പരസ്പര സമ്മതത്തോടെയുള്ള ലൈംഗിക ബന്ധങ്ങൾ നിയമ കുരുക്കിൽപ്പെടാതിരിക്കാൻ ‘റോമിയോ-ജൂലിയറ്റ്’ ചട്ടം വേണമെന്ന്  സുപ്രീം കോടതി

ന്യൂഡൽഹി: വിദേശ രാജ്യങ്ങളിലെന്നപോലെ, 18 വയസ്സിന് താഴെയുള്ള വ്യക്തികൾ തമ്മിലുള്ള ഉഭയകക്ഷിപ്രകാരമുള്ള  ലൈംഗിക ബന്ധത്തെ പോക്സോ നിയമത്തിന്റെ പരിധിയിൽ നിന്ന് ഒഴിവാക്കാൻ നിയമത്തിൽ ‘റോമിയോ-ജൂലിയറ്റ്’ വ്യവസ്ഥ ഉൾപ്പെടുത്തണമെന്ന് കേന്ദ്രത്തോട് ആവശ്യപ്പെട്ട് സുപ്രീം കോടതി.

പരസ്പര സമ്മതത്തോടെയുള്ള കൗമാര ബന്ധങ്ങളെ വളച്ചൊടിച്ച് പോക്സോ കേസുകൾ ഫയൽ ചെയ്യുന്ന പതിവ് രീതി ചർച്ചയായതോടെയാണ് ‘റോമിയോ-ജൂലിയറ്റ്’ വകുപ്പ് കോടതി പരിഗണിച്ചത്.

കുട്ടികളെ സംരക്ഷിക്കുന്നതിനുള്ള നിയമങ്ങൾ ദുരുപയോഗം ചെയ്യുന്നത് തടയുന്നതിനാണ് കോടതിയുടെ പുതിയ നീക്കം. 18 വയസ്സിന് താഴെയുള്ള ഒരു നിശ്ചിത പ്രായവ്യത്യാസമുള്ള കമിതാക്കൾ  തമ്മിലുള്ള ലൈംഗിക ബന്ധങ്ങൾ പരസ്പര സമ്മതത്തോടെയാണെങ്കിൽ ‘റോമിയോ-ജൂലിയറ്റ്’ വകുപ്പ് ശിക്ഷയിൽ നിന്ന് മോചനം നൽകുന്നു.

ഉഭയകക്ഷി പ്രകാരമുള്ള ലൈംഗിക ബന്ധത്തിന് കണക്കാക്കുന്ന പ്രായത്തെക്കാൾ രണ്ടോ മുതൽ നാല് വയസ്സുവരെ കുറവുള്ളവർ ഉഭയകക്ഷി സമ്മതപ്രകാരം ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്നതിനെ ക്രിമിനൽ കുറ്റമായി കണക്കാക്കാത്ത വ്യവസ്ഥ പല വിദേശരാജ്യങ്ങളിലും നിലവിലുണ്ട്.

വ്യാജ പരാതികൾ നൽകി കൗമാരക്കാരുടെ ജീവിതം തകർക്കുന്നവർക്കെതിരെ നിയമനടപടി വേണമെന്നും കോടതി നിർദേശിച്ചു. രാജ്യത്തുടനീളമുള്ള കോടതികളിൽ പെൺകുട്ടിയുടെ പ്രായം 18 വയസിന് താഴെയാണെന്ന് തെറ്റായി കാണിച്ച് ആൺകുട്ടിയെ പോക്സോയുടെ കർശനമായ വ്യവസ്ഥകൾക്ക് കീഴിൽ കൊണ്ടുവരുന്ന കേസുകൾ ആവർത്തിച്ച് കണ്ടിട്ടുണ്ടെന്ന് കോടതി ചൂണ്ടിക്കാട്ടി.

സംസ്ഥാന സ്കൂൾ കലോൽസവം ഹൈടെക്കാക്കി ‘കൈറ്റ്’

തിരുവനന്തപുരം: തൃശ്ശൂരിൽ വെച്ച് നടക്കുന്ന  64-ാമത് സംസ്ഥാന സ്കൂൾ കലോൽസവം പൂർണ്ണമായും സ്മാർട്ട് ആക്കുന്നതിന്റെ ഭാഗമായി പൊതുവിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള കേരള ഇൻഫ്രാസ്ട്രക്ചർ ആന്റ് ടെക്നോളജി ഫോർ എഡ്യൂക്കേഷൻ (കൈറ്റ്) വിപുലമായ ഐ.ടി സംവിധാനങ്ങൾ സജ്ജമാക്കി. രജിസ്ട്രേഷൻ മുതൽ സർട്ടിഫിക്കറ്റ് വിതരണം വരെയുള്ള എല്ലാ ഘട്ടങ്ങളും ഓൺലൈൻ പോർട്ടൽ വഴിയും മൊബൈൽ ആപ്പ് വഴിയും ഏകോപിപ്പിച്ചും സ്‌കൂൾവിക്കിയിൽ മുഴുവൻ സ്റ്റേജിതര മത്സരങ്ങൾ ഉൾപ്പെടുത്തിയും കൈറ്റ് വിക്ടേഴ്‌സ് വഴി തത്സമയ സംപ്രേക്ഷണം ഒരുക്കിയുമാണ് കൈറ്റ് കലോത്സവത്തിന് ഡിജിറ്റൽ മുഖം നൽകുന്നത്

