തിരുവനന്തപുരം: ശബരിമല ദ്വാരപാലക ശിൽപ്പപാളി കേസില്‍ ഇന്ന് തന്ത്രി കണ്ഠര് രാജീവരുടെ അറസ്റ്റ് രേഖപ്പെടുത്തും. കട്ടിളപാളി കേസിൽ അറസ്റ്റിലായി ജയിലിൽ കഴിയുന്ന തന്ത്രിയുടെ അറസ്റ്റ് ജയിലിൽ എത്തിയാണ് പ്രത്യേക അന്വേഷണ സംഘം രേഖപ്പെടുത്തുക. വെള്ളിയാഴ്ച കസ്റ്റഡി അപേക്ഷ നൽകാനും എസ്ഐടി തീരുമാനിച്ചിട്ടുണ്ട്. കോടതിയുടെ അനുമതി ലഭിച്ചതോടെയാണ് ജയിലിലെത്തി തന്ത്രിയുടെ അറസ്റ്റ് രേഖപ്പെടുത്താന് അന്വേഷണ സംഘം ഒരുങ്ങുന്നത്. തന്ത്രിക്ക് തട്ടിപ്പിൽ ബന്ധമുണ്ടെന്നാണ് എസ്ഐടി കൊല്ലം വിജിലൻസ് കോടതിയിൽ നൽകിയ റിപ്പോർട്ട്. സ്വർണം ചെമ്പാക്കിയ വ്യാജ മഹസറിൽ തന്ത്രി ഒപ്പിട്ട് ഗൂഢാലോചനയിൽ പങ്കാളിയായെന്നാണ് എസ്ഐടി കോടതിയെ അറിയിച്ചത്. അതേസമയം, ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് പി എസ് പ്രശാന്തിനെ ഇന്നലെ എസ്ഐടി ചോദ്യം ചെയ്യാൻ വിളിപ്പിച്ചിരുന്നു. വീണ്ടും ചോദ്യം ചെയ്യാൻ വിളിപ്പിക്കുമെന്ന് അറിയിച്ചിട്ടുണ്ട്.
അതേസമയം, ശബരിമല സ്വർണക്കവർച്ച കേസിന്റെ അന്വേഷണ പരിധിയിൽ ഇനി കൊടിമരം മാറ്റിസ്ഥാപിച്ചതും ഉൾപ്പെടും. 2017ലാണ് ശബരിമലയില്‍ കൊടിമരം മാറ്റിസ്ഥാപിച്ചത്. ഈ കൊടിമര നിർമാണവും ഇനി എസ്ഐടി അന്വേഷിക്കും. പ്രയാർ ഗോപാലകൃഷ്‌ണൻ ദേവസ്വം ബോര്‍ഡ് പ്രസിഡന്‍റ് ആയിരുന്ന കാലത്താണ് പഴയ കൊടിമരം മാറ്റി പുതിയത് സ്ഥാപിച്ചത്. ഹൈക്കോടതിയുടെ നിർദേശാനുസരണമാണ് കൊടിമര നിർമ്മാണവും എസ്ഐടിയും ദേവസ്വം വിജിലൻസും അന്വേഷിക്കുന്നത്.
അറസ്റ്റിലായ തന്ത്രി കണ്ഠര് രാജീവരുമായി ബന്ധപ്പെട്ട പലരില്‍ നിന്നും എസ്ഐടി സംഘം മൊഴിയെടുത്തിരുന്നു. അപ്പോഴാണ് കൊടിമരം മാറ്റിസ്ഥാപിച്ചത് സംബന്ധിച്ചുള്ള വിവരങ്ങള്‍ എസ്ഐടിക്ക് ലഭ്യമായത്. ഈ സാഹചര്യത്തിലാണ് 2017ല്‍ കൊടിമരം മാറ്റിസ്ഥാപിച്ചതുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ അന്വേഷണ പരിധിയിലേക്ക് കൊണ്ടുവരുന്നത്. പഴയ കൊടിമരം ജീര്‍ണിച്ച അവസ്ഥയില്‍ ആയതോടെയാണ് മാറ്റിസ്ഥാപിക്കുന്നത്. കൊടിമരത്തിലുണ്ടായിരുന്ന വാജി വാഹനത്തിനും അഷ്ടദിക്ക് പാലകന്മാര്‍ക്കും വര്‍ഷങ്ങളുടെ പഴക്കം ഉണ്ടായിരുന്നു. രാജാവിന്‍ കാലഘട്ടത്തില്‍ സമ്മാനം ലഭിച്ചതാണെന്നാണ് രേഖകളില്‍ പറയുന്നത്. കൊടിമരം മാറ്റിസ്ഥാപിക്കുമ്പോള്‍ ഈ വാജി വാഹനം തന്ത്രിയുടെ പക്കല്‍ ഏല്‍പ്പിച്ചു. എന്നാല്‍, ദേവസ്വം വിജിലന്‍സിന്‍റെ അന്വേഷണത്തില്‍ അഷ്ടദിക്ക്പാലകന്മാര്‍ എവിടെയാണെന്ന കാര്യത്തില്‍ വ്യക്തതയില്ല.
