നെടുമ്പാശ്ശേരിയില്‍ വിമാനം താഴ്ന്ന് പറന്ന് വീടിന്റെ മേല്‍ക്കൂര തകര്‍ന്നു

കൊച്ചി: നെടുമ്പാശ്ശേരിയില്‍ വിമാനം താഴ്ന്ന് പറന്ന് വീടിന്റെ മേല്‍ക്കൂര തകര്‍ന്നു.  വിമാനം താഴ്ന്നു പറന്നതോടെ വീടിന്റെ മേല്‍ക്കൂരയിലെ ഓടുകള്‍ പറന്നുപോവുകയായിരുന്നു എന്നാണ് പരാതി.

ശാന്തിനഗര്‍ സ്വദേശി കാട്ടുപ്പറമ്പില്‍ വീട്ടില്‍ സൈമണ്‍ കെ ജെ യുടെ വീടിന്റെ മേല്‍ക്കൂരയാണ് തകര്‍ന്നത്. ഇന്ന് രാവിലെ 8.30നാണ് സംഭവം നടന്നത്.

അപകട സമയത്ത് വിട്ടുടമ സൈമണും ഭാര്യയും വീട്ടിലുണ്ടായിരുന്നു. ഓട് വീണ് സൈമണിന്റെ തോളിന് പരുക്കേറ്റിട്ടുണ്ട്. സംഭവം സിയാല്‍ അധികൃതരെ അറിയിച്ചെന്നും കുടുംബം പറഞ്ഞു.

നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ ലാന്റ് ചെയ്യുന്ന വിമാനങ്ങള്‍ തട്ടേക്കാട് ഭാഗത്ത് നിന്ന് തിരിഞ്ഞ് വിമാനത്താവളത്തിലേക്ക് പോകുന്നത് ഒക്കല്‍, നമ്പിള്ളി മേഖലകള്‍ക്ക് മുകളിലൂടെയാണ്.

വിമാനം താഴ്ന്ന് പറക്കുമ്പോളുണ്ടായ കാറ്റ് മൂലമാണ് വീടിന്റെ ഓടുകള്‍ ഇളകി പോയതെന്നായിരുന്നു റിപ്പോര്‍ട്ട്. 

തൊപ്പിക്കെതിരായ പരാതികൾ സൈബർ പൊലീസ് കളമശേരി പൊലീസിന് കൈമാറി

യൂട്യൂബർ തൊപ്പിക്കെതിരായ പരാതികൾ എറണാകുളം സൈബർ പൊലീസ് കളമശ്ശേരി പൊലീസിന് കൈമാറി. ഡിസിപിയുടെ നിർദ്ദേശത്തെ തുടർന്നാണ് കളമശ്ശേരി പൊലീസിന് കൈമാറിയത്. പ്രാഥമിക അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിക്കും. സമൂഹമാധ്യമങ്ങളിലൂടെ അശ്ലീല പ്രദർശനം , ലഹരി ഉപയോഗം, സ്ത്രീവിരുദ്ധത തുടങ്ങിയ കാര്യങ്ങൾ ചൂണ്ടിക്കാട്ടിയാണ് തൊപ്പി എന്ന നിഹാദിനെതിരെ പരാതി നൽകിയിരുന്നത്.

റിപ്പോര്‍ട്ട് പരിശോധിച്ച ശേഷം കേസെടുക്കുന്നതില്‍ തീരുമാനമെടുക്കും. പരാതിയില്‍ അന്വേഷണം നടത്താന്‍ ഡിജിപി നിര്‍ദേശം നല്‍കിയിരുന്നു. ഒരു അഭിഭാഷകന്റെ പരാതിയിലായിരുന്നു കേസെടുക്കാന്‍ നിര്‍ദ്ദേശം. നിഹാദിനെതിരായ പരാതിയില്‍ അന്വേഷണം നടത്തുമെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയും കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. അന്വേഷിച്ച് നടപടിയെടുക്കും എന്ന് ചെന്നിത്തല പറഞ്ഞിരുന്നു.

കെഎസ്ആര്‍ടിസിയില്‍ സ്ത്രീകളുടെ സൗജന്യയാത്ര നാളെ മുതല്‍; ഓര്‍ഡിനറി ബസുകളെ തിരിച്ചറിയാന്‍ പ്രിയദര്‍ശിനി സ്റ്റിക്കറുകള്‍ പതിച്ചു

കെഎസ്ആര്‍സി ഓര്‍ഡിനറി ബസ്സുകളില്‍ വനിതകള്‍ക്കായുള്ള സൗജന്യ യാത്ര നാളെ മുതല്‍. മുഖ്യമന്ത്രി വി ഡി സതീശന്‍ തിരുവനന്തപുരത്ത് പദ്ധതി ഉദ്ഘാടനം ചെയ്യും. ഉദ്ഘാടന ദിവസം ബസ്സിലെ ജീവനക്കാര്‍ വനിതകളായിരിക്കും. അതേസമയം ഉദ്ഘാടനത്തില്‍ നിന്ന് വിട്ടുനില്‍ക്കാനാണ് സിപിഐഎം തീരുമാനം. ആളെ പറ്റിക്കുന്ന പരിപാടിയെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ പ്രതികരിക്കുന്നു. ചരിത്രപരമായ വിഡ്ഢിത്തമെന്നാണ് ബഹിഷ്‌കരണ പ്രസ്താവനയ്ക്ക് ഗതാഗത മന്ത്രിയുടെ മറുപടി.