  ‘ഉത്സവം’ പോർട്ടൽ

കലോത്സവത്തിന്റെ ആകെ നിയന്ത്രണം www.ulsavam.kite.kerala.gov.in എന്ന പോർട്ടലിലൂടെയാണ് നിർവ്വഹിക്കുന്നത്. മത്സരാർത്ഥികളെ ക്ലസ്റ്ററുകളാക്കി തിരിക്കുക, പാർട്ടിസിപ്പന്റ് കാർഡ് ലഭ്യമാക്കുക, ടീം മാനേജർമാർക്കുളള റിപ്പോർട്ടുകൾ തയ്യാറാക്കുക തുടങ്ങിയവയെല്ലാം ഇതിലൂടെ പൂർണ്ണമായും ഓൺലൈൻ രൂപത്തിലാക്കി. സ്റ്റേജുകളിലെ മത്സരക്രമം അറിയിക്കുന്ന ടൈംഷീറ്റ്, കാൾഷീറ്റ്, സ്കോർഷീറ്റ് എന്നിവയുടെ തയ്യാറെടുപ്പും ഇതിലൂടെയാണ് നടക്കുന്നത്. സർട്ടിഫിക്കറ്റുകളുടെ ആധികാരികത ക്യൂ.ആർ.കോ‍ഡ് വഴി ഉറപ്പാക്കാനും ഡിജി ലോക്കർ‍ വഴി അവ ലഭ്യമാക്കാനും പോർട്ടലിൽ സൗകര്യമുണ്ട്. കൂടാതെ, ഇത്തവണ ഹയർ അപ്പീൽ ടോക്കൺ രജിസ്ട്രേഷൻ സംവിധാനം ആപ്പിലൂടെ തന്നെ നടപ്പിലാക്കാൻ സാധിക്കുന്ന പുതിയ ഫീച്ചറും ഉൾപ്പെടുത്തിയതായി കൈറ്റ് ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ കെ.അൻവർ സാദത്ത് അറിയിച്ചു.

ഉൽസവം’ മൊബൈൽ ആപ്

പൊതുജനങ്ങൾക്ക് മത്സരവിവരങ്ങൾ തത്സമയം ലഭ്യമാക്കാൻ ‘KITE Ulsavam’ എന്ന മൊബൈൽ ആപ്പ് ഗൂഗിൾ പ്ലേ സ്റ്റോറിൽ ലഭ്യമാണ്. 25 വേദികളിലേക്കും അനുബന്ധ ഓഫീസുകളിലേക്കും എളുപ്പത്തിൽ എത്തിച്ചേരാൻ സഹായിക്കുന്ന ഡിജിറ്റൽ മാപ്പുകൾ ഈ ആപ്പിന്റെ പ്രധാന പ്രത്യേകതയാണ്. അതിനാൽ  വിവിധ വേദികളിലെ മത്സരങ്ങൾ തുടങ്ങുന്നതും അവസാനിക്കുന്നതുമായ സമയം തത്സമയം സ്കോറിനോടൊപ്പം ഈ ആപ്പിലൂടെ അറിയാൻ സാധിക്കും.

രചനകൾ സ്കൂൾ വിക്കിയിൽ

കഥ, കവിത, ചിത്രരചന, കാർട്ടൂൺ, പെയിന്റിങ്ങ് തുടങ്ങിയ രചനാ മത്സരങ്ങളുടെ ഫലപ്രഖ്യാപനത്തിനുശേഷം അവ സ്കൂൾ വിക്കിയിൽ (www.schoolwiki.in) ലഭ്യമാക്കും. മലയാളം, ഇംഗ്ലീഷ്, ഹിന്ദി, സംസ്കൃതം, അറബിക്, ഉറുദു തുടങ്ങിയ എല്ലാ ഭാഷകളിലെയും രചനകൾ ലിറ്റിൽ കൈറ്റ്സ് കുട്ടികളുടെ സഹായത്തോടെയാണ് സൈറ്റിൽ അപ്‌ലോഡ് ചെയ്യുന്നത്. 2016 മുതലുള്ള കലോൽസവ രചനകളുടെ ഡിജിറ്റൽ ശേഖരവും ഇതിൽ ലഭ്യമാണ്.

കൈറ്റ് വിക്ടേഴ്‌സിൽ തത്സമയം

വിവിധ വേദികളിൽ നടക്കുന്ന മത്സരങ്ങൾ  കൈറ്റ് വിക്ടേഴ്‌സ് ചാനലിൽ  തത്സമയം നൽകും.‍ www.victers.kite.gov.in വഴിയും

തന്ത്രി കണ്ഠരര് രാജീവര് ഐസിയുവിൽ തുടരുന്നു

തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ള കേസിൽ 13ാം പ്രതിയായ തന്ത്രി കണ്ഠരര് രാജീവര് ഐസിയുവിൽ തുടരുന്നതായി റിപ്പോർട്ട്. അതേസമയം അദ്ദേഹത്തിന് ഹൃദയസംബന്ധമായ പ്രശ്നങ്ങളോ, ഗുരുതരമായ മറ്റ് ആരോഗ്യആരോഗ്യപ്രശ്നങ്ങളോ ഇല്ലെന്ന് ആശുപത്രി അധികൃതർ വ്യക്തമാക്കി.

