സിജെപിയുടെ എക്‌സ് അക്കൗണ്ട് നിരോധനം; അഭിജീത്ത് ദിപ്‌കേയെ വിളിപ്പിച്ച് ഐടി മന്ത്രാലയം

ന്യൂഡല്‍ഹി: കോക്രാച്ച് ജനത പാര്‍ട്ടിയുടെ എക്‌സ് അക്കൗണ്ട് മരവിപ്പിച്ചതില്‍ പരാതി കേള്‍ക്കാന്‍ കേന്ദ്രം. പാര്‍ട്ടി സ്ഥാപകന്‍ അഭിജീത്ത് ദീപ്‌കേയോട് ഹാജരാകാന്‍ ആവശ്യപ്പെട്ടിരിക്കുകയാണ് ഐടി മന്ത്രാലയം.

ഡല്‍ഹിയിലെ ഇലക്ട്രോണിക്‌സ് നികേതനില്‍ ഇന്ന് ഹാജരാകണം എന്നാവശ്യപ്പെട്ടാണ് നോട്ടീസ് നല്‍കിയത്. മെയ് 21നാണ് സിജെപിയുടെ ആദ്യ എക്‌സ് അക്കൗണ്ട് മരവിപ്പിച്ചത്. ഇതേതുടർന്ന് അഭിജീത്ത് നല്‍കിയ പരാതിയിലാണ് ഇപ്പോള്‍ നടപടി ഉണ്ടായിരിക്കുന്നത്.

ജൂണ്‍ 24ന് ഉച്ചയോടെ ഹാജരാകാനാണ് നിർദേശം. ജന്തര്‍ മന്ദറിന് സമീപത്തുള്ള പ്രതിഷേധ വേദി ഒഴിപ്പിക്കാനുള്ള ഡല്‍ഹി പൊലീസിന്റെ നീക്കത്തിനിടെ ഉണ്ടായ പുതിയ നടപടിയാണ് ഇതെന്നാണ് സിജെപി വൃത്തങ്ങള്‍ ആരോപിക്കുന്നത്.

പ്രതിഷേധ വേദിയിലേക്ക് കുടിവെള്ളവും ഭക്ഷണവും എത്തുന്നതില്‍ കാലതാമസമുണ്ടെന്നും ശുചിമുറികളില്‍ വെള്ളം ഇല്ലാത്ത ബുദ്ധിമുട്ടുകളുമുണ്ടെന്നും ദീപ്‌കേ മുമ്പ് പരാതിപ്പെട്ടിരുന്നു.കഴിഞ്ഞ ദിവസം ദീപ്‌കേയുടെ നേതൃത്വത്തില്‍ കേന്ദ്രത്തിനെതിരെ പ്രതിഷേധം കടുപ്പിച്ചിരുന്നു. ധര്‍മേന്ദ്ര പ്രധാന്റെ രാജി ആവശ്യപ്പെട്ട് “Diaper A Day Keeps Leaks Away” എന്ന പേരില്‍ ക്യാമ്പയിന്‍ നടത്തിയിരുന്നു. ഡയപ്പറില്‍ മന്ത്രിയുടെ രാജി ആവശ്യം എഴുതി നല്‍കണമെന്നായിരുന്നു പ്രതിഷേധക്കാര്‍ക്ക് ലഭിച്ച നിര്‍ദേശം.

ശബരിമലയിലെ ദ്വാരപാലക ശില്പപാളികൾ  ഇല്ലാത്ത കേടുപാടുകൾ റിപ്പോർട്ടിൽ ഉണ്ടാക്കി

പത്തനംതിട്ട:  ശബരിമലയിലെ ദ്വാരപാലക ശില്പപാളികൾ സ്വർണംപൂശാൻ വേണ്ടി,  ഇല്ലാത്ത കേടുപാടുകൾ റിപ്പോർട്ടിൽ ഉണ്ടാക്കിയതായി സൂചന.

2019-ൽ നടന്നതിനെക്കാൾ വലിയ ഗൂഢാലോചനയും ഫയലുകളിലെ കൃത്രിമവും കഴിഞ്ഞ വർഷത്തെ സ്വർണംപൂശലിൽ ഉണ്ടായെന്നാണ് വിവരം സ്വർണക്കൊള്ള അന്വേഷിക്കുന്ന പ്രത്യേക അന്വേഷണ സംഘത്തിന് (എസ്.ഐ.ടി.) നിർണായകവിവരം കിട്ടി

ചെന്നൈയിലെ സ്മാർട്ട് ക്രിയേഷൻസിൽനിന്ന് വാറന്റി കിട്ടാതിരിക്കാനുള്ള ശ്രമമാണ് നടന്നത്. വാറന്റി ഇല്ലെങ്കിലേ ഉണ്ണികൃഷ്ണൻ പോറ്റിയുടെ ചെലവിൽ പൂശൽ നടക്കൂ. അതിന്റെ പേരിൽ പോറ്റിക്ക് പിരിവ് നടത്താനുള്ള കളമൊരുക്കുകയായിരുന്നുവെന്നാണ് എസ്.ഐ.ടി.

സംശയിക്കുന്നത്.  2019-ൽ സ്വർണംപൂശി സ്ഥാപിച്ച പാളികളിൽ മൂന്നുകൊല്ലംകൊണ്ട് ഇത്രയും പൊട്ടലുണ്ടായെങ്കിൽ വിജയ്‌മല്യ സ്വർണംപൂശിയ 1998 മുതൽ 2019 വരെ പൊട്ടലില്ലാതിരുന്നത് എന്താണെന്ന ചോദ്യത്തിന് ഉത്തരം എസ്.ഐ.ടി. തേടുന്നുണ്ട്. കഴിഞ്ഞകൊല്ലത്തെ സ്വർണം പൂശലിനു തയ്യാറാക്കിയ റിപ്പോർട്ടിൽ, പാളികളിൽ നിക്കൽ തെളിഞ്ഞുകാണാമെന്നും പറയുന്നുണ്ട്. 

