വീര്യം കുറഞ്ഞ മദ്യത്തിന്റെ നികുതിയിളവ്: സർക്കാർ പിൻമാറുമെന്ന സൂചന നൽകി തിരുവഞ്ചൂർ

വീര്യം കുറഞ്ഞ മദ്യത്തിന്റെ നികുതിയിളവ് തീരുമാനത്തിൽ നിന്ന് സർക്കാർ പിൻമാറുമെന്ന സൂചന നൽകി സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണൻ. ജനസമൂഹത്തിന്റെ ശബ്ദം യു.ഡി.എഫ് കേൾക്കും എന്ന് തന്നെയാണ് തന്റെ വിശ്വാസമെന്ന് തിരുവഞ്ചൂർ രാധാകൃഷ്ണൻ പറഞ്ഞു. വിഷയം യുഡിഎഫിൽ തീരുമാനിക്കുമെന്ന് മുഖ്യമന്ത്രി നിയമസഭയിൽ തന്നെ പറഞ്ഞിട്ടുണ്ടെന്നും സ്പീക്കർ പ്രതികരിച്ചു.

മുഖ്യമന്ത്രി ഈ വിഷയം സഭയിൽ പറഞ്ഞതാണ്. വീര്യം കുറഞ്ഞ മദ്യം പോലെയുള്ള ചില വിഷയങ്ങൾ ഒരു വശത്തുണ്ട്. അതിനെ കൂടി ഇല്ലാതാക്കാനുള്ള മാസ് മൊമെന്റാണ് ഇപ്പോൾ നടക്കുന്നതെന്ന് സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണൻ പറഞ്ഞു. നികുതിയിളവ് ചർച്ച ചെയ്ത ശേഷം മാത്രമേ നടപ്പാക്കൂവെന്ന് മന്ത്രിമാരായ രമേശ് ചെന്നിത്തലയും എ പി അനിൽ കുമാറും കെ മുരളീധരനും വ്യക്തമാക്കിയിരുന്നു. രുത്തേണ്ടത് ഉണ്ടെങ്കിൽ തിരുത്തുമെന്നും എ പി അനിൽ കുമാറും പ്രതികരിച്ചു. ലഹരിക്ക് അനുകൂലമെന്ന് തോന്നുന്ന ഒരു നിലപാടും സ്വീകരിക്കരുതെന്ന് തലശ്ശേരി അതിരൂപതാ ആർച്ച് ബിഷപ് മാർ ജോസഫ് പാംപ്ലാനി പറഞ്ഞു.

അതേസമയം, ധനബില്ല് മാറ്റം കൂടാതെ പാസാക്കുന്നതിന് കോൺഗ്രസിലും മുന്നണിയിലും സമവായത്തിനാണ് മുഖ്യമന്ത്രി വി ഡി സതീശന്റെ നീക്കം. നികുതി കുറക്കുന്നതിനുളള ബജറ്റ് നിർദ്ദേശം ചർച്ച ചെയ്യാൻ യു.ഡി.എഫ് യോഗം ചേരും. സർക്കാരിലെ ബോർഡ് കോർപ്പറേഷൻ വിഭജനത്തിനായി ബജറ്റിന് ശേഷം മുന്നണി യോഗം ചേരാൻ നേരത്തെ തീരുമാനിച്ചിരുന്നതാണ്. വിവാദത്തിന്റെ പശ്ചാത്തലത്തിൽ നികുതി കുറയ്ക്കൽ പ്രധാന ചർച്ചാ വിഷയമാകും.

സുശാന്ത് സിങ്ങിന്റെ വിയോഗത്തിന് ആറ് വർഷം; ആ വേദന ഇപ്പോഴും വിട്ടുമാറുന്നില്ലെന്ന് റിയ ചക്രവർത്തി

ബോളിവുഡ് താരം സുശാന്ത് സിംഗ് രജ്പുത്തിന്റെ അപ്രതീക്ഷിത മരണത്തിന് ആറ് വർഷം പിന്നിടുമ്പോഴും ആ സംഭവത്തിന്റെ ആഘാതം തന്നിൽ നിന്ന് മാഞ്ഞിട്ടില്ലെന്ന് നടി റിയ ചക്രവർത്തി. അങ്ങേയറ്റം വേദനാജനകമായ ആ കാലഘട്ടം തന്റെ ജീവിതത്തിൽ വലിയൊരു മാറ്റം വരുത്തിയെന്നാണ് താരം തുറന്നുപറയുന്നത്. സുശാന്തിന്റെ മരണശേഷം താൻ അനുഭവിച്ച മാനസിക സംഘർഷങ്ങളെക്കുറിച്ചുള്ള തുറന്നുപറച്ചിൽ ഇപ്പോൾ ആരാധകർക്കിടയിൽ ചർച്ചയാവുകയാണ്.

ആഘാതം ഒരിക്കലും പൂർണ്ണമായി നമ്മളെ വിട്ടുപോകുന്നില്ലെന്ന് റിയ വ്യക്തമാക്കുന്നു. അത് നമ്മുടെ ശരീരത്തിൽ തന്നെ കുടിയേറി പാർക്കുന്നുവെന്നും ഓരോ നിമിഷവും ആ വേദന താൻ അനുഭവിക്കുന്നുണ്ടെന്നും താരം പറയുന്നു. ഒരു വ്യക്തി കടന്നുപോകുന്ന കടുത്ത മാനസിക വേദനകളെക്കുറിച്ച് സംസാരിക്കുമ്പോൾ റിയയുടെ വാക്കുകൾ വൈകാരികമായി മാറുന്നു.

