പൊതുവഴിയിലെ മദ്യപാനം ചോദ്യം ചെയ്തു, സഹോദരങ്ങള്‍ക്ക് മര്‍ദനം; ഒളിവിലായിരുന്ന പ്രതികള്‍ പിടിയില്‍

0

ആലപ്പുഴ: പൊതുവഴിയിലെ മദ്യപാനം ചോദ്യം ചെയ്ത മുൻ പഞ്ചായത്ത് മെമ്പറെയും സഹോദരനായ വിമുക്ത ഭടനെയും അക്രമിച്ച് ഒളിവിൽ പോയ പ്രതികള്‍ അറസ്റ്റില്‍. തകഴി സ്വദേശി അർജ്ജുൻ (26), വിഷ്ണു (24), അനന്തകൃഷ്ണൻ (22) എന്നിവരാണ് പിടിയിലായത്. 

കഴിഞ്ഞ ദിവസം രാത്രി കല്ലേപ്പുറം കരുമാടി ഭാഗത്തുള്ള പുതിയ കോൺക്രീറ്റ് റോഡിന്‍റെ നടുക്കിരുന്ന് മദ്യപിക്കുകയായിരുന്നു പ്രതികൾ. ഈ സമയം അതുവഴി കാറില്‍ പോവുകയായിരുന്ന മുന്‍ മെമ്പറേയും കുംടുംബത്തേയും കടത്തിവിടാതെ ഇവര്‍ തടസം സൃഷ്ടിച്ചു. തുടര്‍ന്ന് നൂറ് മീറ്റര്‍ അകലെയുള്ള വീട്ടില്‍ ഭാര്യയേയും മക്കളേയും ഇറക്കിയ ശേഷം തിരികെ വന്ന മുന്‍ മെമ്പറും സഹോദരനും റോഡില്‍ പ്രതികള്‍ മദ്യപിക്കുന്ന ഫോട്ടോ എടുക്കാന്‍ ശ്രമിച്ചു. ഇതിനിടെയാണ് ഇരുവരേയും പ്രതികള്‍ ക്രൂരമായി മര്‍ദിച്ചത്.

സംഭവം അറിഞ്ഞ് പൊലീസ് എത്തിയെങ്കിലും പ്രതികള്‍ രക്ഷപ്പെട്ടിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ അർജ്ജുനെയും അനന്തകൃഷ്ണനെയും തിരുവനന്തപുരം ചന്ദ്രശേഖരൻ നായർ സ്റ്റേഡിയത്തിന് സമീപത്തു നിന്നും തിരുവനന്തപുരം സിറ്റി പൊലീസിന്‍റെ സഹായത്തോടുകൂടി പിടികൂടി. ഇവരെ ചോദ്യം ചെയ്തതിന്‍റെ അടിസ്ഥാനത്തിലാണ് വിഷ്ണുവിനെ പത്തനംതിട്ട കോഴഞ്ചേരിയിൽ അതിഥി തൊഴിലാളികള്‍ താമസിക്കുന്ന ലോഡ്ജിൽ നിന്ന് പിടികൂടിയത്. അറസ്റ്റ് ചെയ്ത പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. 

അമ്പലപ്പുഴ ഡെപ്യൂട്ടി പൊലീസ് സൂപ്രണ്ടന്‍റ് കെ എൻ രാജേഷ്, അമ്പലപ്പുഴ പൊലീസ് സ്റ്റേഷൻ ഇൻസ്‌പെക്ടർ പ്രതീഷ് കുമാർ എം, സബ്ബ് ഇൻസ്‌പെക്ടർ അനീഷ് കെ ദാസ്, സീനിയർ സിവിൽ പൊലീസ് ഓഫിസര്‍മാരായ വിനിൽ എം കെ, സിദ്ധിഖ് ഉൾ അക്ബർ, ജോസഫ് ജോയ് വി, മുഹമ്മദ്‌ ഷെഫീഖ് എന്നിവർ അടങ്ങിയ അന്വേഷണ സംഘമാണ് പ്രതികളെ പിടികൂടിയത്.

LEAVE A REPLY

Please enter your comment!
Please enter your name here