ഇതിനുള്ള ആസൂത്രണം നടന്നതായി ദേവസ്വംബോർഡ് യോഗത്തിലേക്കുവന്ന റിപ്പോർട്ട് തെളിവാകുന്നു.

സെപ്റ്റംബർ നാലിനാണ് ഉണ്ണികൃഷ്ണൻ പോറ്റിയുടെ പേരിൽ 40 വർഷത്തെ വാറന്റി സർട്ടിഫിക്കറ്റ് ചെന്നൈ സ്മാർട്ട് ക്രിയേഷൻസ് നൽകിയത്. പോറ്റിയുടെ ബെംഗളൂരുവിലെ വിലാസത്തിലാണ് സർട്ടിഫിക്കറ്റ്. തിരുവിതാംകൂർ ദേവസ്വംബോർഡ്, ശബരിമല എന്നീവാക്കുകളൊന്നും ഇതിലില്ല. ഭൗതികമായി കേടുപാടുകൾ ഉണ്ടെങ്കിലോ, രാസവസ്തുക്കൾ ഉപയോഗിച്ച് തുടച്ചെങ്കിലോ വാറന്റി കിട്ടില്ലെന്ന് സർട്ടിഫിക്കറ്റിലുണ്ട്.

പിഎം ശ്രീയിൽ നിന്ന് പിന്മാറാൻ അവകാശം ഇല്ലെന്ന വാദം ശരിയല്ലെന്ന് പിണറായി

തിരുവനന്തപുരം: പിഎം ശ്രീ പദ്ധതിയെച്ചൊല്ലി  നിയമസഭയിൽ ഭരണ പ്രതിപക്ഷ പോര്. അധികാരത്തിൽ വന്നപ്പോ എവിടേയോ ഒഴുക്കി കളയുമെന്ന് പറഞ്ഞില്ലേയെന്ന്  പ്രതിപക്ഷ നേതാവ് പിണറായി വിജയൻ  ചോദിച്ചു.

എന്തേ ഒഴുക്കാൻ തയ്യാറാകാത്തത് അധികാരത്തിൽ വന്ന് ഒരു മാസത്തിനകം അതുവരെ ഉണ്ടായിരുന്ന നിലപാടെല്ലാം മാറി കരാർ  ഒപ്പിട്ട് എട്ട് മാസം ആയി ഇതേ വരെ ആ പദ്ധതി നടപ്പായിട്ടില്ല ഇത് കേന്ദ്രസർക്കാരും സമ്മതിക്കുന്നുണ്ട്.

എൽഡിഎഫ് സർക്കാർ കരാർ മരവിപ്പിച്ചു നിലവിൽ പിഎം ശ്രീ നടപ്പായിട്ടില്ല. ഒപ്പിട്ടാൽ പിന്മാറാൻ അവകാശം ഇല്ലെന്ന വാദം ശരിയല്ല ധാരണപത്ര പ്രകാരം ചെയ്യേണ്ട ഒരു കാര്യവും ചെയ്തില്ലെന്നും അദ്ദേഹം പറഞ്ഞു.

‘അമ്മ’ വിവാദത്തിൽ പ്രതികരണവുമായി മമ്മൂട്ടി

കൊച്ചി: താരസംഘടനയായ ‘അമ്മ’യിലെ ആഭ്യന്തര തർക്കം രൂക്ഷമായ സാഹചര്യത്തിൽ നടൻ മമ്മൂട്ടി പ്രതികരണവുമായി രംഗത്തെത്തി. എല്ലാ പ്രശ്നങ്ങൾക്കും പരിഹാരമുണ്ടാകുമെന്നും അതുവരെ കാത്തിരിക്കണമെന്നുമായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

കഴിഞ്ഞ ദിവസമാണ് സംഘടനയിലെ മുഴുവൻ ഭരണസമിതി അംഗങ്ങളും രാജിവച്ചത്. ‘അമ്മ’യുടെ വാർഷിക ജനറൽ ബോഡി യോഗത്തിനിടെ വരവ്-ചെലവ് കണക്കുകളെ ചൊല്ലിയുള്ള തർക്കം കടുത്തതോടെയാണ് ഭരണസമിതി കൂട്ടത്തോടെ രാജിവെക്കാൻ തയ്യാറായത്. യോഗത്തിൽ കണക്കുകളുമായി ബന്ധപ്പെട്ട ചോദ്യങ്ങളും ആരോപണങ്ങളും ഉയർന്നതോടെ അന്തരീക്ഷം വഷളായതായാണ് വിവരം.

ഈ പശ്ചാത്തലത്തിലാണ് ദില്ലിയിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കവെ മമ്മൂട്ടി പ്രതികരിച്ചത്. സംഘടനയ്ക്കുള്ളിൽ ഉയർന്നിരിക്കുന്ന പ്രതിസന്ധികൾക്ക് പരിഹാരം കാണാനാകുമെന്നും അതിനായി എല്ലാവരും കാത്തിരിക്കണമെന്നുമാണ് അദ്ദേഹം പറഞ്ഞത്.

