തിരുവനന്തപുരം: സംസ്ഥാനത്തെ വനിതകൾക്ക് കെഎസ്ആർടിസി ഓർഡിനറി ബസുകളിൽ സൗജന്യ യാത്ര ഉറപ്പാക്കുന്ന ‘പ്രിയദർശിനി’ പദ്ധതി കേരളത്തിലെ പൊതുഗതാഗത രംഗത്തെ നാഴികക്കല്ലാണെന്ന് ഗതാഗത വകുപ്പ് മന്ത്രി സി.പി. ജോൺ. തമ്പാനൂർ കെഎസ്ആർടിസി കോംപ്ലക്സിൽ നടന്ന പദ്ധതിയുടെ ഉദ്ഘാടനച്ചടങ്ങിൽ അധ്യക്ഷത വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
നിലവിൽ സംസ്ഥാനത്തെ 3,125 ഓർഡിനറി ബസുകളിലാണ് സ്ത്രീകൾക്ക് സൗജന്യ യാത്രാ സൗകര്യം ഒരുക്കിയിരിക്കുന്നതെന്ന് മന്ത്രി അറിയിച്ചു. പൊതുഗതാഗത സംവിധാനം കൂടുതൽ ശക്തിപ്പെടുത്തുന്നതിനായി തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുമായി സഹകരിച്ചുള്ള പദ്ധതികളും പുരോഗമിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
വ്യക്തികൾക്കും സ്ഥാപനങ്ങൾക്കും കെഎസ്ആർടിസി ബസുകൾ സ്പോൺസർ ചെയ്യാൻ അവസരം നൽകുന്ന പ്രത്യേക മാർഗരേഖ ഉടൻ പ്രഖ്യാപിക്കുമെന്നും മന്ത്രി വ്യക്തമാക്കി. ഇതിലൂടെ പൊതുഗതാഗത വികസനത്തിൽ സമൂഹത്തിന്റെ കൂടുതൽ പങ്കാളിത്തം ഉറപ്പാക്കാനാണ് സർക്കാർ ലക്ഷ്യമിടുന്നത്.
കേരളത്തിലെ പൊതുഗതാഗത ചരിത്രവും മന്ത്രി പ്രസംഗത്തിൽ അനുസ്മരിച്ചു. 1938 ഫെബ്രുവരി 20-ന് ചിത്തിര തിരുനാൾ മഹാരാജാവിന്റെ കാലത്താണ് തിരുവിതാംകൂറിൽ ആദ്യ പൊതുഗതാഗത ബസ് സർവീസ് ആരംഭിച്ചതെന്ന് അദ്ദേഹം പറഞ്ഞു. ലണ്ടൻ സന്ദർശനത്തിൽ നിന്ന് ലഭിച്ച പ്രചോദനത്തിന്റെ അടിസ്ഥാനത്തിലായിരുന്നു അന്നത്തെ സംരംഭം. 33 ബസുകളുമായി ആരംഭിച്ച സർവീസ് ഇന്ന് 5,700 ബസുകളുള്ള വിപുലമായ പൊതുഗതാഗത ശൃംഖലയായി വളർന്നതായും മന്ത്രി ചൂണ്ടിക്കാട്ടി.
സംസ്ഥാനത്തെ 93 കെഎസ്ആർടിസി ഡിപ്പോകളിലും ജനപ്രതിനിധികളെയും വിവിധ രാഷ്ട്രീയകക്ഷി പ്രതിനിധികളെയും ഉൾപ്പെടുത്തി സമിതികൾ രൂപീകരിക്കാൻ മുഖ്യമന്ത്രി അനുമതി നൽകിയിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു. ജനപങ്കാളിത്തം വർധിപ്പിക്കുന്നതിലൂടെ കെഎസ്ആർടിസിയുടെ പ്രവർത്തനം കൂടുതൽ കാര്യക്ഷമമാക്കുകയാണ് ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു
“കെഎസ്ആർടിസി ഒരു സർക്കാർ സ്ഥാപനം മാത്രമല്ല, പൊതുസമൂഹത്തിന്റെ സ്വത്താണ്. സ്വന്തം സംവിധാനമെന്ന നിലയിൽ അതിനെ സംരക്ഷിക്കുകയും ശക്തിപ്പെടുത്തുകയും ചെയ്യേണ്ടത് ജനങ്ങളുടെ ഉത്തരവാദിത്വമാണ്,” എന്നും മന്ത്രി സി.പി. ജോൺ പറഞ്ഞു.

