വേനൽ കടുത്തതോടെ കാട്ടാനക്കൂട്ടം ദേശീയപാതയിലേക്ക്; മുന്നറിയിപ്പുമായി വനംവകുപ്പ്

വയനാട്: ദേശീയപാത 766-ൽ വയനാട് വന്യജീവിസങ്കേതത്തിലൂടെ കടന്നുപോകുന്ന വാഹനയാത്രക്കാർക്ക് വനംവകുപ്പിന്റെ കർശന മുന്നറിയിപ്പ്. ബന്ദിപ്പൂർ, മുതുമല വന്യജീവിസങ്കേതങ്ങളിൽ നിന്ന് കാട്ടാനകൾ ഉൾപ്പെടെയുള്ള വന്യമൃഗങ്ങൾ കൂട്ടത്തോടെ പാതയോരങ്ങളിൽ തമ്പടിക്കുന്ന സാഹചര്യത്തിലാണ് ഈ ജാഗ്രതാ നിർദ്ദേശം.

മുത്തങ്ങ എടത്തറമുതൽ സംസ്ഥാന അതിർത്തിയായ മൂലഹള്ള വരെയുള്ള ഭാഗങ്ങളിലൂടെ യാത്ര ചെയ്യുന്നവർക്കാണ് വനംവകുപ്പ് മുന്നറിയിപ്പ് നൽകിയിരിക്കുന്നത്.വേനൽ കടുത്തതോടെ വെള്ളവും തീറ്റയും തേടി വന്യജീവിസങ്കേതങ്ങളിൽ നിന്ന് കാട്ടാനകൂട്ടം ഇവിടേക്ക് എത്തുന്നുണ്ട്.

വെള്ളം തേടിയെത്തുന്ന കാട്ടാനക്കൂട്ടങ്ങൾ ദേശീയപാത മുറിച്ചുകടക്കുന്നത് പകൽസമയങ്ങളിൽപോലും പതിവ് കാഴ്ചയാണ്. ഈ സാഹചര്യത്തിലാണ് ഇതുവഴി യാത്ര ചെയ്യുന്നവർ പാതയോരങ്ങളിൽ വാഹനങ്ങൾ നിർത്തരുതെന്നും വേഗതകുറച്ച് സഞ്ചരിക്കണമെന്നുള്ള ജാഗ്രത നിർദേശം വനംവകുപ്പ് നൽകിയിരിക്കുന്നത്. എടത്തറമുതൽ മൂലഹള്ള വരെയുളള ഭാഗങ്ങളിൽ വനപാലകർ പട്രോളിങും കാവലും ശക്തമാക്കിയിട്ടുണ്ട്.

ആഗോള അയ്യപ്പ സംഗമം:  കണക്കുകളിൽ ആശയക്കുഴപ്പമുണ്ടെന്ന്   ദേവസ്വം പ്രസിഡന്റ് ജയകുമാർ

തിരുവനന്തപുരം: അയ്യപ്പ സംഗമത്തിലെ കണക്കുകളിൽ പല ആശയ കുഴപ്പവുമുണ്ടെന്ന്  ദേവസ്വം പ്രസിഡന്റ് ജയകുമാർ . ചൊവ്വാഴ്ചയിലെ ചർച്ചയിലേക്ക് സ്വകാര്യ ഓഡിറ്ററെയും വിളിക്കും.

ഓഡിട്ട് റിപ്പോർട്ടിൽ ചില പിശക് ഉണ്ടോ എന്നും സംശയം ഉണ്ട്. എസ്റ്റിമേറ്റ് തുക അതേ പടി കൊടുക്കാറില്ലെന്നും ചർച്ച നടത്തി കുറയ്ക്കുകയാണ് ചെയ്യാറുള്ളതെന്നും ദേവസ്വം പ്രസിഡന്റ് ജയകുമാർ പറഞ്ഞു. 

അതേ സമയം വിഷയത്തിൽ ഇന്നലെ ദേവസ്വം മന്ത്രി വി എൻ വാസവനും പ്രതികരിച്ചിരുന്നു. ആഗോള അയ്യപ്പ സംഗമത്തിലെ വരവ് ചെലവ് കണക്കിലെ ക്രമക്കേടിൽ കണക്കുകള്‍ വ്യക്തമാക്കേണ്ടത് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡാണെന്ന് ആവര്‍ത്തിച്ച് പറയുകയായിരുന്നു വിഎൻ വാസവൻ

സ്വർണവില വീണ്ടും മുകളിലേക്ക് തന്നെ; ഇന്നത്തെ നിരക്കറിയാം

സ്വർണവിലയിൽ വീണ്ടും കുതിപ്പ്. ഒരു പവൻ സ്വർണത്തിന് 1,920 രൂപയാണ് വർദ്ധിച്ചിരിക്കുന്നത്. ഇതോടെ 1,13,760 രൂപയായിരുന്ന സ്വർണവില 1,15,680 എന്ന നിരക്കിലേക്ക് ഉയർന്നിരിക്കുകയാണ്.