യുഡിഎഫ് സര്‍ക്കാരിന്റെ തിരഞ്ഞെടുപ്പ് പ്രകടനപത്രികയിലെ വാഗ്ദാനം നടപ്പിലാകുന്നു. നാളെ മുതല്‍ പ്രിയദര്‍ശിനി സൗജന്യ കെഎസ്ആര്‍ടിസി ഓര്‍ഡിനറി ബസുകള്‍ നിരത്തില്‍ ഓടിത്തുടങ്ങും. തിരുവനന്തപുരം സെന്‍ട്രല്‍ കെഎസ്ആര്‍ടിസി ബസ് സ്റ്റേഷനില്‍ മുഖ്യമന്ത്രി വി ഡി സതീശന്‍ ഉദ്ഘാടന ബസ് ഫ്‌ലാഗ് ഓഫ് ചെയ്യും . തമ്പാനൂര്‍ മുതല്‍ സെക്രട്ടറിയേറ്റ് വരെയാണ് മുഖ്യമന്ത്രി ബസ്സില്‍ യാത്ര ചെയ്യുക . ആനുകൂല്യം ലഭിക്കുന്ന സ്ത്രീകള്‍ക്കും ട്രാന്‍സ്‌ജെന്‍ഡര്‍ വിഭാഗത്തിനും നാളെ മുതല്‍ സീറോ ഫെയര്‍ ടിക്കറ്റുകളാണ് ലഭിക്കുക. ഓര്‍ഡിനറി ബസ്സുകളെ തിരിച്ചറിയാന്‍ പ്രിയദര്‍ശിനി സ്റ്റിക്കറുകള്‍ ബസ്സുകളില്‍ പതിച്ചിട്ടുണ്ട്. എന്നാല്‍ യുഡിഎഫ് സര്‍ക്കാര്‍ പറഞ്ഞതല്ല നടപ്പിലാക്കിയത് എന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ പറഞ്ഞു.

പരിപാടിയില്‍ നിന്നും വിട്ടു നിന്നാല്‍ എല്‍ഡിഎഫിന് ബസ് മിസ്സാകുമെന്ന് ഗതാഗത മന്ത്രി സിപി ജോണ്‍. ഉദ്ഘാടന ചടങ്ങില്‍ പങ്കെടുക്കാനും അഭ്യര്‍ഥിച്ചു. നിലവില്‍ പതിച്ചിരിക്കുന്ന പ്രിയദര്‍ശിനി സ്റ്റിക്കറുകള്‍ക്ക് പകരം പുതിയ ലോഗോയും കെഎസ്ആര്‍ടിസി തയ്യാറാക്കുന്നുണ്ട്. അതേസമയം കെഎസ്ആര്‍ടിസിക്ക് നല്‍കാനുള്ള പണം ബാങ്ക് വഴി ഓവര്‍ ഡ്രാഫ്റ്റായി നല്‍കാനാണ് സര്‍ക്കാര്‍ തീരുമാനം. സൗജന്യ യാത്ര പദ്ധതി കെഎസ്ആര്‍ടിസിക്ക് ബാധ്യതയാവില്ലെന്നും സര്‍ക്കാരിന്റെ ഗ്യാരണ്ടി.

നിപ പ്രതിരോധ പ്രവർത്തനത്തിൽ വീഴ്ചയില്ലെന്ന് ആരോഗ്യമന്ത്രി

നിപ പ്രതിരോധ പ്രവർത്തനത്തിൽ വീഴ്ചയില്ലെന്ന് ആവർത്തിച്ച് ആരോഗ്യമന്ത്രി കെ. മുരളീധരൻ. നിപ ഈ നിമിഷം വരെ അപകടകാരിയല്ല. സ്ഥലത്ത് ക്യാംപ് ചെയ്യാതിരുന്നത് രോഗം പടർന്ന് പിടിക്കാത്തത് കൊണ്ടാണ്. ഏകോപനത്തിന് തിരുവനന്തപുരമാണ് നല്ലത്. പ്രതിപക്ഷം രാഷ്ടീയമായി വേട്ടയാടുന്നു. ആത്മാർഥമായി ജോലി ചെയ്യുന്ന ആരോഗ്യപ്രവർത്തകരുടെ ആത്മവിശ്വാസം തകർക്കരുത്. വെടിക്കെട്ടുകാരനെ ഉടുക്കുകൊട്ടി പേടിപ്പിക്കാൻ നോക്കരുതെന്നും ആരോഗ്യമന്ത്രി പ്രതികരിച്ചു

നിപ രോഗിക്ക് വിദേശത്ത് നിന്നെത്തിയ മരുന്ന് നൽകിയെന്നും ആരോഗ്യനിലയിൽ മാറ്റമില്ലെന്നും മന്ത്രി അറിയിച്ചു. നിപ രോഗബാധിതൻ ഇപ്പോഴും വെന്റിലേറ്ററിലാണ്. ആന്റിബോഡി ആദ്യ ഡോസ് 12ന് നൽകിയിരുന്നു. ഇല്ലാതിരുന്ന മരുന്ന് ബഹറെയ്നിൽ നിന്നും എത്തിച്ചു. ആദ്യ ഡോസ് ഇന്ന് രാവിലെ നൽകി. പുതിയ കേസ് റിപ്പോർട്ട് ചെയ്തിട്ടില്ല. ഇതുവരെ 30 ടെസ്റ്റുകൾ നടത്തിയതിൽ 29ഉം നെഗറ്റീവാണ്. രാമനാട്ടുകര ഡിവിഷൻ അഞ്ചിലെ 320 വീടുകളിൽ രോഗലക്ഷണം അറിയാൻ സർവേ നടത്തി.

ആർക്കും രോഗലക്ഷണം ഇല്ല, നിപ ഈ നിമിഷം വരെ അപകടകാരി അല്ലെന്നും മുരളീധരൻ പ്രതികരിച്ചു.ആരോഗ്യവകുപ്പ് ഡയറക്ടറെ മാറ്റിയതിലും മന്ത്രി വിശദീകരണം നൽകി. നിപ സ്ഥിരീകരിച്ച റിപ്പോർട്ട് അറിഞ്ഞിട്ടും തനിക്ക് കൈമാറിയില്ല. ഡയറക്ടർ സർക്കാരുമായി സഹകരിക്കാതിരുന്നതിനാലാണ് മാറ്റിയതെന്നും കെ. മുരളീധരൻ പറഞ്ഞു.ഈ വർഷം സംസ്ഥാനത്ത് 135 ഷിഗെല്ല കേസുകൾ സ്ഥിരീകരിച്ചതായും മന്ത്രി പറഞ്ഞു.

മൂന്ന് മരണം റിപ്പോർട്ട് ചെയ്തു. ഷിഗെല്ല ഏറ്റവും കൂടുതൽ സ്ഥിരീകരിച്ചത് കോഴിക്കോട് ജില്ലയിലാണ്. 68 പേർക്ക് സ്ഥിരീകരിച്ചു. രണ്ട് മരണം സംഭവിച്ചതും കോഴിക്കോട് ജില്ലയിലാണ്. നാല് കുട്ടികൾ ഐസിയുവിൽ തുടരുകയാണ്. രണ്ട് കുട്ടികളുടെ നില ഗുരുതരമെന്നും മന്ത്രി പ്രതികരിച്ചു.

