കിളിമാനൂർ വാഹനാപകടം: ഒളിവിലായിരുന്ന മുഖ്യപ്രതി വിഷ്ണു അറസ്റ്റിൽ

തിരുവനന്തപുരം: കിളിമാനൂരിൽ നടന്ന വാഹനാപകടത്തിൽ ദമ്പതികൾ മരിച്ച സംഭവവുമായി ബന്ധപ്പെട്ട്  മുഖ്യപ്രതി വിഷ്ണുവിനെ പൊലീസ് അറസ്റ്റ് ചെയ്തു. നെയ്യാറ്റിൻകരയിൽ നിന്നാണ് ഇയാളെ ആറ്റിങ്ങൽ ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള സംഘം ഇന്നലെ രാത്രി പിടികൂടിയത്.

വിഷ്ണു സഞ്ചരിച്ച ജീപ്പ് സ്കൂട്ടറിൽ യാത്ര ചെയ്തിരുന്ന ദമ്പതികളെ ഇടിച്ചുതെറിപ്പിച്ചാണ് അപകടം ഉണ്ടായത്. അപകടത്തിനു പിന്നാലെ നാട്ടുകാർ വിഷ്ണുവിനെ പിടികൂടി പൊലീസിന് കൈമാറിയിരുന്നെങ്കിലും പിന്നീട് സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ചു. കഴിഞ്ഞ ദിവസം വിഷ്ണുവിന്റെ ജാമ്യാപേക്ഷ കോടതി തള്ളിയതിന് പിന്നാലെയാണ് ഇയാളെ വീണ്ടും അറസ്റ്റ് ചെയ്തത്.

ഈ മാസം മൂന്നിന് വൈകിട്ട് സംസ്ഥാന പാതയിലെ പാപ്പാലയിലായിരുന്നു അപകടം. കിളിമാനൂർ സ്വദേശികളായ രജിത്തും ഭാര്യ അംബികയും സഞ്ചരിച്ച സ്കൂട്ടറിലേക്ക് അമിതവേഗത്തിൽ എത്തിയ ഥാർ ജീപ്പ് ഇടിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ അംബിക ഏഴാം തീയതിയും, രജിത് പിന്നീട് കടയ്ക്കൽ താലൂക്ക് ആശുപത്രിയിൽ ചികിത്സയിലിരിക്കെയും മരണപ്പെട്ടു.

അപകടമുണ്ടാക്കിയയാളെ അറസ്റ്റ് ചെയ്യാത്തതിൽ പ്രതിഷേധിച്ച് കഴിഞ്ഞ ദിവസം നാട്ടുകാർ കിളിമാനൂർ പൊലീസ് സ്റ്റേഷൻ മുന്നിൽ പ്രതിഷേധം നടത്തിയിരുന്നു. മരിച്ച ദമ്പതികളുടെ മക്കളെയും കൂട്ടിച്ചേർത്ത് നടത്തിയ പ്രതിഷേധം ഏറെ ശ്രദ്ധ നേടിയിരുന്നു.

അപകടത്തിനു ശേഷം നിർത്താതെ പോയ ജീപ്പ് നാട്ടുകാർ തടഞ്ഞ് വള്ളക്കടവ് സ്വദേശി വിഷ്ണുവിനെ പൊലീസിന് കൈമാറിയെങ്കിലും, അംബികയുടെ മരണത്തിന് ശേഷം മാത്രമാണ് ഇയാൾക്കെതിരെ ജാമ്യമില്ലാ വകുപ്പ് ചുമത്തിയത്. ഇതിനിടെ വിഷ്ണു ഒളിവിൽ പോയിരുന്നു. ജീപ്പിൽ അപകടസമയത്ത് മറ്റ് രണ്ട് പേർ കൂടി ഉണ്ടായിരുന്നുവെന്ന ആരോപണവും ഉയർന്നിട്ടുണ്ട്.

ക്ലാസ് മുറികൾ ഇനി കൂടുതൽ സൗഹൃദപരം; സമഗ്ര മാറ്റത്തിന് ഒരുങ്ങി വിദ്യാഭ്യാസ വകുപ്പ്

തിരുവനന്തപുരം: സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളിലെ ക്ലാസ് മുറികളിൽ വലിയ മാറ്റങ്ങൾ നടപ്പാക്കാൻ വിദ്യാഭ്യാസ വകുപ്പ് തയ്യാറെടുക്കുന്നു. ക്ലാസ് മുറികളിലെ ഇരിപ്പിട ക്രമീകരണം പുനഃസംഘടിപ്പിക്കുന്നതിനുള്ള നൂതന നിർദേശങ്ങളാണ് എസ്‌സിഇആർടി തയ്യാറാക്കിയ പഠന റിപ്പോർട്ടിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. നിർദേശങ്ങളടങ്ങിയ മാർഗരേഖയുടെ പകർപ്പ് മാധ്യമങ്ങൾക്ക് ലഭിച്ചു. ‘ബാക്ക് ബെഞ്ചർ’ എന്ന ആശയം ഇല്ലാതാക്കണമെന്ന വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടിയുടെ നിലപാടാണ് ഈ മാറ്റങ്ങൾക്ക് അടിത്തറയാകുന്നത്.