ഒരു ഗ്രാമിന് 240 രൂപ വർദ്ധിച്ച്, 14220 രൂപയിൽ നിന്ന് 14,460 രൂപയിലേക്കാണ് ഉയർന്നത്. ഇന്നലെ മാത്രം രണ്ട് തവണയാണ് സ്വർണവില ഇടിഞ്ഞത്. രാവിലെ 114240 രൂപയായിരുന്നിടത്ത് വൈകുന്നേരത്തോടെ 1,13,760 രൂപയിലേക്ക് താഴുകയായിരുന്നു.

സന്നിധാനത്തെ എസ്ഐടിപരിശോധന; സ്വർണപ്പാളികളിൽ നിന്ന് മുറിച്ചത് വലിയ ഭാഗങ്ങൾ

പത്തനംതിട്ട: ശബരിമല സ്വർണക്കൊള്ള കേസുമായി ബന്ധപ്പെട്ടുള്ള അന്വേഷണത്തിനായി സ്വർണപ്പാളികളിൽ നിന്ന് മുറിച്ചെടുത്തത് വലിയ ഭാഗങ്ങൾ.

കഴിഞ്ഞ രണ്ടു ദിവസങ്ങളിലായി സന്നിധാനത്ത് എസ്ഐടി പരിശോധന നടത്തിവരികയായിരുന്നു. സാമ്പിളിന് വേണ്ടിയാണ് പാളികൾ മുറിച്ചെടുത്തത്. ദ്വാരപാരക ശിൽപ്പത്തിന്റെ കൈയ്യുടെ ഭാഗവും എസ്ഐടി മുറിച്ചെടുത്തു.

എന്നാൽ പാളികൾ ഈ രൂപത്തിൽ ദീർഘകാലം വയ്ക്കാൻ കഴിയില്ലെന്നാണ് തന്ത്രി കണ്ഠരര് മഹേശ് മോഹനരുടെ നിർദ്ദേശം. തന്ത്രിയുടെ അനുവാദം വാങ്ങിയതിന് ശേഷമാണ് എസ്ഐടി പാളികൾ പുനസ്ഥാപിച്ചത്.

എന്നാൽ പാളികൾ ഈ രൂപത്തിൽ ദീർഘകാലം വയ്ക്കാൻ കഴിയില്ലെന്നാണ് തന്ത്രിയുടെ നിലപാട്. അംഗഭംഗം വന്നെങ്കിലും തൽക്കാലം സ്ഥാപിക്കാമെന്നും മുറിച്ചുമാറ്റിയ ഭാഗങ്ങളിലെ വിടവ് എന്ത് ചെയ്യണമെന്ന് ദേവസ്വം ബോർഡ് തീരുമാനിക്കുമെന്നും തന്ത്രി പ്രതികരിച്ചു.

പെൺകുട്ടിയെ രക്ഷിതാക്കൾ ഫിലിപ്പിന്റെ വീട്ടിൽ താമസിപ്പിച്ചിരുന്നു: ഫിലിപ്പ് മമ്പാടിനെതിരായ പോക്സോ കേസിലെ കൂടുതൽ വിവരങ്ങൾ പുറത്ത്

കോഴിക്കോട്: 16കാരിയെ ലോഡ്ജിൽ വെച്ച് പീ‍ഡിപ്പിച്ചെന്ന് കേസിൽ സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറായ മുൻ പൊലീസ് ഉദ്യോഗസ്ഥൻ ഫിലിപ്പ് മമ്പാട് പിടിയിലായ സംഭവത്തിലെ കൂടുതൽ വിവരങ്ങൾ പുറത്ത്.

2025 സെപ്റ്റംബറിൽ കാസർകോട് വെച്ച് കുട്ടിയെ ഉപദ്രവിച്ചുവെന്നാണ് പരാതി.

മാനസിക വെല്ലുവിളി നേരിടുന്ന പെൺകുട്ടിയെ പീഡിപ്പിച്ച കേസിലാണ് ഫിലിപ്പിനെ നിലമ്പൂർ പൊലീസ് കസ്റ്റഡിയിലെടുത്തത്. കൗൺസിലിംഗിനായി പെൺകുട്ടിയെ രക്ഷിതാക്കൾ ഫിലിപ്പിന്റെ വീട്ടിൽ താമസിപ്പിച്ചിരിക്കുകയായിരുന്നു എന്നാണ് പൊലീസ് പറയുന്നത്.

എന്നാൽ ഇവിടെനിന്ന് അനുവാദം കൂടാതെ മറ്റിടങ്ങളലേക്ക് കൊണ്ട് പോയി എന്നാണ് പരാതിയിലുള്ളത്.  