ആരോഗ്യ മന്ത്രി കോഴിക്കോടെത്തി നിപ പ്രതിരോധ പ്രവർത്തനങ്ങൾ എകോപിപ്പിച്ചില്ല എന്ന പ്രതിപക്ഷ ആരോപണത്തിൽ 2018ൽ രോഗം പടർന്നുപിടിച്ചിരുന്നുവെന്ന് മന്ത്രി പറഞ്ഞു. ഇത്തവണ വ്യാപിച്ചിട്ടില്ല, കൂടുതൽ കേസുകൾ ഉണ്ടായെങ്കിൽ ഇവിടെ എത്തിയേനെ. തിരുവനന്തപുരം കേന്ദ്രീകരിച്ച് പ്രവർത്തിക്കാനാണ് സൗകര്യമെന്നും മന്ത്രി പ്രതികരിച്ചു.

നിപ പ്രതിരോധത്തില്‍ മുന്‍ സര്‍ക്കാര്‍ കാണിച്ച ജാഗ്രത ഇപ്പോള്‍ കാണാനില്ല, ആരോഗ്യവകുപ്പിനെതിരെ പ്രതിപക്ഷ നേതാവ്

നിപ, ഷിഗെല്ല ഉള്‍പ്പെടെയുള്ള രോഗങ്ങള്‍ പ്രതിരോധിക്കുന്നതില്‍ ആരോഗ്യവകുപ്പും ജില്ലാ സംവിധാനങ്ങളും തമ്മിലുള്ള ഏകോപനമില്ലായ്മ തുടരുന്നുവെന്ന വിമര്‍ശനവുമായി പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍. മുന്‍പുള്ള പ്രതിപക്ഷം ചെയ്തത് പോലെ നിപയെ രാഷ്ട്രീയ ആയുധമാക്കാന്‍ തങ്ങള്‍ തയ്യാറല്ല. ഉത്തരവാദിത്തപ്പെട്ടവര്‍ക്കിടയിലുള്ള ആശയക്കുഴപ്പം ഇന്നലെയും താന്‍ ചൂണ്ടിക്കാട്ടി. എന്നാല്‍ ആരോഗ്യ മന്ത്രി അതിനോട് പ്രതികരിച്ചത് ശരിയായ രീതിയില്‍ അല്ലെന്നും പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍ വിമര്‍ശിച്ചു. നിപ പ്രതിരോധത്തിനായി സര്‍ക്കാരിന് പ്രതിപക്ഷത്തിന്റെ എല്ലാ വിധ സഹായങ്ങളും ഉണ്ടാകുമെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു. വാര്‍ത്താ സമ്മേളനത്തിലാണ് അദ്ദേഹത്തിന്റെ പ്രതികരണം

എല്‍ഡിഎഫ് സര്‍ക്കാര്‍ കാലത്ത് നില വ്യാപനമുണ്ടായപ്പോഴൊക്കെ ആരോഗ്യമന്ത്രിമാര്‍ ആ സ്ഥലങ്ങളില്‍ ക്യാമ്പ് ചെയ്ത് പ്രവര്‍ത്തിച്ചിരുന്നുവെന്ന് പ്രതിപക്ഷ നേതാവ് ചൂണ്ടിക്കാട്ടി. നിപ സ്ഥിരീകരിച്ചിട്ട് നാല് ദിവസമായി. മുമ്പ് കണ്ടിരുന്ന പോലൊരു ജാഗ്രത എവിടേയും കാണാനില്ല. കണ്‍ട്രോള്‍ റൂം ജനപ്രതിനിധികള്‍ അകന്ന് നില്‍ക്കേണ്ട സ്ഥലമാണെന്ന തരത്തിലുള്ള പെരുമാറ്റമുണ്ടാകുന്നു. അവരുടെ കൂടി സഹകരണം രോഗപ്രതിരോധത്തില്‍ ഉറപ്പാക്കേണ്ടതുണ്ട്. സിസ്റ്റത്തിന്റെ ലപ്പത്തു ഇരിക്കുന്ന ആളെ ഇത്തരമൊരു ഘട്ടത്തില്‍ മാറ്റുന്നത് സാധാരണ ഗതിയില്‍ പ്രതീക്ഷിക്കുന്ന കാര്യമല്ല. സിസ്റ്റത്തോടുള്ള നിസ്സഹകരണമെന്നാണ് ആരോഗ്യ മന്ത്രി പറയുന്നത്. നിയമ വിരുദ്ധമായ സ്ഥലം മാറ്റങ്ങള്‍ക്ക് കൂട്ട് നിന്നില്ല എന്നുള്ളതാണ് ആരോഗ്യ മന്ത്രി തെറ്റായി കാണുന്നത്. സുതാര്യമായ സംവിധാനങ്ങള്‍ ഇല്ലാതാക്കുന്നത് എന്തിനാണെന്ന് ചോദിച്ച അദ്ദേഹം ലക്ഷങ്ങള്‍ തസ്തികള്‍ക്ക് മറിയുന്ന സ്ഥിതി തിരികെ കൊണ്ട് വരാനാണ് നീക്കമെന്ന് തങ്ങള്‍ സംശയിക്കുന്നതായും കൂട്ടിച്ചേര്‍ത്തു.

