തിരുവനന്തപുരം കോർപ്പറേഷനിൽ സംഘർഷം; മേയർ വി വി രാജേഷിന്റെ കാലിൽ പ്ലാസ്റ്റർ ഇട്ടു

തിരുവനന്തപുരം: തിരുവനന്തപുരം കോർപ്പറേഷനിൽ നടന്ന സംഘർഷത്തിൽ മേയർ വി വി രാജേഷിന് പരിക്കേറ്റു. ചികിത്സയ്ക്കായി ആശുപത്രിയിലെത്തിച്ച മേയറുടെ കാലിൽ പ്ലാസ്റ്റർ ഇട്ടു എന്നാണ് ലഭിക്കുന്ന വിവരം. മേയർ ഉൾപ്പെടെ 16 പേരാണ് മെഡിക്കൽ കോളേജിൽ ചികിത്സ തേടിയത്. ഡെപ്യൂട്ടി മേയർ ജി എസ് ആശാനാഥും ചികിത്സയിലാണ്.

സംഭവത്തിൽ ബിജെപിയും എൽഡിഎഫും പരസ്പരം കുറ്റപ്പെടുത്തുകയാണ്. മേയറുടെ നേതൃത്വത്തിൽ ബിജെപിയാണ് ആക്രമണം നടത്തിയതെന്ന് മുൻമന്ത്രി കടകംപള്ളി സുരേന്ദ്രൻ ആരോപിച്ചു. ഭരണപക്ഷം പ്രതിപക്ഷത്തെ ആക്രമിച്ചെന്നും, ആറ് കൗൺസിലർമാർക്ക് പരിക്കേറ്റതായും അദ്ദേഹം പറഞ്ഞു. മേയറെ തടയാൻ ശ്രമിച്ചിട്ടില്ല, ഓഫീസിലേക്ക് കടത്തിവിടാനായിരുന്നു ശ്രമം എന്നും കടകംപള്ളി വ്യക്തമാക്കി.

“മേയർ കരുതിക്കൂട്ടി ഒരുപറ്റം ആളുകളുമായി വന്ന് ആക്രമണം ഉണ്ടാക്കി. സത്യാഗ്രഹത്തോട് മാന്യത കാണിക്കാൻ മേയർ തയ്യാറായില്ല. സഹപ്രവർത്തകരാണ് സത്യാഗ്രഹം നടത്തുന്നതെന്ന കാര്യം മേയർ മറന്നു” എന്നായിരുന്നു കടകംപള്ളിയുടെ വിമർശനം. ഗുണ്ടായിസം കൊണ്ട് കാര്യങ്ങൾ നടത്താനാവില്ലെന്നും, ആർഎസ്എസുകാരെ കൊണ്ടുവന്ന് ചവിട്ടി ഒതുക്കാമെന്ന് കരുതേണ്ടെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.

അതേസമയം, മേയറും ഡെപ്യൂട്ടി മേയറും അടക്കം ഒമ്പത് പേർക്ക് ഗുരുതരമായി പരിക്കേറ്റുവെന്നാണ് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രന്റെ ആരോപണം. ഇത് ആസൂത്രിതമായ ആക്രമണമാണെന്ന് അദ്ദേഹം പറഞ്ഞു. മേയറുടെ കാലിനും ആശാനാഥിന്റെ തലയ്ക്കും പരിക്കേറ്റു. ആശാനാഥിന് രണ്ട് തവണ ഛർദ്ദിയുണ്ടായെന്നും സുരേന്ദ്രൻ വ്യക്തമാക്കി. സംഭവത്തെ അദ്ദേഹം ശക്തമായി അപലപിക്കുകയും ചെയ്തു.

ഹൈക്കോടതി അസാധുവാക്കിയ ആദ്യ സത്യപ്രതിജ്ഞയ്ക്ക് പിന്നാലെ 19 ബിജെപി കൗൺസിലർമാർ വീണ്ടും സത്യപ്രതിജ്ഞ ചെയ്തതോടെയാണ് തർക്കം രൂക്ഷമായത്. ഇത് ചട്ടങ്ങൾ പാലിക്കാതെയാണെന്ന് ആരോപിച്ച് എൽഡിഎഫ് മേയറുടെ ഓഫീസിന് മുന്നിൽ ഉപരോധ സമരം ആരംഭിച്ചിരുന്നു. മേയറെ ഓഫീസിൽ പ്രവേശിപ്പിക്കാതെയായിരുന്നു പ്രതിഷേധം. ഇതിന് പിന്നാലെയാണ് സംഘർഷം പൊട്ടിപ്പുറപ്പെട്ടത്.

സംഘർഷത്തിൽ വനിതാ എൽഡിഎഫ് കൗൺസിലർമാർ ഉൾപ്പെടെ നിരവധി പേർക്ക് പരിക്കേറ്റു. പിന്നാലെ എല്ലാവരെയും ആശുപത്രിയിലേക്ക് മാറ്റി. കാപ്പ കേസിൽ ജയിലിൽ കഴിയുന്ന ആർ സുഗതൻ സത്യപ്രതിജ്ഞ ചെയ്യാതിരുന്നതും എൽഡിഎഫ് വിമർശനമായി ഉയർത്തിയിരുന്നു.

ഇതിനുപുറമെ, ഇന്നലെ നടന്ന പുനഃസത്യപ്രതിജ്ഞാ ചടങ്ങ് നിയമവിരുദ്ധമാണെന്നും അത് അസാധുവാക്കണമെന്നും ആവശ്യപ്പെട്ട് എൽഡിഎഫ് പാർലമെന്ററി പാർട്ടി നേതാവ് എസ് പി ദീപക് തദ്ദേശ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിക്ക് പരാതി നൽകിയിട്ടുണ്ട്. ഇതിന് പിന്നാലെ എൽഡിഎഫ് പ്രതിഷേധം ശക്തമാക്കുകയും ചെയ്തിരുന്നു.

സ്വകാര്യം മൈക്കിലൂടെ പുറത്തായി; മുഖ്യമന്ത്രിയ്‌ക്കെതിരെ വിമര്‍ശനവുമായി പ്രതിപക്ഷം

തിരുവനന്തപുരം: മൂലം വള്ളംകളി പ്രമാണിച്ച് കുട്ടനാട് താലൂക്കിന് പ്രാദേശിക അവധി അനുവദിക്കുന്നതുമായി ബന്ധപ്പെട്ട് നിയമസഭയില്‍ മുഖ്യമന്ത്രി വി.ഡി സതീശന്‍ നടത്തിയ പരാമര്‍ശം വലിയ രാഷ്ട്രീയ വിവാദത്തിന് വഴിവെച്ചിരിക്കുകയാണ്. യുഡിഎഫ് ഘടകകക്ഷിയായ കേരള കോണ്‍ഗ്രസിന്റെ നേതാവും കുട്ടനാട് എംഎല്‍എയുമായ റെജി ചെറിയാന്‍ ഉന്നയിച്ച സബ്മിഷന് ഔദ്യോഗികമായി അനുകൂല മറുപടി നല്‍കിയ ശേഷം, സീറ്റിലിരുന്ന് ‘ഒരു കാരണവശാലും അവധി കൊടുക്കില്ല’ എന്ന് മുഖ്യമന്ത്രി സ്വകാര്യം പറഞ്ഞത് സഭയിലെ മൈക്കിലൂടെ പുറത്തായതാണ് പ്രതിസന്ധി സൃഷ്ടിച്ചത്.

