച്ചിരിക്കുന്നത്.

ദേശീയ പാത വികസനത്തിന്റെ ഭാഗമായി നിർമ്മിച്ച ഈ തുരങ്കം വനമേഖലയിലെ വന്യജീവികളുടെ സ്വാഭാവിക ജീവിതത്തെ ഒട്ടും ബാധിക്കാത്ത രീതിയിലാണ് രൂപകൽപ്പന ചെയ്തിരിക്കുന്നത്. റീവ-സീധി ദേശീയ പാതയിലെ മോഹനിയ ഘട്ടിലെ കടുത്ത വളവുകളും കയറ്റങ്ങളും ഒഴിവാക്കാൻ ഈ തുരങ്കത്തിന്റെ നിർമ്മാണത്തിലൂടെ സാധിക്കും. ഇതോടെ ഈ റൂട്ടിലെ യാത്രാ സമയം പകുതിയിലധികമായി കുറയുമെന്നാണ് നാഷണൽ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യ വ്യക്തമാക്കുന്നത്.

ഏകദേശം 2.3 കിലോമീറ്റർ നീളമുള്ള ഈ തുരങ്കം അത്യാധുനികമായ അന്താരാഷ്ട്ര സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ചാണ് പൂർത്തിയാക്കിയിരിക്കുന്നത്. തുരങ്കത്തിനുള്ളിൽ മൂന്ന് വരികൾ വീതമുള്ള രണ്ട് പ്രധാന പാതകളും കൂടാതെ ഇരുവശങ്ങളിലും അടിയന്തിര ആവശ്യങ്ങൾക്കായി ഓരോ വരികൾ വീതവും സജ്ജീകരിച്ചിട്ടുണ്ട്. ഇത്തരത്തിൽ എട്ട് വരികളുള്ള ഒരു തുരങ്ക പാത കടുവ സങ്കേതത്തിന് കീഴിൽ നിർമ്മിക്കുന്നത് രാജ്യത്ത് ഇതാദ്യമായാണ്.

വനത്തിലൂടെയുള്ള റോഡ് യാത്രകൾ പലപ്പോഴും വന്യജീവികളുടെ ജീവന് വലിയ ഭീഷണിയാകാറുണ്ട്. കടുവകളും മറ്റ് അപൂർവ്വ മൃഗങ്ങളും റോഡ് മുറിച്ചുകടക്കുമ്പോൾ വാഹനങ്ങൾ ഇടിച്ചുണ്ടാകുന്ന അപകടങ്ങൾ ഒഴിവാക്കാൻ ഈ അടിപ്പാത സഹായിക്കും. മൃഗങ്ങളുടെ സ്വാഭാവിക ആവാസവ്യവസ്ഥയ്ക്ക് മുകളിൽ യാതൊരുവിധ തടസ്സങ്ങളും വരാത്ത രീതിയിലാണ് ഇതിന്റെ മുകൾഭാഗം വനമാക്കി നിലനിർത്തിയിരിക്കുന്നത്.

തുരങ്കത്തിനുള്ളിൽ കാറ്റിലേഷൻ കുറയ്ക്കുന്നതിനും ശുദ്ധവായു ഉറപ്പാക്കുന്നതിനുമായി അത്യാധുനിക വെന്റിലേഷൻ സംവിധാനങ്ങൾ സ്ഥാപിച്ചിട്ടുണ്ട്. കൂടാതെ ഏത് അടിയന്തിര സാഹചര്യവും നേരിടാൻ പാകത്തിൽ സിസിടിവി ക്യാമറകളും ഫയർ ഫൈറ്റിങ് സംവിധാനങ്ങളും ഇതിനുള്ളിൽ സജ്ജമാക്കിയിട്ടുണ്ട്. തുരങ്കത്തിന്റെ ഉൾവശം പൂർണ്ണമായും എൽഇഡി ലൈറ്റുകൾ ഉപയോഗിച്ചാണ് പ്രകാശിപ്പിച്ചിരിക്കുന്നത്.