കോളറ കണക്കുകളുമായി ബന്ധപ്പെട്ട് ഉയര്‍ന്ന അവ്യക്തതയിലും പിണറായി വിജയന്‍ പ്രതികരിച്ചു. ആരോഗ്യമന്ത്രി ഒരു കണക്ക് പറയുമ്പോള്‍ അത് തള്ളുകയാണ് ഡിഎംഒ. ജനം ആരെ വിശ്വസിക്കുമെന്നും പിണറായി വിജയന്‍ ചോദിച്ചു. മുന്‍ സര്‍ക്കാരിന്റെ കാലത്ത് കോവിഡ് ഉള്‍പ്പടെ ഉണ്ടായപ്പോള്‍ ഭരിക്കുന്നവര്‍ക്കെതിരെ ശാപ വാക്കുകള്‍ പറയാന്‍ മിടുക്ക് കാണിച്ച ആളാണ് ഇപ്പോഴത്തെ ആരോഗ്യ മന്ത്രി. അദ്ദേഹത്തോട് പറയാനുള്ളത് അതേ രീതിയില്‍ അല്ല ഞങ്ങള്‍ ഇതിനെ കാണുന്നത്. ഉദ്യോഗസ്ഥരെ കുറ്റപ്പെടുത്തി ഒഴിഞ്ഞു മാറാനുള്ള ശ്രമം ആരോഗ്യമന്ത്രി നടത്തി. രോഗ വ്യാപനം ആര് ഭരിക്കുന്നു എന്ന് നോക്കിയല്ല വരുന്നത് എന്ന് അദ്ദേഹത്തിന് ഒരു മാസം കൊണ്ട് മനസ്സിലായി കാണുമെന്നു പ്രതീക്ഷിക്കുന്നുവെന്നും പ്രതിപക്ഷ നേതാവ് കൂട്ടിച്ചേര്‍ത്തു.

ശബരിമല യുവതീപ്രവേശനവുമായി ബന്ധപ്പെട്ട് നിർണായക വെളിപ്പെടുത്തലുമായി പത്മകുമാർ

പത്തനംതിട്ട: ശബരിമല സ്വർണക്കൊള്ള കേസിൽ നിർണായക വെളിപ്പെടുത്തലുമായി മുൻ ദേവസ്വം ബോർഡ് പ്രസിഡന്റും കേസിലെ പ്രതിയുമായ എ. പത്മകുമാർ. ദേവസ്വം ബോർഡിന്റെ രേഖകളിൽ ‘ചെമ്പ്’ എന്ന് രേഖപ്പെടുത്തിയത് താനല്ലെന്നും പിന്നീട് ആ രേഖകളിൽ ഒപ്പിടാൻ തന്നെ നിർബന്ധിച്ചുവെന്നുമാണ് പത്മകുമാർ അടുത്ത സുഹൃത്തുക്കളോട് വെളിപ്പെടുത്തിയതെന്നാണ് വിവരം.

ശബരിമല യുവതീപ്രവേശനവുമായി ബന്ധപ്പെട്ട സംഭവങ്ങളും സ്വർണക്കൊള്ള കേസിലെ വിവാദങ്ങളും ഉൾപ്പെടുത്തി ആത്മകഥ എഴുതാനുള്ള തയ്യാറെടുപ്പിലാണെന്നും അദ്ദേഹം വ്യക്തമാക്കിയതായി റിപ്പോർട്ടുകളുണ്ട്.

യുവതീപ്രവേശന വിവാദം നടന്ന ദിവസം തനെയും അന്നത്തെ എഡിജിപി ശ്രീജിത്തിനെയും ബോധപൂർവം മാറ്റിനിർത്തിയെന്നാണ് പത്മകുമാറിന്റെ മറ്റൊരു ഗുരുതര ആരോപണം. ശബരിമലയിലേക്കുള്ള യാത്ര ഒഴിവാക്കി തിരുവനന്തപുരത്തേക്ക് എത്താൻ ഒരു ഉന്നത വ്യക്തി നിർദേശിച്ചുവെന്നും, എന്നാൽ അവിടെ എത്തിയപ്പോൾ ആ വ്യക്തിയെ കാണാൻ പോലും അനുമതി ലഭിച്ചില്ലെന്നും അദ്ദേഹം ആരോപിച്ചു.

യുവതികൾ സന്നിധാനത്ത് എത്തിയ വിവരം താൻ ടെലിവിഷൻ വാർത്തകളിലൂടെയാണ് അറിഞ്ഞതെന്നും പാർട്ടിയിലും ഭരണനേതൃത്വത്തിലും സ്വാധീനമുള്ള ഒരു ഉന്നത വ്യക്തിയാണ് സംഭവങ്ങൾക്ക് പിന്നിലെന്നുമാണ് പത്മകുമാർ ആരോപിക്കുന്നത്.

ഇതിനിടെ, സ്വർണക്കൊള്ള കേസിലെ പ്രതിയായ പത്മകുമാറിനെതിരെ സ്വീകരിക്കേണ്ട നടപടികൾ ചർച്ച ചെയ്യാൻ സിപിഐഎം ജില്ലാ കമ്മിറ്റി നാളെ യോഗം ചേരും. അച്ചടക്ക നടപടി ഒഴിവാക്കുന്നതിനുള്ള തന്ത്രത്തിന്റെ ഭാഗമായാണ് പത്മകുമാറിന്റെ പുതിയ വെളിപ്പെടുത്തലുകളെന്ന വിമർശനവും പാർട്ടിക്കുള്ളിൽ ഒരു വിഭാഗം ഉയർത്തുന്നുണ്ട്.

13 ദിവസത്തിനിടെ 41 മരണം, ഷിഗല്ല വ്യാപനത്തിൽ ആശങ്ക

തിരുവനന്തപുരം: സംസ്ഥാനത്ത് പകർച്ചവ്യാധികൾ വ്യാപിക്കുന്ന സാഹചര്യത്തിൽ ആരോഗ്യവകുപ്പ് അതീവ ജാഗ്രതയിൽ. കഴിഞ്ഞ 13 ദിവസത്തിനിടെ വിവിധ പകർച്ചവ്യാധികൾ ബാധിച്ച് 41 പേരാണ് മരിച്ചതെന്നാണ് കണക്ക്. ഇൻഫ്ലുവൻസ ബാധിച്ച് ഒമ്പത് പേരും എലിപ്പനി ബാധിച്ച് എട്ട് പേരും ഡെങ്കിപ്പനി ബാധിച്ച് അഞ്ച് പേരും മരണമടഞ്ഞു.

തൃശൂരിൽ രണ്ട് കുട്ടികൾക്ക് കൂടി ഷിഗല്ല സ്ഥിരീകരിച്ചതോടെ രോഗവ്യാപന ആശങ്ക വർധിച്ചിട്ടുണ്ട്. ഇടവിട്ടുള്ള മഴയും കാലാവസ്ഥാ വ്യതിയാനവുമാണ് രോഗങ്ങൾ വ്യാപിക്കാൻ പ്രധാന കാരണമെന്നാണ് ആരോഗ്യവകുപ്പിന്റെ വിലയിരുത്തൽ.