സുശാന്തിന്റെ വിയോഗത്തിന് ശേഷം വലിയൊരു കാലയളവ് റിയ പൊതുരംഗത്ത് നിന്ന് മാറിനിൽക്കുകയായിരുന്നു. നിരവധി നിയമപോരാട്ടങ്ങളിലൂടെയും മാധ്യമ വിചാരണകളിലൂടെയും താൻ കടന്നുപോയിട്ടുണ്ട്. ഈ പ്രതിസന്ധി ഘട്ടങ്ങളൊന്നും അത്ര എളുപ്പമായിരുന്നില്ലെന്നും താരം കൂട്ടിച്ചേർക്കുന്നു.

തന്റെ ജീവിതത്തിൽ സംഭവിച്ച കാര്യങ്ങൾ പലപ്പോഴും തന്നെ അസ്വസ്ഥയാക്കാറുണ്ട്. എന്നാൽ കാലം മുന്നോട്ട് പോകുമ്പോൾ അതിജീവിക്കാൻ താൻ പഠിച്ചുവെന്ന് റിയ പറയുന്നു. മാനസികാരോഗ്യത്തിന് പ്രാധാന്യം നൽകേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് താരം പലപ്പോഴും ഓർമ്മിപ്പിക്കാറുണ്ട്.

സുശാന്തുമായുള്ള ഓർമ്മകൾ ഇന്നും തന്റെ മനസ്സിൽ മായാതെ നിൽക്കുന്നുണ്ടെന്ന് റിയ പറയുന്നു. ആ കാലഘട്ടത്തിലെ സന്തോഷവും ദുഃഖവും എല്ലാം താൻ ഉള്ളിൽ കൊണ്ടുനടക്കുന്നു. താൻ നേരിട്ട എല്ലാ വെല്ലുവിളികളും തന്റെ വ്യക്തിത്വത്തെ ശക്തിപ്പെടുത്തിയെന്നും താരം കരുതുന്നു.

സിനിമകളിൽ നിന്ന് താൻ വിട്ടുനിൽക്കാൻ ആഗ്രഹിച്ചിരുന്നില്ലെങ്കിലും സാഹചര്യങ്ങൾ അത്തരത്തിലായി മാറി. ഇപ്പോൾ വീണ്ടും അഭിനയത്തിലേക്ക് മടങ്ങിയെത്തിയ റിയ പുതിയ പ്രോജക്റ്റുകളിൽ ശ്രദ്ധ കേന്ദ്രീകരിക്കുകയാണ്. പഴയ കാര്യങ്ങളെക്കുറിച്ച് അധികം സംസാരിക്കാൻ താരം താല്പര്യപ്പെടുന്നില്ലെങ്കിലും സുശാന്തിന്റെ വിയോഗം താനുണ്ടാക്കിയ മാറ്റം അവർ മറച്ചുവെക്കുന്നില്ല.

റിയയുടെ ഈ വാക്കുകൾ പലർക്കും ആശ്വാസമാവുകയാണ്. വേദനകളെ ഉള്ളിലൊതുക്കി മുന്നോട്ട് പോകാൻ ശ്രമിക്കുന്നവർക്ക് വലിയൊരു പ്രചോദനമാണ് റിയയുടെ ജീവിതം. മാനസികമായ ആഘാതങ്ങൾ നേരിടുന്നവർക്ക് അതിനെ അതിജീവിക്കാൻ കരുത്ത് പകരുന്നതാണ് താരത്തിന്റെ വാക്കുകൾ.

ഇപ്പോഴും പലരും സുശാന്തിന്റെ മരണത്തെക്കുറിച്ച് സംസാരിക്കുമ്പോൾ റിയ വലിയൊരു മൗനം പാലിക്കാറുണ്ട്. എന്നാൽ കൃത്യമായ ഇടവേളകളിൽ താൻ അനുഭവിക്കുന്ന വേദനകളെക്കുറിച്ച് താരം വെളിപ്പെടുത്താറുണ്ട്. ഇത് കേവലം റിയയുടെ വേദന മാത്രമല്ല മറിച്ച് പലരും അനുഭവിക്കുന്ന മാനസിക അവസ്ഥയാണെന്ന് പറയാം.

സുശാന്തിന്റെ കുടുംബവും ആരാധകരും ഇപ്പോഴും അദ്ദേഹത്തിന്റെ ഓർമ്മകൾക്കായി ഒത്തുചേരാറുണ്ട്. എന്നാൽ റിയയെ സംബന്ധിച്ചിടത്തോളം അതൊരു നീണ്ട പോരാട്ടത്തിന്റെ കാലമായിരുന്നു. ഏതായാലും ജീവിതത്തിന്റെ പുതിയ തലങ്ങളിലേക്ക് കടക്കുമ്പോഴും ആ പഴയ ഓർമ്മകൾ റിയയെ വേട്ടയാടിക്കൊണ്ടിരിക്കുന്നു.

മനുഷ്യബന്ധങ്ങളും ധാർമിക മൂല്യങ്ങളും പ്രമേയമാക്കി ‘ടുമോറോ’; ‘വട്ടിപ്പലിശ’യുടെ ചിത്രീകരണം പൂർത്തിയായി

എറണാകുളം: ജോയ് കെ. മാത്യു കഥയെഴുതി സംവിധാനം ചെയ്യുന്ന ആന്തോളജി ചിത്രം ‘ടുമോറോ’യിലെ അഞ്ചാമത്തെ കഥയായ ‘വട്ടിപ്പലിശ’യുടെ ചിത്രീകരണം പൂർത്തിയായി. ജോയ് കെ. മാത്യു, മോളി കണ്ണമാലി, സുജ, അലക്സ് എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം സാലി മൊയ്ദീനാണ് നിർവഹിച്ചത്.