അയോധ്യ രാമക്ഷേത്ര സംഭാവന കൊള്ള; റിപ്പോർട്ട് തേടി പ്രധാനമന്ത്രി

അയോധ്യ രാമക്ഷേത്രത്തിലെ സംഭാവന ക്രമക്കേടിൽ റിപ്പോർട്ട് തേടി പ്രധാനമന്ത്രി നരേന്ദ്ര മോദി. പ്രാഥമിക അന്വേഷണ റിപ്പോർട്ട് യുപി സർക്കാർ പ്രധാനമന്ത്രിയുടെ ഓഫീസിന് കൈമാറി. പ്രത്യേക അന്വേഷണ സംഘം സമർപ്പിച്ച റിപ്പോർട്ട് കൈമാറി. അന്വേഷണവുമായി ബന്ധപ്പെട്ട പ്രാഥമിക റിപ്പോർട്ടാണ് സമർപ്പിച്ചത്.

അതിനിടെ അയോധ്യ ക്ഷേത്രത്തിൻ്റെ ഭരണ ചുമതല ജില്ലാ മജിസ്‌ട്രേറ്റിന് നൽകി. ദൈനംദിന ഭരണ ചുമതല ജില്ലാ മജിസ്‌ട്രേറ്റ് ഏറ്റെടുത്തു. ശശാങ്ക് ത്രിപാഠിക്ക് ആണ് ചുമതല. കാണിക്ക എണ്ണുന്നതിലും മാറ്റം വരുത്തി. മേശയിൽ വച്ച് പണം എണ്ണരുത്. തറയിൽ പരവതാനി വിരിച്ച് അതിൽ പണം എണ്ണണം. ഭണ്ഡാരത്തിൽ നിന്ന് പണം മാറ്റുമ്പോഴും എണ്ണുമ്പോഴും വീഡിയോ നിർബന്ധമായും ചിത്രീകരിക്കണം.

അതേസമയം പണം എണ്ണി തിട്ടപ്പെടുത്തുന്ന 40 ജീവനക്കാരെ ട്രസ്റ്റ് ചുമതലകളിൽ നിന്ന് മാറ്റിനിർത്തി. പ്രത്യേക അന്വേഷണ സംഘം മൊഴി രേഖപ്പെടുത്തിയ ജീവനക്കാർക്കെതിരെയാണ് ഈ അടിയന്തര നടപടി സ്വീകരിച്ചത്. ഇതിനൊപ്പം തന്നെ സുരക്ഷ ശക്തമാക്കുന്നതിന്റെ ഭാഗമായി പണം എണ്ണുന്ന മുറിയിലെ സി സി ടി വി ക്യാമറകളുടെ എണ്ണവും വർദ്ധിപ്പിച്ചു. ഇതിനിടെ ക്രമക്കേടുകൾ ചൂണ്ടിക്കാട്ടി നിലവിലെ ക്ഷേത്ര ട്രസ്റ്റ് പിരിച്ചുവിടണമെന്ന് ആവശ്യപ്പെട്ട് രാമജന്മഭൂമി പ്രക്ഷോഭ കാലത്തെ കർസേവകരുടെ സംഘടനയായ ധർമ്മസേന പ്രധാനമന്ത്രിക്ക് കത്തയച്ചു

പ്രിയദര്‍ശിനിക്ക് ലോഗോ ക്ഷണിച്ച് കെഎസ്ആര്‍ടിസി

തിരുവനന്തപുരം: സ്ത്രീകള്‍ക്ക് സൗജന്യയാത്ര അനുവദിക്കുന്ന പ്രിയദര്‍ശി യാത്രാ പദ്ധതിക്ക് കെഎസ്ആര്‍ടിസിക്ക് ലോഗോ ക്ഷണിച്ചു. മികച്ച ലോഗോയ്ക്ക് 10,000 രൂപ കെഎസ്ആര്‍ടിസി സമ്മാനമായി നല്‍കും. ലോഗോ തയ്യാറാക്കുന്നത് സംബന്ധിച്ച് ചില നിര്‍ദേശങ്ങളും കെഎസ്ആര്‍ടിസി മുന്നോട്ടുവെച്ചു.

ലോഗോ ഡിസൈന്‍ നിര്‍ദേശങ്ങള്‍-

ലോഗോ സ്ത്രീ ശാക്തീകരണം, സാമൂഹിക സമത്വം, സ്വതന്ത്ര യാത്ര എന്നീ ആശയങ്ങള്‍ പ്രതിഫലിപ്പിക്കുന്നതായിരിക്കണം.

ലോഗോയില്‍ ‘പ്രിയദര്‍ശിനി’ പദ്ധതിയുടെ ലക്ഷ്യവും സന്ദേശവും വ്യക്തമായി ഉള്‍ക്കൊള്ളിക്കേണ്ടതാണ്.

ലോഗോ പൂര്‍ണ്ണമായും സൃഷ്ടാവിന്റെ സ്വന്തം രൂപകല്‍പ്പനയായിരിക്കണം. പകര്‍പ്പവകാശ ലംഘനം ഉണ്ടാകാന്‍ പാടില്ല.

തെരഞ്ഞെടുക്കപ്പെടുന്ന ലോഗോയുടെ എല്ലാ ഉപയോഗാവകാശങ്ങളും കെ.എസ്.ആര്‍.ടി.സി.യ്ക്ക് ആയിരിക്കും.