അഞ്ച് ദിവസത്തിനിടെ പതിനായിരത്തിലധികം പേരാണ് പനിബാധയെ തുടർന്ന് ചികിത്സ തേടിയത്. കഴിഞ്ഞ ദിവസം മാത്രം 11,534 പേരാണ് പനിയുടെ ലക്ഷണങ്ങളുമായി സംസ്ഥാനത്തെ വിവിധ ആശുപത്രികളിലെത്തിയത്.

സംസ്ഥാനത്ത് ഇതുവരെ 135 പേർക്ക് ഷിഗല്ല സ്ഥിരീകരിച്ചിട്ടുണ്ട്. ഇതിൽ 59 പേർ ഈ മാസം മാത്രം ചികിത്സ തേടിയവരാണ്. രോഗവ്യാപന സാധ്യത കണക്കിലെടുത്ത് വയനാട്ടിൽ പ്രത്യേക ജാഗ്രത തുടരുകയാണ്. കുട്ടികളെ അനാവശ്യമായി പൊതുപരിപാടികളിലേക്കോ തിരക്കേറിയ സ്ഥലങ്ങളിലേക്കോ കൊണ്ടുപോകരുതെന്ന് ആരോഗ്യവകുപ്പ് രക്ഷിതാക്കൾക്ക് നിർദേശം നൽകിയിട്ടുണ്ട്.

ഷിഗല്ല രോഗത്തിനെതിരായ പ്രതിരോധ പ്രവർത്തനങ്ങൾ ശക്തമാക്കിയതായും സ്ഥിതിഗതികൾ നിരന്തരം നിരീക്ഷിച്ചുവരുന്നതായും ആരോഗ്യവകുപ്പ് അറിയിച്ചു.

കുടലിനെ പ്രധാനമായും ബാധിക്കുന്ന ബാക്ടീരിയ രോഗമാണ് ഷിഗല്ല. വയറിളക്കം, പനി, വയറുവേദന, ക്ഷീണം, രക്തം കലർന്ന മലം എന്നിവയാണ് പ്രധാന രോഗലക്ഷണങ്ങൾ. എന്നാൽ എല്ലാ രോഗികളിലും ലക്ഷണങ്ങൾ പ്രകടമാകണമെന്നില്ല. രോഗാണു ശരീരത്തിൽ പ്രവേശിച്ച് ഏകദേശം മൂന്ന് ദിവസങ്ങൾക്ക് ശേഷമാണ് സാധാരണയായി ലക്ഷണങ്ങൾ കണ്ടുതുടങ്ങുന്നത്.

‘എന്നെയും പിണറായിയെയും മാറ്റിയിട്ട് ആരെ വെക്കും?’; നേതൃത്വ മാറ്റ ചർച്ചകൾ തള്ളി എം.വി. ഗോവിന്ദൻ

തിരുവനന്തപുരം: സിപിഐഎമ്മിൽ നേതൃത്വമാറ്റം സംബന്ധിച്ച ചർച്ചകൾ തള്ളി സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ. തനെയും പ്രതിപക്ഷ നേതാവ് പിണറായി വിജയനെയും മാറ്റണമെന്ന് ചിലർ ആഗ്രഹിക്കുന്നുണ്ടെങ്കിലും അത് നടക്കില്ലെന്ന് അദ്ദേഹം വ്യക്തമാക്കി.

“തന്നെയും പിണറായി വിജയനെയും മാറ്റിയിട്ട് വേറെ ആരെ വെക്കുമെന്നാണ്” എം.വി. ഗോവിന്ദൻ ചോദിച്ചത്. തിരുവനന്തപുരം മേഖലാ റിപ്പോർട്ടിങ്ങിനിടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

പാർട്ടി സെക്രട്ടേറിയറ്റ് പുനഃസംഘടിപ്പിക്കുമെന്നോ സംസ്ഥാന കമ്മിറ്റി അഴിച്ചുപണിയുമെന്നോ ഉള്ള പ്രചാരണങ്ങൾ അടിസ്ഥാനരഹിതമാണെന്നും അദ്ദേഹം പറഞ്ഞു. നേതാക്കൾക്കെതിരെ കുറ്റം ചുമത്തി സ്ഥാനങ്ങളിൽ നിന്ന് മാറ്റുന്നത് സിപിഐഎമ്മിന്റെ രീതിയല്ലെന്നും ഗോവിന്ദൻ കൂട്ടിച്ചേർത്തു.

അടുത്തിടെ ചേർന്ന സിപിഐഎം തിരുവനന്തപുരം ജില്ലാ കമ്മിറ്റി യോഗത്തിൽ പിണറായി വിജയനും എം.വി. ഗോവിന്ദനും എതിരെ കടുത്ത വിമർശനങ്ങൾ ഉയർന്നിരുന്നു. തെരഞ്ഞെടുപ്പ് അവലോകന യോഗത്തിനിടെയാണ് എം.വി. ഗോവിന്ദൻ പാർട്ടി സെക്രട്ടറി സ്ഥാനം ഒഴിയണമെന്ന ആവശ്യം ചില അംഗങ്ങൾ ഉന്നയിച്ചത്. യോഗത്തിൽ എം.വി. ഗോവിന്ദനും പങ്കെടുത്തിരുന്നു.

ഇതിനിടെ സിപിഐഎം സെക്രട്ടേറിയറ്റ് റിപ്പോർട്ടിൽ മൂന്ന് പ്രധാന തിരുത്തലുകൾ വരുത്തിയതായും വിവരം പുറത്തുവന്നു. സംസ്ഥാന സമിതിയുടെ നിർദേശപ്രകാരമാണ് മാറ്റങ്ങൾ ഉൾപ്പെടുത്തിയത്. പി.കെ. ശ്യാമളയുടെ സ്ഥാനാർഥിത്വവുമായി ബന്ധപ്പെട്ട വീഴ്ച റിപ്പോർട്ടിൽ അംഗീകരിച്ചതാണ് പ്രധാന തിരുത്തലുകളിൽ ഒന്ന്.