പുതുതായി പൊതു അവധികളോ പ്രാദേശിക അവധികളോ അനുവദിക്കേണ്ടതില്ലെന്നാണ് പൊതുവായ സര്‍ക്കാര്‍ നയമെന്ന് വ്യക്തമാക്കിയ മുഖ്യമന്ത്രി, മൂലം വള്ളംകളിയുടെ പ്രാധാന്യം കണക്കിലെടുത്ത് കുട്ടനാടിന് പ്രാദേശിക അവധി നല്‍കുന്ന കാര്യം സര്‍ക്കാര്‍ പരിശോധിച്ച് തീരുമാനിക്കുമെന്നാണ് സഭയെ അറിയിച്ചത്. എന്നാല്‍ മറുപടി നല്‍കി സീറ്റില്‍ തിരിച്ചെത്തിയ ഉടന്‍ അടുത്തിരുന്ന മന്ത്രിയോട് മുഖ്യമന്ത്രി സ്വരം താഴ്ത്തി പറഞ്ഞ വാചകം മൈക്ക് ഓഫാകാതിരുന്നതിനാല്‍ തത്സമയ സംപ്രേഷണത്തില്‍ വ്യക്തമായി കേള്‍ക്കുകയായിരുന്നു.

ഈ വീഡിയോ ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ വ്യാപകമായി പങ്കുവെച്ചുകൊണ്ട് സിപിഎം അനുകൂല പ്രൊഫൈലുകള്‍ മുഖ്യമന്ത്രിയുടെ വിശ്വാസ്യതയെ ചോദ്യം ചെയ്ത് രംഗത്തെത്തിയിട്ടുണ്ട്. എഴുതിത്തയ്യാറാക്കിയ മറുപടിക്ക് പിന്നില്‍ പുറത്തുവരുന്നത് മുഖ്യമന്ത്രിയുടെ യഥാര്‍ത്ഥ മനസ്സിലിരിപ്പാണെന്ന് കെ.യു ജനീഷ് കുമാര്‍ എംഎല്‍എ ഫെയ്സ്ബുക്കിലൂടെ പരിഹസിച്ചു.

ബിനീഷ് കോടിയേരി അടക്കമുള്ള പ്രമുഖരും ഈ വീഡിയോ പങ്കുവെച്ച് രംഗത്തെത്തിയിട്ടുണ്ട്. അതേസമയം, മുഖ്യമന്ത്രിയുടെ ഈ പ്രതികരണം താന്‍ ശ്രദ്ധിച്ചില്ലെന്നാണ് കുട്ടനാട് എംഎല്‍എ റെജി ചെറിയാന്‍ മാധ്യമങ്ങളോട് പ്രതികരിച്ചത്. ആറന്മുള കഴിഞ്ഞാല്‍ സംസ്ഥാനത്തെ ഏറ്റവും പുരാതനമായ വള്ളംകളിയാണ് ചമ്പക്കുളം മൂലം വള്ളംകളിയെന്നും, പ്രദേശവാസികളുടെ ഈ ന്യായമായ ആവശ്യത്തില്‍ പരിശോധിച്ച് അനുകൂല തീരുമാനമെടുക്കുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ജനം ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന വള്ളംകളി നടക്കാന്‍ ദിവസങ്ങള്‍ മാത്രം ബാക്കിനില്‍ക്കെ ഈ ‘മൈക്ക് വിവാദം’ രാഷ്ട്രീയമായി കൂടുതല്‍ പുകയാനാണ് സാധ്യത.

മദ്യത്തിൻറെ നികുതിയിളവിൽ നേരത്തേ ചർച്ച വേണമായിരുന്നുവെന്ന് വിഎം സുധീരൻ

തിരുവനന്തപുരം: വീര്യം കുറഞ്ഞ മദ്യത്തിന് നികുതിയിളവ് നൽകുന്ന ബജറ്റ് പ്രഖ്യാപനത്തിൽ   വീണ്ടും അതൃപ്തി പരസ്യമാക്കി വിഎം സുധീരൻ.  

നിയമസഭയിൽ ഈ പ്രൊപ്പോസൽ വരുന്നതിന് മുമ്പ് തന്നെ പാർട്ടിതലത്തിലും യുഡിഎഫ് സ്ഥലത്തിലും ഇതിനെക്കുറിച്ച് ചർച്ച നടത്തുകയായിരുന്നു അഭികാമ്യം, ചർച്ച നടത്തി നയം രൂപീകരിച്ച ശേഷം നയത്തിനു രൂപം കൊടുത്തിരുന്നെങ്കിൽ ഈ പ്രശ്നങ്ങൾ ഇല്ലാതാകുമായിരുന്നുവെന്ന് വിഎം സുധീരൻ പറഞ്ഞു.

മദ്യവ്യാപനം തടയുന്നതിന് മുഖ്യമന്ത്രിയുടെയും എക്സൈസ് മന്ത്രിയുടെയും ശ്രദ്ധയിൽപ്പെടുത്തിയിരുന്നു നിർഭാഗ്യവശാൽ സമൂഹത്തിൽ ഉയർന്നു വന്നിട്ടുള്ള സംശയങ്ങളും ആശങ്കകളും നിലനിൽക്കുന്ന സ്ഥിതിയാണ് ഫിനാൻസ് ബിൽ അവതരിപ്പിക്കുമ്പോൾ ഈ പ്രൊപ്പോസൽ ഒഴിവാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു

മാസപ്പടി കേസ്: വീണ ടി വീണ്ടും ED ഓഫീസിൽ ഹാജരായി; ചോദ്യം ചെയ്യൽ രണ്ടാം തവണ

എക്സാ ലോജിക്-സിഎംആർഎൽ മാസപ്പടി കേസിൽ, പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ മകൾ വീണ ടി വീണ്ടും ഇ ഡി ഓഫീസിൽ ഹാജരായി. ഈ മാസം 29ന് ഹാജരാകാനായിരുന്നു നിർദേശിച്ചിരുന്നത്. ഇഡി വിളിച്ച് വരുത്തിയതെന്നാണ് വിവരം. ഇത് രണ്ടാം തവണയാണ് ഇഡി വീണയെ ചോദ്യം ചെയ്യുന്നത്. എസ്എഫ്ഐഒ രേഖകളുടെ അടിസ്ഥാനത്തിലാണ് ചോദ്യം ചെയ്യൽ.