ജനറൽ മെഡിസിൻ വിഭാഗത്തിലെ ഡോക്ടർമാരാണ് നിലവിൽ തന്ത്രിക്ക് ചികിത്സ നൽകുന്നത് എന്നാണ് ലഭിക്കുന്ന വിവരം. പരിശോധന റിപ്പോർട്ടുകൾ സാധാരണ നിലയിലാകുന്ന മുറയ്ക്ക് ഐസിയുവിൽ നിന്നും മാറ്റുമെന്ന് ആണ് ഡോക്ടർമാർ പറയുന്നത്.

ഇന്നലെയാണ് തന്ത്രി കണ്ഠരര് രാജീവരെ മെഡിക്കൽ കോളേജിലെ എംഐസിയുയിൽ പ്രവേശിപ്പിച്ചത്.

‘ഇനിയും അതിജീവിതകളുണ്ട് ‘; രാഹുലിന്റെ അറസ്റ്റിൽ പ്രതികരിച്ച് റിനി ആൻ ജോർജ്

തിരുവനന്തപുരം: രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎക്കെതിരായ മൂന്നാമത്തെ ബലാത്സംഗ കേസിലെ അറസ്റ്റിൽ പ്രതികരിച്ച് റിനി ആൻ ജോർജ്.

പരാതിക്കാരിക്ക് അഭിനന്ദനങ്ങളെന്ന് പറഞ്ഞ റിനി രാഹുൽ അധികാര സ്ഥാനത്ത് തുടരരുതെന്നും വ്യക്തമാക്കി. ഇത്രയധികം സൈബർ അറ്റാക്ക് നേരിടുന്ന വിഷയമായിട്ടും ധൈര്യത്തോടെ മുന്നോട്ട് വന്നതിൽ പെൺകുട്ടിക്ക് അഭിനന്ദനം അറിയിക്കുന്നു.

കേസ് രാഷ്ട്രീയപ്രേരിതം അല്ലെന്നും ഇനിയും അതിജീവിതകളുണ്ട്, അവർ മുന്നോട്ട് വരണമെന്നും റിനി പ്രതികരിച്ചു. രാഷ്ട്രീയ പ്രേരിതമായ കേസല്ലെന്ന് ആദ്യം തന്നെ പറഞ്ഞിരുന്നു.

മൂന്നാമത്തെ പരാതി വന്നിരിക്കുന്ന സാഹചര്യം നമുക്കറിയാം. ആരോപണവിധേയനായ വ്യക്തി പാർട്ടിയിൽ നിന്ന് പുറത്താക്കപ്പെട്ടിരിക്കുന്ന വ്യക്തിയാണ്.

സ്ത്രീകൾ അവരുടെ പ്രശ്നങ്ങൾ പൊതുമധ്യത്തിൽ ഉന്നയിച്ച വിഷയം കൂടിയാണിതെന്നും റിനി പറഞ്ഞു. ഒന്നോ രണ്ടോ മൂന്നോ അതിജീവിതകൾ മാത്രമല്ല, ഇനിയും അതിജീവിതകളുണ്ട്, അവർ ധൈര്യപൂർവം മുന്നോട്ട് വരണമെന്നും റിനി പറഞ്ഞു. 

മകരവിളക്കിനോട് അനുബന്ധിച്ചുള്ള ഓൺലൈൻ റൂം ബുക്കിംഗ്  ഇന്നാംരംഭിക്കും

ശബരിമല: മകരവിളക്കിനോടനുബന്ധിച്ച് ജനുവരി 12, 13, 14 തീയതികളിൽ ശബരിമല സന്നിധാനത്ത് റൂം ബുക്ക് ചെയ്തു താമസിക്കാൻ ആഗ്രഹിക്കുന്ന അയ്യപ്പഭക്തർക്ക്  ഇന്ന് (11.01.2026) മുതൽ ഓൺലൈനായി റൂം ബുക്ക് ചെയ്യാം. WWW.onlinetdb.com എന്ന വെബ്സൈറ്റ് വഴിയാണ് റൂം ബുക്ക് ചെയ്യേണ്ടത്.

അതേസമയം ജനുവരി 14ന് ശബരിമല മകരവിളക്ക് മഹോത്സവവുമായി ബന്ധപ്പെട്ടുള്ള ഒരുക്കങ്ങള്‍ വിലയിരുത്തുന്നതിനായി ശബരിമല എ.ഡി.എം അരുണ്‍ എസ്. നായരുടെ അധ്യക്ഷതയില്‍ സന്നിധാനം ദേവസ്വം കോണ്‍ഫറന്‍സ് ഹാളില്‍ യോഗം ചേര്‍ന്നു.

മകരവിളക്ക് ദര്‍ശനത്തിന് എത്തിച്ചേരുന്ന ഭക്തരുടെ സുരക്ഷയ്ക്കുള്ള ബാരിക്കേഡുകള്‍ ഉള്‍പ്പടെയുള്ള ക്രമീകരണങ്ങള്‍ അന്തിമഘട്ടത്തിലാണ്. ഹൈക്കോടതിയുടെ ഉത്തരവ് പ്രകാരം മകരവിളക്ക് ഉത്സവത്തിന് എത്തുന്ന ഭക്തര്‍ക്ക് ചില നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്.