20 വിദ്യാർഥികൾ വരെയുള്ള ക്ലാസുകളിൽ യു ആകൃതിയിലോ അർധവൃത്താകൃതിയിലോ ഇരിപ്പിട ക്രമീകരണം നടത്താമെന്നാണ് നിർദേശം. പരമ്പരാഗത ബെഞ്ച്–ഡെസ്ക് സംവിധാനം ഒഴിവാക്കി, ഭാരം കുറഞ്ഞ മേശകളും കസേരകളും ഉപയോഗിക്കണം. വിഷയത്തിന്റെ സ്വഭാവം അനുസരിച്ച് ക്ലാസ് മുറി ക്രമീകരണം മാറ്റാൻ ഇത് സഹായകമാകും. ശാസ്ത്ര വിഷയങ്ങൾക്ക് നാല് മുതൽ ആറ് പേർ വരെ ഉൾപ്പെടുന്ന ഗ്രൂപ്പ് ടേബിളുകൾ, ഭാഷാ–ഡിജിറ്റൽ–ശ്രവണ–സംസാര ക്ലാസുകൾക്ക് യു ആകൃതിയിലുള്ള ക്രമീകരണം, സാമൂഹ്യശാസ്ത്ര വിഷയങ്ങൾക്ക് വൃത്താകൃതിയിലുള്ള ഇരിപ്പിടങ്ങൾ എന്നിങ്ങനെയാണ് ശുപാർശ.

ക്ലാസ് തലങ്ങൾക്കനുസരിച്ചും വ്യത്യസ്ത ഇരിപ്പിട ക്രമീകരണങ്ങളുണ്ട്. പ്രീ-പ്രൈമറി, പ്രൈമറി ക്ലാസുകളിൽ യു ആകൃതി, പ്രൈമറിയിൽ പെയർ ഷെയറിങ്, അപ്പർ പ്രൈമറിയിൽ സ്റ്റേഡിയം സീറ്റിങ്ങും കോമ്പിനേഷൻ ലേഔട്ടും, സെക്കൻഡറി–ഹയർ സെക്കൻഡറി തലങ്ങളിൽ വൃത്താകൃതിയിലോ അർധവൃത്താകൃതിയിലോ ആയ ക്രമീകരണങ്ങളുമാണ് നിർദേശിക്കുന്നത്. 30ൽ താഴെ വിദ്യാർഥികളുള്ള ക്ലാസുകൾക്ക് ഇരട്ട യു ആകൃതിയിലുള്ള ക്രമീകരണം അനുയോജ്യമാണെന്നും റിപ്പോർട്ട് പറയുന്നു.


ക്ലാസ് മുറികളിൽ ലോക്കർ സംവിധാനം ഏർപ്പെടുത്തണമെന്നും ശുപാർശയുണ്ട്. പരമ്പരാഗത ഡെസ്കുകൾക്കൊപ്പം ബീൻ ബാഗുകൾ, ഫ്ലോർ കുഷനുകൾ, സ്റ്റൂളുകൾ, ഉയരം ക്രമീകരിക്കാവുന്ന കസേരകൾ തുടങ്ങിയ വിവിധ ഇരിപ്പിട ഓപ്ഷനുകളും പരിഗണിക്കാം.

ഇരിപ്പിട ക്രമീകരണത്തോടൊപ്പം സ്കൂൾ കെട്ടിടങ്ങളുടെ രൂപകല്പനയിലും മാറ്റം ആവശ്യമാണ്. ഓരോ വിദ്യാർഥിക്കും ക്ലാസ് മുറിയിൽ കുറഞ്ഞത് 10 ചതുരശ്രയടി സ്ഥലമെങ്കിലും ഉറപ്പാക്കണം. 65 വിദ്യാർഥികൾ ഉൾപ്പെടുന്ന ക്ലാസുകളിൽ ഒരാൾക്ക് 1.2 ചതുരശ്ര മീറ്റർ സ്ഥലം ലഭിക്കണം. സ്ഥിരമായ ചതുരാകൃതിയിലുള്ള ക്ലാസ് മുറികൾ ഒഴിവാക്കി കൂടുതൽ സൗകര്യപ്രദമായ രൂപങ്ങൾ സ്വീകരിക്കണം. ചക്രങ്ങളുള്ള കസേരകളും മേശകളും ഉപയോഗിക്കുന്നതും പരിഗണിക്കാവുന്നതാണ്.

ക്ലാസ് മുറികളിലേക്ക് പരമാവധി സൂര്യപ്രകാശം എത്തിക്കുന്നതിനും സ്കൂൾ ഗ്രൗണ്ടുകളിൽ ഇരിപ്പിടങ്ങൾ ഒരുക്കി പഠനം കൂടുതൽ ചലനാത്മകമാക്കുന്നതിനും നിർദേശങ്ങളുണ്ട്. സ്ഥലപരിമിതിയുള്ള സ്കൂളുകളിൽ ഭിത്തിയിലേക്ക് മടക്കിവെക്കാവുന്ന മേശകൾ, സംഭരണ സൗകര്യമുള്ള ഇരിപ്പിടങ്ങൾ തുടങ്ങിയ മാർഗങ്ങൾ ഉപയോഗിക്കാമെന്നും റിപ്പോർട്ട് വ്യക്തമാക്കുന്നു. ഇത്തരം മാറ്റങ്ങൾ വിദ്യാർഥികൾക്കിടയിലെ ആശയവിനിമയം വർധിപ്പിക്കുമെന്നാണ് വിദ്യാഭ്യാസ വകുപ്പിന്റെ വിലയിരുത്തൽ. കരട് റിപ്പോർട്ടിന്മേൽ അഭിപ്രായങ്ങൾ അറിയിക്കാൻ ഈ മാസം 30 വരെ സമയം അനുവദിച്ചിട്ടുണ്ട്.