എസ്എഫ്‌ഐഒ കുറ്റപത്രത്തിന്റെ ഭാഗമായുളള 134 രേഖകളാണ് ഇഡിക്ക് കൈമാറിയിരിക്കുന്നത്. പിണറായി വിജയന്റെ മകൾ വീണ ടിയെ അടുത്തഘട്ടത്തിൽ ചോദ്യം ചെയ്യുക എസ്എഫ്‌ഐഒ കൈമാറിയ രേഖകൾ മുൻ നിർത്തിയായിരിക്കുമെന്നാണ് വിവരം. നേരത്തെ കോടതി ഉത്തരവായിരുന്നെങ്കിലും എസ്എഫ്‌ഐഒയിൽ നിന്നും അത് ലഭിക്കാൻ താമസം നേരിട്ടിരുന്നു. റെയ്ഡിന് പിന്നാലെ മരവിപ്പിച്ച 18 കോടിയോളം രൂപ താത്കാലികമായി കണ്ടുകെട്ടാനുള്ള നടപടിയിലേക്ക് ഉടൻ ഇഡി കടക്കും.

2016 മുതൽ 2020, 2021 വരെയുള്ള കാലയളവിൽ രണ്ട് കോടി എഴുപത്തി എട്ട് ലക്ഷത്തിആയിരം രൂപ വീണയക്കും കമ്പനിയക്കുമായി കരിമണൽ കമ്പനിയിൽ നിന്ന് ഐടി സേവനങ്ങൾക്ക് എന്നപേരിൽ നൽകിയിട്ടുണ്ട്. എന്നാൽ, എക്‌സാലോജിക് കമ്പനി കരിമണൽ കമ്പനിയ്ക്കായി പ്രത്യേക സേവനങ്ങളൊന്നും ചെയ്തില്ലെന്നാണ് കമ്പിനിയിൽ ആദ്യം അന്വേഷണം നടത്തിയ എസ്എഫ്‌ഐഒ കണ്ടെത്തൽ

പിഎസ് സി പരീക്ഷയിൽ അനധികൃതമായി സിലബസ് മാറ്റിയെന്നും ഇക്കാര്യം അറിയിച്ചില്ലെന്നും ഉദ്യോഗാർത്ഥികൾ

തിരുവനന്തപുരം: പിഎസ്‌സി  ഈ മാസം 18ന് നടത്തിയ ഇക്കണോമിക്‌സ് ആൻഡ് സ്റ്റാറ്റിസ്റ്റിക്‌സ് റിസർച്ച് ഓഫീസർ പരീക്ഷയിൽ അനധികൃതമായി സിലബസ് മാറ്റിയെന്നും ഇക്കാര്യം അറിയിച്ചില്ലെന്നും ഉദ്യോഗാർത്ഥികൾ.

പരീക്ഷയുടെ രണ്ടു മാസം മുൻപാണ് സിലബസ് മാറ്റിയത്. അറിയിപ്പില്ലാതെ അനധികൃതമായാണ് സിലബസ് മാറ്റിയതെന്ന് പരാതിയിൽ പറയുന്നുണ്ട്. പരീക്ഷാ ദിവസമാണ് ഉദ്യോഗാർത്ഥികൾ സിലബസ് മാറിയ വിവരം അറിഞ്ഞത്.

ഉത്തര സൂചികയിലും ഉദ്യോഗാർത്ഥികൾ അസ്വാഭാവികത ചൂണ്ടിക്കാണിക്കുന്നുണ്ട്. 100 ചോദ്യങ്ങളിൽ 54 ചോദ്യത്തിന്റെ ഉത്തരങ്ങളും ബി ഓപ്ഷനാണ് എന്നതാണ് അസ്വാഭാവികത. ചിലരെ സഹായിക്കാനായി നടത്തിയ ക്രമക്കേടാണിതെന്ന് ഉദ്യോഗാർത്ഥികൾ ആരോപിക്കുന്നു.

പരീക്ഷ റദ്ദാക്കണമെന്നാണ് ഉദ്യോഗാർത്ഥികളുടെ ആവശ്യം. മുഖ്യമന്ത്രിക്കും പിഎസ്‌സി ചെയർമാനും ഉദ്യോഗാർത്ഥികൾ പരാതി നൽകിയിട്ടുണ്ട്.

വർഷങ്ങളായി ഈ തസ്തികയിലേക്കുള്ള പരീഷ സിലബസിൽ പ്രധാനമായും ഉൾപ്പെടുന്നത് എക്കണോമിക്‌സ്, സ്റ്റാറ്റിസ്റ്റിക്‌സ്, മാത്തമാറ്റിക്‌സ്, ജനറൽനോളജ് എന്നീ വിഷയങ്ങളാണ്. എന്നാൽ ഇത്തവണ അറിയിപ്പില്ലാതെ പരീക്ഷയ്ക്ക് തൊട്ട് മുമ്പ് ജനറൽനോളജ് ഒഴിവാക്കി കൊമേഴ്‌സ് ഉൾപ്പെടുത്തുകയായിരുന്നു. എന്നാൽ ഈ തസ്തികയ്ക്ക് എന്തിനാണ് കൊമേഴ്‌സ് ഉൾപ്പെടുത്തിയതെന്ന് ഉദ്യോഗാർത്ഥികൾ ചോദിക്കുന്നു.

ടിപ്പര്‍ അപകടം; മരിച്ചവരുടെ കുടുംബത്തിന് സര്‍ക്കാര്‍ 5 ലക്ഷം രൂപ സഹായധനം നല്‍കും

കൊട്ടാരക്കര നീലേശ്വരത്ത് വാഹനാപകടത്തില്‍ മരിച്ച മൂന്നു പേരുടെ കുടുംബത്തിന് 5 ലക്ഷം രൂപ വീതം ധനസഹായം നല്‍കാനും തീരുമാനിച്ചു. പരുക്കേറ്റ് കഴിയുന്നവരുടെ ചികിത്സാ ചെലവ് സര്‍ക്കാര്‍ ഏറ്റെടുക്കും.

കൊട്ടാരക്കരയിലെ ടിപ്പര്‍ അപകടത്തിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാന വ്യാപക പരിശോധന ശക്തമാക്കാനാണ് ട്രാന്‍സ്പോര്‍ട്ട് കമ്മീഷണറുടെ നിര്‍ദ്ദേശം. ഗതാഗത വകുപ്പിന്റെ നേതൃത്വത്തില്‍ അപകടാനന്തര അന്വേഷണ സംഘം രൂപീകരിക്കും.

നിയമലംഘനം നടത്തുന്നവര്‍ക്കെതിരെ കര്‍ശന നടപടിയുണ്ടാകുമെന്ന് ഗതാഗത വകുപ്പ് മന്ത്രി സി പി ജോണ്‍ പറഞ്ഞു. അപകടത്തില്‍ ജീവന്‍ നഷ്ടമായ 15 കാരന്‍ പാര്‍ഥിപന്റെയും അധ്യാപകന്‍ ഹരിലാലിന്റെയും സംസ്‌ക്കാര ചടങ്ങുകള്‍ വീട്ടുവളപ്പില്‍ നടന്നു.

