ഭുവനേശ്വർ: ഒഡീഷയിൽ കാമുകന്റെ മുൻപിൽവെച്ച് 19 കാരിയായ കോളേജ് വിദ്യാർത്ഥിനിയെ കൂട്ടബലാത്സംഗം ചെയ്ത കേസിൽ മൂന്ന് പേരെ അറസ്റ്റ് ചെയ്തു. ഒഡീഷയിലെ ബാലിഹർചാണ്ടി ബീച്ചിൽ ശനിയാഴ്ചയാണ് സംഭവം നടന്നത്. പെൺകുട്ടിയും കാമുകനും ബീച്ചിലെ ക്ഷേത്രത്തിന് സമീപം ഇരിക്കുമ്പോഴാണ് പ്രതികൾ അവിടെയെത്തിയത്. തുടർന്ന് പ്രതികൾ ഇരുവരുടെയും വീഡിയോകൾ ഫോണിൽ റെക്കോർഡ് ചെയ്യാൻ തുടങ്ങി, ആ വീഡിയോകൾ ഇല്ലാതാക്കണമെങ്കിൽ പണം നൽകണമെന്നും ആവശ്യപ്പെട്ടു.
പണം നൽകില്ലെന്ന് ഇരുവരും ഉറപ്പിച്ചുപറഞ്ഞതോടെ പ്രതികൾ യുവതിയെ കൂട്ടബലാത്സംഗത്തിനിരയാക്കുകയായിരുന്നു, ആൺസുഹൃത്തിനെ സമീപത്തെ മരത്തിൽ കെട്ടിയിട്ട ശേഷമാണ് യുവതിക്കെതിരെ അതിക്രമം നടത്തിയത്. അതിക്രമത്തിന് പിന്നാലെ യുവതി മാനസികമായി തകർന്നിരുന്നു. ഇതിൽ നിന്ന് മോചിതയായ ശേഷമാണ് യുവതി പൊലീസിൽ പരാതി നൽകിയത്.
തുടർന്ന് നടത്തിയ അന്വേഷണത്തിൽ പ്രദേശവാസികളായ മൂന്ന് പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഒരാൾ കൂടി പിടിയിലാകാനുണ്ടെന്നാണ് സൂചന. കഴിഞ്ഞ കുറച്ച് മാസങ്ങളായി ഒഡീഷയിൽ സ്ത്രീകൾക്കെതിരായ അതിക്രമങ്ങൾ വർധിച്ചുവരികയാണ്. കഴിഞ്ഞ ബുധനാഴ്ച ഭുബനേശ്വറിലെ ഒരു ലോഡ്ജിൽ വെച്ച് ഒരു യുവതി കൂട്ട ബലാത്സംഗത്തിനിരയായിരുന്നു.
ഈ കേസിൽ അറസ്റ്റിലായ പ്രതികൾ, ഒരു വലിയ സംഗീത പ്രോജക്റ്റ് നൽകാമെന്ന് വാഗ്ദാനം ചെയ്ത് ഗായികയായ സ്ത്രീയെ വശീകരിച്ച് ലോഡ്ജിലേക്ക് കൊണ്ടുപോയി മയക്കുമരുന്ന് കലർന്ന പാനീയം നൽകി പീഡിപ്പിക്കുകയായിരുന്നു. മറ്റൊരു സംഭവത്തിൽ സെപ്റ്റംബർ അഞ്ചിന് വിനായക ചതുർഥി ആഘിശങ്ങളുടെ ഭാഗമായി ഗ്രാമത്തിലേക്ക് പോകുന്ന വഴിയിൽ 14 വയസുകാരി പീഡനത്തിനിരയായിരുന്നു. കഴിഞ്ഞ മാസം വെറും 10 വയസ് മാത്രമുള്ള ആദിവാസി യുവതിയും പീഡനത്തിനിരയായിരുന്നു.