കേന്ദ്ര ഉപരിതല ഗതാഗത മന്ത്രി നിതിൻ ഗഡ്കരിയുടെ പ്രത്യേക മേൽനോട്ടത്തിലാണ് ഈ തന്ത്രപ്രധാനമായ പ്രൊജക്റ്റ് സമയബന്ധിതമായി പൂർത്തിയാക്കിയത്. പരിസ്ഥിതിക്ക് ആഘാതം ഏൽപ്പിക്കാതെയും രാജ്യത്തിന്റെ വികസന പ്രക്രിയകൾ വേഗത്തിലാക്കാൻ സാധിക്കുമെന്നതിന്റെ മികച്ച ഉദാഹരണമാണിത്. ജൂൺ 20ന് ശേഷം നടക്കുന്ന പ്രൗഢഗംഭീരമായ ചടങ്ങിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ഈ തുരങ്ക പാത രാജ്യത്തിന് സമർപ്പിക്കുമെന്നാണ് റിപ്പോർട്ട്.

ഈ പുതിയ തുരങ്കം തുറക്കുന്നതോടെ റീവ, സീധി ജില്ലകൾ തമ്മിലുള്ള ചരക്കുനീക്കം കൂടുതൽ സുഗമമാകും. കടുത്ത മൺസൂൺ കാലങ്ങളിലും മോഹനിയ ഘട്ടിൽ ഉണ്ടാകാറുള്ള വൻ ഗതാഗതക്കുരുക്കിന് ഇതോടെ ശാശ്വത പരിഹാരമാകും. മധ്യപ്രദേശിലെ വിനോദസഞ്ചാര മേഖലയ്ക്കും ഈ പുതിയ എട്ടുവരി തുരങ്ക പാത വലിയ രീതിയിലുള്ള ഉണർവ് സമ്മാനിക്കുമെന്നാണ് സംസ്ഥാന ഭരണകൂടത്തിന്റെ വിലയിരുത്തൽ.

സിബിഎസ്ഇ പത്താം ക്ലാസ് രണ്ടാം ബോർഡ് പരീക്ഷയിലും പരാജയപ്പെട്ടാൽ എന്ത് സംഭവിക്കും? വിദ്യാർത്ഥികൾ അറിഞ്ഞിരിക്കേണ്ട കർശന നിയമങ്ങൾ!

ദേശീയ വിദ്യാഭ്യാസ നയത്തിന്റെ ഭാഗമായി സിബിഎസ്ഇ പത്താം ക്ലാസ് വിദ്യാർത്ഥികൾക്കായി ഈ വർഷം മുതൽ രണ്ട് ബോർഡ് പരീക്ഷകൾ എഴുതാനുള്ള പുതിയ സംവിധാനം നിലവിൽ വന്നിട്ടുണ്ട്. ഫെബ്രുവരിയിൽ നടന്ന ആദ്യ പ്രധാന പരീക്ഷയ്ക്ക് ശേഷം മാർക്ക് വർദ്ധിപ്പിക്കാനും പരാജയപ്പെട്ട വിഷയങ്ങൾ എഴുതിയെടുക്കാനും മെയ് മാസത്തിൽ രണ്ടാം ബോർഡ് പരീക്ഷയ്ക്ക് അവസരം നൽകിയിരുന്നു. എന്നാൽ ഈ രണ്ട് പരീക്ഷാ അവസരങ്ങളിലും ജയിക്കാൻ സാധിക്കാത്ത വിദ്യാർത്ഥികളുടെ ഭാവി എന്താകും എന്നതിനെക്കുറിച്ച് സിബിഎസ്ഇ വ്യക്തമായ മാർഗ്ഗരേഖ പുറത്തിറക്കി.