കൊല്ലം ജില്ലയില്‍ ഏര്‍പ്പെടുത്തിയ ടിപ്പര്‍ ലോറികളുടെ സമയ നിയന്ത്രണം ദീര്‍ഘിപ്പിച്ചു. രാവിലെ 7 മുതല്‍ 10 വരെയും 3.30 മുതല്‍ 5 വരെയും നിരത്തില്‍ ഇറങ്ങാന്‍ പാടില്ലെന്നാണ് പുതിയ നിര്‍ദ്ദേശം.

ഗതാഗത വകുപ്പിന്റെ നേതൃത്വത്തില്‍ സംസ്ഥാനത്തെ വലിയ അപകടങ്ങള്‍ അന്വേഷിക്കാന്‍ അപകടാനന്തര അന്വേഷണ സംഘം രൂപീകരിക്കും. ജില്ലയിലെ ആര്‍ടിഒ, പൊലീസ്, പിഡബ്ല്യുഡി അല്ലെങ്കില്‍ ദേശീയ പാത എഞ്ചിനീയര്‍, നാറ്റ്പാക്കിലെ ഉദ്യോഗസ്ഥന്‍ എന്നിവര്‍ അടങ്ങുന്നതായിരിക്കും അന്വേഷണ സംഘം വ്യക്തമാക്കി.

സിഎംആര്‍എല്‍-എക്‌സാലോജിക് സാമ്പത്തിക ഇടപാട് കേസ്; 134 രേഖകള്‍ ഇ ഡിക്ക് കൈമാറി എസ്എഫ്‌ഐഒ

സിഎംആര്‍എല്‍-എക്‌സാലോജിക് സാമ്പത്തിക ഇടപാട് കേസില്‍ നിര്‍ണായക രേഖകള്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്. എസ്എഫ്‌ഐഒ കുറ്റപത്രത്തിന്റെ ഭാഗമായുളള 134 രേഖകളാണ് ഇഡിക്ക് കൈമാറിയത്. പിണറായി വിജയന്റെ മകള്‍ വീണ ടിയെ അടുത്തഘട്ടത്തില്‍ ചോദ്യം ചെയ്യുക എസ്എഫ്‌ഐഒ കൈമാറിയ രേഖകള്‍ മുന്‍നിര്‍ത്തിയായിരിക്കുമെന്നാണ് വിവരം. നേരത്തെ കോടതി ഉത്തരവായിരുന്നെങ്കിലും എസ്എഫ്‌ഐഒയില്‍ നിന്നും അത് ലഭിക്കാന്‍ താമസം നേരിട്ടിരുന്നു.

134 രേഖകള്‍ നല്‍കാന്‍ കോടതി ആവശ്യപ്പെട്ടെങ്കിലും കുറ്റപത്രം മാത്രമാണ് നേരത്തെ ലഭ്യമാക്കിയിരുന്നത്. കേസിന്റെ ഭാഗമായി ഇന്നലെ വീണ ടി യുടെ ലോക്കര്‍ തുറന്നു പരിശോധിച്ചെങ്കിലും കേസുമായി ബന്ധപ്പെട്ട വിവരങ്ങള്‍ ലഭ്യമായില്ലെന്നാണ് സൂചന. റെയ്ഡിന് പിന്നാലെ മരവിപ്പിച്ച 18 കോടിയോളം രൂപ താത്കാലികമായി കണ്ടുകെട്ടാനുള്ള നടപടിയിലേക്ക് ഉടന്‍ ഇഡി കടക്കും. സിഎംആര്‍എല്‍ ഉദ്യോഗസ്ഥരുടെ ചോദ്യം ചെയ്യല്‍ പൂര്‍ത്തിയായ ശേഷം വീണ ടി യെ വീണ്ടും വിളിപ്പിക്കാനാണ് ഇഡി തീരുമാനം.

2016 മുതല്‍ 2020, 2021 വരെയുള്ള കാലയളവില്‍ രണ്ട് കോടി എഴുപത്തി എട്ട് ലക്ഷത്തിആയിരം രൂപ വീണയക്കും കമ്പനിയക്കുമായി കരിമണല്‍ കമ്പനിയില്‍ നിന്ന് ഐടി സേവനങ്ങള്‍ക്ക് എന്നപേരില്‍ നല്‍കിയിട്ടുണ്ട്. എന്നാല്‍, എക്‌സാലോജിക് കമ്പനി കരിമണല്‍ കമ്പനിയ്ക്കായി പ്രത്യേക സേവനങ്ങളൊന്നും ചെയ്തില്ലെന്നാണ് കമ്പിനിയില്‍ ആദ്യം അന്വേഷണം നടത്തിയ എസ്എഫ്‌ഐഒ കണ്ടെത്തല്‍.

181 തഹസീൽദാർമാരുടെ കൂട്ട സ്ഥലംമാറ്റത്തിന് സ്റ്റേ

തിരുവനന്തപുരം: റവന്യൂ വകുപ്പിലെ 181 തഹസീൽദാർ, സീനിയർ സൂപ്രണ്ടുമാരുടെ സ്ഥലം മാറ്റം കേരള അഡ്മിനിസ്ട്രേറ്റീവ് ട്രിബൂണൽ സ്റ്റേ ചെയ്തു.

മാനദണ്ഡങ്ങൾ പാലിക്കാതെയുള്ള സ്ഥലം മാറ്റ ഉത്തരവെന്ന് ട്രിബൂണലിന്റെ നിരീക്ഷണം.  ലാൻഡ് റവന്യൂ കമ്മീഷണർ ഇറക്കിയ ഉത്തരവാണ് ട്രിബൂണലിലെ അഡ്മിനിസ്ട്രേറ്റീവ് മെമ്പർ എൻ വാസുദേവൻ സ്റ്റേ ചെയ്തത്.

കരട് പട്ടിക പ്രസിദ്ധീകരിച്ച് ഉദ്യോഗസ്ഥരുടെ അഭിപ്രായം ആരായാതെ തിടുക്കപ്പെട്ട ഉത്തരവ് ഇറക്കിയത്. സ്ഥലം മാറ്റം നിയമവിരുദ്ധമാണെന്നും ട്രിബൂണൽ ചൂണ്ടിക്കാട്ടി.

മഴക്കെടുത്തി കണക്കിലെടുത്ത് ദുരന്തനിവാരണത്തിന്റെ ഭാഗമായുള്ള ദുരിതാശ്വാസം, രക്ഷാപ്രവർത്തനം എന്നിവ ഏകോപിപ്പിക്കുവാനും കാര്യക്ഷമമാക്കുവാനുമാണ് തിടുക്കപ്പെട്ട് സ്ഥലം മാറ്റ ഉത്തരവ് പുറപ്പെടുവിച്ചതെന്ന സർക്കാർ വാദം കോടതി അംഗീകരിച്ചില്ല.