വെള്ളാപ്പള്ളിക്കെതിരെ പാർട്ടി പ്രതികരിക്കേണ്ടിയിരുന്നുവെന്നും റിപ്പോർട്ടിൽ സമ്മതിക്കുന്നു. ശബരിമല സ്വർണക്കൊള്ള കേസിൽ പ്രതിയായ എ. പത്മകുമാറിനെതിരെ നടപടി സ്വീകരിക്കാനും തീരുമാനമായിട്ടുണ്ട്. ഇക്കാര്യത്തിൽ തുടർനടപടികൾ ചർച്ച ചെയ്യാൻ ജില്ലാ കമ്മിറ്റിയെ ചുമതലപ്പെടുത്തിയിട്ടുണ്ട്.

തളിപ്പറമ്പ് സ്ഥാനാർഥിത്വവുമായി ബന്ധപ്പെട്ട് സംസ്ഥാന സമിതിയിൽ കടുത്ത വിമർശനമാണ് ഉയർന്നത്. മണ്ഡലം കമ്മിറ്റിയിലെ ഭൂരിപക്ഷ അംഗങ്ങളും പി.കെ. ശ്യാമളയുടെ സ്ഥാനാർഥിത്വത്തെ എതിർത്തിരുന്നുവെന്നും അതിനിടയിലും സ്ഥാനാർഥിയാക്കിയ തീരുമാനം അമ്പരപ്പിച്ചുവെന്നുമാണ് വിമർശനം. ഇതോടെയാണ് സ്ഥാനാർഥിത്വത്തിലെ പിഴവും റിപ്പോർട്ടിൽ ഉൾപ്പെടുത്തിയത്.

പ്രിയദർശിനി ബസിൽ കയറുന്ന സ്ത്രീകൾ ‘സീറോ-വാല്യൂ’ ടിക്കറ്റ് കൈപ്പറ്റണം, അല്ലെങ്കിൽ 500 രൂപ; അറിയിപ്പുമായി കെഎസ്ആർടിസി

കൊച്ചി: സംസ്ഥാന സർക്കാർ പ്രഖ്യാപിച്ച പ്രിയദർശിനി പദ്ധതിയുടെ ഭാഗമായി നാളെ മുതൽ കെഎസ്ആർടിസി ഓർഡിനറി ബസുകളിൽ സ്ത്രീകൾക്കും ട്രാൻസ്ജെൻഡർ വിഭാഗത്തിനും സൗജന്യ യാത്രാ സൗകര്യം ലഭ്യമാകും.

യാത്രയ്ക്ക് നിരക്കില്ലെങ്കിലും യാത്രക്കാർ നിർബന്ധമായും കണ്ടക്ടറിൽ നിന്ന് ‘സീറോ-വാല്യൂ’ ടിക്കറ്റ് കൈപ്പറ്റേണ്ടതുണ്ടെന്ന് കെഎസ്ആർടിസി അറിയിച്ചു.യാത്രക്കാർ ബസിൽ കയറിയ ശേഷം കണ്ടക്ടറോട് വിവരം അറിയിച്ച് പൂജ്യം രൂപ രേഖപ്പെടുത്തിയ പ്രത്യേക ടിക്കറ്റ് വാങ്ങണം.അല്ലാത്തപക്ഷം, ടിക്കറ്റ് എടുക്കാതെ യാത്ര ചെയ്യുന്നതിനിടെ പിടിക്കപ്പെട്ടാൽ 500 രൂപ പിഴ ഈടാക്കുമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

യാത്രക്കാരുടെ കൃത്യമായ എണ്ണം രേഖപ്പെടുത്തുന്നതിനും പദ്ധതിയുടെ ഭാഗമായി സർക്കാരിൽ നിന്ന് കെഎസ്ആർടിസിക്ക് ലഭിക്കേണ്ട സബ്സിഡി കണക്കാക്കുന്നതിനുമാണ് പൂജ്യം രൂപ മൂല്യമുള്ള പ്രത്യേക ടിക്കറ്റുകൾ നൽകുന്നതെന്ന് അധികൃതർ വ്യക്തമാക്കി.

അതേസമയം, പ്രിയദർശിനി സൗജന്യ യാത്ര പദ്ധതി നാളെ മുഖ്യമന്ത്രി വി ഡി സതീശൻ ഉദ്ഘാടനം ചെയ്യും. രാവിലെ എട്ടരയ്ക്ക് മുഖ്യമന്ത്രി പദ്ധതി ഫ്ലാഗ് ഓഫ് ചെയ്തതിന് ശേഷം മാത്രമായിരിക്കും സ്ത്രീകൾക്ക് സൗജന്യ യാത്ര ലഭ്യമാവുക. എല്ലാത്തരം ഓർഡിനറി കെഎസ്ആര്‍ടിസി ബസുകളിലും സൗജന്യ യാത്ര ലഭ്യമായിരിക്കും. 

യദുവിന് നിയമസഭയിൽ താത്കാലിക ഡ്രൈവറായി നിയമനം

തിരുവനന്തപുരം: തിരുവനന്തപുരം മുൻ മേയർ ആര്യ രാജേന്ദ്രനുമായുള്ള തർക്കത്തെ തുടർന്ന് ജോലി നഷ്ടപ്പെട്ട കെഎസ്ആർടിസി താത്കാലിക ഡ്രൈവറായിരുന്ന യദുവിന് നിയമസഭയിൽ താത്കാലിക ഡ്രൈവറായി നിയമനം. 

മേയർ ആര്യാ രാജേന്ദ്രന്റെ വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലിയാണ് മേയറും കെഎസ്ആർടിസി ഡ്രൈവറും തമ്മിൽ നടുറോഡിൽ വാക്പോര് നടന്നത്.

തിരുവനന്തപുരത്ത് പാളയത്തുവെച്ചായിരുന്നു സംഭവം. പ്ലാമൂട് വെച്ച് ആദ്യം ബസ് കാറിനെ ഇടിക്കുന്ന രീതിയില്‍ അപകടകരമായി ഓടിച്ചെന്നും പിന്നാലെ ഡ്രൈവര്‍ അശ്ലീല ആംഗ്യം കാണിച്ചെന്നുമായിരുന്നു മേയറുടെ പരാതി. ആര്യ രാജേന്ദ്രന്റെ പരാതിയില്‍ യദുവിനെതിരെ കേസെടുത്തിരുന്നു.

നേരത്തെ യദു പരാതി നല്‍കിയിരുന്നെങ്കിലും കേസെടുക്കാന്‍ ആദ്യം പൊലീസ് തയ്യാറായിരുന്നില്ല. പിന്നീട് കോടതിയെ സമീപിച്ചതോടെയാണ് മേയര്‍ക്കും ഭര്‍ത്താവിനുമെതിരെ കേസെടുത്തത്.