ഫയല്‍ സ്‌പെസിഫിക്കേഷന്‍

ഫോര്‍മാറ്റ്: PNG, PSD, PDF, CDR & Vector Format- ലഭ്യമെങ്കില്‍ AI/EPS/SVG കൂടി സമര്‍പ്പിക്കാം)

റസലൂഷന്‍: കുറഞ്ഞത് 300 DPI

സൈസ്: കുറഞ്ഞത് 6000 × 6000 Pixels

കളര്‍ മോഡ്: RGB (പ്രിന്റിംഗിനായി CMYK വേര്‍ഷന്‍ അഭികാമ്യം)

ഫയല്‍ വലുപ്പം: പരമാവധി 100 MB

ജൂണ്‍ 30നകം ലോഗോ [email protected] എന്ന മെയിലില്‍ അയക്കണം. 

കൊട്ടാരക്കര വാഹനാപകടം: ലോറി ഡ്രൈവര്‍ക്കെതിരെ മനഃപൂര്‍വമല്ലാത്ത നരഹത്യക്ക് കേസ്

തിരുവനന്തപുരം: കൊട്ടാരക്കര വാഹനാപകടത്തില്‍ ലോറി ഡ്രൈവര്‍ക്കെതിരെ മനഃപ്പൂര്‍വ്വം അല്ലാത്ത നരഹത്യയ്ക്ക് കേസെടുത്ത് പൊലീസ്.

അശ്രദ്ധമായി വാഹനം ഓടിച്ച് മനുഷ്യജീവന് ആപത്തുണ്ടാക്കിയ വകുപ്പുകളും ഉള്‍പ്പെടുത്തിയാണ് കേസ്. കൂടുതല്‍ വകുപ്പുകള്‍ തുടര്‍ പരിശോധനയ്ക്ക് ശേഷം ഉള്‍പ്പെടുത്തും.

മോട്ടോര്‍ വാഹന വകുപ്പിന്റെ റിപ്പോര്‍ട്ട് കൂടി ലഭിച്ചശേഷമായിരിക്കും മേല്‍ നടപടികള്‍ സ്വീകരിക്കുക.അതേസമയം അപകടത്തില്‍പ്പെട്ട വാഹനം ഓടിച്ച ലോറി ഡ്രൈവര്‍ക്ക് ഹെവി ലൈസന്‍സ് ഇല്ലെന്ന് മോട്ടോര്‍ വാഹന വകുപ്പ് അറിയിച്ചിരുന്നു.

വിദേശത്ത് നിന്ന് എത്തിയ ശേഷം ലോറി ഓടിക്കുന്നത് ഇന്ന് ആദ്യമായാണ്. ടിപ്പറിന് മണ്ണ് എടുക്കാനുള്ള പാസുമില്ല. സ്പീഡ് ഗവര്‍ണറും ജിപിഎസും വാഹനത്തിലില്ല. സ്‌കൂള്‍ സമയങ്ങളിലെ ടിപ്പര്‍ ഗതാഗതത്തിന് നിയന്ത്രണം കൊണ്ടുവരുമെന്ന് ബിന്ദു കൃഷ്ണ പറഞ്ഞിരുന്നു.

ദേശീയ വർക്കിങ് കമ്മിറ്റി പുനഃസംഘടിപ്പിച്ച് തൃണമൂൽ കോൺഗ്രസ്

ന്യൂഡൽഹി: പാർട്ടിയിൽ വിമത നീക്കം ശക്തമായതിന് പിന്നാലെ ദേശീയ വർക്കിങ് കമ്മിറ്റി പുനഃസംഘടിപ്പിച്ച് തൃണമൂൽ കോൺഗ്രസ്. താൻ തന്നെയാണ് പാർട്ടിയുടെ പരമാധികാരിയെന്ന് വ്യക്തമാക്കിക്കൊണ്ട് മമത ബാനർജിയുടെ നേതൃത്വത്തിലുള്ള ഔദ്യോഗിക വിഭാഗം പുതിയ ഭാരവാഹികളുടെ പട്ടിക തിരഞ്ഞെടുപ്പ് കമ്മീഷന് സമർപ്പിച്ചു.

‘യഥാർത്ഥ തൃണമൂൽ കോൺഗ്രസ്’ തങ്ങളാണെന്ന് അവകാശപ്പെട്ട് വിമതർ രംഗത്തെത്തിയതിന് പിന്നാലെയാണ് മമതയുടെ വേഗത്തിലുള്ള ഈ നീക്കം. പശ്ചിമ ബംഗാളിൽ വലിയ പരാജയം ഉണ്ടായതിന് പിന്നാലെയാണ് പാർലമെന്റ്, നിയമസഭാ തലങ്ങളിൽ മമതയ്ക്കെതിരെ പാർട്ടിയിൽ വലിയ തോതിലുള്ള കലാപം പൊട്ടിപ്പുറപ്പെട്ടത്. മൂന്ന് പതിറ്റാണ്ട് മുൻപ് താൻ രൂപീകരിച്ച പാർട്ടിയിലെ നിയന്ത്രണം പൂർണ്ണമായി നിലനിർത്താനാണ് മമത ബാനർജിയുടെ ശ്രമം.

മമത ബാനർജി തന്നെയാണ് പാർട്ടി ചെയർപേഴ്സൺ. മുൻ രാജ്യസഭാ എം.പി. സുബ്രത ബക്‌ഷി വൈസ് ചെയർപേഴ്സണായും മമതയുടെ അനന്തരവൻ അഭിഷേക് ബാനർജി ദേശീയ ജനറൽ സെക്രട്ടറിയായും തുടരും. മുതിർന്ന നേതാക്കളായ ഡെറിക് ഒബ്രിയൻ, ഡോള സെൻ എന്നിവർ ജോയിന്റ് സെക്രട്ടറിമാരും മമതയുടെ വിശ്വസ്തരായ കല്യാൺ ബാനർജി, മഹുവ മൊയ്ത്ര എന്നിവർ വർക്കിങ് കമ്മിറ്റി അംഗങ്ങളുമാണ്.