മാനവികത, സ്നേഹം, സഹകരണം, മനുഷ്യബന്ധങ്ങൾ എന്നിവ പ്രമേയമാക്കിയാണ് ആറ് കഥകളടങ്ങിയ ആന്തോളജി ചിത്രം ഒരുക്കുന്നത്. വിവിധ ഭാഷകളിലെ അഭിനേതാക്കളും ചിത്രത്തിന്റെ ഭാഗമാകുന്നുണ്ട്.

‘ടുമോറോ’, ‘അൺബ്രേക്കബിൾ’, ‘വാലറ്റ്’, ‘സ്റ്റോറീസ് ഓൺ ദി കാൻവാസ്’, ‘വട്ടിപ്പലിശ’ എന്നീ അഞ്ച് കഥകളുടെ ചിത്രീകരണം ഇതിനകം പൂർത്തിയായതായി അണിയറ പ്രവർത്തകർ അറിയിച്ചു. അവസാന ഭാഗമായ ‘ദ ഡോൺ’യുടെ ചിത്രീകരണം ഉടൻ ആരംഭിക്കും. അതിനുശേഷം ചിത്രം റിലീസ് ചെയ്യുമെന്ന് പ്രൊഡക്ഷൻ കോ-ഓർഡിനേറ്റർ ജോസ് വർഗീസ് അറിയിച്ചു.

ജോയ് കെ. മാത്യുവിന്റെ ഇരുപത്തിയൊന്നാമത്തെ പ്രോജക്ടായ ഈ ചിത്രം ജീവിതാനുഭവങ്ങളിലൂടെയും മനുഷ്യബന്ധങ്ങളിലൂടെയും പ്രേക്ഷകരെ ആഴത്തിൽ സ്പർശിക്കുന്ന അനുഭവമാകുമെന്ന് അണിയറ പ്രവർത്തകർ പ്രതീക്ഷ പ്രകടിപ്പിച്ചു.

1992-ൽ ദൂരദർശനിൽ സംപ്രേഷണം ചെയ്ത ‘നൊമ്പരവീണ’ എന്ന പരമ്പരയിലൂടെയാണ് ജോയ് കെ. മാത്യു അഭിനയരംഗത്തേക്ക് എത്തിയത്. തുടർന്ന് നിരവധി ടെലിഫിലിമുകൾ, ഹ്രസ്വചിത്രങ്ങൾ, ഡോക്യുമെന്ററികൾ എന്നിവയിൽ അഭിനയിക്കുകയും രചനയും സംവിധാനവും നിർവഹിക്കുകയും ചെയ്തിട്ടുണ്ട്. കുടുംബബന്ധങ്ങൾ, ധാർമിക മൂല്യങ്ങൾ, സാമൂഹിക ഉത്തരവാദിത്വം എന്നിവ പ്രമേയമാക്കിയ സൃഷ്ടികളിലൂടെയാണ് അദ്ദേഹം ശ്രദ്ധേയനായത്.

തിരുവനന്തപുരം കോര്‍പ്പറേഷനിലെ സംഘര്‍ഷം: വി വി രാജേഷും ശിവന്‍കുട്ടിയും കടകംപള്ളിയും പ്രതികള്‍

തിരുവനന്തപുരം: തിരുവനന്തപുരം കോര്‍പ്പറേഷനിലെ സംഘര്‍ഷത്തില്‍ മേയര്‍ വി വി രാജേഷ്, മുന്‍ മന്ത്രിമാരായ വി ശിവന്‍കുട്ടി, കടകംപള്ളി സുരേന്ദ്രന്‍ തുടങ്ങിയവര്‍ക്കെതിരെയും കേസ്.

നാല് കേസുകളാണ് സംഭവത്തില്‍ മ്യൂസിയം പൊലീസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.

ശിവന്‍കുട്ടിക്കും കടകംപള്ളി സുരേന്ദ്രനും എതിരെ പൊലീസ് സ്വമേധയാ ആണ് കേസെടുത്തത്.  സിപിഐഎമ്മിന്റെ പരാതിയിലാണ് മേയര്‍ക്കും ഡെപ്യൂട്ടി മേയര്‍ക്കും എതിരെ കേസെടുത്തിരിക്കുന്നത്.

ദേഹോപദ്രവം ഏല്‍പ്പിക്കല്‍ അടക്കമുള്ള വകുപ്പുകള്‍ ചുമത്തിയാണ് കേസ്. മേയര്‍ എല്‍ഡിഎഫ് കൗണ്‍സിലര്‍മാരെ അസഭ്യം പറഞ്ഞെന്നും മര്‍ദിച്ചെന്നും എഫ്‌ഐആറില്‍ ഉണ്ട്.

എല്‍ഡിഎഫ് കൗണ്‍സിലര്‍ എസ് പി ദീപക് ബിജെപി കൗണ്‍സിലറെ ചവിട്ടിയെന്നും എഫ്‌ഐആറില്‍ പറയുന്നു.

8 മാസമായി കൂലിയില്ല; കേരളത്തിലെ കൈത്തറി തൊഴിലാളികൾ പ്രതിസന്ധിയിൽ

കാസർഗോഡ്: എട്ട് മാസമായി കൂലി ലഭിക്കാത്തതിനെ തുടർന്ന് സംസ്ഥാനത്തെ പരമ്പരാഗത കൈത്തറി നെയ്ത്ത് തൊഴിലാളികൾ കടുത്ത സാമ്പത്തിക പ്രതിസന്ധിയിൽ. സംസ്ഥാനത്താകെ 6,500-ലധികം നെയ്ത്ത് തൊഴിലാളികളും 15,000-ത്തിലധികം അനുബന്ധ തൊഴിലാളികളുമാണ് ദുരിതം നേരിടുന്നത്. കാസർഗോഡ് ജില്ലയിൽ മാത്രം 50 ലക്ഷത്തിലധികം രൂപയുടെ കുടിശ്ശിക തൊഴിലാളികൾക്കും കൈത്തറി സംഘങ്ങൾക്കും ലഭിക്കാനുണ്ട്.

