ഫൈബർ വള്ളത്തിൽ വലയിടുമ്പോൾ കാൽ വഴുതി കടലിൽ വീണു; മത്സ്യത്തൊഴിലാളിക്ക് ദാരുണാന്ത്യം

0

മലപ്പുറം: പരപ്പനങ്ങാടിയിൽ മത്സ്യബന്ധനത്തിനിടെയുണ്ടായ അപകടത്തിൽ ചെട്ടിപ്പടി സ്വദേശി സഹീർ (29) മുങ്ങി മരിച്ചു. ആലുങ്ങൽ ബീച്ചിനടുത്ത് കുഞ്ഞിപ്പീടിയേക്കൽ അഷ്‌റഫിന്റെ മകനാണ് മരിച്ച സഹീർ.

ഇന്ന് പുലർച്ചെ ചെട്ടിപ്പടിയിൽ നിന്ന് ‘മർകബുൽ ബുഷ്‌റ’ എന്ന ഫൈബർ വള്ളത്തിൽ മത്സ്യബന്ധനത്തിന് പോയതായിരുന്നു സഹീർ. കടലിൽ വലയിടുന്നതിനിടെ കാൽവഴുതി റിങ് റോപ്പിൽ കുരുങ്ങി അദ്ദേഹം കടലിലേക്ക് വീണു. ഉടൻതന്നെ കൂടെയുണ്ടായിരുന്നവർ രക്ഷപ്പെടുത്തി ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. വർഷങ്ങളായി മത്സ്യബന്ധനം നടത്തി ഉപജീവനം കണ്ടെത്തുന്നയാളാണ് സഹീർ.

മൃതദേഹം പോസ്റ്റ്‌മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് കൈമാറും. കുഞ്ഞീബിയാണ് മാതാവ്. സൈനുൽ ആബിദ്, സഹീർ, യാസീൻ എന്നിവർ സഹോദരങ്ങളാണ്. സഹീറിന് രണ്ട് മക്കളുണ്ട്.

കടലിൽ കുടുങ്ങിയ നാല് മത്സ്യത്തൊഴിലാളികളെ രക്ഷപ്പെടുത്തി
ആന്ത്രോത്ത് ദ്വീപിൽനിന്ന് മത്സ്യബന്ധനത്തിന് പോയി കടലിൽ കുടുങ്ങിയ നാല് തൊഴിലാളികളെ രക്ഷപ്പെടുത്തി. എട്ട് ദിവസം മുൻപ് ആന്ത്രോത്ത് ദ്വീപിൽ നിന്ന് മീൻപിടിക്കാൻ പോയവരായിരുന്നു ഇവർ. ദ്വീപ് നിവാസികളായ ഇ. റഹ്‌മത്തുല്ല, എ. ഷംസുദ്ദീൻ, കെ.എം. അലിഖാൻ, പി. അനീഷ് റഹ്‌മാൻ എന്നിവരെയാണ് രക്ഷപ്പെടുത്തിയത്.

ഇവർ സഞ്ചരിച്ച തോണിയുടെ എഞ്ചിൻ തകരാറിലായതിനെ തുടർന്ന് കടലിൽ ഒറ്റപ്പെട്ടുപോവുകയായിരുന്നു. ഫോണുകൾ പ്രവർത്തനരഹിതമായതിനാൽ പുറംലോകവുമായി ബന്ധപ്പെടാനും കഴിഞ്ഞില്ല. ഏറെനേരം കടലിൽ ഒഴുകി നടന്ന ഇവരെ, തിങ്കളാഴ്ച രാവിലെ താനൂരിൽനിന്ന് മത്സ്യബന്ധനത്തിന് പുറപ്പെട്ട ‘സ്വാബിഹ്’ ബോട്ടിലെ തൊഴിലാളികളാണ് കണ്ടെത്തി രക്ഷപ്പെടുത്തിയത്. ഒസാൻ കടപ്പുറത്തെ ആലിങ്ങൽ സുബൈറിന്റേതാണ് ഈ ബോട്ട്.

LEAVE A REPLY

Please enter your comment!
Please enter your name here