ജനുവരി 13ന് 35,000 പേരെ  വെര്‍ച്വല്‍ ക്യൂ വഴിയും 5,000 പേരെ സ്‌പോട്ട് ബുക്കിംഗ് വഴിയും സന്നിധാനത്തേക്ക് കടത്തി വിടാനാണ് കോടതി ഉത്തരവ്. മകരവിളക്ക് ദിവസം 30,000 പേരെ വെര്‍ച്വല്‍ ക്യൂ വഴിയും 5,000 പേരെ സ്‌പോട്ട് ബുക്കിംഗ് വഴിയും കടത്തി വിടും. അതിന് ശേഷമുള്ള ജനുവരി 15 മുതല്‍ 18 വരെയുള്ള  ദിവസങ്ങളില്‍ വെര്‍ച്വല്‍ ക്യൂ വഴി 50,000 പേരെയും 5,000 പേരെ സ്‌പോട്ട് ബുക്കിംഗ് ആയും നിജപ്പെടുത്തിയിട്ടുണ്ട്.

19ന് വെര്‍ച്വല്‍ ക്യൂ വഴി 30,000 പേരെയും പേരെ സ്‌പോട്ട് ബുക്കിംഗ് വഴി 5,000 പേരെയും കടത്തി വിടും. സുരക്ഷാക്രമീകരണത്തിന്റെ ഭാഗമായും കോടതിവിധിയുടെ പശ്ചാത്തലത്തിലും നിയന്ത്രണങ്ങള്‍ ഭക്തര്‍ കൃത്യമായി പാലിക്കണമെന്ന് എ.ഡി. എം പറഞ്ഞു. മകരവിളക്ക് മഹോത്സവത്തിന്റെ ഭാഗമായുള്ള വിവിധ വകുപ്പുകളുടെ ഒരുക്കങ്ങള്‍ വിലയിരുത്തിയ ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു എ.ഡി.എം.

രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎക്കെതിരെ കടുത്ത നടപടിക്കൊരുങ്ങി നിയമസഭ

തിരുവനന്തപുരം: മൂന്നാം ബലാത്സംഗക്കേസിൽ അറസ്റ്റിലായതോടെ രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎക്കെതിരെ നിയമസഭ കടുത്ത നടപടിക്കൊരുങ്ങുന്നതായി റിപ്പോർട്ട്. വിഷയം എത്തിക്സ് ആന്റ് പ്രിവില്ലേജസ് കമ്മിറ്റി പരിശോധിക്കുമെന്നാണ് സ്പീക്കർ എഎൻ ഷംസീർ വ്യക്തമാക്കിയത്.

അതേസമയം രാഹുലിനെതിരെ അയോഗ്യത നടപടിക്ക് നിയമോപദേശം തേടും എന്നും തുടർച്ചയായി പരാതികൾ വരുന്ന സാഹചര്യത്തിൽ രാഹുൽ എംഎൽഎ സ്ഥാനത്ത് തുടരുന്നത് തെറ്റായ സന്ദേശം നൽകുമെന്നും സ്പീക്കർ പ്രതികരിച്ചു. തിരുവനന്തപുരത്ത് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു സ്പീക്കർ.

കുഞ്ഞാറ്റ! നമ്മൾ ഇനിയും കാണുന്നത് വരെ അമ്മയുടെ ഹൃദയത്തിൽ നീ എന്നുമുണ്ടാകും: രാഹുലിൻറെ അറസ്റ്റിൽ പ്രതികരിച്ച് ആദ്യ പരാതിക്കാരി

പാലക്കാട്: രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയുടെ അറസ്റ്റിൽ വൈകാരിക പ്രതികരണവുമായി ആദ്യ പരാതിക്കാരി. തെറ്റായ ഒരാളെ അവരുടെ അച്ഛനായി തെരഞ്ഞെടുത്തതിന് വിശ്വസിച്ചതിന്, സ്വർഗത്തിൽ നിന്ന് മലാഖ കുഞ്ഞുങ്ങൾ ഞങ്ങളോട് ക്ഷമിക്കുമായിരിക്കും. അവരുടെ ആത്മാവിന് ശാന്തി ലഭിക്കട്ടെയെന്നും അതിജീവിത കുറിച്ചു.

ദൈവത്തിന് നന്ദിയെന്നും വേദനകൾക്കും വഞ്ചനകൾക്കും ഇടയിൽ ദൈവം അംഗീകരിച്ചുവെന്നും അതിജീവിത സമൂഹമാധ്യമത്തിലൂടെ പ്രതികരിച്ചു. ഇരുട്ടിൽ എന്താണ് നടന്നതെന്ന് നീ കണ്ടു. ലോകം കേൾക്കാതെ പോയ നിലവിളികൾ നീ കേട്ടു, ഞങ്ങളുടെ ശരീരം ആക്രമിക്കപ്പെട്ടപ്പോഴും കുഞ്ഞുങ്ങളെ ബലം പ്രയോഗിച്ച് അടർത്തി മാറ്റിയപ്പോഴും നീ തുണയായെന്നും യുവതി പറയുന്നു.

‘പ്രിയപ്പെട്ട ദൈവമേ, ഞങ്ങൾ സഹിച്ച എല്ലാ വേദനകളും, വഞ്ചനകളും അതിജീവിക്കാൻ ധൈര്യം നൽകിയതിന് നന്ദി. ഇരുട്ടിൽ എന്താണ് നടന്നതെന്ന് നീ കണ്ടു. ലോകം കേൾക്കാത്ത നിലവിളികൾ നീ കേട്ടു. ഞങ്ങളുടെ ശരീരം ആക്രമിക്കപ്പെട്ടപ്പോഴും കുഞ്ഞുങ്ങളെ ബലം പ്രയോഗിച്ച് അടർത്തി മാറ്റിയപ്പോഴും നീ തുണയായി.സ്വർഗത്തിൽ നിന്ന് മലാഖ കുഞ്ഞുങ്ങൾ ഞങ്ങളോട് ക്ഷമിക്കുമായിരിക്കും. തെറ്റായ ഒരാളെ അവരുടെ അച്ഛനായി തെരഞ്ഞെടുത്തതിന്. വിശ്വസിച്ചതിന്.