സംസ്ഥാനത്ത് രജിസ്റ്റർ ചെയ്തിട്ടുള്ള 500-ഓളം പരമ്പരാഗത കൈത്തറി സംഘങ്ങളിൽ 80 എണ്ണം മാത്രമാണ് നിലവിൽ സജീവമായി പ്രവർത്തിക്കുന്നത്. ഈ സംഘങ്ങളിലാണ് ആയിരക്കണക്കിന് തൊഴിലാളികൾ ജോലി ചെയ്യുന്നത്.

സ്കൂൾ യൂണിഫോം നിർമ്മാണത്തിന്റെ ചുമതല സംസ്ഥാന സർക്കാർ കൈത്തറി സംഘങ്ങൾക്ക് നൽകിയിരുന്നു. ഇതിന്റെ ഭാഗമായി യൂണിഫോമുകൾ തയ്യാറാക്കി കൈമാറിയെങ്കിലും, അതിനുള്ള കൂലി എട്ട് മാസമായി ലഭിച്ചിട്ടില്ലെന്നാണ് തൊഴിലാളികളുടെ പരാതി.

നിലവിലെ സംവിധാനപ്രകാരം കൂലിയുടെ 40 ശതമാനം കൈത്തറി സംഘങ്ങളും 60 ശതമാനം സർക്കാരുമാണ് നൽകേണ്ടത്. സർക്കാർ വിഹിതം ലഭിക്കാത്തതോടെയാണ് തൊഴിലാളികളും സംഘങ്ങളും കടുത്ത പ്രതിസന്ധിയിലായത്.

ഖാദി-ഗ്രാമ നെയ്ത്ത്, നൂൽനൂൽപ്പ് മേഖലകളുടെ വികസനത്തിനായി ₹14.80 കോടി രൂപയും, പരമ്പരാഗത വ്യവസായങ്ങളുടെ ഉൽപ്പാദന-വിപണന പ്രവർത്തനങ്ങൾക്കായി അധികമായി ₹11 കോടി രൂപയും സംസ്ഥാന ബജറ്റിൽ വകയിരുത്തിയിട്ടുണ്ടെങ്കിലും, ഈ തുകയുടെ പ്രയോജനം തൊഴിലാളികൾക്ക് എപ്പോൾ ലഭിക്കുമെന്ന കാര്യത്തിൽ വ്യക്തതയില്ല.

ഓണം വിപണിയെ ലക്ഷ്യമിട്ട് ഉൽപ്പന്നങ്ങൾ തയ്യാറാക്കുന്ന സമയത്താണ് കൂലി കുടിശ്ശിക രൂക്ഷമായിരിക്കുന്നത്. കുടിശ്ശിക അടിയന്തരമായി വിതരണം ചെയ്തില്ലെങ്കിൽ കൈത്തറി സംഘങ്ങൾക്കും തൊഴിലാളികൾക്കും മുന്നോട്ടുപോകാൻ കഴിയില്ലെന്നാണ് മേഖലയിൽ പ്രവർത്തിക്കുന്നവർ മുന്നറിയിപ്പ് നൽകുന്നത്.

കുടിക്കുമ്പോൾ നല്ല സാധനം കൊടുക്കണം, ഇല്ലെങ്കിൽ വല്ലതും കലക്കി കുടിച്ച് മദ്യ ദുരന്തം ഉണ്ടാകും; കെ മുരളീധരന്‍

തിരുവനന്തപുരം: വീര്യം കുറഞ്ഞ മദ്യത്തിന് നികുതി കുറക്കുന്നതിലെ വിവാദത്തില്‍ പ്രതികരണവുമായി മന്ത്രി കെ മുരളീധരന്‍.

സമ്പൂർണ മദ്യനിരോധനത്തിന് ഇപ്പോൾ കഴിയില്ല, വീര്യം കുറഞ്ഞ മദ്യം എങ്കിലും കൊടുത്തില്ലെങ്കിൽ വല്ലതും കലക്കി കുടിച്ച് മദ്യ ദുരന്തം ഉണ്ടാകും അതുകൊണ്ടാണ് വീര്യം കുറച്ചു കൊണ്ടുവരുന്നത്.

കുടിയന്മാർ എന്തായാലും സമൂഹത്തിൽ കുറച്ചുപേരുണ്ട്, കുടിക്കുമ്പോൾ നല്ല സാധനം കൊടുക്കണം അതിനാണ് കെ കരുണാകരൻ ബെവ്കോ തുടങ്ങിയതെന്നും അദ്ദേഹം പറഞ്ഞു.

വി.എം.സുധീരന്റെ പരസ്യപ്രതികരണത്തിൽ തീരുമാനം എടുക്കേണ്ടത് കെപിസിസിയാണ് സമ്പൂർണ മദ്യ നിരോധനം നടപ്പാക്കണമെങ്കിൽ അതിനുള്ള അന്തരീക്ഷം രൂപപ്പെടണമെന്നും കെ മുരളീധരന്‍ കൂട്ടിച്ചേര്‍ത്തു.

മന്ത്രിസഭയിൽ അഴിച്ചുപണിക്കൊരുങ്ങി ബിജെപി; നിർമല സീതാരാമൻ ഉൾപ്പെടെ മാറുമെന്ന് അഭ്യൂഹം

ഡൽഹി: മോദി സർക്കാരിന്‍റെ നിർണായകമായ കേന്ദ്രമന്ത്രിസഭ പുനസംഘടന അടുത്തയാഴ്ച നടന്നേക്കുമെന്ന് സൂചന.  ധനമന്ത്രി നിർമല സീതാരാമൻ ഉൾപ്പെടെയുള്ള മുതിർന്ന നേതാക്കളെ മന്ത്രിസഭയിൽ നിന്ന് മാറ്റിയേക്കുമെന്ന സൂചനകളാണ് ഇപ്പോൾ പുറത്തുവരുന്നത്.

