4 ബ്രാഞ്ച് സെക്രട്ടറിമാരും 56 അംഗങ്ങളും സിപിഎം വിട്ടു
സംസ്ഥാന നേതൃത്വത്തോട് പരാതിപ്പെട്ടത് ഒക്ടോബറിൽ
സിപിഎം പതാക. ചിത്രം: മനോരമ
ആലപ്പുഴ∙ സിപിഎം നേതൃത്വത്തിനു നൽകിയ പരാതിയിൽ 5 മാസമായി നടപടിയെടുക്കാത്തതുൾപ്പെടെയുള്ള പ്രശ്നങ്ങൾ ഉന്നയിച്ച് 4 ബ്രാഞ്ച് സെക്രട്ടറിമാരും 56 അംഗങ്ങളും പാർട്ടി വിട്ടു. സിപിഎം തുമ്പോളി ലോക്കൽ കമ്മിറ്റി പരിധിയിലാണു നേതൃത്വത്തോടു കലഹിച്ചുള്ള നീക്കം. ഇവിടെ മറ്റൊരു ബ്രാഞ്ച് സെക്രട്ടറി നേരത്തെ രാജിവച്ചു സിപിഐയിൽ ചേർന്നിരുന്നു.
തോക്ക് വൃത്തിയാക്കുന്നതിനിടെ വെടിപൊട്ടി; പൊലീസ് ഉദ്യോഗസ്ഥയ്ക്ക് പരുക്ക്, സിപിഒയ്ക്ക് സസ്പെൻഷൻ
വിവിധ സംഘടനാ പ്രശ്നങ്ങൾ ഉന്നയിച്ച് ഒക്ടോബറിലാണ് പ്രവർത്തകർ പാർട്ടി നേതൃത്വത്തിനു പരാതി നൽകിയത്. അംഗത്വ സൂക്ഷ്മപരിശോധനയിൽ കൃത്രിമം നടന്നെന്നായിരുന്നു പ്രധാന പരാതി. നേതൃത്വത്തെ വിമർശിക്കുന്നവരെ ഒഴിവാക്കാൻ ചില ബ്രാഞ്ചുകളിൽ സൂക്ഷ്മപരിശോധന നടത്തിയില്ലെന്ന് രാജിവച്ചവർ ആരോപിക്കുന്നു. ഇങ്ങനെ നഗരസഭാ കൗൺസിലർ ഉൾപ്പെടെ 11 പേരെ അംഗത്വത്തിൽനിന്ന് ഒഴിവാക്കി.
പാർട്ടി വിരുദ്ധ പ്രവർത്തനം നടത്തിയതിനു പുറത്താക്കിയ ആളെ എതിർപ്പു വകവയ്ക്കാതെ ലോക്കൽ കമ്മിറ്റി അംഗമാക്കി. രണ്ടു തിരഞ്ഞെടുപ്പുകളിൽ പാർട്ടി സ്ഥാനാർഥിയെ തോൽപിക്കാൻ ശ്രമിക്കുകയും പി.പി.ചിത്തരഞ്ജൻ എംഎൽഎയെ പരസ്യമായി അസഭ്യം പറയുകയും ചെയ്തയാളെയാണ് ഒരു വിഭാഗം നേതാക്കൾ ഇടപെട്ടു വീണ്ടും ലോക്കൽ കമ്മിറ്റിയിൽ ഉൾപ്പെടുത്തിയതെന്നാണ് ആരോപണം. ഇതേപ്പറ്റി സംസ്ഥാന നേതൃത്വത്തിനു നൽകിയ പരാതിയിൽ ജില്ലാ കമ്മിറ്റി ഇടപെട്ടിട്ടും പരിഹാരമുണ്ടായില്ലെന്നാണ് രാജിവച്ചവർ പറയുന്നത്.
ബ്രാഞ്ച് സെക്രട്ടറിമാരായ സെബാസ്റ്റ്യൻ (തുമ്പോളി നോർത്ത് ബി), കരോൾ വോയ്റ്റീവ (തുമ്പോളി സെന്റർ), ജീവൻ (മംഗലം), ജോബിൻ (മംഗലം സൗത്ത് ബി) എന്നിവർ ലോക്കൽ കമ്മിറ്റി സെക്രട്ടറിക്കു രാജിക്കത്തു നൽകിയിട്ടുണ്ട്.