അവരുടെ ആത്മാവിന് ശാന്തി ലഭിക്കട്ടെ. ആക്രമണങ്ങളിൽ നിന്നും ഭയത്തിൽ നിന്നും അവർ മുക്തരാകട്ടെ. ഞങ്ങളുടെ കുഞ്ഞു മക്കളെ, ഞങ്ങളുടെ കണ്ണുനീർ സ്വർഗത്തിൽ എത്തുകയാണെങ്കിൽ, നിങ്ങളുടെ അമ്മ നിങ്ങളെ ഒരിക്കലും മറക്കില്ലെന്ന് ആ കണ്ണുനീർ പറയും.

നിങ്ങളുടെ സാന്നിധ്യം അത്രമേൽ പ്രധാനപ്പെട്ടതാണ്. നമ്മൾ ഇനിയും കാണുന്നത് വരെ അമ്മയുടെ ഹൃദയത്തിൽ നീ എന്നുമുണ്ടാകും.’ എന്നാണ് കുറിപ്പ്.

ഗോൾഡൻ ഗ്ലോബ്സ് 2026: അവതാരകയായി ബ്ലാക്ക്പിങ്ക് താരം ലിസ എത്തും

ചലച്ചിത്ര-ടെലിവിഷൻ മേഖലയിലെ പ്രശസ്തമായ ഗോൾഡൻ ഗ്ലോബ്സ് പുരസ്കാരങ്ങൾ ജനുവരി 11, ഞായറാഴ്ച പ്രഖ്യാപിക്കും. അവാർഡ് നിശയിൽ പുരസ്കാരങ്ങൾ സമ്മാനിക്കുന്ന അവതാരകരിൽ ഒരാൾ പ്രശസ്ത കെ- പോപ്പ് താരം ലിസയാകും. ആവേശത്തോടെയാണ് കെ പോപ്പ് ആരാധകർ ഈ വാർത്തയെ സ്വീകരിക്കുന്നത്.

കെ പോപ്പ് ബാൻഡായ ബ്ലാക്ക്പിങ്കിലെ അംഗമായ ലാലിസ മനോബൽ എന്ന ലിസയ്ക്ക് ലോകത്താകമാനം നിരവധി ആരാധകരാണുള്ളത്. ഗോൾഡൻ ഗ്ലോബ്സ് വേദിയിൽ ഇത്തരത്തിൽ ഒരു പുരസ്കാരം അവതരിപ്പിക്കുന്ന ആദ്യ കെ-പോപ്പ് താരങ്ങളിൽ ഒരാളായിരിക്കും ലിസ.

എച്ച്ബിഒ സീരീസായ ‘ദി വൈറ്റ് ലോട്ടസ്’ മൂന്നാം സീസണിലൂടെ ലിസ അഭിനയരംഗത്തേക്ക് കടന്നുവന്നിരുന്നു. ഈ സീരീസ് ‘മികച്ച ടെലിവിഷൻ ഡ്രാമ സീരീസ്’ വിഭാഗത്തിൽ നാമനിർദേശം ചെയ്യപ്പെട്ടിട്ടുണ്ട് എന്നതും ശ്രദ്ധേയമാണ്.

ജോർജ് ക്ലൂണി, ജൂലിയ റോബർട്ട്സ്, പ്രിയങ്ക ചോപ്ര ജോനാസ്, മൈലി സൈറസ്, സ്നൂപ്പ് ഡോഗ് തുടങ്ങി ഹോളിവുഡിലെ പ്രമുഖ താരങ്ങൾക്കൊപ്പമാണ് ലിസ വേദി പങ്കിടുന്നത്. ഒരു ഗായിക എന്നതിലുപരി ആഗോള വിനോദരംഗത്തെ സ്വാധീനമുള്ള വ്യക്തിത്വം എന്ന നിലയിലാണ് ലിസയെ ചടങ്ങിലേക്ക് ക്ഷണിച്ചിരിക്കുന്നത്.

ഇന്ത്യൻ സമയം ജനുവരി 12 (തിങ്കൾ) രാവിലെ 6.30 ന് ലയൺസ്ഗേറ്റ് പ്ലേ വഴി ലിസയെ ഗോൾഡൻ ഗ്ലോബ് വേദിയിൽ നമുക്ക് കാണാൻ സാധിക്കും. കാലിഫോർണിയയിലെ ബെവർലി ഹിൽട്ടൻ ഹോട്ടലിലാണ് അവാർഡ് നിശ നടക്കുന്നത്.

ബലാത്സംഗ കേസിൽ രാഹുൽ മാങ്കൂട്ടത്തിലിന് എട്ടിന്റെ പണി; മജിസ്ട്രേറ്റിന് മുന്നിൽ ഹാജരാക്കി റിമാൻഡ് ചെയ്യാൻ നീക്കം

പത്തനംതിട്ട: ബലാത്സംഗ കേസിൽ എംഎംഎ രാഹുൽ മാങ്കൂട്ടത്തിലിന് എട്ടിന്റെ പണി നല്കാൻ എസ്ഐടി. ആദ്യം രജിസ്റ്റർ ചെയ്ത രണ്ട് കേസുകളിലും രാഹുലിൻ്റെ അറസ്റ്റ് അന്വേഷണ സംഘം രേഖപ്പെടുത്തും എന്നാണ് ലഭിക്കുന്ന വിവരം.