വരാനിരിക്കുന്ന സംസ്ഥാന നിയമസഭാ തിരഞ്ഞെടുപ്പുകളും പാർട്ടിയുടെ രാഷ്ട്രീയ സമവാക്യങ്ങളും മുൻനിർത്തി വൻ അഴിച്ചുപണിക്കാണ് ബിജെപി ഒരുങ്ങുന്നത്.

ഭരണരംഗത്തും സാമ്പത്തിക മേഖലയിലും വലിയ മാറ്റങ്ങൾ ലക്ഷ്യമിട്ടുകൊണ്ടുള്ള നീക്കങ്ങളാണ് അണിയറയിൽ നടക്കുന്നത്. പ്രധാനമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറിയും മുൻ ആർബിഐ ഗവർണറുമായ ശക്തികാന്ത ദാസിനെ മന്ത്രിസഭയിൽ ഉൾപ്പെടുത്താൻ ആലോചനയുള്ളതായാണ് റിപ്പോർട്ട്. സാമ്പത്തിക വിദഗ്ധനായ അദ്ദേഹത്തിന് നിർണായകമായ വകുപ്പ് നൽകിയേക്കുമെന്നാണ് വിവരം.

നിലവിലെ പ്രമുഖ മന്ത്രിമാരായ ധർമ്മേന്ദ്ര പ്രധാൻ, ഹർദീപ് സിംഗ് പുരി എന്നിവർക്ക് മന്ത്രിസ്ഥാനം നഷ്ടമായേക്കുമെന്ന അഭ്യൂഹങ്ങൾ ശക്തമാണ്. ഇവരെ പാർട്ടി സംഘടന ചുമതലകളിലേക്ക് മാറ്റിയേക്കും.

മുൻ കേന്ദ്രമന്ത്രി അനുരാഗ് ഠാക്കൂർ വീണ്ടും മന്ത്രിസഭയിലേക്ക് തിരിച്ചെത്തുമെന്നാണ് ലഭിക്കുന്ന വിവരങ്ങൾ. സജീവമായ പാർട്ടി പ്രവർത്തനവും യുവനേതൃത്വമെന്ന നിലയിലുള്ള പ്രതിച്ഛായയുമാണ് അദ്ദേഹത്തിന് അനുകൂലമാകുന്നത്.

വിയ്യൂർ അതീവ സുരക്ഷ ജയിലിന് മുകളിൽ ഡ്രോൺ; അന്വേഷണം ആരംഭിച്ചു

തൃശ്ശൂർ: അതീവ സുരക്ഷയുള്ള വിയ്യൂർ ജയിലിന് മുകളിലായി ഡ്രോൺ. മൂന്ന് തവണയാണ് ജയിലിന് മുകളിൽ ഡ്രോൺ പറന്നത്. ഡ്രോൺ നിരോധിത മേഖലയാണ് ഈ പ്രദേശം.

കൊടും കുറ്റവാളികളടക്കമുള്ളവരെ പാർപ്പിച്ചിരിക്കുന്ന ജയിലാണിത്. ഡ്രോൺ പറപ്പിച്ച ആളെ കണ്ടെത്താനായില്ല.

റീൽ ചിത്രീകരണമായിരിക്കാമെന്നാണ് പൊലീസ് നൽകുന്ന പ്രാഥമിക വിവരം. സംഭവത്തിൽ വിയ്യൂർ പൊലീസും സംസ്ഥാന ഇന്റലിജൻസും അന്വേഷണം ആരംഭിച്ചു.

കേരളത്തിൽ വീണ്ടും മഴ ശക്തമാകുന്നുവെന്ന് മുന്നറിയിപ്പ്

തിരുവനന്തപുരം: സംസ്ഥാനത്ത് കാലവർഷം വീണ്ടും ശക്തമാകാൻ സാധ്യത. ജൂൺ 29ന് കാസർകോട്, കണ്ണൂർ ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. ശക്തമായ മഴയ്ക്കുള്ള സാധ്യത കണക്കിലെടുത്താണ് മുന്നറിയിപ്പ്.

മറ്റന്നാൾ മുതൽ സംസ്ഥാനത്ത് വീണ്ടും മഴ സജീവമാകുമെന്നാണ് കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. എന്നാൽ ഇന്നും നാളെയും ഒരു ജില്ലയിലും പ്രത്യേക മഴമുന്നറിയിപ്പ് നൽകിയിട്ടില്ല.

ജൂൺ 27ന് മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
ജൂൺ 28ന് പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലും യെല്ലോ അലർട്ട് നിലവിലുണ്ടാകും.

സംസ്ഥാനത്തിന്റെ വടക്കൻ ജില്ലകളിലാണ് മഴ കൂടുതൽ ശക്തമാകാനുള്ള സാധ്യതയെന്ന് മുന്നറിയിപ്പിൽ വ്യക്തമാക്കുന്നു.

ചക്കപ്പഴം പഴുക്കും മുൻപേ വാങ്ങിയെടുക്കും; കാട്ടാനയെ തടയാൻ ഇതൊക്കെയേ പരിഹാരമുള്ളൂവെന്ന് വനം മന്ത്രി

റാന്നി: കാട്ടാനയെ തടയാൻ വനാതിർത്തിയിൽ പുതിയ പദ്ധതി ആരംഭിക്കാൻ വനം വകുപ്പ്. അടുത്ത സീസൺ മുതൽ ചക്ക പഴുക്കും മുൻപേ വനം വകുപ്പ് നേരിട്ടെത്തി ശേഖരിക്കുമെന്ന് വനം വകുപ്പ് മന്ത്രി ഷിബു ബേബി ജോൺ.

