കൊച്ചി: സംഘടനാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ താരസംഘടന ‘അമ്മയ്ക്ക്’ നികുതി കുരുക്ക്. സ്റ്റേജ് ഷോകളിലടക്കം വൻ നികുതി വെട്ടിപ്പ് നടന്നിട്ടുണ്ടെന്നാണ് കണ്ടെത്തൽ. അംഗത്വ വിതരണത്തിലടക്കം സംഘടനയ്ക്ക് കോടികളുടെ ജിഎസ്ടി കുടിശികയാണ്. എട്ട് കോടിയോളം രൂപയുടെ നികുതിക്കുരുക്കാണ് നിലവിൽ ഉള്ളത്. ഇതിൽ 2014 മുതലുള്ള സ്റ്റേജ് ഷോയും മറ്റും നടത്തിയതുമായി ബന്ധപ്പെട്ട് അടയ്‌ക്കേണ്ട ജിഎസ്ടി, ആദായനികുതി എന്നിവയിലാണ് കുടിശ്ശികയുള്ളത്. ഇവ അടയ്ക്കാനാവശ്യപ്പെട്ട് നോട്ടീസ് നൽകിയെങ്കിലും ആഡ്‌ഹോക്ക് കമ്മിറ്റി ആയിരുന്നു ചുമതലയിൽ ഉണ്ടായിരുന്നതിനാൽ നിയമപ്രശ്നങ്ങൾ ഉയർന്നുവന്നു.
ഇതോടെ സാവകാശം തേടുകയായിരുന്നു. സംഘടനയിലെ തർക്കങ്ങളും മുതിർന്ന താരങ്ങളുടെ പിന്തുണ മുമ്പത്തെ പോലെ ഇല്ലാത്തതും തിരിച്ചടിയായി. മുമ്പത്തെ പോലെ ഫണ്ട് സംഘടനയിലേക്ക് എത്തുന്നില്ലെന്ന പരാതികളും ഉണ്ട്. ഹേമാ കമ്മിറ്റി റിപ്പോർട്ടിന് പിന്നാലെയാണ് അമ്മയിൽ താരങ്ങൾക്കിടയിൽ അകൽച്ച തുടങ്ങിയത്. ആഗസ്ററ് 15 ആണ് ഭാരവാഹി തിരഞ്ഞെടുപ്പ്. പുതിയ ഭാരവാഹികള്‍ ചുമതല ഏറ്റെടുത്താൽ ആദ്യം പരിഹരിക്കേണ്ടി വരിക നികുതിക്കുരുക്കുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളായിരിക്കും.