രണ്ടാം ബോർഡ് പരീക്ഷയിലും വിജയം കണ്ടെത്താൻ സാധിക്കാത്ത വിദ്യാർത്ഥികളെ ആ അധ്യയന വർഷത്തിൽ പൂർണ്ണമായി പരാജയപ്പെട്ടവരായി (അൺസക്സസ്ഫുൾ) ബോർഡ് ഔദ്യോഗികമായി പ്രഖ്യാപിക്കും. ഇതോടെ നിലവിലെ അധ്യയന വർഷത്തിൽ പരീക്ഷകൾ എഴുതി ജയിക്കാനുള്ള എല്ലാ അവസരങ്ങളും അവസാനിക്കുകയാണ്. ഇത്തരം വിദ്യാർത്ഥികൾക്ക് ആ വർഷം തന്നെ ഉയർന്ന ക്ലാസുകളിലേക്ക് പ്രവേശനം നേടാൻ യാതൊരുവിധ അനുമതിയും ഉണ്ടായിരിക്കുന്നതല്ല.

പരീക്ഷയിൽ പരാജയപ്പെടുന്ന വിദ്യാർത്ഥികൾ അടുത്ത അധ്യയന വർഷത്തിലെ പ്രധാന ബോർഡ് പരീക്ഷാ സൈക്കിളിൽ വീണ്ടും എല്ലാ വിഷയങ്ങളും എഴുതേണ്ടി വരും. അതായത് വരാനിരിക്കുന്ന ഫെബ്രുവരിയിലെ പ്രധാന പരീക്ഷയിൽ പ്രൈവറ്റ് കാൻഡിഡേറ്റ് (പ്രത്യേക വിദ്യാർത്ഥി) ആയി രജിസ്റ്റർ ചെയ്ത് മാത്രമേ ഇവർക്ക് വീണ്ടും പരീക്ഷ എഴുതാൻ സാധിക്കുകയുള്ളൂ. രണ്ട് ബോർഡ് പരീക്ഷാ സമ്പ്രദായം ഒരു വർഷത്തിനുള്ളിൽ രണ്ട് വലിയ അവസരങ്ങൾ നൽകുന്നുണ്ടെങ്കിലും അതിനുപ്പുറം മറ്റ് പ്രത്യേക ഇളവുകൾ അനുവദിക്കുന്നില്ല.

ആദ്യ പരീക്ഷയിൽ മൂന്നോ അതിലധികമോ വിഷയങ്ങളിൽ പരാജയപ്പെടുകയോ അല്ലെങ്കിൽ പരീക്ഷ എഴുതാതിരിക്കുകയോ ചെയ്ത വിദ്യാർത്ഥികളെ തുടക്കത്തിൽ തന്നെ എസൻഷ്യൽ റിപ്പീറ്റ് (ഇആർ) എന്ന വിഭാഗത്തിലാണ് ഉൾപ്പെടുത്തിയിരുന്നത്. ഇത്തരം വിദ്യാർത്ഥികൾക്ക് മെയ് മാസത്തിൽ നടന്ന രണ്ടാമത്തെ ബോർഡ് പരീക്ഷ എഴുതാൻ അർഹത ഉണ്ടായിരുന്നില്ല. ഇവർക്കും അടുത്ത വർഷത്തെ പ്രധാന പരീക്ഷയിൽ എല്ലാ വിഷയങ്ങളും വീണ്ടും എഴുതിയാൽ മാത്രമേ വിജയിക്കാൻ സാധിക്കുകയുള്ളൂ.