കോഴിക്കോട് ചേവായൂർ സ്വദേശികളായ രക്ഷിതാക്കളാണ് 16 വയസുള്ള മകൾക്ക് കൗൺസിലിംഗിനായി ഫിലിപ്പ് മമ്പാടിനെ ആശ്രയിച്ചത്. രക്ഷിതാക്കളുടെ സമ്മതത്തോടെയാണ് പെൺകുട്ടിയെ ഇയാളുടെ വീട്ടിൽ താമസിപ്പിച്ചിരുന്നത്. ഇതിനിടെ രക്ഷിതാക്കളറിയാതെ, അവരുടെ സമ്മതമില്ലാതെ മറ്റിടങ്ങളിൽ കൊണ്ടുപോയി പീഡിപ്പിച്ചു എന്നാണ് പരാതി.

നിലവിൽ നിലമ്പൂർ പൊലീസിന്റെ കസ്റ്റ‍ഡിയിലാണ് ഫിലിപ്പ് മമ്പാടുള്ളത്. വിശദമായി ചോദ്യം ചെയ്യുകയാണെന്ന് പൊലീസ് അറിയിച്ചു. കഴിഞ്ഞ ദിവസമാണ് പെൺകുട്ടി പരാതി നൽകിയത്. വർഷങ്ങൾക്ക് മുൻപ് പൊലീസ് സേനയിൽ നിന്ന് വിആർഎസ് എടുത്തയാളാണ് ഫിലിപ്പ് മമ്പാട്.

കൊച്ചി മെട്രോ സർവീസ് സമയം ദീർഘിപ്പിച്ചു; ഞായറാഴ്ച മുതൽ രാത്രി 11 മണി വരെ സർവീസ്

കൊച്ചി: യാത്രക്കാരുടെ എണ്ണത്തിലുണ്ടായ വൻ വർധനവും രാത്രികാല യാത്രക്കാരുടെ ആവശ്യവും പരിഗണിച്ച് കൊച്ചി മെട്രോ ട്രെയിൻ സർവീസ് സമയം നീട്ടി. ഫെബ്രുവരി 15 ഞായറാഴ്ച മുതൽ പുതുക്കിയ സമയക്രമം പ്രാബല്യത്തിൽ വരും.

പുതിയ മാറ്റങ്ങൾ അനുസരിച്ച് ആലുവ, തൃപ്പൂണിത്തുറ എന്നീ ടെർമിനൽ സ്റ്റേഷനുകളിൽ നിന്ന് അവസാന ട്രെയിൻ രാത്രി 11:00 മണിക്ക് പുറപ്പെടും. നിലവിൽ രാത്രി 10:00 അല്ലെങ്കിൽ 10:30-ന് അവസാനിച്ചിരുന്ന സേവനമാണ് ഇപ്പോൾ സ്ഥിരമായി ഒരു മണിക്കൂർ കൂടി വർദ്ധിപ്പിച്ചിരിക്കുന്നത്.

ആലുവ മഹാദേവ ക്ഷേത്രത്തിലെ ശിവരാത്രി മഹോത്സവത്തിന് എത്തുന്ന ഭക്തർക്കായി പ്രത്യേക ക്രമീകരണങ്ങളാണ് കൊച്ചി മെട്രോ ഒരുക്കിയിരിക്കുന്നത്. ഫെബ്രുവരി 15 ഞായറാഴ്ച തൃപ്പൂണിത്തുറയിൽ നിന്നുള്ള അവസാന സർവീസ് രാത്രി 11:30-ന് പുറപ്പെടും. പിറ്റേന്ന് ബലിതർപ്പണം കഴിഞ്ഞ് മടങ്ങുന്നവർക്കായി ആലുവയിൽ നിന്ന് പുലർച്ചെ 4:00 മണിക്ക് സർവീസ് ആരംഭിക്കും. പുലർച്ചെ 4:00 മുതൽ 6:00 മണിവരെ ഓരോ 30 മിനിറ്റ് ഇടവേളകളിൽ ട്രെയിനുകൾ ലഭ്യമാകും. രാവിലെ 6:00 മണിക്ക് ശേഷം സാധാരണ ടൈംടേബിൾ പ്രകാരം സർവീസ് തുടരും.

കോൺഗ്രസിലേക്ക് തിരിച്ച് പോകാനാണ് താത്പര്യം: എന്ത് ഓഫർ നൽകിയാലും ബിജെപിയുമായി സഹകരിക്കില്ലെന്ന് എം.കെ. വർഗീസ്

തൃശൂർ:   കോൺഗ്രസിലേക്ക് തിരിച്ച് പോകാനാണ് താത്പര്യമെന്നും എന്ത് ഓഫർ നൽകിയാലും ബിജെപിയുമായി സഹകരിക്കില്ലെന്നും  മുൻ തൃശൂർ മേയർ എം.കെ. വർഗീസ്.

ബിജെപി സ്ഥാനാർഥിയായി ഒല്ലൂരിൽ മത്സരിക്കാനില്ല. അഞ്ച് പതിറ്റാണ്ടായി കോൺഗ്രസുകാരൻ ആയിരുന്നു. ചില സാഹചര്യങ്ങളുടെ അടിസ്ഥാനത്തിലാണ് എൽഡിഎഫുമായി സഹകരിച്ചത്.