ഇടിച്ചക്കയ്ക്ക് നല്ല ഡിമാൻഡുണ്ട്. ചക്ക പഴുക്കാൻ അനുവദിക്കാതെ അത് പറിച്ചു തന്നാൽ പണം നൽകാമെന്നും നഷ്ടം വന്നാൽ സഹിച്ചോളാമെന്നും മന്ത്രി പറഞ്ഞു. കാട്ടാനയെ തടയാൻ ഇതൊക്കെയേ ഉള്ളു പരിഹാരം. കർഷകനോട് പ്ലാവ് വെട്ടിക്കളയാൻ പറയാൻ പറ്റില്ല. പ്ലാവ് ഉണ്ടെങ്കിൽ ചക്ക പഴുത്ത് കഴിഞ്ഞാൽ ആന എങ്ങനെയെങ്കിലും ഇറങ്ങും. അത് യാഥാർത്ഥ്യമാണ്. വനം മന്ത്രിയല്ല, ആരും വന്ന് നിന്നാലും അത് തടയാനാവില്ല.

ചക്കയുടെ ശല്യം നിൽക്കുമ്പോഴാണ്, പ്ലാൻ്റേഷൻ കോർപറേഷൻ നേതൃത്വത്തിൽ വനഭൂമിയിൽ പൈനാപ്പിൾ കൃഷി നടക്കുന്നത്. കാട്ടാന ഇറങ്ങാൻ കാരണം ഇത്തരം രുചിക്കൂട്ടുകളാണെന്നും മന്ത്രി പറഞ്ഞു.

പാസ്‌പോര്‍ട്ട് അപേക്ഷ ഫീസ് കുത്തനെ കൂട്ടി; ജൂലൈ ഒന്ന് മുതല്‍ 2500 രൂപ

ന്യൂഡൽഹി: പാസ്‌പോർട്ട് ഫീസ് കുത്തനെ വർധിപ്പിച്ച് കേന്ദ്രസർക്കാർ. ജൂലൈ ഒന്നു മുതൽ 36 പേജുകളുള്ള പാസ്‌പോർട്ടിന്റെ അപേക്ഷ ഫീസ് 2500 രൂപയായിരിക്കും.

തത്കാൽ അപേക്ഷാഫീസ് 5000 രൂപയായും വർധിപ്പിച്ചിട്ടുണ്ട്. അന്താരാഷ്ട്ര യാത്രക്കാർ സാധാരണയായി ഉപയോഗിക്കുന്ന 60 പേജുള്ള പാസ്‌പോർട്ടിനുള്ള ഫീസ് 3500 രൂപയാക്കിയിട്ടുണ്ട്.

തത്കാൽ നിരക്ക് 6000 രൂപയായിരിക്കും. കേന്ദ്രവിദേശകാര്യമന്ത്രാലയമാണ് ഇതുസംബന്ധിച്ച വിജ്ഞാപനം പുറത്തിറക്കിയിരിക്കുന്നത്. പുതിയ നിരക്ക് പട്ടിക 2026 ജൂലൈ ഒന്നുമുതൽ പ്രാബല്യത്തിൽവരുമെന്ന് വിദേശകാര്യ മന്ത്രാലയം അറിയിച്ചു.

നിലവിൽ 36 പേജുകളുള്ള പാസ്‌പോർട്ട് അപേക്ഷയ്ക്ക് 1500 രൂപയും തത്കാൽ നിരക്ക് 3500 രൂപയുമാണ്. 60 പേജുകളുള്ള പാസ്‌പോർട്ട് അപേക്ഷയ്ക്ക് 2000 രൂപയും തത്കാൽ അപേക്ഷയ്ക്ക് 4000 രൂപയും.

പുതുക്കിയനിരക്കുകൾ പ്രകാരം നഷ്ടപ്പെട്ടതോ കേടുവന്നതോ ആയ പാസ്‌പോർട്ട് പുതുക്കാനുള്ള ഫീസ് 36 പേജിന് 5000 രൂപയും തത്കാൽ നിരക്ക് 6000 രൂപയുമായിരിക്കും. 60 പേജുകളുള്ള പാസ്‌പോർട്ടിനിത് യഥാക്രമം 6000, 8500 എന്നിങ്ങനെയായിരിക്കും നിരക്ക്.

18 വയസ്സിന് താഴെയുള്ളവർക്ക് 36 പേജുകളുള്ള പാസ്‌പോർട്ടിനായി 1750 രൂപയും തത്കാൽ അപേക്ഷയ്ക്കായി 4250 രൂപയും നൽകണം. നഷ്ടപ്പെട്ടതോ കേടുപാടുകൾ സംഭവിച്ചതാ ആയ പാസ്‌പോർട്ടുകൾക്ക് പകരം അപേക്ഷിക്കാനുള്ള ഫീസ് 4250 രൂപയും തത്കാൽ അപേക്ഷകൾക്ക് 6750 രൂപയുമാണ് നിരക്ക്.

മാസപ്പടി കേസില്‍ 9 മണിക്കൂറോളം ചോദ്യം ചെയ്ത് വീണയെ വിട്ടയച്ചു; വീണ്ടും വിളിപ്പിച്ചേക്കും

കൊച്ചി: സിഎംആർഎൽ എക്സാലോജിക് മാസപ്പടി കേസില്‍ പിണറായി വിജയന്‍റെ മകള്‍ വീണ ടിയെ ഇഡി രണ്ടാം തവണയും ചോദ്യം ചെയ്ത് വിട്ടയച്ചു.