പള്‍സ് പോളിയോ ഇമ്മ്യൂണൈസേഷന്‍ ജൂണ്‍ 28ന്

തിരുവനന്തപുരം: ഭാരതത്തെ പോളിയോ വിമുക്തമാക്കുന്നത് ലക്ഷ്യമിട്ട് ദേശവ്യാപകമായി നടത്തുന്ന പള്‍സ് പോളിയോ ഇമ്മ്യൂണൈസേഷന്‍ സംസ്ഥാനത്ത് 2026 ജൂണ്‍ 28 ഞായറാഴ്ച നടക്കുമെന്ന് ആരോഗ്യം- ദേവസ്വം വകുപ്പ് മന്ത്രി കെ. മുരളീധരന്‍ അറിയിച്ചു. പരിപാടിയുടെ ക്രമീകരണങ്ങള്‍ പൂര്‍ത്തിയായതായും ജൂണ്‍ 28ന് തന്നെ അഞ്ചുവയസ്സിനു താഴെയുളള എല്ലാ കുഞ്ഞുങ്ങള്‍ക്കും ഓരോ ഡോസ് തുള്ളിമരുന്ന് നല്‍കുന്നുവെന്ന് ഉറപ്പുവരുത്താന്‍ എല്ലാ മാതാപിതാക്കളും രക്ഷാകര്‍ത്താക്കളും ശ്രദ്ധിക്കണമെന്ന് അദ്ദേഹം അഭ്യര്‍ത്ഥിച്ചു.

പരിപാടിയുടെ സംസ്ഥാനതല ഉദ്ഘാടനം ആരോഗ്യ- ദേവസ്വം വകുപ്പ് മന്ത്രി കെ. മുരളീധരന്‍ തൈക്കാട് മാതൃ-ശിശു ആശുപത്രിയില്‍ ജൂണ്‍ 28 (ഞായറാഴ്ച) രാവിലെ 8ന് നിര്‍വ്വഹിക്കും. ഗതാഗത വകുപ്പ് മന്ത്രി സി.പി. ജോണ്‍ അധ്യക്ഷത വഹിക്കും, ഡോ. ശശി തരൂര്‍ എം.പി, തിരുവനന്തപുരം കോര്‍പറേഷന്‍ മേയര്‍ വി.വി രാജേഷ്‌, മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ സംബന്ധിക്കും.

സംസ്ഥാനത്ത് അഞ്ചുവയസ്സിനു താഴെയുളള 19,80,224 കുട്ടികള്‍ക്കാണ് തുള്ളിമരുന്ന് നല്‍കുക. ഇതിനായി 22,288 ബൂത്തുകള്‍ സജീകരിക്കും. തുള്ളിമരുന്ന് നല്‍കാന്‍ 46,663 സന്നദ്ധപ്രവര്‍ത്തകരെ പരിശീലനം നല്‍കി നിയോഗിക്കും. സര്‍ക്കാര്‍ ആശുപത്രികള്‍, ആരോഗ്യകേന്ദ്രങ്ങള്‍, ജനകീയ ആരോഗ്യ കേന്ദ്രങ്ങള്‍, നഗരാരോഗ്യ കേന്ദ്രങ്ങള്‍, അങ്കണവാടികള്‍, സ്വകാര്യ ആശുപത്രികള്‍, വായനശാലകള്‍, സ്കൂളുകള്‍, സന്നദ്ധ സംഘടനകളുടെ കെട്ടിടങ്ങള്‍ എന്നിവയുല്‍പ്പെടെ ജനങ്ങള്‍ക്ക്‌ ഏറ്റവും സൗകര്യപ്രദമായ സ്ഥലങ്ങളില്‍ ബൂത്തുകള്‍ ക്രമീകരിക്കും.

സാധാരണ ബൂത്തുകള്‍ക്ക് പുറമേ യാത്രാവേളയില്‍ കുഞ്ഞുങ്ങള്‍ക്ക് വാക്സിന്‍ നകുന്നതിനു 539 ട്രാന്‍സിറ്റ് ബൂത്തുകള്‍, 283 മൊബൈല്‍ ബൂത്തുകള്‍, 9 ഉത്സവ/ മേളകളിലെ ബൂത്തുകള്‍ എന്നിവയും ക്രമീകരിക്കും. റെയില്‍വെ സ്റ്റേഷന്‍, ബസ്സ്റ്റാന്‍റ്, ബോട്ടുജെട്ടി എന്നിവിടങ്ങളിലാകും ട്രാന്‍സിറ്റ് ബൂത്തുകള്‍ പ്രവര്‍ത്തിക്കുക. അതിഥി തൊഴിലാളികളുടെ താമസസ്ഥലങ്ങള്‍, ദുഘട പ്രദേശങ്ങള്‍, ഉത്സവസ്ഥലങ്ങള്‍, കല്യാണമണ്ഡപങ്ങള്‍ എന്നിവയുള്‍പ്പെടെ ജനങ്ങള്‍ എത്തുന്ന സ്ഥലങ്ങളില്‍ മരുന്ന് നല്‍കുന്നതിനാണ് മൊബൈല്‍ ബൂത്തുകള്‍.

1980കളില്‍ രാജ്യത്ത് പ്രതിവര്‍ഷം ഒന്നര ലക്ഷത്തിലധികം കുട്ടികള്‍ക്ക് അംഗവൈകല്യത്തിനു കാരണമായ പോളിയോ രോഗം 1995 പള്‍സ് പോളിയോ ഇമ്മ്യൂണൈസേഷന്‍ ആരംഭിച്ചതിനു ശേഷം ക്രമമായി കുറച്ചു കൊണ്ടുവന്ന് 2011 ന് ശേഷം ഭാരതത്തില്‍ നിന്ന് പോളിയോ വൈറസിനെ പൂര്‍ണ്ണമായും നിര്‍മ്മാര്‍ജ്ജനം ചെയ്യാന്‍ സാധിച്ചു. 2026 ജനുവരി 13 ന് ഭാരതം പോളിയോ വിമുക്തമായി 15 വര്‍ഷം പിന്നിട്ടിരിക്കുകയാണ്. എന്നാല്‍ ഇന്ത്യയുടെ അയല്‍രാജ്യങ്ങള്‍ ഉള്‍പ്പടെ ചിലരാജ്യങ്ങളില്‍ ഇപ്പോഴും രോഗം റിപ്പോര്‍ട്ട്‌ ചെയ്യപ്പെടുന്നുണ്ട്. പോളിയോ രോഗം ഭൂമുഖത്ത് നിന്നും തുടച്ചു നീക്കുന്നതിന്‍റെ അവസാന ഘട്ടത്തിലാണ് ലോകം എത്തിനില്‍ക്കുന്നത്. പോളിയോ നിര്‍മ്മാര്‍ജ്ജന യജ്ഞത്തില്‍ എല്ലാ വിഭാഗം ജനങ്ങളുടെയും സഹകരണം ഉണ്ടാകണം.

