സ്വകാര്യം മൈക്കിലൂടെ പുറത്തായി; മുഖ്യമന്ത്രിയ്‌ക്കെതിരെ വിമര്‍ശനവുമായി പ്രതിപക്ഷം

0

തിരുവനന്തപുരം: മൂലം വള്ളംകളി പ്രമാണിച്ച് കുട്ടനാട് താലൂക്കിന് പ്രാദേശിക അവധി അനുവദിക്കുന്നതുമായി ബന്ധപ്പെട്ട് നിയമസഭയില്‍ മുഖ്യമന്ത്രി വി.ഡി സതീശന്‍ നടത്തിയ പരാമര്‍ശം വലിയ രാഷ്ട്രീയ വിവാദത്തിന് വഴിവെച്ചിരിക്കുകയാണ്. യുഡിഎഫ് ഘടകകക്ഷിയായ കേരള കോണ്‍ഗ്രസിന്റെ നേതാവും കുട്ടനാട് എംഎല്‍എയുമായ റെജി ചെറിയാന്‍ ഉന്നയിച്ച സബ്മിഷന് ഔദ്യോഗികമായി അനുകൂല മറുപടി നല്‍കിയ ശേഷം, സീറ്റിലിരുന്ന് ‘ഒരു കാരണവശാലും അവധി കൊടുക്കില്ല’ എന്ന് മുഖ്യമന്ത്രി സ്വകാര്യം പറഞ്ഞത് സഭയിലെ മൈക്കിലൂടെ പുറത്തായതാണ് പ്രതിസന്ധി സൃഷ്ടിച്ചത്.

പുതുതായി പൊതു അവധികളോ പ്രാദേശിക അവധികളോ അനുവദിക്കേണ്ടതില്ലെന്നാണ് പൊതുവായ സര്‍ക്കാര്‍ നയമെന്ന് വ്യക്തമാക്കിയ മുഖ്യമന്ത്രി, മൂലം വള്ളംകളിയുടെ പ്രാധാന്യം കണക്കിലെടുത്ത് കുട്ടനാടിന് പ്രാദേശിക അവധി നല്‍കുന്ന കാര്യം സര്‍ക്കാര്‍ പരിശോധിച്ച് തീരുമാനിക്കുമെന്നാണ് സഭയെ അറിയിച്ചത്. എന്നാല്‍ മറുപടി നല്‍കി സീറ്റില്‍ തിരിച്ചെത്തിയ ഉടന്‍ അടുത്തിരുന്ന മന്ത്രിയോട് മുഖ്യമന്ത്രി സ്വരം താഴ്ത്തി പറഞ്ഞ വാചകം മൈക്ക് ഓഫാകാതിരുന്നതിനാല്‍ തത്സമയ സംപ്രേഷണത്തില്‍ വ്യക്തമായി കേള്‍ക്കുകയായിരുന്നു.

ഈ വീഡിയോ ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ വ്യാപകമായി പങ്കുവെച്ചുകൊണ്ട് സിപിഎം അനുകൂല പ്രൊഫൈലുകള്‍ മുഖ്യമന്ത്രിയുടെ വിശ്വാസ്യതയെ ചോദ്യം ചെയ്ത് രംഗത്തെത്തിയിട്ടുണ്ട്. എഴുതിത്തയ്യാറാക്കിയ മറുപടിക്ക് പിന്നില്‍ പുറത്തുവരുന്നത് മുഖ്യമന്ത്രിയുടെ യഥാര്‍ത്ഥ മനസ്സിലിരിപ്പാണെന്ന് കെ.യു ജനീഷ് കുമാര്‍ എംഎല്‍എ ഫെയ്സ്ബുക്കിലൂടെ പരിഹസിച്ചു.

ബിനീഷ് കോടിയേരി അടക്കമുള്ള പ്രമുഖരും ഈ വീഡിയോ പങ്കുവെച്ച് രംഗത്തെത്തിയിട്ടുണ്ട്. അതേസമയം, മുഖ്യമന്ത്രിയുടെ ഈ പ്രതികരണം താന്‍ ശ്രദ്ധിച്ചില്ലെന്നാണ് കുട്ടനാട് എംഎല്‍എ റെജി ചെറിയാന്‍ മാധ്യമങ്ങളോട് പ്രതികരിച്ചത്. ആറന്മുള കഴിഞ്ഞാല്‍ സംസ്ഥാനത്തെ ഏറ്റവും പുരാതനമായ വള്ളംകളിയാണ് ചമ്പക്കുളം മൂലം വള്ളംകളിയെന്നും, പ്രദേശവാസികളുടെ ഈ ന്യായമായ ആവശ്യത്തില്‍ പരിശോധിച്ച് അനുകൂല തീരുമാനമെടുക്കുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ജനം ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന വള്ളംകളി നടക്കാന്‍ ദിവസങ്ങള്‍ മാത്രം ബാക്കിനില്‍ക്കെ ഈ ‘മൈക്ക് വിവാദം’ രാഷ്ട്രീയമായി കൂടുതല്‍ പുകയാനാണ് സാധ്യത.

LEAVE A REPLY

Please enter your comment!
Please enter your name here