മലബാർ മണ്ണിൽ നിന്ന് ടെലിവിഷൻ രംഗത്തേക്ക് മറ്റൊരു മുഖം കൂടി. മഴവിൽ മനോരമയിൽ സംപ്രേഷണം ചെയ്യുന്ന ‘ഒറ്റശിഖിരം’ എന്ന സീരിയലിലൂടെ പ്രേക്ഷകരുടെ ശ്രദ്ധ നേടിയിരിക്കുകയാണ് മലപ്പുറം സ്വദേശിയായ രാകേഷ് ബാബു.
ആദ്യ സീരിയലിൽ തന്നെ നായകതുല്യമായ ശക്തമായ കഥാപാത്രം അവതരിപ്പിക്കാനായതിന്റെ സന്തോഷത്തിലാണ് താരം.
അസിസ്റ്റന്റ് ഡയറക്ടർ രഞ്ജിത്ത് മൗക്കോടിന്റെ അപ്രതീക്ഷിത ഫോൺവിളിയാണ് പ്രമുഖ സീരിയൽ സംവിധായകൻ രാജീവ് നെടുങ്കണ്ടം ഒരുക്കുന്ന ‘ഒറ്റശിഖിരം’ എന്ന പരമ്പരയിലേക്കുള്ള രാകേഷ് ബാബുവിന്റെ പ്രവേശനത്തിന് വഴിയൊരുക്കിയത്.

സീരിയലിലെ ഹരിഹരൻ എന്ന കഥാപാത്രത്തിലൂടെയാണ് അദ്ദേഹം പ്രേക്ഷകരുടെ മനസ്സിൽ ഇടം നേടുന്നത്. പ്രമുഖ നിർമ്മാണ സ്ഥാപനമായ ശ്രീമൂവീസാണ് ‘ഒറ്റശിഖിരം’ നിർമ്മിക്കുന്നത്.
2012ൽ മമ്മാസ് ചന്ദ്രൻ സംവിധാനം ചെയ്ത ‘സിനിമാ കമ്പനി’ എന്ന ചിത്രത്തിലൂടെയാണ് രാകേഷ് ബാബു അഭിനയരംഗത്ത് അരങ്ങേറ്റം കുറിക്കുന്നത്.
തുടർന്ന് മാധ്യമപ്രവർത്തകനായ യു. ഹരീഷ് സംവിധാനം ചെയ്ത സാമൂഹിക പ്രതിബദ്ധത മുൻനിർത്തിയ ‘ആംബുലൻസ്’, ‘മറക്കരുത്’ എന്നീ ഷോർട് ഫിലിമുകളിലും, ബിജു മേനോൻ–ഉമേഷ് കൃഷ്ണ ടീമിന്റെ സംവിധാനത്തിലുള്ള ബിഗ് ബജറ്റ് പൈലറ്റ് ഷോർട് ഫിലിം ‘യൂദാസിന്റെ ളോഹ’യിലും അദ്ദേഹം പ്രധാന വേഷങ്ങൾ കൈകാര്യം ചെയ്തു.
സംഗീത ആൽബം രംഗത്തും രാകേഷ് ബാബു ശ്രദ്ധേയനായിരുന്നു. മഴവിൽ മനോരമ ഇന്ത്യൻ വോയിസ് (2013) ജേതാവ് സെലിൻ ജോസ് ആലപിച്ച ‘ഫെയ്ഡ് ഓഫ്’, അഭിജിത് കൊല്ലം ആലപിച്ച ‘ഹൃദയത്തിൽ’ എന്നീ ആൽബങ്ങളിൽ സുഹൃത്തായ ഷോജി സെബാസ്റ്റ്യന്റെ സംവിധാനത്തിൽ നായകനായി അഭിനയിച്ചു.
പിന്നീട് ഷോജി സെബാസ്റ്റ്യൻ സംവിധാനം ചെയ്ത ‘പിപ്പലാന്ത്രി’, ‘എൽ’ എന്നീ സിനിമകളിലും ശ്രദ്ധേയമായ കഥാപാത്രങ്ങളിലൂടെ അദ്ദേഹം പ്രേക്ഷക ശ്രദ്ധ നേടി. വിഷയവൈവിധ്യവും അവതരണ ശൈലിയുമാണ് ഈ ചിത്രങ്ങളെ ഏറെ ചർച്ചയാക്കിയത്.
എറണാകുളം കാക്കനാട്ടെ കേരള പ്രസ്സ് അക്കാഡമിയിൽ നിന്ന് പി.ജി. പബ്ലിക് റിലേഷൻസും അഡ്വർടൈസിങ്ങും പൂർത്തിയാക്കിയ രാകേഷ് ബാബു, കേരളത്തിലെ പ്രമുഖ അച്ചടി–ദൃശ്യ മാധ്യമങ്ങളിൽ പരസ്യവിഭാഗത്തിൽ മാനേജറായി 18 വർഷത്തിലധികം സേവനമനുഷ്ഠിച്ചിട്ടുണ്ട്. നിലവിൽ ഫ്രീലാൻസ് ബ്രാൻഡിംഗ് & മീഡിയ അഡ്വർടൈസിങ് കൺസൾട്ടന്റായാണ് പ്രവർത്തനം.
സിനിമയാണ് അന്തിമ ലക്ഷ്യമെങ്കിലും, ‘ഒറ്റശിഖിരം’യിലെ ഹരിഹരൻ പോലുള്ള ശക്തമായ കഥാപാത്രങ്ങൾ ലഭിക്കുന്നുവെങ്കിൽ സീരിയൽ രംഗത്തും സജീവമായി തുടരാനാണ് രാകേഷ് ബാബുവിന്റെ തീരുമാനം.