പ്രിയദർശിനി സൗജന്യ ബസ് യാത്രയുടെ ഉദ്ഘാടന ദിവസം ബസ് ഓടിക്കുക കെഎസ്ആർടിസിയുടെ ആദ്യ വനിതാ ഡ്രൈവർ

തിരുവനന്തപുരം: പ്രിയദർശിനി സൗജന്യ ബസ് യാത്രയുടെ ഉദ്ഘാടന ദിവസം ബസ് ഓടിക്കുക കെഎസ്ആർടിസിയുടെ ആദ്യ വനിതാ ഡ്രൈവർ.

പെരുമ്പാവൂർ ഡിപ്പോയിലെ ഡ്രൈവർ ഷീലയാണ് ബസ്സ് ഓടിക്കുക. ഉദ്ഘാടന ദിവസം ബസ്സിലെ കണ്ടക്ടറും വനിതയായിരിക്കും.

  ഉദ്ഘാടന ബസിന്റെ മിനുക്ക് പണികൾ അന്തിമഘട്ടത്തിലാണ്. സൗജന്യ ടിക്കറ്റിൽ ‘പ്രിയദർശിനി’ എന്ന് രേഖപ്പെടുത്തും. സൗജന്യ ടിക്കറ്റ് നൽകുന്നതിൽ കണ്ടക്ടർമാർക്ക് പരിശീലനം നൽകും.

3125 ബസ്സുകളിലാണ് സൗജന്യ യാത്രാ സൗകര്യം ലഭിക്കുക.

മുഖ്യമന്ത്രിയും മന്ത്രിമാരും ഉൾപ്പെടെ 20 വിവിഐപികൾ ബസ്സിൽ യാത്ര ചെയ്യും. തമ്പാനൂർ മുതൽ സെക്രട്ടറിയേറ്റ് വരെയാണ് മുഖ്യമന്ത്രിയും മന്ത്രിമാരും യാത്ര ചെയ്യുക.

ഇതിനിടെ കെഎസ്ആർടിസി സൗജന്യ യാത്രക്ക് ബാങ്ക് മുഖേന പണം ലഭ്യമാക്കുന്നതിന് നീക്കം തുടങ്ങി. സർക്കാർ ഗ്യാരന്റിയിൽ കെഎസ്ആർടിസിക്ക് ഓവർഡ്രാഫ്റ്റ് അനുവദിക്കാനാണ് നീക്കം. 

കെഎസ്ആര്‍ടിസി ബസുകളില്‍ പുരുഷന്‍മാര്‍ക്ക് കൂടി സൗജന്യ യാത്ര അനുവദിക്കണമെന്ന് രാഹുൽ ഈശ്വർ

തിരുവനന്തപുരം: സംസ്ഥാനത്തെ കെഎസ്ആര്‍ടിസി ഓര്‍ഡിനറി ബസുകളില്‍ ജൂണ്‍ 15 മുതല്‍ സ്ത്രീകള്‍ക്ക് സൗജന്യ യാത്ര അനുവദിക്കാനിരിക്കെ പുരുഷന്‍മാര്‍ക്ക് കൂടി സൗജന്യ യാത്ര അനുവദിക്കണമെന്ന ആവശ്യവുമായി മെന്‍സ് അസോസിയേഷന്‍ നേതാവ് രാഹുല്‍ ഈശ്വര്‍.

കെഎസ്ആര്‍ടിസി ബസുകളില്‍ സ്ത്രീകള്‍ക്ക് ആനുകൂല്യം നല്‍കരുതെന്ന സമീപനമില്ല. പുരുഷന്കൂടി ഏതെങ്കിലും രീതിയില്‍ ആനൂകൂല്യങ്ങളും സൗജന്യങ്ങളും നല്‍കണമെന്നും രാഹുല്‍ ഈശ്വര്‍ പറഞ്ഞു.

പുരുഷന് ആനുകൂല്യങ്ങള്‍ നല്‍കുന്നില്ലെന്ന കാര്യത്തില്‍ പ്രതിഷേധവും വിഷമവും ഉണ്ട്. സ്ത്രീകള്‍ക്ക് ആനുകൂല്യം നല്‍കിയാല്‍ ബസ് തടയണമെന്ന സമീപനമില്ല. അതൊക്കെ നിയമത്തോടും കെഎസ്ആര്‍ടിസിയോടും ഉള്ള അവഹേളനമാണ്. ബസ് തടയലിന് മെന്‍സ്‌ കമ്മീഷന്റെ അടക്കം ആരുടെയും പിന്തുണയില്ല.തീവ്ര നിലപാടുകളിലേക്ക് ആരും പോകരുതെന്നും രാഹുല്‍ ഈശ്വര്‍ അറിയിച്ചിട്ടുണ്ട്.

ഡിവോഴ്സ് അഭ്യൂഹങ്ങൾക്ക് വിരാമം?; വിജയിയും സംഗീതയും വീണ്ടും ഒന്നിക്കുന്നുവെന്ന് റിപ്പോർട്ടുകൾ

ചെന്നൈ: നടനും തമിഴ്നാട് മുഖ്യമന്ത്രിയുമായ വിജയിയും ഭാര്യ സംഗീതയും വീണ്ടും ഒന്നിക്കുമെന്ന തരത്തിലുള്ള പ്രചാരണങ്ങൾ സോഷ്യൽ മീഡിയയിലും ചില മാധ്യമങ്ങളിലും ശ്രദ്ധ നേടുന്നു. കഴിഞ്ഞ കുറച്ചുകാലമായി ഇരുവരുടെയും വ്യക്തിജീവിതവുമായി ബന്ധപ്പെട്ട നിരവധി അഭ്യൂഹങ്ങൾ പ്രചരിച്ചിരുന്ന സാഹചര്യത്തിലാണ് പുതിയ ചർച്ചകളും ഉയരുന്നത്.