രണ്ട് ബോർഡ് പരീക്ഷകളിൽ ഏതെങ്കിലും ഒന്നിൽ ജയിച്ച വിഷയങ്ങളുടെ പ്രാക്ടിക്കൽ മാർക്കുകളും ഇന്റേണൽ അസസ്‌മെന്റ് മാർക്കുകളും അടുത്ത പരീക്ഷയിലേക്ക് മാറ്റാൻ (കാരി ഫോർവേഡ്) സിബിഎസ്ഇ അനുവദിക്കുന്നുണ്ട്. അതായത് പരാജയപ്പെട്ട വിദ്യാർത്ഥികൾ തിയറി പരീക്ഷകൾ മാത്രമേ വീണ്ടും എഴുതേണ്ടതുള്ളൂ, പ്രാക്ടിക്കൽ പരീക്ഷകൾ വീണ്ടും ചെയ്യേണ്ടതില്ല. പരീക്ഷ എഴുതുന്ന വിദ്യാർത്ഥികളുടെ മാനസിക സമ്മർദ്ദം കുറയ്ക്കുന്നതിനാണ് ബോർഡ് ഈ പ്രത്യേക ആനുകൂല്യം നൽകുന്നത്.

രണ്ട് പരീക്ഷകളും എഴുതിയ വിദ്യാർത്ഥികൾക്ക് ഏത് പരീക്ഷയിലാണോ ഉയർന്ന മാർക്ക് ലഭിച്ചത് അത് അന്തിമ മാർക്കായി കണക്കാക്കുന്ന ‘ബെസ്റ്റ് ഓഫ് ടു’ നയമാണ് സിബിഎസ്ഇ സ്വീകരിച്ചിരിക്കുന്നത്. അതുകൊണ്ട് തന്നെ രണ്ടാമത്തെ പരീക്ഷയിൽ മാർക്ക് കുറഞ്ഞാലും ആദ്യ പരീക്ഷയിലെ ഉയർന്ന മാർക്ക് സുരക്ഷിതമായിരിക്കും. എന്നാൽ രണ്ട് തവണയും നിശ്ചിത വിജയശതമാനം നേടാൻ കഴിയാത്തവർക്ക് മാത്രമാണ് ഈ വർഷം പൂർണ്ണമായി നഷ്ടമാകുന്നത്.

പുതിയ പരീക്ഷാ പരിഷ്കാരങ്ങളെക്കുറിച്ച് വിദ്യാർത്ഥികളും രക്ഷിതാക്കളും കൃത്യമായ ധാരണ പുലർത്തേണ്ടത് അനിവാര്യമാണെന്ന് സിബിഎസ്ഇ ഓർമ്മിപ്പിച്ചു. പരീക്ഷാ ഫലങ്ങൾ പ്രഖ്യാപിച്ചതിന് ശേഷം പരാജയപ്പെട്ട വിദ്യാർത്ഥികൾ തങ്ങളുടെ സ്കൂളുകളിലെ പരീക്ഷാ കോർഡിനേറ്ററുമായി ബന്ധപ്പെട്ട് അടുത്ത വർഷത്തെ രജിസ്ട്രേഷൻ നടപടികൾ എത്രയും വേഗം പൂർത്തിയാക്കണം. സമയബന്ധിതമായി അപേക്ഷകൾ സമർപ്പിച്ചാൽ മാത്രമേ അടുത്ത വർഷത്തെ പരീക്ഷ എഴുതാൻ സാധിക്കുകയുള്ളൂ.

ലഹരി കേസിൽപ്പെട്ട ആരും പേഴ്സണൽ സ്റ്റാഫിൽ ഉണ്ടാകില്ല; ഓപറേഷൻ തൂഫാൻ എല്ലാവരും ഏറ്റെടുക്കണമെന്ന് രമേശ് ചെന്നിത്തല

ഓപറേഷൻ തൂഫാൻ എല്ലാവരും ഏറ്റെടുക്കണമെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല. പൊലീസ് നടപടിക്കൊപ്പം ജനങ്ങളുടെ സഹകരണം വേണം. നഹാസിന്റെ നിയമനം, ലഹരി കേസുകളിൽ പെട്ട ആരും സ്റ്റാഫിൽ ഉണ്ടാകില്ല. നഹാസ് ഉണ്ടാകുമോ എന്ന ചോദ്യത്തിന് ലിസ്റ്റ് വരട്ടെ അപ്പോൾ അറിയാമെന്ന് മറുപടി.