അതേസമയം, വിമത പക്ഷത്ത് ഋതബ്രത ബാനർജിയുടെ നേതൃത്വത്തിലുള്ള വിഭാഗം മുതിർന്ന നേതാവ് അരൂപ് റോയിയെ തങ്ങളുടെ ചെയർമാനായി പ്രഖ്യാപിച്ചിരുന്നു. കൊൽക്കത്തയിലെ ന്യൂ ടൗണിലുള്ള ഒരു പഞ്ചനക്ഷത്ര ഹോട്ടലിൽ പ്രത്യേക യോഗം ചേർന്നാണ് ഇവർ ഈ തീരുമാനമെടുത്തത്. എങ്കിലും മമത ബാനർജിയെ പൂർണ്ണമായി തള്ളിപ്പറയാൻ വിമത വിഭാഗം തയ്യാറായിട്ടില്ല. മമത ബാനർജിക്ക് തങ്ങളുടെ പക്ഷത്തിന്റെ ‘മുഖ്യ ഉപദേശക’ ആകാൻ താല്പര്യമുണ്ടെങ്കിൽ സ്വാഗതം ചെയ്യുമെന്നാണ് ഋതബ്രത ബാനർജി വാർത്താസമ്മേളനത്തിൽ വ്യക്തമാക്കിയത്.

വിജയ്‌യെ അൺഫോളോ ചെയ്ത് തൃഷ; പിറന്നാൾ ആശംസയും നേർന്നില്ല, സൗഹൃദത്തിൽ വിള്ളലേറ്റോ?

തമിഴ്‌നാട് മുഖ്യമന്ത്രിയും സൂപ്പർതാരവുമായ ദളപതി വിജയ്‌യും പ്രമുഖ നടി തൃഷയും തമ്മിലുള്ള സൗഹൃദത്തിൽ വിള്ളലേറ്റോ എന്ന സംശയത്തിൽ ആരാധകർ. വിജയ്‌യുടെ അമ്പത്തിരണ്ടാം ജന്മദിനത്തിൽ തൃഷ ആശംസകൾ നേരാതിരുന്നതും, തൊട്ടുപിന്നാലെ ഇൻസ്റ്റാഗ്രാമിൽ വിജയ്‌യെ അൺഫോളോ ചെയ്തതുമാണ് ഇപ്പോൾ സാമൂഹിക മാധ്യമങ്ങളിൽ വലിയ ചർച്ചയായിരിക്കുന്നത്.

ഇരുവരും തമ്മിൽ പ്രണയത്തിലാണെന്ന തരത്തിലുള്ള അഭ്യൂഹങ്ങൾ നേരത്തെ തന്നെ ശക്തമായി പ്രചരിച്ചിരുന്നു. ഇതിനിടയിലാണ് ആരാധകരെ നിരാശരാക്കിക്കൊണ്ട് തൃഷയുടെ ഭാഗത്തുനിന്നും ഇങ്ങനെയൊരു നീക്കമുണ്ടായിരിക്കുന്നത്.

വിജയ്‌യുടെ കരിയറിലെ നിരവധി ഹിറ്റ് സിനിമകളിലെ നായികയായ തൃഷ, 2023 മുതൽ എല്ലാ വർഷവും വിജയ്‌ക്ക് ജന്മദിനാശംസകൾ കൃത്യമായി പങ്കുവെക്കാറുണ്ടായിരുന്നു. സാധാരണയായി ‘പ്രിയ സുഹൃത്ത്’, ‘ലെജൻഡ്’ എന്നിങ്ങനെയുള്ള വാക്കുകൾ ചേർത്താണ് നടി ആശംസകൾ നേരാറുള്ളത്. എന്നാൽ ഇത്തവണ മുഖ്യമന്ത്രിയായ ശേഷമുള്ള വിജയ്‌യുടെ ആദ്യ ജന്മദിനമായിട്ടും തൃഷയുടെ ഭാഗത്തുനിന്നും യാതൊരു പ്രതികരണവും ഉണ്ടാകാത്തത് നെറ്റിസൺസിനെ അത്ഭുതപ്പെടുത്തിയിരിക്കുകയാണ്. ഇരുവരും തമ്മിൽ എന്തെങ്കിലും തരത്തിലുള്ള പിണക്കത്തിലാണോ എന്നാണ് ആരാധകർ ഇപ്പോൾ സോഷ്യൽ മീഡിയയിലൂടെ ചോദിക്കുന്നത്.

തമിഴ്‌നാട് മുഖ്യമന്ത്രിയായി വിജയ് സത്യപ്രതിജ്ഞ ചെയ്ത ചടങ്ങിൽ മുൻനിരയിൽ തന്നെ സാക്ഷ്യം വഹിക്കാൻ തൃഷ എത്തിയിരുന്നു. അന്ന് മാധ്യമങ്ങളുടെയും ജനങ്ങളുടെയും പ്രധാന ശ്രദ്ധാകേന്ദ്രം കൂടിയായിരുന്നു തൃഷ. കൂടാതെ നടൻ അജിത്തിന്റെ അമ്മ അന്തരിച്ചപ്പോൾ അനുശോചനം അറിയിക്കാൻ വിജയ് എത്തിയപ്പോഴും, നിർമാതാവ് കൽപ്പാത്തി സുരേഷിന്റെ മകന്റെ വിവാഹ സൽക്കാരത്തിൽ പങ്കെടുത്തപ്പോഴും തൃഷ വിജയ്‌ക്കൊപ്പം ഉണ്ടായിരുന്നു. അടുത്ത സുഹൃത്തുക്കളായി പരസ്യമായി പ്രത്യക്ഷപ്പെട്ടിരുന്ന ഇരുവരും തമ്മിൽ ഇപ്പോൾ അകൽച്ചയിലാണോ എന്ന കാര്യത്തിൽ ഔദ്യോഗിക സ്ഥിരീകരണങ്ങളൊന്നും പുറത്തുവന്നിട്ടില്ല.