താൽപര്യം കോൺഗ്രസിലേക്ക് തിരിച്ചു പോകാനാണെന്നും എം.കെ. വർഗീസ് വ്യക്തമാക്കി. ബിജെപിയുമായി താൻ ബന്ധപ്പെടുകയോ തന്നോട് ബന്ധപ്പെടുകയോ ഉണ്ടായിട്ടില്ലെന്ന് എം.കെ. വർഗീസ് പറഞ്ഞു.

ഒരു അധികാരവും ഇനി ആവശ്യമില്ലെന്നും വർഗീസ് പറഞ്ഞു. പാർലമെൻ്ററി രാഷ്ട്രീയത്തിലേക്ക് തിരിച്ചു പോവില്ല. ഒരു സാധാരണ കോൺഗ്രസുകാരനായി പ്രവർത്തിക്കാനാണ് ആഗ്രഹം.

കോൺഗ്രസിൽ സീറ്റ് മോഹിച്ച് നടക്കുന്നവരുമായി ഒരു യുദ്ധത്തിന് തയ്യാറാല്ലെന്നും അദ്ദേഹം പറഞ്ഞു.

സ്റ്റേജ് മാനേജ് ചെയ്യാന്‍ പോലും കഴിയാത്തവര്‍ എങ്ങനെ ഒരു സ്റ്റേറ്റ് മാനേജ് ചെയ്യും?: എം വി ഗോവിന്ദന്‍

കോഴിക്കോട്: പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ നയിക്കുന്ന പുതുയുഗ യാത്രയുടെ വേദിയില്‍ നേതാക്കള്‍ തമ്മില്‍ ഉന്തും തള്ളുമുണ്ടായതിനെ പരിഹസിച്ച് സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍.

ഒരു സ്റ്റേജ് പോലും മാനേജ് ചെയ്യാന്‍ കഴിയാത്തവര്‍ എങ്ങനെയാണ് ഒരു സ്റ്റേറ്റിനെ മാനേജ് ചെയ്യുകയെന്ന് എം വി ഗോവിന്ദന്‍ ചോദിച്ചു.

ജനത്തിരക്കല്ല കണ്ടത്. സ്റ്റേജിലെ തിരക്ക് ആണ്. ഒരു സ്റ്റേജ് മാനേജ്‌മെന്റ് പോലും നടത്താന്‍ കഴിയാത്തവര്‍ക്ക് എങ്ങനെയാണ് സ്റ്റേറ്റ് മാനേജ്‌മെന്റ് നടത്താനാവുക. അതൊക്കെ ജനം കണ്ടതാണ്. പ്രതികരിക്കാന്‍ ഉദ്ദേശിക്കുന്നില്ല.

ഇത് ഇവിടെ മാത്രമല്ല. പരസ്പര സ്‌നേഹത്തോടെ സ്റ്റേജ് മാനേജ് ചെയ്യാന്‍ കഴിയുന്നില്ല. പിന്നെ നിങ്ങള്‍ക്ക് എങ്ങനെയാണ് കേരളം പോലൊരു നാടിന്റെ കാര്യങ്ങള്‍ കൈകാര്യം ചെയ്യാനാവുക, എം വി ഗോവിന്ദന്‍ ചോദിച്ചു.

പ്രഭാവതിയമ്മയെ ആദരിച്ച് മോട്ടോര്‍വാഹന വകുപ്പ്

ഫുട്പാത്തിലൂടെ ഇരുചക്രവാഹനവുമായെത്തിയ വ്യക്തിയെ തടഞ്ഞുനിർത്തി മാതൃകയായ പ്രഭാവതിയമ്മയെ മോട്ടോർ വാഹന വകുപ്പ് ആദരിച്ചു. കഴിഞ്ഞ ദിവസമായിരുന്നു ആക്ടീവയുമായെത്തിയ യാത്രക്കാരനെ പ്രഭാവതിയമ്മ ഫുട്പാത്തിൽ വച്ച് തടഞ്ഞത്. അമ്മയോട് തർക്കിച്ച് മുന്നോട്ട് പോകാൻ ശ്രമിച്ച യാത്രക്കാരനെ കാലുകൊണ്ട് തടഞ്ഞുനിർത്തിയാണ് ഇവർ മടക്കി അയച്ചത്.

ഈ വീഡിയോ സോഷ്യൽ മീഡിയയിൽ അതിവേഗം വൈറലാവുകയും വൻ ജനശ്രദ്ധ നേടുകയും ചെയ്തിരുന്നു. ഇതോടെയാണ് മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥർ വിഷയത്തിൽ ഇടപെട്ടത്.