9 മണിക്കൂറോളം ചോദ്യം ചെയ്ത ശേഷമാണ് കൊച്ചിയിലെ ഇഡി ഓഫീസിൽ നിന്ന് വീണ പുറത്തിറങ്ങിയത്. എസ്എഫ്ഐഒ രേഖകൾ കോടതിയിൽ നിന്ന് കിട്ടിയതിന് പിന്നാലെയാണ് വീണയെ കൊച്ചിയിലേക്ക് വിളിപ്പിച്ചത്.

ഈ മാസം 29 ന് ഹാജരാകാം എന്നായിരുന്നു നേരത്തെ വീണ അറിയിച്ചത്. എന്നാല്‍, ഇഡി വിളിപ്പിച്ചത് അനുസരിച്ചാണ് വീണ നേരത്തെ ഹാജരായത്. വീണയെ വീണ്ടും നോട്ടീസ് നൽകി വിളിപ്പിച്ചേക്കും.

ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിൽ കക്ഷി ചേരാൻ ED; കോടതിയിൽ അപേക്ഷ നൽകും

പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ വീട്ടിലെ റെയ്ഡ് കഴിഞ്ഞു മടങ്ങിയ ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിൽ ഇഡിയും കക്ഷിചേരും. കോടതിയിൽ അപേക്ഷ നൽകും. പ്രോസിക്യൂട്ടർ ഗീനാകുമാരിക്ക് എതിരെ പോലീസ് ഡയറക്ടർ ജനറൽ ഓഫ് പ്രോസിക്യൂഷന് പരാതി നൽകും. പോലീസ് റിപ്പോർട്ട് അവഗണിച്ച് പ്രോസിക്യൂട്ടർ പ്രതിയുമായി ഒത്തുകളിച്ചെന്നാണ് പരാതി.

കേസിലെ ഒമ്പതാം പ്രതി കടകമ്പള്ളി സ്വദേശിയും സിപിഎം പ്രവർത്തകനുമായ ഹരീഷ് കുമാറിനാണ് കോടതി ജാമ്യം അനുവദിച്ചിരുന്നു. 27 ദിവസത്തെ ജുഡീഷ്യൽ കസ്റ്റഡിയ്ക്ക് ശേഷമാണ് ഹരീഷ് കുമാറിന് ജാമ്യം ലഭിക്കുന്നത്. മാസപ്പടി കേസുമായി ബന്ധപ്പെട്ട് പിണറായി വിജയന്റെ വീട്ടിൽ റെയ്ഡിനെത്തിയ ഇഡി ഉദ്യോഗസ്ഥർ പരിശോധന കഴിഞ്ഞ് പുറത്തിറങ്ങിയപ്പോഴായിരുന്നു ആക്രമിക്കപ്പെട്ടത്. ആക്രമണത്തിന് പിന്നിൽ സിപിഎം പ്രവർത്തകരായിരുന്നുവെന്നാണ് പൊലീസ് കണ്ടെത്തൽ.

മേയ് 27-നാണ് പിണറായി വിജയന്റെ തിരുവനന്തപുരത്തെയും കണ്ണൂരിലെയും വസതികൾ ഉൾപ്പെടെ 12 കേന്ദ്രങ്ങളിലാണ് ഇഡി ഒരേസമയം റെയ്ഡ് നടത്തിയത്. തിരുവനന്തപുരത്ത് 8 മണിക്കൂറോളം പരിശോധന നീണ്ടുനിന്നിരുന്നു. പരിശോധന കഴിഞ്ഞ് മടങ്ങുകയായിരുന്ന ഉദ്യോഗസ്ഥർ സഞ്ചരിച്ച വാഹനങ്ങളാണ് പ്രതിഷേധക്കാർ തടഞ്ഞുനിർത്തി ആക്രമിച്ചത്. കല്ലുകൾ, കമ്പുകൾ, കട്ടകൾ എന്നിവ ഉപയോഗിച്ച് വാഹനങ്ങൾക്ക് നേരെ ആക്രമണം അഴിച്ചുവിടുകയായിരുന്നു.

എന്‍സിഇആര്‍ടി പാഠപുസ്തകത്തില്‍ ആദ്യമായി അടിയന്തരാവസ്ഥ പഠന വിഷയം

അടിയന്തരാവസ്ഥ പ്രഖ്യാപിച്ച് അഞ്ച് പതിറ്റാണ്ടിലേറെ കാലത്തിന് ശേഷം ഇതാദ്യമായി അത് സ്‌കൂള്‍ സിലബസില്‍ ഉള്‍പ്പെടുത്തി എന്‍സിഇആര്‍ടി. ഒന്‍പതാം ക്ലാസിലെ പാഠപുസ്തകത്തിലാണ് അടിയന്തരാവസ്ഥയെക്കുറിച്ച് വിശദീകരിച്ചിരിക്കുന്നത്. ഇന്ത്യന്‍ ജനാധിപത്യത്തിന്റെ കരുത്തും വെല്ലുവിളികളും വിശദീകരിക്കുന്ന അധ്യായത്തിലാണ് അടിയന്തരാവസ്ഥ ഉള്‍പ്പെടുത്തിയിരിക്കുന്നത്. അടിയന്തരവാസ്ഥക്കാലത്ത് മൗലികാവകാശങ്ങള്‍ നിഷേധിക്കപ്പെട്ടെന്നും ഇത് ജനാധിപത്യത്തിന്റെ പ്രധാന വെല്ലുവിളിയായെന്നും പാഠപുസ്‌കത്തിലുണ്ടെന്നാണ് ദേശീയ മാധ്യമങ്ങളുടെ റിപ്പോര്‍ട്ട്.