അതേസമയം നിലവിൽ ബലാത്സംഗവും ഗർഭഛിദ്ര പ്രേരണയും ചുമത്തിയ മൂന്നാം കേസിലാണ് രാഹുലിൻ്റെ അറസ്റ്റ് രേഖപ്പെടുത്തിയിരിക്കുന്നത്. പാലക്കാട്ടെ കെപിഎം ഹോട്ടലിൽ നിന്നും അതിനാടകീയമായാണ് പ്രതിയെ കസ്റ്റഡിയിൽ എടുത്തത്. ഇന്ന് തന്നെ രാഹുലിനെ മജിസ്ട്രേറ്റിന് മുന്നിൽ ഹാജരാക്കി റിമാൻഡ് ചെയ്യാനാണ് പൊലീസിൻ്റെ നീക്കം. തിരുവല്ല മജിസ്ട്രേറ്റിൻ്റെ വീട്ടിലാണ് ഹാജരാക്കുക.

മലയാള ഭാഷാ ബില്ലിന് എതിരെ സിദ്ധരാമയ്യ, നടപ്പാക്കരുതെന്ന് പിണറായിക്ക് കത്ത്

ബംഗളൂരു: കേരളം നടപ്പിലാക്കാന്‍ ഉദ്ദേശിക്കുന്ന ‘മലയാള ഭാഷാ ബില്‍ 2025’ പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന് കത്തയച്ച് കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ.

ബില്‍ ഭരണഘടന ഉറപ്പുനല്‍കുന്ന ഭാഷാപരമായ സ്വാതന്ത്ര്യത്തിന്മേലുള്ള കടന്നുകയറ്റമാണെന്നും നിയമനിര്‍മ്മാണം എത്രയും വേഗം പിന്‍വലിക്കണമെന്നും സിദ്ധരാമയ്യ ആവശ്യപ്പെട്ടു.

‘കേരളത്തിലെ കന്നഡ മീഡിയം സ്‌കൂളുകളില്‍ മലയാളം ഒന്നാം ഭാഷയായി പഠിക്കുന്നത് നിര്‍ബന്ധമാക്കുന്ന കേരള സര്‍ക്കാരിന്റെ നിര്‍ദിഷ്ട മലയാള ഭാഷാ ബില്‍-2025, ഭരണഘടന ഉറപ്പുനല്‍കുന്ന ഭാഷാസ്വാതന്ത്ര്യത്തിന് മേലുള്ള കടന്നുകയറ്റമാണെന്ന് പറയുന്നതില്‍ എനിക്ക് ഖേദമുണ്ട്. ഈ നിയമം നടപ്പിലാക്കിയാല്‍ കേരളത്തിലെ അതിര്‍ത്തി ജില്ലകളില്‍, പ്രധാനമായും കാസര്‍കോട് താമസിക്കുന്ന കന്നഡികര്‍ക്ക് അവരുടെ മാതൃഭാഷ പഠിക്കാനുള്ള അവസരം നഷ്ടപ്പെടും. ഭാഷാ ന്യൂനപക്ഷങ്ങളുടെ മൗലികാവകാശങ്ങള്‍ അടിച്ചമര്‍ത്താനുള്ള ഇത്തരം നീക്കം കേരളത്തിലെ കമ്മ്യൂണിസ്റ്റ് സര്‍ക്കാരില്‍ നിന്ന് ഞങ്ങള്‍ പ്രതീക്ഷിച്ചതല്ല,’- സിദ്ധരാമയ്യ എക്‌സില്‍ കുറിച്ചു.

കേരളത്തിലെ കന്നഡ സംസാരിക്കുന്ന ഭാഷാ ന്യൂനപക്ഷങ്ങളുടെ താല്‍പ്പര്യങ്ങള്‍ സംരക്ഷിക്കുന്നതിനായി ബില്ലില്‍ നിന്ന് പിന്മാറണമെന്നാണ് സിദ്ധരാമയ്യയുടെ ആവശ്യം. ഭാഷാ ന്യൂനപക്ഷങ്ങളുടെ അടിസ്ഥാന അവകാശങ്ങളെ ഹനിക്കുന്ന നടപടി ഒരു കമ്മ്യൂണിസ്റ്റ് സര്‍ക്കാരില്‍ നിന്ന് പ്രതീക്ഷിച്ചതല്ലെന്ന് അദ്ദേഹം വ്യക്തമാക്കി.

ബില്ലില്‍ പുനര്‍വിചിന്തനം നടത്തണമെന്ന് ആവശ്യപ്പെട്ട് കര്‍ണാടക അതിര്‍ത്തി പ്രദേശ വികസന അതോറിറ്റി കേരള ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കര്‍ക്ക് നിവേദനം നല്‍കിയിട്ടുണ്ട്.

തന്ത്രിയെ അറസ്റ്റ് ചെയ്യുമ്പോള്‍ എന്തുകൊണ്ട് മന്ത്രിയെ അറസ്റ്റ് ചെയ്യുന്നില്ല? : രാജീവ് ചന്ദ്രശേഖര്‍

തിരുവനന്തപുരം: ശബരിമല സ്വര്‍ണക്കൊള്ളയ്ക്ക് പിന്നിൽ സിപിഎം-കോണ്‍ഗ്രസ് കുറുവ സംഘമാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖര്‍.

