പയ്യന്നൂർ: ഇന്ത്യൻ റെയിൽവേ യാത്രക്കാരുടെ സുരക്ഷ ശക്തമാക്കുന്നതിന്റെ ഭാഗമായി സ്ലീപ്പർ കോച്ചുകളിലും അത്യാധുനിക ഫയർ ഡിറ്റക്ഷൻ സിസ്റ്റം (FDS) വ്യാപിപ്പിക്കാൻ തീരുമാനിച്ചു. ട്രെയിനിനുള്ളിൽ പുകവലി പോലുള്ള നിയമലംഘനങ്ങൾ കണ്ടെത്തിയാൽ ഉടൻ മുന്നറിയിപ്പ് നൽകുകയും ആവശ്യമായ സാഹചര്യങ്ങളിൽ ട്രെയിൻ നിർത്തുകയും ചെയ്യുന്ന സംവിധാനമാണ് ഇത്.
കോച്ചുകളിലും ശൗചാലയങ്ങളിലുമാണ് സൂക്ഷ്മ സെൻസറുകൾ സ്ഥാപിക്കുന്നത്. പുക കണ്ടെത്തുന്ന മുറയ്ക്ക് അലാർം പ്രവർത്തിക്കുകയും, തുടർന്ന് റെയിൽവേ ജീവനക്കാർ സ്ഥലം പരിശോധിച്ച് തീപിടിത്ത ഭീഷണി ഇല്ലെന്ന് ഉറപ്പുവരുത്തിയ ശേഷമേ യാത്ര തുടരാൻ അനുവദിക്കൂ.
രാജ്യത്ത് ആദ്യമായി ഈ സംവിധാനം വന്ദേഭാരത് എക്സ്പ്രസ് ട്രെയിനുകളുടെ ശൗചാലയങ്ങളിലാണ് സ്ഥാപിച്ചത്. പിന്നീട് ഇത് എ.സി കോച്ചുകളിലേക്കും വ്യാപിപ്പിച്ചു. ഇപ്പോൾ പഴയ കോച്ചുകളിൽ കൂടി ഘട്ടംഘട്ടമായി സംവിധാനം സ്ഥാപിക്കുകയാണ്. പുതുതായി നിർമ്മിക്കുന്ന എൽ.എച്ച്.ബി കോച്ചുകൾ ഫാക്ടറിയിൽ നിന്നുതന്നെ ഈ സെൻസർ സംവിധാനത്തോടെ പുറത്തിറങ്ങും.
നിയമലംഘനമായി ട്രെയിനിനുള്ളിൽ പുകവലിക്കുന്നവർക്ക് പിഴ മാത്രമല്ല, ആർ.പി.എഫ് ഉൾപ്പെടെ നിയമനടപടികളും നേരിടേണ്ടി വരുമെന്ന് റെയിൽവേ അധികൃതർ അറിയിച്ചു.
English Summary
Indian Railways is expanding its advanced Fire Detection System (FDS) to sleeper coaches. The system detects smoke from activities like smoking and can trigger alerts or even stop the train if necessary, enhancing passenger safety and preventing fire accidents.