വിജയിയും സംഗീതയും തമ്മിൽ കുടുംബാംഗങ്ങളുടെ ഇടപെടലിലൂടെ അനുരഞ്ജന ശ്രമങ്ങൾ നടന്നുവെന്നാണ് പ്രചരിക്കുന്ന റിപ്പോർട്ടുകൾ. വിജയിയുടെ പിറന്നാൾ ദിനമായ ജൂൺ 22-ന് ഇരുവരും ഒരുമിച്ചുള്ള ചിത്രങ്ങൾ പുറത്തുവരുമെന്ന തരത്തിലുള്ള പ്രചാരണങ്ങളും സമൂഹമാധ്യമങ്ങളിൽ സജീവമാണ്.

അതേസമയം, ഈ വിവരങ്ങളൊന്നും ഔദ്യോഗികമായി സ്ഥിരീകരിക്കപ്പെട്ടിട്ടില്ല. വിജയിയോ സംഗീതയോ അവരുടെ കുടുംബാംഗങ്ങളോ ഇക്കാര്യത്തിൽ പ്രതികരിച്ചിട്ടില്ല.

ഇതിനൊപ്പം നടി തൃഷയെ സംബന്ധിച്ചും വിവിധ തരത്തിലുള്ള അഭ്യൂഹങ്ങൾ സാമൂഹ്യമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. എന്നാൽ ഇത്തരം പ്രചാരണങ്ങൾക്ക് വിശ്വസനീയമായ ഔദ്യോഗിക സ്ഥിരീകരണം നിലവിലില്ല.

വ്യക്തിജീവിതവുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ ഔദ്യോഗിക വിശദീകരണങ്ങൾ പുറത്തുവരാത്ത സാഹചര്യത്തിൽ പ്രചരിക്കുന്ന വിവരങ്ങളെ അഭ്യൂഹങ്ങളായാണ് വിലയിരുത്തപ്പെടുന്നത്.

സംസ്ഥാനത്ത് കാലവര്‍ഷം ദുര്‍ബലമാകുന്നു; തിങ്കളാഴ്ചയോടെ മഴയുടെ ശക്തി കുറയും

തിരുവനന്തപുരം: സംസ്ഥാനത്ത് തെക്കുപടിഞ്ഞാറന്‍ മണ്‍സൂണ്‍ എത്തി ഏതാനും ദിവസങ്ങള്‍ക്കകം തന്നെ കാലവര്‍ഷം ദുര്‍ബലമാകുന്നു. എല്‍നിനോ പ്രതിഭാസമാണ് കാലവര്‍ഷം ദുര്‍ബലമാകാന്‍ കാരണമെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് നല്‍കുന്ന സൂചന.

ഇന്നും നാളെയും ഏതാനും ജില്ലകളില്‍ മാത്രമാണ് ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ശക്തമായ മഴയ്ക്കുള്ള  സാധ്യതയുള്ളത്. തിങ്കളാഴ്ച മുതല്‍ ഒരു ജില്ലയിലും മഴ മുന്നറിയിപ്പ് ഇല്ല എന്ന കാലാവസ്ഥ വകുപ്പിന്റെ പ്രവചനമാണ് കാലവര്‍ഷം ദുര്‍ബലമാകുന്നു എന്ന സൂചന നല്‍കിയത്.

ഇന്ന് കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലും നാളെ പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി ജില്ലകളിലുമാണ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. അഞ്ചുദിവസത്തെ പ്രവചനത്തില്‍ തിങ്കളാഴ്ച മുതല്‍ ബുധനാഴ്ച വരെ ഒരു ജില്ലയിലും ശക്തമായ മഴ മുന്നറിയിപ്പ് ഇല്ല.

കാലവര്‍ഷ സീസണില്‍ മിതമായതോ ശക്തമായതോ ആയ എല്‍ നിനോയ്ക്ക് സാധ്യതയെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചത്. നിലവില്‍ ഭൂമധ്യരേഖാ പസഫിക് സമുദ്രത്തില്‍ എല്‍ നിനോ സാഹചര്യങ്ങള്‍ നിലനില്‍ക്കുന്നുണ്ട്. തെക്കുപടിഞ്ഞാറന്‍ മണ്‍സൂണ്‍ (കാലവര്‍ഷം) സമയത്ത് ഇത് കൂടുതല്‍ ശക്തിപ്പെടാന്‍ സാധ്യതയെന്നും കാലാവസ്ഥ വകുപ്പ് അറിയിച്ചു.

സമുദ്രോപരിതലത്തിലെ താപ വര്‍ധനവിനോട് അന്തരീക്ഷം പ്രതികരിച്ചതിനാല്‍ സമുദ്ര-അന്തരീക്ഷ വ്യവസ്ഥകള്‍ ഇപ്പോള്‍ എല്‍ നിനോ സ്വഭാവം പ്രകടിപ്പിച്ചു തുടങ്ങി. ജൂണ്‍ മാസത്തോടെ പസഫിക്കിലെ താപനില എല്‍ നിനോ പരിധിയെ മറികടന്നു.

സ്വർണവില വീണ്ടും ഉയർന്നു; പവന് 360 രൂപയുടെ വർധന

0

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും വർധന. ഇന്ന് പവന് 360 രൂപ ഉയർന്നതോടെ ഒരു പവൻ (8 ഗ്രാം) 22 കാരറ്റ് സ്വർണത്തിന്റെ വില 1,09,320 രൂപയായി.

ഗ്രാമിന് 45 രൂപയാണ് ഇന്ന് വർധിച്ചത്. ഇതോടെ ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്റെ വില 13,665 രൂപയിലെത്തി. ഇന്നലെ പവന് 1,08,960 രൂപയായിരുന്നു വില.

അതേസമയം, വെള്ളിവിലയിൽ ഇന്ന് മാറ്റമില്ല. ഒരു ഗ്രാം വെള്ളിക്ക് 260 രൂപയും, 10 ഗ്രാം വെള്ളിക്ക് 2,600 രൂപയുമാണ് നിലവിലെ വില.

ആഗോള വിപണിയിലെ ചലനങ്ങളും ഡോളർ-രൂപ വിനിമയ നിരക്കിലുണ്ടാകുന്ന മാറ്റങ്ങളുമാണ് ആഭ്യന്തര വിപണിയിലെ സ്വർണവിലയെ സ്വാധീനിക്കുന്നത്. തുടർച്ചയായ വിലക്കയറ്റം സ്വർണം വാങ്ങാൻ ഒരുങ്ങുന്നവർക്കിടയിൽ ആശങ്ക സൃഷ്ടിക്കുന്നുണ്ട്.