പരിപാടിയുടെ പ്രചരണത്തിനായി ബാനറുകള്‍, പോസ്റ്ററുകള്‍, നോട്ടീസുകള്‍ എന്നിവയ്ക്ക് പുറമേ ഭവനസന്ദര്‍ശനവും നടത്തും. വാക്സിന്‍, അവ സൂക്ഷിക്കാനുള്ള ഐഎല്‍ആര്‍, ഡീപ് ഫ്രീസര്‍, കോള്‍ഡ് ബോക്സ്, വാക്സിന്‍ കാരിയര്‍ തുടങ്ങിയ ശീതീകരണ ഉപാധികളും തയ്യാറാക്കിയിട്ടുണ്ട്.

പള്‍സ് പോളിയോ ദിനത്തില്‍ ബൂത്തുകളില്‍ എത്താത്ത കുഞ്ഞുങ്ങള്‍ക്ക്‌ ജൂണ്‍ 29, 30 തിയതികളില്‍ വീടുകലിലെത്തി വാക്സിന്‍ നല്‍കുന്നതാണ്. ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് പുറമേ ആശാ, അങ്കണവാടി, കുടുംബശ്രീ പ്രവര്‍ത്തകര്‍ എന്നിവരാണ് വാളന്‍റിയര്‍മാര്‍. ആരോഗ്യവകുപ്പിന്‍റെ നേതൃത്വത്തില്‍ ആരോഗ്യകേരളം, തദ്ദേശസ്വയംഭരണ വകുപ്പ്, വനിതാ-ശിശു വികസന വകുപ്പ്, പൊതുവിദ്യാഭ്യാസവകുപ്പ്, കുടുബശ്രീ മിഷന്‍, സാക്ഷരതാ മിഷന്‍ തുടങ്ങിയ സര്‍ക്കാര്‍ വകുപ്പുകളുടെയും റോട്ടറി ഇന്റര്‍നാഷണല്‍ തുടങ്ങിയ സന്നദ്ധസംഘടനകളുടെയും ആഭിമുഖ്യത്തിലാണ് പരിപാടി നടക്കുക

വാണിയപ്പാറ കല്ലറയിലെ ദുരൂഹത നീങ്ങുന്നു;  പായയിൽ മൃതദേഹമില്ല

കണ്ണൂർ: വാണിയപ്പാറ ഇൻഫന്റ് ജീസസ് പള്ളി സെമിത്തേരിയിലെ കല്ലറയിലെ ദുരൂഹത നീങ്ങുന്നു.  പള്ളിയുടെ പരാതിയിൽ ഇന്ന് രാവിലെ കല്ലറ തുറന്നു പരിശോധിക്കുകയായിരുന്നു.

രണ്ടു മൃതദേഹമാണ് കല്ലറയിലെ പ്രാഥമിക പരിശോധനയിൽ കണ്ടെത്തിയത്. കല്ലറയിൽ മൂന്ന് മൃതദേഹം ഉണ്ടെന്നതായിരുന്നു പള്ളിയുടെ പരാതി.

എന്നാൽ സംശയാസ്പദമായി കണ്ട പായ മൃതദേഹത്തിന് അടിയിൽ വച്ചതെന്നാണ് പൊലീസിന്റെ നിഗമനം

ഈ മാസം 13-ാം തീയ്യതി ശനിയാഴ്ചയാണ് കണ്ണൂർ അയ്യൻകുന്ന് വാണിയപ്പാറ ഇൻഫന്റ് ജീസസ് പള്ളി സെമിത്തേരിയിലെ 38-ാം നമ്പർ കല്ലറ സംസ്കാരത്തിനായി തുറക്കുന്നത്.

കല്ലറ തുറന്നപ്പോഴാണ് പായയിൽ പൊതിഞ്ഞ നിലയിൽ ഒരു മൃതദേഹം കാണുന്നത്. ഇത് രേഖകളില്ലാത്ത മൃതദേഹമാണെന്നും മാത്രമല്ല പായയിൽ പൊതിഞ്ഞ് സംസ്കരിച്ചതുമാണ് സംശയങ്ങൾക്ക് വഴി വച്ചത്

ആയത്തുള്ള ഖമേനിയുടെ സംസ്കാര ചടങ്ങ്; പ്രധാനമന്ത്രി മോദിയെ ക്ഷണിച്ച് ഇറാൻ പ്രസിഡൻ്റ്

ഇറാൻ: മുൻ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമേനിയുടെ സംസ്കാര ചടങ്ങിലേക്ക് ഇന്ത്യൻ  പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ക്ഷണിച്ച്  ഇറാൻ പ്രസിഡന്റ് മസൂദ് പെഷേഷ്കിയാൻ.

ഖമേനിയുടെ സംസ്കാര ചടങ്ങുകൾ ജൂലൈ 4 ന് ആരംഭിച്ച് ജൂലൈ 9 ന് അദ്ദേഹത്തിന്റെ ജന്മനാടായ വടക്കുകിഴക്കൻ ഇറാനിലെ പുണ്യനഗരമായ മഷാദിൽ സംസ്‌കരിക്കുന്നതോടെ അവസാനിക്കും.

ഫെബ്രുവരി 28 ന് ടെഹ്‌റാനെതിരെ ഇസ്രായേലും യുഎസും നടത്തിയ വ്യോമാക്രമണത്തിന്റെ ആദ്യ ദിവസം തന്നെ 86 കാരനായ അദ്ദേഹം കൊല്ലപ്പെട്ടിരുന്നു. 36 വർഷമായി ഇസ്ലാമിക് റിപ്പബ്ലിക്കിന്റെ തലവനായി ഖമേനി സേവനമനുഷ്ഠിക്കുകയായിരുന്നു. 

നിലവിൽ ജൂലൈ 4 മുതൽ ജൂലൈ 9 വരെയുള്ള തീയതികളിലാണ് ഇറാന്റെ വിവിധ നഗരങ്ങളിലായി വിപുലമായ വിടവാങ്ങൽ ചടങ്ങുകൾ ക്രമീകരിച്ചിരിക്കുന്നത്. ഇന്ത്യയും ഇറാനും തമ്മിലുള്ള ദീർഘകാലത്തെ നയതന്ത്ര ബന്ധത്തിന്റെ ആഴം വ്യക്തമാക്കുന്നതാണ് ഈ ക്ഷണം.

1. ജൂലൈ 4, 5: ടെഹ്‌റാനിലെ ഗ്രാൻഡ് മൊസല്ല കോംപ്ലക്‌സിൽ പൊതുദർശനം.
2. ജൂലൈ 6: ടെഹ്‌റാനിൽ വിലാപയാത്രയും ഔദ്യോഗിക സംസ്കാര ചടങ്ങുകളും.
3. ജൂലൈ 7: പുണ്യനഗരമായ ഖോമിൽ (Qom) അനുസ്മരണ ചടങ്ങുകൾ.
4. ജൂലൈ 8: ഇറാഖിലെ ഷിയാ പുണ്യകേന്ദ്രങ്ങളായ നജാഫ്, കർബല എന്നിവിടങ്ങളിൽ പ്രത്യേക പ്രാർത്ഥനകൾ.
5. ജൂലൈ 9: ഖമേനിയുടെ ജന്മനാടായ മഷാദിലെ  ഇമാം റെസ മസ്ജിദിൽ ഭൗതികശരീരം അടക്കം ചെയ്യും.