ഇന്നലെയാണ് ആഭ്യന്തരമന്ത്രിയുടെ പേഴ്സണൽ സ്റ്റാഫിൽ ലഹരി കേസിൽപ്പെട്ടയാളുണ്ടെന്ന ആരോപണവുമായി ഡിവൈഎഫ്ഐ രംഗത്തെത്തിയത്. ഇതിനുപിന്നാലെ രമേശ് ചെന്നിത്തലയ്ക്കെതിരെ ഡിവൈഎഫ്ഐ രൂക്ഷവിമർശനം ഉയർത്തിയിരുന്നു. ആർ.എസ്.എസ് പരിപാടിയിൽ വിസി മാർ പങ്കെടുത്തത് ഗുണകരമല്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

വി.സി മാർ ആ പരിപാടിയിൽ പങ്കെടുക്കാൻ പാടില്ലായിരുന്നുവെന്നും രമേശ് ചെന്നിത്തല പറഞ്ഞു.ഗവർണ്ണറെ ഉപയോഗിച്ച് കേരളത്തിന്റെ അക്കാദമിക മേഖലയെ വർഗീയ വൽക്കരിക്കാൻ സംഘപരിവാർ നടത്തുന്ന ശ്രമങ്ങൾക്കെതിരെ അതീവ ജാഗ്രത വേണമെന്നാണ് ഈ സംഭവം ഓർമിപ്പിക്കുന്നത്. ഇത്തരം നീക്കങ്ങൾക്കെതിരെ ജനാധിപത്യ മതനിരപേക്ഷ കേരളം ഒന്നിച്ചണിനിരക്കണമെന്നും രമേശ് ചെന്നിത്തല ആഹ്വാനം ചെയ്തു

കേരളത്തിലെ സ്ത്രീകൾക്ക് സർക്കാർ നൽകുന്ന ആദരവെന്ന് മുഖ്യമന്ത്രി, സൗജന്യയാത്രയ്ക്ക് തുടക്കമായി

കേരളത്തിന്റെ ഗതാഗതമേഖലയിൽ പുതുചരിത്രം. KSRTC ഓർഡിനറി ബസുകളിൽ സ്ത്രീകൾക്കുള്ള സൗജന്യയാത്രയ്ക്ക് തുടക്കമായി. പ്രിയദർശിനി ബസ് യാത്രാ പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം മുഖ്യമന്ത്രി വി ഡി സതീശൻ നിർവഹിച്ചു. വനിതകളുടെയും ട്രാൻസ്ജെൻഡേഴ്സിന്റെയും പ്രതിനിധികൾക്ക് സീറോ ടിക്കറ്റ് കൈമാറിയാണ് മുഖ്യമന്ത്രി പദ്ധതിയ്ക്ക് തുടക്കം കുറിച്ചത്.

പദ്ധതിയേ കാണുന്നത് സ്ത്രീകൾക്ക് നൽകുന്ന ഔദാര്യം ആയിട്ടല്ല . കേരളത്തിലെ സ്ത്രീകൾക്ക് സർക്കാർ നൽകുന്ന ആദരവാണ് സൗജന്യ യാത്ര. ഇത് സാമൂഹിക – സാമ്പത്തിക മേഖലയിൽ പ്രതിഫലനം ഉണ്ടാകും.
സാമൂഹികം എന്ന് പറയുന്നത് അഭിമാനത്തോടെ സ്ത്രീകൾക്ക് ബസ്സിൽ യാത്ര ചെയ്യാം എന്നതാണ്. കഠിനാധ്വാനം ചെയ്യുന്ന പാവപ്പെട്ട സ്ത്രീകൾ,വിദ്യാർഥിനികൾ , ജീവനക്കാർ,ചികിത്സയ്ക്കായി യാത്ര ചെയ്യുന്നവർ എന്നിവർക്ക് യാത്ര സൗജന്യമാക്കിയാൽ ഇത്ര രൂപ മാറ്റി വെയ്ക്കാൻ കഴിയുമെന്ന് പല സ്ത്രീകളും തന്നോട് പറഞ്ഞു .അങ്ങനെ നീക്കിയിരിക്കുന്ന പണം എന്ത് ചെയ്യുമെന്ന് ചോദിച്ചവർ ഉണ്ട്.
താൻ പറഞ്ഞത് KSFE യിൽ ചിട്ടി ചേരാനാണ് അങ്ങനെയൊരു സേവിങ്സ് സ്ത്രീകൾക്ക്
ഉണ്ടാകും എന്നുള്ള കാര്യം ഉറപ്പാണെന്നും മുഖ്യമന്ത്രി വി ഡി സതീശൻ പറഞ്ഞു.

