കൊച്ചി: മുഖ്യമന്ത്രി-കെഎസ്‌യു തർക്കത്തിൽ കെഎസ്‌യു സംസ്ഥാന അധ്യക്ഷൻ അലോഷ്യസ് സേവ്യറിനെതിരെ സ്വന്തം സംഘടനയ്ക്കുള്ളിൽ വിമർശനം കടുപ്പിക്കുന്നു. കെഎസ്‌യു സംസ്ഥാന ജനറൽ സെക്രട്ടറി മുബാസ് ഓടക്കാലിയാണ് അലോഷ്യസിനെതിരെ പരസ്യമായി രംഗത്തെത്തിയത്.
കെഎസ്‌യുവിലെ വി.ഡി. സതീശൻ അനുകൂല വിഭാഗം നേതാക്കൾ നടത്തിയ വാർത്താസമ്മേളനത്തിലായിരുന്നു പ്രതികരണം. “ചിലർ ബോധപൂർവം സർക്കാരിനെയും മുഖ്യമന്ത്രിയെയും കരിവാരിത്തേക്കുകയാണ്” എന്നായിരുന്നു മുബാസിന്റെ വിമർശനം.
ഗവൺമെന്റ് പ്ലീഡർ നിയമനവുമായി ബന്ധപ്പെട്ട പട്ടിക ഇന്ത്യൻ ലോയേഴ്സ് കോൺഗ്രസ് സംസ്ഥാന കമ്മിറ്റിയാണ് നൽകിയതെന്നും, അതാണ് പാർട്ടി പരിഗണിച്ചതെന്നും അദ്ദേഹം വ്യക്തമാക്കി. പ്ലീഡറായി നിയമിതനായ ശരത്ത് 2019 മുതൽ ഇന്ത്യൻ ലോയേഴ്സ് കോൺഗ്രസിന്റെയും യൂത്ത് കോൺഗ്രസിന്റെയും സജീവ പ്രവർത്തകനാണെന്നും മുബാസ് പറഞ്ഞു.
അഭിപ്രായവ്യത്യാസങ്ങൾ ഉണ്ടെങ്കിൽ അത് പാർട്ടി ഫോറങ്ങളിൽ ഉന്നയിക്കേണ്ടതാണെന്നും, മാധ്യമങ്ങളിലൂടെ ആരോപണം ഉന്നയിച്ചശേഷം മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച തേടുന്നത് ശരിയല്ലെന്നും അദ്ദേഹം വിമർശിച്ചു.
പ്രശ്നപരിഹാരമല്ല, സർക്കാരിനെയും മുഖ്യമന്ത്രിയെയും അപകീർത്തിപ്പെടുത്തുകയാണ് ചിലരുടെ ലക്ഷ്യമെന്നും, ഇതിന് പിന്നിൽ വ്യക്തമായ അജണ്ടയുണ്ടെന്നും മുബാസ് ആരോപിച്ചു. മന്ത്രിസഭയുടെ പ്രതിച്ഛായ തകർക്കാനുള്ള ശ്രമമാണിതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഇതിനിടെ, കെഎസ്‌യു കോട്ടയം ജില്ലാ സെക്രട്ടറി സൈദ് എം. താജുവും അലോഷ്യസ് സേവ്യറിനെതിരെ രംഗത്തെത്തി. മുഖ്യമന്ത്രിയെ അപകീർത്തിപ്പെടുത്താൻ ശ്രമിക്കരുതെന്നും, പരാതികൾ ആദ്യം പാർട്ടി നേതൃത്വത്തെ അറിയിക്കേണ്ടതാണെന്നും അദ്ദേഹം പറഞ്ഞു.
മുഖ്യമന്ത്രിക്കെതിരെ വിമർശനം ഉന്നയിക്കുന്നതിലൂടെ സുകുമാരൻ നായരുടെയും വെള്ളാപ്പള്ളി നടേശന്റെയും നിലപാടിനൊപ്പമാണ് അലോഷ്യസ് എത്തിനിൽക്കുന്നതെന്ന് സൈദ് എം. താജു ആരോപിച്ചു.