പ്രഭാവതിയമ്മയെ ഉദ്യോഗസ്ഥർ വീട്ടിലെത്തി പൊന്നാടയണിയിച്ച് ആദരിച്ചു. “അമ്മ ചെയ്ത നല്ല പ്രവൃത്തിക്ക് ഞങ്ങളുടെ ഒരു ആദരം,” എന്ന് പറഞ്ഞ ഉദ്യോഗസ്ഥൻ, ഇത്തരം നിയമലംഘനങ്ങളുടെ ചിത്രങ്ങൾ ഇനിയുമുണ്ടെങ്കിൽ അറിയിക്കാനും ആവശ്യപ്പെട്ടു.

എന്നാൽ, തൻ്റെ ഫോൺ വളരെ മോശമായതുകൊണ്ട് ചിത്രങ്ങളൊന്നും എടുത്തില്ലെന്നും, യാത്രക്കാരൻ വിനയത്തോടെയാണ് പെരുമാറിയതെന്നും പ്രഭാവതിയമ്മ വ്യക്തമാക്കി.

യാത്രക്കാരനെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് വ്യക്തമാക്കിയ മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥർ, ഇത്തരം ധീരമായ പ്രവർത്തികൾ തുടരണമെന്നും അമ്മയോട് പറഞ്ഞു.

അയ്യപ്പ സംഗമത്തിന് ചിലവഴിച്ചത് 3 കോടി മാത്രമെന്ന് പിഎസ് പ്രശാന്ത്

തിരുവനന്തപുരം:  അയ്യപ്പ സംഗമത്തിന്റെ സംഘടനത്തിനായി ഇത് വരെ ചിലവഴിച്ചത് വെറും മൂന്ന് കോടി മാത്രമാണെന്നും അയ്യപ്പ സംഗമത്തിൻ്റെ സംഘാടനച്ചിലവുമായി ബന്ധപ്പെട്ട് തെറ്റിദ്ധാരണ പരത്തുവാൻ ശ്രമിക്കുന്നുവെന്നും മുന്‍ ദേവസ്വം  ബോര്‍ഡ് പ്രസിഡന്‍റ് പിഎസ് പ്രശാന്ത്.

ഈ മൂന്ന് കോടി രൂപയും പൂർണ്ണമായും സ്പോൻസർഷിപ്പായി കിട്ടിയതാണ്. ഒരു കോടി രൂപ കൂടി സ്പോൻസർഷിപ്പായി വന്നിട്ടുണ്ട്.

“മതപരമായ സമ്മേളനങ്ങൾ പ്രഭാഷണങ്ങൾ “എന്ന ഹെഡിൽ നിന്ന് 3 കോടി രൂപ സംഘാടനത്തിനായി അഡ്വാൻസായി എടുത്തിരുന്നു. സ്പോൻസർഷിപ്പ് കിട്ടിയ മുറയ്ക്ക് അത് 17 – 10-25 ൽ കൃത്യമായി തിരിച്ചടയ്ക്കുകയും ചെയ്തിരുന്നു. ഇതല്ലാതെ ഒരു രൂപ പോലും ഇത് വരെ ദേവസ്വം ബോർഡിൽ നിന്നും ചിലവഴിച്ചിട്ടില്ല.

ആകെച്ചിലവായ തുകയെ സംബന്ധിച്ച്‌ ദേവസ്വം കമ്മീഷണർ 4-11-2025 ൽ കോടതിയിൽ നൽകിയ ഇടക്കാല റിപ്പോർട്ടിൽ പറഞ്ഞിരിക്കുന്ന തുക 4.5 കോടിയും GST യും എന്നാണ്.എന്നാൽ ഇപ്പോൾ വന്നിരിക്കുന്ന ഈ റിപ്പോർട്ട് എന്തടിസ്ഥാനത്തിൽ നൽകി എന്നത് അന്വേഷിക്കപ്പെടേണ്ടതാണ്.

ഇത് ആർക്ക് വേണമെങ്കിലും പരിശോധിക്കാവുന്നതാണെന്നും പിഎസ് പ്രശാന്ത് സമൂഹമാധ്യമത്തില്‍ കുറിച്ചു

ഐ.എസ്.എൽ 2026 സീസണിലെ കേരള ബ്ലാസ്റ്റേഴ്‌സിനെ ടീമിനെ പ്രഖ്യാപിച്ചു

ഇന്ത്യൻ സൂപ്പർ ലീഗ് പോരാട്ടങ്ങൾക്കുള്ള കേരള ബ്ലാസ്റ്റേഴ്‌സ് എഫ്.സി സ്‌ക്വാഡിനെ ഔദ്യോഗികമായി പ്രഖ്യാപിച്ചു. പരിചയസമ്പന്നരായ താരങ്ങളും വളർന്നുവരുന്ന ഇന്ത്യൻ പ്രതിഭകളും പുതിയ വിദേശ സൈനിംഗുകളും ഉൾപ്പെടുന്നതാണ് പ്രഖ്യാപിച്ച സ്‌ക്വാഡ്.