സർക്കാർ അധികാരത്തിൽ എത്തിയിട്ട് ഒരു മാസം തികയുന്നത് 18നാണ്. ഒരു മാസത്തിനുള്ളിൽ പ്രഖ്യാപിച്ച പദ്ധതി നടപ്പിലാക്കിയതിന്റെ സന്തോഷത്തിലാണ് താൻ അടക്കമുള്ളവർ. 800 കോടി പ്രതി വർഷം സർക്കാർ കൊടുക്കുകയാണ് പദ്ധതിക്കായി.ഗതാഗത മന്ത്രിയിൽ വലിയ ആത്മവിശ്വാസമുണ്ട്. കാരണം കുറച്ചുനാൾ കഴിയുമ്പോൾ KSRTC വരുമാനം വർധിപ്പിക്കും. KSRTC സർക്കാർ സഹായം വേണ്ടെന്നു പറയുന്ന സാഹചര്യം ഉണ്ടാകും.പ്രിയദർശിനി പദ്ധതി നടപ്പാക്കിയതിൽ സ്വകാര്യ ബസ്സുകൾക്ക് ആശങ്ക വേണ്ട ,കാരണം KSRTC ഓർഡിനറി ബസ്സുകൾ ഇല്ലാത്ത സ്ഥലത്തു സ്വകാര്യ ബസ്സുകളും ഈ പദ്ധതിയുടെ ഭാഗമാണെന്നും മുഖ്യമന്ത്രി വി ഡി സതീശൻ വ്യക്തമാക്കി.

അതേസമയം, സ്ത്രീകൾക്ക് മാത്രം സൗജന്യ യാത്ര അനുവദിച്ചതിൽ പ്രതിഷേധിക്കുന്ന മെൻസ് അസോസിയേഷന് മുഖ്യമന്ത്രി മറുപടി നൽകി. മെൻസ് അസോസിയേഷൻ പ്രതിഷേധം രസകരമാണ്. അവര്‍ വേറെ ബസിലൊക്കെ യാത്ര ചെയ്യുന്നുണ്ട്. താനൊരു പുരുഷ വിരോധിയൊന്നുമല്ല. സ്ത്രീകളുടെ കൈയിലാണെങ്കിൽ മിച്ചം വരുന്ന പൈസ വീട്ടിൽ എത്തും. പക്ഷേ പുരുഷനാണെങ്കിൽ ഈ പൈസ കുറച്ച് പേര് വീട്ടിൽ കൊടുക്കും. ബാക്കി എവിടെപോകും, സര്‍ക്കാരിന് തന്നെ കിട്ടുമെന്ന് തമാശ കലർത്തി മുഖ്യമന്ത്രി പറഞ്ഞു.

വിജയ് – സംഗീത വിവാഹമോചന കേസ് ഓഗസ്റ്റ് ഏഴിലേക്ക് മാറ്റി

ചെന്നൈ:  നടനും തമിഴ്നാട് മുഖ്യമന്ത്രിയുമായ വിജയിയുടെ വിവാഹ മോചന ഹർജി പരിഗണിക്കുന്നത് ഓഗസ്റ്റ് ഏഴിലേക്ക് മാറ്റി.