പുലർമഞ്ഞിൽ മൂടി മൂന്നാർ; വീണ്ടും അതിശൈത്യം; താപനില 0 ഡിഗ്രി സെൽഷ്യസ്

മൂന്നാർ: മൂന്നാറിൽ വീണ്ടും അതിശൈത്യം. കഴിഞ്ഞ രണ്ട് ദിവസമായി മേഖലയിൽ അന്തരീക്ഷ താപനില 0 ഡിഗ്രി സെൽഷ്യസ് വരെ താഴ്ന്നു. ഇന്നലെ ചെണ്ടുവരയിൽ 0 ഡിഗ്രി സെൽഷ്യസ് രേഖപ്പെടുത്തിയതായാണ് റിപ്പോർട്ട്. ഉൾപ്രദേശങ്ങളിലുടനീളം കടുത്ത തണുപ്പ് തുടരുകയാണ്. സൈലന്റ് വാലി, നല്ലതണ്ണി മേഖലകളിൽ കഴിഞ്ഞ ദിവസം താപനില മൂന്ന് ഡിഗ്രി സെൽഷ്യസ് വരെ താഴ്ന്നിരുന്നു. താപനില കുറയുന്നതോടെ പുലർച്ചെ സമയങ്ങളിൽ പുൽമേടുകളിൽ മഞ്ഞുപാളികൾ രൂപപ്പെടുന്നത് വ്യാപകമായിട്ടുണ്ട്.

ഡിസംബർ 13ന് ചെണ്ടുവരയിൽ ഈ സീസണിലെ ഏറ്റവും കുറഞ്ഞ താപനിലയായ -1 ഡിഗ്രി സെൽഷ്യസ് രേഖപ്പെടുത്തിയിരുന്നു. ശക്തമായ തണുപ്പിനെ തുടർന്ന് ഈ വർഷം മൂന്നാറിലേക്ക് എത്തുന്ന സഞ്ചാരികളുടെ എണ്ണത്തിലും വർധനയുണ്ടായി. നല്ലതണ്ണി, കന്നിമല, ലക്ഷ്മി എസ്റ്റേറ്റ് തുടങ്ങിയ പ്രദേശങ്ങളിലെ പുൽമേടുകളിൽ അതിരാവിലെ എത്തുന്നവർക്ക് കടുത്ത തണുപ്പ് നേരിട്ട് അനുഭവിക്കാം.

മൂന്നാറിന്റെ പ്രധാന ആകർഷണങ്ങളിൽ ഒന്നാണ് ഇരവികുളം ദേശീയോദ്യാനം. വംശനാശ ഭീഷണി നേരിടുന്ന വരയാടുകളെ ഇവിടെ കാണാൻ സാധിക്കും. മാട്ടുപ്പട്ടി ബോട്ടിംഗ്, എക്കോ പോയിന്റ്, കുണ്ടള, ടോപ് സ്റ്റേഷൻ തുടങ്ങിയ സ്ഥലങ്ങളും സഞ്ചാരികൾ ഏറെ സന്ദർശിക്കുന്ന കേന്ദ്രങ്ങളാണ്

ഇതിനിടെ, അൻപതാം വാർഷികം ആഘോഷിക്കുന്ന ഇരവികുളം ദേശീയോദ്യാനത്തിന് ഇന്ത്യയിലെ മികച്ച ദേശീയോദ്യാനം എന്ന അംഗീകാരം കഴിഞ്ഞ വർഷം ലഭിച്ചിരുന്നു. 2020 മുതൽ 2025 വരെ കേന്ദ്ര പരിസ്ഥിതി, വനം, കാലാവസ്ഥാ വ്യതിയാന മന്ത്രാലയം സംരക്ഷിത വനമേഖലകളിൽ നടത്തിയ മാനേജ്മെന്റ് ഫലപ്രാപ്തി വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് ഈ നേട്ടം.

കഴിഞ്ഞ വർഷം ഷാർജ എയർപോർട്ട് ഉപയോഗിച്ചത് 19.4 ദശലക്ഷത്തിലധികം യാത്രികർ

0

ദുബായ് : കഴിഞ്ഞ വർഷം 19.48 ദശലക്ഷത്തിലധികം യാത്രികർ ഷാർജ അന്താരാഷ്ട്ര വിമാനത്താവളത്തിലൂടെ സഞ്ചരിച്ചതായി ഷാർജ എയർപോർട്ട് അതോറിറ്റി അറിയിച്ചു. എമിറേറ്റ്സ് ന്യൂസ് ഏജൻസിയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.

2024-ൽ ഇത് 17.1 ദശലക്ഷവും, 2023-ൽ ഇത് 15.36 ദശലക്ഷവുമായിരുന്നു. യാത്രികരുടെ എണ്ണത്തിൽ 2025-ൽ 13.9 ശതമാനത്തിലധികം വളർച്ച രേഖപ്പെടുത്തിയിട്ടുണ്ട്. ഷാർജ വിമാനത്താവളത്തിലൂടെയുള്ള വ്യോമഗതാഗത നിരക്കിലും കഴിഞ്ഞ വർഷം വളർച്ച രേഖപ്പെടുത്തിയിട്ടുണ്ട്.

