യുനൂസിന്റെ പോക്ക് എങ്ങോട്ട്? 20 വർഷത്തിന് ശേഷം പാക് ഐഎസ്ഐ സംഘം ബംഗ്ലാദേശിൽ; സ്ഥിതിഗതികൾ സസൂക്ഷ്മം നിരീക്ഷിച്ച് ഇന്ത്യ

0

ന്യൂഡൽഹി: പാക് ചാരസംഘടനയായ ഐഎസ്ഐയുടെ ബം​ഗ്ലാദേശ് സന്ദർശനത്തിന് പിന്നാലെ സ്ഥിതി​ഗതികൾ സസൂക്ഷ്മം നിരീക്ഷിച്ച് ഇന്ത്യ. കുപ്രസിദ്ധ ചാരസംഘടനയുടെ ഉന്നതതല സംഘമാണ് ധാക്ക എത്തിയത്. അയൽപക്കത്തെ സംഭവവികാസങ്ങൾ ഇന്ത്യ സൂക്ഷ്മമായി നിരീക്ഷിച്ചുവരികയാണെന്നും ആവശ്യമെങ്കിൽ ഉചിതമായ നടപടി സ്വീകരിക്കുമെന്നും വിദേശകാര്യ മന്ത്രാലയ വക്താവ് രൺധീർ ജയ്‌സ്വാൾ പറഞ്ഞു.

ഐഎസ്ഐയുടെ ഡയറക്ടർ ജനറൽ ഓഫ് അനാലിസിസ് മേജർ ജനറൽ ഷാഹിദ് അമീർ അഫ്‌സറും മുതിർന്ന ഉദ്യോഗസ്ഥരുമാണ് ബംഗ്ലാദേശിൽ എത്തിയത്. രണ്ട് പതിറ്റാണ്ടിനിടെ  ഇതാദ്യമായാണ് ഐഎസ്ഐ സംഘം ഔദ്യോഗികമായി ബംഗ്ലാദേശ് സന്ദർശിക്കുന്നത്. ബംഗ്ലാദേശ് സൈനിക പ്രതിനിധി സംഘം ദിവസങ്ങൾക്ക് മുമ്പാണ് പാകിസ്താനിൽ എത്തി സൈനിക മേധാവികളുമായി കൂടിക്കാഴ്ച നടത്തിയത്. ഇതിന് തൊട്ടുപിന്നാലെയുള്ള ഐഎസ്ഐയുടെ സന്ദർശനത്തെ ഇന്ത്യ അതീവ ​ഗൗരവമായാണ് കാണുന്നത്.

ഷെയ്ഖ് ഹസീന പ്രധാനമന്ത്രിയായിരുന്ന കാലയേളവിൽ ഐഎസ്ഐയെ ആഭ്യന്തരകാര്യങ്ങളിൽ ഇടപെടാൻ അനുവദിച്ചിരുന്നില്ല. കൂടാതെ ഐഎസ്ഐയുടെ ബന്ധത്തിന്റെ പേരിൽ നിരവധി പേരെ പ്രോസിക്യൂട്ടും ചെയ്തിരുന്നു. എന്നാൽ ഷെയ്ഖ് ഹസീനയെ പുറത്താക്കിയതിന് പിന്നാലെ എത്തിയ മുഹമ്മദ് യൂനസിന്റെ കീഴിലുള്ള ഇടക്കാല സർക്കാർ ആദ്യം തൊട്ടേ പാകിസ്താന്റെ ​ഗുഡ് ബുക്കിൽ ഇടം പിടിക്കാനുള്ള കടുത്ത ശ്രമത്തിലായിരുന്നു. ഇതിന്റെ തുടർച്ചയായാണ് ഇരു രാജ്യങ്ങളും തമ്മിലുള്ള സൈനിക സഹകരണം.

1990കളിലാണ് വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ വിഘടനവാദവും കലാപവും രൂക്ഷമായത്. ഇതിൽ പാക് ഐഎസ്ഐയുടെ പങ്ക് ഇന്ത്യ ഐക്യരാഷ്‌ട്ര സഭയിൽ ഉന്നയിച്ചിരുന്നു. അന്ന് ബംഗ്ലാദേശിനെ മറപറ്റിയായിരുന്നു വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലേക്ക് ഐഎസ്ഐ പണവും ആയുധങ്ങളും ലഹരിയും ഒഴുക്കിയത്.  1996ൽ ഷെയ്ഖ് ഹസീന അധികാരത്തിൽ എത്തിയതോടെയാണ് ഇതിന് അന്ത്യമായത്. ഇടക്കാല സർക്കാരിന്റെ ഐഎസ്ഐയുമായുള്ള അടുപ്പം ഇന്ത്യയ്‌ക്ക് വെല്ലുവിളിയാണ്. ഇത് മുൻകൂട്ടി കണ്ടാണ് ബം​ഗ്ലാദേശ് അതിർത്തി സുരക്ഷിതമാക്കാനുള്ള ശ്രമങ്ങൾ ഇന്ത്യ തുടങ്ങിയത്.

Leave a Reply