ഒന്‍പതാം ക്ലാസിലെ പാഠപുസ്തകത്തില്‍ അടിയന്തരാവസ്ഥ ഉള്‍പ്പെടുത്തുന്നതായി എന്‍സിഇആര്‍ടി ഉന്നത ഉദ്യോഗസ്ഥര്‍ സ്ഥിരീകരിച്ചിട്ടുണ്ട്. 1970കളില്‍ ഇന്ദിരാ ഗാന്ധിയുടെ നേതൃത്വത്തിലുള്ള സര്‍ക്കാരിനെക്കുറിച്ച് പൊതുജനങ്ങള്‍ക്കിടയിലുണ്ടായ അതൃപ്തിയുടെ പശ്ചാത്തലത്തിലാണ് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചതെന്ന് പാഠഭാഗത്തില്‍ പറയുന്നു. പണപ്പെരുപ്പം, സാധനങ്ങളുടെ വിലക്കയറ്റം, തൊഴിലില്ലായ്മ, ഭരണത്തെക്കുറിച്ചുള്ള വിമര്‍ശനങ്ങള്‍ തുടങ്ങിയവ അക്കാലത്ത് ചര്‍ച്ചയായിരുന്നുവെന്നും ഇതേത്തുടര്‍ന്നാണ് 1975ല്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചതെന്നുമാണ് പാഠപുസ്തകത്തിലുള്ളത്.

അടിയന്തരാവസ്ഥയ്‌ക്കെതിരായ പോരാട്ടത്തില്‍ സോഷ്യലിസ്റ്റ് ചിന്തകന്‍ ജയപ്രകാശ് നാരായണന്‍ വഹിച്ച പങ്കും പാഠപുസ്‌കത്തില്‍ വിശദമാക്കിയിട്ടുണ്ട്. 77ന് ശേഷം നടന്ന തിരഞ്ഞെടുപ്പില്‍ ജനങ്ങള്‍ ജനാധിപത്യത്തിന്റെ ശക്തി പ്രദര്‍ശിപ്പിച്ചുവെന്നും ആ സര്‍ക്കാരിനെ താഴെയിറക്കിയെന്നും പാഠഭാഗത്തിലുണ്ട്. അടിയന്തരാവസ്ഥ പാഠപുസ്‌കത്തില്‍ ഉള്‍പ്പെടുത്തിയ തീരുമാനത്തെ ബിജെപി സ്വാഗതം ചെയ്തു.

സമാധാനം; വാണിജ്യ എല്‍പിജി നിയന്ത്രണങ്ങള്‍ നീക്കി കേന്ദ്രം; സംസ്ഥാനങ്ങള്‍ക്ക് കത്തയച്ചു

വാണിജ്യ എല്‍പിജി വിതരണത്തിനുള്ള നിയന്ത്രണങ്ങള്‍ നീക്കി കേന്ദ്രസര്‍ക്കാര്‍. പശ്ചിമേഷ്യന്‍ സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ ഏര്‍പ്പെടുത്തിയ താത്ക്കാലിയ നിയന്ത്രണങ്ങളാണ് നീക്കിയിരിക്കുന്നത്. ഇക്കാര്യം ചൂണ്ടിക്കാട്ടി സംസ്ഥാനങ്ങള്‍ക്ക് കേന്ദ്രം കത്തയച്ചു. കേന്ദ്ര പെട്രോളിയം മന്ത്രാലയത്തിന്റേതാണ് തീരുമാനം.

നിയന്ത്രണങ്ങള്‍ നീക്കിയത് ചൂണ്ടിക്കാട്ടി കേന്ദ്ര പെട്രോളിയം മന്ത്രാലയം സെക്രട്ടറി നീരജ് മിത്തലാണ് സംസ്ഥാന ചീഫ് സെക്രട്ടറിമാര്‍ക്ക് കത്തയച്ചത്. വാണിജ്യ എല്‍പിജി വിതരണം പ്രതിസന്ധിക്ക് മുമ്പുള്ള നിലവാരത്തിലേക്ക് പുനസ്ഥാപിക്കും. പ്രതിസന്ധിക്ക് മുമ്പുള്ള ഉപഭോഗത്തിന്റെ 50 ശതമാനം വരെ ബള്‍ക്ക് എല്‍പിജി വിതരണങ്ങള്‍ പുനസ്ഥാപിച്ചേക്കുമെന്നാണ് ലഭിക്കുന്ന വിവരം. ദീര്‍ഘകാല പരിഹാരമായി പിഎന്‍ജിയിലേക്ക് മാറുന്നത് പരിഗണിക്കണമെന്ന നിര്‍ദേശവും കേന്ദ്രം ആവര്‍ത്തിച്ചിട്ടുണ്ട്.

അതേസമയം വിലവര്‍ധനവ് പിന്‍വലിക്കുന്നതുമായി ബന്ധപ്പെട്ട് നിലവില്‍ നിര്‍ദേശങ്ങളൊന്നും വന്നിട്ടില്ല. പെട്രോളിയം വിതരണ കമ്പനികളുടെ യോഗത്തിലായിരിക്കും ഇക്കാര്യത്തില്‍ തീരുമാനങ്ങള്‍ പ്രഖ്യാപിക്കുക. ഹോര്‍മുസ് കടലിടുക്ക് വഴിയുള്ള ചരക്ക് നീക്കങ്ങള്‍ പുനസ്ഥാപിക്കാന്‍ സാധിച്ചതിനാലാണ് രാജ്യത്തെ എല്‍പിജി പ്രതിസന്ധി ഒഴിയുന്നത്. വാണിജ്യ സിലിണ്ടറുകളുടെ വിലയേറിയതോടെ ഹോട്ടല്‍ ഭക്ഷണത്തിനും ചെലവേറിയിരുന്നു