മൂന്നര വയസുകാരിക്ക് നേരെ ലൈംഗിക അതിക്രമം:  അങ്കണവാടി ടീച്ചറെ ചോദ്യം ചെയ്യും

എറണാകുളം: ഒടുനാട് തന്നെ ഞെട്ടിയ സംഭവമായിരുന്നു അങ്കണവാടിയിൽ മൂന്നര വയസുകാരി ലൈംഗിക അതിക്രമം നേരിട്ടുവെന്ന വാർത്ത.

അങ്കണവാടിയിൽ മൂന്നര വയസുകാരിക്ക് നേരെ ലൈംഗിക അതിക്രമം നടത്തിയ കേസിൽ പ്രതിയുടെ അമ്മയെ ചോദ്യം ചെയ്യാൻ ഒരുങ്ങുകയാണ് പൊലീസ്. കൂടാതെ ആയയുടെ മൊഴിയും പൊലീസ് രേഖപ്പെടുത്തും.

ലൈംഗിക അതിക്രമത്തെക്കുറിച്ച് അങ്കണവാടിയിലെ ടീച്ചറായ അമ്മയ്ക്ക് അറിവ് ഉണ്ടായിരുന്നു എന്ന സംശയയെ തുടർന്നാണ് ചോദ്യം ചെയ്യാൻ തീരുമാനമായത്.

പ്രതി എളമക്കര സ്വദേശിയായ കാശിനാഥ് (20)നിരന്തരം അങ്കണവാടിയിലേക്ക് എത്തിയിരുന്നുവെന്ന് അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു. പ്രതി ലഹരി ഉപയോഗിക്കുന്ന ആളാണെന്ന് പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്. ചോദ്യം ചെയ്യലിൽ കാശിനാഥ് കുറ്റം സമ്മതിച്ചിരുന്നു. പ്രതിയെ ഇന്ന് കോടതിയിൽ ഹാജരാക്കും.

ഇക്കഴിഞ്ഞ പതിനെട്ടാം തീയതിയായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്. കഴിഞ്ഞ ദിവസം വീട്ടിലെത്തിയപ്പോഴാണ് സ്വകാര്യഭാഗത്ത് വേദനയുണ്ടെന്ന് കുഞ്ഞ് അമ്മയോട് പറഞ്ഞത്. തുടർന്ന് മാതാപിതാക്കള്‍ വിവരം തിരക്കിയതോടെയാണ് വിവരം പുറത്തറിയുന്നത്.

ഓപ്പറേഷൻ തൂഫാനിൽ 2954 കേസുകളും, 3176  അറസ്റ്റും: കണക്കുകൾ വ്യക്തമാക്കി ആഭ്യന്തരമന്ത്രി

തിരുവനന്തപുരം:   ‘ഓപ്പറേഷൻ തൂഫാൻ’ ശക്തമായി നടപ്പിലാക്കുകയാണെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല നിയമസഭയെ അറിയിച്ചു.

ഓപ്പറേഷൻ തൂഫാനിലൂടെ സംസ്ഥാനത്താകെ ഇതുവരെ 2954 കേസുകൾ രജിസ്റ്റർ ചെയ്യുകയും 3176 പേരെ അറസ്റ്റ് ചെയ്യുകയും ചെയ്തിട്ടുണ്ട്.

കാര്യക്ഷമമായ പ്രവർത്തനങ്ങൾക്കായി സംസ്ഥാനത്തെ 84 പൊലീസ് സബ് ഡിവിഷനുകളിലായി പ്രത്യേക അന്വേഷണ സംഘങ്ങളെ നിയോഗിച്ചിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി.

ലഹരിക്കെതിരെയുള്ള ബഹുജന മുന്നേറ്റമാണ് ഇതിലൂടെ സർക്കാർ ലക്ഷ്യമിടുന്നത്.

മയക്കുമരുന്ന് വ്യാപനത്തിന്റെ കാര്യത്തിൽ നിലവിൽ കേരളം പഞ്ചാബിനെപ്പോലും കടത്തിവെട്ടുന്ന രീതിയിലാണ് കാര്യങ്ങളെന്ന് ചൂണ്ടിക്കാട്ടിയ ചെന്നിത്തല, ഒറ്റ ദിവസം കൊണ്ട് സംസ്ഥാനത്തെ ലഹരിവിമുക്തമാക്കാം എന്ന വ്യാമോഹമില്ലെന്നും കൂട്ടിച്ചേർത്തു.

സ്വർണവിലയിൽ വീണ്ടും വൻ ഇടിവ്

കൊച്ചി:   സ്വർണവിലയിൽ വീണ്ടും വൻ ഇടിവ്. ഗ്രാമിന് 190 രൂപയുടെ കുറവാണ് ഇന്നുണ്ടായത്.