2025-ൽ 116,657-ലധികം വിമാനങ്ങളാണ് ഈ എയർപോർട്ട് ഉപയോഗിച്ചത്. 2024-ലെ 107,760 എന്ന കണക്കുമായി താരതമ്യം ചെയ്യുമ്പോൾ 8 ശതമാനത്തിലധികം വളർച്ചയാണ് ഈ രംഗത്ത് രേഖപ്പെടുത്തിയത്.

അലമാരയിൽ സൂക്ഷിച്ച സ്വർണ്ണാഭരണം മോഷ്ടിച്ച സംഭവം :  പ്രതി അറസ്റ്റിൽ

0


ആലുവ : കിടപ്പുമുറിയിലെ അലമാരയിൽ സൂക്ഷിച്ച സ്വർണ്ണാഭരണം മോഷ്ടിച്ച കേസിലെ പ്രതി പിടിയിൽ. പാലക്കാട് ആലത്തൂർ മൂച്ചിക്കാട് പാടത്ത് വീട്ടിൽ തബ്ഷീർ (29)നെയാണ് നെടുമ്പാശേരി പോലീസ് പിടിയിലായത്. 21ന് പകൽ ആണ് സംഭവം. നായത്തോടുള്ള വീട്ടിൽ നിന്നും 3.2ഗ്രാം തൂക്കം വരുന്ന സ്വർണ്ണാഭരണങ്ങളാണ് മോഷ്ടിച്ചത്.

പത്ത് മാസമായി നായത്തോട് ഭാഗത്ത് ഇയാൾ താമസിച്ചു വരികയാണ്. ശാസ്ത്രീയ അന്വേഷണത്തിലൂടെയാണ് പ്രതിയെ പിടികൂടിയത്.
സ്വർണ്ണം ഇയാളിൽ നിന്നും കണ്ടെടുത്തു.

ഇൻസ്പെക്ടർ ആർ. രാജേഷ്, എസ്.ഐ എസ്.എസ് ശ്രീലാൽ, എ.എസ്.ഐ റോണി അഗസ്റ്റിൻ, സി പി ഒ മാരായ ബിനു ആൻ്റണി, നിഥിൻ ആൻറണി, അബു മുഹമ്മദ്, സജാസ്, അശ്വിൻ തുടങ്ങിയവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.

‘മോനെ നിന്റെ കൈ വേദനിക്കും. ആ ചിത്രം ഇങ്ങു തന്നേക്കൂ’; റാലിക്കിടെ ചിത്രം ഉയർത്തിപ്പിടിച്ച കുട്ടിയോട് പ്രധാനമന്ത്രി

തിരുവനന്തപുരത്ത് നടന്ന ബിജെപിയുടെ തിരഞ്ഞെടുപ്പ് റാലിക്കിടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഒരു കൊച്ചു ബാലനും തമ്മിലുണ്ടായ ഹൃദ്യമായ നിമിഷം സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നു. ഏറെ നേരമായി തന്റെ ചിത്രം ഉയർത്തിപ്പിടിച്ചു നിൽക്കുന്ന കുട്ടിയെ കണ്ടതോടെ പ്രധാനമന്ത്രി പ്രസംഗം നിർത്തി കുട്ടിയോട് സംസാരിക്കുകയായിരുന്നു.

“മോനെ, നീ കുറെ നേരമായി ഈ ചിത്രം ഉയർത്തിപ്പിടിച്ചു നിൽക്കുന്നു. നിന്റെ കൈ വേദനിക്കും. ആ ചിത്രം ഇങ്ങു തന്നേക്കൂ, അതിന്റെ പുറകിൽ നിന്റെ വീട്ടുപേരും വിലാസവും എഴുതണം. ഞാൻ നിനക്ക് കത്തെഴുതാം,” പ്രധാനമന്ത്രി പറഞ്ഞു. ഇത് കേട്ടതോടെ സദസ്സിൽ നിന്ന് വലിയ കൈയടിയാണ് ഉയർന്നത്.

വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിന്റെ പ്രചാരണത്തിനായി പുത്തരിക്കണ്ടം മൈതാനത്ത് എത്തിയതായിരുന്നു അദ്ദേഹം.എസ്പിജി ഉദ്യോഗസ്ഥരോട് കുട്ടിയുടെ കയ്യിൽ നിന്ന് ചിത്രം വാങ്ങാൻ അദ്ദേഹം നിർദ്ദേശിച്ചു. “ആ ചിത്രം ഈ കുട്ടിയുടെ സ്നേഹവും അനുഗ്രഹവുമാണ്. അത് വളരെ ശ്രദ്ധയോടെ വാങ്ങണമെന്ന് ഞാൻ എസ്പിജി ഉദ്യോഗസ്ഥരോട് ആവശ്യപ്പെടുകയാണ്,” അദ്ദേഹം കൂട്ടിച്ചേർത്തു.

ഇതിനുപിന്നാലെ സദസ്സിലിരുന്ന ഒരു സ്ത്രീ തനിക്ക് നൽകാനായി ഒരു പുസ്തകം കൊണ്ടുവന്നതും പ്രധാനമന്ത്രി ശ്രദ്ധിക്കുകയും അത് വാങ്ങാൻ ഉദ്യോഗസ്ഥരോട് ആവശ്യപ്പെടുകയും ചെയ്തു.

ഓടുന്ന ബസിന്റെ പിന്നിൽ കയറി വിദ്യാർഥികളുടെ റീൽസ് ചിത്രീകരണം!