വീഡിയോ കോൺഫ്രൻസിങ് വഴി കോടതി നടപടികളിൽ പങ്കെടുക്കണമെന്ന ആവശ്യം കോടതി തള്ളി.

ചെങ്കൽപ്പെട്ട് കുടുംബകോടതിയാണ് കേസ് പരിഗണിക്കുന്നത് മാറ്റിയത്. രണ്ട് പേരുടെയും ഇ മെയിൽ ഐഡി നൽകണമെന്ന് കോടതി വിശദമാക്കി. 26 വർഷത്തെ ദാമ്പത്യം അവസാനിപ്പിക്കാൻ അനുമതി തേടി ഫെബ്രുവരിയിലാണ് സംഗീത വിവാഹമോചന ഹർജി സമർപ്പിച്ചത്. നേരത്തെ ഇരുവരും തമ്മിൽ രമ്യതയിലെത്താൻ വിജയ്‌യുടെ അമ്മ ശോഭ ചന്ദ്രശേഖറിന്റെ ഇടപെടലുണ്ടായതായി വാർത്തകൾ വന്നിരുന്നു.

2021 മുതൽ വിജയ്‌ക്ക് ഒരു സഹനടിയുമായി ബന്ധമുണ്ടെന്ന ഗുരുതര ആരോപണങ്ങൾ ഹർജിയിലുണ്ടായിരുന്നു. വിജയ്‌യുടെ രാഷ്ട്രീയ പാർട്ടി രൂപീകരണ ചടങ്ങുകളിലോ മുഖ്യമന്ത്രിയായുള്ള സത്യപ്രതിജ്ഞാ ചടങ്ങിലോ സംഗീതയോ മക്കളോ പങ്കെടുക്കാതിരുന്നതും, നടി തൃഷയുമായി ബന്ധപ്പെടുത്തി വന്ന ഗോസിപ്പുകളും വലിയ വിവാദങ്ങൾക്ക് കാരണമായിരുന്നു.

നിപ പടരാനാണോ പ്രതിപക്ഷം ആഗ്രഹിക്കുന്നതെന്ന് കെ മുരളീധരൻ

കൊച്ചി: നിപ രോഗം നിയന്ത്രണവിധേയമാണെന്ന് ആരോഗ്യവകുപ്പ് മന്ത്രി കെ മുരളീധരൻ. ടെസ്റ്റ് വ്യാപിപ്പിക്കുന്നുണ്ട്. പ്രശ്‌നം വന്നാൽ എല്ലാവരും അവിടെ ഉണ്ടാകും.

സ്ഥിരം ഡിഎംഒയെ വെക്കാൻ നിർദേശം നൽകിയെന്നും മുരളീധരൻ മാധ്യമങ്ങളോട് പറഞ്ഞു.

പ്രതിപക്ഷത്തെയും മന്ത്രി വിമർശിച്ചു. ഇത് പടരാനാണോ പ്രതിപക്ഷം ആഗ്രഹിക്കുന്നതെന്ന് കെ മുരളീധരൻ ചോദിച്ചു. വെറുതെ വിമർശനം നടത്തി സ്വയം അപഹാസ്യരാവരുത്.

രോഗം വ്യാപിക്കുന്നുണ്ടെങ്കിൽ അല്ലെ കുറ്റപ്പെടുത്തുകയെന്നും മുരളീധരൻ പറഞ്ഞു. പ്രിയദർശിനി യാത്ര പ്രതിപക്ഷം ബഹിഷ്‌കരിച്ചത് ശരിയായില്ലെന്ന് മന്ത്രി പറഞ്ഞു. യുഡിഎഫിന്റെ ആദ്യ വാഗ്ദാനം നടപ്പിലായെന്നും അദ്ദേഹം പ്രതികരിച്ചു.