തന്ത്രിയെ അറസ്റ്റ് ചെയ്യുമ്പോള്‍ എന്തുകൊണ്ട് മന്ത്രിയെ അറസ്റ്റ് ചെയ്യുന്നില്ല? ശബരിമല സ്വര്‍ണക്കൊള്ളയ്ക്ക് പിന്നിൽ വലിയ രാഷ്ട്രീയക്കാരുണ്ട്.

തന്ത്രി കണ്ഠര് രാജീവരുടെ അറസ്റ്റ് കേസിൽ നിന്ന് ശ്രദ്ധതിരിക്കാൻ വേണ്ടിയാണോയെന്ന് സംശയമുണ്ടെന്നും രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു. 

വിവാദങ്ങള്‍ക്ക് പിന്നാലെ സ്കൂള്‍ കലോത്സവത്തിലെ വേദി 15ന് താമരയെന്ന് പേരിട്ടു

തിരുവനന്തപുരം: തൃശൂരിൽ നടക്കാനിരിക്കുന്ന സംസ്ഥാന സ്കൂള്‍ കലോത്സവത്തിന്‍റെ വേദികളുടെ പേരുകളിൽ നിന്ന് താമരയെ ഒഴിവാക്കില്ല. സംസ്ഥാന കലോത്സവത്തിനായി സജ്ജമാക്കിയ തൃശൂരിലെ 25 വേദികള്‍ക്കും പൂക്കളുടെ പേരുകളാണ് നൽകിയിരുന്നത്.

പൂക്കളുടെ പേരുകള്‍ വേദികള്‍ക്ക് നൽകിയപ്പോള്‍ താമര മനപ്പൂര്‍വം ഒഴിവാക്കിയെന്നാരോപിച്ച് ഇന്നലെ യുവമോര്‍ച്ച താമരയുമായി പ്രതിഷേധ മാര്‍ച്ച് നടത്തിയിരുന്നു.

സൂര്യകാന്തി, പാരിജാതം, നീലക്കുറിഞ്ഞി, പവിഴമല്ലി, ശംഖുപുഷ്പം, ചെമ്പകം, മന്ദാരം, കനകാംബരം, ഗുൽമോഹര്‍, ചെമ്പരത്തി, കര്‍ണികാരം, നിത്യകല്ല്യാണി, പനിനീര്‍പ്പു, നന്ത്യാര്‍വട്ടം, ഡാലിയ, വാടാമല്ലി, മുല്ലപ്പൂവ്, ആമ്പൽപ്പൂവ്, തുമ്പപ്പൂവ്, കണ്ണാന്തളി, പിച്ചകപ്പൂ, ജമന്തി, തെച്ചിപ്പൂവ, താഴമ്പൂ, ചെണ്ടുമല്ലി തുടങ്ങിയ 25 പൂക്കളുടെ പേരുകള്‍ 25 വേദികള്‍ക്കായി നൽകിയപ്പോള്‍ താമര മാത്രം ഒഴിവാക്കിയതിനെതിരെയായിരുന്നു പ്രതിഷേധം.  ബിജെപിയുടെ ചിഹന്മായതിനാൽ ഒഴിവാക്കിയതാണെന്നായിരുന്നു കഴിഞ്ഞ ദിവസം മന്ത്രി വി ശിവൻകുട്ടി വിശദീകരിച്ചത്. അതേസമയം, ദേശീയ പുഷ്പമാണ് താമരയെന്നും അത് ഒഴിവാക്കിയത് അംഗീകരിക്കാനാകില്ലെന്നും വ്യക്തമാക്കിയാണ് യുവമോര്‍ച്ച പ്രതിഷേധിച്ചത്.

എന്നാൽ, ഇതിൽ നിന്നും താമര ഒഴിവാക്കിയതിൽ കഴിഞ്ഞ ദിവസം വിവാദം ഉയര്‍ന്നിരുന്നു. തുടര്‍ന്നാണ് വേദി 15ന് താമര എന്ന പേര് നൽകിയത്. നേരത്തെ വേദി 15ന് ഡാലിയ എന്ന പേരാണ് നൽകിയിരുന്നത്.

സംസ്ഥാന സ്കൂള്‍ കലോത്സവത്തിൽ ഒരു വേദിക്ക് താമര എന്ന പേര് നൽകുമെന്നും വിവാദങ്ങളിലേക്ക് പോകേണ്ട എന്ന് കരുതിയാണ് തീരുമാനമെന്നും മന്ത്രി വി ശിവൻകുട്ടി പറഞ്ഞു. കലോത്സവം ഭംഗിയായി നടത്തി എല്ലാവരുമായി സഹകരിച്ച് പോവാനാണ് ആഗ്രഹിക്കുന്നതെന്നും താമര എന്ന പേര് ഉള്‍പ്പെടുത്തണമെന്ന ആവശ്യം പരിഗണിച്ചാണ് നടപടിയെന്നും മന്ത്രി വി ശിവൻകുട്ടി പറഞ്ഞു.

ശബരിമല മകരവിളക്ക് ദിനത്തിൽ പ്രവേശിപ്പിക്കാവുന്ന ഭക്തരുടെ എണ്ണം 35,000മായി നിജപ്പെടുത്തി  ഹൈക്കോടതി

കൊച്ചി :   ശബരിമല മകരവിളക്ക് ദിനത്തിൽ  പ്രവേശിപ്പിക്കാവുന്ന ഭക്തരുടെ എണ്ണം 35,000 മായി നിജപ്പെടുത്തി ഹൈക്കോടതി.

