ഗൂഢാലോചന പുറത്തുകൊണ്ടുവരണം; തഹാവൂർ റാണയെ 20 ദിവസം കസ്റ്റഡിയിൽ വേണമെന്ന് എൻഐഎ, വാദം പൂർത്തിയായി

0

ദില്ലി: മുംബൈ ഭീകരാക്രമണത്തിലെ സൂത്രധാരൻ തഹാവൂർ റാണയെ ഇന്ത്യയിലെത്തിച്ച് അറസ്റ്റ് രേഖപ്പെടുത്തിയതിന് പിന്നാലെ പട്യാല ഹൗസ് കോടതിയിലെത്തിച്ച് എൻഐഎ. റാണയെ 20 ദിവസം കസ്റ്റഡിയിൽ വേണമെന്ന് എൻഐഎ.  കസ്റ്റഡി അപേക്ഷയിൽ വാദം തുടങ്ങി. ഗൂഢാലോചന പുറത്തുകൊണ്ടുവരുന്നതിന് കസ്റ്റഡി ചോദ്യം ചെയ്യൽ ആനിവാര്യമാണെന്ന് എൻഐഎ കോടതിയിയിൽ അറിയിച്ചു.

ഒന്നാം പ്രതിയായ ഡേവിഡ് കോൾമാൻ ഹെഡ്‌ലി ഇന്ത്യ സന്ദർശിക്കുന്നതിന് മുമ്പ് തഹാവൂർ റാണയുമായി മുഴുവൻ ഓപ്പറേഷനെക്കുറിച്ചും ചർച്ച ചെയ്തിരുന്നുവെന്ന് എൻ‌ഐ‌എ കോടതിയിൽ വാദിച്ചു.  ഹെഡ്‌ലിയുടെ മൊഴി അടക്കമുള്ള വിശദാംശങ്ങൾ എൻഐഎ, കോടതിയിൽ നല്കി. എൻഐഎയുടെ കസ്റ്റഡി അപേക്ഷയിൽ വാദം പൂർത്തിയായി. എൻഐഎ പ്രത്യേക കോടതി ജഡ്ജി ചന്ദർജിത് സിങ് ആണ് വാദം കേട്ടത്. റാണയ്ക്ക് വേണ്ടി ഡൽഹി ലീ​ഗൽ സർവീസ് അതോറിറ്റി ഒരു അഭിഭാഷകനെ നിശ്ചയിച്ചിട്ടുണ്ട്.  

കഴിഞ്ഞ ദിവസം വൈകിട്ടാണ് മുംബൈ ഭീകരാക്രമണക്കേസിലെ പ്രതിയായ പാക്കിസ്ഥാൻ വംശജനായ കനേഡിയൻ വ്യവസായി തഹാവൂർ റാണ(64) യുമായുള്ള വിമാനം ഇന്ത്യയിലെത്തിയത്. റാണയെ ദില്ലിയിലെത്തിച്ചതോടെ പഴുതടച്ച സുരക്ഷയാണ് ഏർപ്പെടുത്തിയിരിക്കുന്നത്. കോടതി നടപടികൾ പൂർത്തിയാക്കിയതിന് ശേഷമേ എൻഐഎ ആസ്ഥാനത്തെത്തിക്കുമോ ജയിലിലേക്ക് മാറ്റുമോ തുടങ്ങിയ വിഷയങ്ങളിൽ വ്യക്തത വരികയുള്ളൂ. റാണയെ ഇന്ത്യയിൽ സഹായിക്കുന്ന ചില കണ്ണികളുണ്ടെന്നാണ് വിവരം. ഇതിൽ വ്യക്തത വരുത്തുന്നതടക്കമുള്ള നീക്കങ്ങളിലാണ് അന്വേഷണ സംഘം.

LEAVE A REPLY

Please enter your comment!
Please enter your name here