ആർഎസ്എസ് പരിപാടിയിൽ വൈസ് ചാൻസലർമാർ പങ്കെടുത്തതിൽ മുഖ്യമന്ത്രിയെ വിമർശിച്ച പ്രതിപക്ഷ നേതാവിനെതിരെ കെ മുരളീധരൻ ആഞ്ഞടിച്ചു. ‘പ്രതിപക്ഷ നേതാവ് മാപ്പ് പറയണം. അദ്ദേഹത്തിന്റെ കാലത്ത് നാല് വിസിമാർ പങ്കെടുത്തു. ഇത്തവണ മൂന്ന് പേരെ പങ്കെടുത്തുള്ളു. അതിനെ മുഖ്യമന്ത്രി ശക്തമായി എതിർത്തു. മുഖ്യമന്ത്രി മാപ്പ് പറയണമെങ്കിൽ പ്രതിപക്ഷ നേതാവ് ആദ്യം പറയണം’, കെ മുരളീധരൻ പറഞ്ഞു.

മന്ത്രി ബിന്ദു കൃഷ്ണയുടെ തലയിൽ ചൂട് പായസം വീണു

തിരുവനന്തപുരം: മന്ത്രി ബിന്ദു കൃഷ്ണയുടെ തലയിൽ ചൂട് പായസം വീണു.

കൊല്ലം കെഎസ്ആർടിസി ഡിപ്പോയിൽ നടന്ന പ്രിയദർശിനി ബസ് ഉദ്ഘാടന വേളയിലായിരുന്നു സംഭവം.

സൗജന്യ യാത്ര ആരംഭിച്ചതിന്റെ സന്തോഷത്തിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകർ വിതരണം ചെയ്ത പായസമാണ് മന്ത്രിയുടെ തലയിൽ വീണത്. 

തിക്കും തിരക്കും കൂടിയപ്പോൾ ആരുടെയോ കൈകളിൽ ഇരുന്ന പായസം തെന്നിപ്പോകുകയായിരുന്നു

സംസ്ഥാനത്ത് ജവാൻ മദ്യത്തിന്റെ ഉൽപ്പാദനം പൂർണമായും നിലച്ചു

തിരുവനന്തപുരം: സംസ്ഥാനത്ത് ജവാൻ മദ്യത്തിന്റെ ഉൽപ്പാദനം പൂർണമായും നിലച്ചു. മദ്യം പാക്ക് ചെയ്യുന്നതിനുള്ള വസ്തുക്കൾ ഇല്ലാത്തതാണ് പ്രതിസന്ധിക്ക് കാരണം.  നാല് ദിവസമായി ഉൽപ്പാദനം പൂർണമായി നിലച്ച നിലയിലാണ്.

ഇതുമൂലം ബിവറേജസ് കോർപ്പറേഷൻ ഉണ്ടാകാൻ പോകുന്നത് കനത്ത നഷ്ടമാണ്. ദിവസവും 6000 മുതൽ 10000 കേസ് വരെ കയറ്റി അയച്ചിരുന്നു.

കുപ്പി, കേസ്, ലേബൽ, ക്യാപ്പ് എന്നിവ ഇല്ലാത്തതാണ് ഉൽപ്പാദനത്തെ പ്രതിസന്ധിയിലാക്കിയത്. ടെൻഡർ നടപടികൾ സമയബന്ധിതമായി പൂർത്തിയാക്കാത്തതാണ് പ്രശ്‌നമായത്.

ബെവ്‌കോ എംഡി എം ആർ അജിത് കുമാറിന്റെ ഭാഗത്തുനിന്ന് ടെൻഡർ മുന്നോട്ടു കൊണ്ടുപോകുന്നതിനുള്ള നടപടികളുണ്ടാകുന്നില്ലെന്നാണ് പരാതി.

വസ്തുക്കൾ ഇല്ല എന്ന് കാട്ടി ടിഎസ്‌സിഎൽ മാനേജർ നാലുതവണ എംഡിക്ക് കത്ത് നൽകിയിരുന്നു. കത്തിന്മേൽ എംഡിക്ക് മറുപടിയോ നടപടിയോ ലഭിച്ചിട്ടില്ല.