സ്റ്റേ നീങ്ങിയതോടെ പുതിയ ചുമതലയിൽ ഡോ. റീന; ജോയിനിംഗ് റിപ്പോർട്ടിൽ തന്നെ പ്രതിഷേധ കുറിപ്പ്

തിരുവനന്തപുരം: വിവാദങ്ങളും പ്രതിഷേധങ്ങളും തുടരുന്നതിനിടെ ഡോ. കെ.ജെ. റീന എറണാകുളം പബ്ലിക് ഹെൽത്ത് ലാബ് ഡയറക്ടറായി ചുമതലയേറ്റു. സ്ഥലംമാറ്റ ഉത്തരവിന് അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണൽ നൽകിയ സ്റ്റേ ഹൈക്കോടതി റദ്ദാക്കിയതോടെയാണ് റീന പുതിയ സ്ഥാനത്ത് ജോയിൻ ചെയ്തത്. എന്നാൽ ജോയിനിംഗ് റിപ്പോർട്ടിൽ തന്നെ പ്രതിഷേധം രേഖപ്പെടുത്തിയാണ് അവർ ചുമതലയേറ്റത്. അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണലിലെ നിയമപോരാട്ടം തുടരുമെന്നും ഡോ. റീന രേഖപ്പെടുത്തി.

ഡിഎച്ച്എസ് സ്ഥാനത്ത് നിന്ന് ഡോ. റീനയെ സർക്കാർ ജൂൺ 12നാണ് സ്ഥലംമാറ്റിയത്. തുടർന്ന് ജൂൺ 13ന് ഡോ. മീനാക്ഷി ഡിഎച്ച്എസിന്റെ ചുമതലയേറ്റു. പിന്നീട് ജൂൺ 18നാണ് റീനയുടെ സ്ഥലംമാറ്റം സ്റ്റേ ചെയ്ത് അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണൽ ഉത്തരവ് പുറപ്പെടുവിച്ചത്. എന്നാൽ ഇതിനകം തന്നെ പുതിയ ഉദ്യോഗസ്ഥ ചുമതലയേറ്റ സാഹചര്യത്തിൽ, ട്രൈബ്യൂണൽ ഇടക്കാല ഉത്തരവിലൂടെ നിയമനം സ്റ്റേ ചെയ്തത് നടപടിക്രമപരമായ അപാകതയാണെന്നായിരുന്നു സർക്കാരിന്റെ വാദം.

ഈ വാദം അംഗീകരിച്ച ഹൈക്കോടതി ഡിവിഷൻ ബെഞ്ച് ട്രൈബ്യൂണലിന്റെ സ്റ്റേ ഉത്തരവ് റദ്ദാക്കി. ട്രൈബ്യൂണലിന്റെ നടപടിക്രമങ്ങളിലെ സാങ്കേതിക വീഴ്ചകൾ ചൂണ്ടിക്കാട്ടിയാണ് കോടതി സർക്കാർ നടപടിയെ ശരിവെച്ചത്. അതേസമയം, സ്ഥലംമാറ്റത്തിൽ ഡോ. റീനയ്ക്ക് പരാതിയുണ്ടെങ്കിൽ വീണ്ടും അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണലിനെ സമീപിക്കാമെന്നും വിശദമായ വാദം കേട്ട ശേഷം ട്രൈബ്യൂണൽ ഇക്കാര്യത്തിൽ തീരുമാനമെടുക്കാമെന്നും ഹൈക്കോടതി വ്യക്തമാക്കി.

ആരോഗ്യമന്ത്രിയുമായുണ്ടായ അഭിപ്രായ ഭിന്നതകൾക്ക് പിന്നാലെയായിരുന്നു ഡോ. റീനയുടെ സ്ഥലംമാറ്റവും തുടർന്ന് വിവാദങ്ങളും ഉയർന്നത്. പുതിയ ചുമതലയേറ്റെങ്കിലും, നിയമപരമായ പോരാട്ടം തുടരുമെന്ന നിലപാടിലാണ് ഡോ. റീന.

പി.എം ശ്രീയിൽ നിയമസഭയിൽ ചൂടേറിയ വാക്പോര്; വി.ഡി. സതീശനും പിണറായിയും നേര്‍ക്കുനേര്‍

തിരുവനന്തപുരം: പി.എം ശ്രീ പദ്ധതി നടപ്പാക്കുന്നതിനെ ചൊല്ലി നിയമസഭയില്‍ മുഖ്യമന്ത്രി വി.ഡി. സതീശനും പ്രതിപക്ഷ നേതാവ് പിണറായി വിജയനും തമ്മില്‍ കടുത്ത വാക്പോര്. പി.എം ശ്രീ കരാറില്‍ ഒപ്പുവെച്ചത് പിൻവലിക്കാനായിരുന്നോ, നടപ്പാക്കാനായിരുന്നോ എന്ന ചോദ്യവുമായി മുഖ്യമന്ത്രി രംഗത്തെത്തിയതോടെയാണ് സഭയില്‍ വാദപ്രതിവാദം കടുത്തത്.

ആര്‍.എസ്.എസ് വിഷസര്‍പ്പങ്ങള്‍ക്ക് മുന്നില്‍ വിളക്ക് കൊളുത്തിയത് ഇടത് സര്‍ക്കാരാണെന്ന് വി.ഡി. സതീശന്‍ ആരോപിച്ചു. എന്നാല്‍ “ഇപ്പോള്‍ പി.എം ശ്രീ ഇല്ല, അത് നടപ്പായിട്ടില്ല” എന്നായിരുന്നു പിണറായി വിജയന്റെ മറുപടി.

പി.എം ശ്രീ നടപ്പാക്കേണ്ടതില്ലെന്നത് ഇടത് സര്‍ക്കാരിന്റെ നയപരമായ തീരുമാനമായിരുന്നുവെന്ന് പിണറായി വ്യക്തമാക്കി. “ഞങ്ങള്‍ അത് നടപ്പാക്കിയില്ല. നിങ്ങളാണ് നടപ്പാക്കാന്‍ ശ്രമിക്കുന്നത്. എസ്.എസ്.കെ ഫണ്ട് തടഞ്ഞതുകൊണ്ടാണ് ഒപ്പുവെച്ചത്,” എന്നും അദ്ദേഹം പറഞ്ഞു. ഇതോടെ ഭരണപക്ഷം പിണറായിയെ പരിഹസിച്ച് രംഗത്തെത്തി.