ഓരോ പൊസിഷനിലും മികച്ച പോരാട്ടം ഉറപ്പാക്കുന്ന രീതിയിലുള്ള മാറ്റങ്ങളാണ് ടീമിൽ വരുത്തിയിട്ടുള്ളത്. ഹെഡ് കോച്ച് ഡേവിഡ് കറ്റാലയുടെ കീഴിൽ ഒരേ ലക്ഷ്യത്തോടെ മുന്നേറാൻ ശേഷിയുള്ള ഒരു സംഘത്തെയാണ് ക്ലബ്ബ് അണിനിരത്തുന്നത്.

സച്ചിൻ സുരേഷും അർഷ് ഷെയ്ഖും നയിക്കുന്ന ഗോൾകീപ്പിംഗ് വിഭാഗം ടീമിന് കരുത്താകുമ്പോൾ, പ്രതിരോധനിരയിൽ വിദേശ താരം ഉമർ ബാഹിന്റെ അനുഭവസമ്പത്തും ഇന്ത്യയുടെ അണ്ടർ 23 ക്യാ്ര്രപൻ ബികാഷ് യുംനാമിന്റെ നേതൃപാടവവും ടീമിന് ആത്മവിശ്വാസം നൽകുന്നു.

മധ്യനിരയിൽ കളി നിയന്ത്രിക്കാനും ടീമിനെ ഒത്തിണക്കത്തോടെ മുന്നോട്ട് കൊണ്ടുപോകാനും മർലോൺ റൂസ്, വിബിൻ മോഹനൻ എന്നിവർക്ക് പ്രധാന ചുമതലയുണ്ട്. മുന്നേറ്റനിരയിൽ വിക്ടർ ബെർട്ടോമിയുവും കെവിൻ യോക്കും എത്തുന്നതോടെ സാഹചര്യങ്ങൾക്കനുസരിച്ച് തന്ത്രങ്ങൾ മാറ്റാൻ പരിശീലകർക്ക് കൂടുതൽ ഓപ്ഷനുകൾ ലഭിക്കും.

നിലവിലെ ഇന്ത്യൻ ഫുട്‌ബോൾ സാഹചര്യങ്ങളിൽ മികച്ച പോരാട്ടം കാഴ്ചവെക്കുന്നതോടൊപ്പം, താരങ്ങളുടെ വളർച്ചയ്ക്കും ടീമിനുള്ളിലെ ഒത്തൊരുമയ്ക്കും മുൻഗണന നൽകിയാണ് സ്‌ക്വാഡ് തയ്യാറാക്കിയിരിക്കുന്നത്.

കേരള ബ്ലാസ്റ്റേഴ്‌സ് എഫ്.സി സ്‌ക്വാഡ് 2025-26

ഗോൾകീപ്പർമാർ: സച്ചിൻ സുരേഷ്, അർഷ് ഷെയ്ഖ്, അൽസാബിത്ത് സുലൈമാൻ

ഡിഫൻഡേഴ്‌സ്: നവോച്ച സിംഗ്, ഐബൻബ ഡോഹ്ലിങ്, ഹോർമിപാം റുയിവ, സന്ദീപ് സിംഗ്, മുഹമ്മദ് സഹീഫ്, ബികാഷ് യംനം, സുമിത് ശർമ്മ, ജഗന്നാഥ് ജയൻ, ഉമർ ബാഹ്

മിഡ്ഫീൽഡേഴ്‌സ്: വിബിൻ മോഹനൻ, ഡാനിഷ് ഫാറൂഖ്, നിഹാൽ സുധീഷ്, റൗളിൻ ബോർജസ്, ഫ്രെഡി ലാലൻമാവമ, എബിനാസ് യേശുദാസൻ, സലാഹുദ്ദീൻ അദ്‌നാൻ, ലൂയിസ് മത്യാസ് ഹെർണാണ്ടസ്, മർലോൺ റൂസ് ട്രൂജിലോ

ഫോർവേഡ്‌സ്: കൊറൗ സിംഗ്, ലാൽതൻമാവിയ റെന്ത്‌ലി, മുഹമ്മദ് അജ്‌സൽ, ശ്രീകുട്ടൻ എം.എസ്, വിക്ടർ ബെർട്ടോമിയു, കെവിൻ യോക്ക്

ആഗോള അയ്യപ്പ സംഗമ വിവാദത്തിൽ പ്രതികരിച്ച് ദേവസ്വം മന്ത്രി വിഎൻ വാസവൻ

കോട്ടയം: ആഗോള അയ്യപ്പ സംഗമത്തിലെ വരവ് ചെലവ് കണക്കിലെ ക്രമക്കേടിൽ കണക്കുകള്‍ വ്യക്തമാക്കേണ്ടത് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡാണെന്ന് ആവര്‍ത്തിച്ച് ദേവസ്വം മന്ത്രി വിഎൻ വാസവൻ.

