പാലക്കാട്: കണ്ണിന് പരിക്കേറ്റ പി.റ്റി അഞ്ചിന്റെ ആരോഗ്യനില ചീഫ് കൺസർവേറ്റർ ഓഫ് ഫോറസ്റ്റ് കെ വിജയാനന്ദ് വിലയിരുത്തിയതിനെ തുടർന്ന് ചികിത്സ ഒരുക്കങ്ങൾ പൂര്‍ത്തിയായി. ആനയെ മയക്കുവെടിവെച്ച ശേഷം തുടർ നടപടികൾ ആലോചിക്കും എന്നാണ് ഫോറസ്റ്റ് ചീഫ് വെറ്റിനറി സർജൻ ഡോ.അരുൺ സക്കറിയ പറഞ്ഞത്. ആന അവശനാണെന്ന വാർത്ത ശരിയല്ല. തീറ്റയെടുക്കുന്ന ആന മറ്റ് ആരോഗ്യ പ്രശ്നങ്ങളൊന്നും കാട്ടുന്നില്ലന്നും സക്കറിയ പറഞ്ഞു.
സംഘം പൂർണ സജ്ജമായി ദൗത്യം തുടങ്ങി. മയക്കുവെടി വെച്ച് ചികിത്സ നൽകിയ ശേഷം ആനയെ കാട്ടിലേക്ക് തിരിച്ചയക്കും. പരിക്ക് ഗുരുതരമെങ്കിൽ ബേസ് ക്യാംപിലേക്ക് മാറ്റിയേക്കും. വെറ്ററിനറി സർജൻ ഡോ. അരുൺ സക്കറിയയുടെ നേതൃത്വത്തിലാണ് ദൗത്യം. ദൗത്യം നടക്കുന്നതിനാൽ മലമ്പുഴ – കഞ്ചിക്കോട് റോഡിൽ ഗതാഗത നിരോധനം ഏര്‍പ്പെടുത്തി. ദൗത്യത്തിനായി മുത്തങ്ങയിൽ നിന്ന് വിക്രം, ഭരത് എന്നീ കുങ്കിയാനകളെ പാലക്കാട് എത്തിച്ചിട്ടുണ്ട്.
ഓപറേഷൻ ആരംഭിക്കുന്നത്. ഡോ. അരുൺ സക്കറിയയുടെ നേതൃത്വത്തിലുള്ള 15 അംഗ വിദ്ഗധ സംഘത്തിനെയാണ് ഇതിനായി നിയോഗിച്ചിരിക്കുന്നത്. ആനയെ എത്തിക്കാനായി കണ്ടെത്തിയിട്ടുള്ള പത്ത് പോയിന്റുകളിൽ ഏതെങ്കിലും ഒരു പോയിന്റിൽ ആനയെ എത്തിക്കും. കുങ്കിയാനകളുടെ സഹായത്തോടെയായിരിക്കും ആനയെ എത്തിക്കുന്നത്.
ഇവിടെ എത്തിച്ച ശേഷം ആയിരിക്കും മയക്കുവെടി വെക്കുന്നത്. ശേഷം ആനയുടെ ആരോഗ്യസ്ഥിതി പരിശോധിക്കും. ആനയുടെ രണ്ട് കണ്ണിനും കാഴ്ചയില്ല. അതുകൊണ്ടുതന്നെ ആദ്യം ഇതിനുള്ള മരുന്നുകളായിരിക്കും നൽകുക. കൂടുതൽ ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടെങ്കിൽ പ്രത്യേകിച്ച് സർജറിയോ മറ്റോ ആവശ്യമുള്ള സാഹചര്യം ആണെങ്കിൽ കൂടുതൽ സമയമെടുത്ത് ചികിത്സ നൽകും.
ആനയുടെ ആരോഗ്യസ്ഥിതി വളരെ മോശമാണെങ്കിൽ എയർ ആംബുലൻസിൽ കയറ്റി ധോണി ക്യാമ്പിലേക്ക് എത്തിക്കും. അവിടെ കൂട്ടിലാക്കിയ ശേഷമായിരിക്കും വിദഗ്ധ ചികിത്സ നൽകുക. പി.റ്റി അഞ്ചിന്റെ ശരീരത്തിലുള്ള മുറിവ് മരക്കൊമ്പ് കൊണ്ട് ഉണ്ടായതാവാമെന്ന് വനംവകുപ്പ് ഉദ്യേഗസ്ഥർ പറഞ്ഞിരുന്നു.
ആന നിലവിൽ മാന്തുരുത്തി മേഖലയിലാണ് ഉള്ളത്. രണ്ടുകണ്ണിനും കാഴ്ച പ്രശ്നമുള്ളതിനാൽ പതുക്കെയാണ് സഞ്ചരിക്കുന്നത്. വനംവകുപ്പ് സംഘം ആനയെ നിരീക്ഷിച്ച് ഒപ്പമുണ്ട്. പി.റ്റി 14 ഉം മറ്റൊരു ആനയും രണ്ടുദിവസംമുമ്പ് ഒപ്പമുണ്ടായിരുന്നു. ആനകൾ തമ്മിൽ ഏറ്റുമുട്ടിയതിന്റെ ഒരു തെളിവുമില്ലെന്നും വനംവകുപ്പ് ഉദ്യോഗസ്ഥർ അറിയിച്ചിരുന്നു.

