കുവൈത്ത് സിറ്റി: മയക്കുമരുന്ന് കടത്തിനും വിതരണത്തിനുമായി എ4 പേപ്പറുകളിൽ ലഹരിവസ്തുക്കൾ കലർത്തി ഉപയോഗിച്ചിരുന്ന ഈജിപ്ഷ്യൻ സ്വദേശിയെ കുവൈത്ത് അധികൃതർ അറസ്റ്റ് ചെയ്തു. മംഗഫ് മേഖലയിൽ നടത്തിയ പരിശോധനയിലാണ് ഇയാൾ പിടിയിലായത്.
രഹസ്യ വിവരങ്ങളുടെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിനൊടുവിലാണ് ജനറൽ ഡിപ്പാർട്ട്‌മെന്റ് ഫോർ ഡ്രഗ് കൺട്രോൾ പ്രതിയെ കുടുക്കിയത്. പരിശോധനയിൽ മയക്കുമരുന്ന് രാസവസ്തുക്കൾ ചേർത്ത 140 എ4 ഷീറ്റുകൾ, 40 ഗ്രാം ഹാഷിഷ്, 15 ഗ്രാം ക്രിസ്റ്റൽ മെത്ത്, 200 മില്ലി സിബിഡി, രണ്ട് ഡിജിറ്റൽ ത്രാസുകൾ എന്നിവ കണ്ടെടുത്തു.
നിയമപാലകരുടെ ശ്രദ്ധയിൽപ്പെടാതെ ലഹരിവസ്തുക്കൾ വിതരണം ചെയ്യുന്നതിനായാണ് മയക്കുമരുന്ന് കലർത്തിയ പേപ്പറുകൾ ഉപയോഗിച്ചതെന്നാണ് ആഭ്യന്തര മന്ത്രാലയത്തിന്റെ കണ്ടെത്തൽ. എന്നാൽ മയക്കുമരുന്ന് വിരുദ്ധ വിഭാഗത്തിന്റെ നിരീക്ഷണവും സമയോചിതമായ ഇടപെടലും പ്രതിയുടെ നീക്കങ്ങൾ പരാജയപ്പെടുത്തി.
അറസ്റ്റിലായ പ്രതിക്കെതിരെ നിയമനടപടികൾ ആരംഭിച്ചതായും പിടിച്ചെടുത്ത വസ്തുക്കളോടൊപ്പം ഇയാളെ ബന്ധപ്പെട്ട അധികാരികൾക്ക് കൈമാറിയതായും അധികൃതർ അറിയിച്ചു. രാജ്യത്ത് മയക്കുമരുന്ന് വ്യാപനം തടയുന്നതിനുള്ള പരിശോധനകളും കർശന നടപടികളും തുടരുമെന്നും കുവൈത്ത് ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി.