രാജ്യാന്തര വിപണിയിലും സ്വർണവില ഇടിഞ്ഞിട്ടുണ്ട്. അതാണ് കേരളത്തിലും പ്രതിഫലിക്കുന്നത്. 

ഗ്രാമിന്റെ വില 13,375 രൂപയായി കുറഞ്ഞു. പവന്റെ വിലയിൽ 1560 രൂപയുടേയും ഇടിവുണ്ടായി. 1,07,000 രൂപയായാണ് വില കുറഞ്ഞത്.

18 കാരറ്റ് സ്വർണത്തിന്റെ വിലയിലും ഇടിവുണ്ടായിട്ടുണ്ട്. ഗ്രാമിന് 155 രൂപയുടെ കുറവാണ് ഉണ്ടായത്. ഗ്രാമിന്റെ വില 10,995 രൂപയായും പവൻേറത് 87,960 രൂപയായും കുറഞ്ഞു.

മദ്യ നികുതി ; സ്പീക്കറുടെ ഡയസിന് മുന്നിൽ പ്രതിഷേധവുമായി പ്രതിപക്ഷം

തിരുവനന്തപുരം: വീര്യം കുറഞ്ഞ മദ്യത്തിന്‍റെ നികുതി കുറച്ചത് നിയമസഭയിൽ ഉന്നയിച്ച് പ്രതിപക്ഷം. അടിയന്തര പ്രമേയത്തിന് അനുമതി നൽകിയില്ല.

ഇതേ തുടര്‍ന്ന് പ്രതിപക്ഷം നടുത്തളത്തിലിറങ്ങി. ഡയസിന് മുന്നിൽ പ്രതിപക്ഷ എംഎൽഎമാര്‍ കൂട്ടം ചേര്‍ന്ന് പ്രതിഷേധിച്ചു.

സ്വകാര്യ മദ്യ കമ്പനിക്ക് അമിതമായ ലാഭം കൊയ്യാനുള്ള സൗകര്യം ഒരുക്കിയെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ പറഞ്ഞു. ബജറ്റ് ചർച്ച നാളെയോടെ പൂർത്തിയാകുമെന്നും  നോട്ടീസിൽ പറഞ്ഞിട്ടുള്ള കാര്യം ഇന്ന് നാളെയുമായിട്ട് ചർച്ച ചെയ്യുന്നതാണെന്നും അടിയന്തരപ്രമേയം അനുവദിക്കാനാവില്ലെന്നും സ്പീക്കര്‍ വ്യക്തമാക്കി.

ഷെഡ്യൂളിൽ ഫിനാൻസ് ബില്ല് ഉണ്ടായിരുന്നില്ല. അതിനർത്ഥം നികുതി നിർദേശങ്ങൾ ഒന്നും ബജറ്റിൽ ഉണ്ടായിരുന്നില്ല എന്നാണ്.  നേരത്തെ വന്ന ഷെഡ്യൂളിൽ ധനബിൽ ഉണ്ടായിരുന്നില്ല. കർണാടകയിലെ ഒരു മദ്യ കമ്പനിക്ക് വേണ്ടിയുള്ള ഒരു നിർദേശമാണ് പ്രഖ്യാപിച്ചത്.

ഫയൽ നീക്കം വേഗത്തിൽ നടന്നു എന്നാണ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തെന്ന് പിണറായി ചൂണ്ടിക്കാട്ടി. പ്രതിപക്ഷ നേതാവിന്‍റെ അഴിമതി ആരോപണം സഭാ ടിവിയിൽ നിന്നും നീക്കുകയും ചെയ്തു. സഭാ രേഖകളിൽ നിന്ന് നീക്കണമെന്ന മുഖ്യമന്ത്രിയുടെ ആവശ്യത്തിനു പിന്നാലെയാണ് നടപടി.കേരളത്തിൽ മദ്യം ഒഴുക്കുന്നതിന്‍റെ നയപരിപാടിയാണിതെന്ന് കെ.എൻ ബാലഗോപാൽ പറഞ്ഞു.

വെള്ളാപ്പള്ളിയുടെ ഭാഷ കവല ചട്ടമ്പിയുടേതെന്ന് വിഎം സുധീരൻ

ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെതിരെ വി എം സുധീരന്‍ വീണ്ടും രംഗത്ത്.

‘വെള്ളാപ്പള്ളിയോട് വ്യക്തിവിരോധമില്ല. നിലപാടുകളിലും നയങ്ങളിലുമാണ് എതിര്‍പ്പ്. ശ്രീനാരായണ സന്ദേശങ്ങളോട് യോജിച്ച നിലപാടല്ല വെള്ളാപ്പള്ളിയുടേത്.

എസ്എന്‍ഡിപി നേതൃത്വവും ശ്രീനാരായണഗുരുവും ഉയര്‍ത്തിപ്പിടിച്ച ആശയങ്ങള്‍ക്കെതിരായിട്ടാണ് വെള്ളാപ്പള്ളി പ്രവര്‍ത്തിക്കുന്നത്.

എന്നെ കെട്ട് കെട്ടിച്ചത് കൊണ്ടാണ് എനിക്ക് വെള്ളാപ്പള്ളിയോട് വിരോധം എന്ന് പറയുന്നതില്‍ ഒരു വാസ്തവവും ഇല്ല. വെള്ളാപ്പള്ളിയുടെ ഭാഷ കവല ചട്ടമ്പിയുടേതാണ്’, വി എം സുധീരന്‍ പറഞ്ഞു.