കണ്ണൂർ: തലശേരിയിൽ ഓടുന്ന ബസുകളുടെ പിന്നിൽ കയറി വിദ്യാർഥികളുടെ റീൽസ് ചിത്രീകരണം. തലശേരി-വടകര റൂട്ടിലോടുന്ന ബസുകളുടെ പിന്നിൽ കയറിയാണ് റീൽസ് ചിത്രീകരിച്ചത്.

തലശേരി മുബാറക്ക് ഹയർ സെക്കൻ‍ഡറി സ്കൂളിലെ വിദ്യാർഥികളാണ്  റീൽസ് ചിത്രീകരിച്ചത്. സൈക്കിളിൽ ത്രിബിൾ കയറി തിരക്കേറിയ റോഡിലൂടെ ഓടിക്കുന്നതും കുട്ടികൾ തന്നെ പുറത്തുവിട്ട റീൽസിലുണ്ട്.

സ്കൂളുകളിൽ മൊബൈലുകൾക്ക് കർശന വിലക്കുള്ളപ്പോഴാണ് വിദ്യാർഥികളുടെ റീൽസ് ചിത്രീകരണം. സംഭവത്തിൽ പരാതി നൽകുമെന്ന് ബസ് ജീവനക്കാർ അറിയിച്ചു.

താടി എടുത്ത്, മീശ പിരിച്ച് ലാലേട്ടൻ; ‘L366’ൽ പൊലീസ് വേഷത്തിൽ

തുടരും’ എന്ന ബ്ലോക്ക്ബസ്റ്ററിന് ശേഷം തരുൺ മൂർത്തി സംവിധാനം ചെയ്യുന്ന സിനിമയിലെ മോഹൻലാലിന്റെ ലുക്ക് പുറത്ത്. സിനിമയ്ക്കായി താടി വടിച്ച്, മീശ പിരിച്ച ലുക്കിലാണ് മോഹൻലാൽ എത്തുന്നത്.

ദീർഘകാലത്തിന് ശേഷമാണ് ഈ ഗെറ്റപ്പിൽ മോഹൻലാൽ ഒരു ചിത്രത്തിൽ അഭിനയിക്കുന്നത്. നടൻ പങ്കുവച്ച ചിത്രം ഇതിനോടകം സമൂഹമാധ്യമങ്ങൾ ഏറ്റെടുത്തു കഴിഞ്ഞു.

ആറാം തമ്പുരാൻ സ്റ്റൈലിൽ ‘ചുമ്മ’ എന്ന് കുറിച്ചു കൊണ്ടാണ് നടൻ ‘L366’ലെ ലുക്ക് പങ്കുവച്ചത്. 2018ൽ ഇറങ്ങിയ ‘ഒടിയൻ’ എന്ന ചിത്രത്തിന് ശേഷം താടിയുള്ള ഗെറ്റപ്പിലാണ് മോഹൻലാൽ അഭിനയിച്ചിരുന്നത്.

തൊടുപുഴയ്ക്കടുത്ത്, കലൂർ ഐപ്പ് മെമ്മോറിയൽ സ്കൂളിൽ വച്ചാണ് ‘L366’ന്റെ ചിത്രീകരണം ആരംഭിച്ചത്. നിർമാതാവ് ആഷിഖ് ഉസ്മാന്റെ പിതാവ് ഉസ്മാൻ മുഹമ്മദ് ഇബ്രാഹിം, സ്വിച്ചോൺ കർമവും സംവിധായകൻ തരുൺ മൂർത്തിയുടെ പിതാവ് മധു മൂർത്തി ഫസ്റ്റ് ക്ലാപ്പും നൽകിക്കൊണ്ടാണ് ചിത്രീകരണത്തിന് തുടക്കമായത്.

ആന്റണി പെരുമ്പാവൂർ, പ്രകാശ് വർമ തുടങ്ങിയ ചിത്രത്തിലെ അഭിനേതാക്കളുടേയും അണിയറ പ്രവർത്തകരുടേയും, ബന്ധുമിത്രാദികളുടേയും സാന്നിദ്ധ്യത്തിലായിരുന്നു ചടങ്ങ്. മോഹൻലാലിന്റെ 366ാം ചിത്രവും ആഷിഖ് ഉസ്മാൻ പ്രൊഡക്ഷൻസിന്റെ 21ാം ചിത്രവുമാണിത്.

പൊതുസ്ഥലത്ത് വെച്ച് പെണ്‍കുട്ടിയെ കയറിപ്പിടിക്കാൻ ശ്രമം; തിരുനെൽവേലി സ്വദേശി അറസ്റ്റിൽ

കണ്ണൂര്‍: കണ്ണൂർ കാട്ടാമ്പള്ളിയിൽ പൊതുസ്ഥലത്ത് വെച്ച് പെൺകുട്ടിയെ കയറിപ്പിടിക്കാൻ ശ്രമിച്ച പ്രതി പിടിയിൽ. ഇന്നലെ വൈകിട്ടോടെയാണ് സംഭവം. സംഭവത്തിൽ തമിഴ്നാട് തിരുനെൽവേലി സ്വദേശി പരമശിവം അറസ്റ്റിലായി.