തിരുവഞ്ചൂര്‍ രാധാകൃഷ്ണൻ നിയമസഭയിൽ ചോദിച്ച ചോദ്യത്തിന് കൊടുത്ത മറുപടി കൃത്യമാണ്. ദേവസ്വം ബോർഡ്‌ അഡ്വാൻസ് കൊടുത്ത പണം തിരികെ കൊടുത്തിട്ടുണ്ട്. കണക്കുകളിൽ വ്യക്തത വരുത്തണമെങ്കിൽ ബോർഡിനോട് ചോദിക്കണം.കോടതിയാണ് ഇക്കാര്യങ്ങളിൽ ഇടപെടുകയും നിർദേശം കൊടുക്കുകയും ചെയ്തത്. ദേവസ്വം ബോർഡിനോട് ചോദിക്കേണ്ട സമയത്ത് ആവശ്യം എങ്കിൽ ചോദിക്കും.

ദേവസ്വം ബോര്‍ഡ് എല്ലാം പറയുമെന്നും സര്‍ക്കാരിന് വരവ് ചെലവ് സംബന്ധിച്ച കണക്ക് പറയാൻ അധികാരമില്ലെന്നും വിഎൻ വാസവൻ പറഞ്ഞു.

തെരുവുനായ ആക്രമണം: നഷ്ടപരിഹാരത്തിനായുള്ള നടപടികൾ വേഗത്തിലാക്കുന്നു; കണ്ണൂരിൽ ഇന്ന് ആദ്യ സിറ്റിങ്

കണ്ണൂർ: തെരുവുനായകളുടെ കടിയേറ്റവർക്ക് നഷ്ടപരിഹാരം ലഭ്യമാക്കുന്നതിനുള്ള നടപടികൾ വേഗത്തിലാക്കുന്നു. 2017 മുതലുള്ള പരാതികൾ പരിഗണിക്കുന്നതിനായി കണ്ണൂർ ജില്ലയിലെ ആദ്യ സിറ്റിങ് ഇന്ന് നടക്കും. ജില്ലയിൽ ഇതുവരെ നഷ്ടപരിഹാരത്തിനായി ആയിരത്തിലേറെ അപേക്ഷകളാണ് ലഭിച്ചിരിക്കുന്നത്.

കേരളത്തിൽ തെരുവുനായ ആക്രമണത്തിന് ഇരയാകുന്നവരുടെ എണ്ണം ഓരോ വർഷവും വർധിച്ചുവരികയാണ്. 2021 മുതൽ 2025 വരെയുള്ള കാലയളവിൽ 15.02 ലക്ഷം പേർക്കാണ് തെരുവുനായയുടെ കടിയേറ്റത്.

2024-ൽ 3.17 ലക്ഷം പേർക്ക് കടിയേറ്റപ്പോൾ, 2025-ൽ അത് 3.69 ലക്ഷമായി ഉയർന്നു. കണ്ണൂർ ജില്ലയിൽ മാത്രം തീർപ്പാക്കാനുള്ളത് 1,083 പരാതികളാണ്. നഷ്ടപരിഹാരത്തിന് അർഹതയുണ്ടെന്ന കാര്യം പലർക്കും അറിയാത്ത സാഹചര്യവുമുണ്ട്.

നേരത്തെ സുപ്രീം കോടതി നിർദ്ദേശപ്രകാരം റിട്ടയേർഡ് ജസ്റ്റിസ് സിരിജഗൻ കമ്മിറ്റിയുടെ മേൽനോട്ടത്തിലായിരുന്നു നഷ്ടപരിഹാരം നിശ്ചയിച്ചിരുന്നത്. നിലവിൽ, നഷ്ടപരിഹാരം ശുപാർശ ചെയ്യുന്നതിനായി കേരള ലീഗൽ സർവീസ് അതോറിറ്റിയുടെ കീഴിൽ എല്ലാ ജില്ലകളിലും ഡിസ്ട്രിക്ട് സ്‌ട്രേ ഡോഗ് വിക്ടിം കമ്മിറ്റി രൂപീകരിച്ചിട്ടുണ്ട്. ഈ സമിതിയുടെ ജില്ലയിലെ ആദ്യ സിറ്റിംഗാണ് ഇന്ന് നടക്കുന്നത്.

കെപിസിസി അധ്യക്ഷ സ്ഥാനത്ത് മാറ്റം;  സാധ്യത ബെന്നി ബെഹനാന് ?

ഡൽഹി: നിയമസഭ തെരഞ്ഞെടുപ്പിനുള്ള സ്ഥാനാർഥി പട്ടിക പ്രഖ്യാപനത്തോടൊപ്പം പുതിയ കേരള പ്രദേശ് കോൺഗ്രസ് കമ്മിറ്റി (കെപിസിസി) അധ്യക്ഷനെയും പ്രഖ്യാപിക്കാനുള്ള നീക്കത്തിലാണ് കോൺഗ്രസ് നേതൃത്വം. പുതിയ അധ്യക്ഷനായി ബെന്നി ബെഹനാനെ നിയോഗിക്കാനാണ് സാധ്യത എന്നാണ് അടുത്ത വൃത്തങ്ങളിൽ നിന്നും ലഭിക്കുന്ന വിവരം.