എസ്എന്‍ഡിപി യോഗം കണിച്ചുകുളങ്ങര യൂണിയന്‍ സെക്രട്ടറിയും മൈക്രോഫിനാന്‍സ് കോ-ഓര്‍ഡിനേറ്ററുമായിരുന്ന കെ കെ മഹേശന്റെ മരണത്തില്‍ ശക്തമായ അന്വേഷണം വേണമെന്നും വി എം സുധീരന്‍ ആവശ്യപ്പെട്ടു.

വീണ്ടും അന്വേഷണാവശ്യം ഉയര്‍ന്നത് വെള്ളാപ്പള്ളിയെ പരിഭ്രാന്തനാക്കി. വെള്ളാപ്പള്ളിയുടെ പദപ്രയോഗങ്ങളും ശൈലിയും എസ്എന്‍ഡിപി ജനറല്‍ സെക്രട്ടറിയുടെ പദവിക്ക് ചേര്‍ന്നതല്ലെന്ന് വി എം സുധീരന്‍ മാധ്യമങ്ങളോട് പറഞ്ഞു.

മദ്യനയത്തിൽ ആശങ്കകൾ അകറ്റാൻ സർക്കാരിന് ഉത്തരവാദിത്തം ഉണ്ട്; കെ സി വേണുഗോപാൽ

മദ്യനയം അടക്കം നയപരമായ കാര്യങ്ങളില്‍ പാര്‍ട്ടിക്കുള്ളില്‍ കൂടിയാലോചനകള്‍ ഉണ്ടാകുമെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍. ഇത്തരം കാര്യങ്ങളില്‍ വേണ്ട സമയത്ത് ചര്‍ച്ച ചെയ്യേണ്ട രീതിയില്‍ ചര്‍ച്ച ചെയ്യും. മദ്യ നയത്തിലും ധാതു മണലിന്റെ കാര്യത്തിലും ചില ആശങ്കകള്‍ ഉയര്‍ന്നിട്ടുണ്ട്. ആ ആശങ്കകള്‍ ദൂരികരിക്കേണ്ട ഉത്തരവാദിത്തം സര്‍ക്കാരിനുണ്ടെന്നും കെ സി വേണുഗോപാല്‍ പറഞ്ഞു.

സംസ്ഥാനത്തെ ബാധിക്കുന്ന നയപരമായ തീരുമാനങ്ങളില്‍ പാര്‍ട്ടിക്ക് അകത്ത് ചര്‍ച്ചയുണ്ടാകും. സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങള്‍ നന്നായിട്ട് മുന്നോട്ടു പോകുന്നുണ്ട്. ഇത്തരം കാര്യങ്ങളില്‍ ചില ഭാഗത്തു നിന്നും ചില ആശങ്കകള്‍ സ്വാഭാവികമായും ഉണ്ടാകും. പുതിയ സര്‍ക്കാര്‍ വന്നതേയുള്ളൂ. സര്‍ക്കാരെടുക്കുന്ന നിലപാടുകളില്‍ ആര്‍ക്കെങ്കിലും പരാതികളുണ്ടെങ്കില്‍ പാര്‍ട്ടി തലത്തില്‍ ചര്‍ച്ച ചെയ്യുമെന്നും കെസി വേണുഗോപാല്‍ പറഞ്ഞു.

എത്രയോ നല്ല പ്രഖ്യാപനങ്ങള്‍ സര്‍ക്കാരിന്റെ ബജറ്റില്‍ ഉണ്ടായിട്ടുണ്ട്. ജനങ്ങള്‍ കാത്തിരുന്ന ഒരുപാട് നല്ല പ്രഖ്യാപനങ്ങള്‍ ഉണ്ടായിരുന്നു. ഒരു മാസത്തിനിടെ എത്ര നല്ല നല്ല കാര്യങ്ങള്‍ സര്‍ക്കാര്‍ ചെയ്തു. ഏതെങ്കിലും ചില ആശങ്കകള്‍ ഉണ്ടായാല്‍ അതു ദൂരീകരിച്ചു പോകുക എന്നതുമാത്രമാണ് സര്‍ക്കാരിന്റെ മുന്നിലുള്ളത്. നയപരമായ കാര്യങ്ങളെല്ലാം പാര്‍ട്ടി തലത്തിലും ചര്‍ച്ച ചെയ്യുമെന്ന് കെസി വേണുഗോപാല്‍ പറഞ്ഞു.

കരിമണല്‍ ഖനനത്തില്‍ കോണ്‍ഗ്രസിന് ദേശീയ തലത്തില്‍ ഒരു നിലപാടുണ്ട്. സംസ്ഥാന തലത്തിലും കോണ്‍ഗ്രസിനും യുഡിഎഫിനും നയമുണ്ട്. അതിനുള്ളില്‍ നിന്നുകൊണ്ടു മാത്രമേ മുന്നോട്ടുപോകാന്‍ സാധിക്കുകയുള്ളൂ. സര്‍ക്കാര്‍ നല്ല ഉദ്ദേശത്തോടെ ചെയ്യുന്ന കാര്യങ്ങളാണെങ്കിലും, ജനങ്ങള്‍ക്ക് സ്വീകാര്യമാണെന്ന് ഉറപ്പു വരുത്തേണ്ട ഉത്തരവാദിത്തമുണ്ട്. തീരദേശവുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ തീരമേഖലയുമായി ബന്ധപ്പെട്ട എല്ലാവരുമായി ചര്‍ച്ച നടത്തി വേണം പരിഷ്‌കാരങ്ങള്‍ നടപ്പിലാക്കാനെന്നും കെ സി വേണുഗോപാല്‍ അഭിപ്രായപ്പെട്ടു.