പെണ്‍കുട്ടിയെ കയറിപ്പിടിക്കാൻ ശ്രമിച്ച പ്രതിയെ നാട്ടുകാര്‍ തടഞ്ഞുവെക്കുകയായിരുന്നു. ഇതോടെ പ്രതി നാട്ടുകാരെ കയ്യേറ്റം ചെയ്തു. പിന്നീട് പൊലീസെത്തി പ്രതിയെ കസ്റ്റഡിയിലെടുത്ത് കൊണ്ടുപോകുന്നതിനിടെ പൊലീസ് വാഹനത്തിന്‍റെ ചില്ലും തകര്‍ത്തു.

വളപട്ടണം പൊലീസാണ് പ്രതിയെ പിടികൂടിയത്. പിന്നീട് വൈദ്യപരിശോധനക്കായി ആശുപത്രിയിലെത്തിച്ചപ്പോഴും പരാക്രമം തുടര്‍ന്നു. ഡോക്ടറുടെ ക്യാബിൻ തകര്‍ത്തു. പ്രതി നിരവധി പിടിച്ചുപറി കേസുകളിൽ പ്രതിയാണെന്ന് പൊലീസ് അറിയിച്ചു.

ഉമ്മൻചാണ്ടിക്കെതിരായ  പ്രസ്താവന പിൻവലിച്ച് ഗണേഷ്കുമാർ മാപ്പ് പറയണമെന്ന്  വിഡി സതീശൻ

ദില്ലി:  ഉമ്മൻചാണ്ടിക്കെതിരായ പരാമർശത്തിൽ മന്ത്രി ഗണേഷ്കുമാർ മാപ്പ് പറയണമെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ.

ഗണേഷിൻ്റെ കുടുബ പ്രശ്‌നം തീർക്കാനാണ് ഉമ്മൻചാണ്ടി ശ്രമിച്ചത്. ഭാര്യ തന്നെ ഇക്കാര്യം മാധ്യമങ്ങളോട് പറഞ്ഞിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ഉമ്മൻചാണ്ടി ആരുടെയും ജീവിതം തകർത്തിട്ടില്ലെന്നും അദ്ദേഹത്തെപ്പറ്റി പറഞ്ഞ പ്രസ്താവന പിൻവലിക്കണമെന്നും സതീശൻ ദില്ലിയിൽ പറഞ്ഞു.

അടൂർ പ്രകാശിനെ ന്യായീകരിച്ചും പ്രതിപക്ഷ നേതാവ് രംഗത്തെത്തി. ഉണ്ണികൃഷ്ണൻ പോറ്റിയുമായുള്ള അടൂർ പ്രകാശിൻ്റെ കൂടുതൽ ചിത്രങ്ങൾ പുറത്തുവന്ന സാഹചര്യത്തിലായിരുന്നു പ്രതികരണം.

മുഖ്യമന്ത്രി പോറ്റിക്കൊപ്പം നിന്നില്ലേ? മണ്ഡലത്തിലുള്ളയാളാകുമ്പോൾ പരിചയമുണ്ടാകുമെന്നായിരുന്നു വി ഡി സതീശൻ്റെ പ്രതികരണം. 

40 ലക്ഷം തട്ടിയെടുത്തെന്ന പരാതി; സ്മൃതി മന്ദാനയുടെ മുന്‍ കാമുകൻ പലാഷ് മുച്ഛലിനെതിരെ വഞ്ചനാക്കുറ്റത്തിന് കേസ്

സംഗീത സംവിധായകനും ഗായകനുമായ പലാഷ് മുച്ഛലിനെതിരെ വഞ്ചന ആരോപിച്ച് കേസ് രജിസ്റ്റർ ചെയ്തതായി റിപ്പോർട്ട്. സിനിമയിൽ നിക്ഷേപം നടത്തിയാൽ വൻ ലാഭം ഉറപ്പുനൽകാമെന്ന് പറഞ്ഞ് മഹാരാഷ്ട്രയിലെ സാംഗ്ലി സ്വദേശിയിൽ നിന്ന് 40 ലക്ഷം രൂപ കൈപ്പറ്റിയെന്ന പരാതിയിൽ സാംഗ്ലി പൊലീസ് പ്രാഥമിക അന്വേഷണം ആരംഭിച്ചതായി പി.ടി.ഐ റിപ്പോർട്ട് ചെയ്തു.

നടനും നിർമാതാവുമായ വിഗ്യാൻ മാനെ (34) ആണ് സാംഗ്ലി പൊലീസ് സൂപ്രണ്ടിന് പരാതി നൽകിയത്. പരാതിയിൽ പറയുന്നതനുസരിച്ച്, 2023 ഡിസംബർ 5നാണ് വിഗ്യാൻ മാനെ പലാഷ് മുച്ഛലിനെ ആദ്യമായി കണ്ടത്. തന്റെ പുതിയ സിനിമയായ ‘നസാരിയ’യിൽ നിർമാതാവായി നിക്ഷേപം നടത്താൻ പലാഷ് വിഗ്യാനെ ക്ഷണിക്കുകയായിരുന്നു.

25 ലക്ഷം രൂപ നിക്ഷേപിച്ചാൽ ചിത്രം ഒടിടി പ്ലാറ്റ്‌ഫോമിൽ റിലീസ് ചെയ്യുമ്പോൾ 12 ലക്ഷം രൂപ ലാഭം ലഭിക്കുമെന്നും, കൂടാതെ സിനിമയിൽ ഒരു വേഷം നൽകുമെന്നും പലാഷ് വാഗ്ദാനം ചെയ്തതായി പരാതിയിൽ പറയുന്നു. ഈ വാഗ്ദാനത്തിന്റെ അടിസ്ഥാനത്തിൽ 2023 ഡിസംബർ മുതൽ 2025 മാർച്ച് വരെ പല ഘട്ടങ്ങളിലായി വിഗ്യാൻ മാനെ 40 ലക്ഷം രൂപ പലാഷിന് കൈമാറി.