പഴയ കൊടിമരത്തിലെ വാജിവാഹനം തന്ത്രി കണ്ഠരര് രാജീവരരുടെ കയ്യിലെയായിരുന്നു ഉണ്ടായിരുന്നത്. ഇതിന് വർഷങ്ങളുടെ പഴക്കമുണ്ട്. 11കിലോ തൂക്കം വരുന്ന പഞ്ചലോഹത്തിൽ സ്വർണം പൊതിഞ്ഞതാണ് വാജിവാഹനം. ശബരിമലയില്‍ ഉണ്ടായിരുന്ന ഈ അമൂല്യ വാജിവാഹനം 2017 ലാണ് തന്ത്രി കണ്ഠരര് രാജീവര് വീട്ടിലേക്ക് കൊണ്ടുപോയത്. കട്ടിളപ്പാളി കേസില്‍ തന്ത്രിയെ അറസ്റ്റ് ചെയ്തതിന് പിന്നാലെ പ്രത്യേക അന്വേഷണ സംഘം ഇദ്ദേഹത്തിന്റെ വീട്ടിൽ നടത്തിയ പരിശോധനയിൽ വാജിവാഹനം കണ്ടെടുത്തിരുന്നു.
അതിനിടെ, സന്നിധാനത്തെ കൊടിമരത്തിലെ വാജി വാഹനം തന്ത്രിക്ക് കൈമാറിയതുമായി ബന്ധപ്പെട്ട് പ്രതികരണവുമായി മുൻ ദേവസ്വം ബോര്‍ഡ് അംഗം അജയ് തറയിൽ രംഗത്തെത്തിയിരുന്നു. ശബരിമലയിലെ കൊടിമരത്തിലെ വാജി വാഹനം തന്ത്രിക്ക് അവകാശപ്പെട്ടതാണെന്നതാണ് കീഴ്വഴക്കം. അതുകൊണ്ടാണ് പഴയ കൊടിമരത്തിലുണ്ടായിരുന്ന വാജി വാഹനം തന്ത്രിക്ക് കൈമാറിയതെന്നായിരുന്നു അജയ് തറയിൽ മാധ്യമങ്ങളോട് പ്രതികരിച്ചത്. വാജി വാഹനം തന്ത്രിക്ക് അവകാശപ്പെട്ടതാണെന്നാണ് ഞങ്ങൾക്ക് കിട്ടിയ റിപ്പോർട്ട്. അന്ന് വാജി വാഹനം കൈമാറിയതിന് രേഖകൾ ഉണ്ടാക്കിയിട്ടില്ല. അഡ്വക്കറ്റ് കമ്മീഷൻ എ എസ് പി കുറുപ്പിന്‍റെ നിർദ്ദേശവും ഉണ്ടായിരുന്നു. സ്വർണ്ണം പൂശിയ പറകൾ, അഷ്ടദിക് പാലകർ, അടക്കം പഴയ കൊടിമരത്തിന്‍റെ എല്ലാഭാഗങ്ങളും സ്ട്രോങ്ങ് റൂമിലേക്ക് മാറ്റിയിട്ടുണ്ട്. ഇതിന് മഹസർ തയ്യാറാക്കി ഹൈക്കോടതിയിൽ റിപ്പോർട്ട് നൽകിയിട്ടുണ്ട്.
ഇപ്പോൾ ഇവയെല്ലാം സ്ട്രോങ്ങ് റൂമിൽ ഉണ്ടോ എന്ന കാര്യം തനിക്ക് അറിയില്ല. കൊടിമരത്തിന് സ്വർണ്ണം സ്പോൺസർ ചെയ്തത് ആന്ധ്രയിൽ നിന്നുള്ള ഫിനിക്സ് ഗ്രൂപ്പാണ്. മറ്റാരുടെയും സ്വർണം നിർമ്മാണത്തിന് ഉപയോഗിച്ചിട്ടില്ല. ദേവസ്വം മാന്വവൽ അനുസരിച്ചായിരുന്നു നിർമ്മാണം. മാന്നാറിലെ നിർമ്മാണവേളയിൽ ആചാരപരമായി ചിലർ സ്വർണം സംഭാവന നൽകിയിട്ടുണ്ടെന്നും സുരേഷ് ഗോപിയും താനും എല്ലാം അങ്ങനെ സംഭാവന നൽകിയതാണെന്നും അജയ് തറയിൽ മാധ്യമങ്ങളോട് പ്രതികരിച്ചു.