അതേസമയം, ദേശീയ വിദ്യാഭ്യാസ നയം (NEP) കേരളത്തില്‍ നടപ്പാക്കില്ലെന്ന് നേരത്തേ തന്നെ തീരുമാനിച്ചിരുന്നുവെന്നും, ഇപ്പോഴും ആ നിലപാടില്‍ മാറ്റമില്ലെന്നും പിണറായി വ്യക്തമാക്കി. “ഇമ്മാതിരി ആളെ കൊണ്ട് വച്ചാല്‍ നിങ്ങള്‍ അപകടത്തിലാകും,” എന്നായിരുന്നു പിണറായിയുടെ തിരിച്ചടി.

ഇതിന് മറുപടിയായി ആര്‍.എസ്.എസ് മുന്നില്‍ കീഴടങ്ങിയാണ് കരാറില്‍ ഒപ്പുവെച്ചതെന്ന് വി.ഡി. സതീശന്‍ ആരോപിച്ചു. എന്നാല്‍ “ഞങ്ങള്‍ പി.എം ശ്രീ നടപ്പാക്കുമെന്ന് പറഞ്ഞിട്ടില്ല. എന്‍.ഇ.പി ഒരിക്കലും നടപ്പാക്കില്ല” എന്നുമായിരുന്നു മുഖ്യമന്ത്രിയുടെ വിശദീകരണം.

പി.എം ശ്രീ വിഷയത്തില്‍ ഭരണപക്ഷവും പ്രതിപക്ഷവും പരസ്പരം ഉത്തരവാദിത്തം ചുമത്തിക്കൊണ്ടുള്ള ഏറ്റുമുട്ടലാണ് സഭയില്‍ കണ്ടത്. പദ്ധതിയുമായി ബന്ധപ്പെട്ട മുന്‍ നിലപാടുകളും കേന്ദ്ര ഫണ്ട് തടഞ്ഞതും ഒപ്പുവെച്ച കരാറിന്റെ ഉദ്ദേശ്യവും ചുറ്റിപ്പറ്റിയാണ് വാദപ്രതിവാദം കടുത്തത്.

ദിലീപിന്റെ ചിത്രം നീക്കത്തിന്റെ റിലീസിന് ഹൈക്കോടതി സ്റ്റേ

ദിലീപിനെ നായകനാക്കി ജഗന്‍ ഷാജി കൈലാസ് സംവിധാനം ചെയ്ത ‘നീക്കം’ എന്ന ചിത്രത്തിന്റെ റിലീസ് മദ്രാസ് ഹൈക്കോടതി തടഞ്ഞു. നിര്‍മാതാവ് എ.വി. അനൂപ് നല്‍കിയ ഹര്‍ജിയിലാണ് ജസ്റ്റിസ് കെ. കുമരേഷ് ബാബു ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചത്. നിര്‍മാണ കരാറുമായി ബന്ധപ്പെട്ട തര്‍ക്കങ്ങള്‍ മധ്യസ്ഥതയിലൂടെ പരിഹരിക്കുന്നത് വരെ ഹര്‍ജിക്കാരന്റെ താല്‍പര്യങ്ങള്‍ സംരക്ഷിക്കേണ്ടത് അനിവാര്യമാണെന്ന് കോടതി വിലയിരുത്തി.

ചിത്രത്തിന്റെ നിര്‍മാതാവ് സന്ദീപ് സേനനുമായുള്ള സാമ്പത്തിക തര്‍ക്കമാണ് ഹര്‍ജിയുടെ ആധാരം. നിര്‍മാണ കരാര്‍ ലംഘിച്ചതായും സന്ദീപ് നല്‍കിയ ചെക്ക് മടങ്ങിയതായും ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടുന്നുണ്ട്.

ഉര്‍വശി തിയറ്റേഴ്സ്, കാക്ക സ്റ്റോറീസ് എന്നീ ബാനറുകളില്‍ സന്ദീപ് സേനനും അലക്സ് ഇ. കുര്യനും ചേര്‍ന്നാണ് ‘നീക്കം’ നിര്‍മിക്കുന്നത്. ജഗന്‍ ഷാജി കൈലാസിന്റെ സംവിധാന അരങ്ങേറ്റ ചിത്രം കൂടിയായ ഇത്, ദിലീപിന്റെ കരിയറിലെ 152-ാമത്തെ സിനിമ എന്ന പ്രത്യേകതയും ഉണ്ട്.

സംഗീത് സേനന്‍, നിമിത ഫ്രാന്‍സിസ് എന്നിവരാണ് സഹനിര്‍മാതാക്കള്‍. രഘു സുഭാഷ് ചന്ദ്രന്‍ എക്സിക്യൂട്ടീവ് പ്രൊഡ്യൂസറായും മനു ആലുക്കല്‍ പ്രോജക്റ്റ് ഡിസൈനറായും പ്രവര്‍ത്തിക്കുന്നു. ഇമോഷണല്‍ ഡ്രാമ ത്രില്ലര്‍ വിഭാഗത്തില്‍പ്പെടുന്ന ചിത്രമാണിത്. പ്രേക്ഷകരെ ഉദ്വേഗത്തിന്റെ മുള്‍മുനയില്‍ നിര്‍ത്തുന്ന സഞ്ചാരമായിരിക്കും ‘നീക്കം’ എന്നാണ് അണിയറപ്രവര്‍ത്തകര്‍ നേരത്തെ വ്യക്തമാക്കിയിരുന്നത്.

പിഎംശ്രീയിൽ  വിശദീകരണവുമായി വിദ്യാഭ്യാസ മന്ത്രി എൻ. ഷംസുദീൻ

തിരുവനന്തപുരം: പിഎംശ്രീയിൽ   വിശദീകരണവുമായി വിദ്യാഭ്യാസ മന്ത്രി എൻ. ഷംസുദീൻ.

എല്ലാം ചെയ്തത് മുൻ സർക്കാരാണെന്നും പുതിയ സർക്കാർ തുടർനടപടികൾ സ്വീകരിച്ചിട്ടില്ലെന്നും മന്ത്രി പറഞ്ഞു.

മുൻ സർക്കാർ ധാരണാ പത്രത്തിൽ ഒപ്പിട്ടത് ഇരുട്ടിൻ്റെ മറവിലെന്നും അദ്ദേഹം പറഞ്ഞു.

പിഎം ശ്രീ പദ്ധതിയിൽനിന്ന് പിന്മാറാനുള്ള അവകാശവും അധികാരവും കേന്ദ്ര സർക്കാരിന് മാത്രമാണെന്ന വ്യവസ്ഥയിൽ എൽഡിഎഫ് സർക്കാർ ഒപ്പിട്ട് നൽകിയെന്നും അദ്ദേഹം പറഞ്ഞു.

പിഎം ശ്രീയുമായി ബന്ധപ്പെട്ട് എൽഡിഎഫ് കൊണ്ടുവന്ന അടിയന്തര പ്രമേയ നോട്ടീസിന് നിയമസഭയിൽ മറുപടി നൽകി സംസാരിക്കുകയായിരുന്നു മന്ത്രി.