എന്നാൽ സിനിമയുടെ നിർമ്മാണം പൂർത്തിയായില്ലെന്നും, പണം തിരികെ ആവശ്യപ്പെട്ടപ്പോൾ പലാഷ് പ്രതികരിക്കാതായതോടെയാണ് പൊലീസിനെ സമീപിച്ചതെന്നും പരാതിയിൽ വ്യക്തമാക്കുന്നു. സംഭവത്തിൽ പൊലീസ് അന്വേഷണം പുരോഗമിക്കുകയാണ്.

വൻ പ്രഖ്യാപനങ്ങൾക്കായി കാതോർത്ത് കേരളം; മോദിയുടെ റോഡ് ഷോ ആരംഭിച്ചു

തിരുവനന്തപുരം: മിഷൻ കേരളയുടെ ഭാഗമായി തലസ്ഥാനത്തെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ റോഡ് ഷോക്ക് തിരുവനന്തപുരത്ത് തുടക്കമായി. വിമാനത്താവളത്തിലെത്തിയ പ്രധാനമന്ത്രിയെ മുഖ്യമന്ത്രിയും ഗവർണറും ചേർന്നാണ് സ്വീകരിച്ചത്.

രാവിലെ 11 മണിയോടെ ബിജെപി പ്രവർത്തകരുടെ ആവേശത്തിനിടയിൽ മോദിയുടെ റോഡ് ഷോ ആരംഭിച്ചു. പുത്തരിക്കണ്ടം മൈതാനത്തേക്കാണ് പ്രധാനമന്ത്രി എത്തിയത്. പ്രധാനമന്ത്രിയെ കാണാനായി റോഡിന്റെ ഇരുവശങ്ങളിലും വലിയ തോതിൽ പ്രവർത്തകർ കാത്തുനിന്നിരുന്നു. റോഡ് ഷോയുടെ മുഴുവൻ സമയവും പ്രധാനമന്ത്രി പ്രവർത്തകരെ കൈവീശി അഭിവാദ്യം ചെയ്തു.

പ്രധാനമന്ത്രിയുടെ സന്ദർശനത്തിൽ നിർണായക പ്രഖ്യാപനങ്ങൾ ഉണ്ടാകുമെന്ന പ്രതീക്ഷയിലാണ് കേരളം. അതിവേഗ റെയിൽ പദ്ധതിയുമായി ബന്ധപ്പെട്ട പ്രഖ്യാപനങ്ങൾ ഉൾപ്പെടെ ഉണ്ടാകാമെന്ന സൂചനകൾ നേരത്തെ പുറത്തുവന്നിരുന്നു. കൂടാതെ അമൃത് ഭാരത് ട്രെയിനുകൾ പ്രധാനമന്ത്രി ഫ്ലാഗ് ഓഫ് ചെയ്യുമെന്നും അറിയിച്ചിട്ടുണ്ട്.

ആറന്മുളയിൽ മന്ത്രി വീണാ ജോർജിനെതിരെ അഡ്വ. ബിജു ഉമ്മൻ യുഡിഎഫ് സ്ഥാനാർഥിയായേക്കും

പത്തനംത്തിട്ട: ആറന്മുളയിൽ മന്ത്രി വീണാ ജോർജിനെതിരെ ഓർത്തഡോക്സ്  സഭാ സെക്രട്ടറി അഡ്വ. ബിജു ഉമ്മൻ യുഡിഎഫ് സ്ഥാനാർഥിയായേക്കും.

കഴിഞ്ഞ രണ്ട് തവണയും ആറന്മുള  പിടിച്ച വീണ ജോർജ് തന്നെയാകും ഇത്തവണയും എൽഡിഎഫ് സ്ഥാനാർഥി എന്ന് ഏറെക്കുറെ ഉറപ്പിച്ചു കഴിഞ്ഞു .എന്നാൽ ഇക്കുറി ഏതുവിധേനയും മണ്ഡലം തിരിച്ചുപിടിക്കാനുള്ള കഠിന പ്രയത്നത്തിലാണ് യുഡിഎഫ്.

സമുദായ സമവാക്യങ്ങളിൾ വിള്ളലുണ്ടാക്കിയാൽ മണ്ഡലം പിടിക്കാൻ കഴിയുമെന്ന പ്രതീക്ഷയിലാണ് യുഡിഎഫ് നീക്കം. 

മലങ്കര ഓർത്തഡോക്സ് സഭ അസോസിയേഷൻ സെക്രട്ടറി അഡ്വ. ബിജു ഉമ്മനെ കളത്തിലിറക്കി മണ്ഡലം പിടിക്കാനുള്ള നീക്കങ്ങളാണ് യുഡിഎഫ് നടത്തുന്നത്.

ഭരണവിരുദ്ധ വികാരത്തിനൊപ്പം സമുദായ വോട്ടുകളുടെ ധ്രുവീകരണം കൂടി ആയാൽ മണ്ഡലം പിടിക്കാമെന്നാണ് യുഡിഎഫ് വിലയിരുത്തൽ. 