വെർച്ച്വൽ ക്യൂ വഴി 30,000 പേർക്കും സ്പോട്ട് ബുക്കിങ് വഴി 5000 പേർക്കുമാണ് പ്രവേശനം അനുവദിക്കുക. ജനുവരി 13 ന് വെർച്വൽ ക്യൂ വഴി 35,000 പേർക്കും സ്‌പോട്ട് ബുക്കിംഗ് വഴി 5,000 പേർക്കും മാത്രം പ്രവേശനം നൽകും.

മകരവിളക്ക് ദിനത്തിൽ രാവിലെ പത്തുമണിക്ക് ശേഷം നിലയ്ക്കലിൽ നിന്നും ആരെയും പമ്പയിലേക്ക് കടത്തിവിടില്ല.

11 മണി കഴിഞ്ഞാൽ പമ്പയിൽ നിന്നും സന്നിധാനത്തേക്ക് ആരെയും കടത്തിവിടാൻ പാടില്ലെന്നും ഹൈക്കോടതി നിർദ്ദേശിച്ചു.

രാഹുൽ ഈശ്വറിന്റെ ജാമ്യം റദ്ദാക്കണമെന്ന് പൊലീസ് കോടതിയിൽ

തിരുവനന്തപുരം : രാഹുൽ ഈശ്വറിന് നൽകിയ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് പൊലീസ് കോടതിയെ സമീപിച്ചു.  ജാമ്യം റദ്ദാക്കാനായി കോടതിയിൽ അപേക്ഷ നൽകി.

രാഹുൽമാങ്കൂട്ടത്തിൽ കേസിലെ പരാതിക്കാരിയെ യൂട്യൂബ് ചാനലിലൂടെ വീണ്ടും അധിക്ഷേപിച്ചുവെന്നും ഇത് ജാമ്യവ്യവസ്ഥകളുടെ ലംഘനമാണെന്നും ചൂണ്ടിക്കാട്ടിയാണ് സൈബർ പോലീസിന്റെ നടപടി.

യുട്യൂബ് ചാനലിലൂടെ നടത്തിയ  പരാമർശങ്ങൾ അതിജീവിതയുടെ അന്തസ്സിനെ ബാധിക്കുന്നതാണെന്നും അന്വേഷണത്തെ സ്വാധീനിക്കാൻ സാധ്യതയുള്ളതാണെന്നും പോലീസ് അപേക്ഷയിൽ പറയുന്നു.

ജാമ്യം നൽകിയ കോടതിയിലാണ് പോലീസ് റിപ്പോർട്ട് സമർപ്പിച്ചിരിക്കുന്നത്. ജാമ്യവ്യവസ്ഥകൾ ലംഘിച്ചാൽ അത് റദ്ദാക്കാനുള്ള അധികാരം കോടതിക്കുണ്ട്. പോലീസിന്റെ അപേക്ഷ പരിഗണിച്ച് കോടതി ഉടൻ രാഹുൽ ഈശ്വറിന് നോട്ടീസ് അയക്കും.

ഓസ്‌കാർ 2026: പട്ടികയിൽ അഞ്ച് ഇന്ത്യൻ ചിത്രങ്ങൾ

ലോസ് ഏഞ്ചൽസ്: 98-ാമത് അക്കാദമി അവാർഡിനുള്ള (ഓസ്‌കാർ) യോഗ്യതാ പട്ടിക പുറത്തുവിട്ടു. മികച്ച ചിത്രത്തിനുള്ള  മത്സരവിഭാഗത്തിൽ അഞ്ച് ഇന്ത്യൻ ബന്ധമുള്ള ചിത്രങ്ങൾ ഇടംപിടിച്ചു.

ഋഷഭ് ഷെട്ടിയുടെ ‘കാന്താര: എ ലെജൻഡ് ചാപ്റ്റർ 1’, അനുപം ഖേർ സംവിധാനം ചെയ്ത ‘തൻവി ദി ഗ്രേറ്റ്’, അനിമേഷൻ ചിത്രം ‘മഹാവതാര നരസിംഹ’, തമിഴ് ചിത്രം ‘ടൂറിസ്റ്റ് ഫാമിലി’, രാധിക ആപ്‌തെയുടെ ‘സിസ്റ്റർ മിഡ്‌നൈറ്റ്’ എന്നിവയാണ് പട്ടികയിലുള്ളത്.

മറ്റ് വിഭാഗങ്ങൾ: മികച്ച വിദേശഭാഷാ ചിത്രത്തിനുള്ള പട്ടികയിൽ നീരജ് ഘൈവാൻ സംവിധാനം ചെയ്ത ‘ഹോംബൗണ്ട്’ (Homebound) അവസാന 15 ചിത്രങ്ങളിൽ ഇടംനേടിയിട്ടുണ്ട്.

നടപടിക്രമം: ഈ പട്ടികയിലുള്ള ചിത്രങ്ങൾ വോട്ടിംഗിലൂടെ വേണം നോമിനേഷൻ നേടാൻ. മികച്ച ചിത്രത്തിനുള്ള വിഭാഗത്തിൽ 10 സിനിമകളാകും അവസാനഘട്ടത്തിൽ മത്സരിക്കുക.

മാർച്ച് 15നാണ് ഓസ്‌കാർ പുരസ്‌കാര ചടങ്ങ് നടക്കുന്നത്.