പാർട്ടിക്കുള്ളിലെ ഭൂരിപക്ഷ പിന്തുണ ബെന്നി ബെഹനാനാണെന്ന വിലയിരുത്തലാണ് ഈ നീക്കത്തിന് പിന്നിൽ. നിയമസഭ തെരഞ്ഞെടുപ്പിൽ എംപിമാർ മത്സരിക്കേണ്ടതില്ലെന്ന് തുറന്നുപറഞ്ഞ നിലപാടും അദ്ദേഹത്തിന് മുൻതൂക്കം നൽകുന്ന ഘടകമായി കണക്കാക്കുന്നു.

നിയമസഭ തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ ഒരുങ്ങുന്നതിനാൽ നിലവിലെ കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫ് സ്ഥാനമൊഴിയാനാണ് സാധ്യത. അധ്യക്ഷസ്ഥാനത്തേക്ക് ആന്റോ ആന്റണിയെ പരിഗണിച്ചിരുന്നുവെങ്കിലും ചില വിവാദങ്ങൾ തിരിച്ചടിയായെന്നാണ് സൂചന. ഇതോടെയാണ് ബെന്നി ബെഹനാന്റെ സാധ്യത ശക്തമായത്.

നിയമസഭാ തെരഞ്ഞെടുപ്പ്: കോൺഗ്രസിന്റെ ആദ്യ സ്ഥാനാർഥി പട്ടിക 20ന്; പ്രചാരണ സമിതികൾ പ്രഖ്യാപിച്ചു

നിയമസഭാ തെരഞ്ഞെടുപ്പിനായുള്ള കോൺഗ്രസിന്റെ ആദ്യ സ്ഥാനാർഥി പട്ടിക ഈ മാസം 20ന് പ്രഖ്യാപിക്കും. രണ്ട് മണ്ഡലങ്ങൾ ഒഴികെ സിറ്റിങ് എംഎൽഎമാർ തന്നെ വീണ്ടും മത്സരിക്കുമെന്നാണ് വിവരം. തൃക്കാക്കര മണ്ഡലത്തിൽ ഉമാ തോമസ് വീണ്ടും സ്ഥാനാർഥിയാകും. പാലക്കാട്, തൃപ്പൂണിത്തുറ മണ്ഡലങ്ങളിൽ പുതുമുഖങ്ങളെ പരിഗണിക്കാനാണ് തീരുമാനം. കെപിസിസി പ്രസിഡന്റായ സണ്ണി ജോസഫ് മത്സരത്തിനിറങ്ങാനും ഹൈക്കമാൻഡ് തീരുമാനിച്ചിട്ടുണ്ട്. സിറ്റിങ് എംഎൽഎമാർ തമ്മിൽ സീറ്റുമാറ്റം വേണ്ടെന്ന നിർദേശവും ഹൈക്കമാൻഡ് നൽകിയിട്ടുണ്ട്.

തെരഞ്ഞെടുപ്പ് മുന്നൊരുക്കങ്ങളുടെ ഭാഗമായി പ്രചാരണ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാൻ പ്രത്യേക സമിതികൾക്കും രൂപം നൽകി. മുതിർന്ന കോൺഗ്രസ് നേതാവും മുൻ പ്രതിപക്ഷ നേതാവുമായ രമേശ് ചെന്നിത്തലയാണ് പ്രചാരണ സമിതി ചെയർമാൻ. തിരുവനന്തപുരം എംപി ശശി തരൂർ സഹ അധ്യക്ഷനാകും. യുവ നേതാക്കളടക്കം പത്ത് അംഗങ്ങളാണ് സമിതിയിൽ ഉൾപ്പെട്ടിരിക്കുന്നത്.

പ്രചാരണ സമിതി കൺവീനറായി വടകര എംപിയും കെപിസിസി വർക്കിംഗ് പ്രസിഡന്റുമായ ഷാഫി പറമ്പിലിനെ നിയമിച്ചു. പ്രകടനപത്രിക സമിതിയുടെ ചെയർമാനായി ബെന്നി ബെഹനാനെയും സഹ അധ്യക്ഷനായി കൊടിക്കുന്നിൽ സുരേഷിനെയുംനിയമിച്ചു. യുവാക്കളെയും മുതിർന്ന നേതാക്കളെയും ഒരുപോലെ ഉൾപ്പെടുത്തിയ ഈ സംഘാടനത്തിലൂടെ തെരഞ്ഞെടുപ്പിൽ മികച്ച മുന്നേറ്റം ഉണ്ടാകുമെന്ന പ്രതീക്ഷയിലാണ് കോൺഗ്രസ് നേതൃത്വം.