ട്വൻ്റി 20 വിട്ട് 12 പേർ സിപിഐഎമ്മിൽ; കിഴക്കമ്പലത്ത് ട്വൻ്റി 20യിൽ കൂട്ടരാജി

കൊച്ചി: ട്വൻ്റി 20 സംഘടന എൻഡിഎയിൽ ചേർന്നതിന് പിന്നാലെ കിഴക്കമ്പലത്ത് പ്രവർത്തകർ കൂട്ടമായി രാജിവച്ചു. രാജിവച്ച പന്ത്രണ്ട് ട്വൻ്റി 20 പ്രവർത്തകർ സിപിഐഎമ്മിൽ ചേർന്നതായി ആണ് ലഭിക്കുന്ന വിവരം. ഇവർക്കായി പള്ളിക്കുറ്റി ജംഗ്ഷനിൽ സ്വീകരണ പരിപാടി സംഘടിപ്പിച്ചു. സിപിഐഎം പ്രാദേശിക നേതാവ് എ.കെ. നിസാറിന്റെ അദ്ധ്യക്ഷതയിലാണ് സ്വീകരണം നടന്നത്.

വരും ദിവസങ്ങളിൽ കൂടുതൽ ട്വൻ്റി 20 പ്രവർത്തകർ സംഘടന വിടുകയും മറ്റ് രാഷ്ട്രീയ പാർട്ടികളുടെ ഭാഗമാകുകയും ചെയ്യുമെന്ന സൂചനകളും പുറത്തുവരുന്നുണ്ട്. കഴിഞ്ഞ ദിവസമാണ് ട്വൻ്റി 20 നേതാവ് സാബു ജേക്കബ് എൻഡിഎയിൽ ചേർന്ന വിവരം ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ മാധ്യമങ്ങളോട് അറിയിച്ചത്. ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി എസ്. സുരേഷും സാബു ജേക്കബും പങ്കെടുത്ത വാർത്താസമ്മേളനത്തിലാണ് ഈ പ്രഖ്യാപനം നടന്നത്.

എൽഡിഎഫും യുഡിഎഫും മാറിമാറി ഭരിച്ചതോടെ നാടിന്റെ പുരോഗതി തടസ്സപ്പെട്ടുവെന്ന വിലയിരുത്തലിലാണ് താൻ രാഷ്ട്രീയത്തിലേക്ക് ഇറങ്ങിയതെന്ന് സാബു ജേക്കബ് നേരത്തെ വ്യക്തമാക്കിയിരുന്നു.

ഐ ഫ്‌ലോ ഫ്രം ലൈറ്റ് ടു ലൈറ്റ്’-എ കാൻസർ മെമ്മയർ; കാൻസർ അതിജീവനകഥയുമായി നിഷ ജോസ് കെ. മാണി

കോട്ടയം: കാൻസറിനെതിരായ പോരാട്ടനാളുകളെക്കുറിച്ച് എഴുതിയ കുറിപ്പുകൾ,’ഐ ഫ്‌ലോ ഫ്രം ലൈറ്റ് ടു ലൈറ്റ്’-എ കാൻസർ മെമ്മയർ’ എന്ന പുസ്തകമാക്കി സാമൂഹികപ്രവർത്തക ഡോ. നിഷ ജോസ് കെ. മാണി.

28-ന് വൈകീട്ട് നാലിന് ന്യൂഡൽഹിയിൽ ശശി തരൂർ എംപിയുടെ ഓഫീസിൽ പ്രകാശനം നടക്കും. ജസ്റ്റിസ് കുര്യൻ ജോസഫിന് നൽകിയാണ് പ്രകാശനം. ബംഗാൾ ഗവർണർ സി.വി. ആനന്ദബോസിന്റേതാണ് അവതാരിക.

നിറയെ കുപ്പിവളകളിട്ട് പല നിറമുള്ള കുഞ്ഞ് ബോർഡറുള്ള സെറ്റും മുണ്ടുമുടുത്ത് ആശുപത്രിയിലും റേഡിയേഷനുമെത്തിയ നിഷയെ കണ്ടവർ അന്ന് അദ്ഭുതപ്പെട്ടു. 15 റേഡിയേഷന് പോയതും സെറ്റും മുണ്ടുമുടുത്താണ്. ഡൽഹി യാത്രയ്ക്കിടയിൽ ഫരീദാബാദിൽനിന്ന് വാങ്ങിയ കുപ്പിവളയൊക്കെയിട്ട് ഫ്രഷായിരിക്കാനും ശ്രമിച്ചു. പലരും സാരിയും നൈറ്റിയും തോർത്തുമൊക്കെയായി വന്നപ്പോൾ ഞാൻ വേറിട്ടുനിന്നു. ഒരു രോഗിയായി എനിക്ക് തോന്നിയില്ല. എന്നെ കണ്ടവർക്കും”-നിഷ പറയുന്നു.

ഈ രോഗം വരുന്നതിന് മുമ്പേ രോഗികളോട് ഐക്യദാർഢ്യവുമായി രണ്ടുവട്ടം തലമുടി മുറിച്ചുനൽകിയിരുന്നു. ശരീരത്തിൽ റേഡിയേഷൻ പല മാറ്റങ്ങളും വരുത്തിയപ്പോഴും ജീവിതത്തിലെ ഓരോ നിമിഷവും ആസ്വദിക്കണം എന്ന ചിന്തയോടെ കൂടുതൽ പഠിച്ച ദിനങ്ങളെക്കുറിച്ചും പുസ്തകത്തിലുണ്ട്.